സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 18 June 2015

നിങ്ങളുടെ പ്രഥമരാത്രി…!


1stNigh-1

അല്ലാഹുവിന്റെ തിരുനാമത്തില്‍ , അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.(ആമീന്‍ )

പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം. ജീവിതാവസാനം വരെ നിലനില്‍ക്കേണ്ടതാണ് വിവാഹ ബന്ധമെന്നതിനാല്‍ അതിന്റെ തുടക്കവും പ്രാര്‍ത്ഥനയിലൂടെ ആയിരിക്കണമെന്നാണ് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രഥമരാത്രിയില്‍ ദമ്പതികള്‍ പരസ്പരം പരിചയപ്പെടുകയാണ്. നന്‍മയുടെയും സ്നേഹത്തിന്റെയും തണലില്‍ ഈ ദാമ്പത്യബന്ധം നിലനില്‍ക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ വേണം ദമ്പതികള്‍ ബന്ധമാരംഭിക്കാന്. രണ്ടു മനസ്സുകളുടെ പ്രഥമ സംഗമ സുദിനത്തില്‍ ഒരു നല്ല ഭര്‍ത്താവ് ഭാര്യയെ എങ്ങനെ അഭിമുഖീകരിക്കണം? വധുവിന്റെ തലയില്‍ കൈവെച്ച് ദുആ ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം, പ്രാണപ്രേയസ്സിയുടെ പ്രിയ ശിരസ്സില്‍ കൈവെച്ചുള്ള പ്രിയഥമാന്റെ പ്രഥമ പ്രാര്‍ഥന:

ഭാര്യയുടെ തലയില്‍ കൈവെച്ച് ഇങ്ങനെ പറയുക

(അള്ളാഹുവിന്‍റെ നാമത്തില്, ഞങ്ങള്‍ പരസ്പരം കൂട്ടുകാരായിരിക്കുന്നതില്‍ അള്ളാഹു അനുഗ്രഹം വര്‍ഷിക്കട്ടെ. ഇവളിലുള്ള നന്മയും ഇവളുടെ പ്രവര്‍ത്തനങ്ങളിലുള്ള നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇവളിലുള്ള തിന്മയില്‍ നിന്നും, ഇവളുടെ പ്രവര്‍ത്തനങ്ങളിലുള്ള തിന്മയില്‍ നിന്നും ഞാന്‍ കാവലിനെ ചോദിക്കുന്നു)

അതിനു ശേഷം രണ്ടു പേരും രണ്ടു റക്കഅത്ത് സുന്നത്ത് നിസ്കരിക്കല്‍ പുണ്യമാക്കപെട്ടിരിക്കുന്നു. സ്വലാത്തുല്‍ സഫാഫ്‌ (صلاة الزفاف) എന്ന സുന്നത്ത് നിസ്കാരം രണ്ടു റക്കഅത്ത് അള്ളാഹുവിനു വേണ്ടി ഞാന്‍ നിസ്കരിക്കുന്നു വെന്നു നിയ്യത്ത് ചെയ്തു നിസ്കരിക്കുക, ഒന്നാമത്തെ റകഅത്തില്‍ ഫാതിഹക്ക് ശേഷം സൂറത്ത് കാഫിറൂന്‍, രണ്ടാമത്തെ റകഅത്തില്‍ ഫാതിഹക്ക് ശേഷം സൂറത്ത് ഇഖ്‌ലാസും എന്നീ സൂറത്തുകള്‍ ഓതുന്നത് പുണ്യമാണ്, പിന്നീട് ഇരുവരും കുടുംബവിശേഷങ്ങളും ചര്‍ച്ച ചെയ്തു പരസ്പരം സഹകരിച്ചും വിട്ടുവീഴ്ച ചെയ്തും ജീവിതനൌക തുഴയാന്‍ പ്രതിജ്ഞ ചെയ്യുക.

സംസര്‍ഗ സമയത്തെ മര്യാതകള്‍

ലൈംഗികനിര്‍വൃതി, സന്താനോല്‍പാദനം, മനഃശാന്തി, ചാരിത്ര്യ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവാഹത്തിനു പിന്നില്‍ .വിവാഹിതരാകുന്ന സ്ത്രീയും പുരുഷനും പരസ്പരം ഇണക്കവും പൊരുത്തവുമുള്ളവരാകണം. ശാരീരികവും മാനസികവുമായി ഐക്യപ്പെടാനും പരസ്പരം അറിയാനും അടുക്കാനും മറക്കാനും പൊറുക്കാനും കഴിയുന്നവരായിരിക്കണം. ദാമ്പത്യജീവിതത്തില്‍ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണല്ലോ ലൈംഗിക ബന്ധം. സഹജവികാരമാണ് ലൈംഗികാസക്തി. ഇതിന്റെ നിര്‍വഹണത്തിന് വിവാഹമല്ലാതെ മറ്റു വഴികളില്ല. അതുകൊണ്ട് തന്നെ വധൂവരന്‍മാര്‍ക്കിടയില്‍ ലൈംഗികബന്ധങ്ങളുടെ ഏറ്റവും ഉത്തമവും സംതൃപ്തവുമായ അനുഭവങ്ങളുണ്ടായിരിക്കണം. നിര്‍ബന്ധമോ പീഡാനുഭവങ്ങളോ ഇല്ലാതെ പരസ്പരം ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടുക. മൃഗങ്ങള്‍ ഇണചേരുംപോലെ നിങ്ങള്‍ ഇണചേരരുത്. ബിസ്മി ചൊല്ലിയ ശേഷം ഈ ബന്ധത്തില്‍ ഉണ്ടായേക്കാവുന്ന സന്താനം നല്ല കുട്ടിയാകാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടത്. ഭാര്യക്ക് സ്നേഹവും സംതൃപ്തിയുമുണ്ടാകാന്‍ ഭര്‍ത്താവ് പ്രത്യേകം പ്രാര്‍ത്ഥിക്കണം. സംയോഗത്തിലേര്‍പ്പെടുമ്പോള്‍ ആദ്യം ബിസ്മി ചൊല്ലല്‍ സുന്നത്തുണ്ട്. അതിനു ശേഷം  സൂറത്ത് ഇഖ്‌ലാസും (قل هوالله احد) ദിക്റും, തക്ബീറും ചൊല്ലി ഇപ്രകാരം പറയണം:

بسم الله اَلّلهُمَّ جَنِّبْناً الشَّيْطَانْ وَجَنِّبِ الشَّيْطانَ مَا رَزَقْتَنَا

(നാഥാ, ഞങ്ങളില്‍നിന്നു  പിശാചിനെ നീ ദൂരീകരിക്കേണമേ. ഞങ്ങള്‍ക്കു നീ നല്‍കുന്ന സന്താനത്തില്‍ നിന്നും പിശാചിനെ ദൂരീകരിക്കേണമേ)

എന്ന പ്രാര്‍ത്ഥനയോടെയാണ് വേഴ്ച നടത്തേണ്ടത്. ഈ പ്രാര്‍ത്ഥന ചൊല്ലി നടത്തുന്ന സംസര്‍ഗത്തില്‍ ഉണ്ടാകുന്ന  സന്താനം സ്വാലിഹായിത്തീരും. അവനെ പിശാച് സ്പര്‍ശിക്കുകയില്ലെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിരിക്കുന്നു. ഇന്ദ്രിയം പുറപെടുന്ന സന്ദര്‍ഭത്തില്‍ ചുണ്ടനക്കാതെ ഈ ആയത്ത് മനസ്സില്‍ ഓര്‍ക്കണം:

  اَلْحَمْدُ لِلهِ الَذِي خَلَقَ مِنَ اْلمَاءِ بَشَرًا فَجَعَلَهُ نَسَبًا وَصِهْرًا

 “മനുഷ്യനെ വെള്ളത്തില്‍  (ശുക്ളത്തില്‍ ) നിന്ന്  സൃഷ്ടിക്കുകയും  എന്നിട്ട് അവന് കുടുംബവും ബന്ധവും നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും”

ഖിബ്ലക്ക് തിരിഞ്ഞുകൊണ്ടാവരുത് വേഴ്ച നടത്തുന്നത്. ശരീരം തുറിന്നിടാതെ ഒരു വസ്ത്രം കൊണ്ട് പുതച്ചിരിക്കണം. ചന്ദ്രമാസത്തിലെ പ്രഥമരാത്രി, അവസാനത്തെയും മധ്യത്തിലെയും രാത്രികള്‍ എന്നിവയില്‍ ബന്ധപ്പെടാതിരിക്കലാണ് ഉത്തമമെന്നു പണ്ഡിതര്‍ വിവരിക്കുന്നു. ആര്‍ത്തവവേളയിലും അത് നിലച്ചതിന്റെ ശേഷം കുളിക്കുന്നതിനുമുമ്പും, പ്രസവരക്തം പുറപ്പെടുന്ന സന്ദര്‍ഭങ്ങളിലും ലൈംഗികവേഴ്ച ഹറാമാണ്, കുറ്റകരമാണ്. സംസര്‍ഗം കഴിഞ്ഞ് അല്പനേരത്തിനു ശേഷം കുളിക്കണം. നേരംപുലരും വരെ കുളി നീട്ടിവെക്കാതിരിക്കുകയാണുത്തമം. കുളിക്കാതെ നിസ്കാരം, ഖുര്‍ആന്‍ സ്പര്‍ശം, പള്ളിയില്‍ താമസിക്കല്‍, ത്വവാഫ്, സുജൂദ് തുടങ്ങിയവ ഹറാമാണ്. “വലിയ അശുദ്ധി ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ കുളിക്കുന്നു” എന്ന നിയ്യത്തോട് കൂടി കുളി ആരംഭിക്കേണ്ടത്. 

നോമ്പുകാലത്ത് പകല്‍സമയത്ത് സംസര്‍ഗത്തിലേര്‍പ്പെടുന്നത് കടുത്ത കുറ്റമാണ്. വിപത്തുകളിറങ്ങിയ ദിനങ്ങള്, ഗ്രഹണദിനങ്ങള്, യാത്ര കഴിഞ്ഞ് എത്തിയ പകലിനു ശേഷം വരുന്ന രാത്രി, യാത്ര തിരിക്കാനുദ്ദേശിക്കുന്ന പ്രഭാതത്തിന്റെ മുമ്പുള്ള രാത്രി, നിശയുടെ ആദ്യയാമങ്ങള്‍, സൂര്യോദയത്തിനും പ്രഭാതത്തിനുമിടക്കുള്ള സമയം, അസ്തമയത്തിനും മേഘത്തിലെ ചുവപ്പുമായുന്നതിനും ഇടക്കുള്ള സമയം, മധ്യാഹ്നം, ബാങ്കിനും ഇഖാമത്തിനും ഇടയ്ക്കുള്ള സമയം, നട്ടുച്ച, കടുത്ത ചൂടുള്ള സമയം, തീക്കാറ്റടിക്കുന്ന സമയം  തുടങ്ങിയവ ലൈംഗിക വേഴ്ചക്ക് ഉത്തമമായ സമയമല്ല. ശാരീരികാരോഗ്യം പരിഗണിച്ചുള്ള നിര്‍ദേശങ്ങളാണിവയത്രയും.

സ്വപ്ന സ്കലനമുണ്ടായാല്‍  ഗുഹ്യ ഭാഗം കഴുകുകയോ മുത്രമോഴിച്ച് ശുദ്ധിയായതിനു ശേഷമല്ലാതെയോ സംയോഗം ചെയ്യരുത്. സംയോഗത്തിന് ശേഷം ഉറങ്ങുവാനോ ഭക്ഷണം കഴിക്കുവാനോ ഉദ്ദേശിക്കുകയാണെങ്കില്‍  നമസ്കാരത്തിന് വേണ്ടി വുളു ചെയ്യുന്നത് പോലെ അവന്‍ വുളു ചെയ്യണം, അത് സുന്നത്താണ് .

വലിയ അശുദ്ധിയുള്ളവന്‍ കുളിക്കുന്നതിനു മുമ്പ്  തന്റെ ദേഹത്തിലെ മുടി കളയല്‍ , നഖം വെട്ടല്‍ , രക്തം പുറപ്പെടുവിക്കല്‍ , ശരീരത്തിന്റെ അംശം വേര്‍പ്പെടുത്തല്‍  തുടങ്ങിയവ ചെയ്യരുത് .

രഹസ്യം പുറത്തു പറയരുത്

ദാമ്പത്യജീവിതം തന്നെ ഒരു രഹസ്യമാണ്. രഹസ്യം സൂക്ഷിക്കാന്‍ ദമ്പതിമാര്‍ക്കു കഴിയണം. തങ്ങളുടെ ദാമ്പത്യരഹസ്യവും ഭാര്യയുടെ മഹത്വവും സ്വഭാവദൂഷ്യങ്ങളുമെല്ലാം സുഹൃത്തുക്കളോട് പറഞ്ഞ് സ്വയം പരിഹാസ്യരും നീചന്‍മാരുമായിത്തീരുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ട്.  തിരുനബി(സ്വ) പറഞ്ഞു: സ്വന്തം ഭാര്യയുടെ അടുത്തുചെന്ന്  ആവശ്യം നിര്‍വഹിക്കുകയും പിന്നീടത് പുറത്തുപറയുകയും ചെയ്യുന്നവരാണ് ജനങ്ങളില്‍ ഏറ്റവും ദുഷ്ടര്‍ (മുസ്ലിം). കുടുംബജീവിതത്തിലും ലൈംഗിക കാര്യങ്ങളിലും മാത്രമല്ല ജീവിതത്തിലുടനീളം സ്വകാര്യത സംരക്ഷിക്കണം. വീട്ടിലെ ആഭ്യന്തര രഹസ്യങ്ങള്‍ സൂക്ഷിക്കുക അന്തസ്സുള്ള ഒരു ഗൃഹാന്തരീക്ഷത്തിനനിവാര്യമാണ്. ഭാര്യയുടെ പോരായ്മകള്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ ഭാര്യയും പരസ്പരം ചോര്‍ത്തി പുറത്തിടാന്‍ ശ്രമിക്കുന്നത് മാന്യതക്കും അന്തസ്സിനും ചേര്‍ന്ന പ്രവര്‍ത്തിയല്ല.

അല്ലാഹു നമ്മെ അവന്ന്  തൃപ്തിപെട്ട ഇണകളായി വര്‍ത്തിക്കുവാനും, അവന്നു പൊരുത്ത പെട്ട കുടുംബജീവിതം നയിക്കുവാനും നാഥന്‍ അനുഗ്രഹിക്കട്ടെ (ആമീന്‍ )