സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 8 September 2015

സൂറ: അൽ ഫീൽ


سورة الفيل
( മക്കയിൽ അവതരിച്ചു -സൂക്തങ്ങൾ -5 )


بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്‌ അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു

1. أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ
തങ്ങളുടെ നാഥൻ ആനക്കാരെ കൊണ്ട് എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് തങ്ങൾ കണ്ടില്ലേ?
വിശുദ്ധ കഅ്ബ: പൊളിച്ച് നീക്കുവാൻ പുറപ്പെട്ട് വന്ന ഒരു വലിയ സൈന്യത്തെ അള്ളാഹു നശിപ്പിച്ച പ്രസിദ്ധമായ ഒരു ചരിത്ര സംഭവമാണ് ഈ സൂറയുടെ ഉള്ളടക്കം. ഇത് മുഖേന അള്ളാഹു മക്കക്കാർക്ക് ചെയ്തു കൊടുത്ത വലിയ ഒരു അനുഗ്രഹം .അതിൽ അടങ്ങിയ അള്ളാഹുവിന്റെ ദൃഷ്ടാന്തം എന്നിവയെക്കുറിച്ച് അവരെ അനുസ്മരിപ്പിക്കുന്നു.

സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ്. അബ്സീനിയൻ ചക്രവർത്തിയുടെ കീഴിൽ അബ്റഹത്ത് എന്ന് പേരുള്ള രാജാവ് യമൻ ഭരിച്ചിരുന്നു.ഇവരെല്ലാം ക്ര്‌സ്ത്യാനികളായിരുന്നു ചക്രവർത്തിയുടെ പ്രീതി സമ്പാദിക്കാനായി യമനിലെ സൻ‌ആഅ് എന്ന സ്ഥലത്ത് അബ്റഹത്ത് “അൽ ഖുല്ലൈസ്” എന്ന പേരിൽ ഒരു വലിയ ചർച്ച് പണിതു.മക്കയിലേക്ക് ഹജ്ജിനു പോകുന്നവരെ ഇങ്ങോട്ട് തിരിച്ച് വിടാൻ അയാൾ ശ്രമിച്ചു .ഇതിൽ കുപിതനായ കിനാന:ഗോത്രത്തിലെ ഒരു അറബി ആ ചർച്ചിൽ കയറി വിസർജ്ജനം നടത്തി എന്ന് പറയപ്പെടുന്നു തന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കാനാവാതെ വന്നപ്പോൾ അബ്റഹത്ത് കഅ്ബം പൊളിക്കാൻ പരിപാടിയിട്ടു അതിനായി ഒരു വലിയ സൈന്യസമേതം അയാൾ മക്കയിലേക്ക് പുറപ്പെട്ടു അതിൽ ആനകളുമുണ്ടായിരുന്നു.അതു കൊണ്ടാണ് ആ സൈന്യത്തിനു ആനപ്പട എന്നും ആ സംഭവത്തിനു ആനക്കലഹം എന്നും പറയുന്നത് ആനക്കാർ എന്ന് പറഞ്ഞത് അബ്റഹത്തിനെയും സൈന്യത്തെയുമാണ്.അങ്ങനെ അബ് റഹത്തും സൈന്യവും മുന്നോട്ട് നീങ്ങി വഴിക്ക് വെച്ച് ചില അറബ് ഗോത്രങ്ങൾ അവരെ തടയാൻ ശ്രമിച്ചുവെങ്കിലും (യമനിലെ മാന്യനായിരുന്ന ‘ദൂനഫർ‘ ആളുകളെ കൂട്ടി അബ്റഹത്തിനെ എതിർക്കാൻ വന്നു.പക്ഷെ അവർ പരാജയപ്പെടുകയും ദൂ നഫറിനെ തടവിലാക്കുകയും ചെയ്തു.എന്നിട്ട് ദൂനഫറിനെ കൊല്ലാൻ അവർ തീരുമാനിച്ചു പക്ഷെ ദൂനഫർ എന്നെ കൊല്ലരുതെന്നും നിങ്ങൾക്ക് എന്റെ സാന്നിദ്ധ്യം പിന്നീട് ഉപകരിക്കുമെന്നും പറഞ്ഞപ്പോൾ അവർ ബന്ധനസ്ഥനായ വിധത്തിൽ ദൂനഫറിനെ ഒപ്പം കൂട്ടി പിന്നീട് നുഫൈലുബ്നു ഹബീബ് അൽ ഖസ്അമീയുടെ നേതൃത്വത്തിലും അബ് റഹത്തുമായി യുദ്ധം നടന്നു അതിലും അബ് റഹത്ത് വിജയിക്കുകയും നുഫൈലിനെ തടവിലാക്കുകയും കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു,പക്ഷെ നുഫൈൽ എന്നെ കൊല്ലരുതെന്നും അറേബ്യയിലേക്കുള്ള വഴി കാണിക്കാൻ നിങ്ങൾക്കെന്നെ ഉപകരിക്കുമെന്നും പറഞ്ഞപ്പോൾ നുഫൈലിനെയും ഒപ്പം കൂട്ടി) അവരെ കീഴടക്കി ആനപ്പട മുന്നോട്ട് നീങ്ങി.മക്കയുടെ അടുത്തുള്ള ‘മുഗമ്മസ്’ എന്ന സ്ഥലത്തെത്തി അവിടെ മേഞ്ഞ് തിന്നുന്ന ഒട്ടകങ്ങളെ കണ്ട അബ് റഹത്ത് അവകളെ കൊള്ള ചെയ്യാൻ കൽ‌പ്പിച്ചു.

അങ്ങനെ അനുയായികൾ അവയെ കൊള്ള ചെയ്തു(ആ ഒട്ടകങ്ങൾ ഖുറൈശികളുടെതായിരുന്നു)അക്കൂട്ടത്തിൽ നബി(സ) യുടെ പിതാമഹൻ അബ്ദുൽ മുത്തലിബിന്റെ 200ഒട്ടകങ്ങളുണ്ടായിരുന്നു. അവിടെ നിന്ന് ഹുനാത്തത്തുൽ ഹിംയരി എന്ന ആളെ മക്കയിലേക്ക് അയച്ചു അദ്ദേഹം മക്കയിൽ പോയി ഖുറൈശി നേതാക്കളെ കണ്ടു.ഖുറൈശിനോട് യുദ്ധം ചെയ്യാനല്ല രാജാവും സൈന്യവും വരുന്നതെന്നും കഅ്ബ: പൊളിക്കൽ മാത്രമാണ് ഉദ്ദേശ്യമെന്നും അത് തടഞ്ഞാൽ മാത്രമെ നിങ്ങളോട് യുദ്ധം ചെയ്യുകയുള്ളൂവെന്നും ഖുറൈശികളെ അറിയിക്കലായിരുന്നു ഹനാത്തയുടെ ദൌത്യം ഖുറൈശ് നേതാക്കളെ തന്റെ അടുത്തേക്ക് കൊണ്ട് ചെല്ലാനും രാജാവ് നിർദ്ദേശിച്ചു.ഈ ദൌത്യവുമായി മക്കയിൽ വന്ന ഹനാത്ത അന്നത്തെ ഖുറൈശി നേതാവും കഅ്ബയുടെ മേൽനോട്ടക്കാരനുമായിരുന്ന അബ്ദുൽ മുത്തലിബിനെ കണ്ടു.വിവരങ്ങളെല്ലാം പറഞ്ഞ് അബ്ദുൽ മുത്തലിബിനെയും കൂട്ടി അബ്റഹത്തിന്റെ അടുത്തെത്തി.രാജാവ് അബ്ദുൽ മുത്തലിബിനെ കണ്ടപ്പോൾ വളരെയധികം ബഹുമാനിക്കുകയും തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പരവതാനിയിൽ അബ്ദുൽ മുത്തലിബിന്റെ കൂടെ ഇരിക്കുകയും വിവരങ്ങൾ ദ്വിഭാഷി മുഖേന ധരിപ്പിക്കുകയും ചെയ്തു.

ശേഷം രാജാവ് താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ?എന്ന് അബ്ദുൽ മുത്തലിബിനോട് ചോദിച്ചു .അദ്ദേഹം പറഞ്ഞു.ഉണ്ട്.എന്റെ 200ഒട്ടകങ്ങളെ നിങ്ങളുടെ ആൾക്കാർ കൊള്ളയടിച്ചിട്ടുണ്ട് അവ എനിക്ക് തിരിച്ചു കിട്ടണം എന്ന്.അപ്പോൾ പരിഹാസത്തോടെ രാജാവ് പറഞ്ഞു.നിങ്ങളെ കണ്ടപ്പോൾ എനിക്ക് വലിയ മതിപ്പ് തോന്നിയിരുന്നു.എന്നാൽ നിങ്ങളുടെ സംസാരം കേട്ടപ്പോൾ എനിക്കത് നഷ്ടപ്പെട്ടു.നിങ്ങളുടെയും നിങ്ങളുടെ പൂർവീകരുടെയും കേന്ദ്രമായ ഭവനം പൊളിക്കാനാണ് ഞാൻ വന്നതെന്നറിഞ്ഞിട്ടും അതെക്കുറിച്ചൊന്നും സംസാരിക്കാതെ സ്വന്തം ഒട്ടകത്തെക്കുറിച്ച് മാത്രം നിങ്ങൾ സംസാരിക്കുന്നു.ഇത് പരിഹാസ്യമല്ലേ! അബ്ദുൽ മുത്തലിബ് പറഞ്ഞു.ഒട്ടകത്തിന്റെ ഉടമ ഞാനാണ് അവകൾ എനിക്ക് തിരിച്ച് കിട്ടണം.അതേസമയം നിങ്ങൾ തകർക്കാനുദ്ദേശിക്കുന്ന ആ ഭവനത്തിന് ഒരു നാഥനുണ്ട്.അവൻ അത് സംരക്ഷിക്കും .അപ്പോൾ രാജാവ് പറഞ്ഞു.എന്നെ അതിൽ നിന്ന് ആരും തടയില്ല ഞാൻ അത് പൊളിച്ചിരിക്കും. അബ്ദുൽ മുത്തലിബ് പ്രതിവചിച്ചു. എന്നാൽ അങ്ങനെ ആവട്ടെ . തന്റെ ഒട്ടകങ്ങളെ തിരിച്ച് നൽകുകയും താൻ അവകളെ തെളിച്ച് മക്കയിലേക്ക് മടങ്ങുകയും ചെയ്തു.മക്കയിൽ തിരിച്ചെത്തിയ അബ്ദുൽ മുത്തലിബ് മക്കക്കാരോട് ഇവിടെ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ക അ്ബയിൽ ചെന്ന് പ്രാർത്ഥന നടത്തുകയും ചെയ്തു.ആ പ്രാർത്ഥനയിൽ കഅ്ബയുടെ വാതിലിന്റെ വട്ടക്കണ്ണി പിടിച്ച് കൊണ്ട് അബ്ദുൽ മുത്തലിബ് പറഞ്ഞു

يارب لاأرجو لهم سواكا يارب فامنع منهم حماكا
ان عدو البيت من عاداكا امنعهم أن يخربوا قراكا
( രക്ഷിതാവേ!നിന്റെ സംരക്ഷിത മേഖല തകർക്കാൻ വരുന്ന ശത്രുക്കളെ നീ തടയണം നിന്നെയല്ലാതെ അതിനു ഞാൻ മറ്റാരെയും പ്രതീക്ഷിക്കുന്നില്ല)
സൈന്യം, മുന്നിൽ ആനകളുമായി മക്കയിലേക്ക് നീങ്ങി.പക്ഷെ വൈകാതെ ആന മുട്ടു കുത്തി.എന്ത് കാണിച്ചിട്ടും ആന എഴുന്നേറ്റില്ല മക്കയുടെ ഭാഗത്തേക്കല്ലാതെ നടക്കാൻ ആവശ്യപ്പെട്ടാൽ ആന നടക്കും മക്കയുടെ ഭാഗത്തേക്ക് തിരിച്ചാൽ മുട്ട് കുത്തും!ഇങ്ങിനെ ആനയുമായി കഷ്ടപ്പെടുമ്പോഴാണ് സമുദ്ര ഭാഗത്ത് നിന്ന് ഒരു തരം പക്ഷികൾ കൂട്ടം കൂട്ടമായി വന്നത് അവയുടെ കൊക്കുകളിലും കാലുകളിലും ഓരോ കല്ലുകളുണ്ട്.(ഓരൊ പക്ഷിയുടെ കൂടെയും മൂന്ന് കല്ലുകൾ.ഒന്ന് കൊക്കിലും ഓരോന്ന് ഓരോ കാലിലും)ആ പക്ഷികൾ അബ് റഹത്തിന്റെ സൈന്യത്തിനു മുകളിൽ വട്ടമിട്ട് കല്ലുകൾ സൈന്യങ്ങളുടെ മേലെ വർഷിച്ചു. ഓരോരുത്തരുടെ തലയിലും ഓരോ കല്ല് അവകൾ ഇടും. ആ അകല്ല് തലയിൽ വീണാൽ അത് പൃഷ്ഠ ഭാഗത്ത് കൂടി പുറത്ത് വരികയും അവൻ മരിച്ച് വീഴുകയും ചെയ്യും.അത് തികച്ചും അഭൌതികമായ ഒരു ശക്തമായ ആക്രമണമായിരുന്നു. സൈന്യങ്ങളിൽ പലരും മരിച്ച് വീഴുന്നത് കണ്ടപ്പോൾ മറ്റുള്ളവർ ജീവനും കൊണ്ട് ഓടാൻ തുടങ്ങി.അബ് റഹത്തും ഓടാൻ തീരുമാനിച്ചു അവന്റെ ശരീരത്തിനു ചില അസ്വസ്ഥതകൾ കാണാൻ തുടങ്ങി.വിരൽ കൊടികൾ മുറിഞ്ഞ് വീഴാൻ തുടങ്ങി.മുറിയുന്നിടത്തൊക്കെ വല്ലാത്ത ദുർഗന്ധമുള്ള ചലം ഒലിക്കാൻ തുടങ്ങി അങ്ങനെ സൻആ‌അ ് എന്ന അവരുടെ ആസ്ഥാനത്ത് തിരിച്ചെത്തുമ്പോൾ തളർന്ന് പോയ ഒരു പക്ഷിക്കുഞ്ഞിനെ പോലെയായി മാറിയ അബ്റഹത്ത് ഹൃദയം പിളർന്ന് മരണപ്പെട്ടു.അങ്ങനെ അബ് റഹത്തും സൈന്യവും നശിക്കുകയും അള്ളാഹു അവന്റെ ഭവനത്തെ രക്ഷിക്കുകയും ചെയ്തു

ക്രിസ്താബ്ദം 570-71ലാണീ സംഭവം നടന്നത് .ശിർക്ക് ചെയ്തിരുന്ന അറബികളെ സഹായിക്കാനല്ല അള്ളാഹു ഇവരെ നശിപ്പിച്ചത് മറിച്ച് തന്റെ ഭവനത്തിന്റെ പവിത്രത സംരക്ഷിക്കാനും ഇവിടെ ജനിക്കാനിരിക്കുന്ന മുഹമ്മദ് നബി(സ.അ) യുടെ അത്ഭുതകരമായ ജനനത്തിലേക്ക് സൂചന നൽകാനുമാണ്. ‘ആനക്കലഹസംഭവം’ നടന്ന് 50 ദിനങ്ങൾ പിന്നിട്ടപ്പോഴാണല്ലോ നബി(സ.അ) ജനിക്കുന്നത്.

അറബികളുടെ ഇടയിൽ പൊതുവിലും ഖുറൈശികൾക്കിടയിൽ വിശേഷിച്ചും വളരെ ഗൌരവമുള്ള വിഷയമാണല്ലോ ഇത് അതിനാൽ പിന്നീടുണ്ടാകുന്ന സംഭവങ്ങൾക്ക് അവർ ആനക്കലഹം മുതൽ കാലം നിർണ്ണയിക്കുക പതിവായി തീർന്നു.മദീനാ ഹിജ് റ മുതൽ വർഷാരംഭം നിർണ്ണയിക്കുന്ന പതിവ് ഇസ് ലാമിൽ അംഗീകരിക്കപ്പെടുന്നത് വരെ ആ പതിവ് തുടർന്ന് പോന്നു
2. أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ
അവരുടെ കുതന്ത്രം അള്ളാഹു നഷ്ടത്തിൽ അക്കിയില്ലെ?
ഗൂഢമായി ഉപദ്രവിക്കാൻ കരുതുന്നതിന്നാണ് കൈദ് എന്ന് പറയുക. കഅബ പൊളിക്കാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിച്ച സ്ഥിതിക്ക് ഇവിടെ എന്താണ് തന്ത്രം എന്ന് ചിന്തിച്ചേക്കാം.ഹറം നിവാസികളോടുള്ള അസുയയും അവരുടെ അംഗീകാരം തന്നിലേക്ക് തിരിച്ച് വിടണം എന്ന ചിന്തയുമാണിവിടെ ഗൂഢമായി അവൻ കരുതിയ തന്ത്രം!കഅ്ബയിലേക്ക് വരുന്ന തീർത്ഥാടകരെ അവരുടെ ആസ്ഥാനത്തേക്ക് തിരിച്ചു വിടുകയും അതിനായി കഅ്ബ: തകർക്കാൻ തീരുമാനിച്ചതുമാണ് അവരുടെ കുതന്ത്രം എന്നത് കൊണ്ട് ഉദ്ദേശ്യം. അവരുടെ കുതന്ത്രങ്ങളെ തകർക്കാനായി അള്ളാഹു ചെയ്ത സംഭവമാണ് തുടർന്ന് പറയുന്നത്


3. وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ

അവരുടെ മേൽ അവൻ ഒരു തരം കൂട്ടം കൂട്ടമായ പക്ഷികളെ അയക്കുകയും ചെയ്തു
കൂട്ടം കൂട്ടമായി വന്ന ഒരു തരം പക്ഷികൾ എന്നാണ് ഇതിന്റെ താല്പര്യം.ധാരാളമുണ്ടായിരുന്നു എന്നും ഒരു കൂട്ടത്തിനു പുറകെ അടുത്ത കൂട്ടം എന്ന രൂപത്തിൽ വന്നിരുന്നു അവ എന്നും സാരം..ഈ പക്ഷികളുടെ രൂപ ഭാവങ്ങളെ കുറിച്ച് ധാരാളം അഭിപ്രായമുണ്ട്
4. تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ

അവ അവരെ ചൂള വെച്ച കല്ല് കൊണ്ട് എറിഞ്ഞു കൊണ്ടിരുന്നു.

ചൂളക്ക് വെച്ച കല്ലുകൾ എന്നാണ് സിജ്ജീൽ എന്നതിന്റെ താല്പര്യം. ഇമാം ഖുർത്വുബി(റ) എഴുതുന്നു. തീയിൽ വേവിക്കപ്പെട്ട കളിമണ്ണിന്റെ കല്ലുകൾ എന്നാണ് സിജ്ജീൽ എന്ന് പറഞ്ഞാൽ. പയറു മണിയേക്കാൾ ചെറുതും കടല മണിയേക്കാൾ വലുതുമായ കല്ലുകളായിരുന്നു ഇവ എന്ന് വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. സിജ്ജീൽ എന്നതിനു ശിക്ഷിക്കപ്പെടേണ്ടവരുടെ നാമങ്ങൾ രേഖപ്പെടുത്തപ്പെട്ടത് എന്നും ചില വ്യാഖ്യാതാക്കൾ അർത്ഥം പറഞ്ഞിട്ടുണ്ട്(ഖുർത്വുബി)ഏതായാലും ആ കല്ലു കൊണ്ട് ഏറു കൊണ്ടാ‍ൽ അവരുടെ ശരീരത്തിൽ വസൂരി പ്രത്യക്ഷപ്പെടുകയും മാംസമെല്ലാം ഉതിർന്ന് വീഴുകയും അതിനാൽ മരണപ്പെടുകയും ചെയ്യുമായിരുന്നു
5. فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ

അങ്ങനെ അള്ളാഹു അവരെ തിന്നപ്പെട്ട വൈക്കോൽ പോലെയാക്കിത്തീർത്തു

ആ കല്ലുകൾ കൊണ്ട് ഏറ് ലഭിച്ചവരെ അള്ളാഹു നശിപ്പിച്ച കോലം പറയുകയാണിവിടെ ..കാലികൾ തിന്ന് തീർത്ത വൈക്കോൽ പോലെ അവർ നശിച്ച് പോയി…അവർക്കുണ്ടായ ദയനീയത സൂചിപ്പിച്ചതാണിവിടെ .ഏതായാലും ഇതൊരു അത്ഭുത സംഭവം തന്നെ. അള്ളാഹുവിന്റെ ഭവനത്തെ അവൻ സംരക്ഷിച്ച അത്യത്ഭുതകരമായ സംഭവം


അള്ളാഹു അവന്റെ വിധി വിലക്കുകൾ സൂക്ഷിച്ച് അവന്റെ ശിക്ഷയെ ഭയപ്പെട്ട് നല്ലവരായി ജീവിച്ച് നല്ല മരണം നൽകി നല്ലവർക്കൊപ്പം സ്വർഗതിൽ നമ്മെ ഒരുമിച്ച് കൂട്ടട്ടെ ആമീൻ