സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 14 November 2015

ദുആയും പ്രാർത്ഥനയും

http://sunnisonkal.blogspot.com
പ്രാർത്ഥന എന്ന മലയാളപദം പോലെ തന്നെ സുപരിചിതമാണു നമുക്ക്‌ ദുആയെന്ന അറബു ശബ്ദവും. രണ്ടിന്റെയും ഉദ്ദേശാർത്ഥവും എല്ലാവർക്കുമറിയാം. ഒരാൾ തന്റെ ആവശ്യങ്ങളും ആവലാതികളും തന്റെ ദൈവത്തിന്റെ മുമ്പിൽ സമർപ്പിച്ചു പരിഹാരം തേടുമ്പോളാണ്‌ അയാൾ ദൈവത്തോട്‌ അഥവാ ദേവനോടു പ്രാർത്ഥിച്ചു എന്നു മലയാളികൾ ഏവരും പറയാറുള്ളത്‌. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മറ്റുമതസ്ഥരും മതമില്ലാത്തവരുമെല്ലാം പ്രാർത്ഥന എന്ന് ഈ അർത്ഥത്തിൽ ഉപയോഗിക്കുന്നവരാണ്‌.
ദുആ എന്നത്‌ ഇവിടെ മലയാള മണ്ണിൽ നാം മുസ്ലിംകൾ മാത്രം ഉപയോഗിക്കുന്ന പദമാണ്‌. അല്ലാഹുവിനോടു കാര്യങ്ങൾ പറയുന്നതിന്നും അവന്റെ സ്തുതികീർത്തനങ്ങൾക്കുമാണ്‌ ദുആ ചെയ്തു എന്നു നാം പറയാറുള്ളത്‌. നീട്ടിപ്പരത്തി ചർച്ച ചെയ്യേണ്ടാത്ത വിധം ഏവരും മനസ്സിലാക്കിയിട്ടുള്ള ആർക്കും മനസ്സിലാകുന്ന ലളിത സത്യമാണിത്‌. പക്ഷേ, ചിലർ വാചാടോപം നടത്തി ഈ ലളിതപദങ്ങളെയും അതിന്റെ ആശയങ്ങളെയും ദുരൂഹമാക്കുകയാണ്‌. കേരളത്തിൽ മുജാഹിദു-ജമാഅത്ത്‌ എന്നീ പേരുകളിൽ പരിചയപ്പെടുത്തുന്ന വഹ്ഹാബികളാണ്‌ ഇങ്ങനെ ദുരൂഹത സൃഷ്ടിക്കുന്നത്‌. അവരുണ്ടാക്കുന്ന വസ്‌വാസാണ്‌ ഈ പദങ്ങളെ ചൊല്ലിയുള്ള വൃഥാസ്ഥൂല ചർച്ചകൾക്കെല്ലാം കാരണം.
ബഹുദൈവ വിശ്വാസികൾ അവരുടെ പലദൈവങ്ങളുടെ പേരിൽ വ്യത്യസ്ത അമ്പലങ്ങളും ക്ഷേത്രങ്ങളും പണ്ടുകാലം മുതലേ സ്ഥാപിക്കാറുണ്ട്‌. അവിടങ്ങളിൽ വിവിധ പേരുകളിലുള്ള ദേവന്മാരുടെയും ദേവികളുടെയും പ്രതിഷ്ഠകളും വിഗ്രഹങ്ങളും ഉണ്ടാകും. ആ ദേവന്മാർക്കും ദേവിമാർക്കുമെല്ലാം വ്യത്യസ്ത ശൈലിയിലും രൂപത്തിലുമുള്ള പൂജകളും ആരാധനകളുമാണു വിധിക്കപ്പെട്ടിട്ടുള്ളതും അവർ നടത്തി വരുന്നതും. ഇങ്ങനെ തങ്ങൾ പൂജിച്ചും ആരാധിച്ചും വരുന്ന ദേവന്മാരോടും ദേവിമാരോടും അതായത്‌ ദൈവങ്ങളോട്‌ അവർ പലവിധത്തിൽ പ്രാർത്ഥിക്കാറുമുണ്ട്‌. ഏതു കാലത്തും ഏതു നാട്ടിലെയും ബഹുദൈവ വിശ്വാസികളുടെ സ്ഥിതിയാണിത്‌. നമ്മുടെ കേരളത്തിലെ ഗുരുവായൂരമ്പലത്തിലും ശബരിമല ക്ഷേത്രത്തിലും വ്യത്യസ്ത ദൈവങ്ങളെയാണല്ലോ ഹിന്ദുക്കൾ പ്രതിഷ്ഠിച്ചിട്ടുള്ളതും വിശ്വസിച്ചു പൂജിക്കുന്നതും. അവർ തൊഴുന്നതും പൂജിക്കുന്നതും ആരാധിക്കുന്നതുമെല്ലാം അവിടുത്തെ പ്രതിഷ്ഠാ ദൈവങ്ങളെയാണ്‌. പ്രകീർത്തിക്കുന്നതും പ്രാർത്ഥിക്കുന്നതുമെല്ലാം അതേ ദൈവങ്ങളോടു തന്നെ.
ഏകസത്യദൈവമായ അല്ലാഹുവിൽ അചഞ്ചലമായി വിശ്വസിക്കുന്ന, അവനെയല്ലാതെ മറ്റാരെയും ആരാധ്യനായി കാണാത്ത, ആരാധിക്കാത്ത മുവഹ്ഹിദുകളായ സത്യവിശ്വാസികളെയും ബഹുദൈവങ്ങളോടു പ്രാർത്ഥിക്കുന്നവരായി ആരോപിക്കുകയും ചിത്രീകരിക്കുകയുമാണ്‌ വഹ്ഹാബികൾ! അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായി അവർ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്ന അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മഖ്ബറകളിൽ സിയാറത്തു ചെയ്യുന്നതിനെയാണ്‌ അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും പൂജക്കും ആരാധനക്കും പോകുന്നതിനോടു തുലനപ്പെടുത്തിക്കൊണ്ട്‌ ഇവർ ഖബ്‌റാരാധന, ഖബ്‌ർ പൂജ എന്നെല്ലാം പറയുന്നത്‌!. തങ്ങൾ സന്ദർശ്ശിക്കുന്ന മഹാത്മാക്കളോട്‌ അവരുടെ ജീവിതകാലത്തെന്ന പോലെ ആവലാതികളും സങ്കടങ്ങളും പറയുന്നതിനെയും അതു തീർത്തുതരുന്നതിന്നു വേണ്ടി അപേക്ഷിക്കുന്നതിനെയുമാണ്‌ ആ മഹാത്മാക്കളോടുള്ള പ്രാർത്ഥന എന്ന് ഇവന്മാർ വിളിച്ചപഹസിക്കുന്നത്‌. ഇരുവിഭാഗത്തിന്റെയും വിശ്വാസങ്ങൾ തമ്മിൽ സാരമായ വ്യത്യാസമുണ്ട്‌.
ബഹുദൈവ വിശ്വാസികൾ അമ്പലങ്ങളിലും ക്ഷേത്രങ്ങളിലുമുള്ള പ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പലപേരിലുള്ള ദൈവങ്ങളായി വിശ്വസിക്കുന്നു. ആ ദൈവങ്ങൾക്കു നിശ്ചയിക്കപ്പെട്ട വ്യത്യസ്ത പൂജകളും ആരാധനകളും നടത്തുന്നു. അവയാണു തങ്ങൾക്കു ശരണവും ദൈവവുമെന്ന നിലക്ക്‌ അവയെ പ്രാർത്ഥിക്കുന്നു. മഹാത്മാക്കളുടെ ഖബ്‌റിങ്കൽ സന്ദർശ്ശിക്കുന്നവരാകട്ടെ, ആ ഖബ്‌റുകൾ മഹാത്മാക്കളുടെ ഭൗതിക ജഢം മറവുചെയ്യപ്പെട്ട സ്ഥലങ്ങളാണെന്ന യാഥാർത്ഥ്യ ബോധമുള്ളവരാണ്‌. അവരെല്ലാം അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ മാത്രമാണെന്നു വിശ്വസിക്കുന്നവരാണ്‌.
പക്ഷേ അവരുടെ ശരീരത്തിൽ നിന്നു വേർപ്പെട്ടുപോയ പുണ്യാത്മക്കൾക്ക്‌ ഈ മറവുചെയ്യപ്പെട്ട ഖബ്‌റുകളുമായും ഭൗതികജഢത്തിന്റെ അവശിഷ്ടങ്ങളുമായും ആത്മീയ ബന്ധമുണ്ടെന്ന് അവർ മനസ്സിലാക്കുന്നു. ഈ ഖബ്‌റിങ്കൽ വന്നു സലാം പറയുന്നതും ആവലാതി പറയുന്നതുമെല്ലാം ഇവിടെ ബന്ധമുള്ള ആത്മാക്കൾ കേൾക്കുകയും അറിയുകയും ചെയ്യുമെന്നും അവർ പ്രതീക്ഷിക്കുന്നു. ആത്മീയലോകത്തെക്കുറിച്ചും ബർസഖീ ജീവിതത്തെക്കുറിച്ചും ലോകത്തെ പഠിപ്പിക്കാൻ നിയുക്തരായ പ്രവാചകന്മാരിൽ നിന്നു പകർന്നു കിട്ടിയ പാഠങ്ങളും അറിവുകളുമാണ്‌ ഈ വിശ്വാസത്തിന്ന് അവർക്കാധാരം. ഇതുപ്രകാരമാണ്‌ അവർ മഹാത്മാക്കളുടെ ഖബറിങ്കലും അവരെ നേരിട്ടു വിളിച്ചും ആവലാതികളും സങ്കടങ്ങളും ബോധിപ്പിക്കുന്നത്‌. ഇത്‌ ഈ മഹാത്മാക്കളുടെ ശിപാർശ തേടൽ (ഇസ്തിശ്ഫാഅ്) മാത്രമാണെന്നും ശിപാർശക്കാരോടു കാര്യങ്ങൾ സാധിപ്പിച്ചു തരാൻ അപേക്ഷിക്കലും അവരോടു നേരിട്ട്‌ ആവലാതി പറയലും ശിപാർശ തേടുന്നതിന്റെ ഒരു സർവ്വാംഗീകൃത രീതിയാണെന്നും നാം കഴിഞ്ഞലക്കത്തിൽ സമർത്ഥിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയിൽ നിന്നു സാധിച്ചു കിട്ടേണ്ട കാര്യം അദ്ദേഹത്തിന്റെ ഡ്രൈവറോടു പോലും അപേക്ഷിക്കുന്നതും സാധിപ്പിച്ചു തരാൻ നേരിൽ പറയുന്നതും ഉദാഹരിക്കുകയും ചെയ്തിരുന്നു.
ഈ വിശ്വാസ വ്യത്യാസങ്ങളൊന്നും പരിഗണിക്കാതെ മറഞ്ഞവഴിക്കുള്ള നേട്ടം പ്രതീക്ഷിക്കുന്നുവെന്ന ഏകകാരണം പറഞ്ഞുകൊണ്ട്‌ വിഗ്രഹദേവന്മാരോടുള്ള ബഹുദൈവ വിശ്വാസികളുടെ അപേക്ഷയും മഹാത്മാക്കളോടുള്ള സത്യവിശ്വാസികളുടെ ആവലാതികളും അപേക്ഷയും അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥനയും ദുആയുമാണെന്നും ഇതു രണ്ടും ശിർക്കാണെന്നും ജൽപ്പിക്കുകയാണ്‌ അൽപ്പജ്ഞരായ വഹ്ഹാബികൾ! ഇതിനെത്തുടർന്നാണു ദുആയും പ്രാർത്ഥനയും അതിന്റെ നിർവ്വചനങ്ങളും പ്രയോഗാർത്ഥങ്ങളുമെല്ലാം ചർച്ച ചെയ്യപ്പെടേണ്ടി വരുന്നത്‌. വസ്‌വാസുണ്ടാക്കാൻ എളുപ്പമാണ്‌. പക്ഷേ, ഇതു വസ്‌വാസാണെന്നു തിരിച്ചറിയാനും അതിന്റെ ശല്യം തീർന്നു കിട്ടാനും വിവരം കുറഞ്ഞ സാധാരണ ജനങ്ങൾക്കു സമയമെടുക്കുമല്ലോ. അതിനാൽ സാധാരണക്കാർക്കു കാര്യം യഥാവിധം മനസ്സിലാക്കാൻ ദുആയുടെയും പ്രാർത്ഥനയുടെയും ഭാഷാപരവും സാങ്കേതികവുമായ അർത്ഥങ്ങളും പ്രയോഗങ്ങളും അൽപം വിശദീകരിച്ചെഴുതുകയാണ്‌.
🔎എന്താണു ദുആ🔎
دعا يدعوا
എന്നതിന്റെ ധാതുരൂപമാണ്‌ (مصدر) ദുആ(دعاء) എന്നത്‌. ഇതിന്റെ ക്രിയാരൂപം (فعل) വിവിധ അർത്ഥങ്ങൾക്കുപയോഗിക്കുന്നതാണ്‌. അല്ലാഹുവിനോടു പ്രാർത്ഥിച്ചു (ദുആയിരന്നു), പേർ വിളിച്ചു, വിരുന്നിനു ക്ഷണിച്ചു, പ്രബോധനം ചെയ്തു എന്നിങ്ങനെ വ്യത്യസ്ത അർത്ഥങ്ങൾ. ഈ അർത്ഥങ്ങളിലെല്ലാം ഈ ക്രിയയെ അല്ലാഹു വിശുദ്ധ ഖുർആനിൽ ഉപയോഗിച്ചിട്ടുണ്ട്‌.
ادعوا ربكم تضرعا وخفية
എന്ന ഈ ആയത്തിന്‌ 'നിങ്ങളുടെ നാഥനോടു നിങ്ങൾ താണുകേണും ശബ്ദമുയർത്താതെയും പ്രാർത്ഥിക്കുക' എന്നാണ്‌ അർത്ഥം.
(قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَٰنَ ۖ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ (الاسراء 110)
"നിങ്ങൾ അല്ലാഹു എന്നോ റഹ്‌മാൻ എന്നോ പേർ വിളിച്ചു കൊൾക. ഏതുപേർ വിളിച്ചാലും അല്ലാഹുവിന്റെ നാമങ്ങൾ അതിസുന്ദര നാമങ്ങളാണ്‌!" എന്നത്രെ ആയത്തിന്റെ സാരം. പേർ വിളിക്കുക എന്ന അർത്ഥത്തിന്നാണ്‌ അല്ലാഹു ഈ ക്രിയ പ്രയോഗിച്ചത്‌.
وَلَٰكِنْ إِذَا دُعِيتُمْ فَادْخُلُوا فَإِذَا طَعِمْتُمْ فَانْتَشِرُوا (الاحزاب 53)
എന്ന ആയത്തിൽ വിരുന്നിനു ക്ഷണിക്കുക എന്ന അർത്ഥമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. "ഒരുക്കപ്പെട്ട ഭക്ഷണത്തിലേക്കു നിങ്ങളെ ക്ഷണിക്കപ്പെട്ടാൽ ആ ക്ഷണം സ്വീകരിക്കുക. ഭക്ഷിച്ചു കഴിഞ്ഞാൽ താമസിയാതെ പിരിയുക" എന്നാണ്‌ അർത്ഥം.
يَا قَوْمَنَا أَجِيبُوا دَاعِيَ اللَّهِ وَآمِنُوا بِهِ يَغْفِرْ لَكُمْ مِنْ ذُنُوبِكُمْ (الاحقاف 31)
എന്ന ആയത്തിൽ അല്ലാഹുവിലേക്കു വിളിക്കുന്ന പ്രബോധകന്നു നിങ്ങൾ ഉത്തരം ചെയ്യുക എന്നാണുദ്ദേശ്യം. داعي എന്ന പദത്തിനു ബാങ്കുവിളിക്കാരൻ എന്നും دعوة എന്ന പദത്തിനു ബാങ്കുവിളി എന്നും അർത്ഥമുണ്ട്‌.
ഇങ്ങനെ വിവിധാർത്ഥത്തിലുള്ള ക്രിയാരൂപത്തിന്റെ ധാതുരൂപമായ ദുആഅ് എന്ന പദം പക്ഷേ, സാമാന്യേന ഒരേ അർത്ഥത്തിലാണ്‌ ഉപയോഗം.
الرغبة الى الله
എന്നാണു പ്രസിദ്ധ ഭാഷാഗ്രന്ഥമായ അൽഖാമൂസുൽ മുഹീത്വ്‌ ഇതിന്‌ അർത്ഥകൽപ്പന നടത്തിയിട്ടുള്ളത്‌. അല്ലാഹുവിലേക്കു മോഹമർപ്പിക്കുക എന്നു സാരം. ദുആയിരക്കുക, പ്രാർത്ഥിക്കുക എന്നു നാം പറയുന്നത്‌ ഈ അർത്ഥോദ്ദേശത്തിലാണ്‌. അല്ലാഹുവിനോടല്ലാതെ മറ്റരോടു താണുകേണപേക്ഷിച്ചാലും അതിന്നു ദുആ എന്നു പറയുകയില്ലെന്നു ചുരുക്കം. ഇതുപ്രകാരം അല്ലാഹു അല്ലാത്തവരോടു സത്യവിശ്വാസിയായ മനുഷ്യൻ ഏതുരീതിയിൽ അപേക്ഷിച്ചാലും, എന്തുകാര്യങ്ങൾ അപേക്ഷിച്ചാലും അവരോടു ദുആ ചെയ്തു എന്നു പറയുകയില്ല. ഭാഷാപരമായിത്തന്നെ ആ പ്രയോഗം തെറ്റാണ്‌. അതായത്‌, അപേക്ഷയുടെ സ്വരമോ അപേക്ഷിക്കപ്പെടുന്ന കാര്യം ഏതുവഴിക്കു സാധിച്ചു കിട്ടുന്നതാണെന്നോ നോക്കിയല്ല ദുആ എന്നു തീരുമാനിക്കുന്നത്‌. മറിച്ച്‌, ആരോടു ചോദിച്ചു എന്ന് പരിഗണിച്ചാണ്‌.
അല്ലാഹുവിനോടാണെങ്കിൽ ഭക്ഷണം ചോദിക്കുന്നതും രോഗശമനമോ രക്ഷയോ ചോദിക്കുന്നതുമെല്ലാം ദുആയായി മാറുന്നു. മറഞ്ഞവഴിക്കോ തെളിഞ്ഞവഴിക്കോ നേട്ടകോട്ടങ്ങൾ പ്രതീക്ഷിച്ചു കൊണ്ടാണെങ്കിലും അല്ലെങ്കിലും അല്ലാഹുവിനോടു കേണപേക്ഷിച്ചപ്പോൾ മാത്രം ദുആയും അല്ലാത്തവരോട്‌ ഇതേകാര്യം തന്നെ നടത്തുന്നതു കേവലം അപേക്ഷയുമാണ്‌.
ഭാഷാഗ്രന്ഥങ്ങളിലും സാധാരണക്കാരുടെ പ്രയോഗങ്ങളിലുമെല്ലാം ഈ നിലക്കാണു ദുആ എന്ന് പ്രയോഗിക്കാറുള്ളത്. ആദരിക്കപ്പെടുന്ന സൃഷ്ടികളോട് എന്തുകാര്യം സാധിപ്പിച്ചു തരാൻ വേണ്ടി ഭക്ത്യാദരപൂർവ്വം ആവശ്യപ്പെട്ടാലും അവരോടു ദുആ ചെയ്തുവെന്നു സാധാരണക്കാരതിനെ പറയുകയില്ല. ഇനി മരണപ്പെട്ട മഹാത്മാക്കളുടെ ഖബറിങ്കൽ വെച്ചോ അല്ലാതെയോ അവരോട് ആവലാതികൾ പറയുന്നതിനെയും അവരോടു ദുആ ചെയ്തുവെന്നു ജനങ്ങൾ പറയാറില്ല.
ഒരുദാഹരണം പറയാം. മഹാത്മാക്കളിൽ പെട്ട മുഹ്'യുദ്ദീൻ ശൈഖിന്റെ പേരിൽ നടന്നു വരുന്ന ഖുതുബിയ്യത്തിൽ ആയിരം പ്രാവശ്യം ശൈഖ് തങ്ങളെ വിളിച്ചു കൊണ്ടുള്ള ഒരു ചടങ്ങുണ്ടല്ലോ. ഇതു നടന്നു കൊണ്ടിരിക്കെ സാധാരണക്കാരാരെയെങ്കിലും ഈ ചടങ്ങിലേക്കു കൊണ്ടുവന്ന് എന്താണിവിടെ നടക്കുന്നതെന്നു ചോദിച്ചാൽ അത് മുഹ്'യുദ്ദീൻ ശൈഖു തങ്ങളോടു ദുആ ചെയ്യുകയാണെന്ന് അവരാരും പറയുകയില്ല. മുഹ്'യുദ്ദീൻ ശൈഖിനെ വിളിക്കുകയാണെന്നേ പറയൂ. വാശിമൂത്ത വല്ല വഹ്ഹാബികളും മാത്രമേ അവിടെ മുഹ്'യുദ്ദീൻ ശൈഖിനോടു പ്രാർഥിക്കുകയാണ്, ദുആ ചെയ്യുകയാണ് എന്ന് അതിനെ പറയുകയുള്ളൂ. ഇതുപോലെ ഖബർ സന്ദർശനം നടത്തി ഖബ്റാളികളോട് സംഭാഷണ രൂപേണ ആവലാതികളും സങ്കടങ്ങളും പറയുന്നതു കണ്ടാലും ഖബ്റാളികളോടു ദുആ ചെയ്യുകയാണവിടെയെന്ന് ഒരു സാധാരണക്കാരനും ഇതിനെ വിശേഷിപ്പിക്കുകയില്ല.
കാരണം വളരെ വ്യക്തമാണ്. അല്ലാഹുവിനോടു നടത്തുന്ന അപേക്ഷക്കു മാത്രമേ ദുആ ചെയ്യുകയെന്നും പ്രാർഥിക്കുകയെന്നും ജനങ്ങൾ പറയുകയുള്ളൂ. ദുആയെന്ന വാക്കിനെ അവരിപ്രകാരമാണു മനസ്സിലാക്കിയിട്ടുള്ളതും. ഈ വീക്ഷണപ്രകാരം സുന്നികൾ അല്ലാഹു അല്ലാത്തവരോടു പ്രാർഥിക്കുന്നു, സൃഷ്ടികളോടു ദുആ ചെയ്യുന്നു എന്നിങ്ങനെയുള്ള വഹ്ഹാബികളുടെ ആരോപണം തന്നെ നിരർത്ഥകമാണ്. ഭാഷാപരമായി പിഴവാണ്.http://sunnisonkal.blogspot.com