സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 31 March 2016

നഹ്‌സ് ദിനങ്ങള്‍

എല്ലാ മാസവും ദിവസവും സമയവും മഹത്വത്തിന്റെ വിഷയത്തില്‍ തുല്യമല്ലെന്നതു പ്രസിദ്ധമാണല്ലോ. എല്ലാ ദിവസത്തെയും പ്രഭാതം,  വെള്ളിയാഴ്ച, റമളാന്‍ എന്നിവയക്കു മറ്റുള്ളതിനേക്കാള്‍ പുണ്യമുണ്ട്. സ്ഥലങ്ങളിലും ഈ വ്യത്യാസം കാണാം. പള്ളിയുടെ പുണ്യം അങ്ങാടിക്കില്ലല്ലോ. ഭൗതിക കാര്യങ്ങള്‍ ചെയ്യാന്‍ തന്നെ ചില സമയം പറ്റില്ലെന്നതിനു തര്‍ക്കത്തിനു പ്രസക്തിയില്ലല്ലോ. അതുപോലെത്തന്നെ ഉഖ്‌റവിയ്യായ കാര്യവും. ചില സമയങ്ങളില്‍ നിസ്‌കാരം വളരെ പുണ്യമുള്ളതാണെങ്കില്‍ മറ്റുചില സമയങ്ങളില്‍ ചില നിസ്‌കാരം പാടില്ലാത്തതാണ്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇമാമുകളുടെ മൊഴികളും ബറക്കത്തുള്ളതും നഹ്‌സുള്ളതുമായ ദിവസങ്ങളെയും സമയത്തേയും വിവരിച്ചിട്ടുണ്ട്.
സഅ്ദ് എന്ന അറബി പദത്തിന്റെ വിപരീതമാണ് നഹ്‌സ്. ഈ രണ്ട് പദങ്ങള്‍ക്കും യഥാക്രമം ഗുണം, ദോഷം/വിജയം, പരാജയം/ശുഭലക്ഷണം, അപലക്ഷണം എന്നിങ്ങനെ ഭാഷാപരമായി അര്‍ത്ഥം പറയാം.
ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു: നികാഹു കര്‍മ്മം വെള്ളിയാഴ്ചയും അതു തന്നെ പ്രഭാതത്തിലുമാകുന്നത് പ്രത്യേകം സുന്നത്താണ്. എന്റെ സമുദായത്തിന്റെ വെള്ളിയാഴ്ചയുടെ പ്രഭാതത്തില്‍ നീ ബറകത്തു നല്‍കേണമേ എന്ന നബി(സ) തങ്ങള്‍ പ്രാര്‍ത്ഥിച്ച ഹദീസാണിതിനു ആധാരം. ഇമാം തുര്‍മുദി(റ) നിവേദനം ചെയ്തതും ഹസന്‍
(സ്വീകാര്യം) എന്നു പ്രഖ്യാപിച്ചിട്ടുള്ളതുമാണീ ഹദീസ്. (തുഹ്ഫ:7/216)
സമുദായത്തിന്റെ തിങ്കളാഴ്ചയുടെ പ്രഭാതത്തിലും ബറക്കത്തിനായി നബി(സ) പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും തദടിസ്ഥാനത്തില്‍ ദീനിയ്യും ദുന്‍യവിയ്യുമായ പ്രവര്‍ത്തികള്‍ തിങ്കളാഴ്ച കാലത്ത് പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യം കാണിക്കേണ്ടതാണെന്നും ഇമാം നവവി(റ) പ്രസ്താവിച്ചതായി ഇബ്‌നു ഹജര്‍(റ) തുഹ്ഫ(10/131)യില്‍ ഉദ്ധരിച്ചിട്ടുണ്ട്.
മാസം പതിനേഴ്, പത്തൊമ്പത്, ഇരുപത്തിയൊന്ന് എന്നീ തിയ്യതികളില്‍ കൊമ്പുവെയ്ക്കല്‍ സര്‍വ്വരോഗത്തിനും ശമനമാണെന്ന് നബി(സ) തങ്ങള്‍ പറഞ്ഞതായി അബൂദാവൂദും നബി(സ) ഈ തിയ്യതികളില്‍ കൊമ്പുവെയ്ക്കലിനെ ഇഷ്ട്‌പ്പെട്ടിരുന്നുവെന്ന് അനസി(റ)ല്‍ നിന്ന് ഇമാം ബഗ്‌വി(റ)യും നിവേദനം ചെയ്തിട്ടുണ്ട്.
ഇമാം ഇബ്‌നുഹജര്‍(റ) പ്രസ്താവിക്കുന്നു: ഖാസി തന്റെ അധികാര മഹല്ലില്‍ പ്രവേശിക്കല്‍ തിങ്കളാഴ്ച പ്രഭാതത്തിലാവലാണു ഉത്തമം. കാരണം, നബി(സ) പ്രഭാത സമയത്താണ് മദീനയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച സാധിച്ചില്ലെങ്കില്‍ വ്യാഴാഴ്ചയും അതിനു സാധിച്ചില്ലെങ്കില്‍ ശനിയാഴ്ചയുമാണു നല്ലത്. എന്റെ സമുദായത്തിന്റെ പ്രഭാതത്തില്‍ നീ ബറകത്തു ചൊരിയണമേ എന്നു തിരുനബി(സ) പ്രാര്‍ത്ഥിച്ചിട്ടുണ്ട്. (തുഹ്ഫ, ഖസാഇസുല്‍ അയ്യാം)
അറഫ നാള്‍, ആശൂറാ നാള്‍, പെരുന്നാള്‍, വെള്ളിയാഴ്ച തുടങ്ങിയ ദിനങ്ങളില്‍ മരണപ്പെട്ടവരുടെ മേല്‍ മയ്യിത്തു നിസ്‌കരിക്കലും അവരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കലും പ്രത്യേക സുന്നത്താണ്. അത്തരം പുണ്യനാളുകളില്‍ മരണം സംഭവിക്കുന്നത് അല്ലാഹുവിന്റെ പ്രത്യേക റഹ്മത്തിനു പാത്രമായതിന്റെ അടയാളം തന്നെയാണ്. പ്രത്യക്ഷത്തില്‍ സദ്‌വൃത്തരല്ലാത്തവരുടെ കാര്യത്തില്‍ പോലും ഇങ്ങനെ പ്രതീക്ഷിക്കാവുന്നതാണ്. (ശര്‍വാനി 3/191)
ഇല്‍മും കിതാബും തുടങ്ങാന്‍ തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണുത്തമമെന്ന് ഹദീസില്‍ വന്നിട്ടുണ്ടെന്നും അതിനാല്‍ ഈ രണ്ടു ദിവസങ്ങളിലാണ് ഇല്‍മില്‍ പ്രവേശിക്കല്‍ സുന്നത്തെന്നും ഹാശിയത്തുദ്ദിംയാത്തി(പേജ് 12)യില്‍ പ്രസ്താവിച്ചിട്ടുണ്ട്. കിതാബ് തുടങ്ങാന്‍ ബുധനാഴ്ച ഉത്തമമാണെന്നു ഹദീസില്‍ വന്നിട്ടുണ്ട്. ബുധനാഴ്ച പ്രകാശത്തിന്റെ നാളാണെന്നു വിവരിക്കപ്പെട്ടിട്ടുണ്ട്.
ലോകത്തുവെച്ച് ഏറ്റവും പുണ്യമുള്ള സ്ഥലം നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്. ഹുജറാ ശരീഫ് എന്നാണിതിന്റെ പേര്. റാളാ ശരീഫ് എന്നല്ല. നബി(സ)യുടെ ഖബ്‌റിന്റെയും അവിടത്തെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലമാണ് റളാശരീഫ്. ലോകത്തുവെച്ച് ഏറ്റവും മഹത്വമുള്ള പള്ളി മസ്ജിദുല്‍ ഹറാമാണ്. സാധാരണ പള്ളിയേക്കാള്‍ പതിനായിരം കോടി പുണ്യം മസ്ജിദുല്‍ ഹറാമിലെ ഒരു നിസ്‌കാരത്തിനുണ്ട്. (തുഹ്ഫ: 3/466, 4/65, 10/95)
ബറകത്തുള്ള ദിവസങ്ങളും സ്ഥലങ്ങളും സമയങ്ങളും ഉള്ളതുപോലെ അതിന്റെ വിപരീതവും കാണാം. അതാണ് നഹ്‌സ്. ഇനി അതു വിവരിക്കാം.
ദിവസങ്ങളില്‍ ചിലതു ചില കാര്യങ്ങള്‍ക്കു ശുഭകരമല്ല. മുന്‍കാല സമുദായക്കാരില്‍ ചിലരെ നശിപ്പിച്ച ദിവസങ്ങളെപറ്റി ‘ഫീ അയ്യാമിന്നഹ്‌സാതിന്‍’(നഹ്‌സുള്ള ദിവസങ്ങള്‍) എന്ന് ഖുര്‍ആനില്‍ കാണം. പ്രസ്തുത ജനതയ്ക്ക് ഗുണമില്ലാത്തതും ബറകത്തില്ലാത്തതുമാണ് ആ ശിക്ഷയുടെ നാളുകളെന്ന് ഇതുകൊണ്ട് വ്യക്തമായല്ലോ.
മാസത്തിന്റെ ഒടുവിലെ ബുധനാഴ്ചയായിരുന്നു ഈ ശിക്ഷക്കു തുടക്കംകുറിച്ചത്. എട്ടു ദിവസം ശിക്ഷയുടെ കൊടുങ്കാറ്റ് തുടര്‍ന്നു. അവിശ്വാസികള്‍ക്ക് ഈ എട്ട് ദിവസം നഹ്‌സും സത്യവിശ്വാസികളായ ഹൂദ് നബിക്കും അനുയായികള്‍ക്കും ബറകത്തുളള ദിവസവുമായിരുന്നു. ഇമാം നവവി(റ) തന്റെ തഫ്‌സീറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വിഭാഗത്തിന് നഹ്‌സുള്ള ദിനങ്ങള്‍ തന്നെ മറ്റൊരു വിഭാഗത്തിന് റഹ്മത്തും ബറകത്തുമുണ്ടായതാണിവിടെ നിന്ന് വ്യക്തമായത്.
”ചൊവ്വാഴ്ച രക്തദിനമാണ് ആ ദിവസത്തില്‍ ഒരു സമയമുണ്ട്. ആ സമയത്ത് രക്തം നില്‍ക്കുകയില്ല” എന്ന് നബി(സ) പറഞ്ഞതനുസരിച്ച് അബൂബറകത്ത്(റ) ചൊവ്വാഴ്ച കൊമ്പുവെയ്ക്കല്‍ നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരമുണ്ട്. ”ബുധനാഴ്ചയോ ശനിയാഴ്ചയോ ആരെങ്കിലും കൊമ്പുവെയ്ക്കുകയും തന്മൂലം അവനു വെള്ളപ്പാണ്ട് പിടിപെടുകയും ചെയ്താല്‍ അവന്‍ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്. ഈ ഹദീസ് ഇമാം ബഗ്‌വി(റ) ശര്‍ഹുസ്സുന്ന:12/151-ലും ഇമാം ഹാകിം മുസ്തദ്‌രികിലും(4/409) ബൈഹഖി(റ) സുനനുല്‍ കുബ്‌റ: 9/340-ലും നിവേദനം ചെയ്തിട്ടുണ്ട്.
ഇമാം ദമീരി(റ) തന്റെ ഹയാത്തുല്‍ ഹയവാനില്‍ ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. ഇമാം അല്‍ഖമ(റ) അഹ്മദു ബഹ്‌യയില്‍നിന്ന് ഉദ്ധരിക്കുന്നു. നബി(സ)പറഞ്ഞു: ഒരു വര്‍ഷത്തില്‍ പന്ത്രണ്ടു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. അവ മാനം നശിപ്പിക്കുകയും സമ്പത്ത് നഷ്ടപ്പെടുത്തുകയും ചെയ്യും. ഞങ്ങള്‍ ചോദിച്ചു: നബിയേ, അവ ഏതാണ്? റസൂല്‍(സ)പറഞ്ഞു: മുഹര്‍റം പന്ത്രണ്ട്, സ്വഫര്‍ പത്ത്, റബീഉല്‍ അവ്വല്‍ നാല്, റബീഉല്‍ ആഖിര്‍ പതിനെട്ട്, ജമാദുല്‍ ഊല പതിനെട്ട്, ജമാദുല്‍ ഉഖ്‌റ പന്ത്രണ്ട്, റജബ് പന്ത്രണ്ട്, ശഅ്ബാന്‍ പതിനാറ്, റമളാന്‍ പതിനാല്, ശവ്വാല്‍ രണ്ട്, ദുല്‍ഖഅ്ദ് പതിനെട്ട്, ദുല്‍ഹിജ്ജ എട്ട് ഇവയാണ്.
ഓരോ മാസവും ഓരോ ദിവസവും ബറകത്തില്ലാത്ത-നഹ്‌സുള്ള ദിവസങ്ങളുണ്ടെന്നതാണ് പ്രസ്തുത ഹദീസില്‍ നിന്നും ലഭ്യമായത്. എല്ലാ മാസവും ഒടുവിലെ ബുധന്‍ നിത്യനഹ്‌സാണെന്ന് ഇബ്‌നു അബ്ബാസില്‍(റ) നിന്ന് തുടര്‍മുദി(റ) ഉദ്ധരിച്ചിട്ടുണ്ട്.
ഞായറാഴ്ച വീട് നിര്‍മാണം തുടങ്ങാനുള്ള ദിവസമാണെന്ന് നബി(സ) പറഞ്ഞതായി അബൂയഅ്‌ലാ ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ഇഖ്‌ലീല്‍).
പന്ത്രണ്ടു മാസങ്ങളില്‍ മുഹര്‍റം, ദുല്‍ഖഅ്ദ്, റമളാന്‍ എന്നീ മാസങ്ങളില്‍ വീട് പണി തുടങ്ങാന്‍ ഉത്തമമല്ല. സഅ്ദും നഹ്‌സും അടിസ്ഥാനമുള്ളതാണെന്നു സുതരാം വ്യക്തമായല്ലോ.
പ്രത്യേകം പ്രവര്‍ത്തിക്കാന്‍ ഇസ്‌ലാം കല്‍പ്പിച്ച കാര്യങ്ങള്‍ നഹ്‌സുള്ള ദിവസമാണെന്നു കരുതി ചെയ്യാതിരിക്കരുത്. കുഞ്ഞ് ജനിച്ചു ഏഴാം ദിവസം കുഞ്ഞിനു വേണ്ടിയുള്ള അറവ് വേണമല്ലോ. ഏഴാം ദിവസം നബി(സ) പഠിപ്പിച്ച നഹ്‌സുള്ള ദിവസത്തില്‍ പെട്ടാല്‍ പോലും ശിശുവിനു വേണ്ടിയുള്ള അറവും മുടികളയലുമൊന്നും പിന്തിക്കേണ്ടതില്ല.
അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവനില്ലെന്നും സര്‍വ്വ നേട്ട കോട്ടങ്ങളുടെയും യജമാനന്‍ അല്ലാഹു മാത്രമാണെന്നും വിശ്വസിക്കുന്നതോടെ നഹ്‌സു നോക്കുന്നതാണ് മുസ്‌ലിംകളുടെ ആചാരം. അതു അനുവദനീയമാണ്.
നഹ്‌സിന്റെ നാളുകള്‍ക്കോ അതിന്റെ രാശികള്‍ക്കോ ഉപദ്രവത്തിനോ സ്വയം കഴിവുണ്ടെന്ന വിശ്വാസത്തോടെ നഹ്‌സു ആചരിക്കുന്ന ഒരു രീതി ജൂതന്മാര്‍ക്കുണ്ടായിരുന്നു. ഇതു കടുത്ത തെറ്റും മതത്തില്‍നിന്ന് തെറിച്ചു പോകുന്ന വിശ്വാസവുമാണ്. ഈ രീതിയിലുള്ള നഹ്‌സ് ആചരിക്കുന്നതിനെയാണ് ഇബ്‌നു ഹജര്‍(റ) ഫതാവല്‍ ഹദീസിയ്യയില്‍ എതിര്‍ത്തത്. ‘മന്‍ഖൂത്തത്ത്’ എന്ന പേരിലറിയപ്പെടുന്ന ചില ദിവസങ്ങളും മറ്റും അലി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടത് അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഇബ്‌നു ഹജര്‍(റ) ഫതാവല്‍ ഹദീസിയ്യയില്‍ (പേജ് 28) തുടര്‍ന്ന് പറഞ്ഞിട്ടുണ്ട്.
ഇബ്‌നു ഹജര്‍(റ) എതിര്‍ത്തതിന്റെ മര്‍മം തിരിയാതെ നഹ്‌സ് നോക്കുന്നതിനെ ഇബ്‌നു ഹജര്‍(റ) എതിര്‍ത്തു എന്നു പറയുന്നത് വിവരക്കേടാണ്. ഭൗതികവും ദീനിയ്യുമായ കാര്യങ്ങള്‍ക്ക് തിങ്കളാഴ്ച നോക്കണമെന്നും വിവാഹകര്‍മ്മത്തിനു ശവ്വാല്‍ മാസം വെള്ളിയാഴ്ച ദിവസം പ്രഭാതം പരിഗണിക്കണമെന്നും അതു സുന്നത്താണെന്നും ഇങ്ങനെ നഹ്‌സില്ലാത്ത ദിവസം ശ്രദ്ധിക്കണമെന്നും പ്രേരിപ്പിച്ച പണ്ഡിതനാണ് ഇമാം ഇബ്‌നുഹജര്‍(റ). (തുഹ്ഫ 7/216 നോക്കുക.)
പുരാതനകാലം മുതലേ മുസ്‌ലിംകള്‍ ഇപ്രകാരം ദിവസങ്ങളിലെ മോശവും നല്ലതും പരിഗണിക്കാറുണ്ടായിരുന്നുവെന്നും അവയ്ക്ക് ഇസ്‌ലാമില്‍ അടിസ്ഥാനമുണ്ടെന്നും അറിയുക.

എങ്ങനെ നിസ്കരിക്കണം



മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി കുളിയും വുളുഉം കഴിഞ്ഞ് വൃത്തിയുള്ള സ്ഥലത്ത് ചെന്ന് അല്ലാഹുവുമായി സംഭാഷണം നടത്താന്‍ (നിസ്കാരം നിര്‍വഹിക്കാന്‍) തയ്യാറാവുന്ന സത്യവിശ്വാസി ബാഹ്യമായ ഈ ശുദ്ധീകരണം കൊണ്ട് മതിയാക്കരുത്. അവന്‍റെ മനസ്സും സംശുദ്ധമായിരിക്കണം. യാതൊരു അനാവശ്യ ചിന്തകളും അവന്‍റെ മനസ്സില്‍ ഉണ്ടാവരുത്. പ്രപഞ്ചനാഥനായ അല്ലാഹുവിന്‍റെ പ്രീതി മാത്രമായിരിക്കണം അവന്‍റെ ലക്ഷ്യം. ഈ വിധം പവിത്രമായ ശരീരത്തോടും മനസ്സോടും കൂടി ബാങ്കും ഇഖാമത്തും കൊടുക്കുക. തുടര്‍ന്നുള്ള ദുആ ചൊല്ലുക എന്നിട്ട് ഖിബലയുടെ നേരെ തിരിഞ്ഞുനിന്ന് നിസ്കരിക്കാന്‍ തുടങ്ങുക.


നിയ്യത്ത് 
       ഏതൊരു കര്‍മവും സ്വീകരിക്കപ്പെടാന്‍ നിയ്യത്ത് അനിവാര്യമാണ്. നിസ്കാരത്തിനും വേണം നിയ്യത്ത് "തീര്‍ച്ചയായും കര്‍മങ്ങള്‍ നിയ്യത്തുകള്‍ കൊണ്ടാണ് സ്വീകരിക്കപ്പെടുകയെന്ന പ്രഖ്യാപിതമായ നബിവചനമാണ് ഇതിനു തെളിവ്". നിയ്യത്ത് എന്നാല്‍ ഉദ്ദേശം, കരുത്ത് എന്നൊക്കെയാണ് അര്‍ത്ഥം. ഇത് മനസ്സില്‍ ഉണ്ടാകേണ്ടതാണ്. നാവുകൊണ്ട് പറയണമെന്നില്ല.മനസ്സില്‍ കരുതുകയും നാവുകൊണ്ട് കൂടി പറയുകയും ചെയ്‌താല്‍ കൂടുതല്‍ ഉചിതമായി. മനസ്സില്‍ കരുതാതെ നാവുകൊണ്ട് വിളിച്ചു പറഞ്ഞത് കൊണ്ട് ഒരു പ്രയോചനവുമില്ല. എല്ലാ കര്‍മങ്ങളുടെയും നിയ്യത്തുകളുടെ സ്ഥിതി ഇതാണ്. 
                ഉദാഹരണമായി ളുഹര്‍ നിസ്കാരമാണ് ഉദ്ദേശിക്കുന്നത് എന്ന് കരുതുക. ളുഹര്‍ എന്ന ഫര്‍ള് നിസ്കാരം അള്ളാഹു (സു) ക്ക് വേണ്ടി നിര്‍വഹിക്കുന്നു എന്നാണ് മനസ്സില്‍ കരുതേണ്ടത്. ജാമാഅത്തായിട്ടാണ് നിസ്കരിക്കുന്നതെങ്കില്‍ ഇമാമിനെ തുടര്‍ന്നു എന്നുകൂടി കരുതണം. നിയ്യത്തോട് കൂടിയാണ് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി നിസ്കാരത്തില്‍ പ്രവേശിക്കേണ്ടത്. നിസ്കാരം തീരുന്നത് വരെയും നിയ്യത്ത് മനസ്സിലുണ്ടാവണം. തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലിയത്തിനു ശേഷം നിയ്യത്തിനെ കുറിച്ച് എന്തെങ്കിലും സംശയം തോന്നുകയും അടുത്ത നിര്‍ബന്ധ കര്‍മം തുടങ്ങുന്നതിനു മുമ്പായി സംശയം തീരുകയും ചെയ്‌താല്‍ നിസ്കാരത്തിനു യാതൊരു കുഴപ്പവും സംഭവിക്കുകയില്ല. അതേ സമയം ഒരാള്‍ നിയ്യത്ത് ചെയ്തു ശേഷം നിറുത്തണമെന്ന് തീരുമാനിക്കുകയോ, ഏതെങ്കിലും ഒരു കാര്യമുണ്ടായാല്‍ നിറുത്തുമെന്നു കരുതുകയോ (ഉദാഹരണത്തിന് മഴ നിലച്ചാല്‍ ഞാന്‍ നിസ്കാരം നിറുത്തുമെന്ന് കരുതുക) ചെയ്‌താല്‍ ആ നിമിഷം തന്നെ നിസ്കാരം ബാത്വില്‍ (അസ്വീകാര്യം) ആയിത്തീരും.

തക്ബീറത്തുല്‍ ഇഹ്റാം 
                 അങ്ങനെ ശരിയാം വിധം നിയ്യത്ത് ചെയ്ത് ഇരു കരങ്ങളും ചുമലിനു നേരെ ഉയര്‍ത്തി വിരലുകള്‍ വിടര്‍ത്തുകയും കൈവെള്ളകള്‍ ഖിബലക്ക് നേരെ  തിരിക്കുകയും ചെയ്തു കൊണ്ട് الله أكبر ( അള്ളാഹു അക്ബര്‍) എന്ന് പറഞ്ഞു കൊണ്ട് നിസ്കാരത്തില്‍ പ്രവേശിക്കുക. ഇതിനാണ് തക്ബീര്ത്തുല്‍ ഇഹ്റാം എന്ന് പറയുന്നത്. തക്ബീര്‍ ചൊല്ലിയത്തിനു ശേഷം കൈകള്‍ താഴ്ത്തി വലതു കൈകൊണ്ട് ഇടതു കയ്യിന്‍റെ മണിബന്ധം പിടിച്ച് നെഞ്ചിനും പോക്കിളിനും ഇടയിലായി വെക്കുക. ഇതാണ് നിസ്കാരത്തിലെ കൈകേട്ടാല്‍.
  
                നിര്‍ബന്ധ നിസ്കാരം നിന്നുകൊണ്ടാണ് നിര്‍വഹിക്കേണ്ടത്. അത് നിസ്കാരത്തിന്‍റെ ഫര്‍ള്കളില്‍ ഒന്നാണ്. നിന്നു നിസ്കരിക്കാന്‍ സാധിക്കുന്നവന്‍ ഇരുന്നു നിസ്കരിച്ചാല്‍ നിര്‍ബന്ധ നിസ്കാരം സ്വീകാര്യമാവുകയില്ല. സുന്നത്ത് നിസ്കാരങ്ങള്‍ ഇരുന്നും നിര്‍വഹിക്കാം. തക്ബീര്‍ ചൊല്ലി കൈകെട്ടി കഴിഞ്ഞാല്‍ പിന്നെ ദുആ ഉല്‍ ഇഫ്തിതാഹ് (പ്രാരംഭപ്രാര്‍ത്ഥന) ചൊല്ലുക. ഈ സമയത്തെല്ലാം സുജൂദ് ചെയ്യേണ്ട സ്ഥാനത്തേക്കാണ് നോക്കേണ്ടത്.

പ്രാരംഭ പ്രാര്‍ത്ഥന 

                    അര്‍ത്ഥം: ആകാശ ഭൂമികളെ സൃഷ്‌ടിച്ച അല്ലാഹുവിങ്കലെക്ക് ഞാനിതാ എന്‍റെ ശരീരം തിരിച്ചിരിക്കുന്നു. ഞാന്‍ സത്യത്തില്‍ ഉറച്ചവനും അനുസരണയുള്ളവനുമാണ്. ഞാന്‍ ഒരിക്കലും ബഹുദൈവാരാധകരില്‍ ഉള്‍പ്പെട്ടവനല്ല. തീര്‍ച്ചയായും എന്‍റെ നിസ്കാരവും മറ്റു ആരാധനാ കര്‍മങ്ങളും എന്‍റെ ജീവിതവും മരണവുമെല്ലാം ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാണ്. അവനു ഒരു പങ്കുകാരനുമില്ല. ഈ യാഥാര്‍ത്യം അംഗീകരിക്കാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ മുസ്ലിംകളില്‍പ്പെട്ടവനാകുന്നു.
                           ഇതാണ് പ്രാരംഭ പ്രാര്‍ത്ഥന. ഇത് നിര്‍ബന്ധമല്ല, സുന്നത്താണ്. നിസ്കാരം ഫര്‍ളായാലും ഇത് സുന്നത്താണ്. പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ 
            (ശപിക്കപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവിങ്കല്‍ ഞാന്‍ അഭയം തേടുന്നു) എന്ന് പറയണം. പിന്നെ ഫാത്തിഹ ഓതുക. പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലുന്നതിനു മുന്‍പ് അഊദു ചൊല്ലിത്തുടങ്ങിയാല്‍ പിന്നെ പ്രാരംഭപ്രാര്‍ത്ഥന  ചൊല്ലരുത്.
സൂറത്തുല്‍ ഫാത്തിഹ 

                ഫാത്തിഹ ഓതുകയെന്നത് നിസ്കാരത്തിന്‍റെ ഫര്‍ളുകളില്‍ ഒന്നാണ്. നിസ്കാരം ഫര്‍ളോ സുന്നത്തോ ഏതായാലും അതിന്‍റെ ഓരോ റകഅത്തിലും ഫാത്തിഹ ഓതിയിരിക്കണം. ഫാത്തിഹ ഓതാതെയുള്ള നിസ്കാരം സ്വീകാര്യമാവുകയില്ല. 'ഫാത്തിഹ ഓതാത്തവന് നിസ്കാരമില്ല' എന്ന പ്രസിദ്ധമായ നബിവചനമാണ് ഇതിനാധാരം. നിന്ന് നിസ്കരിക്കുന്നവന്‍ ഫാത്തിഹ മുഴുവന്‍ നിറുത്തത്തില്‍ തന്നെ ഓതേണ്ടതാണ്. ഫാത്തിഹയുടെ ചെറിയ ഭാഗമെങ്കിലും നിറുത്തലില്ലാതെ സംഭവിച്ചാല്‍ ആ നിസ്കാരം സ്വീകാര്യമായിത്തീരുകയില്ല. ഫാത്തിഹ അക്ഷരശുദ്ധിയോടെയും,ആശയം മനസ്സിലാക്കിയും ഒതേണ്ടതാണ്. ബിസ്മില്ലാഹി മുതല്‍ വലള്ളാലീന്‍ വരെയുള്ളതാണ് സൂറത്തുല്‍ ഫാത്തിഹ. ഫാത്തിഹക്ക് മുമ്പ് അഊദു ഓതലും ഫത്തിഹക്ക് ശേഷം ആമീന്‍ ചൊല്ലലും സുന്നത്താണ്. ഫത്തിഹയും സൂറത്തും ഉച്ചത്തില്‍ ഓതല്‍ സുന്നത്തുള്ള നിസ്കാരത്തിലും അഊദു പതുക്കെ ചൊല്ലിയാല്‍ മതി. സൂറത്തുല്‍ ഫത്തിഹയും അതിന്‍റെ അര്‍ത്ഥവും താഴെ കൊടുക്കുന്നു.

                      അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. സര്‍വ ലോക രക്ഷിതാവായ അല്ലാഹുവിന്ന് സര്‍വ സ്തുതിയും. അവന്‍ പരമ കാരുണ്ണികനും കരുണാനിധിയുമാണ്. പ്രതിഫല ദിനത്തിന്‍റെ ഉടമസ്ഥനാണ്. (അല്ലാഹുവേ) നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു. ഞങ്ങളെ നീ ശരിയായ മാര്‍ഗത്തില്‍ നയിക്കേണമേ! നിന്‍റെ അനുഗ്രഹത്തിന് പാത്രമായവരുടെ മാര്‍ഗത്തില്‍ നിന്‍റെ കോപത്തിനു ഇരയായവരും വഴിതെറ്റിയവരും അല്ലാത്തവരുടെ മാര്‍ഗത്തില്‍  (അല്ലാഹുവേ) ഞങ്ങളുടെ പ്രാര്‍ത്ഥന നീ സ്വീകരിക്കേണമേ!  
                 എല്ലാ നിസ്കാരത്തിലെയും ആദ്യത്തെ രണ്ട് റകഅത്തുകളില്‍ ഫാത്തിഹ ഓതിയതിനു ശേഷം ഏതെങ്കിലും ഒരു സൂറത്ത് ഓതല്‍ സുന്നത്താണ്. മഗ്രിബ് നിസ്കാരത്തില്‍ ഏറ്റവും ചെറിയ സൂറത്തുകളും ളുഹറിലും അസറിലും അല്‍പം വലിയ സൂറത്തുകളും ഓതല്‍ പ്രത്യേകം സുന്നത്താണ്. വെള്ളിയാഴ്ച സുബഹി നിസ്കാരത്തില്‍ അലിഫ്ലാം മീം തന്‍സീലുല്‍ കിതാബ്, ഹല്‍ അത്താ അലല്‍ ഇന്‍സാനി എന്നീ സൂറത്തുകളും വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിലും ഇശാ നിസ്കാരത്തിലും സൂറത്തുല്‍ ജുമുഅ, സൂറത്തുല്‍ മുനാഫിഖൂന്‍ എന്നിവയും അല്ലെങ്കില്‍ സബ്ബിഹിസ്മ, ഹല്‍ അത്താക്ക എന്നീ സൂറത്തുകളും ഓതേണ്ടതാണ്. വെള്ളിയാഴ്ച മഗ്രിബ് നിസ്കാരത്തിലും മഗ്രിബ് ഇശാ എന്നിവയുടെ സുന്നത്തു നിസ്കാരങ്ങളിലും സൂറത്തുല്‍ കാഫിറൂന്‍, സൂറത്തുല്‍ ഇഖ്ലാസ് എന്നീ സൂറത്തുകള്‍ ഓതല്‍ സവിശേഷപ്രാധാന്യമുള്ള സുന്നത്താണ്. ഇമാമിനെ തുടര്‍ന്ന് നിസ്കരിക്കുന്നവര്‍ ഫാത്തിഹ ഓതിയതിനു ശേഷം സൂറത്ത് ഓതേണ്ടതില്ല. ഇമാം സൂറത്ത് ഓതുന്നത് ശ്രദ്ധിച്ചുകേള്‍ക്കുകയാണവര്‍ വേണ്ടത്. എന്തെങ്കിലും കാരണത്താല്‍ ഇമാമിന്‍റെ ഓത്ത് കേള്‍ക്കാത്ത മഅമൂമിനെ സംബന്ധിച്ചിടത്തോളം ഫത്തിഹക്ക് ശേഷം സൂറത്ത് ഓതുന്നതാണ് നല്ലത്. ചില സൂറത്തുകളും അവയുടെ അര്‍ത്ഥവും താഴെ കൊടുക്കുന്നു.

സൂറത്തുല്‍ കാഫിറൂന്‍ 
             അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ (നബി) പറയുക. അല്ലയോ സത്യനിഷേധികളെ, നിങ്ങള്‍ ആരാധിക്കുന്നവയെ ഞങ്ങള്‍ ആരാധിക്കുകയില്ല. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുകയില്ല. നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിച്ചിരുന്നില്ല. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിച്ചിരുന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതം.
സൂറത്തുല്‍ ഖാരിഅ 
              
             അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍. ആ ഭയങ്കര വിപത്ത്! ഭയങ്കര വിപത്ത് എന്താണെന്ന് താങ്കള്‍ക്ക് അറിവ് തരുന്നത് എന്താണ്? ജനങ്ങള്‍ ചിന്നിച്ചിതറി വിതറപ്പെട്ട ധൂളികള്‍ പോലെ ആയിത്തീരുകയും പര്‍വതങ്ങള്‍ കടയപ്പെട്ട കമ്പിളിരോമം പോലെയാവുകയും ചെയ്യുന്ന ദിവസം ആ വിപത്തുണ്ടാകും. അപ്പോള്‍ ആരുടെ തുലാസ് മുന്‍‌തൂക്കം തൂങ്ങുന്നുവോ അവര്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും. ആരുടെ തുലാസില്‍ നന്മയുടെ ഭാരം കുറയുന്നുവോ അവരുടെ മടക്ക സ്ഥാനം അഗാധ ഗര്‍ത്തമാകുന്നു. അത് എന്താണെന്ന് നിനക്ക് അറിവ് തരുന്നത് എന്താണ്? കത്തിജ്വലിക്കുന്ന നരകമാകുന്നു അത്. 

സൂറത്തുല്‍ ഖുറൈശ്

                   അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍, ഖുറൈശികള്‍ക്ക് ഇണക്കമുണ്ടാകാന്‍- ഉഷ്ണകാലത്തും ശൈത്യകാലത്തും യാത്ര ചെയ്യുന്നതിനു അവര്‍ക്ക് ഇണക്കമുണ്ടാകാന്‍ ( വേണ്ടതൊക്കെ അല്ലാഹു ചെയ്തു കൊടുത്തു). അതിനാല്‍ തങ്ങള്‍ക്ക് വിശപ്പകറ്റാന്‍ ഭക്ഷണം നല്‍കുകയും, ഭയത്തില്‍ നിന്ന് മോചനം നല്‍കുകയും ചെയ്ത ഈ ഭവനത്തിന്‍റെ നാഥനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.

റുകൂഇലേക്ക് 

                 ഫത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാല്‍ 'അല്ലാഹു അക്ബര്‍' എന്ന് പറഞ്ഞുകൊണ്ട് റുകൂഇലേക്ക് പോകണം.
                  കൈകള്‍ മേലോട്ട് ഉയര്‍ത്തി ഉടന്‍ താഴ്ത്തുകയും ചെയ്യുക. കുനിഞ്ഞു നില്‍ക്കുമ്പോള്‍ മുതുകും പിരടിയും ഒരേ നിരപ്പില്‍ ആയിരിക്കണം. കൈപ്പത്തികള്‍ കാല്‍മുട്ടുകളില്‍ വെക്കുക. ഒരു നിമിഷത്തേക്ക് എല്ലാ ചലനങ്ങളും നിര്‍ത്തുക ഇതാണ് റുകൂഅ. അല്ലാഹുവിന്‍റെ മുന്‍പില്‍ വിനയവും വിധേയത്വവും കാണിക്കുന്നതിന്‍റെ ഒരു രൂപമാണത്. റുകൂഇല്‍ ഈ ദിക്ര്‍ മൂന്നു പ്രാവശ്യം ചൊല്ലുക.
                അര്‍ത്ഥം: മഹാനായ അല്ലാഹുവിനെ ഞാന്‍ സ്തുതിക്കുകയും അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു. കൂടാതെ റുകൂഇല്‍ ഈ പ്രാര്‍ഥനയും ചോല്ലാവുന്നതാണ്.
  
                അര്‍ത്ഥം: അല്ലാഹുവേ നിനക്ക് വേണ്ടി ഞാന്‍ തല കുനിച്ചിരിക്കുന്നു. നിന്‍റെ മുമ്പില്‍ ഞാന്‍ വിനയാന്വിതനായിരിക്കുന്നു. നിന്നില്‍ വിശ്വസിച്ചിരിക്കുന്നു. നിന്നെ അനുസരിച്ചിരിക്കുന്നു. നിന്നില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. നീയാണെന്‍റെ നാഥന്‍. എന്‍റെ കണ്ണും കാതും മജ്ജയും മാംസവും എല്ലും ഞരമ്പും എന്‍റെ പാദങ്ങള്‍ വഹിച്ചിരിക്കുന്ന സര്‍വ അവയവങ്ങളും ഭയഭക്തിയോടെ നിനക്ക് കീഴ്പ്പെട്ടിരിക്കുന്നു.

ഇഅത്തിദാല്‍ 
                 റുകൂഇല്‍ നിന്ന് നേരെ എഴുന്നേറ്റ് നിവര്‍ന്നു നില്‍ക്കണം. ഇതാണ് ഇഅത്തിദാല്‍ എന്ന് പറയുന്നത്. റുകൂഇല്‍ നിന്ന്‍ ഉയരുമ്പോള്‍ ഇരുകൈകളും ചുമലിനു നേരെ ഉയര്‍ത്തി . സമി അല്ലാഹു ലിമന്‍ ഹമിദ 
       എന്ന് പറയുകയും പിന്നീട് കൈകള്‍ താഴ്ത്തിയിട്ട് നേരെ നില്‍ക്കുകയും വേണം. റുകൂഇലെന്നപോലെ ഇഅത്തിദാലിലും അല്‍പനേരം ശാന്തനായി നില്‍ക്കണം. ഇഅത്തിദാലില്‍ ഈ പ്രാര്‍ത്ഥന ചൊല്ലുക.
         അര്‍ത്ഥം: ഞങ്ങളുടെ നാഥാ ആകാശങ്ങളും ഭൂമിയും നീ ഉദ്ദേശിച്ച മറ്റു വസ്തുക്കളും നിറയെ നിനക്ക് സ്തുതി.
        തുടര്‍ന്ന്‍ താഴെ കാണുന്ന പ്രാര്‍ത്ഥന ചൊല്ലണം.
                                        
                അര്‍ത്ഥം: സ്തുതികള്‍ക്കും ബഹുമതികള്‍ക്കും അര്‍ഹനായ അല്ലാഹുവേ ഒരടിമ പറയുന്നതില്‍ വെച്ച് ഏറ്റവും സത്യമായ വചനം! ഞങ്ങളെല്ലാം നിന്‍റെ അടിമകളാകുന്നു. നീ നല്‍കുന്നതിനെ തടയാനും നീ തടയുന്നതിനെ നല്‍കാനും ആരും തന്നെയില്ല. സമ്പന്നന് നിന്‍റെ കൈവശമുള്ള ഒന്നിന് വേണ്ടിയും തന്‍റെ സമ്പത്ത് പ്രയോചനപ്പെടുകയില്ല.
സുജൂദ് (സാഷ്ടാംഗം)
                 ഇഅത്തിദാലില്‍ നിന്ന് നേരേ സുജൂദിലേക്ക് പോകണം. സുജൂദിലേക്ക് പോകുമ്പോഴും സുജൂദില്‍ നിന്ന്‍ ഉയരമ്പോഴും 'അല്ലാഹു അക്ബര്‍'എന്ന് പറയണം. സുജൂദിലേക്ക് പോകുമ്പോള്‍ ആദ്യമായി കാല്‍ മുട്ടുകളാണ് നിലത്തു വെക്കേണ്ടത്. കാല്‍മുട്ടുകള്‍, കൈവെള്ളകള്‍ ,നെറ്റി, മൂക്ക്, കാല്‍വിരലുകളുടെ ഉള്‍ഭാഗങ്ങള്‍ ഇവയെല്ലാം നിലത്തുവെക്കണം.
                 തലയുടെ ഭാരം മുഴുവന്‍ നിലത്ത് ഊന്നി മേല്‍ഭാഗം താഴ്ത്തി മുതുകുഭാഗം ഉയര്‍ത്തിക്കിടക്കുന്നതിനാണ് സുജൂദ് എന്ന് പറയുന്നത്. അല്ലാഹുവിന്‍റെ മുന്‍പില്‍ വിനയവും വണക്കവും കാണിക്കുന്നതിന്‍റെ പാരമ്യത്തെ സൂചിപ്പിക്കുന്നതാണ് സുജൂദ്. സുജൂദ് ചെയ്യുമ്പോള്‍ നെറ്റി നിലത്ത് പതിയുന്നു എന്ന് ഉറപ്പുവരുത്തണം. തൊപ്പി, തലയില്‍ക്കെട്ട്, മക്കന, മുടി തുടങ്ങിയവ കൊണ്ട് നെറ്റി മറയാതെ നോക്കണം. മൂക്ക് ഒഴിച്ചുള്ള മറ്റു ശരീരഭാഗങ്ങള്‍ (മേല്‍പ്പറഞവ) കാരണം കൂടാതെ അല്പനേരമെങ്കിലും നിലത്തു തട്ടാതിരുന്നാല്‍ സുജൂദ് ശരിയാവുകയില്ല. സുജൂദില്‍ ഈ ദിക്ര്‍ മൂന്നു പ്രാവശ്യം പറയുക.
              പരമോന്നതനായ എന്‍റെ നാഥനെ സ്തുതിക്കുകയും അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു എന്നാണിതിന്‍റെ അര്‍ത്ഥം. തുടര്‍ന്ന് ഈ പ്രാര്‍ത്ഥനകൂടി ചൊല്ലുക. അത് സുന്നത്താണ്.

              അര്‍ത്ഥം: എന്‍റെ ശരീരത്തെ സൃഷ്ടിക്കുകയും അതിനു രൂപകല്‍പ്പന ചെയ്യുകയും തന്‍റെ ഇച്ഛയും കഴിവും കൊണ്ട് അതില്‍ കണ്ണും കാതും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്‍റെ മുമ്പില്‍ എന്‍റെ ശരീരം ഇതാ സാഷ്ടാംഗം ചെയ്തിരിക്കുന്നു.സൃഷ്‌ടാക്കളില്‍ അത്യുല്‍കൃഷ്‌ടനായ അള്ളാഹു ഉത്തമ ഗുണങ്ങളുടെ അധിപന്‍ തന്നെയാകുന്നു.
                     ഓരോ റകഅത്തിലും രണ്ട് സുജൂദുകള്‍ വീതമാണുള്ളത്. രണ്ട് സുജൂദുകള്‍ക്കിടയില്‍ ഒരു ഇരുത്തമുണ്ട്.
സുജൂദുകള്‍ക്കിടയിലെ ഇരുത്തം 
                     ഒരു സുജൂദ് പൂര്‍ത്തിയായാല്‍ അല്ലാഹു അക്ബര്‍ എന്ന് ചൊല്ലിക്കൊണ്ട് തലയുയര്‍ത്തി നിവര്‍ന്നിരിക്കുക. 
                        ഇടതുകാലിന്‍റെ പാദം പരത്തി അതിന്മേല്‍ ഇരിക്കുകയും വലതു പാദം കുത്തിവെക്കുകയും വേണം. കൈവിരലുകള്‍ പരത്തി കൈപ്പത്തികള്‍ തുടയുടെ മേല്‍ വെക്കണം. ഈ തരത്തിലുള്ള ഇരുത്തത്തിനു ഇഫ്‌തിറാശ് എന്നാണ് പറയുക. ഇവിടെയും വലതു കൈവിരലുകള്‍ പിടിക്കണ്ട രൂപം മുമ്പ് വിവരിച്ചിട്ടുണ്ട്. അപ്രകാരം തന്നെ വെക്കണം. രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തം അധികം ദീര്‍ഘിപ്പിക്കാന്‍ പാടില്ല. പ്രിഷ്ടഭാഗം മടമ്പില്‍ വെച്ച് കാല്‍മുട്ടുകളെ നിലത്ത് കുത്തിക്കൊണ്ട് ഇരിക്കുന്നതിനും വിരോധമില്ല. എങ്കിലും ഏറ്റവും നല്ലത് ഇഫ്തിറാശിന്‍റെ ഇരുത്തം തന്നെ.
                രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തില്‍ ഈ ദിക്ര്‍ ചൊല്ലുക.
                   അര്‍ത്ഥം: എന്‍റെ നാഥാ, എന്‍റെ പാപങ്ങള്‍ പൊറുക്കുകയും എന്നെ അനുഗ്രഹിക്കുകയും എന്‍റെ ന്യൂനതകള്‍ പരിഹരിക്കുകയും എന്നെ ഉന്നതിയിലേക്കുയര്‍ത്തുകയും എനിക്ക് ആഹാരവും സന്മാര്‍ഗ ദര്‍ശനവും ആരോഗ്യവും നല്‍കുകയും ചെയ്യേണമേ!
                     
                     ഇത് പൂര്‍ത്തിയായാല്‍ രണ്ടാമതൊരു സുജൂദുകൂടി ചെയ്യുക. ആദ്യത്തെ സുജൂദില്‍ ചെയ്തതും പറഞ്ഞതുമെല്ലാം രണ്ടാമത്തെ സുജൂദിലും ആവര്‍ത്തിക്കണം. ഈ സുജൂദുകൂടി കഴിഞ്ഞാല്‍ ഒരു റകഅത്ത് പൂര്‍ത്തിയായി. റുകൂഅ, ഇഅത്തിദാല്‍, സുജൂദ്, സുജൂദുകള്‍ക്കിടയിലെ ഇരുത്തം ഇവയിലെല്ലാം (ത്വുമഅനീനത്ത്) അഥവാ ശാന്തത കൈക്കൊള്ളല്‍ നിര്‍ബന്തമാണ്. റുകൂഇലേക്ക് പോകുകയും അപ്പോള്‍ തന്നെ ഇത്തിദാലിലേക്ക് പോരുകയും ചെയ്‌താല്‍ ശരിയാവുകയില്ല. മറ്റുള്ളവയും ഇങ്ങനെ തന്നെ. ഇതേ ക്രമത്തില്‍ എല്ലാ റകഅത്തുകളും നിസ്കരിക്കണം. 
                      രണ്ടില്‍ കൂടുതല്‍ റകഅത്തുള്ള നിസ്കാരമാണെങ്കില്‍ രണ്ടാം റകഅത്തിനു ശേഷം ആദ്യത്തെ അത്തഹിയ്യാത്ത് ഓതുകയും അതിന്നായി ഇരിക്കുകയും വേണം. നേരത്തെ പറഞ്ഞത് പോലെയുള്ള ഇഫ്‌തിറാശിന്‍റെ ഇരുത്തമാണ് ഇരിക്കേണ്ടത്. ആദ്യത്തെ അത്തഹിയ്യാത്തിന്നു ശേഷം നബി(സ) യുടെ മേല്‍ സ്വലാത്ത് ചൊല്ലണം. അത്തഹിയ്യാത്തും സ്വലാത്തും കഴിഞ്ഞാല്‍ വീണ്ടു എഴുന്നേല്‍ക്കുകയും ബാക്കിയുള്ള റകഅത്തുകള്‍ പൂര്‍ത്തിയാക്കുകയും വേണം. ആദ്യത്തെ അത്തഹിയ്യാത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ കൈകളില്‍ ഭാരം കൊടുത്താണ് എഴുന്നേല്‍ക്കേണ്ടത്. കൈകള്‍ ചുമലിനു നേരെ ഉയര്‍ത്തി താഴ്ത്തുകയും വേണം. എല്ലാ റകഅത്തുകളും പൂര്‍ത്തിയായാല്‍ അവസാനത്തെ അത്തഹിയ്യാത്ത് ഓതുകയും അതിന്നായി ഇരിക്കുകയും വേണം. തവര്‍റുക്കിന്‍റെ ഇരുത്തമാണ് ഇവിടെ ഇരിക്കേണ്ടത്, അതിന്‍റെ രൂപം നേരത്തെ വിവരിച്ചിട്ടുണ്ട്. എന്നാല്‍ സലാം വീട്ടുന്നതിനു മുമ്പ് സുജൂദുസ്സഹ്വി (മറവിയുടെ സുജൂദ്) ചെയ്യാനുണ്ടെങ്കില്‍ ഇഫ്തിറാശിന്‍റെ ഇരുത്തമാണ് ഇരിക്കേണ്ടത്. അവസാനത്തെ അത്തഹിയ്യാത്തിനു ശേഷം നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലണം. അതിനു ശേഷം ദുആ ചെയ്യലും സുന്നത്താണ്.
അത്തഹിയ്യാത്തും സ്വലാത്തും 
                   അര്‍ത്ഥം: എല്ലാ കാണിക്കകളും അനുഗ്രഹീതങ്ങളായ എല്ലാ കാര്യങ്ങളും എല്ലാ നിസ്കാരങ്ങളും എല്ലാ സല്‍കര്‍മങ്ങളും അല്ലാഹുവിന്നുള്ളതാകുന്നു. അല്ലയോ നബിയെ! അല്ലാഹുവിന്‍റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും അങ്ങയുടെ മേല്‍ ഉണ്ടായിരിക്കട്ടെ. അല്ലാഹുവിന്‍റെ സദ്‌വൃത്തരായ ഇതെല്ലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു ഒഴികെ ഒരു ആരാദ്യനും ഇല്ലെന്നും മുഹമ്മദ്‌(സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, മുഹമ്മദ് നബിയുടെ മേല്‍ നീ കാരുണ്യം വര്‍ഷിക്കേണമേ!
                അവസാന അത്തഹിയ്യാത്തിന് ശേഷം പൂര്‍ണമായ സ്വലാത്ത് ചൊല്ലലും അതിനു ശേഷം പ്രാര്‍ത്തിക്കലും സുന്നത്താകുന്നു. പൂര്‍ണമായ സ്വലാത്ത് താഴെ കൊടുക്കുന്നു.
സ്വലാത്തിന്‍റെ പൂര്‍ണ്ണ രൂപം 
                    അര്‍ത്ഥം: അല്ലാഹുവേ, ഈ ലോകത്തുള്ളവരില്‍ വെച്ച് ഇബ്രാഹിം നബിയുടെയും കുടുബത്തിന്‍റെയും മേല്‍ നീ കാരുണ്യവും അനുഗ്രഹവും വര്‍ഷിപ്പിച്ചത് പോലെ മുഹമ്മദ് നബി(സ) യുടെയും കുടുബത്തിന്‍റെയും മേല്‍ നീ കാരുണ്യവും അനുഗ്രഹവും വര്‍ഷിക്കേണമേ. തീര്‍ച്ചയായും നീ സ്തുത്യര്‍ഹനും പരമോന്നതനുമാണല്ലോ.
അത്തഹിയ്യാത്തിനു ശേഷമുള്ള ദുആ 
                അര്‍ത്ഥം: അല്ലാഹുവേ! ഞാന്‍ മുമ്പു ചെയ്തതും പിറകെ ചെയ്യുന്നതും രഹസ്യമായും പരസ്യമായും അതിരുവിട്ടു ചെയ്തതുമെല്ലാം എന്നെക്കാള്‍ കൂടുതല്‍ നിനക്കറിയാവുന്നതുമായ എല്ലാ തെറ്റുകളും എനിക്ക് നീ പൊറുത്തു തരേണമേ! തീര്‍ച്ചയായും എല്ലാ കാര്യങ്ങളും അവയുടെ ക്രമപ്രകാരം മുന്തിക്കുകയും പിന്തിക്കുകയും ചെയ്യുന്നവനാണ് നീ. നീയല്ലാതെ ഒരു ആരാധ്യനുമില്ല. അല്ലാഹുവേ! ഖബറിലെ ശിക്ഷയില്‍ നിന്നും നരക ശിക്ഷയില്‍ നിന്നും, ജീവിതത്തിന്‍റെയും മരണത്തിന്‍റെയും പരീക്ഷണങ്ങളില്‍ നിന്നും ശപിക്കപ്പെട്ട ദജ്ജാലിന്‍റെ ഫിത്നയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.
             അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷമാണ് ഈ ദുആ ചൊല്ലേണ്ടത്.
അത്തഹിയ്യാത്തിനു വേണ്ടിയുള്ള ഇരുത്തം 
                       അത്തഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി തവര്‍റുക്കിന്‍റെ ഇരുത്തമാണ് ഇരിക്കേണ്ടത്. കൈപ്പത്തികള്‍ രണ്ടും കാല്‍മുട്ടുകള്‍ക്കടുത്തായി തുടകളുടെ മേല്‍ വെക്കണം. അത്തഹിയ്യാത്ത് ഓതുമ്പോള്‍ ഇല്ലാഹു എന്ന് ഉച്ചരിക്കുന്ന സമയത്ത് വലതു കയ്യിന്‍റെ ചൂണ്ടു വിരല്‍ അല്പം ഉയര്‍ത്തുകയും അതിലേക്ക് തന്നെ നോക്കുകയും വേണം. അത് സുന്നത്താണ്. ഉയര്‍ത്തിയ വിരല്‍ സലാം വീട്ടുന്നത് വരെയും താഴ്ത്തരുത്. അത്തഹിയ്യാത്തും സ്വലാത്തും ദുആയും കഴിഞ്ഞതിനു ശേഷം രണ്ട് പ്രാവശ്യം സലാം ചൊല്ലി നിസ്കാരത്തില്‍ നിന്നും വിരമിക്കണം. ഇവയില്‍ ഒന്നാമത്തെ സലാം നിര്‍ബന്ധവും രണ്ടാമത്തെ സലാം സുന്നത്തുമാകുന്നു.

സലാം വീട്ടല്‍ 
               നിസ്കാരം തക്ബീര്‍ കൊണ്ട് ആരംഭിക്കുന്നു തസ്ലീം കൊണ്ട് അവസാനിക്കുകയും ചെയ്യുന്നു.
              അസ്സലാമു അലൈകും വരഹ്മത്തുല്ലാഹ് എന്ന് ചൊല്ലിയാണ് സലാം വീട്ടേണ്ടത്. അല്ലാഹുവിന്‍റെ രക്ഷയും കാരുണ്യവും നിങ്ങളുടെ മേല്‍ ഉണ്ടാവട്ടെ എന്നാണിതിന്‍റെ അര്‍ത്ഥം. അസ്സലാമു അലൈകും എന്ന് പറയലെ നിര്‍ബന്ധമുള്ളൂ. വരഹ്മത്തുല്ലാഹ് എന്ന് കൂട്ടിചേര്‍ക്കലും രണ്ടാമത്തെ സലാം പറയലും സുന്നത്താണ്. ആദ്യം സലാം പറയുമ്പോള്‍ വലതു ഭാഗത്തേക്കും രണ്ടാമത് സലാം പറയുമ്പോള്‍ ഇടതു ഭാഗത്തേക്കും മുഖം തിരിക്കലും സുന്നത്താണ്. ആദ്യത്തെ സലാം കൊണ്ട് വലതു ഭാഗത്തും രണ്ടാമത്തെ സലാം കൊണ്ട് ഇടതു ഭാഗത്തുമുള്ള മലക്കുകള്‍, സത്യവിശ്വാസികള്‍ തുടങ്ങിയവര്‍ക്ക് സലാം പറയുകയാണെന്ന് മനസ്സില്‍ കരുതണം. അതും സുന്നത്തു തന്നെ.
                   നിസ്കാരത്തിന്‍റെ കര്‍മങ്ങള്‍ അല്‍പം വിശദമായിതന്നെ നാം വിവരിച്ചു കഴിഞ്ഞു. ഈ കര്‍മങ്ങളെല്ലാം മേല്‍ പറഞ്ഞ ക്രമത്തില്‍ തന്നെ ചെയ്യേണ്ടതാണ്. എങ്കില്‍ മാത്രമേ നിസ്കാരം ശരിയാവുകയുള്ളൂ. ക്രമം തെറ്റിച്ചാല്‍ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല.
ഖുനൂത്ത് 

         സുബഹ് നിസ്കാരത്തിൽ രണ്ടാമത്തെ റക്അത്തിലെ ഇഅത്തിദാലിലും റമളാൻ മാസം പകുതിക്കു ശേഷമുള്ള വിത്ർ നിസ്കാരത്തിൻറെ അവസാന റകഅത്തിൻറെ ഇഅത്തിദാലിലും ഖുനൂത്ത് ഓതൽ സുന്നത്താണ്. മുസ്ലിംകൾ ഏതെങ്കിലും ആപൽ ഭീഷണി നേരിടുമ്പോൾ എല്ലാ നിസ്കാരങ്ങളിലും ഖുനൂത്ത് ഓതൽ സുന്നത്തുണ്ട്. ഖുനൂത്തിൻറെ വചനങ്ങൾ താഴെ കൊടുക്കുന്നു.

     അർത്ഥം : അല്ലാഹുവേ ! നീ നേർ  മാർഗത്തിലാക്കിയവരുടെ കൂടെ എന്നേയും  നീ നേർ മാർഗത്തിലാക്കേണമേ, നീ എനിക്ക് ആരോഗ്യം നൽകേണമേ, നീ സംരക്ഷണം ഏറ്റെടുത്തവരുടെ കൂട്ടത്തിൽ എൻറെ സംരക്ഷണവും നീ ഏറ്റെടുക്കേണമേ. എനിക്ക് നൽകിയതിൽ നീ ബർക്കത്ത് നൽകേണമേ. നീ വിധിച്ചതിൻറെ തിന്മയിൽ നിന്ന് എന്നെ നീ കത്തു രക്ഷിക്കേണമേ, തീർച്ചയായും നീയാണ് വിധിക്കുന്നത്. നിൻറെ കാര്യത്തിൽ വിധിക്കാൻ ആരുമില്ല. നീ മാന്യത നൽകിയവൻ നിന്ദ്യനാവുകയുമില്ല. നീ നിന്ദിച്ചവൻ മാന്യനാവുകയുമില്ല. ഞങ്ങളുടെ നാഥാ നീ പരമോന്നതനും അനുഗ്രഹീതനുമായിരിക്കുന്നു. നീ വിധിച്ചതിൻറെ പേരിൽ സർവ സ്തുതിയും നിനക്കുതന്നെ. നിന്നോട് ഞാൻ മാപ്പിനപേക്ഷിക്കുന്നു. നിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. നിരക്ഷരജ്ഞനും പ്രവാചകനുമായ മുഹമ്മദ്‌ നബി (സ) തിരുമേനിയുടെയും കുടുംബത്തിൻറെയും സ്വഹാബികളുടേയും  മേൽ  അല്ലാഹു അനുഗ്രഹവും രക്ഷയും ചൊരിയുമാറാകട്ടെ.
                     ഖുനൂത്ത് ഓതുമ്പോൾ രണ്ടു കൈകളും ഉയരത്തിപ്പിടിക്കണം. മറ്റു പ്രാർത്ഥനകൾക്ക് ശേഷം ചെയ്യാറുള്ളതുപോലെ ഖുനൂത്തിനു ശേഷം നാം മുഖം തടകരുത്. ഖുനൂത്തിൽ മേൽ  പറഞ്ഞ പ്രാർത്ഥനയേ ഉപയോഗിക്കാവൂ എന്നില്ല. മറ്റു പ്രാർത്ഥനകളും ഉപയോഗിക്കാം. നബി തിരുമേനി (സ) യിൽ നിന്ന് തന്നെ വേറേയും പ്രാർഥനകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി ഉപയോഗിച്ചു വരുന്നത് മേൽ പറഞ്ഞ പ്രാർത്ഥനയാണെന്ന് മാത്രം.
                     ഇമാമാണ് ഖുനൂത്ത് ഒതുന്നത് എങ്കിൽ ബഹുവചനശബ്ദം ഉപയോഗിക്കണം. ഉദാഹരണത്തിന് ഇഹ്ദിനീ എന്ന്  പറയുന്നിടത്ത് ഇഹ്ദിനാ എന്ന് പറയണം. ഇമാമിൻറെ ഖുനൂത്തിനു മഅമും ആമീൻ ചൊല്ലുകയും വേണം. അല്ലാഹുവിനെ സ്തുതിക്കുന്ന വചനങ്ങൾ മഅമും ഇമാമിനോടൊപ്പം ചൊല്ലണം.
സഹ് വിൻറെ  സുജൂദ് 
                   താഴെ പറയുന്ന സന്ദർഭങ്ങളിൽ സഹ് വിൻറെ (മറവിയുടെ) സുജൂദ് ചെയ്യേണ്ടതാണ്. 
1. ഖുനൂത്തോ അതുപോലെ മറ്റെന്തെങ്കിലും അബ്ആള് സുന്നത്തോ മറന്നു ചെയ്യാതിരിക്കുക. ( അബ്ആള് സുന്നത്തുകൾ എന്തെല്ലാമാണ് എന്ന് പിന്നീട് വിവരിക്കുന്നുണ്ട്.)

2. മനപ്പൂർവം ചെയ്‌താൽ നിസ്കാരം നിഷ്ഫലമായിത്തീരുന്ന ഏതെങ്കിലും കാര്യം മറന്നു ചെയ്യുക.( നിസ്കാരത്തെ നിഷ്ഫലമാക്കിത്തീർക്കുന്ന കാര്യങ്ങളെന്തെന്നും പിന്നീട് വിവരിക്കുന്നുണ്ട്.)

3. നിസ്കാരത്തിൻറെ ഏതെങ്കിലും കർമങ്ങളുടെ കാര്യത്തിൽ സംശയം ജനിക്കുക.
                     ഒറ്റക്ക് നിസ്കരിക്കുകയാണെങ്കിലും സഹ് വിന്റെ സുജൂദ് ചെയ്യേണ്ടതാണ്. സഹ്വിന്റെ സുജൂദ് രണ്ടു പ്രാവശ്യം ചെയ്യണം. സാധാരണ നിസ്കാരത്തിലെ സുജൂദുകൾക്കിടയിൽ ഇരിക്കുന്നതു പോലെ ഇവക്കിടയിലും ഇരിക്കണം. അവസാനത്തെ അത്തഹിയ്യാത്തും സ്വലാത്തും ദുആയും കഴിഞ്ഞ് സലാം വീട്ടുന്നതിനു തൊട്ടു മുൻപാണ് സഹ് വിൻറെ  സുജൂദ് ചെയ്യേണ്ടത്. സഹ് വിൻറെ സുജൂദുകളിൽ ഈ ദിക്ർ ചെല്ലണം.
                     അർത്ഥം : ഉറക്കവും മറവിയും ഇല്ലാത്ത അല്ലാഹുവിൻറെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.
                        നിസ്കാരത്തിൽ നിർബന്ധമായ ഏതെങ്കിലും ഒരു കാര്യം മറന്നു എന്ന് കരുതുക. ഓർമ വന്ന ഉടനെ അതു നിർവഹിക്കണം. സഹ് വിൻറെ സുജൂദ് ചെയ്യാം എന്ന് കരുതി വിട്ടു കളയാൻ പാടില്ല. ചുരുക്കത്തിൽ നിസ്കാരത്തിൽ നിർവഹിക്കേണ്ടത് ഉപേക്ഷിക്കുകയോ നിസ്കാരത്തിൽ ഇല്ലാത്തത് പ്രവർത്തിക്കുകയോ ചെയ്താലാണ് സഹ് വിൻറെ സുജൂദ് ആവശ്യമായിവരുന്നത്.
                    സുന്നത്തായ ഒരു കാര്യം മറക്കുകയും അതിനു ശേഷമുള്ള ഫർളിൽ പ്രവേശിക്കുകയും ചെയ്തതിനു ശേഷം മറന്നത് ഓർമ വന്നാൽ അത് നിർവഹിക്കാൻ വേണ്ടി മടങ്ങരുത്. മനപ്പൂർവം അങ്ങനെ മടങ്ങിയാൽ നിസ്കാരം നിഷ്ഫലമായിത്തീരും.

സുജൂദുത്തിലാവ 

                               വിശുദ്ധ ഖുറാനിൽ സുജൂദിൻറെ ചില ആയത്തുകളുണ്ട്. അവ ഓതുമ്പോൾ ഓതുന്നവർക്കും കേൾക്കുന്നവർക്കും സുജൂദ് ചെയ്യൽ സുന്നത്താണ്. ഇതിന് സുജൂദുത്തിലാവത്ത് എന്നാണ് പറയുന്നത്. നിസ്കാരത്തിലാണെങ്കിലും അല്ലെങ്കിലും ഓത്തിൻറെ സുജൂദ് സുന്നത്താണ്. ജമാഅത്ത് നിസ്കാരത്തിൽ ഇമാം സുജൂദ് ചെയ്തെങ്കിൽ മാത്രമേ മഅമൂം ചെയ്യാൻ പാടുള്ളൂ. സജതയുടെ ആയത്ത് ഓതിയാൽ ഒരു സുജൂദ് ചെയ്യണം. സുജൂദിൽ സാധാരണ ചൊല്ലുന്ന ദിക്ർ തന്നെയാണ് ചൊല്ലേണ്ടത്.

                     പതിനഞ്ച് സജദയുടെ ആയത്തുകളാണ് ഖുറാനിൽ ഉള്ളത്. മുസ്ഹഫിൽ  അത് ആയത്തുകളുടെ അടുത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. അവ ഈ പറയുന്നവയാണ്.

1. സൂറത്തുൽ അഅറാഫിലെ 206  ആയത്ത് 
2. സൂറത്തുൽ റഅദിലെ 15 ആയത്ത്
3. സൂരത്തുന്നഹ്ലിലെ 49 ആയത്ത് 
4.  സുരത്തുൽ ഇസ്രാഈലിലെ 107 ആയത്ത് 
5. സൂറത്തുൽ മറിയമിലേ 58 ആയത്ത് 
6. സൂറത്തുൽ ഹജ്ജിലെ 18 ആയത്ത് 
7. സൂറത്തിൽ ഹജ്ജിലെ 77 ആയത്ത് 
8. സൂറത്തുൽ ഫുർഖാനിലെ 60 ആയത്ത് 
9. സൂറത്തുന്നംലിലെ  25 ആയത്ത് 
10. സൂറത്തു സജദയിലെ 15 ആയത്ത് 
11. സൂറത്തു ഫുസ്സിലത്തിലെ 37 ആയത്ത് 
12. സൂറത്തു  ന്നജ്മിലെ 62 ആയത്ത് 
13. സൂറത്തുൽ ഇൻഷിഖാഖിലെ 21 ആയത്ത് 
14. സൂറത്തുൽ അലഖിലെ 19 ആയത്ത് 
15. സൂറത്തുൽ സ്വാദ് 24 ആയത്ത്

                  സൂറത്ത് സ്വദിലെ 21 ആയത്ത് ഈ ഗണത്തിൽ പെട്ടതല്ല. അവിടെ ഒരു സുജൂദ് സുന്നത്തുണ്ട്. അത് ശുക്റിൻറെ സുജൂദാണ്. നിസ്കാരത്തിൽ ശുക്റിൻറെ  സുജൂദ് ഇല്ല.

                                സാധാരണ സുജൂദിൽ ചൊല്ലാറുള്ള ദിക്ർ ഓത്തിൻറെ സുജൂദിലും  ചൊല്ലാമെന്ന് പറഞ്ഞുവല്ലോ. ഓത്തിൻറെ ഈ പറയുന്ന ദിക്രും ചൊല്ലാം. അത് സുന്നത്താണ്.

                             അർത്ഥം: അപാരമായ തൻറെ കഴിവ് കൊണ്ട് സൃഷ്ടിക്കുകയും കണ്ണും കാതും പ്രദാനം ചെയ്യുകയും ചെയ്ത നാഥൻറെ മുമ്പിൽ ഞാനെൻറെ മുഖം കുനിക്കുന്നു.ഉത്തമ സൃഷ്ടികർത്താവായ അള്ളാഹു ഗുണ സമ്പൂർണനായിരിക്കുന്നു.
                                ഇമാം ഓത്തിൻറെ സുജൂദ് ചെയ്‌താൽ മഅമൂമും സുജൂദ് ചെയ്യൽ നിർബന്ധമാണ്. നിസ്കാരത്തിലാണെങ്കിൽ ഓത്തിൻറെ  സുജൂദ് ചെയ്യാൻ വേണ്ടി തക്ബീർ ചൊല്ലണം. നിസ്കാരത്തിലാല്ലാതെയാണ് സുജൂദ് ചെയ്തതെങ്കിൽ ആദ്യം തക്ബീറത്തുൽ ഇഹ്റാം (അല്ലാഹു അക്ബർ) എന്ന്  ചൊല്ലുകയും സുജൂദിനു ശേഷം ഇരുന്ന് സലാം വീട്ടുകയും വേണം. നിസ്കാരത്തിൻറെ ശർത്തുകളെല്ലാം ഈ സുജൂദിനും ബാധകമാണ്.

Wednesday, 30 March 2016

ലൌഹുല്‍ മഹ്ഫൂള് എന്ന് പറഞ്ഞാല്‍ എന്താണ്.

സൃഷ്ടികളുടെ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തപ്പെട്ട അല്ലാഹുവിന്റെയടുക്കലുള്ള ഗ്രന്ഥമാണ് ലൌഹുല്‍ മഹ്ഫൂസ്. സൃഷ്ടികളെ സൃഷ്ടിക്കുന്നതിനു മുമ്പ്‌ തന്നെ സംഭവിക്കാന്‍ പോകുന്ന മുഴുവന്‍ കാര്യങ്ങളും അല്ലാഹു ഇതില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

ഖുര്‍ആന്‍ പറയു ന്നു “ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുകതന്നെ ചെയ്യുമെന്നു താങ്കള്‍ മനസ്സിലാക്കിയിട്ടില്ലേ? നിശ്ചയമായും അതെല്ലാം ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചട്ടുണ്ട്. അതു അല്ലാഹുവിന്ന് ഒരു നിസ്സാരകാര്യം തന്നെയാണ്.. (അല്‍-ഹജ്ജ്‌:70) ഇവിടെ ഗ്രന്ഥംകൊണ്ട് ഉദ്ദേശിക്കുന്നത്  ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ ലൌഹുല്‍ മഹ്ഫൂസ് ആണെന്ന് ഇമാം റാസി തഫ്സീറുല്‍ കബീറില്‍ രേഖപ്പെടുത്തുന്നു.

സൂറത്തുല്‍ ഹദീദില്‍ അല്ലാഹു പറയുന്നു “-ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ.” (അല്‍-ഹദീദ് : 22) ഇവിടെ ഗ്രന്ഥത്തിന്റെ വിവക്ഷ ലൌഹുല്‍ മഹ്ഫൂസ്‌ ആണെന്ന് ഇമാം ഖുര്തുബി തന്റെ തഫ്സീറില്‍ ഉദ്ധരിക്കുന്നു.

ഉബാദത്ത്‌ ബിന്‍ സാമിത്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: നബി (സ) പറയുന്നതായി ഞാന്‍ കേട്ടു. “അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് പേനയാണ് (ഖലം). അതിനോട് അല്ലാഹു പറഞ്ഞു: നീ എഴുതുക. അപ്പോള്‍ പേന ചോദിച്ചു : എന്‍റെ നാഥാ.. ഞാന്‍ എന്താണ് എഴുതേണ്ടത്? അല്ലാഹു പറഞ്ഞു : അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ കാര്യങ്ങളുടെയും നിര്‍ണയങ്ങള്‍ എഴുതുക. (അബൂദാവൂദ്‌)

മേല്‍ പറഞ്ഞ ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും വ്യക്തമാവുന്നത് പോലെ ലോകാരംഭം മുതല്‍ സംഭവിക്കാന്‍ പോകുന്ന മുഴുവന്‍ കാര്യങ്ങളും രേഖപ്പെടുത്തിയ ഗ്രന്ഥമാണ് ലൌഹുല്‍ മഹ്ഫൂദ്‌. സൂറത്തുല്‍ ബൂരൂജിന്റെ അവസാന ആയത്തില്‍ ഈ പദം തന്നെ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്.  സുരക്ഷിതമായ അല്ലെങ്കില്‍ സൂക്ഷിക്കപ്പെടുന്ന ഫലകം എന്നാണു അതിന്റെ വാക്യാര്‍ത്ഥം.

പിറന്നാൾ ആഘോഷിക്കൽ


കുട്ടി പിറന്ന ദിവസം അല്ലാഹുവിനുള്ള നന്ദിയായി ദാനധർമ്മങ്ങളെകൊണ്ടും മറ്റ് ഇസ്‌ലാമിൽ അനുവദനീയമായ കാര്യങ്ങളെകൊണ്ടുമുള്ള നന്ദിപ്രകടനങ്ങളും ആഘോഷങ്ങളും അനുവദനീയമാണ്.
മറ്റ് മതാചാരങ്ങളെന്ന നിലക്കോ അവരോട് സാദൃശത പുലർത്തുന്നതോ നിഷിദ്ധമാണ്.

നന്ദിയുടെ സുജൂദ് ചെയ്യൽ അർഹിക്കുന്ന അനുഗ്രഹമാണ് കുട്ടി ജനിക്കലെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.

വിശേഷമായ എന്തെങ്കിലും അനുഗ്രഹം ലഭിക്കുകയോ വലിയൊരു പ്രയാസം ഒഴിവായിക്കിട്ടുകയോ ചെയ്താൽ ഇത് അനുഭവപ്പെട്ട ദിവസവും വർഷം തോറും ഇതിന്റെ നേരേ വരുന്ന ദിവസങ്ങളിലും അല്ലാഹുവിനു പ്രത്യേകം നന്ദി പ്രകടിപ്പിക്കൽ സുന്നത്താണെന്ന് ഇമാം സുയൂഥി رحمه الله പറഞ്ഞിട്ടുണ്ട്. ഖുർ‌ആൻ പാരായണം,ദാനധർമ്മങ്ങൾ തുടങ്ങി അല്ലാഹുവിന് നന്ദിയായി അറിയിക്കുന്ന എല്ലാവിധ ആരാധാനകളിലൂടെയും പ്രസ്തുത നന്ദി പ്രകടനം ആവാം.




പിറന്നാൾ ആഘോഷിക്കൽ സംബന്ധമായ ബ്ലോഗിൽ അനുബന്ധമായി ലഭിച്ച സംശയങ്ങൾക്ക് മറുപടിയാണിവിടെ :

ഒരു സഹോദരന്റെ സംശയങ്ങളും (in english ) മറുപടിയും -Part-1

Nabi(S) was born on Rabeeul Avval 12 and it was monday.So Prophet used to fast all mondays.
സഹോദരാ, ഇത് താങ്കൾ അംഗീകരിച്ച സ്ഥിതിക്ക് ഇനിയെന്താണ് പ്രശ്നം ? നബി صلى الله عليه وسلم നോമ്പെടുത്തതിന്റെ കാരണം, അന്ന് തങ്ങളെ പ്രസവിച്ചു എന്നതാണല്ലോ ! അപ്പോൾ ജനനം എന്നത് നന്ദി ചെയ്യാൽ അർഹമായ ഒരു കാര്യമാണെന്ന് മനസിലായില്ലേ !

അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم ലോകത്തിന് കിട്ടിയ ഏറ്റവും വലിയ റഹ്‌മത്ത് (അനുഗ്രഹം )അല്ലേ ? وما أرسلناك إلا رحمة للعالمين എന്നത് ഖുർ‌ആനാണല്ലോ. അതിനു അവരുടെ ഉമ്മത്ത് (അനുയായികൾ) നന്ദിയറിയിക്കുന്നതിന് എന്തിനെതിർക്കണം ?

This Hadees clearly shows that there is no speciality for Rabeeul Avval 12

ഈ ഹദീസിൽ റബീഉൽ അവ്വലിന് ഒരു പ്രത്യേകതയുമില്ലെന്നത് ഏത് പദത്തിന്റെ അർത്ഥമാണ് ? നബി صلى الله عليه وسلم യുടെ പേരിൽ കളവ് പറയാൻ പാടില്ല എന്നറിഞ്ഞ് കൂടെ ?

but the speciality is for all Mondays.

ഈ Monday ക്ക് എന്ത്കൊണ്ടാ‍ണ് പ്രത്യേകതയുണ്ടായത് ? فيه ولدت എന്നതാണ്. അതേ കാരണം റബീ‌ഉൽ അവ്വൽ 12 നുമുണ്ടല്ലോ അത് മതി മുസ്‌ലിംകൾക്ക്

So what basis Indian muslims celibrates Rabeeul Avval 12
فيه ولدت എന്ന അതേ കാരണം കൊണ്ട്, പിന്നെ ഇന്ത്യയിൽ മാത്രമല്ല ഈ പരിപാടി നടക്കുന്നത്. ലോകത്ത് മുഴുവനും നടക്കുന്നു. 2 ശതമാനം വരുന്ന വഹാബി സഹോദരർ ഓഴികെ എല്ലാവരും ആഘോഷിക്കുന്നു.

ഇനി ഇത് ഹറാമാണെന്ന് പറയുന്ന ഒരു രേഖയും ഉണ്ടെങ്കിൽ കൊണ്ടു വരിക .തിരുത്താൻ തയ്യാറാണ്.



ഒരു സഹോദരന്റെ സംശയങ്ങളും (in english ) മറുപടിയും -Part-2
In your answer the second statement states that I lied in Profet(s). ‘This Hadees clearly shows that there is no speceality for Rabeeul Avval 12’ I think no body can findout such a meaning from this statement that “there is no specialty for Rabeeul Avval”. But the meaning is from this hadees we cannot find out that there is some thing specialty for Rabeeul Avval 12, which means the particular 12th day of Rabeeul Avval. So I thing this is the mistake in your understanding.
അതെ, പ്രിയ സഹോദരാ, റബീഉൽ അവ്വൽ 12 ന് പറ്റില്ലാ എന്നും ഈ ഹസീസിൽ നിന്ന് അർത്ഥം കിട്ടുകയില്ല. അതാണ് കഴിഞ്ഞ മെയിലിൽ ഞാൻ താങ്കളോട് ചോദിച്ച പ്രധാന ചോദ്യം. അത് ഇതാണ്. “ഇനി ഇത് ഹറാമാണെന്ന് പറയുന്ന ഒരു രേഖയും ഉണ്ടെങ്കിൽ കൊണ്ടു വരിക .തിരുത്താൻ തയ്യാറാണ്.

സഹോദരാ, ആഴ്ച തോറും നബി صلى الله عليه وسلم യുടെ ജന്മദിനം ആഘോഷിക്കാമെന്ന് നിങ്ങൾ സമ്മതിച്ചല്ലോ എങ്കിൽ പിന്നെ അതിൽ ഒരു റബീഉൽ അവ്വൽ 12 നു മാത്രം പറ്റില്ലെന്ന് പറയാൻ തെളിവ് കൊണ്ട് വരേണ്ടത് താങ്കളാണ്. ദയവായി അത് ഹറാമാണെന്ന് തെളിയിക്കുന്ന ഒരു ദ‌ഈഫായ ഹസീസ് എങ്കിലും കാണിച്ച് തരാമോ ? മുൻ‌കഴിഞ്ഞ് പോയ ഏതെങ്കിലും ഒരു പണ്ഡിതൻ അത് ഹറാമാണെന്ന് പറഞ്ഞതായി തെളിയിക്കാമോ ?
പിന്നെ താങ്കളുടെ സംശയം റബീഉൽ അവ്വൽ 12 ന് നോമ്പെടുത്ത്കൂടെ ? എന്തിന് ഉച്ചക്ക് ഭക്ഷണം വിതരണം ചെയ്യുന്നു എന്നതാണ്.
അല്ലാഹുവിന് നന്ദി , സുജൂദ് കൊണ്ടാവാം, നിസ്കാരം കൊണ്ടാവാം, പാവങ്ങൾക്ക് ദാനധർമ്മങ്ങൾ ചെയ്ത് കൊണ്ടാവാം.ഇസ്‌ലാം അനുവദിച്ച ഏത് കർമ്മങ്ങൾകൊണ്ടും നന്ദി രേഖപ്പെടുത്താം, ആഘോഷിക്കാം.അല്ലാഹു പറയുന്നു.
لئن شكرتم لأزيدنكم ولئن كفرتم إن عذابي لشديد/ إبراهيم 7

‘നിങ്ങൾ നന്ദിയുള്ളവരാകൂ നാം നിങ്ങൾക്ക് ഏറ്റിയേറ്റിത്തരുന്നതാണ്”

ഭക്ഷണം നൽകി നബി صلى الله عليه وسلم നന്ദി അറിയിച്ചതിന്റെ ഉദാഹരണമാണ് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത താഴെയുള്ള ഹദീസ്

عن عائشة رضي الله عنها قالت ما غِرتُ على أحد من نساء النبي صلى الله عليه وسلم ما غرت على خديجة رضي الله عنها -وما رأيتها- ولكن كان النبي صلى الله عليه وسلم يكثر ذكرها وربما ذبح الشاة ثم يقطعها أعضاء ثم يبعثها في صدائق خديجة فربما قلت له كأنه لم يكن في الدنيا امرأة إلا خديجة فيقول إنها كانت وكانت وكان لي منها ولد
بخاري 1/ 535 /مسلم 284/2.


ഖദീജാ ബീവിയോടുള്ള സ്നേഹ സ്മരണയിൽ നന്ദിയെന്നോണം നബി صلى الله عليه وسلم ആടിനെ അറുത്ത് വിതരണം ചെയ്യാറുണ്ടായിരുന്നു

പ്രസിദ്ധ താബി‌ഇയായ ഹസനുൽ ബസരി رضي الله عنه പറയുന്നു. ഉഹ്ദ് മലയോളം സ്വർണ്ണം എനിക്കുണ്ടായിരുന്നെങ്കിൽ അവ മുഴുവനും ഞാൻ നബി صلى الله عليه وسلم യുടെ മദ്‌ഹ് പറയാൻ ചിലവഴിക്കുമായിരുന്നു.
قال الحسن البصري رحمه الله وددت لو كان لي مثل جبل أحد ذهبا لأنفقته على قراءة مولد رسول الله صلى الله عليه وسلم
സഹോദരാ, നമ്മുടെ വിലപ്പെട്ട സമയം അനാവശ്യകാര്യങ്ങളിൽ ചിലവഴിക്കുന്നതിനു പകരം ആ നേതാവിന്റെ صلى الله عليه وسلم സ്ഥാനവും ഗുണങ്ങളും ലോകത്തിന് എത്തിച്ച് കൊടുക്കാൻ ശ്രമിക്കുക. ഇന്നും ആ നേതാവിനെ തെറ്റായി മനസ്സിലാക്കുന്നവർ ലോകത്തില്ലേ. നമുക്ക് ഈ സമയം ആ നേതാവിന്റെ ആത്മീയ,ശാരീരിക സൌന്ദര്യമോ അവിടുന്ന് ലോകത്തോട് കാണിച്ച കാരുണ്യമോ അവിടുന്ന് പ്രചരിപ്പിച്ച അല്ലാഹുവിന്റെ ദീനിന്റെ കാരുണ്യമോ സൌന്ദര്യമോ പ്രചരിപ്പിക്കാൻ എന്ത്കൊണ്ട് ശ്രമിച്ച് കൂടാ !

ചുരുങ്ങിയത് റബീഉൽ അവ്വലിലെങ്കിലും ആ നേതാവിന്റെ മദ്‌ഹുകളും ചര്യകളും സംസ്കാരവും കുട്ടികളിലും കുടുംബത്തിലും പ്രചരിപ്പിക്കാനും ആ നേതാവിന്റെ പേരിൽ അനേകം സ്വലാത്തുകൾ ചൊല്ലാ‍നും ഈ ഒരുമിച്ച് കൂടൽ കാരണമാക്കുന്നില്ലേ ? ഉണ്ടെങ്കിൽ ഒന്നേ പറയാനുള്ളൂ.. ഇത് ഹറാമാണെന്ന് തെളിയിക്കുന്ന വല്ല രേഖയും കൊണ്ട് വരിക. അല്ലെങ്കിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതാണ് എനിക്ക് പറയാനുള്ളതെന്ന് ഗണിക്കുക. ശാന്തമായി ചിന്തിക്കുക. സത്യം മനസിലാക്കുക.
അല്ലാഹു തൌഫീഖ് ചെയ്യട്ടെ. ആമീൻ

Tuesday, 29 March 2016

ഉമ്മ: സേവനമാണ് വിജയം

മാതാപിതാക്കൾ ആലംബഹീനരാവാൻ പാടില്ല. അങ്ങനെയൊരു സാഹചര്യം മക്കളുണ്ടാക്കരുത്. അവർ അശരണരായാലുണ്ടാകുന്ന ദുഃഖത്തിന്റെ ആഴം വലുതാണ്. ഒരു കാലത്ത് പ്രയാസപ്പെട്ട് മക്കളെ വളർത്തിയ മാതാപിതാക്കൾ അവശതയനുഭവിക്കുമ്പോൾ മക്കളുടെ തണൽ മാത്രമേ അവരിൽ പ്രതീക്ഷയുള്ളൂ. വാർധക്യം അവരുടെ മനസ്സിനെയും കൈകാലുകളെയും ദുർബലപ്പെടുത്തിയിരിക്കുന്നു. കരുണ തേടുന്ന കണ്ണുകൾ അന്വേഷിക്കുന്നത് അരുമ സന്താനങ്ങളെയാണ്. ആ നോട്ടം അവഗണിക്കാൻ ഹൃദയമുള്ള മനുഷ്യനു കഴിയുമോ?
അവരെ പരിപാലിച്ചും ശുശ്രൂഷിച്ചും കഴിഞ്ഞു കൂടുന്നത് വലിയ പ്രതിഫലം ലഭിക്കുന്ന സത്കർമമാണെന്ന് ഓർമ വേണം. അവഗണിച്ചാൽ മഹാ പ്രത്യാഘാതം തന്നെ നേരിടേണ്ടിവരും. നബി(സ്വ) പറഞ്ഞു: ‘പ്രായാധിക്യം ചെന്ന മാതാപിതാക്കളിൽ രണ്ടാളോ ഒരാളോ കൂടെയുണ്ടായിട്ട് സ്വർഗ പ്രവേശനം നേടാത്തവൻ നഷ്ടക്കാരൻ തന്നെ.’
തിരുനബി(സ്വ)യെ കാണാൻ സൗഭാഗ്യമുണ്ടായാൽ, അവിടുത്തെ അനുയായികളിൽ ഒരാളാവാൻ ഭാഗ്യം തുണച്ചാൽ എത്ര വലിയ അനുഗ്രഹമാണ്. മാതാവിന് ശുശ്രൂഷ ചെയ്ത്, അവരുടെ ഖൽബിന് കുളിരേകാൻ യത്‌നിച്ച, അതുല്യ സേവകനായ ഉവൈസുൽ ഖർനി(റ)വിന് പക്ഷേ, പ്രസ്തുത സൗഭാഗ്യം കൈവരിക്കാനായില്ല. നബി(സ്വ) ആ സ്‌നേഹം തിരിച്ചറിഞ്ഞു. അവിടുന്ന് തന്റെ അനുയായികളെ ഉപദേശിച്ചു: ‘ഉമ്മക്ക് നന്നായി ഗുണം ചെയ്യുന്ന ആളാണ് ഉവൈസ്. അദ്ദേഹം അല്ലാഹുവിനോട് സത്യം ചെയ്ത് പറഞ്ഞാൽ അവനത് നടപ്പിലാക്കും. നിങ്ങൾക്ക് അദ്ദേഹത്തെക്കൊണ്ട് ഇസ്തിഗ്ഫാർ ചെയ്യിപ്പിക്കാൻ സാധിച്ചാൽ അതു ചെയ്യുക.’
മാതാപിതാക്കളുടെ രോഗ ശുശ്രൂഷക്ക് വേണ്ടി കഴിവതും നാം ശ്രമിക്കണം. അവർക്ക് വേണ്ടി വല്ലതും ചെലവഴിക്കാനായാൽ വലിയ പുണ്യം ലഭിക്കാൻ അത് കാരണമായിത്തീരും. മകൻ തന്റെ മാതാപിതാക്കൾക്കു വേണ്ടി ചെലവഴിക്കൽ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നതിനെക്കാൾ ശ്രേഷ്ഠമാണെന്നും മാതാപിതാക്കൾക്ക് വേണ്ടി അധ്വാനിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിലാണെന്നും പ്രവാചകർ(സ്വ) അരുൾ ചെയ്തിട്ടുണ്ട്. കഴിവുണ്ടായിട്ടും അവരുടെ കാര്യങ്ങളിൽ വീഴ്ച്ച വരുത്തുന്നവൻ തെറ്റുകാരനാണ്.
ഭൗതിക പരിത്യാഗിയായിരുന്നു കിലാബുബ്‌നുഉമയ്യ(റ). ലൗകിക ജീവിതത്തിന്റെ പ്രസരിപ്പിൽ ഒരാവേശവുമില്ലാത്ത പുണ്യപുരുഷൻ. ഉമർ (റ)ന്റെ ഭരണ കാലത്ത് ധർമസമരത്തിൽ തന്നെയും അണിയായി ചേർക്കാൻ ഖലീഫയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഉമർ (റ) സമ്മതിക്കുകയും ചെയ്തു.
മകൻ യുദ്ധത്തിന് പോകുകയാണെന്ന വാർത്ത കേട്ടതും കിലാബ്(റ)ന്റെ മാതാപിതാക്കൾ സങ്കടക്കയത്തിലായി. വീട്ടിൽ വന്ന മകനോട് പിതാവിന്റെ അപേക്ഷ: ‘വൃദ്ധരും ദുർബലരുമായ ഞങ്ങളെ വിട്ടേച്ചാണോ നീ പോകുന്നത്? ഞങ്ങളെ കയ്യൊഴിക്കല്ലേ മോനേ’.
മാതാപിതാക്കൾക്ക് ചെയ്യുന്ന സേവനത്തെക്കാൾ യുദ്ധത്തിൽ പങ്കെടുക്കലാണ് ഉത്തമ കർമമെന്ന് തെറ്റിദ്ധരിച്ച കിലാബ്(റ) ഇങ്ങനെയാണ് പ്രതികരിച്ചത്: ഞാൻ പോകുകയാണ് പിതാവേ, ദീനിൽ എനിക്കുത്തമം അതല്ലോ.’
അവരെ ആശ്വസിപ്പിച്ച്, തൃപ്തിപ്പെടുത്തി കിലാബ്(റ) യുദ്ധത്തിന് പുറപ്പെട്ടു. സന്താനങ്ങളുടെ കണ്ണിൽ കനിവ് പൊടിയുന്നത് പ്രതീക്ഷിച്ചിരിക്കുന്ന സമയമാണല്ലോ വാർധക്യം. മകൻ യുദ്ധത്തിന് പോയതോർത്ത് അതിയായി ദുഃഖിച്ചു മാതാപിതാക്കൾ. സങ്കടം സഹിക്കവയ്യാതെ പിതാവ് ഇങ്ങനെ പാടി:
‘കിലാബിന് ഖുർആനധ്യാപനങ്ങൾ ചൊല്ലിക്കൊടുത്ത വൃദ്ധർക്കിനിയാരുണ്ട്?/അവൻ അത് സ്വീകരിച്ചിരുന്നെങ്കിൽ! സ്വയം വെള്ളം കുടിക്കാനാവാത്ത ഉമ്മയെയും/വിറക്കുന്ന കരങ്ങളുള്ള പിതാവിനെയുമാണ് നീ ഉപേക്ഷിച്ചിരിക്കുന്നത്. ഇവ്വിധംപ്രതിഫലം തേടുന്ന നീ മരീചികയെ പിന്തുടർന്ന്/വെള്ളം അന്വേഷിക്കുന്നവനെപ്പോലെയത്രെ.’
വേദന നിറഞ്ഞ ആ കവിതാ ശകലം ഉമറി(റ)ന്റെ കാതിലുമെത്തി. അദ്ദേഹത്തെ ആ വരികൾ പിടിച്ചുലച്ചു. ഉടനെ കിലാബി(റ)നെ മാതാപിതാക്കളിലേക്ക് തന്നെ തിരിച്ചയക്കാൻ സഅ്ദുബ്‌നു അബീവഖാസി(റ)നോടാജ്ഞാപിച്ചു. കിലാബി(റ)നോട് ഇങ്ങനെ ഉപദേശിക്കുകയും ചെയ്തു: നിന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമത്രയും അവരുടെ കാര്യത്തിൽ നീ സമരത്തിലേർപ്പെടുക (മിഅതു ഖിസ്സ്വ വ ഖിസ്സ്വ).
ബിശ്‌റുബ്‌നു ഹാരിസ്(റ) പറയുന്നു: മകൻ തന്റെ ഉമ്മയോട് സാമീപ്യം പുലർത്തുന്നത് അല്ലാഹുവിന്റെ മാർഗത്തിൽ വാളേന്തുന്നതിനെക്കാൾ ശ്രേഷ്ഠകരമാണ്. ഇമാം ഖുർത്വുബി(റ) പറയുന്നു: മാതാപിതാക്കളുടെ അനുമതിയില്ലെങ്കിൽ യുദ്ധത്തിന് പോകാതിരിക്കുന്നത് അവർക്ക് നന്മ ചെയ്യുന്നതിൽ പെട്ടതാണ്, യുദ്ധം വൈയക്തിക ബാധ്യതയായിത്തീർന്നിട്ടില്ലെങ്കിൽ.
തൻബീഹുൽ ഗാഫിലീൻ എന്ന ഗ്രന്ഥത്തിൽ ഇമാം സമർഖന്ദി(റ) പറയുന്നു: മക്കൾക്ക് മാതാപിതാക്കളോട് പത്ത് ബാധ്യതകളുണ്ടെന്ന് പറഞ്ഞു കാണാം:
1. ആവശ്യമായാൽ ഭക്ഷിപ്പിക്കുക.
2. അവർക്ക് വസ്ത്രം നൽകുക.
3. സേവനം വേണ്ടവരെങ്കിൽ അതു ചെയ്യുക.
4. അവർ വിളിച്ചാൽ ഉത്തരം നൽകുക.
5. തിന്മയല്ലെങ്കിൽ അവരുടെ കൽപ്പനക്ക് വഴിപ്പെടുക.
6. അവരോട് ലാളിത്യത്തോടെ സംസാരിക്കുക.
7. അവരുടെ പേര് പറഞ്ഞ് വിളിക്കാതിരിക്കുക.
8. തനിക്ക് താൽപര്യപ്പെട്ട കാര്യം അവർക്കു വേണ്ടിയും താൽപര്യപ്പെടുക. സ്വന്തത്തിന് അനിഷ്ടകരമായ കാര്യം അവരിലും ഇഷ്ടപ്പെടാതിരിക്കുക.
9. അവരുടെ പിന്നിൽ നടക്കുക.
10. സ്വന്തത്തിന് പ്രാർത്ഥിക്കുമ്പോഴെല്ലാം അവരുടെ മഗ്ഫിറത്തിനു വേണ്ടിയും പ്രാർത്ഥിക്കുക.
അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല

സത്യസന്ധത

ബി (സ്വ) ഇങ്ങനെ അരുള്‍ ചെയ്യുന്നു: “നിങ്ങള്‍ സത്യം അവലംബിക്കുക. അത് നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും പോകുന്നതാണ്. ഒരാള്‍ സത്യം പറയുകയും അതില്‍ നിഷ്കര്‍ഷ പാലിക്കുകയും ചെയ്തതിന്റെ ഫലമായി അല്ലാഹുവിന്റെ പക്കല്‍ അവന്‍ സത്യസന്ധനായി എഴുതപ്പെടുന്നു. നിങ്ങള്‍ വ്യാജം ഉപേക്ഷിക്കുക. അത് ദുര്‍വൃത്തികളിലേക്കും ദുര്‍വൃത്തികള്‍ നരകത്തിലേക്കും ചേര്‍ക്കുന്നു. ഒരാള്‍ വ്യാജം പറയുകയും വ്യാജം പറയുന്നതില്‍ നിഷ്കര്‍ഷ വെക്കുകയും ചെയ്തതിന്റെ ഫലമായി അവന്‍ അല്ലാഹുവിന്റെ പക്കല്‍ വ്യാജനായി എഴുതപ്പെടുന്നു” (ബുഖാരി, മുസ്ലിം).
ഈ നബിവചനം അനുഭവത്തില്‍ സാക്ഷാല്‍ക്കരിച്ചു കാണിക്കുന്ന ഒരു സംഭവം വിവരിക്കാം:
ഒരാള്‍ നബി (സ്വ) യുടെ സന്നിധിയില്‍ വന്നു ഇങ്ങനെ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, മദ്യപാനം, വ്യഭിചാരം, മോഷണം, വ്യാജം പറയല്‍ എന്നിങ്ങനെ നാല് ദുര്‍ഗുണങ്ങള്‍ എന്നിലുണ്ട്. അവയില്‍ ഏതെങ്കിലും ഒന്നുപേക്ഷിക്കാന്‍ അവിടുന്ന് ആജ്ഞാപിക്കുന്ന പക്ഷം അതനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കാം. അവിടുന്ന് ഇങ്ങനെ ആജ്ഞാപിച്ചു. നീ അസത്യം പറയരുത്. ഈ ആജ്ഞ സ്വീകരിക്കാമെന്ന് അവന്‍ വാഗ്ദത്തം ചെയ്തു തിരിച്ചുപോയി.
രാത്രിയായപ്പോള്‍ വ്യഭിചരിക്കാനും മദ്യപിക്കാനും അയാള്‍ ഉദ്യമിച്ചു. ഉടനെ അയാള്‍ ഇങ്ങനെ ചിന്തിച്ചു: ‘നാളെ ഞാന്‍ നബിയുടെ സന്നിധിയില്‍ ചെന്നാല്‍ ഞാന്‍ ചെയ്ത തെറ്റിനെ സംബന്ധിച്ചു അവിടുന്ന് അന്വേഷണം നടത്തുന്ന പക്ഷം സത്യം തുറന്നുപറഞ്ഞാല്‍ ഞാന്‍ കഠിനശിക്ഷക്ക് വിധേയനാകും. വ്യാജം പറഞ്ഞാല്‍ വാഗ്ദത്ത ലംഘനം നടത്തിയവനുമാകും. അതുകൊണ്ട് ഈ കുറ്റങ്ങള്‍ രണ്ടും ഉപേക്ഷിക്കുകയാണ് രക്ഷാമാര്‍ഗ്ഗം.
അര്‍ദ്ധരാത്രിയായി, മോഷണത്തിന്റെ ആഗ്രഹം അയാളുടെ ഹൃദയത്തില്‍ വന്നപ്പോഴും പ്രസ് തുത ചിന്തഅയാളെ അലട്ടുകയും അവസാനം അത് വേണ്ടെന്നുവെക്കുകയും ചെയ്തു.
പ്രഭാതത്തില്‍ നബി (സ്വ) യുടെ സന്നിധിയില്‍ അയാള്‍ ഹാജരായി ഇങ്ങനെ പറഞ്ഞു: “അവിടുത്തെ അജ്ഞയനുസരിച്ച് ഞാന്‍ വ്യാജം ഉപേക്ഷിച്ചതിന്റെ ഫലമായി മറ്റുള്ള ദുര്‍ഗുണങ്ങളും എന്നില്‍നിന്ന് പമ്പ കടന്നിരിക്കുന്നു” (മൌലാനാ ശാഹ് അബ്ദുല്‍ അസീസ് മുഹദ്ദിസ് ദഹ്ലവിയുടെ തഫ്സീര്‍ അസീസി).
സത്യം നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും ചേര്‍ക്കുമെന്ന് നബി (സ്വ) പറഞ്ഞതിനെ ഈ സംഭവം ശരിക്കും വ്യക്തമാക്കിത്തരുന്നുണ്ട്. സത്യം പറയുക എന്നത് അല്ലാഹുവിന്റെ മഹല്‍ഗുണങ്ങളില്‍ ഒന്നും പ്രവാചകന്മാരുടെ വിശേഷതകളില്‍ അതിപ്രധാനമായതുമാണെന്നതിന് താഴെ കാണിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ സാക്ഷികളാണ്.
അന്ത്യനാളിനെ സംബന്ധിച്ച് വിവരിച്ചതിന്റെ അവസാനമായി അല്ലാഹു ഇങ്ങനെ ചോദിക്കുന്നു: “അല്ലാഹുവിനെക്കാള്‍ വാക്കുകളില്‍ സത്യനിഷ്ഠയുള്ളവന്‍ മറ്റാരാണ്?” (സൂറത്തുന്നിസാഅ്). സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗം നല്‍കാമെന്നുള്ള വാഗ്ദത്തം വിവരിച്ചുകൊണ്ട് അല്ലാഹു ഇങ്ങനെ പറയുന്നു: “അല്ലാഹു അതിനെ (സ്വര്‍ഗത്തെ) സത്യമായി വാഗ്ദത്തം ചെയ്തിരിക്കുന്നു. അല്ലാഹുവിനെക്കാള്‍ വാക്കില്‍ സത്യം പാലിക്കുന്നവന്‍ മറ്റാരാണ്?” (നിസാഅ്).
ഈ അര്‍ഥം വരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഇനിയും ധാരാളമുണ്ട്. പ്രവാചകന്മാരെ സംബന്ധിച്ച് ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നു: ‘അല്ലാഹുവിന്റെ ദൂതന്മാര്‍ സത്യം പറഞ്ഞു’ (സൂറഃ യാസീന്‍).
“താങ്കള്‍ ഗ്രന്ഥത്തില്‍ (ഖുര്‍ആനില്‍) ഇബ്റാഹീം (അ) ന്റെ വിവരണങ്ങള്‍ അറിയിച്ചുകൊടുക്കുക. അദ്ദേഹം വളരെയധികം സത്യനിഷ്ഠയുള്ള ആളും അത്യുന്നതനായ പ്രവാചകനുമായിരുന്നു” (സൂറഃ മര്‍യം).
“താങ്കള്‍ ഗ്രന്ഥത്തില്‍ ഇദ്രീസി (അ) നെ പറയുക. നിശ്ചയമായും അദ്ദേഹം വളരെ സത്യം പാലിക്കുന്ന ആളും മഹാനായ നബിയുമായിരുന്നു” (സൂറഃ മര്‍യം).
യൂസുഫ് നബി (അ) സ്വപ്നത്തിന് നല്‍കുന്ന വ്യാഖ്യാനങ്ങളെല്ലാം തന്നെ സാക്ഷാല്‍ക്കരിക്കപ്പെട്ടു കണ്ടതിന്റെ ഫലമായി അദ്ദേഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഒരാള്‍ ഇങ്ങനെ പറഞ്ഞു: “ഓ യൂസുഫ്, ധാരാളം സത്യനിഷ്ഠയുള്ള മനുഷ്യാ” (സൂറഃ യൂസുഫ്).
അല്ലാഹുവിന്റെ പരീക്ഷണം അചഞ്ചലനായി സ്വീകരിക്കുമെന്ന് ഇസ്മാഈല്‍ നബി (അ) തന്റെ പിതാവായ ഇബ്റാഹിം നബി (അ) യോട് ചെയ്ത വാഗ്ദത്തത്തില്‍ സത്യം പാലിച്ചതിന്റെ ഫലമായി ഖുര്‍ആനില്‍ അല്ലാഹു അദ്ദേഹത്തെ ഇങ്ങനെ വര്‍ണ്ണിക്കുന്നു: “താങ്കള്‍ ഖുര്‍ആനില്‍ ഇസ്മാഈല്‍ (അ) ന്റെ ചരിത്രം വിവരിച്ചുകൊടുക്കുക. അദ്ദേഹം വാഗ്ദാനങ്ങളില്‍ സത്യം പാലിക്കുന്ന ആളും മഹാനായ ദൂതനും ഉന്നതനായ പ്രവാചകനുമായിരുന്നു” (സൂറഃ മര്‍യം).
അല്ലാഹുവിന്റെ സാമീപ്യവും സ്വര്‍ഗ്ഗവും ലഭിക്കുന്ന സജ്ജനങ്ങളുടെ നിബന്ധനകള്‍ വിവരിച്ച കൂട്ടത്തില്‍ ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നു: “അവര്‍ ക്ഷമാശീലരും സത്യനിഷ്ഠയുള്ളവരുമാണ്” (ആലു ഇംറാന്‍).
പാപമോചനത്തിനും മഹത്തായ പ്രതിഫലങ്ങള്‍ക്കും അര്‍ഹരായ ജനങ്ങളെ വിവരിച്ചുകൊണ്ട് ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നു: “നിശ്ചയമായും അനുസരണയുള്ള പുരുഷന്മാരും അനുസരണയുള്ള സ്ത്രീകളും സത്യവിശ്വാസികളായ പുരുഷന്മാരും സത്യവിശ്വാസിനികളായ സ്ത്രീ കളും വിനയമുള്ള പുരുഷന്മാരും വിനയമുള്ള സ്ത്രീകളും സത്യനിഷ്ഠയുള്ള പുരുഷന്മാരും സത്യനിഷ്ഠയുള്ള സ്ത്രീകലും…. അവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും തയ്യാര്‍ ചെയ്തിരിക്കുന്നു” (അല്‍ അഹ്സാബ്).
സത്യം പറയുന്നവരുടെ പാരത്രികജീവിതാനുഭവം വിവരിച്ചുകൊണ്ട് അല്ലാഹു ഇങ്ങനെ പറയുന്നു: “ഈ ദിവസം (അന്ത്യനാള്‍) സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യം ഫലപ്പെടുന്ന ദിവസമാണ്” (മാഇദ) മനുഷ്യരെ വിവിധ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതിന്റെ അന്തിമഫലം വിവരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: “സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യത്തിന്റെ പ്രതിഫലം നല്‍കാനായി അവരെ അല്ലാഹു പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കും” (സൂറഃ അഹ്സാബ്).
സത്യം പറയുവാന്‍ ആജ്ഞാപിക്കുക മാത്രമല്ല സത്യവാന്മാരുമായി ബന്ധം പുലര്‍ത്താനും സഹവസിക്കാനും ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു: “വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യവാന്മാരുടെ കൂട്ടത്തില്‍ ചേരുകയും ചെയ്യുക” (സൂറഃ തൌബ). സമ്പര്‍ക്കത്തിന് വമ്പിച്ച പ്രതിഫലന ശക്തിയുണ്ടെന്നുള്ളത് ജീവിതാനുഭവങ്ങള്‍ മുമ്പചന്റ വെച്ചു പരിശോധന നടത്തിയാല്‍ തെളിയുന്നൊരു പരമാര്‍ഥമാണ്. നല്ല ജനങ്ങളുമായുള്ള കൂട്ടുകെട്ട് നല്ലതിലേക്കും ചീത്ത ജനങ്ങളുമായുള്ള കൂട്ടുകെട്ട് ചീത്തയിലേക്കും നയിക്കുന്നതാണ്. ഇതുകൊണ്ടാണ് സത്യവാന്മാരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഖുര്‍ആന്‍ ആജ്ഞാപിക്കുന്നത്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക വഴി ജനങ്ങളെ ഭയവിഹ്വലരാക്കുകയും അവരുടെ സമാധാന ജീവിതം അപകടപ്പെടുത്തുകയും ചെയ്യുന്നത് ചിലര്‍ക്കൊരു രസമാണെങ്കിലും അതിനാലുണ്ടായിത്തീരുന്ന തിക്തഫലങ്ങള്‍ ഭയാനകങ്ങളാണ്.
ദീര്‍ഘകാലം ഭാരതത്തിന്റെ ഭരണച്ചെങ്കോലേന്തിയ മുഗള്‍ ചക്രവര്‍ത്തിമാരുടെ കൂട്ടത്തില്‍ മുഹമ്മദ് ഷാ എന്നുപേരുള്ള ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് ഭരണകാര്യത്തില്‍ ശ്രദ്ധയോ പ്രജകളുടെ ക്ഷേമൈശ്വര്യങ്ങളില്‍ ഔത്സുക്യമോ ഉണ്ടായിരുന്നില്ല. ജീവിതസുഖങ്ങളിലും ആഡംബരങ്ങളിലും വ്യാപൃതനായി അദ്ദേഹം രാപ്പകല്‍ തള്ളിവിട്ടിരുന്നു. ഈ അവസരം നോക്കി പേര്‍ഷ്യയിലെ ഭരണാധികാരിയായിരുന്ന നാദിര്‍ഷാ ഭാരതത്തിന്റെ നേരെ ആക്രമണം നടത്തുകയും അല്‍പ്പസമയത്തിനുള്ളില്‍ മുഹമ്മദ് ഷായുടെ ഭരണം പിടിച്ചടക്കുകയും ചെയ്തു. എന്നാല്‍ ഇസ്ലാമിക സാഹോദര്യത്തിന്റെ പേരില്‍ നാദിര്‍ഷാ മുഹമ്മദ് ഷായെ സ്ഥാ നഭ്രഷ്ടനാക്കുകയോ അദ്ദേഹത്തിന്റെ നേരെ അനാദരവോട് കൂടി പെരുമാറുകയോ ചെയ്തില്ല. അദ്ദേഹമര്‍ഹിക്കുന്ന വിധത്തിലുള്ള എല്ലാ വിധത്തിലുള്ള ബഹുമതികളും നല്‍കുകയും ചെയ്തു.
ഇരു രാജാക്കന്മാരും ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ത്തന്നെ സ്ഥാനമുറപ്പിച്ചു. ഒരുദിവസം രാത്രി മുഹമ്മദ് ഷാ നാദിര്‍ഷായെ വധിച്ചുകളഞ്ഞുവെന്നുള്ള ഒരു വ്യാജവാര്‍ത്ത ആരോ പ്രചരിപ്പിച്ചു. ഡല്‍ഹി നിവാസികള്‍ ഈ വാര്‍ത്ത ശരിയാണെന്നു കരുതുകയും നാദിര്‍ഷായുടെ  പട്ടാളത്തെ കണ്ടമാനം കൊന്നൊടുക്കുവാന്‍ തുനിയുകയും ചെയ്തു. ആയിരക്കണക്കായ പട്ടാളക്കാര്‍ മൃത്യുവിനിരയായി. ഈ വ്യസനവാര്‍ത്ത നാദിര്‍ഷാ അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഇരുനയനങ്ങളും രക്താശ്രുക്കള്‍ പൊഴിക്കുകയുണ്ടായി.
പ്രഭാതമായി. നാദിര്‍ഷാ നേരില്‍ത്തന്നെ പട്ടണത്തില്‍ ചെന്നിട്ടും അക്രമികള്‍ അവരുടെ പ്രവര്‍ ത്തനത്തില്‍ നിന്നു വിരമിച്ചില്ല. കോപാന്ധനായ നാദിര്‍ഷാ കണ്ടില്‍ കാണുന്നവരെയെല്ലാം വധിച്ചുകളയാനായി തന്റെ സൈന്യത്തിന് ഉത്തരവ് നല്‍കി. അസംഖ്യം ആളുകള്‍ വധിക്കപ്പെട്ടു. ഡല്‍ഹിയിലെ മണ്ണ് രക്തപങ്കിലമായിത്തീര്‍ന്നു. തെരുവുകളില്‍ക്കൂടി രക്തപ്പുഴ പ്രവഹിച്ചു. വൈകുന്നേരം മൂന്നുമണിയാകുമ്പോഴേക്കും വധം നിര്‍ത്തല്‍ ചെയ്തു. കൊള്ളയും കൊള്ളിവെപ്പും രണ്ടുമാസത്തിലധികം നീണ്ടുനിന്നു. അവസാനം നാദിര്‍ഷാ ഡല്‍ഹിയിലെ മുഴുവന്‍ സമ്പത്തും ശേഖരിച്ചു പേര്‍ഷ്യയിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
അസത്യമായി ഒരു ചെറിയ വാചകം നാവില്‍ നിന്നു പുറപ്പെട്ടതിന്റെ അനര്‍ഥം എത്രമാത്രം വലുതായിരുന്നുവെന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്.
മാതാപിതാക്കള്‍ കളവു പറയുന്നത് വളരെ സൂക്ഷിക്കേണ്ടതാണ്. അവരുടെ സ്വഭാവങ്ങളാണ് കുട്ടികള്‍ പകര്‍ത്തിയെടുക്കുക.
സന്താനങ്ങള്‍ ദുഷിച്ചുപോകുന്നതില്‍ ഏറിയകൂറും പങ്കാളികള്‍ രക്ഷിതാക്കള്‍ തന്നെയാണ്. വ്യാജം പറയുന്നതിന്റെ ഭവിഷ്യല്‍ ഫലങ്ങളും സത്യം പറയുന്നതിന്റെ നന്മകളും കുട്ടികളെ ഗ്രഹിപ്പിച്ചു കൊടുക്കുന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ അശ്രദ്ധ കൈക്കൊള്ളരുത്. തമാശക്ക് കുട്ടികളോട് കളവുപറയുന്ന രക്ഷിതാക്കള്‍ അതിന്റെ ഭവിഷ്യത്തുകള്‍ ഭയപ്പെടുന്നില്ലെന്നുള്ളത് വളരെ വ്യസനകരമാണ്.
കുട്ടികള്‍ക്ക് ബിസ്കറ്റ് തരാം, മിഠായി തരാം, നാരങ്ങ തരാം, അത് തരാം, ഇത് തരാം എന്നെല്ലാം പറഞ്ഞു അവനെ വ്യാമോഹിപ്പിക്കുകയും വെറും കയ്യോടെ മടക്കി അയക്കുകയും ചെയ്യുന്ന സമ്പ്രദായം കളവുപറയാനുള്ള പാഠമാണ് കുട്ടികളെ പഠിപ്പിക്കുന്നത്.
കുട്ടിയുടെ മുമ്പിലുള്ള ഒരു സാധനം നാമെടുത്ത് മാറ്റിവെക്കുകയും അത് കാക്ക കൊണ്ടുപോയി, പരുന്ത് കൊണ്ടുപോയി, കുറുക്കന്‍ കൊണ്ടുപോയി എന്നും മറ്റും നാം പറയുകയും പിന്നെ ആ സാധനം അവന്റെ മുമ്പില്‍ വെച്ചുകൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വാക്കുകള്‍ പറയുന്നതില്‍ വിരോധമില്ലെന്ന് അവന്‍ മനസ്സിലാക്കുകയും കളവു ശീലിക്കുകയും ചെയ്യുന്നു. ഇത്തരം പല സംഗതികളും രക്ഷിതാക്കള്‍ ഉപേക്ഷിക്കേണ്ടതുണ്ട്.
അബ്ദുല്ലാഹിബ്നു ആമിര്‍(റ) ഇങ്ങനെ നിവേദനം ചെയ്യുന്നു: “നബി (സ്വ) എന്റെ വീട്ടില്‍ ഇരിക്കവേ എന്റെ മാതാവ് എന്നെ വിളിച്ചു പറഞ്ഞു: കുട്ടീ, വരിക. നിനക്ക് ഞാനൊരു സാധനം തരാം. ഇതുകേട്ടമാത്രയില്‍ നബി (സ്വ) ചോദിച്ചു. നീ കുട്ടിക്ക് എന്തുകൊടുക്കാനാണ് ഉദ്ദേശിച്ചത്. മാതാവ് പറഞ്ഞു: ഒരു കാരക്ക കൊടുക്കാനാണ് ഉദ്ദേശിച്ചത്. അവിടന്ന് പറഞ്ഞു: നീ അങ്ങനെ ചെയ്യാത്തപക്ഷം നിന്റെ പേരില്‍ ഒരു കളവ് ചാര്‍ജ്ജ് ചെയ്യപ്പെടുന്നതാണ് (അബൂദാവൂദ്).
വിശപ്പും ദാഹവുമുള്ളപ്പോള്‍ ഒരു സ്നേഹിതന്‍ നമ്മെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ക്ഷണിച്ചാല്‍ അതിപ്പോള്‍ എനിക്ക് വേണ്ടെന്ന് പലരും പറയാറുണ്ട്. ഇതിനും കളവുപറഞ്ഞ കുറ്റമുണ്ട്. അസ്മാഅ് (റ) പറയുന്നു: “എനിക്ക് ഒരു സാധനത്തിന്റെ ആഗ്രഹത്തോട് കൂടി ആഗ്രഹമില്ലെന്ന് പറയുന്നത് കളവായി ഗണിക്കപ്പെടുമോ എന്ന് നബി (സ്വ) യോട് ഞാന്‍ ചോദിച്ചു. അവിടുന്ന് പറഞ്ഞു: ഉവ്വ്, ഗണിക്കപ്പെടും (ബൈഹഖി).
ഇത്തരം വാക്കുകള്‍ ഹറാമാണെന്നു ഇമാം ഗസ്സാലി (റ) ഇഹ്യാഇല്‍ പറഞ്ഞിരിക്കുന്നു. ലാഭമുതലില്‍ കളവു പറയുക, സാധനത്തിനില്ലാത്ത ഗുണം ഉണ്ടെന്നു പറയുക, ഉള്ള ന്യൂനതകള്‍ ഗോപ്യായി വെക്കുക, കള്ളസത്യം ചെയ്തു ചരക്ക് ചെലവഴിക്കുക മുതലായ വഞ്ചനകള്‍ വ്യാപാരികളില്‍ ഇന്ന് നടക്കുന്നുണ്ട്. ഇത്തരം സംഗതികളില്‍നിന്ന് വിമുക്തരായ ആളുകള്‍ അംഗുലീപരിമിതമാണ്. ഒരുകാലത്ത് സത്യത്തിന്റെയും നീതിയുടെയും കേദാരമായി, വിശ്വസ്തതയുടെയും മര്യാദയുടെയും കേളീരംഗമായി, ലോകജനതക്ക് മാതൃകയായി പ്രശോഭിച്ചിരുന്ന മുസ്ലിം സമുദായം ആത്മീയമായ അധഃപതനത്തിന്റെ അഗാധ ഗര്‍ത്തത്തില്‍ ആപതിച്ച ദയനീയ കാഴ്ച ഏതൊരു സത്യവിശ്വാസിയുടെയും ഹൃദയത്തെ വേദനിപ്പിക്കാതിരിക്കുകയില്ല.
നബി (സ്വ) ഇങ്ങനെ അരുള്‍ ചെയ്യുന്നു: ‘വ്യാപാരികള്‍ ക്രയവിക്രയങ്ങളില്‍ സത്യം പാലിക്കുകയും സാധനങ്ങളിലുള്ള ന്യൂനതകള്‍ തുറന്നുപറയുകയും ചെയ്യുന്നതായാല്‍ അവരുടെ വ്യാപാരങ്ങളില്‍ അല്ലാഹു ബറകത് നല്‍കുന്നതും മറിച്ച് പ്രവര്‍ത്തിക്കുന്നതായാല്‍ അവരുടെ വ്യാപാരത്തില്‍നിന്ന് അല്ലാഹു ബറകത് അകറ്റിക്കളയുന്നതുമാണ’ (ബൈഹഖി).
അബൂഹുറയ്റഃ (റ) ഇങ്ങനെ പറയുന്നു: ‘നബി (സ്വ) പറയുന്നതായി കേട്ടു. മൂന്നാളുകളുമായി അന്ത്യദിനത്തില്‍ അല്ലാഹു സംസാരിക്കുകയില്ല. അവരെ പരിശുദ്ധരാക്കുകയുമില്ല. അവരുടെ നേരെ (അനുഗ്രഹത്തിന്റെ) വീക്ഷണം നടത്തുകയുമില്ല. ഒരു സാധനത്തിന് ഒരാള്‍ കൊടുക്കാമെന്നു പറഞ്ഞ സംഖ്യയില്‍ അധികമായി കള്ളസത്യം ചെയ്യുന്നവന്‍ (ഉദാഹരണമായി ഒരാള്‍ ഒരു സാധനത്തിന് പത്തുറുപ്പിക തരാമെന്നു പറഞ്ഞു. അവര്‍ തിരിച്ചുപോയതിനുശേഷം അവന്‍ പതിനഞ്ചുറുപ്പിക വില പറഞ്ഞിട്ട് താന്‍ കൊടുത്തില്ലെന്ന് കള്ളമായി സത്യം ചെയ്യുന്നവന്‍) ഒരു മുസ്ലിമിന്റെ ധനം തട്ടിയെടുക്കാനായി അസ്വര്‍ നിസ്കാരാനന്തരം കള്ളസത്യം ചെയ്തവന്‍ (അസ്വര്‍ നിസ്കാരാനന്തരം കള്ളസത്യം ചെയ്യുന്നത് മറ്റുള്ള അവസരങ്ങളെ അപേക്ഷിച്ചു കൂടുതല്‍ ശിക്ഷാര്‍ഹമാണ്.) ആവശ്യം കഴിച്ചു മിച്ചമുള്ള വെള്ളം മറ്റു ആവശ്യക്കാര്‍ക്ക് നല്‍കാതെ സൂക്ഷിച്ചുവെച്ചവന്‍, ഇവരാണ് പ്രസ്തുത മൂന്നാളുകള്‍ (മുത്തഫഖ് അലൈഹി).

Monday, 28 March 2016

വിദ്വേഷം സൃഷ്ടിക്കല്‍

ക്ഷികളുടെയോ വ്യക്തികളുടെയോ ഇടയിലുള്ള രഞ്ജിപ്പും ഐക്യവും നിര്‍മ്മാര്‍ജ്ജനം ചെയ്തു തല്‍സ്ഥാനത്ത് അനൈക്യത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തു പാവുക, അല്ലെങ്കില്‍ നിലവിലുള്ള അസുഖകരമായ അന്തരീക്ഷം കൂടുതല്‍ വഷളാക്കിത്തീര്‍ക്കുക, എന്നീ ദുരുദ്ദേശ്യങ്ങളെ ലക്ഷ്യമാക്കിക്കൊണ്ട് വാര്‍ത്താ വിനിമയം ചെയ്യുന്നതിനാണ് നമീമത് അഥവാ ഏഷണി എന്നു പറയുന്നത്.
നിരവധി അനിഷ്ട സംഗതികള്‍ക്കിടം നല്‍കുന്ന നീചവും നികൃഷ്ടവുമായ ഒരു മഹാപാപമാണിത്. ആടുകള്‍ തമ്മില്‍ കുത്തിയിട്ട് ഇറ്റിവീഴുന്ന രക്തം കുടിച്ച് ദാഹ ശമനം വരുത്താന്‍ ഓരിക്കുറുക്കന്മാര്‍ തക്കം നോക്കി കാത്തിരിക്കുന്നതുപോലെ സമുദായമദ്ധ്യേ ഭിന്നിപ്പിന്റെ വിഷം കുത്തിവെച്ചു കാര്യലാഭമെടുക്കുന്ന ആക്ഷേപകരവും പൈശാചികവുമായ അടവ് ജീവിത തൊഴിലായി സ്വീകരിച്ച പലരെയും നമുക്കു കാണാന്‍ കഴിയും. അത്തരക്കാരെ നാം ഒറ്റപ്പെടുത്തുകയും വളരെയധികം കരുതിയിരിക്കുകയും ചെയ്യുകയെന്നത് അത്യന്താപേക്ഷിതമായ സംഗതിയാണ്.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു നിര്‍മ്മിക്കപ്പെട്ട രമ്യഹര്‍മ്യങ്ങള്‍ ഒരു പൈസക്ക് പോലുമില്ലാത്ത തീപ്പെട്ടിക്കോല്‍ കൊണ്ട് നിമിഷ സമയത്തിനുള്ളില്‍ ചുട്ടു ചാമ്പലാക്കാന്‍ നിഷ്പ്രയാസം സാധിക്കുന്നു. അതുപോലെ വളരെക്കാലത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി നേടുവാന്‍ കഴിഞ്ഞ സൌഹാര്‍ദ്ദ സൌധം ഏഷണിക്കാരന് നൊടിയിടകൊണ്ട് തട്ടിത്തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിയുന്നു.
ഐക്യത്തിലും സ്നേഹത്തിലും വര്‍ത്തിക്കാന്‍ ഇസ്ലാം ശക്തിയായി ആജ്ഞാപിക്കുകയും ഭിന്നിപ്പിന്റെ ബീജങ്ങളെ നശിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു. അജ്ഞതാന്ധകാര കാലത്ത് പരസ്പരം കലഹിച്ചും കഴുത്തറുത്തും മൃഗീയവും പൈശാചികവുമായ ജീവിതരീതി സ്വീകരിച്ച അറബികളെ ഒരേ ചരടില്‍ കോര്‍ത്ത കുസുമങ്ങളെപ്പോലെ കൂട്ടിയിണക്കി രസഹോദരന്മാരായി രൂപാന്തരപ്പെടുത്തിയ മഹത്തായ അനുഗ്രഹത്തെ അനുസ്മരിപ്പിച്ചു കൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ‘നിങ്ങള്‍ ഏകോപിച്ചു കൊണ്ട് അല്ലാഹുവിന്റെ പാശത്തെ (പരിശുദ്ധ ദീനുല്‍ ഇസ്ലാമിനെ) മുറുകെ പിടിക്കുക, നിങ്ങള്‍ വിഭിന്ന കക്ഷികളായി പിരിയരുത്. (അജ്ഞതാ കാലത്ത്) നിങ്ങള്‍ ശത്രുക്കളായി വര്‍ത്തിച്ചപ്പോള്‍ (പരിശുദ്ധ ഇസ്ലാം മുഖേന) അവന്‍ നിങ്ങളുടെ ഹൃദയങ്ങള്‍ തമ്മിലിണക്കുകയും എന്നിട്ട് അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരന്മാരായിത്തീരുകയും ചെയ്ത സന്ദര്‍ഭത്തെ നിങ്ങള്‍ഓര്‍ക്കുക (ഖുര്‍ആന്‍).
ഇസ്ലാം പടുത്തുയര്‍ത്തിയ മൈത്രീ ബന്ധത്തിന്റെ വേരറുക്കുകയാണ് ഏഷണിക്കാരന്‍ ചെയ്യുന്നതെന്ന് പറയുമ്പോള്‍ അവന്റെ നിലപാട് എത്രമാത്രം ആപത്കരമാണെന്ന് അല്‍പമെങ്കിലും ബുദ്ധിയുള്ളവര്‍ക്ക് ചിന്തിച്ചു മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
ഇസ്ലാമിന്റെ കഠിനവൈരിയും ക്രൂരനുമായ വലീദുബ്നു മുഗീറഃയെ അനുസരിച്ചുപോകരുതെന്ന് കര്‍ശനമായി താക്കീതു നല്‍കുന്നതോടൊപ്പം അവന്റെ ദുര്‍ഗുണങ്ങള്‍ എടുത്തുദ്ധരിച്ചുകൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ‘ധാരാളമായി ശപഥം ചെയ്യുന്നവനും നിന്ദ്യനും ജനങ്ങളെ ദുഷിക്കുന്നവനും ഏഷണിയുമായി നടക്കുന്നവനും നന്മകള്‍ തടയുന്നവനും ധിക്കാരിയും ശിലാഹൃദയനും കൂടാതെ വ്യഭിചാരപുത്രനുമായ (വലീദിനെപ്പോലെയുള്ള) ആരെയും തന്നെ (നബി) അനുസരിച്ചുപോകരുത് (സൂറഃ നൂര്‍).
രഹസ്യങ്ങള്‍ ഗോപ്യമായി സൂക്ഷിക്കാതിരിക്കുകയും നമീമത് പറഞ്ഞു നടക്കുകയും ചെയ്യുന്ന ആളുകള്‍ വ്യഭിചാരപുത്രന്മാരാണെന്ന് ഈ പരിശുദ്ധ വാക്യത്തിന്റെ വെളിച്ചത്തില്‍ മഹാനായ അബ്ദുല്ലാഹിബ്നുമുബാറക് (റ) അഭിപ്രായപ്പെട്ടിരിക്കുന്നു (സവാജിര്‍. വാല്യം 2, പേജ് 18).
സാധനങ്ങള്‍ ചുട്ടുകരിച്ചു ഭസ്മമാക്കിത്തീര്‍ക്കാന്‍ വിറകുകള്‍ സഹായിക്കും പ്രകാരം, സമുദായത്തിന്റെ സമാധാനാവസ്ഥ ചുട്ടുചാമ്പലാക്കാന്‍ നമീമത്തും സഹായിക്കുന്നു. ഈ കാരണത്താല്‍ഏഷണിക്കാരന് അറബി ഭാഷയില്‍ ‘ഹാമിലുല്‍ ഹത്വബ്’ (വിറകു ചുമട്ടുകാരന്‍) എന്നു പറയപ്പെടുന്നു. അബൂലഹബിന്റെ ഭാര്യയെ ഹമ്മാലതുല്‍ ഹത്വബ് എന്ന് നാമകരണം ചെയ്തത് ഈ കാരണത്താലാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ഇഹ്യാ, വാല്യം 3, പേജ് 134).
പ്രസ്തുത വചനങ്ങലുടെ സാരം ഇപ്രകാരമാണ്. അബൂലഹബിന്റെ ഇരുകരങ്ങളും നശിക്കട്ടെ. (അബൂലഹബ് നാശമടയട്ടെ) അവന്‍ നാശമടയുകയും ചെയ്തു. അവന്റെ ധനവും അവന്റെ പ്രവര്‍ത്തനങ്ങളും ശിക്ഷയില്‍ നിന്ന് അവനെ രക്ഷിച്ചില്ല. തീജ്വാലകളുയരുന്ന നരകാഗ്നിയില്‍ വെച്ച് അവന്‍ പിന്നീട് വെന്തു കരിയും. അവന്റെ വിറകു ചുമട്ടുകാരിയായ ഭാര്യയും (നരകത്തില്‍ കിടന്നു കരിയും) അവളുടെ കഴുത്തില്‍ ഈത്തപ്പന വൃക്ഷത്തിന്റെ പാന്തം കൊണ്ട് നിര്‍മിക്കപ്പെട്ട കയറുണ്ട്” (സൂറഃ തബ്ബത്).
ഹസ്രത് നൂഹ് (അ) ന്റെയും ഹസ്രത് ലൂഥ് (അ) ന്റെയും ഭാര്യമാര്‍ തങ്ങളെ വഞ്ചിച്ചുവെന്നു പരിശുദ്ധഖുര്‍ആനില്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം പ്രസ്തുത രണ്ട് നബിമാരെ സംബന്ധിച്ചും അവര്‍ ‘നമീമത്’ പറഞ്ഞിരുന്നുവെന്നാണെന്ന് ഒരു സംഘം മുഫസ്സിറുകള്‍ പറയുന്നു (ഇഹ്യ, വാല്യം 2, പേജ് 134).
പ്രസ്തുത സംഭവം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു. നൂഹ് നബിയുടെ ഭാര്യയെയും ലൂത്വ് നബിയുടെ ഭാര്യയെയും അല്ലാഹു സത്യനിഷേധികള്‍ക്ക് മാതൃകയാക്കിയിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ സജ്ജനങ്ങളായ രണ്ടടിമകളുടെ ഭാര്യാപദം സ്വീകരിച്ചവരായിരുന്നു. എന്നിട്ട് അവര്‍ രണ്ടുപേരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ വഞ്ചിച്ചു. (തന്നിമിത്തം അല്ലാഹു അവരെ കഠിനമായി ശിക്ഷിച്ചു) പ്രസ്തുത രണ്ടു പ്രവാചകന്മാരും തങ്ങളുടെ ഭാര്യമാരെ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നു രക്ഷിച്ചിട്ടില്ല. (അവര്‍ക്കു രക്ഷിക്കാന്‍ സാധിച്ചില്ല) നരകത്തില്‍ പ്രവേശിക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളും പ്രവേശിച്ചുകൊള്ളുക” (എന്ന് അവരോട് പറയപ്പെട്ടു) (സൂറഃ തഹ്രീം).
നബി (സ്വ) ഇങ്ങനെ അരുള്‍ ചെയ്യുന്നു: ‘എട്ടാളുകള്‍ സൃഷ്ടികളില്‍ വെച്ച് അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവരാണ്. (1) വ്യാജം പറയുന്നവര്‍ (2) അഹംഭാവികള്‍ (3) ബാഹ്യമായ സ്നേഹം പ്രകടിപ്പിക്കുകയും ഹൃദയത്തില്‍ ദുഷ്ടത ഗോപ്യമാക്കി വെക്കുകയും ചെയ്യുന്നവര്‍. (4) അല്ലാഹുവിലേക്കും റസൂലിലേക്കും (മതപരമായ കല്‍പ്പനകള്‍ സ്വീകരിക്കാനായി) ക്ഷണിക്കപ്പെട്ടാല്‍ പിന്മാറിക്കളയുകയും മൃഗീയവും പൈശാചികവുമായ ദുഷ് ചെയ്തികളിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ ഉത്സാഹവും ഉന്മേഷവും കാണിച്ചു കൊണ്ട് അവയിലേക്ക് കുതിച്ചുചാടുകയും ചെയ്യുന്നവര്‍ (5) ഹൃദയത്തില്‍ ഉദിക്കുന്ന എല്ലാവിധ ദുരാഗ്രഹങ്ങളും പൂര്‍ത്തിയാക്കാനായി അത്യധ്വാനം ചെയ്യുന്നവര്‍. (6) ഏഷണിയുമായി നടക്കുന്നവര്‍ (7) നിരപരാധികളുടെ ന്യൂനതകള്‍ കണ്ടുപിടിക്കുന്നവര്‍. (8)സ്നേഹിതന്മാരെ തമ്മില്‍ ഭിന്നിപ്പിക്കുന്നവര്‍ (ഇബ്നു അസാകിര്‍).
നബി (സ്വ) ഒരിക്കല്‍ അനുയായികളോട് ഇങ്ങനെ ചോദിച്ചു: ‘വ്രതം, ദാനധര്‍മ്മം, നിസ്കാരം മുതാലയവയെക്കാള്‍ അത്യുല്‍കൃഷ്ടമായ സല്‍ക്കര്‍മങ്ങള്‍ ഏതാണെന്നു നിങ്ങളെ ഞാന്‍ പഠിപ്പിക്കട്ടെയോ’ അനുയായികള്‍ പറഞ്ഞു: അങ്ങനെ ചെയ്താലും. നബി (സ്വ) അരുള്‍ ചെയ്തു. ഭിന്നിച്ചിരിക്കുന്ന ജനവിഭാഗങ്ങള്‍ തമ്മില്‍ രഞ്ജിപ്പുണ്ടാക്കലാണത്. ജനങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കിത്തീര്‍ക്കല്‍ സര്‍വ്വ നന്മകളെയും ധ്വംസിച്ചു കളയുന്ന ഒരു ഭീകര ഏര്‍പ്പാടാണ്” (അബൂദാവൂദ്, തിര്‍മുദി).
നബി (സ്വ) –യില്‍ നിന്നു അബൂഹുറയ്റഃ (റ) ഇങ്ങനെ നിവേദനം ചെയ്യുന്നു. മനുഷ്യര്‍ തമ്മിലുള്ള ഐക്യത്തിനു തുരങ്കം വെക്കുന്ന ഏര്‍പ്പാടുകള്‍ സൂക്ഷിക്കണം. അത് നാശഹേതുവാണ് (തിര്‍മുദി).
നബി (സ്വ) നടന്നുകൊണ്ടിരിക്കവെ രണ്ട് ഖബറുകളുടെ അരികില്‍ എത്തി. അവിടുന്ന് ഇങ്ങനെ പറഞ്ഞു. ഈ രണ്ട് ഖബര്‍ വാസികളും ശിക്ഷിക്കപ്പെടുന്നുണ്ട്. അനുഷ്ഠിക്കുവാന്‍ പ്രയാസമുള്ള സംഗതികള്‍ ഉപേക്ഷിച്ചിട്ടല്ല അവര്‍ ശിക്ഷക്ക് വിധേയരായത്. എന്നാല്‍ അല്ലാഹുവിന്റെ പക്കല്‍ മഹാപാപങ്ങളാണ് അവര്‍ പ്രവര്‍ത്തിച്ചത്.
ഒരാള്‍ ഏഷണിയുമായി നടക്കുന്നവനും മറ്റേയാള്‍ മൂത്രത്തചന്റ നിന്നു വേണ്ടതുപോലെ ശുദ്ധിയാക്കാത്ത ആളുമാണ്  (ബുഖാരി). ഏഷണി പറയുന്നത് പൊതുവില്‍ നിസ്സാരമായി ഗണിക്കപ്പെടുന്ന ഒരേര്‍പ്പാടാണെങ്കിലും അത് എത്രമാത്രം വമ്പിച്ച തെറ്റാണെന്നുള്ളത് ഇത്രയും വിവരിച്ച മഹല്‍വചനങ്ങളില്‍ നിന്നും ശരിക്കും ഗ്രഹിക്കുവാന്‍ കഴിയുന്നതാണ്.
ഇന്നു ചില മുതലാളിമാരുടെയും മറ്റും അടുക്കല്‍ ഏഷണിക്കാര്‍ക്ക് വലിയ സ്ഥാനമാണ് ലഭിക്കുന്നത്. അത്തരക്കാരുടെ വാക്കുകളുടെ അടിസ്ഥാനത്തില്‍ പലതും പ്രവര്‍ത്തിക്കാന്‍ മുതിരുന്നവരുണ്ട്. എന്നാല്‍ അതിന്റെ ഭവിഷ്യത്ത് എത്രമാത്രം വലുതാണെന്ന് അവര്‍ ചിന്തിക്കുന്നില്ല. യാതൊരു തൊഴിലുമില്ലാതെ ഫിത്നയും ഫസാദും പറഞ്ഞു നടന്നു. ആരുടെയെങ്കിലും കയ്യില്‍ നിന്നു ബീഡിക്കഷ്ണങ്ങളും ചില്ലിക്കാശും വാങ്ങി ജീവിക്കുന്നവരും ധാരാളമുണ്ട്. ഇത്തരക്കാര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ചിലര്‍ ഒരുമ്പെട്ടിരിക്കുമ്പോള്‍ അവരെപ്പറ്റി വ്യസനിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്.
പൌരാണിക കാലത്തെ തത്വചിന്തകന്മാരില്‍പ്പെട്ട ഒരു മഹാനോട് മറ്റൊരാള്‍ ഇങ്ങനെ ചോദിച്ചു: ‘ആകാശങ്ങളെക്കാള്‍ ഭാരമുള്ള വസ്തുക്കള്‍ ഏതാണ്? ഭൂമിയെക്കാള്‍ വിശാലത ഏതു സാധനത്തിനാണുള്ളത്? പാറക്കല്ലുകളെക്കാള്‍ ഉറപ്പ് കൂടിയതെന്താണ്? ഉഷ്ണത്തില്‍ അഗ്നിയെ കവച്ചുവെക്കുന്നത് ഏതു സാധനമാണ്? ഹിമക്കട്ടകളെക്കാള്‍ കൂടുതല്‍ തണുപ്പുള്ളതെന്താണ്? സമുദ്രത്തെക്കാള്‍ ഐശ്വര്യമുള്ള വസ്തു ഏതാണ്? അനാഥ ബാലനെക്കാള്‍ നിസ്സാരന്‍ ആരാണ്? പ്രസ്തുത മഹാന്‍ ഇങ്ങനെ മറുപടി പറഞ്ഞു:
നിരപരാധികളുടെ പേരില്‍ വ്യാജമായ ആരോപണം നടത്തുന്നത് ആകാശത്തെക്കാള്‍ ഭാരമുള്ളതാണ്. സത്യം ഭൂമിയെക്കാള്‍ വിശാലതയുള്ളതാണ്. സംതൃപ്തിയുള്ള ഹൃദയമാണ് സമുദ്രത്തെക്കാള്‍ ഐശ്വര്യമുള്ളത്. അസൂയയും അത്യാഗ്രഹവും അഗ്നിയെക്കാള്‍ ഉഷ്ണമുള്ളതാണ്. ഉറ്റബന്ധുക്കള്‍ നിരസിച്ചുകളഞ്ഞ അപേക്ഷ ഹിമക്കട്ടയെക്കാള്‍ ശൈത്യമുള്ളതാണ്. സത്യനിഷേധികളുടെ ഹൃദയം പാറക്കല്ലുകളെക്കാള്‍ ഉറപ്പുള്ളതാണ്. ഏഷണിക്കാരന്റെ കള്ളി പുറത്തായാല്‍ അനാഥബാലനെക്കാള്‍ നിസ്സാരപ്പെട്ടവനാണ് (ഇഹ്യ, വാല്യം 3, പേജ് 135).
ഏഷണിക്കാരന്‍ ഒരാളുടെ അടുത്തു വന്ന് വല്ലതും പറഞ്ഞാല്‍ അവന്‍ ആറു സംഗതികള്‍ കൈക്കൊള്ളേണ്ടതാണ്. അവന്റെ വാക്ക് വിശ്വസിക്കാതിരിക്കുക. എന്തുകൊണ്ടെന്നാല്‍ ഏഷണിക്കാരന്‍ ഫാസിഖ ്(ദുര്‍വൃത്തന്‍) ആണ്. ദുര്‍വൃത്തന്മാരുടെ വാക്കുകള്‍ സൂക്ഷ്മസ്ഥിതി അന്വേഷിക്കാതെ കേട്ട മാത്രയില്‍ സ്വീകരിച്ചുപോകരുതെന്ന് പരിശുദ്ധഖുര്‍ആന്‍ താക്കീതു ചെയ്യുന്നു. ‘സത്യവിശ്വാസികളേ, ദുര്‍വൃത്തന്മാര്‍ വല്ല വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ യാഥാര്‍ഥ്യം ഗ്രഹിക്കാതെ അത് വിശ്വസിച്ചുപോകരുത്. സൂക്ഷ്മസ്ഥിതി അറിയാതെ ഏതെങ്കിലും ജനങ്ങള്‍ക്ക് നിങ്ങള്‍ ആപത്ത് ഏല്‍പ്പിക്കാതിരിക്കാനാണ് ഇങ്ങനെ ഉപദേശിക്കുന്ന്’ (ഖുര്‍ആന്‍).
(1) ഏഷണി ആക്ഷേപകരമായ സംഗതിയാണെന്ന് അവനെ ബോധ്യപ്പെടുത്തി കൊടുക്കുകയും അതില്‍നിന്ന് വിരമിപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക. (2) മതദൃഷ്ട്യാ തെറ്റായ സംഗതി പ്രവര്‍ത്തിക്കുന്നവനെന്ന നിലക്ക് അവനെ വെറുക്കുക. (3) അവന്‍ ആരെ സംബന്ധിച്ച് ഏഷണി പറഞ്ഞിരിക്കുന്നുവോ അവന്റെ നേരെ തെറ്റിദ്ധാരണ വെച്ചുപുലര്‍ത്താതിരിക്കുക. (4) സംഭവത്തിന്റെ യാഥാര്‍ഥ്യം ചുഴിഞ്ഞുമനസ്സിലാക്കാന്‍ ഒരുമ്പെടാതിരിക്കുക. (5) ഏഷണി വാക്കുകള്‍ മറ്റൊരാളുടെ മുമ്പില്‍വെച്ചു എടുത്തുദ്ധരിക്കാതിരിക്കുക.

Sunday, 27 March 2016

ശജറത്തുരിളുവാന്‍

ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഒരു മരം എന്ന നിലയില്‍ ശജറത്തുരിളുവാനു പുണ്യം ഉണ്ട് എന്ന കാര്യം ഉറപ്പാണ്. അത് കൊണ്ടാണ് അന്നത്തെ കാലത്തും ഹജ്ജിനു പോകുന്നവര്‍ ആ മരം ആണ് എന്ന നിലയില്‍ അവിടെ നിസ്കരിചിരുന്നത്. വാസ്തവത്തില്‍ ഉമര്‍(റ) ശജറത്തു രിളുവാന്‍ മുറിക്കാന്‍ കല്പിച്ചിട്ടില്ല. അത് സ്വയം നശിച്ചു പോകുകയോ തിരിച്ചറിയപ്പെടാതെ പോകുകയോ ആണ് ഉണ്ടായത്. 

എന്നാല്‍ സഈദ് ബിന്‍ മുസയ്യബ്(റ) പറയുന്നു. ‘ആ മരം ഏതാണ് എന്ന കാര്യം സ്വഹാബികള്‍ മറന്നു പോയിരുന്നു’.

അവര്‍ക്ക് അത് നിര്‍ണ്ണയിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. ജനങ്ങള്‍ നിസ്കരിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം ആ മരത്തിന്റെ ചുവട്ടില്‍ തന്നെയാണോ എന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പ് ഉണ്ടായിരുന്നില്ല. അത് നിര്‍ണ്ണയിക്കാന്‍ പറ്റുന്ന ആളുകള്‍ (അന്ന് ബൈഅത്ത് ചെയ്തവരില്‍ ജീവിചിരിപ്പുള്ളവര്‍) പ്രായത്തിന്റെ അവശത നിമിത്തവും മറ്റും  അവിടെ വന്നു അത് നിര്‍ണ്ണയിച്ചു കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലും ആയപ്പോള്‍ , ആളുകള്‍ ശജറത്തു രിളുവാന്‍ ആണ് എന്ന് ഉറപ്പില്ലാത്ത ഇല്ലാത്ത ഒരു മരത്തില്‍ നിന്നും ബര്‍ക്കത്ത് തേടുന്ന ഒരു സ്ഥിതിയില്‍ ഉമര്‍(റ) ആ മരം മുറിച്ചു കളയാന്‍ കല്പിക്കുകയാണ് ചെയ്തത്. അല്ലാതെ, അവിടെ ഇലാഹാക്കലോ , പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇലാഹാക്കാന്‍ സാധ്യത ഉണ്ടാവലോ അല്ല വിഷയം.

ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നത് നോക്കുക:

عن طارقِ بنِ عبدِ الرّحمنِ قال: انْطَلَقْتُ حَاجًّا، فَمَرَرْتُ بِقَوْمٍ يُصَلُّونَ، قُلْتُ: مَا هَذَا الْمَسْجِدُ ؟ قَالُوا: هَذِهِ الشَّجَرَةُ حَيْثُ بَايَعَ رَسُولُ اللَّهِ صلّى الله عليه وسلّم بَيْعَةَ الرِّضْوَانِ ! فَأَتَيْتُ سَعِيدَ بْنَ الْمُسَيَّبِ، فَأَخْبَرْتُهُ، فَقَالَ سَعِيدٌ: حَدَّثَنِي أَبِي أَنَّهُ كَانَ فِيمَنْ بَايَعَ رَسُولَ اللَّهِ صلّى الله عليه وسلّم تَحْتَ الشَّجَرَةِ، قَالَ: فَلَمَّا خَرَجْنَا مِنْ الْعَامِ الْمُقْبِلِ نَسِينَاهَا، فَلَمْ نَقْدِرْ عَلَيْهَا، فَقَالَ سَعِيدٌ: إِنَّ أَصْحَابَ مُحَمَّدٍ صلّى الله عليه وسلّم لَمْ يَعْلَمُوهَا وَعَلِمْتُمُوهَا أَنْتُمْ ؟! فَأَنْتُمْ أَعْلَمُ.
ത്വാരിഖ് ബിന്‍ അബ്ദിറഹ്മാന്‍(റ) പറയുന്നു: ഞാന്‍ ഹജ്ജിനു പോകവേ വഴിയില്‍ ഒരു കൂട്ടര്‍ നിസ്കരിക്കുന്നത് കണ്ടു. ഏതാണ് ഈ മസ്ജിദ് എന്ന് ചോദിച്ചപ്പോള്‍ , റസൂല്‍ (സ) ബൈഅത്ത് ചെയ്ത മരം ആണ് ഇത് എന്ന് മറുപടി കിട്ടി. ഞാന്‍ സഈദ് ബിന്‍ അല്‍മുസയ്യബ്(റ)വിനെ സമീപിച്ചു വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അന്ന് ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് റസൂലിനോട്(സ) ബൈഅത്ത് ചെയ്ത എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട്. 'അടുത്ത വര്ഷം ഞങ്ങള്‍ യാത്ര പോകവേ ആ മരം ഞങ്ങള്‍ മറന്നിരുന്നു. ഞങ്ങളില്‍ ആര്‍ക്കും ഏതാണ് ആ മരം എന്ന കാര്യത്തില്‍ നിര്‍ണ്ണയം ഉണ്ടായിരുന്നില്ല'. ത്വാരിഖ്(റ) തുടരുന്നു: സഈദ്(റ) എന്നോട് ചോദിക്കുകയാണ് - മുഹമ്മദ്‌ നബി(സ)യുടെ സ്വഹാബത്തിനു ആ മരം ഏതാണ് എന്ന് അറിയില്ല; നിങ്ങള്‍ക്കാണോ പിന്നെ അറിയുന്നത്? എങ്കില്‍ നിങ്ങള്‍ തന്നെ ഏറ്റവും അറിവുള്ളവര്‍ !
ഇബ്നു ഉമര്‍(റ)വില്‍ നിന്നും മറ്റൊരു റിപ്പോര്‍ട്ട്‌ ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു:
عن ابنِ عمرَ رضي الله عنهما قال: رَجَعْنَا مِنْ الْعَامِ الْمُقْبِلِ، فَمَا اجْتَمَعَ مِنَّا اثْنَانِ عَلَى الشَّجَرَةِ الَّتِي بَايَعْنَا تَحْتَهَا ! كَانَتْ رَحْمَةً مِنْ اللهِ.
അടുത്ത വര്ഷം ഞങ്ങള്‍ മടങ്ങി. (ആ മരം ഇന്നതാണ് എന്ന കാര്യത്തില്‍) ഞങ്ങളില്‍ രണ്ടു പേര്‍ പോലും ഒരിക്കലും യോജിച്ചിട്ടില്ല. ആ മരം  അല്ലാഹുവില്‍ നിന്നുള്ള റഹ് മത് ആയിരുന്നു.

ഇമാം ബുഖാരി(റ) തന്നെ വീണ്ടും റിപ്പോര്‍ട്ട്‌ ചെയ്യുന്നു:

عن جابر بنِ عبدِ الله رضي الله عنه قال: قال لنا رسولُ اللهِ صلّى الله عليه وسلّم يَوْمَ الْحُدَيْبِيَةِ: (( أَنْتُمْ خَيْرُ أَهْلِ الْأَرْضِ ))، وَكُنَّا أَلْفًا وَأَرْبَعَ مِائَةٍ، وَلَوْ كُنْتُ أُبْصِرُ الْيَوْمَ لَأَرَيْتُكُمْ مَكَانَ الشَّجَرَةِ.
ജാബിര്‍ ബിന്‍ അബ്ദില്ലാ(റ) പറയുന്നു:
"അന്ന് ഹുദൈബിയാ ദിനത്തില്‍ അല്ലാഹുവിന്റെ പ്രവാചകന്‍(സ) ഞങ്ങളോട് പറഞ്ഞു - 'ഭൂ നിവാസികളില്‍ ഉത്തമര്‍ നിങ്ങള്‍ ആണ്'.   ഞങ്ങള്‍ അന്ന് ആയിരത്തി നാനൂറു പേര്‍ ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ കാഴ്ച ഉള്ളവന്‍ ആയിരുന്നുവെങ്കില്‍ ആ മരത്തിന്റെ സ്ഥാനം ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരുമായിരുന്നു."

ഹാഫിള് ഇബ്നു ഹാജര്‍(റ) ഫത്ഹുല്‍ ബാരിയില്‍ വിശദീകരിക്കുന്നു:
قال الحافظ ابن حجر رحمه الله في فتح الباري (7/448) :
" إنكار سعيد بن المسيّب على من زعم أنّه عرفها معتمدا على قول أبيه: إنّهم لم يعرفوها في العام المقبل، لا يدلّ على رفع معرفتها أصلا، فقد وقع عند المصنّف من حديث جابر الذي قبل هذا " لو كنت أبصر اليوم لأريتكم مكان الشجرة "؛ فهذا يدل على أنّه كان يضبط مكانها بعينه، وإذا كان في آخر عمره بعد الزمان الطويل يضبط موضعها ففيه دلالة على أنه كان يعرفها بعينها، لأنّ الظاهر أنها حين مقالته تلك كانت هلكت إما بجفاف أو بغيره، واستمر هو يعرف موضعها بعينه”.
“തന്റെ പിതാവിനെ ഉദ്ധരിച്ചു കൊണ്ട് തൊട്ടടുത്ത വര്‍ഷത്തില്‍ തന്നെ അവര്‍ ആ മരം അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞു കൊണ്ട് മരം അറിയും എന്ന് അവകാശപ്പെട്ടവരെ സഈദ് ബിന്‍ അല്‍മുസയബ്(റ) ഖണ്ടിച്ചത് ഒരിക്കലും അടിസ്ഥാനപരമായി ആ വിവരം തന്നെ നിലനില്‍ക്കുന്നില്ല എന്ന് അറിയിക്കുന്നില്ല. ജാബിര്‍(റ)വിന്റെ ഹദീസില്‍ ‘ഇന്ന് ഞാന്‍ കാഴ്ച ഉള്ളവന്‍ ആയിരുന്നുവെങ്കില്‍ ആ മരത്തിന്റെ സ്ഥാനം ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരുമായിരുന്നു’ എന്ന് ഉണ്ടല്ലോ? അപ്പോള്‍ അദ്ദേഹം തന്റെ കണ്ണുകള്‍ കൊണ്ട് അതിന്റെ സ്ഥാനം അറിയും എന്ന് മനസ്സിലായി. ഇത്രയും ദീര്‍ഘ കാലത്തിനു ശേഷവും തന്റെ ആയുസ്സിന്റെ അവസാന നാളിലും അദ്ദേഹം ആ മരത്തിന്റെ സ്ഥാനം തന്റെ കണ്ണുകള്‍ കൊണ്ട് അറിയും എന്ന് പറയുന്നതില്‍ നിന്ന് തന്നെ അത് വ്യക്തമാണ്. അദ്ദേഹം ഇത് പറയുന്ന കാലത്ത്  വരള്‍ച്ച കൊണ്ടോ മറ്റോ അത് നശിച്ചു പോയിരിക്കാം എന്നാണു ഇതില്‍ നിന്നും മനസ്സിലാകുന്നത്.”

ഇമാം ത്വിബ്റി(റ) തന്റെ തഫ്സീറില്‍ ഉദ്ധരിക്കുന്നു:
وزعموا أنّ عمر بن الخطاب رضي الله عنه مرّ بذلك المكان بعد أن ذهبت الشجرة، فقال: أين كانت ؟ فجعل بعضهم يقول: هنا، وبعضهم يقول: ههنا، فلمّا كثر اختلافهم قال: سيروا، هذا التكلّف. فذهبت الشّجرة وكانت سمُرة إمّا ذهب بها سيل، وإمّا شيء سوى ذلك ".
ഇമാം ത്വിബ്റി(റ) തന്റെ തഫ്സീറില്‍ ഉദ്ധരിക്കുന്നു:  “ആ മരം നശിച്ചതിനു ശേഷം ഉമര്‍(റ) ആ സ്ഥലത്ത് കൂടെ കടന്നു പോയി. അദ്ദേഹം കൂടെയുള്ളവരോട്‌ ചോദിച്ചു. എവിടെ ആയിരുന്നു ആ മരം? ചിലര്‍ പറഞ്ഞു ഇവിടെയാണ്‌. വേറെ ചിലര്‍ പറഞ്ഞു ഇവിടെയാണ്‌. അങ്ങനെ അവരില്‍ അഭിപ്രായവിത്യാസം വര്‍ധിച്ചപ്പോള്‍ ഉമര്‍(റ) അവരോടു സ്ഥലം കാണിച്ചു കൊടുക്കുന്നത് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് പറഞ്ഞു:  ആ മരം നശിച്ചു പോയിരിക്കുന്നു. അത് ഒരു ചാര നിറത്തില്‍ ഉള്ളതായിരുന്നു. ഒന്നുകില്‍  വെള്ളപ്പൊക്കം കാരണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമോ അത് നശിച്ചു പോയിരിക്കാം.”
അപ്പോള്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ ശജറത്തു രിളുവാന്‍ വെള്ളപ്പോക്കാമോ വരള്‍ച്ചയോ കാരണം നശിച്ചു പോകുകയോ, അല്ലെങ്കില്‍ അത് ഇന്ന മരമാണെന്ന് തിരിച്ചരിയപ്പെടാതിരിക്കുകയോ ആണ് ഉണ്ടായത് എന്ന് വ്യക്തമായി. ഉമര്‍(റ) ആ മരം മുറിക്കാന്‍ കല്പിച്ചിട്ടില്ല എന്ന വസ്തുതയും. എന്നാല്‍ ഉമര്‍(റ) മുറിക്കാന്‍ കല്പിച്ച മരം ഏതാണ്? അത് ശജറത്തു രിളുവാന്‍ ആണ് എന്ന് ആളുകള്‍ തെറ്റിദ്ധരിച്ച മരം. അതിനു ഉപോല്‍ബലകമായ റിപ്പോര്‍ട്ട്‌ ആണ് ഇബ്നു സ്സഅദ് (റ) തന്റെ ത്വബഖാതില്‍ ഉദ്ധരിക്കുന്നത്.
فقد أخرجه ابن سعد في الطّبقات (2/100) عن نافع قال: كان النّاس يأتون الشّجرة الّتي يقال لها شجرة الرضوان فيصلّون عندها، قال: فبلغ ذلك عمر بن الخطّاب رضي الله عنه، فأوعدهم فيها وأمر بها فقطعت
നാഫി (റ) പറഞ്ഞു: ശജറത്തു രിളുവാന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു മരത്തിന്റെ അടുത്ത് ജനങ്ങള്‍ വരികയും നമസ്കരിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഉമര്‍(റ)വിന്റെ അടുത്ത് ഈ വിവരം എത്തിയപ്പോള്‍ അദ്ദേഹം അത് മുറിച്ചു കളയാന്‍ കല്പിക്കുകയും ചെയ്തു.

അല്ലാതെ ശജരത്ത് രിളുവാനെ ജനങ്ങള്‍ ആദരിച്ചാല്‍ പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ജനങ്ങള്‍ അത് ആരാധനയാക്കി മാറ്റും എന്ന ഭയം കൊണ്ടോ, അല്ലെങ്കില്‍ ആ ആദരവു തന്നെ ഒരു തെറ്റ് ആണ് എന്ന നിലക്കോ അല്ല ഉമര്‍(റ) അത് മുറിച്ചു കളയാന്‍ കല്പിച്ചത്.

മഹാന്മാരുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് ബറകത് ഉണ്ട് എന്നും അല്ലാഹുവിനു ആരാധന അര്പിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം അത് തന്നെയാണ് എന്നും നന്നായി ബോധ്യമുള്ള ആള്‍ തന്നെയാണ് ഉമര്‍(റ) എന്നതില്‍ ഖുര്‍ആന്‍ തന്നെയാണ് സാക്ഷി.

കടപ്പാട് : യൂസുഫ് ഹബീബ് ഉസ്താത്  

സൂഫിസം ഇമാം ശാഫി(റ) പറഞ്ഞതെന്ത്?





ഇമാം ശാഫിഈ(റ) പറഞ്ഞതിന്റെ സാരമെന്ത് ?

ഇവിടെ ഫിഖ്ഹ്, അഖീദഃ, തസ്വവ്വുഫ് ദീനിന്റെ മൂന്ന് അടിത്തറകളുടെ വിജ്ഞാനശാഖകളാണെന്ന് നമുക്ക് മനസ്സിലായി. എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ച് മറ്റുള്ളവ ഒഴിവാക്കുകയെന്നത് വലിയ പിഴവിലേക്കായിരിക്കും നമ്മെ കൊണ്ടേ
ത്തിക്കുക. എല്ലാ കാലങ്ങളിലും ഇത് നമുക്ക് കാണാനാകും. വെറും വിശ്വാസം മാത്രമുള്ളവര്‍. കര്‍മ്മമോ ആത്മീയതയോ അവര്‍ക്കില്ല. ഇനി കര്‍മ്മമുള്ളവര്‍ വിശ്വാസമോ ആത്മീയതയോ ഇല്ല. ഇനിയൊരു വിഭാഗം ആത്മീയതയുണ്ട്, പക്ഷെ യഥാവിധത്തിലുള്ള വിശ്വാസമോ കര്‍മ്മങ്ങളോ അവര്‍ക്കുണ്ടാകില്ല. ഇത്തരം വിഭാഗങ്ങളെ അക്കാലത്തെ എല്ലാ ഉലമാക്കളും ശക്തമായി എതിര്‍ത്തിട്ടുണ്ട്.

ദീനില്‍ പ്രധാനമായും മൂന്ന് അടിസ്ഥാനങ്ങളാണുള്ളത്. ഈമാന്‍, ഇസ്‍ലാം, ഇഹ്‍സാന്‍. ഇതില്‍ ഏതെങ്കിലും ഒന്ന് നഷ്‍ടപ്പെട്ടാല്‍ അവനൊരിക്കലും യഥാര്‍ത്ഥ മുഅ്‍മിനോ മുസ്‍ലിമോ ആവുകയില്ല. മൂന്നും അവനില്‍ ഒരുമിക്കണം. ഇതില്‍ ഇസ്‍ലാം എന്ന അടിസ്ഥാനം പ്രാവര്‍ത്തികമാക്കാനാണ് ഫിഖ്ഹ് എന്ന വിജ്ഞാനശാഖയും മദ്ഹബുകളും ഉണ്ടായത്. ഈമാന്‍ എന്ന അടിസ്ഥാനം വിശ്വാസത്തില്‍ രൂഢമൂലമാക്കാനാണ് ഇല്‍മുല്‍ അഖീദഃ എന്ന വിജ്ഞാനശാഖയും ത്വരീഖുകളും ഉണ്ടായത്. അത് പോലെ ഇഹ്‍സാന്‍ എന്ന അടിസ്ഥാനം നമുക്ക് ഉണ്ടാക്കിത്തീര്‍ക്കാനാണ് തസ്വവ്വുഫ് എന്ന വിജ്ഞാനശാഖയും ത്വരീഖത്തുകളും ഉണ്ടായത്. അപ്പോള്‍ തസ്വവ്വുഫ് എന്നത് ശരീഅത്തിന്റെ ഒരു വിജ്ഞാനശാഖയാണ്. അഥവാ ആത്മാവിനെ ശുദ്ധീകരിച്ച് മോശം സ്വഭാവങ്ങളെ ഒഴിവാക്കി സദ്സ്വഭാവങ്ങളെ നമ്മില്‍ സ്ഥിരപ്പെടുത്തി അല്ലാഹുവിന് ആത്മാര്‍ത്ഥമായി ഇബാദത്ത് ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇഹ്സാന്‍ എന്നാണ് ഈ ലക്ഷ്യത്തിനെ പറയുക.

മഹാനായ ഇമാം മാലിക്(റ)വിന്റെ വചനം വളരെ പ്രസിദ്ധമാണ്. "ആരെങ്കിലും തസ്വവ്വുഫ് പ്രാവര്‍ത്തികമാക്കി, പക്ഷെ ഫിഖ്ഹ് നേടിയില്ല. എങ്കില്‍ അവന്‍ വഴിപിഴച്ചവനായി. ആരെങ്കിലും ഫിഖ്ഹ് നേടി, പക്ഷെ തസ്വവ്വുഫ് നേടിയില്ല. എങ്കില്‍ അവന്‍ തെമ്മാടിയായി. ആരെങ്കിലും ഫിഖ്ഹിനോടൊപ്പം തസ്വവ്വുഫും ഒരുമിച്ച് കൂട്ടി. എങ്കില്‍ തീര്‍ച്ചയായും അവന്‍ ഉറച്ച വിശ്വാസം നേടിയിരിക്കുന്നു".


ശ്രദ്ധിക്കൂ... ഇതില്‍ നിന്നും ഫിഖ്ഹും തസ്വവ്വുഫും ഒരുമിച്ച് വേണമെന്ന് നമുക്ക് മനസ്സിലായി. ഇത് തന്നെയാണ് ഇമാം ശാഫിഈ(റ)വും പറഞ്ഞതും. "ആരെങ്കിലും പകലിന്റെ തുടക്കത്തില്‍ തസ്വവ്വുഫുള്ളവനായാല്‍, മഹാമണ്ടനായിട്ട് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടല്ലാതെ ദുഹര്‍ അവന്റെ മേല്‍ കടന്നുവരികയില്ല.

ഇമാം ശാഫിഈ ഈ പറഞ്ഞത് ഫിഖ്ഹില്ലാതെ തസ്വവ്വുഫ് സ്വീകരിക്കുന്നവരെക്കുറിച്ചാണ്. ഇക്കാലത്ത് ഇത്തരം സ്വഭാവക്കാര്‍ വളരെ അധികരിച്ചിട്ടുമുണ്ട്. ഇതാണ് ഇമാം ശാഫിഈ(റ) ഉദ്ദേശിച്ചത്. എന്നല്ലാതെ, യഥാര്‍ത്ഥ സൂഫിയാക്കളെ മൊത്തത്തിലല്ല. സഹോദരങ്ങളേ, ഇവിടെയാണ് ഒഹാബികളുടെ കള്ളക്കളി പുറത്താകുന്നത്. അവര്‍ വിവര്‍ത്തനത്തില്‍ വലിയൊരു കാപട്യം നടത്തിയിരിക്കുന്നു. എന്തെന്നല്ലേ... നിങ്ങള്‍ ആ അറബി മൂലമൊന്ന് ശ്രദ്ധിച്ച് നോക്കൂ..
لو أن رجلاً تصوَّف من أول النهار لم يأت عليه الظهر إلا وجدته أحمق
: ഇതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മുകളില്‍ പറഞ്ഞത് പോലെയാണ്. എന്നാല്‍ വഹാബികള്‍ തസ്വവ്വുഫ് നേടി എന്നതിന് സ്വൂഫിയായി എന്നാണ് വിവര്‍ത്തനം നല്‍കിയത്. പ്രത്യേകം ശ്രദ്ധിക്കുക, സൂഫി ആയാല്‍ എന്നല്ല, തസ്വവ്വുഫ് നേടിയാല്‍ എന്നാണ്. തസ്വവ്വുഫ് പഠിച്ചുവെന്ന് കരുതി ഒരാള്‍ സൂഫിയാകില്ല. സൂഫി കര്‍മ്മനിരതനായിരിക്കും. ഫിഖ്ഹില്‍ അത്യാവശ്യമുള്ളതൊക്കെ പഠിച്ച് സദാ കര്‍മ്മം ചെയ്യുന്നവനായിരിക്കും സൂഫി. എന്നാല്‍ മുജാഹിദുകള്‍ എന്താണ് ചെയ്‍തത്. അവര്‍ പതുക്കെ തസ്വവ്വഫ എന്ന ക്രിയയുടെ അര്‍ത്ഥം മാറ്റി സൂഫി എന്നാക്കി. എന്തിന് വേണ്ടി, സകലസൂഫികളെയും ഇമാം ശാഫിഈ(റ) മോശമാക്കി എന്ന് വരുത്തിത്തീര്‍ക്കാന്‍. ഇതാണ് അവരുടെ സ്ഥിരം പരിപാടി. വളരെ തന്ത്രപരമായി വിവര്‍ത്തനത്തില്‍ കളവ് കാട്ടും. മൊത്തത്തില്‍ ഫിഖ്ഹ് പഠിക്കാതെ തസ്വവ്വുഫ് മാത്രം പഠിക്കുന്നവനെക്കുറിച്ചാണ് ഇമാം ശാഫിഈ(റ) പറഞ്ഞത് അല്ലാതെ മൊത്തം സൂഫിയാക്കളെയല്ല. അപ്രകാരം ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ തനിച്ച കളവാണ് അവന്‍ വാദിക്കുന്നത്.


ഇവിടെ ഒരു കാര്യം ശ്രദ്ധിച്ചിരുന്നോ. എന്തിനാണ് ഇമാം ശാഫിഈ പകലിന്റെ ആദ്യവും ദ്വുഹറും എടുത്ത് പറഞ്ഞത്. ഒരുവന്‍ പകലിന്റെ തുടക്കം മുതല്‍ തസ്വവ്വുഫ് മാത്രം പഠിക്കുകയും മറ്റൊന്നും പഠിക്കാത്തിരിക്കുകയും ചെയ്യുന്നതോട് കൂടി അവന് ഫിഖ്ഹിലെ ശുദ്ധീകരണനിയമങ്ങളോ നിസ്‍കാരനിയമങ്ങളോ പഠിക്കാന്‍ കഴിയാതാകും. ഫലമോ, ദുഹര്‍ ആകുമ്പോഴേക്കും വേണ്ടവിധത്തില്‍ നിര്‍ബന്ധബാധ്യത നിറവേറ്റാനാകാത്ത ഒരു ഹമുക്കായിട്ടല്ലാതെ അവനെ കാണാന്‍ കഴിയില്ല. ഇതാണ് മഹാന്‍ പറഞ്ഞതിന്റെ അര്‍തകണ്ടില്ലേ... തസ്വവ്വുഫിന്റെ ഇമാമീങ്ങളെ ബഹുമാനിക്കുന്നത് എങ്ങനെയാണെന്ന്... തസ്വവ്വുഫിന്റെ ഇമാമീങ്ങളെ പിന്‍പറ്റുന്നതിനെ വല്ലാതെ ആഗ്രഹിച്ചിരുന്ന മഹാനായിരുന്നു ഇമാം ശാഫിഈ(റ). മഹാനവര്‍കളുടെ ഈ പ്രഖ്യാപനം വളരെ പ്രസിദ്ധമാണ് : حبب إلي من دنياكم ثلاث: ترك التكلف، وعشرة الخلق بالتلطف، والاقتداء بطريق أهل التصوف ദുന്‍യാവില്‍ തനിക്കിഷ്‍ടമുള്ള മൂന്ന് കാര്യങ്ങളെയാണ് തങ്ങളിവിടെ എടുത്ത് പറയുന്നത്. അതില്‍ മൂന്നാമത്തേതായി തങ്ങല്‍ പറയുന്നത് എന്താണെന്ന് നോക്കൂ : "തസ്വവ്വുഫിന്റെ വക്താക്കളുടെ പാതയെ പിന്തുടരല്‍ "