സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 16 November 2015

കുട്ടികളിലെ ഭയം എങ്ങനെ ദുരീകരിക്കാം


മനുഷ്യന്‍ ശൈശവദശ തൊട്ടുതന്നെ ഭയം എന്ന വികാരം പ്രകടിപ്പിക്കുന്നു. ഉച്ചത്തിലുള്ള ശബ്ദം, വീഴ്ച എന്നിവ കാരണമാണ് ബാല്യകാലത്ത് കുട്ടികള്‍ കൂടുതല്‍ ഭയചകിതരാകുന്നത്. ബാല്യകാലത്ത് അവര്‍ ഭയപ്പെടുവാന്‍ കാരണമാകുന്ന ചില പ്രത്യേക സാഹചര്യങ്ങള്‍ ചിലപ്പോള്‍ ദീര്‍ഘകാലം അവരില്‍ നിലനില്‍ക്കുകയും സ്വാധീനിക്കുകയും ചെയ്യും. ഭയം മനുഷ്യനില്‍ വല്ലാത്ത അസ്വാസ്ഥ്യം ഉളവാക്കുന്നു. ഭയചകിതനായ ഒരു വ്യക്തിക്ക് അവന്‍ കഴിവുകള്‍ പൂര്‍ണ്ണമായും പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. കുട്ടികളില്‍ ഇത് വളരെ വ്യക്തമാണ്. പാട്ടുപാടാന്‍ നല്ല കഴിവുണ്ടായിരുന്നിട്ടും സദസ്സിനെ അഭിമുഖീകരിക്കുമ്പോള്‍ സഭാകന്പം പിടിപെട്ട് ഭയന്ന് വിറയ്ക്കുന്നതുമൂലം തന്റെ കഴിവ് പൂര്‍ണമായി പ്രകടിപ്പിക്കുവാന്‍ ഒരു കുട്ടിക്ക് കഴിയാതെ വരുന്നു. അതേ സമയം താരതമ്യേന കഴിവ് കുറഞ്ഞ മറ്റൊരു കുട്ടി നിസ്സങ്കോചം സദസ്സിനെ അഭിമുഖീകരിച്ച് തന്റെ കഴിവ് മുഴുവനും പ്രകടിപ്പിച്ച് സമ്മാനര്‍ഹനാകുന്നു. ഇത്തരത്തിലുള്ള ഭയം ദുരീകരിക്കുന്നതിനു കാലേ കൂട്ടിയുള്ള വിശദീകരണങ്ങളും ഉപദേശങ്ങളും സഹായകമാകുന്നു.
നിഴലിനെ ഭയപ്പെടുന്ന കുട്ടികള്‍ക്ക് നിഴല്‍ എങ്ങനെ ഉണ്ടാവുന്നുവെന്ന് മനസ്സിലാക്കി കൊടുത്താല്‍ ഭയം മാറിക്കൊള്ളും. ഒരു കുട്ടി രാത്രികാലങ്ങളില്‍ ഉറക്കത്തില്‍ ഭീകരരൂപിയായ ഒരു കടുവയെ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് നിലവിളിക്കുക പതിവായിരുന്നു. ബുദ്ധിമാനായ പിതാവ് ഒരു ദിവസം കുഞ്ഞിനെ അരികില്‍ വിളിച്ച് സ്വപ്നത്തില്‍ കാണുന്ന കടുവ സ്നേഹ സമ്പന്നയായ ഒരു ജന്തുവാണെന്നും അത് കുട്ടിയോട് പ്രത്യേകം സ്നേഹം പ്രകടിപ്പിക്കുന്ന ഒന്നാണെന്നും പറഞ്ഞ് മനസ്സിലാക്കി. അന്ന് രാത്രി നിദ്രയില്‍ ‘പാവം കടുവ’ എന്ന് പറഞ്ഞു കൊണ്ട് തലയിണയെ തലോടി കുട്ടി ഉറക്കം തുടരുന്നത് ആ പിതാവ് കണ്ടു. രാവിലെ ഉണര്‍ന്നെണീറ്റ കുട്ടിക്ക് തന്റെ പിതാവിനോട് അതുവരെ താന്‍ ഭയപ്പെട്ടിരുന്ന കടുവയുടെ ചങ്ങാത്തത്തിന്റെ കഥയാണ് പറയാനുണ്ടായിരുന്നത്.
അറിവും പരിചയവും മനുഷ്യനെ ആപത്തുകളില്‍പെടാതെ ഒരു പരിധിവരെ രക്ഷപ്പെടുത്തുന്നു. അതിജീവിക്കുവാന്‍ കഴിയാത്ത ആപത്തുകളെ മുന്‍കൂട്ടി കണ്ട് അവയെ നേരിടാതെ ഭയപ്പെട്ട് പിന്‍മാറുന്നത് പലപ്പോഴും ഗുണകരമാണ്. മുതിര്‍ന്നവര്‍ പാമ്പിനെ ഭയക്കുമ്പോള്‍ ശിശുക്കള്‍ അവയെ കൈ കൊണ്ട് പിടിച്ചെന്നും വരും, കത്തിയെരിയുന്ന തീക്കൊള്ളിയില്‍ പിടിച്ചെന്ന് വരും. അവര്‍ ഭവിഷ്യത്തുക്കള്‍ അനുഭവിച്ചറിയുന്നതുവരെ അവയെക്കുറിച്ച് ബോധവാന്മാരല്ല. ശിശുക്കള്‍ വളരുന്നതിനോടൊപ്പം അനുഭവങ്ങളും അറിവും വര്‍ധിക്കുന്നു. ഭയം ജീവിതത്തില്‍ സാധാരണമായിത്തീരുന്നു.
ആശുപത്രികളില്‍ മരുന്നു കുത്തിവയ്ക്കുന്നതിനുവേണ്ടി കുട്ടികളെ കൊണ്ടുവരാറുണ്ടല്ലോ. അഞ്ചോ ആറോ മാസം പ്രായമുള്ള കൈക്കുഞ്ഞിനെ മരുന്ന് കുത്തിവെയ്ക്കുവാന്‍ കൊണ്ടുവരുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. നഴ്സ് സിറിഞ്ചില്‍ മരുന്നുമായി കുട്ടിയുടെ അടുത്തു വരുമ്പോഴും കുട്ടി അത് കണ്ട് ഭയക്കുന്നില്ല. സിറിഞ്ചിലെ സൂചി ആ പിഞ്ചു കുഞ്ഞിന്റെ ശരീരത്തില്‍ ആഴ്ന്നിറങ്ങുമ്പോള്‍ വേദന അനുഭവപ്പെടുന്നതുകൊണ്ട് മാത്രം കുട്ടി അല്‍പസമയം കരയുന്നു. എന്നാല്‍ അഞ്ചോ ആറോ വയസ്സ് പ്രായമുള്ള കുട്ടിയുടെ കഥ ഇതില്‍ നിന്നും ഭിന്നമാണ്. ആശുപത്രിയില്‍ കൊണ്ടുപോകുന്നുവെന്ന് പറയുമ്പോള്‍ തന്നെ കുട്ടി ഭയക്കുന്നു. പഞ്ചാരവാക്കുകള്‍ പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടുവരുന്ന കുട്ടി സിറിഞ്ചുമായി തന്റെ നേരെ വരുന്ന നഴ്സിനെ കാണുമ്പോള്‍ നിലവിളിക്കുന്നതും ഓടി അകലാന്‍ ശ്രമിക്കുന്നതും സാധാരണമാണ്. കുത്തിവെയ്ക്കുന്നതിനുമുമ്പുള്ള കഥയാണ് ഇത്. ബലമായി പിടിച്ച് കുത്തിവെച്ച് കഴിഞ്ഞാല്‍ കുട്ടി ഉറക്കെ നിലവിളിക്കുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യുന്നു. ഇവിടെ കുത്തിവെയ്പ്പില്‍ നിന്നുണ്ടാകുന്ന വേദനയെക്കാള്‍ അതിനെക്കുറിച്ചുള്ള ഭയമാണ് കുട്ടിയില്‍ നിലകൊള്ളുന്നത്.
കുട്ടികളുടെ മിക്ക ഭയങ്ങളും ദുരീകരിക്കാവുന്നവയാണ്. പ്രായം, ഭൂതകാലാനുഭവം, ബുദ്ധിപരമായ വളര്‍ച്ച, കുട്ടി വളര്‍ന്നുവരുന്ന കുടുംബവും സാഹചര്യവും തുടങ്ങിയവ എന്തിനെ അവന്‍ ഭയപ്പെടുന്നുവെന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ കുട്ടികളിലും ഒരേ അളവില്‍ ഭയം ഉണ്ടാകാറില്ല. ഭയം പ്രായത്തിനനുസൃതമാണെങ്കില്‍ ഭയപ്പെടേണ്ടതില്ല. ബാല്യകാലത്തെ അനുഭവങ്ങളില്‍ നിന്നും ഭാവനകളില്‍ നിന്നും ജന്മം കൊള്ളുന്ന ഭയം പില്‍ക്കാലത്ത് പ്രബലപ്പെടുകയോ അകന്നുപോവുകയോ ചെയ്യുന്നത് കുട്ടികളില്‍ വളര്‍ന്നുവരുന്ന സാഹചര്യത്തെ ആശ്രയിച്ചിരിക്കും.
സന്ധ്യ കഴിഞ്ഞാല്‍ ചിലര്‍ക്ക് ശ്മശാനത്തിനു സമീപത്തു കൂടി നടന്ന് പോകുവാന്‍ ഭയമാണ്. മറ്റു ചിലര്‍ക്ക് പുഴക്കരികില്‍ കൂടി നടക്കുവാന്‍ ഭയം. ഇത്തരം ഭയത്തിന് പലപ്പോഴും കാരണം കുട്ടിക്കാലത്തു കേള്‍ക്കുന്ന കഥകളിലെ വിവരങ്ങളായിരിക്കും. ചിലര്‍ക്ക് പാലം കടക്കുവാന്‍ വലിയ ഭയമാണ്. പാലം പണിയുമ്പോള്‍ അതിന് ദീര്‍ഘകാലം ഉറപ്പും ബലവും കിട്ടുന്നതിന് കൊച്ചു കുട്ടികളെ ജീവനോടെ അവിടെ കുഴിച്ചിടുമെന്നും ആ കുട്ടികളുടെ ആത്മാക്കള്‍ രാത്രികാലത്ത് വഴിയാത്രക്കാരെ ഉപദ്രവിക്കുമെന്നും മറ്റുമുള്ള സങ്കല്‍പക്കഥകള്‍ ചെറിയ കുട്ടികളുടെ മനസ്സില്‍പ്പെട്ടാല്‍ പിന്നെ ഒരിക്കലും മാഞ്ഞുപോകില്ല. അത്തരം കഥകള്‍ കുട്ടിക്കാലത്ത് കേട്ടിട്ടുള്ളവരില്‍ പലരും രാത്രി പാലത്തിനരികെ പോകുവാനോ, പാലത്തില്‍ കൂടി നടക്കുവാനോ തയ്യാറാവുകയില്ല.
അഞ്ചു വയസ്സുള്ള ഒരു കുട്ടിക്ക് പൊതുനിരത്തില്‍ പോകുവാനുള്ള ഭയം ഫ്രോയ്ഡ് വിശകലനം ചെയ്തു. അതില്‍ നിന്നാണ് ഉത്ക്കണ്ഠയെക്കുറിച്ചുള്ള പല സിദ്ധാന്തങ്ങളും അദ്ദേഹം മെനഞ്ഞെടുത്തത്. ബാലമനസ്സിനെ അപഗ്രഥനം ചെയ്ത് ‘അഞ്ചു വയസ്സായ ഒരു ബാലന്റെ ഭീതി’ (ജവീയശമ ീള മ ളശ്ല ്യലമൃ ീഹറ യീ്യ) എന്ന പേരില്‍ ഒരു പ്രബന്ധം ഫ്രോയ്ഡ് തയ്യാറാക്കുകയുണ്ടായി. 1906ല്‍ പുറത്തുവന്ന ഈ പ്രബന്ധം ബാല മനസ്സുകളുടെ മായാപ്രപഞ്ചത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശിയെന്നു മാത്രമല്ല, ബാല മനഃശാസ്ത്രപഠനങ്ങള്‍ക്ക് ഇത് തുടക്കം കുറിക്കുകയും ചെയ്തു.
ഭയം എന്ന വികാരം പരമ്പരാഗതമായി കൈമാറുന്നു എന്നതിന് തെളിവുകളൊന്നുമില്ല. അച്ഛന്റെയോ അമ്മയുടെയോ പ്രത്യേകതരത്തിലുള്ള അകാരണമായ ഭയം സന്താനങ്ങളിലേക്ക് പാരമ്പര്യ ശാസ്ത്രമനുസരിച്ച് കൈമാറ്റം ചെയ്യപ്പെടുന്നില്ല. എന്നാല്‍ മാതാപിതാക്കളുടെ ഇത്തരം ഭയം ക്രമേണ കുട്ടികളിലേക്ക് പകരുന്നു. കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിക്കുന്നത് കൊണ്ടോ അല്ലെങ്കില്‍ ഈ സ്വഭാവമുള്ള മുതിര്‍ന്നവരുടെ സ്വാധീനം കൊണ്ടോ അടിക്കടി ഭയമുളവാക്കുന്ന പരിതസ്ഥിതിയില്‍ വളര്‍ന്നുവരുന്നതു കൊണ്ടോ ആകാം ഇത് സംഭവിക്കുന്നത്. തെറ്റായ ശിക്ഷണമോ അല്ലെങ്കില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങളോ അതുമല്ലെങ്കില്‍ രണ്ടും കൂടിയോ കുട്ടിക്കാലത്തെ യുക്തിവിരുദ്ധമായി ഭയത്തിനുകാരണമായിത്തീരുന്നു. ഭയപ്പെടുത്തി കുട്ടികളെ പഠിപ്പിക്കുകയോ പരിശീലിപ്പിക്കുകയോ ചെയ്യുന്നത് അവരെ ന്യൂനചിന്താഗതിയിലധിഷ്ഠിതമായ വ്യക്തിത്വത്തിന്റെ ഉടമകളാക്കി മാറ്റും. എന്നാല്‍ കുട്ടികള്‍ മത്സരങ്ങളിലൂടെ മുന്നേറുന്നതും അങ്ങനെ മുന്നേറുന്നവരെ പ്രോത്സാഹിപ്പിക്കുന്നതും നല്ലൊരു പ്രവണതയാണ്. പൂര്‍ണ വ്യക്തിത്വ വികാസം നേടിയ വ്യക്തികളെ സൃഷ്ടിക്കുന്നു അത്. ഈ വഴിക്കു ചിന്തിക്കുമ്പോള്‍ പിഞ്ചുകുട്ടികളുടെ സ്വഭാവരൂപീകരണത്തിലും വ്യക്തിത്വവികാസത്തിലും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അതിമഹത്തായ പങ്കാണുള്ളതെന്നു കാണാം.
അധികം കുട്ടികളും ഇരുട്ടിനെ ഭയപ്പെടുന്നവരാണ്. രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ സമയം അരണ്ടപ്രകാശമുള്ള ഒരു വിളക്ക് അവരില്‍ സുരക്ഷിതത്വത്തിന്റെ അലകള്‍ സൃഷ്ടിക്കും. എന്നാല്‍ കുട്ടികള്‍ ചെറിയ കുറ്റങ്ങള്‍ ചെയ്യുമ്പോള്‍ അവരെ ചില രക്ഷാകര്‍ത്താക്കള്‍ ഇരുട്ടു മുറിയിലാക്കി ഉറക്കാറുണ്ട്. ഇത് കുട്ടികളുടെ മനസ്സില്‍ ഭയത്തിന്റെ മുറിവുകള്‍ സൃഷ്ടിക്കുവാന്‍ കാരണമാവുന്നു. പലരിലും ഈ മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ലെന്നു മാത്രമല്ല, പിന്നീട് ഇവ ഉഗ്രഭാവം പൂണ്ട് ഗുരുതരാവസ്ഥയിലുള്ള മനോരോഗങ്ങളായി മാറുകയും ചെയ്യുന്നു. ശാരീരിക ക്ഷതങ്ങളേക്കാളും മുറിവുകളെക്കാളും കൂടുതല്‍ അപകടകാരികളാണ് കുട്ടികളുടെ മനോമണ്ഡലങ്ങളില്‍ വീഴുന്ന വിള്ളലുകളെന്ന് പലരുടെയും പില്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ചില കുട്ടികള്‍ സ്കൂളില്‍ പോകുന്നതിനു താല്‍പര്യം കാണിക്കുന്നില്ല. സ്കൂളില്‍ പോകുന്ന കാര്യം പറയുമ്പോഴേക്കും അവരുടെ മുഖഭാവത്തിനു വ്യത്യാസമുണ്ടാക്കും. സ്കൂളില്‍ പോകാതിരിക്കുന്നതിനുവേണ്ടി കരയുന്ന ചെറിയ കുട്ടികളും കുറവല്ല. ഒരുതരം ഭീതിയാണ് ഇതിന് കാരണം. ഈ ഭീതിയുടെ കാരണം കണ്ടുപിടിച്ച് കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കി കൊടുത്താല്‍ പിന്നെ അവര്‍ മടി കാണിക്കില്ല. അടുത്തകാലത്തു നടത്തിയ ഒരു പഠനത്തില്‍ നിന്നും കുട്ടികള്‍ സ്കൂളില്‍ ആയിരിക്കുമ്പോള്‍ അവരുടെ വീട്ടില്‍ എന്തെല്ലാമാണ് നടക്കുന്നതെന്നറിയാനുള്ള ഉത്ക്കണ്ഠ സ്കൂളില്‍ പോകാനുള്ള മടിക്ക് ഒരു പ്രധാന കാരണമാകുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടിയെ അടിച്ചും പിടിച്ചും ഉന്തിയും തള്ളിയും സ്കൂളില്‍ വിടാതെ ഒരു ദിവസം വീട്ടില്‍ നില്‍ക്കാന്‍ അനുവദിച്ചാല്‍ ഈ ഭീതി മാറിയേക്കാം. എന്നാല്‍ സ്കൂളില്‍ പോകാന്‍ കുട്ടി കടുത്ത വൈമുഖ്യം പ്രകടിപ്പിച്ചാല്‍ അതിന് മറ്റ് കാരണങ്ങളുണ്ടാവുന്നു.
പത്തു വയസ്സുകാരിയായ ഒരു പെണ്‍കുട്ടി അവളുടെ അമ്മൂമ്മയോട് കൂടി താമസിച്ച് വരികയായിരുന്നു. അമ്മൂമ്മയോടൊപ്പം കുഞ്ഞമ്മയുമുണ്ടായിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയും ദൂരെ സ്ഥലത്തായിരുന്നു താമസം. കുഞ്ഞമ്മയ്ക്ക് കുട്ടിയോട് അതിയായ സ്നേഹമായിരുന്നു. എല്ലാ ദിവസവും അവളെ അണിയിച്ചൊരുക്കി സ്കൂളില്‍ വിട്ടിരുന്നതും കുഞ്ഞമ്മയായിരുന്നു. ക്രമേണ സ്കൂളില്‍ പോകുന്ന കാര്യത്തില്‍ കുട്ടിയില്‍ താല്‍പര്യം കുറഞ്ഞു വരുന്നു. പിന്നീട് കുട്ടി സ്കൂളില്‍ പോകാതെയായി. വയറുവേദന എന്നായിരുന്നു അവള്‍ കാരണം പറഞ്ഞിരുന്നത്. പരിശോധനയില്‍ കുട്ടിക്ക് അസുഖമുള്ളതായി കണ്ടില്ല. ഒടുവില്‍ കുട്ടിയുടെ അസുഖത്തിന്റെ കാരണം ഒരു പ്രത്യേക പരിതസ്ഥിതിയില്‍ ഉടലെടുത്ത ഉത്ക്കണ്ഠയാണെന്നു തെളിഞ്ഞു. അതിയായ സ്നേഹം കാട്ടിയിരുന്ന കുഞ്ഞമ്മയ്ക്ക് വിവാഹാലോചനകള്‍ വന്നുകൊണ്ടിരുന്നു. ഒടുവില്‍ വിവാഹം ഉറപ്പിച്ചു. വിവാഹം കഴിഞ്ഞാല്‍ കുഞ്ഞമ്മയെ ബോംബെയ്ക്ക് കൊണ്ടുപോകും എന്നായിരുന്നു കുട്ടി കേട്ടറിഞ്ഞത്. താന്‍ സ്കൂളില്‍ ആയിരിക്കുമ്പോള്‍ വിവാഹം നടത്തി കുഞ്ഞമ്മയെ ബോംബെയ്ക്ക് കൊണ്ടുപോകുമോ എന്നതായിരുന്നു കുട്ടിയുടെ ഉത്ക്കണ്ഠയ്ക്ക് കാരണം. കുട്ടി സ്കൂളിലായിരിക്കുമ്പോള്‍ കുഞ്ഞമ്മയുടെ വിവാഹം കഴിഞ്ഞ് അവര്‍ വീട് വിട്ട് പോകില്ലെന്നും ബന്ധുമിത്രാദികളെ കൂടി ക്ഷണിച്ചുവരുത്തിയേ വിവാഹം നടത്തുകയുള്ളൂവെന്നും അപ്പോള്‍ പന്തലിടുകയും മറ്റും ചെയ്യുമെന്നും പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ കുട്ടി വീണ്ടും സ്കൂളില്‍ പോകുവാന്‍ തുടങ്ങി.

ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി