സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 27 December 2015

അശ്ലീലത്തോടുള്ള അഭിനിവേശം


നിസ്കാരവും നോമ്പുമെല്ലാം കൃത്യമായി നിര്‍വ്വഹിക്കുന്നുവെങ്കിലും അശ്ലീല ചിത്രങ്ങളോടും അന്യസ്ത്രീകളെ നോക്കാനുമെല്ലാം വല്ലാത്ത താല്‍പര്യമാണ്. ഇതില്‍നിന്ന് ഒഴിവാവാന്‍ എന്ത് ചെയ്യണം?

ഇത്തരം കാര്യങ്ങള്‍ ചോദിക്കാനുള്ള ധൈര്യം കാണിക്കുക വഴി ഈ സൈറ്റിലുള്ള താങ്കളുടെ വിശ്വാസത്തിനു ആദ്യമേ നന്ദി അറിയിക്കട്ടെ.
ചെയ്യുന്നത് തെറ്റാണെന്ന തിരിച്ചറിവാണ് ആദ്യമായി ഉണ്ടാവേണ്ടത്. അത് ചോദ്യകര്‍ത്താവിനുള്ളതു കൊണ്ടാണല്ലോ ഇങ്ങനെ ഒരു ചോദ്യം തന്നെ ഉന്നയിക്കുന്നത്. അല്ലാഹു എല്ലാം കാണുന്നവനും അറിയുന്നവനുമാണെന്നും താന്‍ രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്‍ വരെ അവന്‍ അറിയുന്നുവെന്നു നാം വിശ്വസിക്കുന്നു. നിങ്ങള്‍ അന്യസ്ത്രീയെ നോക്കുമ്പോഴും അശ്ലീല ചിത്രങ്ങള്‍ കാണുമ്പോഴും നിങ്ങളെ പടച്ചു പരിപാലക്കുന്ന അല്ലാഹു നിങ്ങള്‍ ചെയ്യുന്ന ഈ തെറ്റുകള്‍ കാണുകയും അറിയുകയും അതില്‍ നിങ്ങളോട് ദേശ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്ന ബോധം എപ്പോഴുമുണ്ടാവണം. നമ്മുടെ ആഗ്രഹങ്ങളും താല്പര്യങ്ങളും അല്ലാഹുവിന്‍റെ റസൂല്(സ) പഠിപ്പിച്ചു തന്ന അധ്യാപനങ്ങളോട് യോജിക്കുമ്പോഴാണ് നമ്മുടെ വിശ്വാസം പൂര്‍ണമാവുന്നത്.
തെറ്റുകള്‍ സംഭവിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്ന് എത്രയും വേഗം പശ്ചാതപിച്ചു മടങ്ങണം. നിബന്ധനകളൊത്ത തൌബ ചെയ്യുമ്പോള്‍ അല്ലാഹു അതു പൊറുത്തു തരുന്നു. അങ്ങനെ നമ്മുടെ ഹൃദയം ശുദ്ധീകൃതമാകുകയും നന്മയിലേക്ക് വ്യഗ്രത കാണിക്കുകയും ചെയ്യും. തൌബ ചെയ്യാത്തിടത്തോളം ഹൃദയം കടുത്തു പോകുകയും കൂടുതല്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്യാന് പ്രേരണയുണ്ടാവുകയും ചെയ്യും. തെറ്റുകള്‍ക്ക് അല്ലാഹു ഇഹത്തിലും പരത്തിലും ശിക്ഷ നല്കാം. ഇഹത്തില് നല്കുന്ന ശിക്ഷകളില് പെട്ടതാണ് വീണ്ടും അതേ തെറ്റു ആവര്‌‍ത്തിക്കാനുള്ള മനോഭാവമുണ്ടാവുക എന്നത്. തൌബ ചെയ്തു മടങ്ങുന്നതോടെ ആ സാധ്യതയില്ലാതെയായിത്തീരുന്നു.
തൌബയുടെ നിബന്ധനകളില്‍ പെട്ടതാണ് ചെയ്ത പോയതില്‍ ആത്മാര്‍ത്ഥമായി അതിയായി ഖേദിക്കല്‍. അതുപോലെ തന്നെ ഇനിമുതല്‍ ഇത്തരം തെറ്റുകള്‍ എന്നില്‍ നിന്നുണ്ടാവില്ലെന്ന ദൃഢനിശ്ചയവും. ചെയ്തു പോയ തെറ്റില് നിന്ന് പൂര്‍ണ്ണമായും മാറി നില്ക്കണമെന്ന് പറയേണ്ടതില്ലല്ലോ.
തെറ്റില്‍ നിന്ന് മാറിനില്‍ക്കുന്നതില്‍ പെട്ടതാണ് തെറ്റു ചെയ്യാനുള്ള സാഹചര്യങ്ങളില് നിന്നു മാറി നിലക്കലും. അന്യസ്ത്രീകളെ നോക്കി രസിക്കുന്നവരോ അല്ലെങ്കില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നവരോ ആയ കൂട്ടുകാരൊത്തുള്ള സഹവാസം ഒഴിവാക്കുക. അന്യസ്ത്രീകളെ കാണാന്‍ സാധ്യതയുള്ള മേഖലകളില്‍നിന്ന് പരമാവധി മാറിനില്‍ക്കുക. കൈവശമുള്ള അശ്ലീല ചിത്രങ്ങളുള്ള സിഡികള്‍ പോലോത്തവ നശിപ്പിച്ചു കളയുക, കംപ്യൂട്ടറിലും ഫോണിലും മെമറി കാഡുകളിലുമുള്ള അത്തരം ഫയലുകള്‍ പൂര്‍ണ്ണമായും മായ്ച്ചുകളയുക, ഇത്തരം സൈറ്റുകള്‍ ലഭ്യമാക്കാന്‍ സഹായക്കുന്ന സോഫ്റ്റവേറുകളുണ്ടെങ്കില്‍ അവ നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് അണ്‍ഇസ്റ്റാള്‍ ചെയ്യുകയും അതിന്‍റെ ഇന്സ്റ്റാളേഷ്ന് ഫയലുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യുക, അത്തരം ചാനലുകള്‍ക്കായി ഘടപ്പിച്ചിട്ടുള്ള ഡിഷുകളും അനുബന്ധങ്ങളും നശിപ്പിച്ചു കളയുക, അത്തരം ചാനലുകളുടെ സബ്ക്രിപ്ഷന്‍ റദ്ദാക്കുക. ടിവിയുടെ ചാനല്‍ ലിസ്റ്റുകളില്‍ നിന്നും അത് എടുത്തു കളയുക തുടങ്ങിയവയെല്ലാം സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിന്‍റ ഭാഗങ്ങളാണ്.
ഒഴിവ് വേളകളില് എപ്പോഴും ദീനുമായ ബന്ധപ്പെട്ട പ്രവൃത്തികളില് ഏര്‍പ്പെടുക. ദിക്റുകളും സ്വലാതുകളും പതിവാക്കുക, നല്ല പുസ്തകങ്ങള്‍ വായിക്കുക, തഖ്‍വ വര്‍ദ്ധിപ്പിക്കുന്ന പ്രസംഗങ്ങള്‍ ശ്രവിക്കുക എന്നിവ ചീത്തയിലേക്ക് ശ്രദ്ധ തിരിയാതിരിക്കാന്‍ സഹായിക്കും.
നിസ്കാരം ഭയഭക്തിയോടെ അഞ്ചു നേരവും ജമാഅതായി നിസ്കരിച്ചാല് നമ്മെ നിഷിദ്ധങ്ങളില്‍ നിന്നും നീചങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തും. പ്രത്യേകിച്ച് അസര്‍ നിസ്കാരം ജമാഅതായി നിസ്കരിക്കാന്‍ ശ്രദ്ധിക്കണം. പള്ളിയില്‍യില്‍ത്തന്നെ പൂര്‍ണ്ണമായ വുളുവോടു കൂടിയായിരിക്കണം നിസ്കാരം.
നിസ്കാര ശേഷവും സുജൂദിലും മറ്റു ദുആക്കു ഉത്തരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളിലുമെല്ലാം ഈ ദുശ്ശീലത്തില്‍ നിന്നു മോചനം ലഭിക്കാന്‍ ദുആ ചെയ്തു കൊണ്ടിരിക്കണം. രാവിലെയും വൈകുന്നേരങ്ങളിലും മറ്റു സന്ദര്‍ഭങ്ങളിലും പ്രത്യേകം സുന്നത്തായ ദിക്റുകള്‍ പരമാവധി പ്രാവര്‍ത്തികമാക്കുക. താഴെ കൊടുത്ത ദുആകള്‍ പ്രത്യേകം പതിവാക്കുക.

اللّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وُحُسْنِ عِبَادَتِكَ

(അല്ലാവഹുവേ, നിന്നെ സ്മരിക്കാനും നിനക്കും നന്ദി ചെയ്യാനും നല്ലരീതിയില്‍ നിനക്ക് ആരാധാന നിര്‍വഹിക്കാനും നീ എന്നെ സഹായക്കണേ.)

اللهم إنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى

(അല്ലാഹുവേ, നിന്നോട് ഞാന്‍ സന്മാര്‍ഗവും തഖ്‍വയും പാതിവൃത്യവും ഐശ്വര്യവും ചോദിക്കുന്നു.)

رَبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ ، وَأَعُوذُ بِكَ رَبِّ أَنْ يَحْضُرُونَ.

(നാഥാ പിശാചുക്കളുടെ ദുര്‍ബോധനത്തില് നിന്നു നിന്നോട് കാവലിനെ ചോദിക്കുന്നു. നാഥാ അവര്‍ എന്‍റെയടുത്ത് സന്നിഹിതരാവുന്നതിലും നിന്നോട് കാവല്‍ തേടുന്നു.)

اللهم حَبِّبْ إلَىَّ اْلإِيمَانَ وَزَيِّنْهُ فِي قَلْبِي ، وَكَرِّهْ إلَىَّ الْكُفْرِ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنِي مِنَ الرَّاشِدِينَ

(അല്ലാഹുവേ, എനിക്ക് ഈമാനിനെ ഇഷ്ടപ്പെടുത്തേണമേ, അതിനെ എന്‍റെ ഹൃദയത്തില് അലങ്കരിക്കുകയും ചെയ്യേണമേ. എനിക്കു സത്യനിഷേധത്തോടും തെമ്മാടിത്തങ്ങളോടും തെറ്റുകളോടും വെറുപ്പു തോന്നിപ്പിക്കേണമേ. എന്നെ തന്‍റേടമുള്ളവരില്‍ ഉള്‍പ്പെടുത്തേണമേ.)

رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً اِنَّكَ أَنْتَ الْوَهَّابُ

(ഞങ്ങളുടെ നാഥാ, ഞങ്ങളെ സന്മാര്ഗികളാക്കിയതിനു ശേഷം, ഞങ്ങളുടെ ഹൃദയങ്ങളെ പിഴപ്പിച്ചു കളയരുത്. ഞങ്ങള്ക്ക് നിന്‍റെയടുത്തുള്ള കാരുണ്യം ഔദാര്യമായി നല്കേണമേ. തീര്ച്ചയായും നീ വലിയ ഉദാരന്‍ തന്നെയല്ലോ.)
اللهم أَغْنِنِي بِحَلَالِكَ عَنْ حَرَامِكَ ، وَبِطَاعَتِكَ عَنِ مَعْصِيَتِكَ ، وَبِفَضْلِكَ عَمَّنْ سِوَاكَ

(അല്ലാഹുവേ നീ എന്നെ നീ നിഷിദ്ധമാക്കിയ കാര്യങ്ങള്‍ക്ക് പകരം നീ അനുവദിച്ച കാര്യങ്ങള്‍ കൊണ്ടും . നിന്നോടുള്ള അനുസരണക്കേടിനു പകരം നിന്നെ വഴിപ്പെട്ടുകൊണ്ടും നീയല്ലാത്തവരില് നിന്നെ നിന്‍റെ ഔദാര്യം കൊണ്ടും നീ എന്നെ ഐശ്വര്യവാനാക്കണേ).
അര്‍ഥം മനസ്സിലാക്കി ഖുര്‍ആന്‍ പാരായണം ചെയ്യുക, അമിതമായ ഭക്ഷണം ഉപേക്ഷിക്കുക (വയറിന്‍റെ മൂന്നിലൊന്നു മാത്രമേ കഴിക്കാവൂ), സജ്ജനങ്ങളുമായി സഹവസിക്കുക, രാത്രിയുടെ അര്‍ദ്ധപാതിയില് തഹജ്ജുദ് നിസ്കരിക്കുക, സുബ്ഹിക്കു തൊട്ടു മുന്പ് അല്ലാഹുവിനോട് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുക തുടങ്ങിയവയിലൂടെ ഹൃദയ വിശുദ്ധ നേടാനാവുമെന്ന് സൈനുദ്ദീന്‍ മഖ്ദൂം തങ്ങള്‍ അദ്കിയയില് പറയുന്നുണ്ട്.
നാം പെരുമാറുന്ന പരിസരവും വസ്ത്രങ്ങളും വാഹനങ്ങളും എപ്പോഴും വെടിപ്പാക്കി വെക്കുക. ബാഹ്യശുദ്ധി ആന്തരിക ശുദ്ധിയെ സഹായിക്കും. എപ്പോഴും വുളൂ എടുക്കുന്നതും അതിനു സഹായിക്കും. അവിടങ്ങളിലൊന്നും മലീമസമായ ചിത്രങ്ങളോ അനുവദനീയമല്ലാത്ത ഗാനങ്ങളോ സിനിമകളോ ഒന്നുമുണ്ടാവരുത്. അവ മലക്കുകളുടെ സാന്നിധ്യത്തിനു വിലങ്ങു നില്ക്കും. അപ്പോള്‍ നിങ്ങള്‍ പിശാചിന്‍റെ പിടിയിലമരും.
മരണം ഏതു സമയത്തും നമ്മെ പിടികൂടുമെന്ന് ബോധ്യം ഊട്ടിയുറപ്പിക്കുക. തന്‍റെ അതേ പ്രായത്തിലുള്ളവരും അവരേക്കാള്‍ ചെറിയവരും പെട്ടെന്നു മരണത്തിനു കീഴ്പ്പെട്ട സംഭവങ്ങള്‍ ഓര്‍ക്കുക. അശ്ലീലങ്ങളിലേക്ക് മനസ്സു നീങ്ങുന്പോള്‍, മരണം ഈ സന്ദര്‍ഭത്തിലും എന്നെ ത്തേടിയെത്താമെന്നുമുള്ള ബോധം എപ്പോഴും പുതുക്കികൊണ്ടിരിക്കുക.
അല്ലാഹുവിനെയും അവന്‍റെ നിരീക്ഷണത്തെയും സിക്ഷയേയും മരണത്തെയും എല്ലാം ഓര്‍മ്മിപ്പിക്കുന്ന ഉദ്ധരണികളോ ചിത്രങ്ങളോ ശ്രദ്ധയില് പ്പെടുന്ന സ്ഥലങ്ങളില് സ്ഥാപിക്കുക. അവ കാണുന്പോള്‍ നമ്മെ അശ്രദ്ധയില് നിന്നുണര്‍ത്താന് സഹായിക്കും.
വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്നു വിവാഹം കഴിക്കുക. വിവാഹിതനാണെങ്കില് ഭാര്യയുമായി കൂടുതല് സമയം സഹവസിക്കുക. ഇബാദതുകള്ക്കും, അത്യാവശ്യങ്ങള്ക്കുമൊഴികെ ഒരിക്കലും ഏകാന്തനായി കഴിഞ്ഞു കൂടരുത്. ഒന്നുകില് കുടുംബത്തോടൊപ്പമോ അല്ലെങ്കില് സജ്ജനങ്ങളോടൊപ്പമോ കഴിയണം.
തൌബ ചെയ്ത്, ഇനി ഒരിക്കലും തെറ്റിലേക്കില്ല എന്നു ദൃഢ നിശ്ചയം എടുത്തതിനു ശേഷവും ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ തെറ്റുകളിലേക്ക് വീണ്ടും വഴുതിപ്പോയാല്‍, എന്തായാലും പറ്റിപ്പോയല്ലോ എന്നു പറഞ്ഞു ആ തെറ്റു തുടര്‍ന്നു പോകരുത്. അല്ലെങ്കില് കുറച്ച് ആസ്വദിച്ച് ആര്‍മാദിച്ചിട്ടു നിര്‍ത്താമെന്നു വെക്കരുത്. ഉടനെത്തന്നെ അതില്‍ നിന്നു വിട്ടു നില്‍ക്കുകയും തൌബ ചെയ്യുകയും ഇനിയങ്ങോട്ടില്ലെന്ന പ്രതിജ്ഞ പുതുക്കുകയും ചെയ്യണം.
ആത്മാര്‍ത്ഥമായ ശ്രമങ്ങളുണ്ടെങ്കില് അല്ലാഹു അതിനുള്ള വഴി കാണിച്ചു തരിക തന്നെ ചെയ്യും. അതിനവന്‍ തൗഫീഖ് നല്‍കട്ടെ.