നാവ് ഇരുതല മൂര്‍ച്ചയുള്ള ആയുധത്തെ പോലെയാണ്, അല്ല അതിലും കടുപ്പമുള്ളതാണ്. നന്മയില് ഉപയോഗിച്ച് വിജയം നേടാനും തിന്മയില് വിനിയോഗിച്ച് പരാജയം വരിക്കാനും നാവ് കൊണ്ട് സാധിക്കുന്നു.
നാവിന്റെ വിപത്തുകള്‍ വളരെയധികമാണ്. വാ തോരാതെ അന്യരെ പറ്റി ഏഷണിയും പരദൂഷണവും പറയുന്നവര്‍ വ്യക്തിജീവിതത്തില്‍ ശുദ്ധരല്ലെന്നാണ് മനശാസ്ത്രജ്ഞരുടെ നിഗമനം.
വായില്‍ വരുന്നതൊക്കെ പറഞ്ഞു കൊണ്ടിരിക്കുക എന്നത് വിശ്വാസികളുടെ സ്വഭാവമല്ല. വാക്കുകള്‍ എത്ര ചെറുതാണെങ്കിലും അവ രേഖപ്പെടുത്തപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും അവയുടെ പേരില്‍ താന്‍ അല്ലാഹുവിന്റെ സന്നിധിയില്‍ വിചാരണ നേരിടേണ്ടി വരുമെന്നും സ്വര്‍ഗ്ഗ-നരകങ്ങള്‍ തീരുമാനിക്കുന്നതില്‍ അവക്ക് നിര്‍ണ്ണായകമായ പങ്കുണ്ടെന്നും തിരിച്ചരിഞ്ഞവനാണല്ലോ വിശ്വാസി. അക്കാരണത്താല്‍ സൂക്ഷിച്ചു മാത്രമേ അവന് സംസാരിക്കയുള്ളൂ. ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത് ഇങ്ങനെ: "സത്യവിശ്വാസികളെ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നല്ല വാക്ക് സംസാരിക്കുക. എങ്കില്‍ അവന് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിതീര്‍ക്കുകയും പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും." (അല അസ്ഹാബ് 70 - 71 )
നബി(സ) യുടെ സംസാര രീതിയെ കുറിച്ച് പത്നി ആഇഷ (റ) പറയുന്നു. "അല്ലാഹുവിന്റെ ദൂതന് നിങ്ങളെപ്പോലെ തുരുതുരാ സംസാരിക്കുന്ന ആളായിരുന്നില്ല. അവിടുന്ന് പറയുന്ന വാക്കുകള്‍ ഒരാള്‍ക്ക് വേണമെങ്കില്‍ എണ്ണാന്‍ പോലും കഴിയുമായിരുന്നു." ( ബുഖാരി,മുസ്ലിം)

"അല്ലാഹുവിന്റെ പ്രവാചകന് അരുളി: പരദൂഷണം വ്യഭിചാരത്തേക്കാള്‍ വലിയ കഠിനമായ കുറ്റമാണ്. "! ആളുകള്‍ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, പരദൂഷണം എന്ത് കൊണ്ടാണ് വ്യഭിചാരത്തേക്കാള്‍ കഠിനമായ കുറ്റമാകുന്നത്"? തിരുമേനി(സ) അരുളി : "ഒരു മനുഷ്യന് വ്യഭിചരിച്ചാല്‍ അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കും. എന്നാല്‍ പരദൂഷകന് അവന് ആരെ കുറിച്ച് പരദൂഷണം പറഞ്ഞുവോ അയാള്‍ വിട്ടു കൊടുക്കുന്നത് വരെ അല്ലാഹു പൊറുത്തു കൊടുക്കുകയില്ല."
അബൂ ഹുറൈറ (റ) പറയുന്നു. "ഗീബത്ത് എന്താണെന്ന് അറിയുമോ എന്ന നബി(സ) ചോദിച്ചു. അനുയായികള്‍ പറഞ്ഞു: "അല്ലാഹുവും റസൂലുമാണ് (അധികം അറിയുക) " നബി(സ പറഞ്ഞു: നീ നിന്റെ സ്നേഹിതനെ കുറിച്ച് അവനിഷ്ടമില്ലാത്തതു പറയലാകുന്നു പരദൂഷണം. "ഞാന്‍ പറയുന്നത് എന്റെ സഹോദരനില്‍ ഉള്ളതായിരുന്നാലോ?" എന്നാ ചോദ്യത്തിന് നബി(സ)യുടെ മറുപടി ഇതായിരുന്നു: നീ പറഞ്ഞത് അവനില്‍ ഉള്ളതാണെങ്കില്‍ നീ അവനെ പരദൂഷണം പറഞ്ഞവനും ഇല്ലാത്തത് പറഞ്ഞാല്‍ കളവു പറഞ്ഞവനുമാണ്." (മുസ്ലിം)
ഒരു മുസ്ലിമിനെ ഭക്ഷിക്കുന്നതിനേക്കാള്‍ (പരദൂഷണം പറയുന്നതിനേക്കാള്‍) നല്ലത് ചത്ത കോവര്‍ കഴുതയുടെ മാംസം ഭക്ഷിക്കലാണെന്നു നബി(സ) പറഞ്ഞതായി അംറബ്നു ആസ്വ് (ര) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
സ്വന്തം ന്യൂനതകളെയും ദൌര്‍ബല്യങ്ങളെയും കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുക എന്നതാണ് പരദൂഷണ മനോഭാവത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴി. തന്റെ ന്യൂനത എന്താണെന്ന് തിരിച്ചറിയുന്നവന് അപരന്റെ ന്യൂനതകള്‍ അന്വേഷിച്ചു പരക്കം പായുകയോ പ്രചരിപ്പിക്കുകയോ ഇല്ല. പ്രവാചകന്(സ) പറഞ്ഞു: തന്റെ ന്യൂനതകള്‍ അന്വേഷിച്ചു നടന്നതിനാല്‍ ജനങ്ങളുടെ ന്യൂനതകള്‍ വിസ്മരിച്ച വ്യക്തിക്ക് ഭാവുകങ്ങള്‍." (ബൈഹഖി)
കൂട്ടുകാരന്റെ കുറ്റങ്ങളും കുറവുകളും പറയണമെന്ന് ആഗ്രഹിക്കുമ്പോള്‍ നിന്റെ കുറ്റങ്ങളും കുറവുകളും നീ ചിന്തിക്കുക. (ഇബ്നു അബീ ദുന്യ)
മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞു പരിഹസിക്കുന്നവരുണ്ട്. സാഹോദര്യ ബോധത്തെ തകര്‍ത്ത് കളയുകയും മാനുഷിക ബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്ന ദുസ്വഭാവങ്ങളില്‍ ഒന്നാണ് പരിഹാസം. ആഇശ (റ) പറയുന്നു: "ഒരിക്കല്‍ ഞാന്‍ പ്രവാചകന്റെ സന്നിധിയില്‍ വെച്ച് ഒരാളുടെ അംഗവിക്ഷേപങ്ങള്‍ അഭിനയിച്ചു കാണിക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു. ഒരു മനുഷ്യനെയും ഇപ്രകാരം അനുകരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. എനിക്ക് ഇന്നയിന്ന മേന്മകളെല്ലാം ലഭിക്കുകയാണെങ്കില്‍ പോലും" (അബൂ ദാവൂദ് - തിര്‍മുദി)
തെറ്റ് ചെയ്തതിന്റെ പേരില്‍ ഒരാള്‍ തന്റെ സഹോദരനെ പരിഹസിച്ചാല്‍ ആ തെറ്റ് അയാളും ആവര്‍ത്തിച്ചിട്ടല്ലാതെ അള്ളാഹു അയാളെ മരിപ്പിക്കുകയില്ല. (തിര്‍മുദി)
ആരെങ്കിലും ഇങ്ങോട്ട് ചീത്ത വിളിച്ചാല്‍ ക്ഷമിക്കലാണ് ശ്രേഷ്ടവും കരണീയവും. അപ്പോള്‍ മലക്കുകള്‍ ചീത്ത പറയുന്നവനെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യും: തിരിച്ചും ചീത്ത വിളിച്ചാലോ? സദസ്സ് ഭാഗ്യശൂന്യമായി മലക്കുകള്‍ പിരിഞ്ഞു പോകും. എന്നാല്‍ നാവിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഒരാളുടെ ഇഹപര സൌഭാഗ്യങ്ങളെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ളവന് നല്ലതു പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. (ബുഖാരി/മുസ്ലിം)