'ആരെങ്കിലും നിന്നു കൊണ്ട് വെള്ളം കുടിച്ചാല്‍ മരുന്നില്ലാത്ത രോഗങ്ങളിലൂടെ അള്ളാഹു അവനെ പരീക്ഷിക്കും.' നബി(സ) തിരുമേനിയുടെ ഏറെ ശ്രദ്ധേയമായ ഒരു വചനമാണിത്. പുതിയ കാലത്ത് ഈ തിരുവാക്യത്തിന്റെ പൊരുളും പ്രസക്തിയും ആരെയും ബോധ്യപ്പെടുത്തെണ്ടതില്ല.
രോഗങ്ങളും ചികിത്സാ സംവിധാനങ്ങളും മത്സരിച്ചു വളരുന്ന കാലമാണിത്. മനുഷ്യന്റെ ബൌദ്ധികവികാസത്തിനും അന്വേഷണത്വരക്കും അനുഗനമായ അതിന്റെ ബഹുമുഖ നേട്ടങ്ങള്‍ക്കും അതിരുകളില്ല. പക്ഷെ, എന്നിട്ടും രോഗങ്ങള്‍ക്ക് മുന്നില്‍ ആധുനിക മനുഷ്യന് പതറുന്നത് പുതുമയല്ല.
വിശ്വാസികള്‍ ഏറെ ഗൌരവത്തോടെ വിലയിരുത്തേണ്ടതാണിത്. പുതിയ രോഗങ്ങളും പ്രതിവിധികള്‍ കണ്ടെത്താനാകാത്ത സാഹചര്യങ്ങളും ആത്മീയമായി വിശകലനം ചെയ്യപ്പെടേണമെന്നു ഉദ്ധൃതവചനം ഓര്‍മപ്പെടുത്തുന്നുണ്ട് .
പനികള്‍ തന്നെ എത്ര തരമാണ്. കാന്‍സറിന്റെ കാര്യം ആലോചിച്ചുനോക്കൂ. ആദ്യഘട്ടങ്ങളിലൊന്നും അസ്വസ്ഥപ്പെടുത്താതെ, അലസോരപ്പെടുത്താതെ ഇക്കിളിപ്പെടുത്തുന്ന ഈ രോഗം തിരിച്ചറിയപ്പെടുമ്പോഴേക്കും അനിയന്ത്രിതമാവുകയാണ്. അതോടൊപ്പം രൌദ്രവും അസഹാനീയവുമാവുകയും ചെയ്യുന്നു. പിന്നെ ഒരു കാര്ന്നുതിന്നലാണ്. ഈ ഗുരുതര നോവിന്റെയും പൊറുതികേടിന്റെയും പാരമ്യതയിലാണ് മരണം.
സാമുദായിക കണക്കെടുത്താല്‍ മുസ്ലിംകള്ക്കിടയിലാണ് ഇത്തരം രോഗങ്ങള്‍ ആനുപാതികമായി കൂടുതല്‍ കാണപ്പെടുന്നത്. ഓരോന്നിനും പ്രത്യക്ഷവും പരോക്ഷവുമായ കാരണങ്ങളുണ്ടാവം. പ്രത്യക്ഷ കാരണങ്ങളാണ് പെട്ടെന്ന് കണ്ടെത്തപ്പെടുക. പരോക്ഷനിമിത്തങ്ങള് അത്രവേഗം എല്ലാവര്ക്കും ബോധ്യപ്പെട്ടെന്ന് വരില്ല.
എന്നാല്‍, ശരീഅത്തിന്റെ ചിട്ടകള്‍ നമ്മുടെ ദൃഷ്ടിയില് എത്ര ചെറുതാണെങ്കിലും ലംഘിക്കപ്പെടുന്നത് ഏറെ ഗൌരവതരമാണ്. പ്രവാചകചര്യകള് യഥാര്‍ത്ഥത്തില്‍ സ്രഷ്ടാവിന്റെ നിര്‍ദേശങ്ങളാണല്ലോ. അവയെ അവഗണിക്കല്‍ സത്യത്തില്‍ അല്ലാഹുവിന്റെ കല്പനകളെ അവമതിക്കല്‍ തന്നെയാണ്. ഈ രീതിയിലാണ് ഓരോ സുന്നത്തിനെയും നാം വിശ്വാസികള്‍ കാണേണ്ടത്.
രോഗങ്ങളും പ്രയാസങ്ങളും പരീക്ഷണങ്ങളാണ്. വിശ്വാസത്തിന്റെ തീവ്രതെയെ അല്ല്ലാഹു ഈ രീതിയില്‍ പരീക്ഷിക്കും.. പക്ഷെ പാപങ്ങള്‍ കാരണം നാം പരീക്ഷിക്കപ്പെടരുത്. അറിഞ്ഞുള്ള കാരണങ്ങള്‍ അതിനു വേണ്ടി നാം ഉണ്ടാക്കുകയുമരുത്. വിധിക്കുന്നവനും വിധി നടപ്പിലാക്കുന്നവനും അല്ലാഹുവാണ്. അവന് നമ്മെ കാത്തുരക്ഷിക്കട്ടെ.