ഇബ്നു മുബാറക്ക് തങ്ങളെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു:
ഒരിടത്ത് സമ്പന്നനായ ഒരു മനുഷ്യനുണ്ടായിരുന്നു, വിജ്ഞാനം കരസ്ഥമാകാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം എത്ര വിദൂരമായ സ്ഥലത്താണെങ്കിലും അവിടെ ഒരു പണ്ഡിതൻ ഉണ്ടെന്ന് കേട്ടാൽ കഷ്ടപ്പെട്ട്, എത്ര സമ്പത്തും ചിലവഴിച്ചും അവിടെയെത്തുമായിരുന്നു. ഒരിക്കൽ ഒരിടത്തുള്ള വലിയൊരു പണ്ഡിതനെ കുറിച്ച് അദ്ദേഹം കേൽക്കുകയും കപ്പലിൽ കയറി ആ പണ്ഡിതന്റെ സമക്ഷത്തിലേക്ക് ഇൽമിനെ തേടി യാത്ര തിരിക്കുകയും ചെയ്തു.
കപ്പലിൽ വെച്ച് ഒരാൾ ഇദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റിയും യാത്രാസ്ഥലവും ലക്ഷ്യവുമൊക്കെ ചോദിച്ചറിഞ്ഞ ശേഷം ചോദിച്ചു: "നിങ്ങൾക്ക് അറിയില്ലേ, എത്രത്തോളം അറിവുകൾ നിങ്ങൾ അധികരിപ്പിക്കുന്നോ അതിനനുസരിച്ച് അമലും വർദ്ധിപ്പിക്കണമെന്ന്?, അമലുകൾ ഒരേ നിലയിൽ തുടർത്തുന്ന നിങ്ങൾ കൂടുതൽ വിജ്ഞാനം തേടി പോവുകയോ?"
അദ്ദേഹത്തിന്റെ മനസ്സിൽ ആ ചോദ്യം ആഴത്തിലാഴത്തിൽ പതിച്ചു - യാത്ര മുഴുമിപ്പിക്കാതെ തിരിച്ചു പോരുകയും ഇത്രയും കാലം താൻ നേടിയെടുത്ത അറിവുകളെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത് ജീവിച്ചു."
(ഇൽമു നേടുന്നതിനെ നിരുത്സാഹപ്പെടുത്തുകയല്ല മറിച്ച് അമലിന്റെ പ്രാധാന്യം വിവരിക്കുകയാണ് എന്ന് മനസ്സിലാക്കൽ അനിവാര്യമാണ്).
അറിവിനെ വാരിയെടുക്കാൻ താൽപ്പര്യമേറെയുണ്ട് നമുക്കെല്ലാം. പക്ഷേ ഈ ശേഖരിച്ച അറിവെല്ലാം അല്ലാഹുവിന്റെ കോടതിയിൽ നമുക്കെതിരെയുള്ള, നമ്മുടെ പരാജിത ജീവിതത്തിനെതിരെയുള്ള തെളിവുകളായി വന്നുചേരുമെന്ന് നാമോർക്കുന്നേയില്ല..😢
'നിങ്ങൾ എന്ത് പഠിച്ചു ഓ അബുദ്ദർദ്ദാ' എന്ന് ചോദിക്കപ്പെടുന്നതിനെയല്ല മറിച്ച് 'നിങ്ങൾ പഠിച്ചത് വെച്ച് എന്ത് ചെയ്തു' എന്ന ചോദ്യത്തെയാണ് ഞാനേറെ ഭയപ്പെടുന്നത്" എന്നായിരുന്നു സ്വഹാബിയായ അബുദ്ദർദ്ദാഅ് (റ) തങ്ങൾ പറയാറുണ്ടായിരുന്നത്.
ഇലാഹീ സമക്ഷത്തിലെ കുനിച്ചുനിർത്തിയുള്ള വിചാരണയെ ഓർത്തുകൊണ്ട് 'ഒന്നുമറിയാത്തൊരു പാവത്താനായിരുന്നെങ്കിൽ എത്ര നന്നായിരുന്നു - വിജ്ഞാനത്തെ എന്തിലുപയോഗിച്ചു എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നല്ലോ' എന്നാഗ്രഹിച്ച എത്രയെത്ര മഹാന്മാർ..!
"വിജ്ഞാനത്തിനനുസരിച്ച് അമൽ ചെയ്യാത്ത വിജ്ഞന്മാർ മുകളിൽ ഉറ്റിവീഴുന്ന മഴത്തുള്ളികൾ തെന്നിത്തെറിച്ചു പോകുന്ന ശിലക്ക് സമാനമാണ്".
മാലിക്ക് ഇബ്നു ദീനാർ തങ്ങളെ തൊട്ടുദ്ധരിക്കപ്പെടുന്ന ഈയൊരു വാക്ക് എത്ര കൃത്യമാണ്, ഊഷരമായ ഭൂമിയിലേക്ക് ഇളം തണുപ്പിന്റെ തലോടലായി ഉറ്റിവീഴുന്ന മഴത്തുള്ളികൾ പുറമേ തലോടുഞ്ഞുവെങ്കിലുൻ അൽപ്പം പോലും അതിനെ തനിക്കുള്ളിലേക്ക് വലിക്കാൻ ശിലക്ക് കഴിയാത്ത പോലെ എത്രയെത്ര കിത്താബുകളും ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുനിമിഷം നാം കേട്ടുമറിഞ്ഞും കൊണ്ടേയിരുന്നിട്ടും അതിനെ ആവഹിച്ച് ജീവിതത്തിന്റെ കൃഷിഭൂമിയിൽ കൊണ്ട് വന്ന് വിത്തിടാൻ നമുക്ക് കഴിയുന്നേയില്ല..!
ഹസൻ(റ) തങ്ങൾ പറഞ്ഞുവത്രേ: " ഏതൊരു മനുഷ്യൻ പാരത്രീക ലോകത്തെയുദ്ദേശിച്ചു കൊണ്ട് അറിവ് തേടിയോ, അവനതിനെ എത്തിക്കും. ഏതൊരുത്തൻ ദുനിയാവിനെ ഉദ്ദേശിച്ചു കൊണ്ട് ഇൽമിനെ തേടിയോ അവൻ അതിൽ നിന്നും(ദുനിയാവിൽ നിന്ന്) അവന്റെ പങ്കിനെ എത്തിക്കും"!!
അവനവന്റെ ഉദ്ദേശതിനനുസരിച്ച് അവന്റെ അമലുകളെ ചിട്ടപ്പെടുത്തുക തന്നെ ചെയ്യുമല്ലോ. തർക്കങ്ങൾക്കും തന്നെ തന്നെ വലുതാക്കി കാണിക്കാനും വായിച്ചു തീർത്ത കിത്താബുകളുടെ എണ്ണം കാണിക്കാനും ഭൗതികമായ നേട്ടങ്ങളും ലക്ഷ്യം വെച്ച് പഠിക്കുന്നവൻ അത് നേടുന്നു, ആഖിറത്തിലേക്ക് ഒന്നും ബാക്കി വെക്കുന്നില്ല, അവനതിൽ അമൽ ചെയ്യുകയേയില്ല. മറിച്ച് ഇലാഹീ പൊരുത്തം കാംക്ഷിക്കുന്നവൻ അവന്റെ കോടതിയിലെ ചോദ്യങ്ങളെ ഭയന്ന് അറിവനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുകയാണ്.
അമലില്ലാത്ത അറിവ് കൊണ്ട് ആത്യന്തികമായെന്ത് നേട്ടം!? നുകരുന്നത് പകർന്നും പകരുന്നത് പകർത്തിയുമല്ലാതെ നമ്മുടെ മുമ്പേ നടന്ന വൈജ്ഞാനിക വിളക്കുമാടങ്ങൾ നമ്മെ പഠിപ്പിച്ചിട്ടില്ലല്ലോ.
വഹബ് ഇബ്നു മുനബ്ബിഹ്(റ) തങ്ങൾ പറയുമായിരുന്നു:
"ദുനിയവിയ്യായ ജീവിതത്തെ പൂജിക്കുന്നവരേ നിങ്ങൾക്ക് നാശം, സൂര്യവെളിച്ചത്തിന്റെ വിശാലത കൊണ്ട് അത് വെച്ച് ഒന്നും കാണാൻ കഴിയാത്ത അന്ധനായ മനുഷ്യന് എന്ത് നേട്ടം? അത് പോലെ ഒരു പണ്ഡിതനിൽ കുറേയേറെ അറിവുണ്ടായിട്ടെന്ത് കാര്യം, അവൻ അതനുസരിച്ച് അമൽ ചെയ്യുന്നില്ലെങ്കിൽ!!"
"ഏതൊരു കാര്യത്തിനും അതിനെ മനസ്സിലാക്കപ്പെടാനും അനുകൂലമായോ പ്രതികൂലമായോ അതിന്റെ കാര്യത്തിൽ സാക്ഷിനിൽക്കാനുമുള്ള ചിഹ്നങ്ങളുണ്ട്. തീർച്ചയായും മതത്തിന്റെ കാര്യത്തിൽ തിരിച്ചറിയപ്പെടുന്ന മൂന്ന് ചിഹ്നങ്ങളുണ്ട്, വിശ്വാസവും അറിവും അറിവനുസരിച്ചുള്ള അമലുമാണവ".
വിജ്ഞാനമെന്ന അമൂല്യമായ അനുഗ്രഹത്തെ പറ്റി തീർച്ചയായും നാം റബ്ബിന്റെ കോടതിയിൽ കണക്ക് ബോധിപ്പിച്ചേ മതിയാകൂ. അവനവനു ലഭിച്ചതിന്റെ അളവനുസരിച്ച് മണിമണിയായി മറുപടി പറഞ്ഞേ തീരൂ..
കഴിവിന്റെ പരമാവധി അറിവനുസരിച്ച് അമൽ ചെയ്യുകയും കൂടുതൽ പഠിക്കുമ്പോൾ അത് ചെയ്യാനുള്ള ആഗ്രഹം മനസ്സിൽ ഉണ്ടാകുകയും ചെയ്യുകയാണ് ഇതിന്റെ സാധാരണ നില.
വിശ്വാസം വേണം, അറിവ് വേണം (അറിവില്ലാതെ സ്വീകാര്യമായ രീതിയിൽ കർമ്മങ്ങൾ ചെയ്യുക സാധ്യമല്ലല്ലോ) അറിവനുസരിച്ചുള്ള അമലും. അവർക്കാണല്ലാഹുവിന്റെ ഖദീമായ കലാമിലെ സുവാർത്തയറിയിക്കപ്പെട്ടത്.
إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ
പടച്ചവനേ, ഒരുപാട് ഇൽമു നേടാനും അതനുസരിച്ച് കഴിവിന്റെ പരമാവധി ജീവിക്കുവാനും നീ തുണക്കണേ അല്ലാഹ്..
Note:
_اقتضاء العلم العمل എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ നിന്നുമാണ് ഉദ്ധരണികൾ _