സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 7 June 2015

വഹാബി പൂര്‍വ്വികരുടെ അഭിപ്രായങ്ങള്‍


1) ”അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍ പെട്ടവരും ഖുര്‍ആനും സുന്നത്തും സലഫുസ്വാലിഹുകളുടെ ചര്യയുമനുസരിച്ചു ജീവിക്കുന്നവരും അറബി ഭാഷ മുഖേന ഇസ്‌ലാമിക വിജ്ഞാനം നേടിയവരുമായ മതപണ്ഡിതന്മാര്‍ക്ക് മെമ്പര്‍മാരാകാവുന്നതാണ്.” (കേരള ജംഇയ്യത്തുല്‍ ഉലമാ ഭരണഘടന ഒന്നാം ചട്ടം)

2) ”മജല്ലതുല്‍ ദീനിയ്യ ശഹ്‌രിയ്യ തഹ്തമ്മു ബി നശ്‌രി അഖാഇദി അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തി അലല്‍ മന്‍ഹജിസ്സലഫി” (പൂര്‍വ്വീക മാതൃകയില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള മാസിക) -അല്‍ മനാര്‍.

3) ”…………..ഞങ്ങള്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ അംഗീകരിക്കുകയും അവ പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.” (അല്‍ ഇസ്‌ലാഹ്)
വഹാബി പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഭരണഘടനയിലുള്ളതാണ് ഒന്നാമതു പറഞ്ഞത്. കെ.എന്‍. എമ്മിന്റെ മുഖപത്രമായ അല്‍മനാറില്‍ സ്ഥിരമായി കൊടുത്തുകൊണ്ടിരിക്കുന്നതാണ് രണ്ടാമത് പറഞ്ഞത്. അല്‍ ഇസ്‌ലാഹിന്റെ പെട്ടിക്കോളത്തില്‍ പ്രത്യേകമായി കൊടുത്തിരിക്കുന്നതാണ് മൂന്നാമത് പറഞ്ഞത്.

ഇതില്‍നിന്ന് വ്യക്തമാകുന്ന ഒരു കാര്യം, പരമ്പരാഗതമായി മുസ്‌ലിംകള്‍ അംഗീകരിച്ചുപോരുന്ന അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്ത് എന്നൊരു ആദര്‍ശലൈന്‍ ഉണ്ടെന്നും അത് സത്യസന്ധമാണെന്നുമാണ്. അതുകൊണ്ടാണല്ലോ തങ്ങള്‍ പ്രസ്തുത ആദര്‍ശം സ്വീകരിക്കുന്നവരാണെന്നും അത് പ്രചരിപ്പിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും കേരള വഹാബികള്‍ അവകാശവാദമുന്നയിക്കുന്നത്. കേവലം അവകാശവാദമെന്നതിലുപരി ലോകമുസ്‌ലിംകള്‍ അംഗീകരിച്ചുവരുന്ന അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തുമായി ഇക്കൂട്ടര്‍ക്ക് വിദൂര ബന്ധംപോലുമില്ല. വിഷയങ്ങളുടെ വിശകലനങ്ങൡനിന്നിത് ബോധ്യമാകുന്നതാണ്. തന്നെയുമല്ല, പലപ്പോഴും പരിഹാസ്യത്തോടെയാണ് ഈ ആദര്‍ശം അംഗീകരിക്കുന്ന മുസ്‌ലിം ജനകോടികളെ അവര്‍ അഭിസംബോധന ചെയ്യാറുള്ളത്.

കേരളത്തിലെ മറ്റുപലരും ഈ അവകാശവാദത്തിന്റെ അപ്പോസ്തലന്മാരാണ്. പ്രവാചകചര്യയും സ്വഹാബത്തിന്റെ മാതൃകയും അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ ഈ പേരിന്നര്‍ഹതയുള്ളൂ. സ്വേഛാനുസൃതമായി ഖുര്‍ആനും ഹദീസും ദുര്‍വ്യാഖ്യാനം ചെയ്യുന്നവരും സ്വഹാബത്ത് ഉള്‍പ്പെടെയുള്ള മഹത്തുക്കളെ തള്ളിപ്പറയുന്നതില്‍ ഊറ്റം കൊള്ളുന്നവരും എങ്ങനെ ഈ പാരമ്പര്യത്തിന്റെ കണ്ണികളാവും? പൂര്‍വ്വീകരെ മാത്രമല്ല സ്വന്തം പ്രസ്ഥാനപിതാക്കളെ പോലും തള്ളിപ്പറഞ്ഞവരാണവര്‍.

കേരള ബിദഇകളില്‍ പലരും അവരുടെ നേതാക്കളിലേക്ക് ചേര്‍ത്തിപ്പറയാന്‍ തന്നെ മടിക്കുന്നവരും ഭയക്കുന്നവരുമാണ്. നേതാക്കളുടെ തനിനിറം ആളുകളറിയരുതെന്നാണവരുടെ മോഹം. അറിഞ്ഞാല്‍ പന്തികേട് മനസ്സിലാക്കി ജനങ്ങള്‍ വെറുക്കാനിടയുണ്ട്. തബ്‌ലീഗുകാര്‍ പലരും അവരുടെ നേതാക്കളെ ”ഞങ്ങള്‍ക്കറിയില്ലെന്ന്” പറഞ്ഞ് തടിയൂരുന്നത് ഇതുകൊണ്ടാണ്.

മുഅ്തസിലത്ത് പൊടിതട്ടിപ്പുറത്തെടുത്ത ഇബ്‌നുതീമിയ്യയും അതിന്ന് കാലാകാലങ്ങളില്‍ പ്രചാരം നല്‍കിയ ഇബ്‌നു അബ്ദുല്‍ വഹാബ്, ഷൗകാനി, ഫിത്‌നയുടെ അടുപ്പിന്‍കല്ലുകളായ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിളാ തുടങ്ങി കെ.എം. മൗലവി വരെ യുള്ളവരെ മുഴുവനും മുജ്തഹിദീങ്ങളും മാതൃകാപുരുഷന്മാരുമായി വിഭാവനം ചെയ്യുന്ന കേരള വഹാബികള്‍ അവര്‍ പ്രതിനിധാനം ചെയ്തിരുന്ന ആശയങ്ങള്‍ ഏറിയപങ്കും കൈയൊഴിഞ്ഞവരാണ്. ഇന്ന് കേരള വഹാബികളുടെ കൈവശമുള്ളതും തുടര്‍ന്നുവരുന്നതുമായ വഹാബിസം, സ്ഥാപകനേതാക്കള്‍ രൂപം നല്‍കിയ ആശയ ആദര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ല.

വഹാബിസം ധാരാളം പൊളിച്ചെഴുത്തുകള്‍ക്ക് വിധേയമായിട്ടുണ്ട്. ഇപ്പോഴും പൊളിച്ചെഴുതിക്കൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള വീക്ഷണങ്ങളും സുരക്ഷിതമല്ല. കാരണം, ഏതു മൗലവി വന്നാലും അയാളുടെ വകയായി ചില പുതിയ കൈക്രിയകള്‍ നടത്തും. വഹാബിസം അനുദിനം അനുനിമിഷം പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന് ചുരുക്കം. ഇതെല്ലാം ഇസ്‌ലാമിന്റെ പേരിലായതിനാല്‍ ഇസ്‌ലാമിനേറ്റ വമ്പിച്ച മുസ്വീബത്തും.

ഇക്കൂട്ടര്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആളുകളാണെന്നാണല്ലോ അവകാശപ്പെടുന്നത്. എന്നാലിവര്‍ അഹ്‌ലുസ്സുന്നയുടെ ആളുകള്‍ ആചരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പലതിനെയും തള്ളിക്കളയുന്നവരും വിമര്‍ശിക്കുന്നവരുമാണ്. ഇവരുടെ പ്രസ്ഥാന ജനയിതാക്കളുംകൂടി അംഗീകരിച്ചിരുന്ന കാര്യങ്ങളായിരുന്നു അവയെന്നതാണ് ഏറെ ആശ്ചര്യകരം. ഉദാഹരണത്തിന് ചില കാര്യങ്ങള്‍ മാത്രം ഇവിടെ കുറിക്കാം.

സ്ത്രീ ജുമുഅ
കേരള വഹാബികള്‍ അവരുടെ അണികള്‍ക്ക് ഉത്തേജനമേകാനും മുസ്‌ലിംകളെ കബളിപ്പിക്കാനും മുഖ്യവിഷയമായി അവതരിപ്പിക്കുന്നതാണ് പരപുരുഷരോടൊത്തുള്ള ജമുഅ ജമാഅത്ത്. മുമ്പ് ഇക്കാര്യത്തില്‍ ഇവര്‍തന്നെ ചേരിതിരിഞ്ഞ് തല്ലുകൂടിയ വിഷയമാണിതെന്ന് അധികമാരും ഓര്‍ത്തിരിക്കില്ല.

എം.സി.സിയുടെ സ്ത്രീ ജുമുഅ വാദത്തെ ഉമര്‍ മൗലവി തെളിവില്ലെന്ന് പറഞ്ഞു പുഛിച്ചു തള്ളുന്നത് കാണുക: ”മുത്തഫഖുന്‍ അലൈഹിയായ ഹദീസിന്റെ ആജ്ഞ സ്ത്രീകളെ പള്ളിയിലേക്ക് അയക്കണമെന്നാണെന്ന് അല്‍മുര്‍ശിദിലെ മുഹദ്ദിസ് പറയുമ്പോള്‍ അങ്ങനെ ഹദീസുണ്ടെന്ന് വായനക്കാര്‍ തെറ്റിദ്ധരിച്ചുപോകും. കുറച്ച് പദങ്ങള്‍ എടുത്ത് കാണിച്ചാല്‍ പ്രത്യേകിച്ചും. എന്നാല്‍ മാന്യവായനക്കാരെ, നിങ്ങള്‍ സംശയിക്കേണ്ട, ആ ഹദീസില്‍ പള്ളിയിലേക്കയക്കുന്ന കാര്യം പറഞ്ഞിട്ടേയില്ല.” (അല്‍മനാര്‍, പു. 4, ല.6 -എം.സി.സി. ക്ക് മറുപടിയായി ഉമര്‍ മൗലവി)

കൂടാതെ, സലഫികളുടെ ഏറ്റവും പ്രമുഖനായ പണ്ഡിതന്‍ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍ തന്റെ ഫതാവാ 15-ാം വാള്യം പേജ് 58-ല്‍ സ്ത്രീകള്‍ക്ക് വീടാണ് ഏറ്റവും ഉത്തമമെന്നും പേജ് 376-ല്‍ ജുമുഅ പുരുഷന്മാരുടെ പ്രത്യേകതയാണെന്നും സ്പഷ്ടമാക്കിയിട്ടുണ്ട്. സലഫികളുടെ ലോകനേതാവായി അംഗീകരിക്കപ്പെടുന്ന ഇബ്‌നു ബാസ്‌പോലും സ്ത്രീകള്‍ക്ക് വീടാണുത്തമമെന്ന് ഫത്‌വ നല്‍കിയിട്ടുണ്ട്. നിലവിലുള്ള കേരളത്തിലെ വഹാബികള്‍ മുന്‍ നേതാക്കളുടെ ഈ വീക്ഷണങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്നറിയാന്‍ താല്‍പര്യമുണ്ട്. ഖുതുബ ഒരു പ്രദേശത്ത് ബിദ്അത്ത് നാമ്പെടുക്കുന്നത് ജുമുഅ ഖുതുബയുടെ പ്രാദേശികവല്‍ക്കരണത്തിലൂടെയാണല്ലോ? എന്നാല്‍ ഈ പ്രാദേശിക വല്‍ക്കരണം ആദ്യം നടത്തിയത് തുര്‍ക്കിയിലെ മുസ്തഫ കമാലാണ്. അതിനെ വിമര്‍ശിച്ചുകൊണ്ടും അറബി ഭാഷയുടെ മേന്മയും വശ്യതയും സമര്‍ത്ഥിച്ചുകൊണ്ടും വഹാബി ആചാര്യന്‍ റശീദ് റിളാ തന്റെ തഫ്‌സീറുല്‍ മനാറില്‍ നീണ്ട പരാമര്‍ശം നടത്തുന്ന കൂട്ടത്തില്‍ ഖുതുബ അറബിയില്‍ നിര്‍വ്വഹിക്കുന്നതാണ് മുസ്‌ലിം ലോകത്തിന്റെ പാരമ്പര്യമെന്നും ഇതിന്നപവാദമായി ലോകത്താദ്യം ഖുതുബ ഭാഷാന്തരം ചെയ്തത് മുസ്തഫ കമാലിന്റെ നിര്‍ബന്ധപ്രകാരമായിരുന്നുവെന്നും അതു ലോകത്തിലെ തന്നെ ഒറ്റപ്പെട്ട സംഭവമായിരുന്നുവെന്നും ആദ്യമായി പരിഭാഷ നടത്തിയ തുര്‍ക്കി ഖതീബുമാരെ ശ്രോദ്ധാക്കള്‍ പരിഹസിക്കുകയും കൂക്കിവിളിക്കുകയും ചെയ്തുവെന്നും രേഖപ്പെടുത്തിക്കാണുന്നു. (വിശദ വിവരത്തിന് റശീദ് റിളായുടെ തഫ്‌സീറുല്‍മനാര്‍ 9/313 നോക്കുക.)

സലഫുസ്സ്വാലിഹുകളാരും തന്നെ അനറബി ഖുതുബ നിര്‍വ്വഹിച്ചതിന് തെളിവില്ലെന്നും ഖുതുബയുടെ അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലായിരിക്കല്‍ നബി(സ)യോടുള്ള ഇത്തിബാഅ് ലഭിക്കാന്‍ അനിവാര്യമാണെന്നും ഇതിനാണ് പ്രമാണങ്ങളുടെ പിന്‍ബലമെന്നും കേരളത്തില്‍ വഹാബി പ്രസ്ഥാനത്തിന്ന് ജന്മം നല്‍കിയ കെ.എം. മൗലവിയും ഫത്‌വ നല്‍കിയിട്ടുണ്ട്. (അല്‍ ഇര്‍ശാദ് 1926 ജുലൈ നോക്കുക.)

കെ.എം. മൗലവി പറഞ്ഞാല്‍ അംഗീകരിക്കാന്‍ വഹാബികള്‍ ബാധ്യസ്ഥരാണല്ലോ. കാരണം, വഹാബി ഗ്രൂപ്പ്തര്‍ക്കത്തില്‍ മസ്‌ലഹത്താക്കാന്‍ വന്ന മധ്യസ്ഥരോട് ഇരുകൂട്ടരും അക്കാര്യം സമ്മതിക്കുന്നത് കാണുക: ”ഞങ്ങളോട് സംസാരിച്ച ബന്ധപ്പെട്ട കക്ഷികളെല്ലാം കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം മര്‍ഹൂം കെ.എം. മൗലവി സാഹിബിന്റെ കാലം മുതല്‍ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സ്വീകരിച്ചുവരുന്ന ആശയാദര്‍ശങ്ങളോട് തികഞ്ഞ യോജിപ്പ് പ്രകടിപ്പിക്കുകയും ആയതിന് മാറ്റം വരുത്തേണ്ടതില്ലെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.” (കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പലുര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍ ആരോപണങ്ങളും മറുപടിയും, പേജ് 6.)

ഖുതുബ പരിഭാഷക്ക് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ തെളിവിെല്ലന്നും വഹാബി പണ്ഡിതര്‍ ഇജ്തിഹാദ് ചെയ്തിട്ടാണ് അങ്ങനെ തീരുമാനിച്ചതെന്നും ശബാബ് 2008 നവംബര്‍ 21-ലും പറയുന്നു.

അപ്പോള്‍ ഇക്കാര്യത്തില്‍ കെ.എം. മൗലവി വ്യക്തമാക്കിയ സലഫുസ്സാലിഹുകളുടെ മാര്‍ഗ്ഗമവലംബിക്കലല്ലേ കരള ജംഇയ്യത്തുല്‍ ഉലമായുടെ ഭരണഘടനയില്‍ പറഞ്ഞ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ലൈന്‍.

അഹ്‌ലുസ്സുന്നയുടെ മാര്‍ഗ്ഗം പുലര്‍ന്നുകാണണമെന്നാഗ്രഹിക്കുന്നവരും അത് പ്രചരിപ്പിക്കുന്നവരുമാണെന്നവകാശപ്പെടുന്ന കേരള വഹാബികള്‍ ആ പാതയില്‍നിന്നകന്നതിന്റെ പ്രകടമായ മറ്റൊരു ഉദാഹരണമാണ് തറാവീഹ്. സ്വന്തം നേതാക്കളെപ്പോലും തള്ളി സ്വന്തമായി കെട്ടിച്ചമച്ചുണ്ടാക്കിയ ബിദ്അത്താണ് തറാവീഹിന്റെ റകഅത്തുകളെ വെട്ടിച്ചുരുക്കിയത്. പ്രസ്ഥാന ആചാര്യന്മാര്‍ പ്രവര്‍ത്തിച്ചതും ഉപദേശിച്ചതും ഇരുപതു റക്അത്തായിരുന്നു. ഇബ്‌നു തീമിയ്യ തന്റെ മിന്‍ഹാജുസ്സുന്നത്തിന്നബവിയ്യയിലും (4/224) ഇബ്‌നു അബ്ദുല്‍ വഹാബ് തന്റെ മുഖ്തസ്വറുല്‍ ഇന്‍സ്വാഫിലും ആദ്യകാല പാഠപുസ്തകമായ അല്‍ കിതാബുല്‍ അവ്വല്‍ ഫില്‍ അമലിയ്യാത്തിലും (പേജ് 29, ഒന്നാം പതിപ്പ് 1923 മാര്‍ച്ച് 13) ഇ.കെ. മൗലവി, ടി.കെ. മൗലവി, എം.സി.സി. അബ്ദുറഹ്മാന്‍ മൗലവി എന്നിവരും ഇക്കാര്യം വളച്ചുകെട്ടില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. പുണ്യ ഹറമുകളില്‍ വിത്‌റുള്‍പ്പെടെ ഇരുപത്തി മൂന്ന് റക്അത്താണ് ഇന്നും നിസ്‌കരിക്കുന്നത്. അബ്ദുസ്സലാം സുല്ലമിയും (മുജാഹിദുകള്‍ക്ക് ആദര്‍ശ വ്യതിയാനമോ പേജ് 24) വ്യക്തമാക്കുന്നു:

മുഅ്മിനീങ്ങളുടെ മാര്‍ഗ്ഗം ഇന്നതാണെന്ന് തെളിഞ്ഞിട്ടും ആ മാര്‍ഗ്ഗം സ്വീകരിക്കാതെ പുറംതിരിഞ്ഞ് നില്‍ക്കുന്നതിന് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ മാര്‍ഗ്ഗമെന്നാണോ വഹാബി നിഘണ്ടു വിലുള്ളത്.
മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍
ഇക്കാര്യത്തിലും അഹ്‌ലുസ്സുന്നയുടെ പാതയില്‍ നിന്നകലെയാണ് വഹാബിസം നിലകൊള്ളുന്നത്. മരണപ്പെട്ടവരുടെ പേരില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ബിദ്അത്താണെന്നാണ് അവരുടെ പക്ഷം. എന്നാല്‍ ഇക്കൂട്ടര്‍ കൊണ്ടുനടക്കുന്ന ഇബ്‌നുതീമിയ്യ തന്റെ മജ്മൂഉല്‍ ഫതാവാ 2/252-ലും ഇബ്‌നുല്‍ ഖയ്യൂം കിതാബുര്‍റൂഹ് 15-ലും പറയുന്നത്, മരിച്ചവരുടെ പേരില്‍ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അതിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്നാണ്. ഇവര്‍ ഇബ്‌നുതീമിയ്യയേയും ഇബ്‌നുല്‍ ഖയ്യിമിനെയും ഇമാമുകളായി കാണുന്നുവെന്നതാണ് ഏറെ ആശ്ചര്യകരം. അല്ലെങ്കിലും വഹാബിസം അങ്ങനെയാണല്ലോ.
മുസ്‌ലിംകള്‍ നിരാക്ഷേപം അംഗീകരിച്ചു നടപ്പിലാക്കിവരുന്ന ഒന്നാണ് മരിച്ചവരുടെ പേരില്‍ സ്വദഖ ചെയ്യല്‍. ഇക്കാര്യത്തിലും കേരള ബിദഇകള്‍ മുസ്‌ലിംകളുടെ മുഖ്യധാരയില്‍നിന്ന് അകന്നുപോയിരിക്കുന്നു. ഇവരുടെ ആചാര്യന്‍ ഇബ്‌നുതീമിയ്യ ഈ വിഷയത്തില്‍ മുസ്‌ലിംകളുടെ നടപടിക്രമം അംഗീകരിച്ചിട്ടുണ്ട്. തന്റെ മജ്മൂഉല്‍ ഫതാവാ 24/287-ല്‍ ഇത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

പൂര്‍വ്വീകരില്‍നിന്ന് സ്ഥിരപ്പെട്ട ചര്യയാണ് മരണപ്പെട്ട് ഖബറടക്കിക്കഴിഞ്ഞാല്‍ തല്‍ഖീന്‍ ചൊല്ലിക്കൊടുക്കുകയെന്നത്. കേരള ബിദഇകളില്‍ ചെറിയൊരു വിഭാഗം ഇതിനെയും വിമര്‍ശിച്ചുകാണുന്നു.  മുന്‍കര്‍ നകീര്‍(അ)നെ പറ്റിക്കാന്‍ വേണ്ടി മരണപ്പെട്ടവര്‍ക്ക് സ്റ്റഡി ക്ലാസ് കൊടുക്കുകയെന്ന് പറഞ്ഞാണിവര്‍ ഇതിനെതിരെ നിലകൊള്ളുന്നത്.

എന്നാല്‍ ഇവരുടെ ഇമാമുമാര്‍ തന്നെ ഇത് നല്ലതാണെന്നും സുന്നത്താണ്എന്നും പറഞ്ഞിട്ടുണ്ട്.  ഇബ്‌നുതീമിയ്യ ഇഖ്തിളാഉ സ്സ്വിറാതില്‍മുസ്തഖീം 2/179-ലും ഇബ്‌നു ഖയ്യിം കിതാബു റൂഹിലും (പേജ് 12) ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് മുസ്‌ലിംകള്‍ അംഗീകരിച്ചാചരിച്ച് വരുന്ന എല്ലാ കാര്യങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. പ്രസ്ഥാനത്തിന് ബീജം നല്‍കിയവര്‍ ഒരു വഴിക്കും കുട്ടി മൗലവിമാര്‍ വേറൊരു  വഴിക്കും അനുയായികള്‍ പെരുവഴിയിലുമാണ്. പാരമ്പര്യ മുസ്‌ലിംകള്‍ ചെയ്യുന്നതെന്തും കണ്ണുംചിമ്മി എതിര്‍ക്കുക എന്ന ഏക അജണ്ട മാത്രമാണിവര്‍ക്കുള്ളത്.