സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday, 27 August 2014

വിവാഹം നേരത്തെയായാല്‍

റൈഹാനത്തിന് പതിനേഴ് വയസ്സുള്ളപ്പോഴാണ് മുജീബുറഹ്മാന്‍ അവളെ വിവാഹം ചെയ്യുന്നത്. അവന്റെ വീട്ടുകാരുടെ എതിര്‍പ്പുകാരണം പിന്നീട് അവളെ ഉപേക്ഷിച്ചു. റൈഹാനത്ത് കുടുംബകോടതിയെ സമീപിച്ചു. ഇന്ത്യന്‍ പ്രായപൂര്‍ത്തി നിയമപ്രകാരം പതിനെട്ടു വയസ്സു തികയാത്ത മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുതയില്ലെന്ന് കുടുംബകോടതി അഭിപ്രായപ്പെട്ടു. അതിനെതിരായി സമര്‍പ്പിച്ച ഹരജിയിലാണ് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ആര്‍. ബസന്ത് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്. ശരിയായ മാനസികനിലയുള്ള, ഋതുമതിയായ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ കരാര്‍ സാധുവാണെന്ന്, മുസ്ലിം വ്യക്തിനിയമം ചൂണ്ടിക്കാട്ടി അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇസ്ലാമിക നിയമമനുസരിച്ച് വിവാഹം ഒരു കരാറാണ്.  മുസ്ലിം വ്യക്തിനിയമം നിശ്ചിതമായ വിവാഹപ്രായമൊന്നും നിര്‍ദ്ദേശിക്കുന്നില്ല. വിവിധ മുസ്ലിം രാജ്യങ്ങളില്‍ വ്യത്യസ്തമായ വിവാഹപ്രായമാണ് നിലനില്‍ക്കുന്നതെന്ന് പ്രശസ്ത നിയമജ്ഞനായ ഡോ. ത്വാഹിര്‍ മഹ്മൂദ് വെളിപ്പെടുത്തുന്നു. റോമന്‍ നിയമമനുസരിച്ച് വധൂവരന്മാരുടെ വിവാഹപ്രായം യഥാക്രമം 12-14 ആയിരുന്നു. ക്രൈസ്തവരാജ്യങ്ങളിലും പിന്നീടത് നിയമമായി. കാലം മാറിയപ്പോള്‍ പിന്നെയും മാറ്റങ്ങള്‍ വന്നു. വൈജ്ഞാനിക വികാസത്തിന്റെ ഫലമായി കുടുംബ ജീവിതത്തിലും സാമൂഹ്യവീക്ഷണങ്ങളിലുമൊക്കെ മാറ്റങ്ങഉുണ്ടായി.
വേദകാലം തൊട്ടേ ഇന്ത്യയില്‍ ശൈശവ വിവാഹം നിലനിന്നിരുന്നു. പെണ്‍കുട്ടിക്ക് എട്ടുവയസ്സു തികയുമ്പോഴേക്ക് ഇരുപത്തിനാലുകാരന് വിവാഹം ചെയ്തുകൊടുക്ക ണമെന്നാണ് മനു നിര്‍ദ്ദേശിച്ചതത്രെ. ഇന്നും രാജസ്ഥാനിലും മറ്റും ആയിരക്കണക്കിന് കൊച്ചു മണവാട്ടികളും കൊച്ചുമണവാളന്മാരും വിവാഹിതരാകുന്നു. യൂറോപ്പിലും ഒരു കാലത്ത് രണ്ടും മൂന്നുംവയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ വരണമാല്യത്തില്‍ ബന്ധിച്ചിരുന്നു. ബുദ്ധിയുദിക്കുന്നതിനു മുമ്പുള്ള ഈ കൂട്ടിക്കെട്ടലുകള്‍ പ്രായമാകുമ്പോള്‍ പൊട്ടിപ്പോവുക സ്വാഭാവികം മാത്രം.
മലപ്പുറം ജില്ലയില്‍ കൌമാര വിവാഹം വര്‍ധിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ കേട്ടുതുടങ്ങിയിട്ട് ഏറെ നാളായി. ‘സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പെരുകുന്നു. വേണ്ടത്ര പക്വത വരുന്നതിനു മുമ്പുതന്നെ അവരെ കെട്ടിച്ചയക്കുന്നു. ഇരുപത് ഇരുപത്തിരണ്ടു വയസ്സാകുമ്പോഴേക്ക് മൂന്നും നാലും പെറ്റ് അവര്‍ ഉമ്മൂമ്മമാരെപ്പോലെയാകുന്നു. ആദ്യ ഭാര്യയെ മൊഴിചൊല്ലുമ്പോള്‍ കൊടുക്കേണ്ട ജീവനാംശം പുതിയ ഭാര്യയില്‍ നിന്നു ഈടാക്കുന്നു.’ ഇങ്ങനെ പോകുന്നു, വിമര്‍ശനങ്ങള്‍. സവര്‍ണ സമുദായങ്ങളില്‍ പോലും കൌമാര വിവാഹം നടക്കുന്നുണ്ടെങ്കിലും വിമര്‍ശന ശരങ്ങള്‍ മിക്കവാറും മുസ്ലിം     കളുടെ നേരെയാണ്. ഫീച്ചറുകളിലും ദൃശ്യമാധ്യമ ചര്‍ച്ചകളിലുമൊക്കെ സജീവമായി ഈ പ്രശ്നം സ്ഥാനം പിടിക്കാറുണ്ട്.
വസ്തുനിഷ്ഠമായ പഠനങ്ങളുടെ ഫലമായിട്ടാണോ ഈ വിമര്‍ശനം എന്നറിഞ്ഞുകൂടാ. വിമര്‍ശനങ്ങളുണ്ടാകുമ്പോള്‍, അതിനുനേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ആരോഗ്യകരമല്ല. പ്രശ്നത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുവാനും പരിഹാരം കാണുവാനുമാണ് സമുദായം തയ്യാറാവേണ്ടത്. ഋതുമതിയായതുകൊണ്ട് മാത്രം ഒരു പെണ്‍കുട്ടി വിവാഹയോഗ്യയായിത്തീരുന്നില്ല. ശാരീരികവും മാനസികവുമായ പക്വത തന്നെയാണ് വിവാഹത്തിനുള്ള അവളുടെ അര്‍ഹത നിര്‍ണയിക്കേണ്ട പ്രധാന ഘടകം. ജീവിതത്തിലേക്ക് കടന്നുവരുന്ന പുരുഷനോടും അയാളുടെ കുടുംബത്തോടും ഇണങ്ങിച്ചേരുവാന്‍, കുടുംബഭാരം ഏറ്റെടുക്കുവാന്‍, അതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത യാഥാര്‍ഥ്യങ്ങളെ നേരിടാന്‍ -ഒക്കെ ഒന്നു പാകമായിവരാനുണ്ട്. പൊയ്പോയ തലമുറകളിലെ ഉമ്മാമമാരെ കെട്ടിച്ചയച്ചത് ഒമ്പതും പത്തും വയസ്സിലാണെന്ന ന്യായം കൊണ്ട്, ആധുനിക കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ നേരിടാനാവില്ല. കൊത്തം കല്ലുകളിച്ചു നടക്കുന്ന പെണ്‍കുട്ടിക്ക് ഇതിനൊക്കെ സാവകാശം ലഭിക്കേണ്ടതുണ്ട്. കൌമാരം ഒരു ഉരുള്‍ പൊട്ടലിന്റെ കാലമാണ്. പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരുപാട് സ്വപ്നങ്ങള്‍ പൂവിടുന്ന വസന്തകാലം. ലൈംഗികതയുടെയും വൈകാരികതയുടെയും  അനുഭവതലങ്ങള്‍ ക്കുവേണ്ടിയുള്ള ജിജ്ഞാസാഭരിതമായ അന്വേഷണങ്ങളുടെ കാലം. സിനിമയിലും നോവലിലും സീരിയലിലും കാണുന്നതല്ല ജീവിതം എന്ന തിരിച്ചറിവ് ആവശ്യപ്പെടുന്ന കാലം. പറന്നു നടക്കുന്ന ഒരു കിളിയെപിടിച്ചു കൂട്ടിലടക്കുന്ന ലാഘവത്തോടെയല്ല ഈ ഘട്ടത്തില്‍ പെണ്‍കുട്ടികളെ സമീപിക്കേണ്ടത്.
ഒരു പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ കെട്ടാന്‍ ആളില്ലാത്ത ഒരവസ്ഥ എങ്ങനെയോ വന്നുചേര്‍ന്നിട്ടുണ്ട്. ഡിഗ്രിയും പി.ജിയുമൊക്കെ പഠിക്കുന്ന മുസ്ലിം യുവതികള്‍ക്ക് പഠിപ്പുകഴിഞ്ഞുവരുമ്പോള്‍,അഭ്യസ്തവിദ്യരായ വരന്മാരെ കിട്ടാത്ത സ്ഥിതി. വധുവിനു ഡിഗ്രിയോ തൊഴിലോ ആവശ്യമില്ലാത്ത സ്ഥിതി. എസ്.എസ്.എല്‍.സി വരെ പഠിച്ച് പതിനെട്ടാം വയസ്സില്‍ ഗള്‍ഫില്‍ പോയി രണ്ടുവര്‍ഷം കഴിഞ്ഞ് തിരിച്ചുവരുന്നവന് ഇതു രണ്ടുമില്ലെങ്കിലും ഇളം പ്രായമുള്ള കിടാവിനെ മതി എന്ന അവസ്ഥ. പലപ്പോഴും ഗള്‍ഫുവിവാഹങ്ങളില്‍ വധൂവരന്മാര്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തിലുള്ള അന്തരം മനഃശാസ്ത്രപരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പിന്നെ ദാരിദ്യ്രം, സ്ത്രീധനം, ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ എന്നിങ്ങനെ പല പ്രശ്നങ്ങളും കൌമാരവിവാഹത്തില്‍ കടന്നുവരുന്നുണ്ട്.
ഏറ്റവും ഗൌരവമായി കാണേണ്ടത് നേരത്തെ വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങളാണ്. ലൈംഗികാവയവങ്ങളുടെ വളര്‍ച്ച പരിപക്വമാകുംമുമ്പുള്ള വിവാഹവും കൂടെക്കൂടെയുള്ള പ്രസവവും അവളുടെ ആരോഗ്യവും താരുണ്യവും നഷ്ടപ്പെടുത്തും. തുടര്‍ച്ചയായുള്ള പ്രസവം ഗര്‍ഭപാത്രത്തെ ബാധിക്കുന്നു. ഇത് ക്രമേണ നടുവേദനക്ക് വഴിവെയ്ക്കുന്നു. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ നടുവേദനയുള്ള സ്ത്രീകള്‍ മലപ്പുറം ജില്ലയിലാണത്രെ. പഴയകാലത്തെ പ്രസവരക്ഷയൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ല. അമ്മ പ്രസവിച്ച് കട്ടിലൊഴിയുന്നതിനുമുമ്പ് മകള്‍ പ്രസവത്തിനെത്തുന്ന അവസ്ഥയും മലപ്പുറത്ത് കൂടുതലായി അനുഭവപ്പെടുന്നതായി പറയപ്പെടുന്നു. ഇതൊക്കെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്ന കാര്യങ്ങളാണ്. വന്ധ്യത, ഗര്‍ഭഛിദ്രം എന്നിവയും ഇവിടെ വര്‍ധിച്ചുവരികയാണത്രെ. ഇരുപതോ ഇരുപത്തിരണ്ടോ വയസ്സാകുമ്പോഴേക്കും മൂന്നും നാലും കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടിവരുന്ന യുവതിയുടെ ആരോഗ്യം തകരുന്നു. അതവരെ മരണത്തിലേക്ക് വരെ നയിക്കുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം നോക്കാന്‍പോലും അവര്‍ക്ക് കഴിയാതെ വരുന്നു.
നേരത്തെ വിവാഹം നടക്കുന്ന പെണ്‍കുട്ടികള്‍ അപഥസഞ്ചാരത്തിലേക്ക് തിരിയുവാനുള്ള സാധ്യത കുറയുന്നുവെന്ന ഒരു എതിര്‍വാദം ഇവിടെ ഉയരുന്നുണ്ട്. കുട്ടി പ്രണയക്കുരുക്കിലോ അപവാദങ്ങളിലോ കുടുങ്ങുന്നതിനുമുമ്പ്, കെട്ടിച്ചയക്കാനാണ് വീട്ടുകാരാഗ്രഹിക്കുന്നത്. പന്ത്രണ്ടാം വയസ്സിലും പതിമൂന്നാം വയസ്സിലും വിവാഹം കഴിക്കാത്ത അമ്മമാരെ സൃഷ്ടിക്കുന്ന പാശ്ചാത്യനാഗരികതയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇതല്ലേ ഭേദമെന്നാണവരുടെ ന്യായവാദം. യൌവനം ഒടുങ്ങാറാകുമ്പോള്‍, വൈകിനടത്തുന്ന വിവാഹങ്ങളാകട്ടെ ദാമ്പത്യജീവിതത്തിന്റെ മാധുര്യം ക്ഷണികമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.
വൈവാഹികജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു പെണ്‍കുട്ടി ലൈംഗികതയെയും കുടുംബജീവിതത്തെയും കുറിച്ച് വളരെയധികം കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ട്. വിവാഹത്തിനു മുമ്പ് അതവള്‍ക്ക് നല്‍കുന്നതിനു ക്രൈസ്തവസമുദായത്തില്‍ ചില കൌണ്‍സലിംഗ് സംവിധാനങ്ങളൊക്കെയുണ്ട്. അത് മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്നതാണ്. യാഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യങ്ങളായി അംഗീകരിച്ചേ തീരൂ. വിവാഹം സ്വര്‍ഗത്തില്‍ നടന്നാലും വിവാഹിതര്‍ പുലരേണ്ടത് ഭൂമിയിലാണ്.