സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday, 27 August 2014

ഇനി ഡിജിറ്റല്‍ ത്വലാഖുകളും

ദുബൈയില്‍ നിന്ന് ഒരു ഭര്‍ത്താവ് മൊബൈല്‍ ഫോണില്‍ കാതങ്ങള്‍ക്കകലെ, ഇരുപത്താറുകാരിയായ ഭാര്യയെ വിളിച്ചു: ത്വലാഖ്, ത്വലാഖ്, ത്വലാഖ്….. ഡല്‍ഹിയിലുള്ള ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തുവാന്‍ മറ്റൊരാള്‍ ഉപയോഗിച്ചത് ഇ-മെയിലാണ്! ഇ-കമേഴ്സ് പോലെ ഇ-ഡിവോഴ്സും!
ലോകത്തിലാദ്യത്തെ മൊബൈല്‍, ഇ-മെയില്‍ വിവാഹമോചനങ്ങള്‍ എന്ന വിശേഷണത്തോടെ അവതരിപ്പിക്കപ്പെട്ട ഈ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത്യാധുനിക ആശയവിനിമയ മാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തിലും ഇത്തരം ഇടപെടലുകള്‍ നടത്തുവാനുള്ള സാധ്യത വിദൂരമല്ല. പണ്ട് വാമൊഴിയായിട്ടോ രേഖാമൂലമോ തപാല്‍ വഴിയോ കമ്പിയടിച്ചോ ഒക്കെയാണ് വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നതെങ്കില്‍, സാങ്കേതിക വിദ്യ വികസിച്ചതോടെ മാധ്യമം മാറിയെന്നുമാത്രം! യു.എ.ഇ.യിലും കുവൈത്തിലും മലേഷ്യയിലും ആധുനിക ഡിജിറ്റല്‍ സാങ്കേതികത  ഉപയോഗിച്ചുള്ള  വിവാഹമോചനം പെരുകിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മലേഷ്യയിലെ ഒരു വനിത ഈ പ്രവണതയെ കോടതിയില്‍ ചോദ്യം ചെയ്യുകയുണ്ടായത്രെ. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുവാനുള്ള നിയമ സംവിധാനം തങ്ങള്‍ക്കുണ്ടെന്നാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ ഉപദേഷ്ടാവ് ഹമീദ് ഉസ്മാന്‍ പറഞ്ഞത്.
ആജീവനാന്തം നിലനില്‍ക്കണമെന്ന പ്രാര്‍ഥനയോടെ ആരംഭിക്കുന്ന വിവാഹബന്ധം എല്ലായ്പ്പോഴും നല്ലനിലയില്‍ തുടരണമെന്നില്ല. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒന്നിച്ചുള്ള ജീവിതയാത്രയാണത്. സ്വരഭേദങ്ങളും അഭിപ്രായാന്തരങ്ങളും അഭിരുചികളിലുള്ള വ്യത്യാസങ്ങളും സ്വഭാവവ്യതിചലനങ്ങളുമെല്ലാം ഉണ്ടാകാം. പരസ്പരം വിട്ടുവീഴ്ച ചെയ്തും സഹകരിച്ചും ചെറിയ ചെറിയ തെറ്റുകളും വീഴ്ചകളും അവഗണിച്ചും മാത്രമേ ദാമ്പത്യം സൌഹാര്‍ദ്ദ പരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ.
‘നിങ്ങള്‍ സ്വന്തം ജീവിത പങ്കാളികളോട് നല്ലനിലയില്‍ വര്‍ത്തിക്കുക. നിങ്ങള്‍ക്ക് അവരുടെ നേരെ അപ്രിയം തോന്നിയേക്കാം. എന്നാല്‍ നിങ്ങള്‍ക്ക് അപ്രിയം തോന്നുന്ന ഒന്നില്‍തന്നെ അല്ലാഹു ധാരാളം നന്മകള്‍ ഒരുക്കിവെച്ചിട്ടുണ്ടാവാം’ (വിശുദ്ധഖുര്‍ആന്‍ 4/19).
എന്നാല്‍, ഒരു ബന്ധവും ആയുഷ്കാല ബന്ധനമായിക്കൂടാ. വൈകാരികമായി ഇല്ലാതായിക്കഴിഞ്ഞ ഒരു ബന്ധം നിയമ തലത്തില്‍ മാത്രം നിലനില്‍ക്കുന്നതില്‍ അര്‍ഥമില്ല. അപ്പോള്‍ ആ ദാമ്പത്യം നരക തുല്യമായിത്തീരുന്നു. അതുകൊണ്ടാണ്, അനിവാര്യഘട്ടങ്ങളില്‍ എല്ലാ സമൂഹങ്ങളും വിവാഹമോചനത്തിനു നിയമപരമായ അനുമതി നല്‍കുന്നത്. അപരിഹാര്യമായ ദാമ്പത്യത്തകര്‍ച്ച ഉണ്ടായിക്കഴിഞ്ഞാല്‍, പിന്നെ ദമ്പതികളെ അകലാന്‍ അനുവദിക്കുകയല്ലാതെ നിവൃത്തിയില്ല. പക്ഷേ, ദൈവം കൂട്ടിച്ചേര്‍ത്ത ബന്ധം പിരിക്കാന്‍ മനുഷ്യന് അവകാശമില്ലെന്ന കര്‍ക്കശമായ നിലപാടാണ് ക്രൈസ്തവത അവലംബിച്ചത്. ‘പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ വ്യഭിചരിക്കുകയാണ്’ എന്ന് പുതിയ നിയമം പറയുന്നു (മത്തായി 19: 110). ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടുതന്നെയാണ്,  ക്രൈസ്തവതയിലധിഷ്ഠിതമായ പാശ്ചാത്യ സമൂഹത്തില്‍ ഉടുപ്പുമാറുന്ന ലാഘവത്തോടെ, ആഴ്ചതോറും വിവാഹമോചനങ്ങളും പുതിയബന്ധങ്ങളും വര്‍ധിക്കാന്‍ കാരണം.
ഇസ്ലാമില്‍ ദൈവം അനുവദിച്ച കാര്യങ്ങളില്‍ അവന് ഏറ്റവും അരോചകമായ ഒന്നായിട്ടാണ് വിവാഹമോചനത്തെ കാണുന്നത്. ഇണകള്‍ തമ്മില്‍ യോജിച്ചുപോകാനാവാത്തവിധം അഭിപ്രായവ്യത്യാസമുണ്ടായാല്‍ മാത്രമേ, വിവാഹമോചനം അനുവദിക്കുന്നുള്ളൂ. സൌന്ദര്യപ്പിണക്കങ്ങളും ചെറിയ കലഹങ്ങളും ഏത് ദാമ്പത്യത്തിലുമുണ്ടാവാം. പലപ്പോഴും നൈമിഷികമായ കോപമോ തെറ്റുധാരണയോ ഒക്കെയാവാം കലഹ കാരണം. ഈ കലക്കം തെളിഞ്ഞു കിട്ടാന്‍ കാലവിളംബമോ മറ്റാരുടെയെങ്കിലും ഇടപെടലോ ആവശ്യമാണ്. ഭര്‍ത്താവിന്റെയും ഭാര്യയുടെയും ഭാഗത്തു നിന്ന് ഓരോ പ്രതിനിധികളുടെ മാധ്യസ്ഥ്യം അവര്‍ക്കിടയിലെ കടും കെട്ടുകളഴിക്കുവാന്‍ സഹായിക്കും. ഈ മാധ്യസ്ഥ്യശ്രമം പരാജയപ്പെടുമ്പോള്‍ മാത്രമേ ഇസ്ലാമില്‍ വിവാഹമോചനം അനുവദിക്കുന്നുള്ളൂ. അതും ഒറ്റയടിക്കല്ല. അനുരഞ്ജനത്തിനു അവസരം നല്‍കുന്ന മൂന്നു ഘട്ടങ്ങള്‍ക്കുശേഷമാണ്. ആര്‍ത്തവകാലം പോലുള്ള ഘട്ടങ്ങളില്‍ ത്വലാഖ് പാടില്ലെന്ന നിയമം തന്നെ വിവാഹമോചന സാധ്യത കഴിയുന്നേടത്തോളം ഒഴിവാക്കാനുദ്ദേശിച്ച് ആവിഷ്കരിക്കപ്പെട്ടിട്ടുള്ളതാണ്. ആദ്യത്തെ ത്വലാഖിനുശേഷം ഭര്‍ത്തൃഗൃഹത്തില്‍ മൂന്നുമാസം (മൂന്നു ശുദ്ധികാലം) താമസിക്കുന്നതിനെയാണ് ഇദ്ദ എന്നുപറയുന്നത്. എന്നാല്‍, ഇണകള്‍ തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നാല്‍, ദാമ്പത്യബന്ധം പുനഃസ്ഥാപിക്കാം. അതോടെ ആദ്യത്തെ ത്വലാഖ് അസാധുവാകുന്നു. പുനര്‍വിവാഹമോ പുതിയ മഹറോ ഇതിനാവശ്യമില്ല. പുനഃസ്ഥാപിതമായ ഈ ബന്ധത്തില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ ഉയര്‍ന്നാല്‍ ഈ നടപടിക്രമമെല്ലാം ആവര്‍ത്തിക്കണം. പിന്നെയും ത്വലാഖും പുനര്‍വിവാഹവും നടക്കാം. എന്നിട്ടും സ്വരഭംഗങ്ങള്‍ ഉയരുകയാണെങ്കില്‍ മാത്രമേ മൂന്നാമത്തെ ത്വലാഖിനു സാധുതയുള്ളൂ. പിന്നെ, പുനര്‍വിവാഹത്തിനു ഭര്‍ത്താവിന് അവകാശമില്ല. വിച്ഛേദിക്കപ്പെട്ട ബന്ധത്തിനുശേഷം അവളെ മറ്റൊരാള്‍ വിവാഹം ചെയ്യുകയും ബന്ധം വേര്‍പ്പെടുത്തുകയും  ചെയ്താലല്ലാതെ. ഇതാണ് ക്രമാനുസൃതമായ വിവാഹമോചനം.
വിവാഹമോചനത്തെ അങ്ങേയറ്റം ദുര്‍ബലപ്പെടുത്തുന്നതിനും ദാമ്പത്യബന്ധത്തെ കഴിയാവുന്നിടത്തോളം അനുരഞ്ജകമായി കൊണ്ടുപോകുന്നതിനുമുള്ള മനഃശാസ്ത്രപരമായ സമീപനമാണ്, ഈ നിബന്ധനകളില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ ഒറ്റയടിക്ക് മൂന്നു ത്വലാഖുകളും  ഒന്നിച്ചുചൊല്ലുന്നതിലൂടെ ഈ അനുരഞ്ജനസാധ്യതകളെല്ലാം ഇല്ലാതാവുകയാണ് ചെയ്യുന്നത്. ത്വലാഖിന്റെ നിര്‍ദ്ദാക്ഷിണ്യമായ ഈ രൂപം എടുത്തുപയോഗിക്കാതിരിക്കുകയാണ് സ്നേഹമുള്ളവര്‍ക്ക് അഭികാമ്യം.
മുന്‍കോപവും ദുശ്ശങ്കയും അപവാദവും തെറ്റിദ്ധാരണയുമൊക്കെകൊണ്ട് ഒരു ദുര്‍ബലനിമിഷത്തില്‍ മൊഴി മൂന്നും ചൊല്ലുന്നവര്‍, ഇസ്ലാമിക നിയമത്തിന്റെ മനോഹരമായ ചൈതന്യത്തെ ഇല്ലാതാക്കുകയല്ലേ? സാങ്കേതികമായ പുതിയ സൌകര്യങ്ങള്‍, ഈ ദുര്‍ബല വികാരങ്ങള്‍ക്ക് സുഗമമായ വാഹിനികളായിത്തീരുകയും ചെയ്യുന്നു.