സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 8 June 2015

തൗഹീദ് വിഭജനം


തൗഹീദുൽ ഉലൂഹിയത്ത്, തൗഹീദുർറുബൂബിയ്യത്ത് എന്നിങ്ങനെ ആദ്യമായി തൗഹീദിനെ രണ്ടായി വിഭജിച്ചത് ഇബ്നു തൈമിയ്യയാണ്.ഇബ്നുതൈമിയ്യയ്ക്ക് മുമ്പുള്ള ഒരാൾക്കും ഇങ്ങനെ ഒരു വിഭജനം അറിയില്ല. ഇസ്തിഗാസയുടെയും തവസ്സുലിന്റെയും പേരില് ലോക മുസ്ലിംകളെ മുശ്രിക്കാക്കാൻ വേണ്ടി ഇബ്നു തൈമിയ്യ കണ്ടെത്തിയ തന്ത്രമായിരുന്നു അത്. അതിന്റെ ചുരുക്കം ഇതാണ്.
   അറേബ്യൻ മുശ്രിക്കുകൾ തൗഹീദുർറുബൂബിയ്യത്ത് ഉള്ളവരായിരുന്നു. അഥവാ റബ്ബ് അല്ലാഹു മാത്രമാണെന്ന് അവർ വിശ്വസിച്ചിരുന്നു. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരാണെന്ന് അറേബ്യൻ മുശ്രിക്കുകളോട് ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ മറുവടി പറയും എന്നർത്ഥം വരുന്ന ആയത്തുകൾ ഇതിന്ന് രേഖയായി അദ്ദേഹം എടുത്തുവേക്കുന്നു. പിന്നെ അവര്ക്ക് പറ്റിയ അബദ്ദം അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നാ തൗഹീദുൽ ഉലൂഹിയത്ത് ഇല്ലാതെ പോയതാണ്. അതുപോലെ മഹാന്മാരോട് സഹായം തേടുന്ന സുന്നികളും അല്ലാഹുവേ മാത്രം റബ്ബായി അംഗീകരിക്കുന്നു. എന്നാൽ അതോടപ്പം മഹാന്മാരെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു. അപ്പോൾ ആരാധനയാകുന്ന പ്രാർത്ഥന അല്ലാഹുവോട് മാത്രമേ പറ്റൂ എന്നാ തൗഹീദുൽ ഉലൂഹിയത്ത് അവർ അംഗീകരിക്കുന്നില്ല.
       ഈ വാദം പലതുകൊണ്ടും ബാലിശവും നിരർത്ഥകവും സത്യവിരുദ്ദവുമാണ്.
     ഒന്ന്  : തൗഹീദിനെ രണ്ടായുള്ള വിഭജനം ഖുർആനിലില്ല.
     രണ്ട് :  ഈ വിഭജനം സുന്നത്തിലില്ല.
    മൂന്ന് :  ഈ വിഭജനം സ്വഹാബത്തിന്റെ പ്രസ്താവനകളിൽ കാണാൻ സാധ്യമല്ല.
     നാല് : സ്വഹാബത്തിന്റെ ശിഷ്യന്മാരായ താബിഉകളുടെ പ്രസ്താവനകളിൽ കാണാൻ സാധ്യമല്ല.
   അഞ്ചു: ഈ വിഭജനം ഏഴാം നൂട്ടണ്ടുകാരനായ ഇബ്നു തൈമിയ്യയ്ക്ക് മുമ്പ് ജീവിച്ച മാത്രകയോഗ്യരായ ഒരു ഇമാമിന്റെയും പ്രസ്താവനകളിലും ഇല്ല.
    ആറ്  : ഈ വിഭജനം ഭാഷക്ക് എതിരാണ്. ജാഹിലിയ്യാകാലത്ത് തൗഹീദ് സ്വീകരിച്ച സൈദുബ്നു അമ്റുബ്നുനുഫൈൽ തന്റെ ജനതയോട് വിഗ്രഹാരാധനയെ വിമർശിച്ചു പറയുന്നു :

Moosa Sonkal

أربًّا واحدًا أم ألفَ رب؟؟          أدين إذا تقسِّمت الأمورُ؟

عزلتُ اللات والعزى جميعًا         كذلك يفعل ارجل البصير

(تفسير لبيضاوي: ١٤٣/١)


"ഒരു റബ്ബിനാണോ അതല്ല ആയിരം റബ്ബു കൾക്കാണോ പ്രയാസങ്ങൾ വരുമ്പോൾ ഞാൻ വഴിപ്പെടെണ്ടത്. ലാത്തയെയും ഉസ്സയെയും എല്ലാം ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. ഉൾകാഴ്ചയുള്ള പുരുഷൻ അതാണ്‌ ചെയ്യുക". (ബൈളവി 1/143)
 അപ്പോൾ അറേബ്യൻ മുശ്രിക്കുകൾ ആരാധിച്ചിരുന്ന ലാത്തയെയും ഉസ്സയെയുമെല്ലാം റബ്ബുകളായാണ് കവി പരിജയപ്പെടുന്നത്. തൗഹീദ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ 'ഇലാഹുകൾ' എന്നാണല്ലോ പറയേണ്ടത്. ഇത്തരം ഒരു വിഭജനം അറബികൾക്കുപോലും അറിയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
      ഏഴ് : ഈ വിഭജനം ആയത്തിനെതിരാണ്. മലക്കുകളെയും പ്രവാചകന്മാരെയും ആരാധിച്ചിരുന്നവരെ വിമർശിച്ച് ഖുർആൻ പറയുന്നു:

   وَلَا يَأْمُرَ‌كُمْ أَن تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّينَ أَرْ‌بَابًا(آل عمران: ٨٠)

"മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ റബ്ബുകളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്‍പക്കുകയില്ല".  
Moosa Sonkal
 അപ്പോൾ അവർ ആരാധിച്ചിരുന്ന മലക്കുകളെയും പ്രവാചകന്മാരെയും റബ്ബുകളായാണ് അവർ വിചാരിച്ചിരുന്നതെന്ന് ഈ ആയത്തിൽ നിന്ന് വ്യക്തമാണ്. തൗഹീദു വിഭജനക്കാരുടെ വാദ പ്രകാരം ഇവിടെ 'ഇലാഹുകൾ' എന്നാണു പറയേണ്ടത്. മറ്റൊരായത്ത് കാണുക;

قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّـهَ وَلَا نُشْرِ‌كَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْ‌بَابًا مِّن دُونِ اللَّـهِ ۚ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ ﴿٦٤آل عمران


 "(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ റബ്ബുകളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക".

 അപ്പോൾ ജൂതനസ്വാറാക്കൾ അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കിയെന്ന് പ്രസ്തുത വചനം വ്യക്തമാക്കുന്നു. തൗഹീദ് വിഭജനക്കാരുടെ വാദപ്രകാരം ഇവിടെയും അർബാബിനു പകരം ആലിഹത്ത് എന്നായിരുന്നു പറയേണ്ടിയിരുന്നത്. മറ്റൊരു വചനം കാണുക.  


 اتَّخَذُوا أَحْبَارَ‌هُمْ وَرُ‌هْبَانَهُمْ أَرْ‌بَابًا مِّن دُونِ اللَّـهِ وَالْمَسِيحَ ابْنَ مَرْ‌يَمَ وَمَا أُمِرُ‌وا إِلَّا لِيَعْبُدُوا إِلَـٰهًا وَاحِدًا ۖ لَّا إِلَـٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِ‌كُونَ ﴿٣١: لتوبة﴾

"അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ റബ്ബുകളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍! "
Moosa Sonkal
 തൗഹീദ് വിഭജനക്കാരുടെ വാദം ശരിയാണെങ്കിൽ ഇവിടെയും ആലിഹത്ത് എന്നായിരുന്നു പറയേണ്ടിയിരുന്നത്. മറ്റൊരു വചനം കൂടി വായിക്കൂ. യൂസുഫ് നബി(അ)യുടെ ജനത അല്ലാഹുവേ കൂടാതെ റബ്ബുകളെ സ്വീകരിച്ചവരായിരുന്നു.അതിനെ വിമർശിച്ച് യൂസുഫ് നബി(അ) പറയുന്നു:

 يَا صَاحِبَيِ السِّجْنِ أَأَرْ‌بَابٌ مُّتَفَرِّ‌قُونَ خَيْرٌ‌ أَمِ اللَّـهُ الْوَاحِدُ الْقَهَّارُ‌ ﴿يوسف٣٩﴾

"ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത റബ്ബുകളാണോ ഉത്തമം; അതല്ല, ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ?"  

തൗഹീദ് വിഭജനക്കാരുടെ വാദം ശരിയാണെങ്കിൽ ഇവിടെയും ആലിഹത്ത് എന്നായിരുന്നു പറയേണ്ടിയിരുന്നത്. 

എട്ട്: തൗഹീദ് വിഭജനം ഹദീസിനും എതിരാണ്. 'ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്ക്കൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചു നിർത്തുന്നതാണ്' എന്ന ഇബ്റാഹീം സൂറത്തിലെ 27 ആം വചനത്തിന്റെ വിശദീകരണമായി നബി(സ) പറയുന്നു.  

يقال له من ربك؟ فيقول: ربي الله(متفق عليه: مشكوة: ٢٤/١)

"ഖബ്റാളിയോടു നിന്റെ റബ്ബ് ആരാണെന്ന് ചോദിക്കപ്പെടും. അപ്പോൾ എന്റെ റബ് അല്ലാഹുവാണെന്നു അവർ മറുവടി പറയും". (മുത്തഫഖുൻ അലൈഹി മിശ്കാത്ത് 1/24)
     അതേസമയം നിന്റെ റബ്ബ് ആരാണെന്ന് കാഫിറിനോട് ചോദിച്ചാൽ അറിയില്ലന്നാണ് അവൻ മറുവടി പറയുകയെന്നും ഹദീസിൽ വന്നിട്ടുണ്ട്. റാബ് അല്ലാഹു മാത്രമാണെന്ന വിശ്വാസം അവർക്കുണ്ടെങ്കിൽ അവര്ക്ക് സധൈര്യം പറയാമല്ലോ. 
Moosa Sonkal
وأما الكافر يقال له من ربك فيقول هاه هاه لا أدري(أحمد، أبو داود، مشكوة: ٢٦/١)

കാഫിറിനോട് നിന്റെ റബ്ബ് ആരാണെന്ന് ചോദിച്ചാൽ ഹാഹ് ഹാഹ് എനിക്കറിയില്ല എന്നവൻ പറയും.". (അഹ്മദ്, അബൂദാവൂദ്, മിശ്കാത്ത് 1/26)

തൗഹീദ് വിഭജനക്കാരുടെ വാദമനുസരിച്ച് നിന്റെ ഇലാഹ് ആരാണെന്നാണ്‌ ഖബ്റിൽ വെച്ച് ചോദിക്കേണ്ടത്. കാരണം റബ്ബ് അല്ലാഹു മാത്രമാണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട് എന്നാണല്ലോ അവർ പറയുന്നത്.
  ഒമ്പത് : തൗഹീദ് വിഭജനം തഫ്സീറിനും എതിരാണ്. ഇമാം റാസി(റ) പറയുന്നു:

اتخذوا ربا غير الله (تفسيرالرازي: ١٢٠/١٤)

അറേബ്യൻ മുശ്രിക്കുകൾ അല്ലാഹു വല്ലാത്ത റബ്ബിനെ സ്വീകരിച്ചിരിക്കുന്നു. (റാസി 14/120)

അബുസ്സുഊദ്(റ) പറയുന്നു:

وتثبتون له سريكا فى الربوبية(أبو السعود: ٦٢/٤)

നിങ്ങൾ റുബൂബിയ്യത്തിൽ അല്ലാഹുവിന് പങ്കാളിയെ സ്ഥിരപ്പെടുത്തുന്നു.(അബൂസ്സുഊദ് 4/62)
   ഇസ്മാഈൽ ഹിഖീ(റ) പറയുന്നു:  
Moosa Sonkal
وتنكرون البعث، وتثبتون له شريكا فى الربوبية(روح البيان: ١٠٠/٦)

നിങ്ങൾ പുനർജന്മത്തെ നിഷേധിക്കുകയും റുബൂബിയ്യത്തിൽ അല്ലാഹുവിന് പങ്കാളിയെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. (റൂഹുൽ ബയാൻ: 6/100)

പത്ത് : ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അല്ലാഹുവാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം ഒന്നിലധികം റബ്ബുകളിൽ അവർ വിശ്വസിച്ചിരുന്നില്ലെന്നു ലഭിക്കുകയില്ല. കാരണം മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നും അവർ വിശ്വസിച്ചിരുന്നു. അപ്പോൾ ചെറുതും വലുതുമായ ദേവസഭയിലായിരുന്നു അവർ വിശ്വസിച്ചിരുന്നത്.ശൈഖ് സാദ(റ) എഴുതുന്നു:

إن مشركي العرب كانوا يعتقدون تعدد الأرباب والآلهة، ويقولون باشتراك الجميع فى استحاقاق العبادة(شيخ زاده ١٧)

നിശ്ചയം അറേബിയൻ മുശ്രിക്കുകൾ റബ്ബുകളും ഇലാഹുകളും ഒന്നിലധികമുണ്ടെന്നു വിശ്വസിക്കുന്നവരായിരുന്നു. എല്ലാവരും ആരാധന അർഹിക്കുമെന്നും അവർ പറഞ്ഞിരുന്നു. (ശൈഖ് സാദ 17)
     അപ്പോൾ അല്ലാഹുവിനെയും അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് അവർ വിശ്വസിച്ചിരുന്നു. മലക്കുകളെയും റബ്ബുകളും ഇലാഹുകളുമായാണ് അവർ കണ്ടിരുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.  

അഹ് ലുസ്സുന്നയുടെ വീക്ഷണം  

സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാനുള്ള കഴിവുണ്ടാവണമെന്നത് ഇബാദത്തിന്റെയും റബ്ബിന്റെയും ഇലാഹിന്റെയും അർത്ഥത്തിൽ പരിഗണിക്കപ്പെടുന്നുണ്ട്. അപ്പോൾ ഭാഷാപരമായി റബ്ബിനും ഇലാഹിനും രണ്ടർത്ഥം പറയാമെങ്കിലും സാങ്കേതിക തലത്തിൽ യഥാർത്ഥ ഇലാഹും യഥാർത്ഥ റബ്ബും ഒന്നുതന്നെയാണ്. അതിനാല യഥാർത്ഥ റബ്ബ് മാത്രമാണ് ആരാധനയർഹിക്കുന്നവൻ. അതിനാല തൗഹീദിൽ ഉലൂഹിയത്തും  തൗഹീദുർറുബൂബിയ്യത്തും ഒന്നുതന്നെയാണ്. ഇതാണ് അഹ് ലുസ്സുന്നയുടെ വീക്ഷണം. ഇക്കാര്യം ഇനി പറയുന്ന ഉദ്ദരണികളിൽ നിന്ന് വ്യക്തമാണ്. മുഫ്ദാത്ത് എന്നാ ഭാഷ നിഘണ്ടുവിൽ പറയുന്നു:

الرب في الأصلُُ التربية، وهو إنشاء الشيء حالاً فحالاً إلى حدّ التمام(المفردات: ١٨٤)

റബ്ബിന്റെ അടിസ്ഥാന അർഥം തർബിയത് എന്നാണു. ഒരു വസ്തുവിനെ അൽപാൽപമായി പരിപൂർണതയിലെത്തിക്കലാണ് തർബിയത്. (മുഫ്റദാത്ത്: 184)
Moosa Sonkal
ഇമാം ബൈളവി(റ) പറയുന്നു: 

لرب في الأصل بمعنى التربية وهي تبليغ الشيء إلى كماله شيئاً فشيئاً،ثم وصف به تعالى للمبالغة.(تفسير بيضوي: ٦/١)

റബിന്റെ അടിസ്ഥാനപരമായ അർത്ഥം തർബിയത്താണ്. ഒരു വസ്തുവിനെ അൽപാൽപമായി അതിന്റെ പരിപൂർണതയിലെത്തിക്കലാണ് തർബിയത്. പിന്നീട് 'മുബാലഗത്തി' നുവേണ്ടി അല്ലാഹുവിനെ അതുകൊണ്ട് വിശേഷിക്കപ്പെട്ടു".(ബൈളാവി 1/6)

ഭാഷാപരമായി അർത്ഥം വിവരിക്കുന്ന 'നിഹായ' യിൽ പറയുന്നു: 

الرب يطلق في اللغة على المالك ، والسيد ، والمدبر(نهاية: ١٨٠)

ഭാഷാപരമായി ഉടമസ്ഥനും സയ്യിദിനും നിയന്ത്രിക്കുന്നവനും റബ്ബ് എന്ന് പ്രയോഗിക്കും. (നിഹായ 180)

അപ്പോൾ പോറ്റിവളർത്തുന്നവർക്കെല്ലാം ഭാഷാപരമായി റബ്ബ് എന്ന് പ്രയോഗിക്കാം. ഇതനുസരിച്ച് സന്താനങ്ങളെ പോട്ടിവലര്ത്തുന്ന മാതാപിതാക്കളും അടിമകളെ പോറ്റുന്ന യജമാനന്മാരും ഭരണീയരെ പോറ്റുന്ന  ഭരണകർത്താക്കളും ഭാഷാപരമായി റബ്ബുകളാണ്.
    ഇമാം റാസി(റ)യുടെ വാക്കുകള ശ്രദ്ദിക്കുക.


 والله تعالى إله العالمين من حيث إنه هو الذي أخرجها من العدم إلى الوجود، وهو رب العالمين من حيث إنه هو الذي يبقيها حال دوامها واستقرارها.(تفسير الرازي: ٢٣٩/١)

ഇല്ലായ്മയിൽ നിന്ന് ഉണ്മയിലേക്ക് കൊണ്ടുവന്നുവെന്ന വീക്ഷണത്തിൽ അല്ലാഹു ലോകരുടെ ഇലാഹും അവരുടെ നിലനിൽപ്പിന്റെ സമയത്ത് ആവശ്യമായതെല്ലാം നൽകി അവരെ നിലനിര്ത്തുന്നുവെന്ന വീക്ഷണത്തിൽ അല്ലാഹു അവരുടെ റബ്ബുമാണ്(റാസി: 1/229)
  അപ്പോൾ സൃഷ്ടിച്ചവൻ എന്നാ വീക്ഷണത്തിൽ അല്ലാഹു ഇലാഹും സൃഷ്ടികളെ പോറ്റി വളർത്തുന്നവൻ എന്ന നിലയിൽ അല്ലാഹു റബ്ബുമാണെന്ന് ഇമാം റാസി(റ) വ്യക്തമാക്കുന്നു. എന്നാൽ അല്ലാഹുവിന്റെ പോറ്റിവളർത്തലും മറ്റുള്ളവരുടെ പോറ്റിവളർത്തലും തമ്മിൽ വ്യത്യാസമുണ്ട്. ഇമാം റാസി തന്നെ പറയട്ടെ. 

 إنتربيته تعالى مخالفة لتربية غيره ، وبيانه من وجوه : الأول : ما ذكرناه أنه تعالى يربي عبيده لا لغرض نفسه بل لغرضهم ، وغيره يربون لغرض أنفسهم لا لغرض غيرهم، الثاني : أن غيره إذا ربى فبقدر تلك التربية يظهر النقصان في خزائنه وفي ماله ، وهو تعالى متعال عن النقصان والضرر ، كما قال تعالى : ( وإن من شيء إلا عندنا خزائنه وما ننزله إلا بقدر معلوم )،الثالث : أن غيره من المحسنين إذا ألح الفقير عليه أبغضه وحرمه ومنعه ، والحق تعالى بخلاف ذلك ، كما قال عليه الصلاة والسلام : إن الله تعالى يحب الملحين في الدعاء . الرابع : أن غيره من المحسنين ما لم يطلب منه الإحسان لم يعط ، أما الحق تعالى فأنه يعطي قبل السؤال ، ترى أنه رباك حال ما كنت جنينا في رحم الأم ، وحال ما كنت جاهلا غير عاقل ، لا تحسن أن تسأل منه ، ووقاك وأحسن إليك مع أنك ما سألته ، وما كان لك عقل ولا هداية . الخامس : أن غيره من المحسنين ينقطع إحسانه إما بسبب الفقر أو الغيبة أو الموت ، والحق تعالى لا ينقطع إحسانه البتة .السادس : أن غيره من المحسنين يختص إحسانه بقوم دون قوم ولا يمكنه التعميم ، أما الحق تعالى فقد وصل تربيته وإحسانه إلى الكل ، كما قال : ( ورحمتي وسعت كل شيء ) [ الأعراف : 156 ] فثبت أنه تعالى رب العالمين ، ومحسن إلى الخلائق أجمعين ؛ فلهذا قال تعالى في حق نفسه : الحمد لله رب العالمين .(تفسير الرازي: ٢٣٠/١) 

Moosa Sonkal
അല്ലാഹുവിന്റെ തർബിയത് മറ്റുള്ളവരുടെ തര്ബിയത്തിൽ നിന്ന് പലതു കൊണ്ടും വ്യത്യസ്തമാണ്.
     (1)അല്ലാഹു തന്റെ അടിമകളെ സംരക്ഷിക്കുന്നത് തന്റെ ആവശ്യത്തിനുവേണ്ടിയല്ല. മറിച്ച് അവരുടെ ആവശ്യത്തിനു വേണ്ടിയാണ്. അല്ലാഹുവല്ലാത്തവർ മറ്റുള്ളവരെ പോറ്റിവളർത്തുന്നത് അവരുടെ ആവശ്യത്തിനു വേണ്ടിയാണ്. അവർ ആരെ പോറ്റുന്നുവോ അവരുടെ ആവശ്യത്തിനുവേണ്ടിയല്ല.
     (2) അള്ളാഹു അല്ലാത്തവർ മറ്റുള്ളവരെ പോറ്റുമ്പോൾ അതിന്റെ തോതനുസരിച്ച് അവരുടെ ഖജനാവിലും സ്വത്തിലും കുരവുവരുന്നു. അല്ലാഹുവിന്റെ തർബിയത്തു കൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല. അല്ലാഹു പറയുന്നു: "ഏതൊരു വസ്തുവിന്റെയും ഖജനാവുകൾ നമ്മുടെ പക്കലുണ്ട്. ഒരു നിർണ്ണിതമായ തോതനുസരിച്ചല്ലാതെ നാമത്ത ഇറക്കുന്നതല്ല". (ഹിജ്റ 21)
      (3) അല്ലാഹുവല്ലാത്ത ഗുണം ചെയ്യുന്നവരോട് പാപങ്ങൾ ചോദിച്ച് അലട്ടിയാൽ അവർ കോപിക്കുകയും കൊടുക്കുന്നത് തടഞ്ഞുവെക്കുകയും ചെയ്യുന്നു. എന്നാൽ അല്ലാഹു നേരെ മറിച്ചാണ്. നബി(സ) പറയുന്നു: "നിശ്ചയം അല്ലാഹു ചോദിച്ചു അലട്ടുന്നവരെ ഇഷ്ടപ്പെടുന്നു".
     (4) അല്ലാഹുവല്ലാത്ത ഔദാര്യവാന്മാർ ചോദിച്ചില്ലെങ്കിൽ ഗുണം നല്കുകയില്ല. എന്നാൽ അല്ലാഹു ചോദിക്കുന്നതിനു മുമ്പ് തന്നെ നല്കുന്നു. ചോദിക്കാനുള്ള പക്വതയോ വകതിരിവോ ഇല്ലാത്ത അവസരത്തിൽ ഉമ്മയുടെ ഗർഭാശയത്തിൽ കഴിയുമ്പോൾ അല്ലാഹു നല്കിയ അനുഗ്രഹങ്ങളും സംരക്ഷണവും ആവശ്യപ്പെട്ടതുകൊണ്ടല്ലല്ലോ അവൻ നൽകിയത്.
     (5) അല്ലാഹുവല്ലാത്തവരുടെ അനുഗ്രഹങ്ങളും സംരക്ഷണവും മരണം നിമിത്തമോ ദാരിദ്ര്യം കാരണമോ അവസാനിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം ഒരിക്കലും അവസാനിക്കുന്നില്ല.
     (6) അല്ലാഹുവല്ലാത്തവരുടെ അനുഗ്രഹങ്ങൾ ചിലർക്കുമാത്രമേ ലഭിക്കുന്നുള്ളൂ. എല്ലാവർക്കും അനുഗ്രഹം ചെയ്യാൻ ആർക്കും സാധ്യമല്ല. എന്നാൽ അല്ലാഹുവിന്റെ അനുഗ്രഹവും  സംരക്ഷണവും എല്ലാവർക്കും ലഭിക്കുന്നു. അല്ലാഹു പറയുന്നു: "എന്റെ അനുഗ്രഹം എല്ലാ വസ്തുക്കൾക്കും വിശാലമായിരിക്കുന്നു".
      അപ്പോൾ അല്ലാഹു മാലോകരുടെ സംരക്ഷകനും എല്ലാവർക്കും അനുഗ്രഹം ചൊരിയുന്നവനുമാണെന്ന് സ്ഥിരപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടാണ് അല്ലാഹു തന്റെ കാര്യത്തിൽ "സർവ്വസ്തുതിയും സർവ്വലോകപരിപാലകനായ അല്ലാഹുവിന്നാകുന്നു" എന്ന് പറഞ്ഞത്. (റാസി 1/230)


   മറ്റൊരു സ്ഥലത്ത് ഇമാം റാസി(റ) പറയുന്നു:






أن المحسن في الظاهر إما الله أو غيره، فإن كان غيره فذلك الغير لا يحسن إلا إذا خلق الله في قلبه داعية الإحسان، فالحق سبحانه وتعالى هو المحسن في الحقيقة(رازي: ١٦١/١)

ഗുണം ചെയ്യുന്നവൻ പ്രത്യക്ഷത്തിൽ അല്ലാഹുവോ മറ്റുള്ളവരോ ആണ്. അല്ലാഹുവല്ലാത്തവരാണെങ്കിൽ അവർ ഗുണം ചെയ്യണമെങ്കിൽ അതിനുള്ള പ്രേരണ അവരുടെ മനസ്സുകളിൽ അല്ലാഹു സൃഷ്ടിക്കണം. അതിനാൽ യതാർത്ഥത്തിൽ ഗുണം ചെയ്യുന്നവൻ അല്ലാഹു മാത്രമാണ്. (റാസി 1/161).

അപ്പോൾ പോറ്റിവളർത്തുന്ന എല്ലാവരും അറബി ഭാഷാ പ്രയോഗമനുസരിച്ചും ഖുർആനിന്റെയും സുന്നത്തിന്റെയും ഭാഷയിലും നിരുപാധികം റബ്ബുകളല്ലെന്നു മേൽ ഉദ്ദരണികളിൽ നിന്ന് സുതരാം വ്യക്തമാണ്‌. അപ്പോൾ സ്വയം പര്യാപ്തതയിലതിഷ്ടിതമായി തർബിയത്ത് നടത്തുന്നവനാണ് യഥാർത്ഥ റബ്ബെന്നു പ്രസ്തുത ഇബാറത്തുകളിൽ നിന്ന് വായിചെടുക്കാവുന്നതാണ്. അപ്പോൾ റബ്ബിന്റെ അർത്ഥത്തിൽ സ്വയം പര്യാപ്തത പരിഗണനീയമാണ്.ഇനി നമുക്ക് ഇലാഹിന്റെ അർത്ഥവും വിവക്ഷയും പരിശോധിക്കാം. ഇമാം ബൈളാവി(റ) പറയുന്നു.
  الإله في الأصل لكل معبود ثم غلب على المعبود بالحق(٢/١)

ഭാഷാപരമായി എല്ലാ ആരാധ്യനും ഇലാഹ് എന്ന് പറയും.പിന്നീട് യഥാർത്ഥ ആരാധ്യനു പ്രയോഗിക്കുന്നതിൽ അതിനെ മികപ്പിക്കപ്പെട്ടു.(ബൈളാവി : 1/2)
   ഇബ്നു ഹജർ(റ) പറയുന്നു:  

وهو اسم جنس لكل معبود ، ثم استعمل في المعبود بحق.

എല്ലാ ആരാധ്യർക്കും പ്രയോഗിക്കുന്ന വർഗ്ഗനാമമാണ് ഇലാഹ്. പിന്നീട് യഥാർത്ഥ ആരാധ്യനുമാത്രം അതിനെ ഉപയോഗിക്കപ്പെട്ടു.(തുഹ്ഫ : 1/7) 

ഇമാം റാസി(റ) പറയുന്നു: 



الإله هو المعبود ، سواء عبد بحق أو بباطل ، ثم غلب في عرف الشرع على المعبود بالحق(تفسير الرازي: ١٥٨/١)

ആരാധിക്കപ്പെടുന്നവനാണ് ഇലാഹ്. അവനെ ആരാധിക്കപ്പെടുന്നത് സത്യമായോ അസത്യമായോ ആകട്ടെ. പിന്നെ മതത്തിന്റെ ഭാഷയിൽ സത്യമായി ആരാധിക്കപ്പെടുന്നവന് മാത്രം ഇലാഹ് എന്ന് പ്രയോഗിച്ചുവരുന്നു. (റാസി: 1/158)

   യഥാർതത്തിൽ ആരാധന അർഹിക്കുന്നത് സ്വയം പര്യാപ്തതയുള്ളവൻ മാത്രമാണെന്ന് ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയതാണ്. അദ്ദേഹം പറയുന്നു:  

 واستحقاق العبادة ليس إلا لمن يكون مستبدا بالإيجاد والإبداع ، والاستبداد بالإيجاد لا يحصل إلا لمن كان موصوفا بالقدرة التامة والإرادة النافذة والعلم المتعلق بجميع المعلومات من الكليات والجزئيات(التفسير الكبير: ٣٢/٢٩٨)

 അത്ഭുതകരമായ സൃഷ്ടികർമ്മത്തിനു സ്വയം കഴിയുന്നവൻ മാത്രമേ ആരാധനക്കർഹനാകുകയുള്ളൂ. പരിപൂർണ്ണമായ കഴിവും നടപ്പാക്കുന്ന ഉദ്ദേശ്യവും (ഇറാദത്ത്) പൊതുവായതും (കുല്ലിയ്യാത്ത്) ഭാഗികമയതുമായ (ജുസ്ഇയ്യാത്ത്)എല്ലാ കാര്യത്തെകുറിച്ചുമുള്ള വിജ്ഞാനവും ഉള്ളവന് മാത്രമേ അതിനു സാധിക്കുകയുള്ളൂ. (റാസി 32/298)

ഇതേ വിവരണം മറ്റു തഫ്സീറുകളിലും കാണാവുന്നതാണ്.  

അപ്പോൾ ഇലാഹിലും വിവക്ഷയിലും സ്വയം പര്യാപ്തത പരിഗണിക്കുന്നുണ്ടെന്നു വ്യക്തമായി. അതിനാല യഥാർത്ഥത്തിലുള്ള  ഇലാഹും യഥാർത്ഥത്തിലുള്ള റബ്ബും ഒന്നുതന്നെയാണ്. യഥാർത്ഥത്തിലുള്ള റബ്ബാകാൻ യോഗ്യതയുള്ളവന് മാത്രമേ യഥാർതത്തിൽ ഇലാഹാകാനും യോഗ്യതയുള്ളു. അതിനാൽ യഥാർത്ഥത്തിലുള്ള റബ്ബ് ഏകനാണെന്ന വിശ്വാസം യഥാർത്ഥത്തിലുള്ള ഇലാഹ് ഒന്നാണെന്ന വിശ്വാസത്തെയും ഉൾകൊള്ളുന്നു. അതിനാൽ തൗഹീദ് റബൂബിയ്യത്തും തൗഹീദ് ഉലൂഹിയത്തും ഒന്ന് തന്നെയാണ്.
   റബ്ബ് അല്ലാഹു മാത്രമാണെന്ന് അറേബ്യൻ മുശ്രിക്കുകൾ വിശ്വസിച്ചിരുന്നുവെന്ന പുത്തൻവാദികളുടെ വാദം ശരിയല്ലെന്ന് നേരത്തെ വിവരിച്ച ആയത്തുകളും ഹദീസുകളും വ്യക്തമാക്കുന്നു. അടുമായി ബന്ധപ്പെട്ട ധാരാളം തെളിവുകൾ ഇനിയും ഉദ്ടരിക്കാൻ കഴിയും.ഒരായത്തും കൂടി കാണുക. അല്ലാഹു പറയുന്നു:

 الَّذِينَ أُخْرِ‌جُوا مِن دِيَارِ‌هِم بِغَيْرِ‌ حَقٍّ إِلَّا أَن يَقُولُوا رَ‌بُّنَا اللَّـهُ(الحج: ٤٠)

 "യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍".

അറേബ്യൻ മുശ്രിക്കുകളുടെയും വിശ്വാസം റബ്ബ് അല്ലാഹു മാത്രമാണെന്നായിരുന്നുവെങ്കിൽ അത് പറഞ്ഞതിന്റെ പേരിൽ മാത്രം സ്വഹാബത്തിനെ അവർ പുറത്താക്കെണ്ടതില്ലല്ലോ.

വരമ്പത്ത്നിന്നുതന്നെ കൂലി 

 തൗഹീദിനെ രണ്ടായി വിഭജിച്ച് ലോക മുസ്ലിംകളെ മുശ്രിക്കാക്കിയ ഇബ്നു തൈമിയ്യ അടക്കമുള്ള പൂർവ്വകാല പുത്തൻ വാദി നേതാക്കളെ അവരുടെ അനുയായികൾ തൗഹീദ് മൂന്നായി വിഭജിച്ച് മുശ്രിക്കാക്കുന്ന രംഗമാണ് നാമിന്നു കാണുന്നത്. മേൽപ്പറഞ്ഞ രണ്ട് തൗഹീദുകൾക്കു പുറമേ 'തൗഹീദുൽ അസ്മാഇ വസ്സിഫാത്തും' കൂടി വിശ്വസിക്കുമ്പോൾ മാത്രമാണ് തൗഹീദ് പൂർണമാകുന്നതെന്ന് അവർ വാദിക്കുന്നു. ഒരു പുത്തൻ വാദി എഴുതുന്നു:

 "തൗഹീദിന്റെ ഒരു പ്രധാന ഇനമായി ഗൾഫിലെ സലഫി പണ്ഡിതന്മാർ എണ്ണിപ്പറയാറുള്ള ഒന്നാണ് നാമ-വിശേഷണങ്ങളിലുള്ള അല്ലാഹുവിന്റെ ഏകത്വം. കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനം ഇക്കാലം വരെയും ഈ വിഷയം ശരിയായ രൂപത്തിൽ അതിന്റെ പ്രബോധകരെയോ പ്രവർത്തകരെയോ പഠിപ്പിച്ചിട്ടില്ല.  അതിന്റെ ചരിത്രത്തിൽ ഇദംപ്രഥമമായി ഈ വിഷയം പാഠശാലകളിൽ പഠിപ്പിക്കേണ്ട കാര്യമാണെന്ന് പോലും മനസ്സിലാക്കിയത് ഇയ്യിടെ മാത്രമാണ്. 2001 ജൂണ്‍ 4 ന് പുളിക്കൽ മദീനത്തുൽ ഉലൂമിൽ ചേർന്ന കേരള ജംഇയ്യത്തുൽ ഉലമാ നിർവാഹകസമിതി  യോഗ തീരുമാനങ്ങളിൽ 3 ആം  തീരുമാനത്തിലെ ഒരു ഭാഗം ഇപ്രകാരമാണ്.
     "തൗഹീദിനു റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അൽ-അസ്മാഅ വസ്വിഫാത്ത് എന്നിങ്ങനെയുള്ള വിഭജനം ഈ യോഗം ശരിവെക്കുകയും അത് പാഠശാലകളിൽ പഠിപ്പിക്കേണ്ടതാണെന്ന് തീരുമാനിക്കുകയും ചെയ്തു". (ജംഇയ്യത്തുൽ ഉലമാ തീരുമാനങ്ങൾ പേജ് 11) (ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും പേജ് 34)

  അപ്പോൾ ഇതുവരെ കഴിഞ്ഞുപോയ തങ്ങളുടെ നേതാക്കളുടെയും അനുയായികളുടെയും തൗഹീദ് പൂർണ്ണമായിട്ടില്ലെന്നാണല്ലോ ഇതിനർത്ഥം. തൗഹീദിനെ രണ്ടായി വിഭജിച്ച് ലോക മുസ്ലിംകളെ മുശ്രിക്കാക്കിയവർക്ക് അവരുടെ അനുയായികൾ തന്നെ വരമ്പത്ത്വെച്ച് കൂലികൊടുത്തതായി വേണം ഇതിനെ കാണാൻ.
 
   'അല്ലാഹു ഏകനാണ് എന്നതിനർത്ഥം അവൻ സത്തയിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ഏകനാണ് എന്നാണല്ലോ. അതിന്റെ വിവക്ഷ അവന്റെ സത്തപോലുള്ള സത്തയുള്ളവരോ അവന്റെ വിശേഷണങ്ങൾ പോലുള്ള വിശേഷണങ്ങളുള്ളവരോ അവന്റെ പ്രവർത്തനങ്ങൾ പോലുള്ള പ്രവർത്തനങ്ങളുള്ളവരോ ഇല്ലെന്നാണ്. കാരണം അല്ലാഹുവും അവന്റെ വിശേഷണങ്ങളും അവന്റെ പ്രവർത്തനങ്ങളും സ്വയം പര്യാപ്തതയുള്ളതാണ്.അപ്പോൾ സ്വയം പര്യാപ്താൻ അല്ലാഹു മാത്രമാണെന്ന വിശ്വാസത്തിൽ എല്ലാവിധ തൗഹീദും അടങ്ങിയിരിക്കുന്നു. അതിനാൽ ഓരോന്നും വെവ്വേറെ പറയേണ്ട ആവശ്യം തന്നെ ഉദിക്കുന്നില്ല.