സൽകർമ്മങ്ങളുടെ പൂക്കാലമാണ് ദുൽഹജ്ജ്
മാസത്തിലെ ആദ്യത്തെ പത്ത് ദിനരാത്രങ്ങൾ. മറ്റു ദിവസങ്ങളേക്കൾ പ്രത്യേക ആദരവ് നൽകി
വിശുദ്ധ ഖുർആനിലും തിരു സുന്നത്തിലും പരാമർശിച്ച ദിവസങ്ങളാണവ. തിരുനബി صلى الله عليه وسلم പറഞ്ഞതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ
പറയുന്നു. ‘ഹജ്ജ് മാസത്തിലെ 10 ദിവസത്തേക്കാൾ
സൽകർമ്മങ്ങൾക്ക് പുണ്യമുള്ള ദിവസങ്ങൾ അല്ലാഹുവിന്റെയടുക്കൽ വേറെയില്ല.’ ദുൽഹജ്ജ് മാസത്തെ ആദ്യത്തെ ഒമ്പത് ദിവസങ്ങളിലും
തിരുനബി صلى الله عليه وسلم നോമ്പനുഷ്ടിക്കാറുണ്ടായിരുന്നുവെന്ന്
ഇമാം നസാഇ റിപ്പോർട്ട് ചെയ്ത ഹദീസിൽ വന്നിട്ടുണ്ട്.
പവിത്രമായ ഈ ദിവസങ്ങൾ നോമ്പനുഷ്ടിച്ചും
തൿബീർ ,തസ്ബീഹുകൾ കൊണ്ടും മറ്റു ആരാധനകളെകൊണ്ടും ധന്യമാക്കാൻ ശ്രമിക്കണം. അറഫ ദിവസമായ
ദുൽഹജ്ജ് ഒമ്പതിന് ഹാജിമാരല്ലാത്തവർ നോമ്പനുഷ്ടിക്കൽ ശക്തിയായ സുന്നത്താണ്. ഒന്ന് മുതൽ
എട്ട് വരെയുള്ള ദിവസങ്ങളും നോമ്പെടുക്കൽ സുന്നത്താണ്. മുസ്‌ലിംകളുടെ പ്രധാന ആഘോഷങ്ങളിൽ
ഒന്നാണ് ബലി പെരുന്നാൾ. ദുൽ ഹജ്ജ് പത്തിനാണത്. പെരുന്നാൾ ദിവസത്തിലും അയ്യമുത്തശ്‌രീഖ്
എന്നറിയപ്പെടുന്ന ദുൽഹജ്ജ് പതിനൊന്ന് ,പന്ത്രണ്ട്, പതിമൂന്ന് ദിവസങ്ങളിലും നോമ്പെടുക്കൽ
നിഷിദ്ധമാണ്.
നാലായിരം വർഷങ്ങൾക്ക് മുമ്പ് മഹാനായ
ഇബ്‌റാഹിം നബി عليه السلام മകൻ ഇസ്മാഈൽ
നബി عليه السلام നെ അല്ലാഹുവിന്റെ കല്പന പ്രകാരം ബലിയറുക്കാൻ
നടത്തിയ ശ്രമവും അതുവഴി അല്ലാഹുവിന്റെ പരീക്ഷണത്തിൽ വിജയം വരിച്ച ഇബ്‌റാഹിം നബി عليه
السلام ക്ക്
അല്ലാഹു ആടിനെ അയച്ചുകൊടുക്കുകയും അതിനെ അറുക്കുകയും ചെയ്ത സംഭവ ബഹുലമായ ചരിത്ര സ്മരണയാണ്
ഈ പെരുന്നാൾ
ഈ ദിവസങ്ങളിലെ പ്രധാന ആരാധനകളില്പെട്ടതാണ് ഹജ്ജ് കർമ്മം.
മറ്റൊരു പ്രധാന കർമ്മമാണ് തൿബീറുകൾ.
ദുൽ ഹജ്ജ് ഒമ്പതിന്റെ സുബ്‌ഹി നിസ്കാരം മുതൽ 13 ന്റെ അസർ നിസ്കാരം വരെയുള്ള ഫർളും സുന്നത്തുമായ
എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും തക്ബീർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്. ദുൽഹിജ്ജ ഒന്നുമുതൽ
പത്ത് വരെയുള്ള ദിവസങ്ങളിൽ ആട്,മാട് ,ഒട്ടകം എന്നിവയെ കാണുകയോ അവയുടെ ശബ്ദം കേൾക്കുകയോ
ചെയ്താൽ അല്ലാഹു അക്ബർ എന്ന് ചൊല്ലൽ സുന്നത്തുണ്ട്.
തക്ബീറിന്റെ മാതൃക
اَللهُ أَكْبَرُ اَللهُ أَكْبَرُ اَللهُ
أَكْبَرُ ، لاَ إِلَهَ إِلاَّ اللهُ اَللهُ أَكْبَرُ ، اَللهُ أَكْبَرُ وَِلله
الْحَمْدْ ، اَللهُ أَكْبَرُ كَبِيرًا ، وَالْحَمْدُ ِللهِ كَثِيراً ، وَسُبْحَانَ
اللهِ بُكْرَةً وَأَصِيلاً ، لاَ إِلَهَ إِلاَّ اللهُ وَحْدَهُ ، صَدَقَ وَعْدَهُ
، وَنَصَرَ عَبْدَهُ ، وَأَعَزَّ جُنْدَهُ ، وَهَزَمَ الْأَحْزَابَ وَحْدَهُ ، لاَ
إِلَهَ إِلاَّ اللهُ ، وَلاَ نَعْبُدُ إِلاَّ إِيَّاهُ ، مُخْلِصِينَ لَهُ
الدِّينَ وَلَوْ كَرِهَ الْكَافِرُونَ ، لاَ إِلَهَ إِلاَّ اللهُ وَاللهُ أَكْبَرُ
وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَسَلَّمَ تَسْلِيماً كَثِيراً.
പെരുന്നാൾ നിസ്കാരം
ബലിപെരുന്നാൾ ദിവസത്തെ മറ്റൊരു പ്രധാന ആരാധനയാണ്
പെരുന്നാൾ നിസ്കാരം. ജമാഅത്തായി നിർവ്വഹിക്കപ്പെടുന്ന സുന്നത്ത് നിസ്കാരങ്ങളിൽ ഏറ്റവും
ശ്രേഷ്ടവും ഉപേക്ഷിക്കൽ കറാഹത്തുമാണിത്. സൂര്യോദയത്തോടെ
സമയം തുടങ്ങുമെങ്കിലും സൂര്യൻ ഉദിച്ച് 20 മിനുട്ട് കഴിഞ്ഞതു മുതൽ ഉച്ച വരെയാണ് ശ്രേഷടമായ
സമയം. പള്ളി വിശാലമാണെങ്കിൽ പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് തന്നെ നിർവഹിക്കലാണ്
പുണ്യം.
പുരുഷൻ ,സ്ത്രീ, യാത്രക്കാർ തുടങ്ങീ എല്ലാവർക്കും
ഈ നിസ്കാരം ജമാഅത്തായി നിസ്കരിക്കലാണ് ഉത്തമം. എന്നാൽ ഹാജിമാർക്ക് പല പ്രവൃത്തികളും
ചെയ്യാനുള്ളത് കൊണ്ട് ഒറ്റക്ക് നിസ്കരിക്കലാണുത്തമം. സ്ത്രീകൾ വീട്ടിൽ വെച്ച് സാധിക്കുമെങ്കിൽ
ജമാഅത്തായും ഇല്ലെങ്കിൽ ഒറ്റക്കും നിസ്കരിക്കണം.
“വലിയ പെരുന്നാൾ സുന്നത്ത് നിസ്കാരം രണ്ട് റക്‌അത്ത്
ഞാൻ നിസ്കരിക്കുന്നു” എന്നാണ് നിയ്യത്ത്. ഒന്നാം റക്‌അത്തിൽ വജ്ജ്‌ഹത്തു ഓതിയതിനു ശേഷം ഫാത്തിഹക്ക് മുമ്പായി ഏഴ് തൿബീറും രണ്ടം റക്‌അത്തിൽ
സുജൂദിൽ നിന്ന് നിറുത്തത്തിലേക്ക് വരുമ്പോഴുള്ള തക്‌ബീർ കൂടാതെ ഫാതിഹക്ക് മുമ്പായി
അഞ്ച് തക്‌ബീറും ചൊല്ലേണ്ടതാണ്. ഇമാമിനും മഅ്മൂമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും
ഈ തക്‌ബീറുകൾ ഉച്ചത്തിൽ ചൊല്ലൽ സുന്നത്താണ്. ഓരോ തക്‌ബീർ ചൊല്ലുമ്പോഴും കൈകൾ രണ്ടും
ചുമലുകളുടെ നേരെ ഉയർത്തലും തക്‌ബീറുകളുടെ ഇടയിൽ
;
سُبْحَانَ اللهِ وَالْحَمْدُ للهِ وَلاَ إِلهَ إِلاَّ اللهُ وَاللهُ أَكْبَرُ
എന്ന ദിക്റ് ചൊല്ലലും സുന്നത്താണ്. ഒന്നാമത്തെ റക്അത്തിൽ ഫാതിഹക്ക് ശേഷം ‘സബ്ബിഹിസ്മയും ‘ രണ്ടാമത്തേതിൽ ‘ അൽ അതാകയും’ ഓതുക. നിസ്കാരത്തിന്റെ പൂർണ്ണ രൂപമാണിത്. തക്‌ബീറുകളൊന്നുമില്ലാതെ
സാധാരണ രണ്ട് റക്‌അത്ത് നിസ്കരിച്ചാലും സുന്നത്ത് ലഭിക്കും. നിസ്കാരത്തിനു ശേഷം രണ്ട്
ഖുതുബ നിർവഹിക്കലും സുന്നത്താണ്.
വലിയ പെരുന്നാൾ
നിസ്കാരത്തിനു പോകുന്നതിനു മുമ്പ് ഭക്ഷണം കഴിക്കാതിരിക്കലും പ്രഭാത ശേഷം കുളിക്കലും
സുഗന്ധം ഉപയോഗിക്കലും നല്ല വസ്ത്രം ധരിക്കലും സുന്നത്താണ്. നിസ്കാരത്തിനു പങ്കെടുക്കാത്തവനും
ഇത് സുന്നത്ത് തന്നെ. അതിരാവിലെ നിസ്കാര സ്ഥലത്തേക്ക് ദൂരം കൂടിയ വഴിയിലൂടെ നടന്ന്
പോകലും മറ്റൊരു വഴിയിലൂടെ തിരിച്ചു പോരലും സുന്നത്താണ്.
പെരുന്നാളും വെള്ളിയാഴ്ചയും
പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ച വന്നാൽ ജുമുഅയുടെ നിർബന്ധം ഒഴിവാകുകയില്ല.
ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ നിന്ന് ഇത് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.
عَنِ النُّعْمَانِ بْنِ بَشِيرٍ رضي الله عنه ، قَالَ: كَانَ
رَسُولُ اللّهِ صلى الله عليه وسلم يَقْرَأُ، فِي الْعِيدَيْنِ وَفِي الْجُمُعَةِ،
{سَبِّحِ اسْمَ رَبِّكَ الأَعْلَى} و{هَلْ أَتَاكَ حَدِيثُ الْغَاشِيَةِ}. قَالَ:
وَإِذَا اجْتَمَعَ الْعِيدُ وَالْجُمُعَةُ، فِي يَوْمٍ وَاحِدٍ ، يَقْرَأُ بِهِمَا
أَيْضاً فِي الصَّلاَتَيْنِ.(رواه
مسلم رقم 1978)
“നുഅ്മാനുബ്നു ബശീർ رضي الله عنه ൽ നിന്ന് നിവേദനം : നബി صلى الله عليه وسلم രണ്ട്
പെരുന്നാൾ നിസ്കാരങ്ങളിലും , ജുമുഅ നിസ്കാരത്തിലും
സബ്ബിഹിസ്മ സൂറയും അൽ അതാക സൂറയും ഓതാറുണ്ടായിരുന്നു. പെരുന്നാളും
വെള്ളിയാഴ്ചയും ഒരുമിച്ച്
വന്നാൽ രണ്ട് നിസ്കാരത്തിലും ഈ സൂറത്തുകൾ തന്നെയായിരുന്നു ഓതിയിരുന്നത്”
(സഹീഹ് മുസ്‌ലിം-1978) ഈ വിഷയം വിശദീകരിച്ച് കൊണ്ട് ഇമാം നവവി رحمه الله ശറഹുൽ
മുഹദ്ദബിൽ പറയുന്നു. : “ ജുമുഅയും പെരുന്നാളും ഒരുമിച്ച് വന്നാൽ രണ്ടും
നിസ്കരിക്കണം. ജുമുഅയുടെ നിർബന്ധം മാറുന്നതല്ല (ശറഹുൽ മുഹദ്ദബ്
4 : 360)
ഉള്ഹിയ്യത്ത്.
ബലി പെരുന്നാളിനോടനുബന്ധിച്ച്
ചെയ്യേണ്ട മറ്റൊരു സുപ്രധാന കർമമാണ് ഉള്ഹിയ്യത്ത്. അല്ലാഹുവിന്റെ സാമീപ്യം ഉദ്ധേശിച്ച്
അറുക്കപ്പെടുന്ന ബലി മൃഗത്തെകുറിച്ചാണ് ഉള്ഹിയ്യത്ത് എന്ന് പറയുന്നത്. പ്രായപൂർത്തിയെത്തിയ
ബുദ്ധിയുള്ള സ്വതന്ത്രനും ബലി കർമ്മത്തിനാവശ്യമായ സാമ്പത്തിക ശേഷിയുമുള്ള എല്ലാ മുസ്‌ലിംകൾക്കും
ബലികർമ്മം ശക്തമായ സുന്നത്താണ്. ബലി പെരുന്നാൾ
ദിനത്തിലെ സൂര്യനുദിച്ച് ലളിതമായ രണ്ട് റക്‌അത്തിനും രണ്ട് ഖുതുബക്കുമുള്ള സമയം കഴിഞ്ഞതു
മുതൽ ബലിയുടെ സമയം തുടങ്ങും. ഉത്തമമായ സമയം
, ബലി പെരുന്നാൾ ദിനത്തിൽ സൂര്യനുദിച്ച് ഇരുപത് മിനിട്ടായതു മുതൽ ദുൽഹിജ്ജ പതിമൂന്നിന്
സൂര്യനസ്തമിക്കും വരെയാണ്. എങ്കിലും രാത്രി അറവ് നടത്തൽ കറാഹത്താണ്. യാത്രക്കാരനും
,ഹജ്ജ് ചെയ്യുന്നവനും ഇത് സുന്നത്താണ്.
അഞ്ച് വയസ് തികഞ്ഞ ഒട്ടകം,
രണ്ട് വയസ് പിന്നിട്ട മാട്, കോലാട്, ഒരു വയസ്സ് കഴിഞ്ഞ നെയ്യാട് എന്നിവയാണ് ബലിയറുക്കാവുന്ന
മൃഗങ്ങൾ. മെലിഞ്ഞു മജ്ജ നശിച്ചതോ, ചെവി, വാൽ,
പൃഷ്ടം, അകിട്, നാവ് തുടങ്ങി ഏതെങ്കിലും അവയവം മുറിച്ച് മാറ്റപ്പെട്ടവയോ ,കണ്ണിനു കാഴ്ച
നഷ്ടപ്പെട്ടതോ ,കാഴ്ച തടയും വിധം കണ്ണിൽ പാട മൂടിയതോ ,വ്യക്തമായ മുടന്തോ, ശക്തമായ രോഗമോ
ഉള്ള മൃഗം ഉള്ഹിയ്യത്തിനു പറ്റുകയില്ല. അപ്രകാരം ഗർഭമുള്ള മൃഗത്തെയും ബലികർമ്മത്തിനു
പറ്റില്ല.
മാട്, ഒട്ടകം എന്നിവ ഏഴ്
പേർക്കിടയിൽ പങ്കിട്ടും ഉള്ഹിയ്യത്ത് നടത്താവുന്നതാണ്. തനിക്കും , താൻ ചിലവിനു കൊടുക്കൽ
നിർബന്ധമായവർക്കും കൂടി ഒരു ഉള്ഹിയ്യത്ത് അറുത്താൽ പ്രതിഫലം കുടുംബത്തിനു മുഴുവൻ ലഭിക്കും.
ഉള്ഹിയ്യത്ത് സാധുവാകാൻ നിയ്യത്ത് ആവശ്യമാണ്. അറവ് നടത്തുന്ന സമയത്തോ, അറവ് മൃഗത്തെ
നിർണ്ണയിക്കുന്ന അവസരത്തിലോ നിയ്യത്ത് ചെയ്യാവുന്നതാണ്.
‘സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി’ എന്നോ
‘സുന്നത്തായ ബലികർമ്മം ഞാൻ നിർവഹിക്കുന്നു’ എന്നോ കരുതൽ നിർബന്ധവും നാവു കൊണ്ട് പറയൽ
സുന്നത്തുമാണ്.
ഉള്ഹിയ്യത്തിൽ നിന്ന് അല്പം
ഒരു നിർധനനു നൽകലേ നിർബന്ധമുള്ളൂ.. പക്ഷെ ബറക്കത്തിനു വേണ്ടി അല്പം മാത്രം എടുത്ത്
തീർത്തും ദാനം ചെയ്യുന്നതാണ് ഏറ്റവും പുണ്യം. വേവിക്കാതെയാണു നൽകേണ്ടത്. ബലിയറുക്കുന്നയാൾ
എടുക്കുന്നത് കരളിൽ നിന്നാകുന്നതാണ് കൂടുതലുത്തമം.
ബലിമൃഗം നേർച്ചയാക്കപ്പെട്ടതാണെങ്കിൽ
അതിന്റെ മാംസമോ തോലോ മറ്റു ഭാഗങ്ങളോ ഒന്നും ബലിയറുത്തയാൾക്കും അയാൾ ചെലവിനു നൽകൽ നിർബന്ധമായവർക്കും
അനുവദനീയമല്ല. അവ പൂർണ്ണമായും ദാനം ചെയ്യൽ നിർബന്ധമാണ്. അതിൽ നിന്ന് വല്ലതും അവൻ ഉപയോഗിച്ചാൽ
അതിന്റെ പകരം ദരിദ്രർക്ക് നൽകാൻ അയാൾ ബാധ്യസ്ഥനാണ്. സുന്നത്തായ ഉള്ഹിയ്യത്തിന്റെ മാംസം,
കൊമ്പ്, തോൽ തുടങ്ങി ഒരു ഭാഗവും വില്പന നടത്താൻ പറ്റില്ല. വാടകക്ക് നൽകാനോ അറവുകാരനും
മറ്റും കൂലിയായി നൽകാനും പാടില്ല.
ഉള്ഹിയ്യത്ത് നടത്താനുദ്ദേശിച്ചവർ
അറുക്കാനറിയുന്ന പുരുഷന്മാരാണെങ്കിൽ അവർ തന്നെ അറവ് നടത്തലും അല്ലാത്തവർ അറിയുന്നവരെ
ഏല്പിക്കയും അറവ് നടത്തുന്നിടത്ത് സന്നിഹിതരാവുകയും ചെയ്യുന്നത് സുന്നത്താണ്.
ബലിയറുക്കാനുദ്ദേശിക്കുന്നവർ
ദുൽഹിജ്ജ ഒന്നുമുതൽ അറവ് നടത്തുന്നത് വരെ നഖം, മുടി തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളൊന്നും
നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ്. അവ നീക്കൽ
കറാഹത്താണ്. തടിച്ച് കൊഴുത്ത ന്യൂനതയില്ലാത്ത മൃഗമാകലും, പെരുന്നാൾ നിസ്കാരത്തിനു മുമ്പ്
അറുക്കാതിരിക്കലും, അറവ് പകലിലാവലും , ബലി മൃഗത്തെ ഖിബ്‌ലക്ക് നേരെ തിരിക്കലും, അറവ്
നടത്തുന്നവർ ഖിബ്‌ലക്ക് അഭിമുഖമാവലും, ബിസ്മിയും സ്വലാത്തും സലാമും ചൊല്ലലും, തക്‌ബീർ
ചൊല്ലലും, എന്നിൽ നിന്ന് ഇത് സ്വീകരിക്കേണമേ എന്ന് ദുആ ചെയ്യലും സുന്നത്താണ്.
ബലി മൃഗത്തിന്റെ നിറത്തിന്റെ
ശ്രേഷ്ടതയുടെ ക്രമം: വെള്ള, മഞ്ഞ, മങ്ങിയ വെള്ള,
ചാര നിറം, ചുവപ്പ്, വെളുപ്പും ചുവപ്പും കലർന്നത് , കറുപ്പ് എന്നിങ്ങനെയാണ്. ഉത്തമ നിറമുള്ളത് മെലിഞ്ഞതാണെങ്കിൽ മറ്റ് നിറത്തിലുള്ള
തടിച്ച് കൊഴുത്തതാണ് ഏറ്റവും നല്ലത്.
ഇസ്‌ലാമിക ദൃഷ്ട്യാ നിർബന്ധ
സകാത്തല്ലാത്ത ദാനധർമ്മങ്ങൾ അമുസ്‌ലിമിനു നൽകാമെങ്കിലും ഉള്ഹിയ്യത്തിന്റെ മാംസമോ മറ്റു
ഭാഗങ്ങളോ അവർക്ക് നൽകൽ അനുവദനീയമല്ല. ബലിയറുത്ത നാട്ടിൽ തന്നെയാണ് അത് വിതരണം ചെയ്യേണ്ടത്.
ഇതര നാടുകളിലേക്ക് കൊടുത്തയക്കാൻ പറ്റില്ല. എന്നാൽ അത് സ്വീകരിച്ച നിർധനർക്ക് അന്യർക്ക് വിൽക്കാനും ഇതര
പ്രദേശങ്ങളിലേക്ക് കൊടുത്തു വിടാനും പറ്റുന്നതാണ്.
ഹജ്ജിനു പോകുന്നവരും അല്ലാത്തവരും
ഈ എളിയവനും കുടുംബത്തിനും ഉസ്താദുമാർക്കും വേണ്ടി ദുആ ചെയ്യണമെന്ന വസ്വിയ്യത്തോടെ.