സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 13 December 2015

റബീഉല്‍ അവ്വല്‍: ഒന്നാം വസന്തം വിരുന്നെത്തുമ്പോള്‍



റബീഅ് എന്നാല്‍ വസന്തം എന്നര്‍ത്ഥം; അവ്വല്‍ എന്നാല്‍ പ്രഥമം എന്നും. അപ്പോള്‍ റബീഉല്‍ അവ്വല്‍ മാസം നമ്മുടെ ജീവിതത്തിലെ പ്രഥമവസന്തമാണെന്ന് വിശേഷിപ്പിക്കാം. ഈ വസന്തകാലം അന്തരീക്ഷത്തില്‍ സൗന്ദര്യവും സൗരഭ്യവും നിറഞ്ഞു നില്‍ക്കുന്നകാലമാണ്. മനുഷ്യര്‍ മാത്രമല്ല, ചരങ്ങളും അചരങ്ങളും സചേതനങ്ങളും അചേതനങ്ങളുമൊക്കെ ഈ വസന്തകാലത്ത് സന്തോഷംകൊള്ളും.
‘നബിയെ, നാം തങ്ങളെ ലോകര്‍ക്ക് അനുഗ്രഹമായിട്ടല്ലാതെ അയച്ചിട്ടില്ല’ എന്ന ഖുര്‍ആനിക സൂക്തമാണ് അതിനു കാരണം. ‘ആലമ്’ എന്നതിന്റെ ബഹുവചനമാണ് ‘ആലമീന്‍’. ഏതൊക്കെയാണ് ആലമുകള്‍? മിനറല്‍ കിങ്ഡം, വെജിറ്റബിള്‍ കിങ്ഡം, ആനിമല്‍ കിങ്ഡം, ഹ്യൂമാന്‍ കിങ്ഡം, എയ്ജല്‍സ് കിങ്ഡം-ധാതുലവണങ്ങളുടെ ലോകം, സസ്യലതാദികളുടെ ലോകം, ജന്തുക്കളുടെ ലോകം, മനുഷ്യരുടെ ലോകം, മലക്കുകളുടെ ലോകം-അങ്ങനെയങ്ങനെ ലോകമെന്ന് പറയാനാവുന്ന എല്ലാ ലോകവും സന്തോഷിക്കുന്ന ഒരു കാലമാണിത്. അതിനു കാരണം നബി(സ)യുടെ ജനനംകൊണ്ട് അനുഗ്രഹീതമായ മാസമാണിത് എന്നതാണ്.
ചിലയാളുകള്‍ക്ക് ഈ കാലത്ത് സന്തോഷത്തിനു പകരം സങ്കടമാണുണ്ടാകുന്നത്. മുസ്‌ലിംകളൊക്കെ ബിദ്അത്ത് ചെയ്യുകയാണോ എന്നാണവര്‍ സങ്കടപ്പെടുന്നത്. എന്നാല്‍ തെറ്റിദ്ധാരണയും വിവരക്കേടും കാരണമാണ് അതുണ്ടാകുന്നത്.
കുറച്ചെന്തെങ്കിലുമറിയുന്നുവെങ്കില്‍ തര്‍ക്കമുണ്ടാകും. ഒന്നുമറിയാത്തവര്‍ തര്‍ക്കിക്കാന്‍ പോകില്ല. കുറച്ച് വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ തെറ്റിദ്ധാരണകള്‍ വന്നുപെടുകയാണ് ചെയ്യുക. അതുവഴി നമ്മുടെ ഇടയില്‍ തന്നെ ഇത്തരം നന്മകളുടെ വീര്യവും ഗൗരവും കുറഞ്ഞുവരും.
എന്നാല്‍, ആളുകളുടെ അഭിപ്രായമനുസരിച്ച് നമ്മുടെ അഭിപ്രായത്തിന് വ്യത്യാസം വരുത്തേണ്ടതില്ല. ‘നേരായ വഴിയിലേക്ക് ഞങ്ങളെ നയിക്കേണമേ’ എന്നാണ് നമ്മള്‍ ദിവസവും പ്രാര്‍ത്ഥിക്കുന്നത്. അഞ്ചുനേരവും ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ പറയാനുള്ള ഒരു വലിയ കാരണം ഹിദായത്തിലെത്തിയ ശേഷം നമ്മള്‍ പിഴച്ചുപോകരുത് എന്നതാണ്. ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ പോരാ, അതെല്ലാവരും ചെയ്യുന്നതാണ്. ജമാഅത്തെ ഇസ്‌ലാമിക്കാരും മുജാഹിദുകളും ഖാദിയാനികളുമൊക്കെ അതു ചൊല്ലുന്നവരാണ്. എന്നിട്ടും അവര്‍ നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കുകയാണ്. അവര്‍ എങ്ങോട്ടും മാറുന്നില്ല. അതിന് അവര്‍ക്ക് പറ്റിയ പ്രധാന കുഴപ്പം ഒന്ന്: സ്വിറാത്വുല്‍ മുസ്തഖീമില്‍നിന്ന് വ്യതിചലിച്ചു എന്നതു തന്നെ. രണ്ട്: തഖ്‌വയില്ല എന്നതും.
ഫാതിഹ സൂറത്തിലെ ‘ഞങ്ങളെ സ്വിറാത്വുല്‍ മുസ്തഖീമിലേക്ക് നയിക്കേണമേ’ എന്ന പ്രാര്‍ത്ഥനക്ക് ഉത്തരമായാണ് അല്‍ബഖറ സൂറത്തിലെ ആദ്യത്തില്‍ ‘ഖുര്‍ആന്‍ മുത്തഖീങ്ങള്‍ക്ക് ഹുദയാണ്’ എന്ന പ്രസ്താവന പറഞ്ഞിട്ടുള്ളത്. ‘നിങ്ങള്‍ എന്നോട് ഹിദായത്ത് ചോദിച്ചല്ലോ? ഞാന്‍ നിങ്ങള്‍ക്ക് ഹിദായത്ത് തരാം, പക്ഷേ മുത്തഖീങ്ങള്‍ക്ക്’ എന്നാണതിന്റെ ധ്വനി. മുത്തഖീങ്ങള്‍ എന്നാല്‍ സൂക്ഷ്മതയുള്ളവര്‍ എന്നര്‍ത്ഥം.
എന്തെങ്കിലും വിളിച്ച് അഭിപ്രായം പറയുന്നത് സൂക്ഷ്മതയുടെ ലക്ഷണമല്ല. റസൂലി(സ)നോട് ജനങ്ങളുടെ മനസ്സില്‍ സ്‌നേഹമുണ്ടാക്കുന്നതിനു പകരം ഉള്ള സ്‌നേഹം ഇല്ലാതാക്കുന്നത് സൂക്ഷ്മതയല്ല, അതു തഖ്‌വയല്ല. തഖ്‌വയോടു കൂടി ‘ഞങ്ങളെ സ്വിറാതുല്‍ മുസ്തഖീമിലേക്ക് നയിക്കേണമേ’ എന്നു പറഞ്ഞാല്‍ അല്ലാഹു ഹിദായത്തില്‍ നിലനിര്‍ത്തും. തഖ്‌വയില്ലാതെ പറയുന്നതു കൊണ്ടാണ് പുത്തനാശയക്കാര്‍ക്ക് നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കേണ്ടിവരുന്നത്. അത്തരം ആളുകളുടെ അഭിപ്രായം നമ്മള്‍ ശ്രദ്ധിക്കേണ്ടതു തന്നെയില്ല. നമ്മള്‍ സ്വിറാത്വുല്‍ മുസ്തഖീമിലാണ് എന്നതില്‍ ഉറച്ച വിശ്വാസമുണ്ടാവുക. പൂര്‍വികമായി അനുഷ്ഠിച്ചുവരുന്ന കാര്യങ്ങളില്‍ വ്യത്യാസമുണ്ട് എന്ന് ആലോചിക്കാന്‍ നമുക്ക് ഒരു കാരണവുമില്ല.
‘റബീഉല്‍ അവ്വലായി. കുട്ടികളൊക്കെ പ്രകടനം നത്തുന്നു. അങ്ങാടിയിലൊക്കെ കൊട്ടും ഓത്തും ഒച്ചപ്പാടും’ എന്നൊക്കെ ചിലര്‍ പറയും. ഇങ്ങനെ ആളുകള്‍ പല അഭിപ്രായവും പറയും. അവ നാം ശ്രദ്ധിക്കേണ്ടതില്ല. ശ്രദ്ധിക്കാനിരുന്നാല്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. നാം ശരിയായ വഴിയിലാണെന്ന് മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ ആ വഴിയില്‍ ജീവിച്ചുപോയാല്‍ മതി.
അതിനാല്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വഴിയില്‍ തുടര്‍ന്നുവരുന്ന കാര്യങ്ങള്‍ എതിര്‍ക്കുന്നത് തഖ്‌വയല്ല. നബി(സ)യുടെ സ്ഥാനം ഇകഴ്ത്തിക്കാണിക്കുന്നത് തഖ്‌വയല്ല. ഇകഴ്ത്തിക്കാണിക്കുന്നുണ്ട് എന്നത് സത്യമാണ്.
ഒരിക്കല്‍ എന്റെ നാട്ടില്‍ പത്തറുപത് വയസ്സായ ഒരാള്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ചേര്‍ന്നു. ‘എന്നെ കാണണം’ എന്നു കരുതി നടക്കുകയായിരുന്നു അയാള്‍. എന്നെ കണ്ടപ്പോള്‍ ‘ഞാനിപ്പോള്‍ ജമാഅത്താണ്’ എന്നയാള്‍ പറഞ്ഞു. ‘ഈ അവസാനകാലം എന്തേ ഇങ്ങനെയായി’ എന്നു ഞാന്‍ ചോദിച്ചു. അയാള്‍ പറഞ്ഞു: ”എന്റെ മകന്‍ ശാന്തപുരം കോളേജിലാണ് പഠിക്കുന്നത്.” മകന്‍ ശാന്തപുരം കോളേജില്‍ പഠിക്കുന്നതു കൊണ്ട് ജമാഅത്തുകാരനാകുകയാണെങ്കില്‍ മകന്‍ കൃസ്ത്യാനിയുടെ ലിറ്റില്‍ ഫ്‌ളവറില്‍ പഠിച്ചാല്‍ അതുമാവണ്ടേ? കുട്ടികള്‍ ഓരോ സ്ഥാപനത്തില്‍ പഠിക്കുന്നു എന്നു കരുതി നമ്മളും അങ്ങനെയാവണോ എന്ന് ഞാന്‍ ചോദിച്ചു. ”എന്താണ് ജമാഅത്തെ ഇസ്‌ലാമിക്ക് കുഴപ്പം” എന്ന് അയാള്‍ ചോദിച്ചു. ”നിങ്ങള്‍ക്ക് റസൂലിനേക്കാള്‍ വലുത് അബുല്‍ അഅ്‌ലാ മൗദൂദിയല്ലേ” എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അങ്ങനെയൊന്നുമില്ലെന്ന് അയാള്‍ തട്ടിവിട്ടെങ്കിലും അങ്ങനെയൊക്കെയുണ്ടെന്ന് ഞാന്‍ പറഞ്ഞു.
എന്താണ് അങ്ങനെ പറയാന്‍ കാരണമെന്ന് അയാള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: റസൂലി(സ)ന് തെറ്റുപറ്റുമോ? അതെന്താ തെറ്റു പറ്റുമെന്ന് അയാള്‍. ഉദാഹരണം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘അബസ’ ആയത്തിന്റെ സന്ദര്‍ഭമൊക്കെ പറയാന്‍ തുടങ്ങി. ഞാനിടയില്‍കയറി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നബി(സ)യുടെ തെറ്റ് എണ്ണിപ്പറയുന്നത് കേള്‍ക്കാനുള്ള മനസ്സ് എനിക്കില്ലെന്നു ഞാന്‍ പറഞ്ഞു. അബുല്‍ അഅ്‌ലാ മൗദൂദിക്ക് തെറ്റുപറ്റിയതിന് മൂന്ന് ഉദാഹരണം പറയാന്‍ പറഞ്ഞു ഞാന്‍. മൗലാനയെ പറ്റി അങ്ങനെ പറയാന്‍ കിട്ടുന്നില്ലെന്ന് അയാള്‍ പറഞ്ഞു. ഇവിടെ സംഭവിച്ചത് ഇതാണ്: റസൂലി(സ)നെ ഇയാള്‍ വിമര്‍ശനബുദ്ധ്യാ നോക്കി. അബുല്‍ അഅ്‌ലായെ വിമര്‍ശനബുദ്ധ്യാ നോക്കിയില്ല. അന്ധമായി അനുകരിച്ചു. റസൂലി(സ)ന്റെ കുറ്റവും തെറ്റും തെരയാനും അതു രേഖപ്പെടുത്തിവക്കാനും ഇവര്‍ക്ക് മനസ്സുറപ്പ് വരുന്നു. നബി(സ)യുടെ കുറ്റവും തെറ്റും എണ്ണുന്നവരുടെ മനസ്സിനെ കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ.
അബുല്‍ അഅ്‌ലാ മൗദൂദി റസൂലി(സ)ന് തെറ്റ് പറ്റുമെന്നു എഴുതിയിട്ടുണ്ട്. അബുല്‍ അഅ്‌ലാ എഴുതിയത് തെറ്റാണെന്ന് പറയാന്‍ ഇവര്‍ക്ക് കഴിയില്ല. റസൂലി(സ)ന് തെറ്റ് പറ്റുമെന്ന് പറയാന്‍ ഇവര്‍ക്ക് കഴിയും. അതിന്റെ അര്‍ത്ഥമെന്താണ്? മൗദൂദി റസൂലി(സ)ന് തെറ്റു പറ്റും എന്നെഴുതിയത് തെറ്റാണെന്ന് പറഞ്ഞാല്‍ പോരേ? അതവര്‍ പറയില്ല. കാരണം, മൗലാനക്ക് തെറ്റി എന്നു പറയേണ്ടിവരുമല്ലോ?
ഇങ്ങനെ റസൂലി(സ)ന്റെ സ്ഥാനം കുറച്ചുകാണിക്കുമ്പോള്‍ റസൂലി(സ)നോട് എന്ത് സ്‌നേഹമാണുണ്ടാവുക? സ്‌നേഹമുണ്ടാകണമെങ്കില്‍ റസൂലി(സ)ന്റെ പെര്‍ഫക്ട്‌നസ്, റസൂല്‍(സ) പെര്‍ഫക്ട് ആണ് എന്ന ബോധ്യം വരണം. ഇവര്‍ അല്ലാഹുവിനെ വലുതാക്കാന്‍ വേണ്ടിയാണ് റസൂലിനെ ചെറുതാക്കുന്നതെന്ന് തോന്നുന്നു. അല്ലാഹുവിനെ വലുതാക്കാന്‍ റസൂലിനെ ചെറുതാക്കണമെന്നാണ് വിചാരം. അതിന്റെ ആവശ്യമില്ല. അല്ലാഹുവും റസൂലും ‘വലുതല്ലേ?’ ”നിന്റെ ശരീരമാകുന്ന അബൂജഹ്‌ലില്‍ നിന്നും നിനക്ക് മുക്തി കിട്ടണമെങ്കില്‍ നീ നിന്റെ കൈ അഹദിനോടും അഹ്മദിനോടും ചേര്‍ത്തുവെക്കുക” എന്ന് അല്ലാമ ഇഖ്ബാലിന്റെ ഒരു പേര്‍ഷ്യന്‍ കവിതയുണ്ട്. അഹദിനോട് മാത്രം ചേര്‍ത്താല്‍ പോരാ, അഹ്മദിനോടും ചേര്‍ക്കണമെന്ന്.
അഹദും അഹ്മദും തമ്മിലുള്ള വ്യത്യാസം അഹ്മദ് എന്നതില്‍ മീമുണ്ട്, അഹദ് എന്നതില്‍ മീമില്ല എന്നതാണ്. മീമ് മനുഷ്യനെ സൂചിപ്പിക്കുന്നു. നമുക്കറിയാവുന്ന ഭാഷകളിലൊക്കെ ‘മനുഷ്യന്‍’ എന്നര്‍ത്ഥം സൂചിപ്പിക്കുന്ന വാക്കുകളില്‍ മീമുണ്ട്. മലയാളത്തില്‍ മനുഷ്യന്‍, സംസ്‌കൃതത്തില്‍ മര്‍ത്യന്‍, തമിഴില്‍ മനുചന്‍, ഇംഗ്ലീഷില്‍ മാന്‍, പേര്‍ഷ്യയിലും ഉര്‍ദുവിലും മര്‍ദ്, അറബിയില്‍ മര്‍അ്-എല്ലാ പദങ്ങളിലും മീമ് കാണുന്നു. അപ്പോള്‍ അഹദും അഹ്മദും തമ്മിലുള്ള വ്യത്യാസം, ഒന്ന് മനുഷ്യനാണ്; ഒന്ന് അല്ലാഹുവാണ് എന്നതു തന്നെയാണ്. മനുഷ്യനാണ് എന്ന് നാം അല്ലാഹുവിന്റെ റസൂലിനെ കാണണം. പടച്ചവനാണെന്ന് പറയാന്‍ പാടില്ല. നാം ആരും അങ്ങനെ പറയുന്നുമില്ല.
ഒരിക്കല്‍ നബിദിന യോഗത്തിന് പ്രസംഗിക്കാന്‍ പോകുമ്പോള്‍ ഒരു മുജാഹിദ് മൗലവി ചോദിച്ചു: നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്? ഒരു നബിദിന യോഗത്തില്‍ പ്രസംഗിക്കാന്‍ പോവുകയാണെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ പറഞ്ഞു: ”നിങ്ങള്‍ നബിയെ വലുതാക്കി വലുതാക്കി അല്ലാഹുവിന്റെ മര്‍തബയിലെത്തിച്ചിരിക്കുന്നു.” ഞാന്‍ പറഞ്ഞു: ”ഞാന്‍ പോകുന്നത് തന്നെ നബി(സ)യുടെ ജന്മദിനത്തില്‍ പ്രസംഗിക്കാനാണ്. ജന്മദിനം എന്ന് പറയുന്നതോടൊപ്പം തന്നെ അല്ലാഹുവും റസൂലും ആ രീതിയിലുള്ള ബന്ധമില്ലെന്ന് മനസ്സിലായില്ലേ? അല്ലാഹുവിന്റെ മര്‍തബയിലേക്ക് കയറ്റിയാല്‍ പിന്നെ എങ്ങനെയാണ് ജന്മദിനത്തില്‍ പ്രസംഗിക്കാന്‍ പോകുക? അല്ലാഹു ജന്മം നല്‍കാത്തവനും നല്‍കപ്പെടാത്തവനുമാണല്ലോ?
നബി(സ)ക്കുള്ള സ്ഥാനം ജീവിച്ചിരിക്കുന്ന സമയത്തേതുപോലെ തന്നെയാണ് ദേഹവിയോഗം നടന്നതിനുശേഷവും. റസൂല്‍(സ) നമ്മുടെ സമീപസ്ഥനാണ്. അങ്ങ് അവര്‍ക്കിടയിലുണ്ടാകുമ്പോള്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അല്ലാഹുവിന്റെ ശിക്ഷ നമുക്ക് വരാതിരിക്കാന്‍ റസൂലിനെ നമുക്കിടയില്‍ നിലനിര്‍ത്തുകയാണ് ചെയ്യേണ്ടത്. റസൂലിന്റെ പ്രസന്‍സ് റസൂലി(സ)ന്റെ ദേഹവിയോഗത്തിന് ശേഷവും നമ്മള്‍ നിലനിര്‍ത്തണം. റസൂല്‍(സ) നമുക്കിടയില്‍നിന്ന് ഇല്ലാതാവുന്നില്ല.
അത്തഹിയ്യാത്തില്‍ ‘അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു’ എന്നാണ് നാം പറയുന്നത്. അലൈക്ക എന്നതു സെക്കന്റ് പേഴ്‌സണാണ്. അലൈക്ക-അങ്ങ്, തൊട്ടു മുമ്പില്‍ നില്‍ക്കുന്ന ആളോട് പറയുന്നത് പോലെയാണ് ഇവിടെ പറയുന്നത്. അസ്സലാമു അലൈഹി അല്ല. കാരണം റസൂല്‍(സ) നമ്മുടെ സമീപത്താണ്. ‘നബി(സ) വിശ്വാസികളോട് സ്വന്തത്തേക്കാള്‍ അടുത്തിരിക്കുന്നു’ എന്ന് ഖുര്‍ആന്‍ പറയുന്നു.
ഒരു മനുഷ്യനോട് ഏറ്റവും അടുത്തിരിക്കുന്നത് അയാള്‍ തന്നെ. എന്നോട് ഏറ്റവും അടുത്തിരിക്കുന്നത് ഞാന്‍ തന്നെ. പിന്നെയാണ് നീ അടുത്തിരിക്കുന്നത്. പിന്നെയാണ് അവന്‍ അടുത്തിരിക്കുന്നത്. എന്നോട് ഏറ്റവും അടുത്തിരിക്കുന്നത് ഞാനായതു കൊണ്ടാണ് ‘ഞാന്‍’ ഫസ്റ്റ് പേഴ്‌സണാണെന്ന് പറയുന്നത്. അപ്പോള്‍ എന്നോട് ഏറ്റവും അടുത്തിരിക്കുന്ന എന്നേക്കാള്‍ റസൂല്‍(സ) നമ്മോട് അടുത്തവരാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. അത്രയും അടുത്ത ആളോട് പറയുമ്പോള്‍ ‘അലൈക്ക’ എന്നുതന്നെ പറയണം.
ഇത്രയും അടുത്ത ഒരു റസൂല്‍(സ) നമ്മുടെ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കണം. ഒരിക്കലും റസൂല്‍(സ) നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷനാകാന്‍ പാടില്ല. അത് പുതുക്കി കൊണ്ടിരിക്കുകയാണ് ഓരോ വര്‍ഷവും നബിദിനാഘോഷത്തിലൂടെ നമ്മള്‍ ചെയ്യുന്നത്.
നബി(സ)യുടെ ദേഹവിയോഗത്തിനു ശേഷം സ്വഹാബത്ത് റസൂലി(സ)നെ എങ്ങനെയാണ് കണ്ടത്? റസൂലിന്റെ സാന്നിധ്യം അവരുടെ ജീവിതത്തിലുണ്ടായിരുന്നുവല്ലോ? നബി(സ) വഫാത്തായ ശേഷം പ്രവാചകപുത്രി ഫാത്വിമബീവി(റ) ഖബ്‌റിനുമുകളിലുള്ള മണ്ണ് വാരി കണ്ണില്‍ വച്ചു കരയാന്‍ തുടങ്ങി എന്നു ചരിത്രത്തില്‍ കാണാം. ദേവവിയോഗത്തിനുശേഷവും റസൂലിനെ ജീവിതത്തില്‍ കൊണ്ടുനടന്നതു കൊണ്ടാണല്ലോ ഫാത്വിമ(റ) അങ്ങനെ ചെയ്തത്?
ആഇശ(റ)യുടെ അടുക്കല്‍ ആളുകള്‍ വന്ന് മഴ ഇല്ലാത്തതിനെ കുറിച്ച് പരാതി പറഞ്ഞു. മഴയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അവര്‍ക്കറിയാമല്ലോ? സ്വലാത്തുല്‍ ഇസ്തിസ്ഖാഅ് (മഴ തേടുന്ന നിസ്‌കാരം) നിസ്‌ക്കരിക്കാനവര്‍ക്കറിയാം, ദുആ ചെയ്യാനും അവര്‍ക്കറിയാം. പക്ഷേ, അവര്‍ ആഇശ(റ)യുടെ സന്നിധിയില്‍വന്നു പരാതി പറഞ്ഞു. ആഇശബീവി(റ) പറഞ്ഞു: ”നിങ്ങള്‍ നബി(സ)യുടെ ഖബ്‌റിലേക്ക് നോക്കൂ. ആ ഖബ്‌റിനെ ആകാശത്തേക്കുള്ള ഒരു പഴുതാക്കുക, നിങ്ങള്‍ക്കും ആകാശത്തിനുമിടയില്‍ മറയില്ലാതിരിക്കാന്‍ വേണ്ടി.” റസൂല്‍(സ)യുടെ ഖബ്‌റിലൂടെ ആകാശത്തേക്ക് ഒരു കവാടം സൃഷ്ടിച്ച് പ്രാര്‍ത്ഥിക്കാനാണ് ആഇശ(റ) ആവശ്യപ്പെട്ടത്. ശാമിലുള്ള ബിലാല്‍(റ) റസൂല്‍(സ)യുടെ വഫാത്തിനു ശേഷം നബി(സ)യെ സ്വപ്നം കണ്ടു. നബി(സ) സ്വപ്നത്തില്‍ ചോദിക്കുന്നു: ബിലാലെ, എന്താണ് ഇങ്ങനെ അകന്ന് നില്‍ക്കുന്നത്? എന്നെ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് സമയമായില്ലേ? ഇതു കേട്ട ഉടനെ ബിലാല്‍(റ) ഞെട്ടി ഉണര്‍ന്നു. കാരണം ബിലാലിനറിയാം, കേവലം അടിമയായ താന്‍ ആര് കാരണമാണ് ഉയര്‍ന്നതെന്ന്. ബിലാല്‍(റ) ഞെട്ടിയുണര്‍ന്ന് നബി(സ)യുടെ ഖബ്‌റിന്റെ അടുത്തു വന്നു. ബിലാല്‍(റ) കരയാന്‍ തുടങ്ങി. അസ്വസ്ഥത കാരണം തന്റെ മുഖം ഖബ്‌റിന്‍മേല്‍ ഉരസാന്‍ തുടങ്ങി എന്നാണ് ചരിത്രം.
ഇങ്ങനെയാണ് സ്വഹാബത്ത് ചെയ്തത്. ഇന്ന് വഹാബികള്‍ ഭരിക്കുന്ന സഊദി അറേബ്യയില്‍ ചെന്ന് റസൂലിന്റെ ഖബ്‌റിനരികില്‍ ചെന്ന് കരഞ്ഞാലോ? ആ കരച്ചില്‍ നീളും. ശിര്‍ക്കും ബിദ്അത്തും ഒക്കെയാകും അത്. പക്ഷേ സ്വഹാബത്ത് ചെയ്തത് അങ്ങനെയല്ല. റസൂല്‍(സ) കൊണ്ടു വന്ന ചിന്താധാരകളെ അനുസരിക്കുക എന്നതല്ല നബി സ്‌നേഹം, അത് അതിന്റെ ഫലമായിട്ടുണ്ടാകേണ്ടതാണ്.
റസൂല്‍(സ)യെ കുറിച്ച് അല്ലാഹു പറയുന്നത് ‘നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമമായ മാതൃകയുണ്ട്’ എന്നാണ്. മാതൃക എന്നാല്‍ മോഡലാണ്. മോഡലിനെ നമ്മള്‍ അനുസരിക്കുക എന്നതിനേക്കാള്‍ അനുകരിക്കുകയാണ് ചെയ്യുക. അനുകരിക്കാന്‍ സാധിക്കണമെങ്കില്‍ നമ്മുടെ ഉള്ളില്‍ ഹീറോ ആകണം.
ഹീറോ ആകുമ്പോഴാണ് നമുക്ക് അനുകരിക്കാന്‍ പറ്റുക. കുട്ടികളോട് മുടി മൊട്ടയടിച്ചുവരാന്‍ പറഞ്ഞാല്‍ ആര് പറഞ്ഞാലും അവരെ കിട്ടില്ല. ഏതെങ്കിലും ഒരു സിനിമയില്‍ ആരെങ്കിലും മുടി മൊട്ടയടിച്ച് അഭിനയിച്ചാലോ, അയാള്‍ അഭിനയിക്കുമ്പോള്‍ മാത്രമേ ഒരുപക്ഷേ മൊട്ടയടിക്കുന്നുണ്ടാവുകയുള്ളൂ. പക്ഷേ ഇവര്‍ ജീവിതകാലം മുഴുവന്‍ വേണമെങ്കില്‍ മൊട്ടയടിച്ചു എന്നുവരും. കാരണം, അവന്റെ മനസ്സിലെ ഹീറോ വല്ല നടനോ നടിയോ ആണ്.
പണ്ടൊക്കെ തുണിയുടെ ഉള്ളില്‍ കൂടെ ട്രൗസര്‍ പുറത്തു കണ്ടാല്‍ കളിയാക്കുകയായിരുന്നു ചെയ്തിരുന്നത്. ‘നിന്റെ തുണിയുടെ ഉള്ളില്‍ കൂടെ ട്രൗസര്‍ പുറത്തുകാണുന്നു എന്ന് പറഞ്ഞ് നമ്മള്‍ തുണി താഴ്ത്തിയിടാന്‍ പറയും. ഇപ്പോള്‍ ‘എന്താ ട്രൗസര്‍ തുണിയുടെ ഉള്ളിലൂടെ കാണിക്കാത്തത്’ എന്നായിരിക്കും ചോദിക്കുക. കാരണം, ഏതോ സിനിമക്കാരന്‍ ട്രൗസറൊക്കെ പുറത്തേക്കിട്ട് സിനിമയില്‍ അഭിനയിച്ചു എന്നതാണ്.
അനുകരണം വഴി ഇങ്ങനെയൊക്കെ ചെയ്യുന്നു എന്നതിന്റെ അര്‍ത്ഥം അനുകരിക്കപ്പെടുന്നവര്‍ ഉള്ളില്‍ ഹീറോ ആകുന്നു എന്നതാണ്. എന്നാല്‍ നമ്മുടെ ഉള്ളില്‍ ഹീറോ ആകേണ്ടത് റസൂലാണ്. നമ്മുടെ ജീവിതത്തില്‍ എല്ലാ നിലക്കുമുള്ള മാതൃക, ലോകാവസാനം വരെ പെര്‍ഫക്ടായ, അന്യൂനമായ മാതൃക, അത് റസൂല്‍(സ) ആകണം.
അല്ലാഹുവിനോട് മാത്രം അടുത്താല്‍ മതിയായില്ല, റസൂലിനോടും അടുക്കുക. അല്ലാഹുവിനോടും റസൂലിനോടും അടുക്കാന്‍ ‘സ്വലാത്തു’ തന്നെയാണല്ലോ? അല്ലാഹുവിനോട് അടുക്കാന്‍ നിസ്‌കാരം എന്ന പേരിലുള്ള സ്വലാത്ത്. റസൂലിനോട് അടുക്കാന്‍ ‘സ്വല്ലല്ലാഹു അലാ മുഹമ്മദ്’ പോലെ ചൊല്ലുന്ന സ്വലാത്ത്.
‘അല്ലാഹുവും മാലാഖമാരും നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു. വിശ്വാസികളെ, നിങ്ങള്‍ അവിടുത്തെമേല്‍ സ്വലാത്തും സലാമും ചൊല്ലുക’ എന്ന് ഖുര്‍ആന്‍ പറയുന്നു. നബിദിനാഘോഷങ്ങളുടെ പ്രധാന സന്ദേശവും അതുതന്നെയാണ്. സ്വാലാത്ത് ചൊല്ലാന്‍ അല്ലാഹുവിന്റെ കല്‍പനയാണ്. എന്തു കൊണ്ട് മറ്റുള്ളവര്‍ക്കിടയില്‍ അതു നടക്കുന്നില്ല? അതിനു അവസരമുണ്ടാകാത്തതു തന്നെയാണ് നടക്കാതിരിക്കാനുള്ള കാരണം. അവസരമുണ്ടാക്കിയാലേ എന്തും നടക്കുകയുള്ളൂ, എത്ര ആഹ്വാനമുണ്ടായിട്ടും കാര്യമില്ല.
ഉദാഹരണത്തിന്, നിസ്‌കരിക്കുക എന്നു പറഞ്ഞാല്‍ നമ്മള്‍ നിസ്‌കരിക്കുകയൊന്നുമില്ല. എന്നാല്‍ അതിന് അഞ്ചു നേരം നിശ്ചയിച്ച് ഒരു ഓര്‍ഡറുണ്ടാക്കിത്തന്നാല്‍ നിസ്‌കാരം നടക്കും. നോമ്പു അനുഷ്ഠിക്കുക എന്നു പറഞ്ഞാലും അതു നടക്കുകയില്ല. റമളാന്‍ മാസം നിശ്ചയിച്ച് അതിനൊരു ഓര്‍ഡറുണ്ടാക്കി തന്നാല്‍ നടക്കും. അതുപോലെ സ്വലാത്തിനും ഒരു ഒക്കേഷനുണ്ടാകണം. നമ്മള്‍ ആഴ്ചതോറും സ്വലാത്ത് നടത്തുന്നതു കൊണ്ട് സ്വലാത്ത് നടക്കുന്നുണ്ട്.
പിന്നെ പേര് കേള്‍ക്കുമ്പോഴും സ്വലാത്ത് നടക്കും. പക്ഷേ, മുജാഹിദുകളും ജമാഅത്തുകാരും അങ്ങനെ ചെയ്യുന്നില്ല. മുജാഹിദിന്റെയോ ജമാഅത്തിന്റെയോ ഏതെങ്കിലും പള്ളിയില്‍ ചെന്ന് നോക്കിയാല്‍ അവര്‍ ‘അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്’എന്നൊക്കെ പറയുന്നുണ്ടാകും. ആരും സ്വലാത്ത് ചൊല്ലുന്നുണ്ടാകില്ല. ‘ഞങ്ങള്‍ പതുക്കെ ചൊല്ലുന്നുണ്ട്’ എന്നൊക്കെ അവര്‍ പറയും. ചൊല്ലുന്നുണ്ടെങ്കില്‍ എന്തിനാണ് മെല്ലെ ചൊല്ലുന്നത്? മനസ്സിലുള്ളത് ഉറക്കെ പറയാനല്ലേ തോന്നുക? ‘അങ്ങയെ കുറിച്ചുള്ള പ്രസ്താവനയെ നാം ഉയര്‍ത്തിയിരിക്കുന്നു’ എന്ന് അല്ലാഹു ഖുര്‍ആനില്‍ പറയുന്നു. റസൂലി(സ)ന്റെ നാമം അല്ലാഹു ഉറക്കെ പറയുന്നു. അപ്പോള്‍ ഉറക്കെ തന്നെയാണ് സ്വലാത്ത് ചൊല്ലേണ്ടത്; പതുക്കെയല്ല.
ഇതു ബിദ്അത്താണ് എന്നാണ് മറ്റൊരു വാദം. റസൂലി(സ)ന്റെ കാലഘട്ടത്തിലുണ്ടായിരുന്നോ? അബൂബകറി(റ)ന്റെയോ ഉമറി(റ)ന്റെയോ കാലത്തുണ്ടായിരുന്നോ എന്നൊക്കെ ചോദിക്കും. എന്നാല്‍ നമുക്ക് തിരിച്ചൊന്ന് പറഞ്ഞുനോക്കാം. നബി(സ) പറഞ്ഞതിന്റെ വാര്‍ഷികമാണല്ലോ നബിദിനമായി കൊണ്ടാടപ്പെടുന്നത്? എന്നാല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജനിച്ചതിന്റെ വാര്‍ഷികം കൊണ്ടാടലില്ലേ? ഇത്രാം വാര്‍ഷികം എന്ന പേരില്‍ ചങ്ങരംകുളത്തും വയനാട്ടിലുമൊക്കെ അവര്‍ വാര്‍ഷികം നടത്തിയില്ലേ? ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഹിറാനഗര്‍ എന്ന പേരില്‍ വാര്‍ഷികം നടത്തിയില്ലേ? എന്നാല്‍ റസൂല്‍(സ) ഇസ്‌ലാം പ്രബോധനം ചെയ്യാന്‍ തുടങ്ങിയതിന്റെ വാര്‍ഷികം നടത്തിയിരുന്നോ? ഇരുപത്തിമൂന്ന് വര്‍ഷം ജീവിച്ചിട്ടും തങ്ങള്‍ ഇസ്‌ലാമിക പ്രബോധനം തുടങ്ങിയതിന്റെ വാര്‍ഷികമാണ് ഈ കൊണ്ടാടുന്നതെന്ന് പറഞ്ഞ് ആഘോഷിച്ചിട്ടില്ലല്ലോ? അങ്ങനെ ആഘോഷിച്ചിട്ടുണ്ട് എന്നത് തെളിയിക്കപ്പെടാനാവുമോ? അങ്ങനെ തെളിയിക്കപ്പെടുന്നില്ലെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ വാര്‍ഷികമൊക്കെ കൊണ്ടാടുന്നത്? നബി(സ) ജനിച്ചതിന്റെ വാര്‍ഷികം കൊണ്ടാടാന്‍ പാടില്ലെന്നും സംഘടന ജനിച്ചതിന്റെ വാര്‍ഷികം കൊണ്ടാടാന്‍ പാടുണ്ടെന്നും പറയുന്നതിന്റെ അര്‍ത്ഥം സംഘടനയുടെ ജന്മം പ്രധാനമാണ്; നബി(സ)യുടെ ജന്മം പ്രധാനമല്ല എന്നതു തന്നെയണ്. നമുക്ക് നബി(സ)യുടെ ജനനമാണ് മറ്റുള്ളതിനേക്കാളൊക്കെ വലിയ പ്രധാനം. അതിനാല്‍ നാം നബിദിനം ആഘോഷിക്കുന്നു.
റസൂലിനെ ചിലര്‍ ഈ രീതിയില്‍ ചെറുതാക്കി കാണിക്കുന്നു എന്നത് സത്യമാണ്. ചിലര്‍ റസൂലിനെ സാധാരണ മനുഷ്യന്‍ എന്നു പറയുന്നു. റസൂലിനോട് സ്‌നേഹവും ബഹുമാനവുമുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സാധാരണ മനുഷ്യന്‍ എന്നു പറഞ്ഞ് നടക്കാന്‍ കഴിയുമോ? പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലേ എന്നാണ് അവരുടെ ചോദ്യം. ‘ഞാന്‍ നിങ്ങളെ പോലെ ഒരു മനുഷ്യനാണ്’ എന്ന് പറയാന്‍ പറഞ്ഞിട്ടില്ലേ എന്ന്. ശരിയാണ്; പക്ഷേ, അവര്‍ വേണ്ടപോലെ മനസ്സിലാക്കുന്നില്ല എന്നതാണ് പ്രശ്‌നം.
‘ഞാന്‍ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യനാണ്’ എന്നത് ഒരു മുഖവുരയാണ്. മറ്റൊരു കാര്യം പറയാനുള്ള മുഖവുരയാണ്; അല്ലെങ്കില്‍ അങ്ങനെ പറയുന്നത് തന്നെ വിവരക്കേടല്ലേ? ഞാനിവിടെ നിന്ന് ‘ഞാനൊരു മനുഷ്യനാണ്’ എന്ന് പറഞ്ഞാലോ? കണ്ടാല്‍ മനസ്സിലാകുന്നത് തന്നെയല്ലേ ഞാന്‍ ഒരു മനുഷ്യനാണെന്ന്. പിന്നെ എന്തിനാണ് അതു പറയേണ്ട ആവശ്യം? റസൂലി(സ)നെ കണ്ടാല്‍ തന്നെ മനുഷ്യനാണെന്നു മനസ്സിലാകുകയില്ലേ? പിന്നെന്തിനാണ് ഖുര്‍ആനില്‍ അങ്ങനെ പറയുന്നത്? അത് മറ്റൊരു കാര്യം പറയാനുള്ള മുഖവുരയാണ്; ഇന്‍ട്രൊഡക്ഷന്‍. കണ്‍ക്ലൂഷന്‍ മനസ്സിലാക്കാതെ ഇന്‍ട്രൊഡക്ഷനില്‍ തങ്ങാന്‍ പറ്റുമോ? കണ്‍ക്ലൂഷനില്‍ എത്തുന്നതിനു മുമ്പ് ഇന്‍ട്രൊഡക്ഷനില്‍ അവസാനിക്കുന്നത് ശരിയല്ല.
ഒരു സര്‍ക്കസുകാരന്‍ വന്ന് പറയുന്നു: ഇതു കേവലം ഒരു കടലാസ് മാത്രം. അയാള്‍ നേരത്തെ കാണിച്ചു തന്ന കടലാസായിരിക്കും പിന്നെ പത്തിന്റെയോ നൂറിന്റെയോ നോട്ടായി നമുക്ക് കാണിച്ചുതരുന്നത്. അപ്പോള്‍ കടലാസാണ് ഈ നോട്ടാക്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കണമെങ്കില്‍ ആദ്യം ഇത് കടലാസ് മാത്രമാണെന്ന് നമുക്ക് ബോധ്യമാകണമല്ലോ? ആ പണിയാണ് സര്‍ക്കസുകാരന്‍ ചെയ്യുന്നത്. അതുപോലെ ‘ഞാന്‍ നിങ്ങളെ പോലെയുള്ള മനുഷ്യനാണെന്ന്’ പറയാന്‍ അല്ലാഹു റസൂലി(സ)നോട് പറയുന്നു. മനുഷ്യനാണെന്ന് പറഞ്ഞ് അവിടെ നിര്‍ത്താനല്ല, ആ മനുഷ്യനാണ് ദിവ്യ വെളിപാട് നല്‍കപ്പെട്ടിരിക്കുന്നത് എന്ന് പറയാനാണ്. അല്ലെങ്കില്‍ അങ്ങനെ പറയേണ്ട ആവശ്യംതന്നെയില്ല.
ആദ്യഭാഗം മാത്രം ഉദ്ധരിച്ച് നബി(സ)യെ ചെറുതാക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് റസൂലി(സ)നോട് സ്‌നേഹമുണ്ടാവില്ല. റസൂലി(സ)നെ അനുസരിച്ചില്ലെങ്കില്‍ നരകത്തില്‍ പോകുമെന്ന പേടികൊണ്ടു മാത്രമാണ് അവര്‍ – ഉണ്ടെങ്കില്‍ തന്നെ – അനുസരിക്കുന്നത്. ഭയത്തില്‍ നിന്നുണ്ടാകുന്ന അനുസരണം മാത്രമാണ് അവരുടേത്. അല്ലാഹുവിന്റെ കല്‍പന കൊണ്ടുവരാന്‍ വേണ്ടി വന്ന ഒരാളാണ് റസൂല്‍. പടച്ചവന്റെ കല്‍പന നമുക്കറിയണമെങ്കില്‍ നബി(സ) പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും വേണം. ഈ അനുസരണം കൊണ്ട് സ്‌നേഹമൊന്നുമുണ്ടാകുകയില്ല.
അനുസരണം പലനിലക്കുമുണ്ടാകും. റോഡിലെ ട്രാഫിക് പോലീസ് കാണുമെന്ന് കരുതിയാണ് നമ്മള്‍ പോലീസിനെ അനുസരിക്കുന്നത്. അയാളോട് സ്‌നേഹമുണ്ടായിട്ടൊന്നുമല്ല. പോലീസിനെ അനുസരിച്ചിട്ടില്ലെങ്കിലുള്ള പ്രത്യാഘാതവും ഭയവുമാണ് കാരണം. അതല്ല വേണ്ടത്, മഹബ്ബത്ത് വേണം. കാരണം, അനുസരണം സ്‌നേഹമില്ലാതെയുമുണ്ടാകാം. റസൂല്‍ പറഞ്ഞത് മാതാപിതാക്കളെക്കാളും എല്ലാവരെക്കാളും എന്നോട് സ്‌നേഹമുണ്ടാകണമെന്നാണ്. അങ്ങനെ വരുമ്പോഴേ സ്‌നേഹമാകുകയുള്ളൂ.
റസൂലി(സ)നെ ഒരു ന്യൂനതകളുമില്ലാത്ത പെര്‍ഫക്ട് മാനായി കാണണം. നബി(സ)യെ അശ്‌റഫുല്‍ ഖല്‍ഖായി തന്നെ കാണണം. റസൂലി(സ)നെ പുകഴ്ത്തരുത് എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. മുഹമ്മദ് എന്നാല്‍ വാഴ്ത്തപ്പെടുന്നവന്‍, വാഴ്ത്തപ്പെടേണ്ടവന്‍ എന്നൊക്കെയാണല്ലോ അര്‍ത്ഥം? ഈ പേര് അല്ലാഹു അബ്ദുല്‍ മുത്വലിബിന് തോന്നിപ്പിച്ച് വിളിച്ചതാണ്. പൂര്‍വവേദങ്ങളിലും ഈ നാമം രേഖപ്പെടുത്തപ്പെട്ടതാണ്. അപ്പോള്‍ മുഹമ്മദ് നബി(സ)യെ വാഴ്ത്തരുത് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം വാഴ്ത്തപ്പെടേണ്ടവരെ വാഴ്ത്തരുത് എന്നാണല്ലോ? എത്ര വിരോധാഭാസമാണിത്? ഈസാ നബി(അ)യെ അദ്ദേഹത്തിന്റെ അനുയായികള്‍ വാഴ്ത്തിയപോലെ എന്നെ നിങ്ങള്‍ വാഴ്ത്തരുത് എന്ന് ഹദീസുണ്ട്. ഈസാ നബി(അ)യെ കൃസ്ത്യാനികള്‍ വാഴ്ത്തിയതു പോലെ വാഴ്ത്തരുത് എന്ന് പറഞ്ഞാല്‍ വാഴ്ത്തരുത് എന്നാണോ അര്‍ത്ഥം. ‘നിങ്ങള്‍ ആ തരം നോട്ടം നോക്കരുത്’ എന്ന് പറഞ്ഞാല്‍ നോക്കരുത് എന്നാണോ അര്‍ത്ഥം? ഈസാ നബി(അ)യെ ദൈവപുത്രന്‍ എന്ന് വാഴ്ത്തിയതു പോലെ വാഴ്ത്തരുത് എന്നാണ് ഹദീസില്‍ പറയുന്നത്. റസൂല്‍(സ) ദൈവപുത്രനാണെന്ന് നാമാരും പറയുന്നില്ല. ദൈവപുത്രന്‍ എന്നാല്‍ ദൈവം തന്നെയായിരിക്കും. ആനയുടെ കുട്ടി ആനയും പാമ്പിന്റെ കുട്ടി പാമ്പും തന്നെയാണല്ലോ? ‘എന്നെ സംബന്ധിച്ച് നിങ്ങള്‍ അല്ലാഹുവിന്റെ അടിമയാണെന്നും ദൂതരാണെന്നും പറയുക’ എന്നാണ് ഹദീസിന്റെ ശേഷഭാഗത്തുള്ളത്.
ഖുര്‍ആനില്‍ നബി(സ)യുടെ പദവി ഉയര്‍ന്നുനില്‍ക്കുന്ന രണ്ട് സന്ദര്‍ഭം പറയുന്ന സ്ഥലങ്ങളിലും ‘അബ്ദ്’ എന്ന വാക്ക് പ്രത്യേകം ഉപയോഗിച്ചതുകാണാം. ഒന്ന്, ഖുര്‍ആന്‍ നല്‍കിയതിനെ സംബന്ധിച്ച് പറഞ്ഞ സന്ദര്‍ഭത്തില്‍. മറ്റൊന്ന് ഇസ്‌റാഅ്-മിഅ്‌റാജിന്റെ സന്ദര്‍ഭം. ഇസ്‌റാഅ്-മിഅ്‌റാജ് എല്ലാ പ്രവാചകന്‍മാരുടെയും മുന്നില്‍ നിന്ന സന്ദര്‍ഭമാണ്. മാത്രവുമല്ല, അല്ലാഹുവിന്റെ സന്നിധിയില്‍ ചെല്ലാന്‍ ഭാഗ്യമുണ്ടായ സന്ദര്‍ഭവുമാണ്. സന്നിധിയില്‍ ചെല്ലുന്ന സമയത്ത്, സിദ്‌റത്തുല്‍ മുന്‍തഹയുടെ സ്ഥലത്തെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന ജിബ്‌രീല്‍(അ) നബിയോട് പറഞ്ഞു: ”ഇവിടെനിന്നങ്ങോട്ട് ഒരിഞ്ച് ഞാന്‍ പോന്നാല്‍ ഞാന്‍ കത്തിച്ചാമ്പലാകും.” വളരെ ശക്തനും സിംഹാസനത്തിന്റെ ഉടമസ്ഥനായ അല്ലാഹുവിന്റെ അടുക്കല്‍ വലിയ സ്ഥാനമുള്ളവനും അവിടെ (ഏവരാലും) അനുസരിക്കപ്പെടുന്നവനെന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ച ജിബ്‌രീല്‍(അ) യാത്ര നിശ്ചിത പരിധിയിലെത്തിയപ്പോഴാണ് ഇങ്ങനെ പറയുന്നത്. മാത്രമല്ല, ജിബ്‌രീല്‍ തുടര്‍ന്നു: ”ദഅ്‌നീ തഖദ്ദം യാ ഹബീബീ ലാ തഖഫ്/അബ്ശിര്‍ തുനാജീ റബ്ബക്കല്‍ ഖയ്യൂമ” (ഉമര്‍ ഖാസിയുടെ കവിത) ”എന്റെ ഹബീബേ, ഇനി എന്നെവിട്ട് നിര്‍ഭയനായി അങ്ങ് പോയ്‌കൊള്ളുക. അങ്ങയുടെ രക്ഷിതാവുമായി സംഭാഷണം നടത്തി തിരിച്ചുവരൂ.” ജിബ്‌രീലിന്റെ സ്ഥാനം അവസാനിച്ചിടത്ത് റസൂലി(സ)ന്റെ സ്ഥാനം ആരംഭിക്കുന്നു എന്നര്‍ത്ഥം.
അല്ലാഹുവിന്റെ ഒരു ജ്വാല മലമുകളില്‍ കണ്ട മൂസാ നബി(അ) മോഹാലസ്യപ്പെട്ട് വീണ സംഭവവും ഇസ്‌റാഉം താരതമ്യപ്പെടുത്തി ഇഖ്ബാല്‍ ഒരു കവിത പാടുന്നുണ്ട്: ”അല്ലാഹുവിന്റെ സ്വിഫത്തിന്റെ ഒരു ഫ്‌ളാഷ് കണ്ടതോടു കൂടി മൂസ മോഹാലസ്യപ്പെട്ട് വിണു പോയി. പക്ഷേ, അങ്ങ് അല്ലാഹുവിന്റെ സത്തയിലേക്ക് തന്നെ നോക്കി നില്‍ക്കുന്നു” അത്രയും ഉന്നതമായ പദവിയിലെത്തി ഭൂമിയിലേക്ക് ഇറങ്ങിവന്നു എന്നതാണ് ഏറ്റവും വലിയ അത്ഭുതം. ഒരു വിശ്വാസിയുടെ ഏറ്റവും പരമമായ ലക്ഷ്യം അല്ലാഹുവിന്റെ ലിഖാഅ് ആയിരിക്കും. സ്വര്‍ഗം കിട്ടിയാലും മതിയാവില്ല. ആ ലിഖാഅ് (ദര്‍ശനം) എന്ന അനുഭവം തനിക്ക് സാധ്യമായിട്ടും തിരുനബി(സ) ആലോചിച്ചത്; തന്റെ ഉമ്മത്തിനും എങ്ങനെ ഈ അനുഭവം നല്‍കാന്‍ കഴിയും എന്നതിനെ കുറിച്ചാണ്. ഉമ്മത്തിനു വേണ്ടി റസൂല്‍(സ) നിസ്‌കാരം കൊണ്ടുവന്നില്ലേ? അല്ലാഹുവിനോടുള്ള മുനാജാത്താണല്ലോ നിസ്‌കാരം. ”തീര്‍ച്ചയായും നിസ്‌കരിക്കുന്നവന്‍ തന്റെ രക്ഷിതാവിനോട് മുനാജാത്ത് ചെയ്യുന്നു. അവന്‍ മുനാജാത്ത് നടത്തുന്നതിനെ നോക്കിനില്‍ക്കട്ടെ” എന്നാണ് ഹദീസ്.
നാം ഗള്‍ഫില്‍ പോയി എന്തെങ്കിലും നല്ല വിഭവം അനുഭവിക്കുന്ന സമയത്ത് കൂടെ കുട്ടികളും ഭാര്യയുമൊക്കെ ഉണ്ടായെങ്കില്‍ എന്ന് നാം ആലോചിക്കും. അതുപോലെ അല്ലാഹുവിന്റെ അടുത്ത് ചെന്ന് സംഭാഷണം നടത്തി റസൂല്‍(സ) ആലോചിക്കുന്നത് തന്റെ ഉമ്മത്തിന് കൊണ്ടുപോകാന്‍ എന്താണ് ലഭിക്കുക എന്നാണ്. ആ മിഅ്‌റാജിന്റെ അനുഭവം നമുക്കും ഉണ്ടാകാന്‍ വേണ്ടിയാണ് റസൂല്‍(സ) നിസ്‌കാരം കൊണ്ടുവന്നത്. ഈ ഉമ്മത്തിനെ ആലോചിച്ച് ഭൂമിയിലേക്ക് ഇറങ്ങിവരികയാണ് നബി(സ). അതും തന്നെ കഷ്ടപ്പെടുത്തിയ നാട്ടിലേക്ക്. നബി(സ)മദീനയിലേക്ക് ഹിജ്‌റ പോകുന്നതിന്റെ മുമ്പാണല്ലോ ഈ സംഭവം. അധ്യാത്മകതയുടെ ഉച്ചിയിലെത്തിയിട്ടും തിരുനബി(സ) ഭൂമിയിലേക്ക് തിരിഞ്ഞുനോക്കി എന്നര്‍ത്ഥം. തന്റെ സമുദായത്തെക്കുറിച്ചും സാമൂഹിക നന്മയെ കുറിച്ചും അവിടെ വച്ച് തിരുനബി(സ) ആലോചിക്കുന്നു.
കേവലം അധ്യാത്മക വ്യക്തിത്വമല്ല റസൂല്‍(സ). അധ്യാത്മികതയില്‍ ഉയരാന്‍ കഴിയുന്നിടത്തോളം ഉയരുമ്പോഴും സമൂഹത്തെ നോക്കിക്കണ്ട വ്യക്തിത്വമാണ്. വലിയ ചിന്തകന്മാര്‍ പലരുമുണ്ട്. പക്ഷേ, അവരൊക്കെ തങ്ങളുടെ മേഖലയില്‍ ഒതുങ്ങിക്കൂടുന്നവരായിരിക്കും. അതോടൊപ്പം തന്നെ താന്‍ പ്രബോധനം നടത്തിയ കാര്യങ്ങളൊക്കെയും ജീവിതത്തില്‍ പകര്‍ത്തിയവരാണ് റസൂല്‍(സ). വലിയ പുസ്തകങ്ങളെഴുതിയ പ്രഗത്ഭരായ ഫിലോസഫര്‍മാരുണ്ടാകും. പക്ഷേ, അവരുടെ ജീവിതം അതനുസരിച്ചാകുകയുമില്ല. പറയുന്ന കാര്യം ജീവിതത്തില്‍ പകര്‍ത്തലാണ് പ്രധാനം. It is easiest to produce ten volumes of philosophical writing than to put one principle into practice. ദശക്കണക്കിന് ഫിലോസഫി ഗ്രന്ഥങ്ങളെഴുതാന്‍ എളുപ്പമാണ്, പക്ഷേ, ഒരു പ്രിന്‍സിപ്ള്‍ ജീവിതത്തില്‍ പ്രയോഗവത്ക്കരിക്കലാണ് ബുദ്ധിമുട്ട്. സ്വുബ്ഹിക്ക് നേരത്തെ എണീക്കുന്നതിനെക്കുറിച്ച് 500 പേജുള്ള പുസ്തകങ്ങളെഴുതാം. പക്ഷേ, എണീക്കലാണ് ബുദ്ധിമുട്ട്. ലോകത്ത് വലിയ ചിന്തകള്‍ സൃഷ്ടിച്ച കാറല്‍മാക്‌സ് തന്റെ ആശയങ്ങള്‍ക്ക് അനുകൂലമല്ലാതെ ജീവിച്ചപ്പോള്‍ അദ്ദേഹത്തോട് അതുസംബന്ധിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഞാന്‍ മാര്‍ക്‌സ് ആകുന്നു. നിങ്ങളുടെ അത്ര മാര്‍ക്‌സിസ്റ്റ് ആകുന്നില്ല. എന്നാല്‍ നബി(സ)യുടെ ജീവിതം അങ്ങനെയായിരുന്നില്ല.
നബി(സ) പറഞ്ഞ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ഏതൊരാള്‍ക്കും അവിടുത്തോട് സ്‌നേഹം വരും. പക്ഷേ, നമ്മള്‍ അതുപോലെ ചെയ്യുന്നില്ലെന്ന് മാത്രം. നമുക്ക് ആരോഗ്യം വളരെ പ്രധാനമാണ്. അതിനുള്ള പണി ആരും എടുക്കുന്നില്ലെന്നേയുള്ളൂ. സ്വുബ്ഹിക്ക് എണീറ്റ് പള്ളിയില്‍ പോകാനും പളളിയിലേക്കുള്ള ഓരോ കാലടിക്കുമനുസരിച്ച് അല്ലാഹു പ്രതിഫലം രേഖപ്പെടുത്തിവക്കുമെന്നും നബി(സ) പറഞ്ഞു. പക്ഷേ, നമ്മള്‍ അതു ഗൗനിച്ചില്ല. ഒന്നുകില്‍ എണീക്കാതെ അവിടെ കിടക്കും. അല്ലെങ്കില്‍ എണീറ്റ് വീട്ടില്‍നിന്ന് തന്നെ നിസ്‌കരിച്ച് കിടക്കും. നമ്മള്‍ പള്ളിയിലേക്കു നടന്നു പോകുന്നില്ല. പിന്നെ കാലിന് വേദന വരുമ്പോള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നതോ രാവിലെ എണീറ്റ് നടക്കാനും.
റസൂല്‍(സ) പറഞ്ഞതുപോലെ ജീവിച്ചാല്‍ രണ്ടു ലോകത്തും ഹസനത്ത് കിട്ടും. റസൂലി(സ)ന്റെ സ്വഹാബാക്കളെ ചികിത്സിക്കാന്‍ റോമിലെ രാജാവ് ഒരു വൈദ്യനെ മദീനയിലേക്ക് അയച്ചിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം വൈദ്യന്‍ റസൂലി(സ)ന്റെ അടുക്കല്‍ വന്ന് ഞാന്‍ പോവുകയാണെന്ന് പറഞ്ഞു. റസൂല്‍(സ) കാരണമന്വേഷിച്ചു. വൈദ്യന്‍ പറഞ്ഞു: ”രണ്ടു വര്‍ഷമായി ഇവിടെ ഒരു അസുഖവും ഞാന്‍ കണ്ടിട്ടില്ല. ”റസൂല്‍(സ) പറഞ്ഞത് പ്രകാരം ജീവിച്ചതു കൊണ്ടാണ് സ്വഹാബാക്കള്‍ക്ക് ഈ നേട്ടം കൈവരിക്കാനായത്.
റസൂല്‍(സ) വയറിന്റ മൂന്നിലൊരുഭാഗം ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. നാം വയറ് നിറച്ച് കഴിക്കുന്നു. അതോടെ നമ്മള്‍ രോഗികളാകാന്‍ തുടങ്ങി. ‘അല്‍ ഖല്‍ബുസ്സലീമു ഫില്‍ ജിസ്മിസ്സലീം’-ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സുമുണ്ടാവുക എന്ന് റസൂല്‍(സ) പഠിപ്പിച്ചു. ജീവിതത്തില്‍ യന്ത്രങ്ങള്‍ കടന്നുവരാന്‍ തുടങ്ങിയതോടെ നമ്മള്‍ അലസരായി.
അധ്വാനിക്കാന്‍ നബി(സ) പറഞ്ഞു. ”അല്‍ മഅ്ദത്തു ബൈത്തു കുല്ലി ദാഅ്, വല്‍ ഹിംയത്തു റഅ്‌സു കല്ലി ശിഫാഅ്”-വയറാണ് സകല അസുഖത്തിന്റെയും വീട്, പഥ്യമാണ് എല്ലാ രോഗശമനത്തിന്റെയും അടിസ്ഥാനം. ആണുങ്ങളേക്കാള്‍ സ്ത്രീകള്‍ക്ക് രോഗം വരാന്‍ തുടങ്ങി. കാരണം അരക്കല്‍ നിന്നു. അരച്ചാല്‍ അര നന്നാവും. രണ്ടരയും നന്നാവും. അരക്കുന്ന അരയും നന്നാവും. അവനവന്റെ അരയും നന്നാവും. ഇങ്ങനെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വേണ്ട അധ്യാപനങ്ങള്‍ നമുക്ക് തിരുനബി(സ)യില്‍ കാണാന്‍ കഴിയും. നമ്മുടെ ജീവിതത്തിന് വഴിയേകുന്ന ആ റസൂലിനോട് ആര്‍ക്കും അനുരാഗമുണ്ടാകും. അതാണ് മൗലിദിലൂടെയും മറ്റും നാം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.