📚ഉറുക്ക്, മന്ത്രം, ഏലസ്സ്📝
〰〰〰〰〰〰〰〰〰〰
http://sunnisonkal.blogspot.com
👇👇👇👇👇👇👇👇👇👇
👉 ഇത് നമ്മുടെ ഒരു സുഹുര്‍ത്ത് ചോദിച്ചത് കൊണ്ട് പോസ്റ്റ് ചെയ്യുകയാണ് , മുകളില്‍ പറയുന്നതെല്ലാം ശിര്‍ക്ക് ആണെന്ന് ഒരു മുജാഹിദ് മൗലവി പറയുന്നതായി കേട്ടു , എന്താണ് ശെരിക്കും അങ്ങനെ തന്നെ ആണോ എന്ന് ?👆
👉 ഉത്തരം : ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ , ആദ്യ കാല മുജാഹിദുകള്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളെയും നിഷിദ്ധമായി എതിര്‍ത്തിരുന്നു . ഇപ്പോള്‍ നവീന സലഫികള്‍,ഗള്‍ഫ് നാടുകളിലെ സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ അംഗീകരിച്ചപ്പോള്‍ കേരള മുജാഹിദുകള്‍ " റുക്കിയ്യ ശറഇയ്യ " എന്ന പേരില്‍ ഇപ്പോള്‍ ഇതിനെ അംഗീകരിച്ചു വരുന്നു .
വിഷയത്തിലോട്ട് കടക്കാം , നബി (സ) മന്ത്രങ്ങളെയും , എലസ്സുകളെയും എതിര്‍ത്തിട്ടുണ്ട് . അത് ശിര്‍ക്ക് കലര്‍ന്ന മന്ത്രങ്ങളും , ജാഹിലിയ കാല ഘട്ടത്തിലെ ദൈവങ്ങളുടെ പേര് ഉച്ചരിച്ചു ഊതുന്ന മന്ത്രങ്ങളും ആയിരുന്നു എന്ന് വ്യക്തമായി തന്നെ ഹദീസുകളുടെ ഷറഹ് പഠിക്കുന്നവര്‍ക്ക് ബോധ്യപ്പെടും ...
ഖുര്‍ആന്‍ ആയത്തുകളും , അല്ലാഹുവിന്‍റെ നാമങ്ങളും ഉച്ചരിച്ചു മന്ത്രിക്കുന്ന മന്ത്രങ്ങള്‍ അനുവദനീയമാണ് , അത് സഹാബത്ത് നമുക്ക് കാണിച്ചു തന്നിട്ടുള്ളതും , നബി (സ) അനുമതി കൊടുത്തിട്ടുള്ളതും ആണ് , ഒന്ന് വിശദമായി പഠിക്കാം . 👇👇👇
💥ഉറൂക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയചികിത്സകള്‍ക്ക് ഇസ്ലാമില്‍ വ്യക്തമായ തെളിവുകളുണ്ട്. ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവുമായി നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു’‘ (അല്‍ഇസ്റാഅ്, 82). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതുന്നു “ഖുര്‍ആന്‍ ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ക്ക് ശമനമാകുന്നു” (റാസി 11/35). ഇമാം ഖുര്‍ത്വുബി (റ) വിശദീകരിക്കുന്നു:
“ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശമനമാകുന്നത് അതു കൊണ്ട് മന്ത്രിക്കുകയും എഴുതിക്കെട്ടുകയും ചെയ്യുമ്പോഴാണ്” (അല്‍ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍, 5/284). ഇമാം നവവി(റ) പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍ കൊണ്ടും അറിയപ്പെടുന്ന ദിക്റുകള്‍ കൊണ്ടും മന്ത്രിക്കുന്നതിന് വിരോധമില്ല. അത് സുന്നതാകുന്നു”(ശറഹു മുസ്ലിം 7/169).
നബി (സ്വ) മന്ത്രിക്കുകയും സ്വഹാബത്ത് അത് അനുകരിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. ‘നബി (സ്വ) യുടെ മന്ത്രം’ എന്ന അധ്യായത്തില്‍ അബ്ദുല്‍ അസീസി ല്‍ നിന്ന് നിവേദനം: “അദ്ദേഹം പറയുന്നു: ഞാനും സാബിതും അനസുബ്നു മാലിക് (റ) വിന്റെ അടുക്കല്‍ ചെന്നു. സാബിത് പറഞ്ഞു: അബാ ഹംസഃ, എനിക്ക് സുഖമില്ല. അപ്പോള്‍ അനസ് (റ) ചോദിച്ചു: ഞാന്‍ നബി (സ്വ) യുടെ മന്ത്രം കൊണ്ട് നിന്നെ മന്ത്രിക്കട്ടെയോ? സാബിത് ‘അതെ’ എന്ന് മറുപടി പറഞ്ഞു” (ബുഖാരി വാ. 13, പേ. 117).
💥ആഇശഃ (റ) പറയുന്നു: “നിശ്ചയം നബി(സ്വ)മന്ത്രിക്കാറുണ്ടായിരുന്നു” (ബുഖാരി വാ. 13, പേ. 118). ആഇശഃ(റ)യില്‍ നിന്നു നിവേദനം: “നബി(സ്വ)യുടെ ഭാര്യമാരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവിടുന്ന് മുഅവ്വിദതൈനി ഓതി രോഗിയെ ഊതാ റുണ്ടായിരുന്നു. രോഗബാധിതനായപ്പോള്‍ നബി (സ്വ) ഈ സൂറതുകള്‍ ഓതി സ്വന്തം കൈയില്‍ ഊതുകയും ശരീരം തടവുകയും ചെയ്തിരുന്നു” (ബുഖാരി 13/126, മുസ്ലിം 14/182).
നബി(സ്വ) തുപ്പുനീരു കലര്‍ത്തി മന്ത്രിച്ച സംഭവം ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാ നത്തില്‍ ഇബ്നുല്‍ഖയ്യിം എഴുതുന്നു: “ഈ ഹദീസിന്റെ അര്‍ഥം ഇപ്രകാരമാണ്. നബി (സ്വ) അല്‍പ്പം തുപ്പുനീര് തന്റെ ചൂണ്ടുവിരലില്‍ എടുത്തു മണ്ണില്‍ പുരട്ടി നബി (സ്വ) യുടെ തുപ്പുനീര് പുരണ്ട ആ മണ്ണ് മുറിവില്‍ പുരട്ടുകയും ചെയ്തു” (സാദുല്‍ മആദ്, 4/147). ഈ ഹദീസിനെക്കുറിച്ച് ഇബ്നുഹജര്‍ (റ) എഴുതുന്നു: “ഇമാം നവവി (റ) ഈ ഹദീസിന്റെ അര്‍ഥം വിവരിക്കുന്നതിങ്ങനെയാണ്: നബി (സ്വ) തന്റെ തുപ്പുനീര് പുരട്ടിയ മണ്ണില്‍ മന്ത്രം ഉരുവിട്ടുകൊണ്ട് മുറിവില്‍ പുരട്ടിയിരുന്നു”. ഖുര്‍തുബി (റ) പറയുന്നു: “എല്ലാ വേദനകള്‍ക്കും മന്ത്രിക്കാമെന്നതിന് ഈ ഹദീസ് തെളിവാകുന്നു” (ഫത്ഹുല്‍ ബാരി 13/121).
ഹാഫിള് ഇബ്നു അബീശൈബഃ (റ) ആഇശഃ (റ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു: “വെള്ളത്തില്‍ മന്ത്രിച്ച് ആ വെള്ളം രോഗിയുടെ മേല്‍ കുടയുന്നതിന് യാതൊരു വിരോ ധവുമില്ല” (മുസ്വന്നഫ്, 5/433). അയ്യൂബ് (റ) പറയുന്നു: “ഞാന്‍ ഇബ്നു ഉമര്‍(റ)വിന്റെ മകന്‍ ഉബൈദുല്ലാഹിയുടെ കൈയില്‍ (മന്ത്രിച്ച) നൂല്‍ കണ്ടു”(മുസ്വന്നഫ് ഇബ്നു അബീശൈബഃ, 5/439).
💥ഇമാം നവവി(റ)പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍, ദിക്റുകള്‍ എന്നിവ കൊണ്ട് മന്ത്രിക്കുന്നതിന് വിരോധമില്ല” (ശറഹുല്‍മുഹദ്ദബ് 9/67). വിശുദ്ധ ഖുര്‍ആനോ മറ്റു ദിക്റുകളോ എഴുതിക്കെട്ടുന്നതി നാണ് ‘ഏലസ്സ്’ എന്നു പറയുന്നത്. അംറുബ്നു ശുഐബ് (റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: “ഉറക്കത്തിലുണ്ടാകുന്ന ഭയത്തില്‍ നിന്ന് മോചനം നേടാനായി, അഊദു ബികലിമാത്തില്ലാഹി… എന്നു തുടങ്ങുന്ന മന്ത്രം നബി(സ്വ)സ്വഹാബത്തിന് പഠിപ്പിച്ചുകൊടുത്തിരുന്നു. സ്വഹാബി പ്രമുഖനായ ഇബ്നുഅംറ്(റ)പ്രായപൂര്‍ത്തിയായ തന്റെ മക്കള്‍ക്ക് ഇത് പഠിപ്പിച്ചുകൊടുക്കുകയും ചെറിയ കുട്ടികള്‍ക്ക് ഇത് എഴുതി ക്കൊടുക്കുകയും ചെയ്തിരുന്നു” (അബൂദാവൂദ്, 16/222). “ഇബ്നുഉമര്‍(റ) ഉറുക്കെഴുതി തന്റെ കുട്ടിയുടെ കഴുത്തില്‍ കെട്ടിക്കൊടുത്തിരുന്നു” (റാസി, 1/82)
💥ഹാഫിളു ഇബ്നു അബീശൈബഃ (റ) ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു:
“പ്രസവിക്കാന്‍ വിഷമിക്കുന്ന സ്ത്രീക്ക് നിസാഅ് സൂറഃയിലെ 46-ാം ആയതും അഹ്ഖാഫ് സൂറഃയിലെ 35-ആം ആയതും മറ്റു ചില ദിക്റുകളും പിഞ്ഞാണത്തില്‍ എഴുതി അത് കഴുകിയ വെള്ളം കുടിപ്പിച്ചാല്‍ പ്രസവം സുഖകരമാകുന്നതാണ്” (മുസ്വ ന്നഫ്, 5/433).
ഇബ്നുല്‍ഖയ്യിം എഴുതുന്നു: “വൃത്തിയുള്ള ഒരു പാത്രത്തില്‍ സൂറതുല്‍ ഇന്‍ശിഖാഖ് ഒന്നുമുതല്‍ നാലുവരെയുള്ള ആയതുകള്‍ എഴുതി അത് കഴുകിയ വെള്ളം ഗര്‍ഭിണിയെ കുടിപ്പിക്കുകയും അവളുടെ വയറിന്മേല്‍ കുടയുകയും വേണം”(സാദുല്‍ മആദ്, 4/292).
ഇബ്നുതൈമിയ്യഃ എഴുതുന്നു: “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി…. എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” (ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).
മന്ത്രം, ഉറുക്ക്, ഏലസ്സ് തുടങ്ങിയവക്കെല്ലാം നബി (സ്വ) മാതൃക കാണിക്കുകയും അത് സ്വഹാബിമാര്‍ക്കിടയില്‍ വ്യാപകമാവുകയും ചെയ്തിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഇന്നത്തെ പരിഷ്കരണവാദികളുടെ ആചാര്യന്മാരായ ഇബ്നു തൈമിയ്യഃ, ഇബ്നുല്‍ഖയ്യിം തുടങ്ങിയവര്‍ പോലും അത് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും മുസ്ലിം സമുദായത്തില്‍ നിന്ന് ഇത്തരം ആത്മീയ ചികിത്സാ മുറകള്‍ പറിച്ചുമാറ്റാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ മുന്‍കാല നേതാക്കളുടെ ഗ്രന്ഥങ്ങളെങ്കിലും പരിശോധിച്ചിരു ന്നെങ്കില്‍!
💥പിഞ്ഞാണമെഴുത്തിന്‍റെ വിധി💥
മന്ത്രം ഇസ്‍ലാമികമാണെന്നും ചില ഖുര്‍ആന്‍ വചനങ്ങളും ദിക്റുകളും ചൊല്ലി നബി(സ) യും സ്വഹാബത്തും മന്ത്രിച്ചിട്ടുണ്ടെന്നും ഹദീസുകളില്‍ നിന്നും മനസ്സിലാകുന്നു. എന്നാല്‍ പിഞ്ഞാണമെഴുതി കുടിക്കുക പോലുള്ള ചികിത്സാ രീതികളെ കുറിച്ച് ഒന്നും കാണുന്നില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ ചിലര്‍ പിഞ്ഞാണം പോലുള്ള പാത്രങ്ങളില്‍ ഖുര്‍ആന്‍ എഴുതി കൊടുക്കുകയും രോഗികളോടും ഗര്‍ഭിണികളോടും അതു കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇസ്‍ലാമില്‍ ഇങ്ങനെയൊരു ചികിത്സാ സന്പ്രദായം അനുദവിക്കപ്പെട്ടിട്ടുണ്ടോ? തെളിവുകള്‍ സഹിതം വ്യക്തമാക്കിലായും?
= ഇസ്‍ലാം അംഗീകരിച്ച ചികിത്സാ രീതികളില്‍ പെട്ടതാണ് മന്ത്രവും ഉറുക്കും പിഞ്ഞാണമെഴുത്തുമെല്ലാം. പ്രമുഖ സ്വഹാബികള്‍ ഇത്തരം ചികിത്സകള്‍ നടത്തിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്‍ലാമിലെ പാരന്പര്യ വിശ്വാസികളും പരിഷ്കരണവാദികളുമെല്ലാം അതംഗീകരിച്ചതുമാണ്. ഇസ്‍ലാഹീ പണ്ഡിതനായി ചിത്രീകരിക്കപ്പെടുന്ന ഇബ്നു ഖയ്യിം (1292-1350) തന്നെ ആത്മീയ ചികിത്സാ മാര്‍ഗങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു : 'ഖുര്‍ആന്‍ എഴുതി കുടിക്കല്‍ അനുവദനീയമാണെന്ന് സലഫുകളില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ എഴുതിയത് കഴുകി രോഗികള്‍ക്ക് കുടിപ്പിക്കുന്നതില്‍ വിരോധമില്ലെന്നും ഇമാം മുജാഹിദ്, അബൂ ഖിലാബ എന്നിവര്‍ പറഞ്ഞിരിക്കുന്നു. പ്രസവത്തിനു പ്രയാസം നേരിട്ട ഒരു സ്ത്രീക്കു ഖുര്‍ആന്‍ പിഞ്ഞാണത്തിലെഴുതിയത് കുടിപ്പിക്കാന്‍ ഇബ്നു അബ്ബാസ് (റ) കല്‍പിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വേദനകൊണ്ട് ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക് അബൂഖിലാബ(റ) പിഞ്ഞാണമെഴുതി കുടിപ്പിക്കുന്നത് കണ്ടതായി അയ്യൂബ് പറഞ്ഞിരിക്കുന്നു. (സാദുല്‍ മആദ് 4/154)
ഇമാം സുയൂഥി (റ) ഇതേകുറിച്ച് രേഖപ്പെടുത്തുന്നതു കാണുക : 'ഒരു പാത്രത്തില്‍ ഖുര്‍ആന്‍ എഴുതുകയും പിന്നീട് അതു കഴുകി രോഗിയെ കുടിപ്പിക്കുകയും ചെയ്യുന്ന രീതിയെ സംബന്ധിച്ച് ഹസനുല്‍ ബസ്വരി, മുജാഹിദ്, അബൂഖിലാബ, ഔസാഈ തുടങ്ങയവര്‍ വിരോധമില്ലെന്നു പറഞ്ഞതായി ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ അഭിപ്രായം തന്നെയാണ് നമ്മുടെ മദ്ഹബിന്‍റെ വീക്ഷണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു ഭക്ഷ്യവസ്തുവിന്‍റെ മേല്‍ ഖുര്‍ആന്‍ എഴുതുകയും പിന്നീടതു ഭക്ഷിക്കുകയും ചെയ്താല്‍ അതിനും വിരോധമില്ലെന്നു ഇമാം ഖാസി ഹുസൈന്‍ , ബഗവി തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.' (അല്‍ ഇത്ഖാന്‍ 2/212)
നമ്മുടെ നാടുകളില്‍ നിലവിലുള്ള പിഞ്ഞാണം പോലുള്ളതില്‍ ഖുര്‍ആന്‍ എഴുതി കൊടുക്കുകയും രോഗികളോടും ഗര്‍ഭിണികളോടും അതു കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന രീതി ഇസ്‍ലാമില്‍ അംഗീകരിക്കപ്പെട്ടതു തന്നെയാണെന്നു ഇവിടെ വ്യക്തം. 'സത്യവിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിക്കുന്നു. (ഖുര്‍ആന്‍ 17/82) എന്ന ആയത്തിന്‍റെ അര്‍ത്ഥ വ്യാപ്തിയില്‍ ഉറുക്കും മന്ത്രവും പിഞ്ഞാണമെഴുത്തുമെല്ലാം പെടുമെന്ന് ഇമാം ഖുര്‍ത്വുബി തന്‍റെ തഫ്സീറില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആധുനിക സലഫികളും ഉല്‍പതിഷ്ണുകളും ആധാരമാക്കാറുള്ള ഫതാവല്‍ ഇസ്‍ലാമിയ്യ 10/2567 ലും ഇത് അംഗീകരിച്ചിട്ടുണ്ട്.
💥ഇസ്ലാമും മാന്ത്രിക ചികിത്സയും?💥
മന്ത്രം, ഉറുക്ക്, ഏലസ്സ് മുതലായവകൊണ്ട് ചികിത്സിക്കുന്നതിനാണല്ലോ മാന്ത്രികചികിത്സ എന്നു പറയുന്നത്. അല്ലാഹുവിന്റെ പേരുകള്‍, ഖുര്‍ആന്‍ വചനങ്ങള്‍, നബി(സ)യുടെ വചനങ്ങള്‍, അദ്കാറുകള്‍ തുടങ്ങിയവ കൊണ്ട് ചികിത്സിക്കുമ്പോള്‍ അതിന് ഇസ്‌ലാമിക മാന്ത്രികചികിത്സ എന്നു പറയാം. ഇത് ഇസ്‌ലാം അംഗീകരിച്ചതും പ്രമാണങ്ങളിലും പണ്ഡിത വചനങ്ങളിലും തെളിവുള്ളതുമാണ്. ശിര്‍ക്കു വരുന്ന വചനങ്ങള്‍ കൊണ്ട് ചികിത്സിക്കുന്നതിനെയാണ് ഇസ്‌ലാം വിരോധിച്ചിട്ടുള്ളത്. ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ടും ദിക്‌റുകള്‍ കൊണ്ടും മന്ത്രിക്കുന്നത് സുന്നത്താണെന്നും അത് വിരോധിക്കപ്പെട്ടതല്ലെന്നും ഇമാം നവവി(റ) ശറഹ് മുസ്‌ലിം 2/219-ല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
നബി(സ) മന്ത്രിക്കുകയും ഊതുകയും ചെയ്തിരുന്നു വെന്നും അത് ചെയ്തിരുന്നവരെ അംഗീകരിച്ചിരുന്നുവെന്നും സ്വഹാബികളെ ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നും ഹദീസുകളില്‍നിന്നും മനസ്സിലാക്കാം.
👉 ആയിശ(റ) പറയുന്നു: ഉറങ്ങാന്‍ കിടക്കുമ്പോള്‍ നബി(സ) ഖുല്‍ഹുവല്ലാഹ് സൂറത്തും മുഅവ്വിദതൈനിയും ഓതുകയും രണ്ടു കയ്യിലും ഊതി മുഖത്തും കയ്യെത്തുന്ന ശരീരഭാഗങ്ങളിലും തടവുകയും ചെയ്യുമായിരുന്നു. തിരുമേനിക്ക് രോഗം വന്നപ്പോള്‍ അപ്രകാരം ചെയ്തുകൊടുക്കാന്‍ എന്നോട് കല്‍പ്പിക്കുകയുണ്ടായി. (ബുഖാരി: 2/855) ഇമാം സുഹ്‌രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇപ്രകാരം ചെയ്തതായി യൂനുസ്(റ) പറഞ്ഞതും ഇമാം ബുഖാരി(റ) ഉദ്ദരിച്ചിട്ടുണ്ട്.👈
👉ആയിശ(റ) തന്നെ പറയുന്നു: തന്റെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ നബി(സ) മുഅവ്വിദാത്ത് കൊണ്ട് മന്ത്രിക്കുമായിരുന്നു. തിരുമേനി വഫാത്തായ രോഗം വന്നപ്പോള്‍ ഞാന്‍ മന്ത്രിക്കുകയും തിരുമേനിയുടെ കൈകൊണ്ട് തന്നെ തടവിക്കൊടുക്കുകയും ചെയ്തു. എന്റെ കയ്യിനേക്കാള്‍ ബറകത്തുള്ളത് തിരുമേനിയുടെ കരത്തിനാണല്ലോ. (മുസ്‌ലിം 2/222) സ്ത്രീ പുരുഷനെ മന്ത്രിക്കുക എന്ന ഒരു അദ്ധ്യായം തന്നെ ബുഖാരിയിലുണ്ട്. മേല്‍സംഭവമാണ് അതില്‍ പ്രതിപാദിച്ചിട്ടുള്ളത്.👈
👉നബി(സ) മന്ത്രിക്കുമ്പോള്‍ ‘തുര്‍ബതു അര്‍ളിനാ വരീഖതു ബഅ്‌ളിനാ യശ്ഫീ സഖീമനാ ബിഇദ്‌നി റബ്ബിനാ’ എന്ന് പറയാറുണ്ടായിരുന്നുവെന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്തിട്ടുണ്ട്. ‘നബി(സ)യുടെ മന്ത്രം’ എന്ന അദ്ധ്യായത്തിലാണ് ഈ ഹദീസുള്ളത്. (2/856)
മന്ത്രിക്കുമ്പോള്‍ തിരുമേനി ഊതിയിരുന്നു എന്ന് ഇബ്‌നുമാജ നിവേദനം ചെയ്തിട്ടുണ്ട് (പേ. 252). ഇതിന്റെ അര്‍ത്ഥം ഇബ്‌നുമാജയുടെ ഹാശിയയില്‍ ഇപ്രകാരം വിവരിക്കുന്നു: അതായത് തിരുമേനി മുഅവ്വിദാത്ത് ഓതുകയും രോഗിയുടെ മേല്‍ ഊതുകയും ചെയ്തിരുന്നു. (ഇന്‍ജാഹുല്‍ ഹാജ ഹാശിയാത്തു ഇബ്‌നുമാജ).👈
👉സാഇബുബ്‌നു യസീദ്(റ) എന്ന സ്വഹാബി പറയുന്നു: എന്റെ മാതൃസഹോദരി എന്നെ നബി(സ)യുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എന്റെ സഹോദരീ പുത്രന്‍ രോഗിയാണ്.’ തിരുമേനി എന്റെ തല തടവുകയും എനിക്ക് ബറക്കത്ത് കൊണ്ട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് നബി(സ) വുളു ചെയ്യുകയും തിരുമേനിയുടെ ബാക്കി വെള്ളം ഞാന്‍ കുടിക്കുകയും ചെയ്തു. (ബുഖാരി: 1/31)👈
👉അബൂമൂസാ(റ) എന്ന സ്വഹാബി പറയുന്നു: നബി തിരുമേനി ഒരു പാത്രം വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. നബി(സ) രണ്ടു കയ്യും മുഖവും വെള്ളത്തില്‍ കഴുകി. ആ വെള്ളത്തിലേക്ക് തുപ്പുകയും ചെയ്തു. പിന്നീട് എന്നോടും ബിലാല്‍(റ)വിനോടും ആ വെള്ളം കുടിക്കാനും ഞങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കാനും പറഞ്ഞു. (ബുഖാരി: 1/31)👈
👉ജാബിര്‍(റ) രോഗിയായപ്പോള്‍ നബി(സ) സന്ദര്‍ശിക്കാന്‍ ചെന്നു. അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ല. നബി(സ) വുളു ചെയ്യുകയും ബാക്കി വെള്ളം അദ്ദേഹത്തിനുമേല്‍ ഒഴിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന് ബോധം തെളിയുകയും നബി(സ)യോട് അനന്തരാവകാശത്തെ കുറിച്ച് മസ്അല ചോദിക്കുകയും ചെയ്തു. (ബുഖാരി 1/32)👈
👉ഉമ്മു സുലൈം(റ) നബി(സ)യുടെ വിയര്‍പ്പ് ശേഖരിച്ചിട്ട് കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന സംഭവം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തതാണ്. ഇതെന്താണെന്ന് തിരുമേനിയുടെ ചോദ്യത്തിന് സുഗന്ധമായി ഉപയോഗിക്കാനും കുട്ടികള്‍ക്ക് ബര്‍ക്കത്തിനും വേണ്ടി എന്നായിരുന്നു മഹതിയുടെ മറുപടി. ഈ മറുപടിക്ക് ‘അസ്വബ്തി’ ( നീ ശരി കണ്ടെത്തിയിരിക്കുന്നു) എന്നായിരുന്നു നബി(സ)യുടെ പ്രതികരണം.
ഉമ്മു സലമ ബീവി(റ)യുടെ വശം നബി(സ)യുടെ ഒരു മുടി ഉണ്ടായിരുന്നു. ആര്‍ക്കെങ്കിലും കണ്ണേറോ മറ്റു വല്ല രോഗമോ സംഭവിച്ചാല്‍ ഒരു പാത്രം വെള്ളവുമായി മഹതിയെ സമീപിക്കുകയും മുടി വെള്ളത്തില്‍മുക്കി കുടിക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി)👈
👉നബി(സ)യുടെ ഒരു കുപ്പായം ആയിശ(റ)യുടെ വശമുണ്ടായിരുന്നു. മഹതി വഫാതായപ്പോള്‍ അത് സഹോദരി അസ്മാഅ് ബിന്‍ത് അബൂബക്കര്‍(റ) ആണ് സൂക്ഷിച്ചിരുന്നത്. രോഗികള്‍ക്ക് ആ കുപ്പായം വെള്ളത്തിലിട്ട് കുടിക്കാന്‍ കൊടുത്ത് ചികിത്സിക്കാറുണ്ടായിരുന്നു. (മുസ്‌ലിം)👈
👉ഹബീബുബ്‌നു യസാഫ്(റ) വിന് ബദ്ര്‍ യുദ്ധത്തില്‍ വെട്ടു കൊണ്ട് പരിക്കേറ്റു. നബി(സ) അദ്ദേഹത്തെ മന്ത്രിക്കുകയും സുഖപ്പെടുകയും ചെയ്തു. (ബൈഹഖി)👈
👉ഖസ്അം ഗോത്രക്കാരിയായ ഒരു സ്ത്രീ ഒരു കുട്ടിയുമായി നബി(സ)യെ സമീപിച്ചു. ആ കുട്ടിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തിരുമേനി അല്പം വെള്ളം കൊണ്ടുവരികയും അതിലേക്ക് കുലുക്കുഴിഞ്ഞ് തുപ്പുകയും രണ്ട് കൈകളും ആ വെള്ളത്തില്‍ കഴുകുകയും ചെയ്തു. ആ വെള്ളം ആ സ്ത്രീക്ക് കൊടുത്ത് കുട്ടിക്ക് കുടിക്കാന്‍ കൊടുക്കാനും കുട്ടിയെ വെള്ളംകൊണ്ട് തടവാനും ആജ്ഞാപിച്ചു. കുട്ടി സുഖംപ്രാപിക്കുകയും മറ്റുള്ളവരേക്കാള്‍ ബുദ്ധിമാനാവുകയും ചെയ്തു. (ഇബ്‌നു അബീ ശൈബ)👈
👉ആയിശ(റ) മുഅവ്വിദതൈനി ഓതി മന്ത്രിച്ച വെള്ളം രോഗികള്‍ക്ക് നല്‍കാറുണ്ടായിരുന്നു. (ഖുര്‍തുബി)
ഉറക്കത്തില്‍ പേടിച്ചാല്‍ ‘അഊദു ബികലിമാത്തില്ലാഹി ത്താമ്മാത്തി…’ എന്നു തുടങ്ങുന്ന ഒരു പ്രാര്‍ത്ഥന ചൊല്ലാന്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു അംറ്(റ) എന്ന സ്വഹാബി തന്റെ പ്രായപൂര്‍ത്തി എത്തിയ മക്കള്‍ക്ക് ഈ പ്രാര്‍ത്ഥന പഠിപ്പിച്ചുകൊടുത്തു. ഇതൊരു കടലാസിലെഴുതി പ്രായപൂര്‍ത്തി എത്താത്ത മക്കളുടെ കഴുത്തില്‍ കെട്ടിക്കൊടുക്കുകയും ചെയ്തു. (അബൂദാവൂദ്, തുര്‍മുദി)👈
👉ഖുര്‍ആന്‍ എഴുതിക്കെട്ടാന്‍ സഈദുബ്‌നു മുസയ്യബ് (റ) എന്ന സ്വഹാബി കല്‍പിച്ചിരുന്നതായി ബൈഹഖി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
‘സത്യവിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമായിട്ടുള്ള ഖുര്‍ആനിനെ നാം അവതരിപ്പിക്കുന്നു. അധര്‍മകാരികള്‍ക്ക് അത് നഷ്ടത്തെയല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല’ എന്ന ആശയമുള്ള ഖുര്‍ആന്‍ വചനത്തിന്റെ (ഇസ്‌റാഅ്/82) വ്യാഖ്യാനത്തില്‍, ഖുര്‍ആന്‍ ആത്മീയ രോഗത്തിന് ശമനമായത് പോലെ ശാരീരിക രോഗത്തിനും ശമനമാണെന്ന് റാസി റൂഹുല്‍ ബയാന്‍, ഖുര്‍തുബി, ഗറാഹിബുല്‍ ഖുര്‍ആന്‍ തുടങ്ങിയ തഫ്‌സീറുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിക്കല്‍ കൊണ്ടും ഐക്കല്ല് കെട്ടല്‍ കൊണ്ടും മറ്റുമാണ് ഖുര്‍ആന്‍ ശാരീരിക രോഗത്തിന് ശമനമാവുക എന്നുകൂടി ഖുര്‍തുബി വിവരിച്ചിരിക്കുന്നു. ഈ ആയത്തുകള്‍ വൃത്തിയിലുള്ള പാത്രത്തില്‍ എഴുതി വൃത്തിയുള്ള വെള്ളം കൊണ്ട് മായ്ച് മൂന്നു മുറുക്കായി കുടിക്കണമെന്നുകൂടി ഖുര്‍തുബി നിര്‍ദേശിച്ചിരിക്കുന്നു.👈
👉ജാബിര്‍(റ) പറയുന്നു: ഞങ്ങളില്‍പെട്ട ഒരാളെ ഒരിക്കല്‍ തേള്‍ കുത്തുകയുണ്ടായി. ഞങ്ങള്‍ നബി(സ)യോടൊപ്പം ഇരിക്കുകയായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലെ, ഞാന്‍ മന്ത്രിക്കട്ടെയോ.” ”സഹോദരന്ന് ഉപകാരംചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്തുകൊള്ളട്ടെ” എന്നായിരുന്നു തിരുമേനിയുടെ മറുപടി. (മുസ്‌ലിം 2/222)👈
👉അബൂസഈദില്‍ ഖുദ്‌രി(റ)യില്‍ നിന്നും നിവേദനം: നബി(സ)യുടെ സ്വഹാബികളില്‍ പെട്ട ഒരു സംഘം ഒരു യാത്രപോയി. അവര്‍ ഒരു അറബി ഗോത്രക്കാര്‍ക്ക് സമീപം ഇറങ്ങി. അവരോട് സല്‍ക്കരിക്കാനാവശ്യപ്പെട്ടു. വിസമ്മതിക്കുകയാണവര്‍ ചെയ്തത്. ഗോത്രത്തലവന് തേള്‍ ധ്വംസനമേറ്റ് വിഷമേല്‍ക്കുകയുണ്ടായി. അവര്‍ പല ചികിത്സകളും നടത്തി. യാതൊരു ഫലവുമുണ്ടായില്ല. ഒടുവില്‍ അവര്‍ സ്വഹാബികളായ യാത്രക്കാരെ സമീപിച്ചുകൊണ്ട് പറഞ്ഞു: ”അല്ലയോ യാത്രാ സമൂഹമേ, ഞങ്ങളുടെ നേതാവിന് വിഷമേറ്റിരിക്കുന്നു. ഞങ്ങള്‍ പലതും ചെയ്തുനോക്കി. യാതൊരു ഫലവും ലഭിച്ചില്ല. നിങ്ങളുടെ വശം വല്ലതുമുണ്ടോ?” യാത്രക്കാരില്‍പെട്ട ഒരാള്‍ പറഞ്ഞു: ”ഞാന്‍ മന്ത്രിച്ച് വിഷമിറക്കാം. പക്ഷേ, ഞങ്ങള്‍ നിങ്ങളോട് ഞങ്ങളെ സല്‍ക്കരിക്കാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ സല്‍ക്കരിച്ചില്ല. അതിനാല്‍ നല്ല പ്രതിഫലം ലഭിച്ചാല്‍ മാത്രമേ ഞാന്‍ മന്ത്രിക്കുകയുള്ളൂ.” ഒരുകൂട്ടം ആടുകളെ നല്‍കാമെന്നവര്‍ സമ്മതിച്ചു. അദ്ദേഹം ചെന്ന് ഫാതിഹ സൂറ ഓതി മന്ത്രിക്കുകയും വിഷമിറക്കുകയും ചെയ്തു. കിട്ടിയ ആടുകളെ അവര്‍ ഓഹരി വെക്കാന്‍ ആലോചിച്ചപ്പോള്‍ മന്ത്രിച്ച സ്വഹാബി പറഞ്ഞു: ”നാം നബി(സ)യുടെ അടുക്കല്‍ ചെന്ന് വിവരം പറഞ്ഞ് അവിടുന്ന് കല്‍പിക്കുന്നതനുസരിച്ച് പ്രവര്‍ത്തിക്കാം.” നബി(സ) അവരെ അംഗീകരിക്കുകയും നബി(സ)ക്കു കൂടി ഒരു വിഹിതം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. (ബു. മു.)👈
💥രോഗചികിത്സക്കായി മന്ത്രപ്രയോഗം നബി(സ)യും സ്വഹാബത്തും ധാരാളമായി നടത്തിയിരുന്നു എന്ന് തെളിയിക്കാനാണ് ഇത്രയും വിവരിച്ചത്. മന്ത്രിക്കുന്നതില്‍ ഊതല്‍ അനുവദനീയമാണെന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുണ്ടെന്നും സ്വഹാബാക്കള്‍, താബിഉകള്‍, ശേഷമുള്ളവര്‍ എന്നിവരിലെ ഭൂരിപക്ഷവും അത് സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇമാം നവവി(റ) ശറഹ് മുസ്‌ലിമില്‍ പ്രസ്താവിച്ചിരിക്കുന്നു. (2/222).
ഊതുക എന്നതിന് ‘നഫസ’ എന്നാണ് ഹദീസുകളിലും മറ്റും പ്രയോഗിച്ചുകാണുന്നത്. ഉമിനീരോട് കൂടെ ഊതുക എന്നാണ് നഫസ എന്ന വാക്കിനര്‍ത്ഥം. ഇങ്ങനെ ഊതുന്നതിന്റെ പ്രയോജനം ശറഹുമുസ്‌ലിമില്‍ വിവരിക്കുന്നു. ആ നനവ് കൊണ്ടും വായു കൊണ്ടും മന്ത്രത്തോടു ചേര്‍ന്ന ശ്വാസം കൊണ്ടും ബറക്കത്ത് ലഭിക്കുകയെന്നാണ് ഊതുന്നതിന്റെ ഫാഇദ. ദിക്‌റുകള്‍, അസ്മാഉല്‍ ഹുസ്‌ന തുടങ്ങിയവ മായ്ച് വെള്ളം കൊണ്ട് ബറക്കത്തെടുക്കുന്നത് പൊലെയത്രെ അത്. ഇമാം മാലിക്(റ) സ്വന്തം ശരീരത്തില്‍ മന്ത്രിച്ച് ഊതാറുണ്ടായിരുന്നു.
കെട്ടുകളില്‍ ഊതുന്നവരുടെ നാശത്തെ തൊട്ട് കാവല്‍ ചോദിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.. (സൂറത്തുല്‍ ഫലഖ്). ഇതിനെക്കുറിച്ച് ഇമാം റാസി പറയുന്നു: ശരീരത്തെയും ആത്മാവിനെയും വിഷമിപ്പിക്കുന്ന മാരണം (സിഹ്‌റ്) ആകുമ്പോഴാണ് കെട്ടുകളില്‍ ഊതുന്നത് ആക്ഷേപാര്‍ഹമാവുക. തടിയെയും റൂഹിനെയും ശരിപ്പെടുത്തി നന്നാക്കാനാണ് ഊതുന്നതെങ്കില്‍ അത് ഹറാമല്ലെന്ന് പറയല്‍ അനിവാര്യമാണ്. (തഫ്‌സീര്‍ റാസി 32/189)💥
👉💥മൂന്ന് നിബന്ധനകള്‍ ഒത്തുവന്നാല്‍ മന്ത്രം അനുവദനീയമാണെന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുണ്ടെന്ന് മഹാനായ ഇബ്‌നുഹജര്‍ അസ്ഖലാനി രേഖപ്പെടുത്തിയിരിക്കുന്നു. നിബന്ധനകള്‍:
(1) മന്ത്രിക്കുന്നത് അല്ലാഹുവിന്റെ വചനങ്ങള്‍ കൊണ്ടോ അസ്മാഅ്-സ്വിഫാത്ത് കോണ്ടോ വചനങ്ങള്‍ കൊണ്ടോ ആവണം.
(2) അറബി ഭാഷയിലോ അര്‍ത്ഥമറിയുന്ന മറ്റു ഭാഷകളിലോ ആയിരിക്കണം.
(3) മന്ത്രം സ്വയം ഫലംചെയ്യുകയില്ലെന്നും അല്ലാഹുവാണ് ഫലമുണ്ടാക്കുന്നതെന്നും വിശ്വസിച്ചിരിക്കണം. (ഫത്ഹുറബ്ബാനി)💥👈
NB: ഇതിനെ എതിര്‍ക്കുന്നവരും , അക്ഷേപിക്കുന്നവരും , ശിര്‍ക്ക് ആണെന്നും വാദിക്കുന്നവര്‍ ഇനിയും പ്രത്യക്ഷപ്പെടാം , അവര്‍ പറയാനുള്ളത് പറഞ്ഞു കൊള്ളട്ടെ , നമുക്ക് ഹബീബ് (സ) യും , സഹാബത്തും , മുന്‍ കാല പണ്ടിതന്മാരുമാണ് തെളിവുകള്‍ ഉള്ളത് , ഇന്ഷ അല്ലാഹു ഇതെല്ലം അനുവധിക്കപ്പെട്ടതാണെന്നു മനസ്സിലാക്കാന്‍ ഇതിനപ്പുറം തെളിവുകളുടെ ആവശ്യം ഇല്ല ..http://sunnisonkal.blogspot.com
〰〰〰〰〰〰〰〰〰〰
🌷🌷🌷🌷🌷🌻🌻🌻🌻🌻