സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 24 March 2016

ഫലിതത്തിന്റെ സീമകള്‍

സ്വഹാബിമാര്‍ പറഞ്ഞു : ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങ് ഞങ്ങളോട് തമാശ പറയുന്നുണ്ടല്ലോ? അവിടുന്നു പറഞ്ഞു : ഞാന്‍ സത്യമല്ലാതെ പറയുന്നില്ല. നിശ്ചയം.’ (അബൂഹുറൈറഃ (റ) ഉദ്ധരിച്ചത്, തുര്‍മുദി: 1990). അബൂഹുറൈറഃ (റ) പറഞ്ഞു : നബി (സ്വ) അലിയുടെ പുത്രനായ ഹസനു വേണ്ടി നാവു പുറത്തേക്കു നീട്ടുമായിരുന്നു. അപ്പോള്‍ കുട്ടി തിരുമേനിയുടെ നാവിന്റെ ചെമപ്പ് കാണും. തദവസരം കുട്ടി അതിനു നേരെ ആവേശ പൂര്‍വം എടുത്തു ചാടും. (ശറഹുസ്സുന്ന : 3603). അബ്ദുല്ലാഹിബ്നു അബ്ബാസ് (റ), നബി (സ്വ) പറഞ്ഞതായി നിവേദനം ചെയ്യുന്നു : നിന്റെ സഹോദരനോടു തര്‍ക്കിക്കരുത്. അവനെ തമാശ പറഞ്ഞു വേദനിപ്പിക്കുകയും ചെയ്യരുത്. (ഉറപ്പില്ലാത്ത ഒരു കാര്യവും) അവനോട് നീ ഉറപ്പിച്ചു വാഗ്ദത്തം ചെയ്യരുത്. അങ്ങനെ ചെയ്താല്‍ നീ അവനോട് ലംഘനം നടത്താന്‍ ഇടവരും (തുര്‍മുദി 1995). മുആവിയത്തുബ്നു ഹയ്ദ (റ) ഉദ്ധരിക്കുന്നു : നബി (സ്വ) പ്രസ്താവിച്ചു : ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി സംസാരിച്ചു നുണ പറയുന്നവനു നാശം, അവനു നാശം, അവനു നാശം (അഹ്മദ്, തുര്‍മുദി, അബൂദാവൂദ്, ദാരിമി, മിശ്കാത്ത് 413).
ചിരിപ്പിക്കുന്ന വാക്കോ പ്രവര്‍ത്തനമോ ആണു തമാശ. അത് ഉപദ്രവകരമായ വിധത്തിലാകുമ്പോള്‍ പരിഹാസമായിത്തീരുന്നു. നിന്റെ സഹോദരനോടു തമാശ പറയരുത് എന്ന പ്രവാചകോപദേശത്തില്‍ ഉപദ്രവകരമായ തമാശയെയാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇമാം നവവി (റ) പറയുന്നു: “പതിവായോ അമിതമായോ നടത്തുന്ന ഫലിതമാണ് നിരോധിതമായ തമാശ. ഇത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍ നിന്നും സുപ്രധാനമായ മതകാര്യങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ നിന്നും മനുഷ്യനെ അശ്രദ്ധനാക്കുന്നു. മിക്കപ്പോഴും അതു മറ്റുള്ളവരെ വേദനിപ്പിക്കാനിടവരുത്തുകയും പക സൃഷ്ടിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഗാംഭീര്യവും വ്യക്തിത്വവും നഷ്ടപ്പെടുത്തുന്നു. ഈ ദോഷവശങ്ങളില്‍ നിന്നു രക്ഷപ്പെട്ടിട്ടുള്ള ഫലിതമാണ് അനുവദനീയമായ തമാശ. അല്ലാഹുവിന്റെ റസൂല്‍ അപൂര്‍വമായി നടത്തിയിരുന്നത് ഈയിനം തമാശയായിരുന്നു. അതാകട്ടെ സദസ്യന്റെ മനസ്സിനു സന്തോഷം പകരുവാനും മനോവിഷമം സാന്ത്വനപ്പെടുത്താനും വേണ്ടിയായിരുന്നു. അപ്രകാരമുള്ള ഫലിതം അഭികാമ്യമായ ചര്യയാകുന്നു (മിര്‍ഖാത്ത് 9/171).
ചിരിപ്പിക്കാന്‍ വേണ്ടി മാത്രം കഥകളും വാര്‍ത്തകളും മെനഞ്ഞുണ്ടാക്കുന്നതും കുറ്റകരമാണ്. അശ്ളീലമോ നുണയോ പറഞ്ഞു സദസ്യരെ ചിരിപ്പിക്കുന്നതും അത്തരം സദസ്സില്‍ പങ്കെടുക്കുന്നതും ഹറാമാണ് (ഫത്ഹുല്‍ മുഈന്‍ 380). ചിരിപ്പിക്കാന്‍ വേണ്ടി വ്യാജം പറയുന്നവനു നാശം ഭവിക്കുമെന്ന് നബി (സ്വ) മൂന്നു തവണ ആവര്‍ത്തിച്ചു പറഞ്ഞ ഹദീസ് നാം മുകളില്‍ വായിച്ചു. ഫലിതം ചിരിയുടെ ദൂതനാണ്. ചിരി അനുവദനീയമായേടത്ത് മാത്രമേ ഫലിതം അനുവദനീയമാകൂ. ചിരി ചില രോഗങ്ങള്‍ക്ക് ഒരതിരോളം ഔഷധമാണെന്ന് ആധുനിക വൈദ്യ ശാസ്ത്രവും മനഃശാസ്ത്രവും പറയുന്നു.
“ഒരു പാടു രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയാണു ചിരി. മനുഷ്യ പ്രകൃതത്തിന്റെയും സമൂഹത്തിന്റേയും നിരവധി കേടുപാടുകള്‍ക്കു പറ്റിയ സിദ്ധൌഷധമാണത്. ‘വില്യം ഫ്രൈ’ എന്ന വിഖ്യാത മനോരോഗ വിദഗ്ധന്‍ ചിരിയെ വ്യായാമത്തോടാണ് ഉപമിക്കുന്നത”(മനഃശ്ശാസ്ത്രം മാസിക 1990 മാര്‍ച്ച്).
മസ്തിഷ്കം ഇളക്കി വിടുന്ന ഒരു ശാരീരിക പ്രതികരണമാണു ചിരി എന്നതു കൊണ്ട് ചിരിക്കുമ്പോള്‍ ശരീരം കൂടിയ അളവില്‍ ഓക്സിജന്‍ വലിച്ചെടുക്കുന്നു. തത്സമയമുണ്ടാകുന്ന ആന്തരിക ചലനങ്ങളും അനുരണനങ്ങളും ഒട്ടേറെ അവയവങ്ങളെ ഉത്തേജിതമാക്കുന്നു. എല്ലാം മറന്നു കൊണ്ടുള്ള തെല്ലു നേരത്തെ ചിരി രോഗ പ്രതിരോധ സെല്ലുകളെ പ്രവര്‍ത്തനോന്‍മുഖമാക്കുന്നു. ചിരിക്കുള്ള ഈ അപൂര്‍വ സിദ്ധിയുടെ നിദര്‍ശനമെന്നോണം വിദേശങ്ങളിലെ ചില ആശുപത്രികളില്‍ ചിരിപ്പിക്കാന്‍ മാത്രമായി നഴ്സുകളെ നിയമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഓരോ രോഗത്തേയും രോഗിയേയും പ്രത്യേകം പരിഗണിച്ച് അനുയോജ്യമായ ഫലിത ഗുളികകള്‍ തയ്യാറാക്കാന്‍ കെല്‍പുള്ളവരെ മാത്രമേ നഴ്സുകളായി നിയമിക്കുകയുള്ളൂ. ഹൂസ്റ്റണിലെ സെന്റ് ജോസഫ്സ് ഹോസ്പിറ്റലില്‍ ചിരി സാമഗ്രികള്‍ സജ്ജീകരിച്ചു വച്ചിട്ടുള്ള ഒരു പ്രത്യേക മുറി തന്നെയുണ്ട്. ഠവല ഘശ്ശിഴ ഞീീാ എ ന്ന പേരില്‍. 1982 ലാണ് ഇതു പ്രവര്‍ത്തനമാരംഭിച്ചത്. ലോസ് എയ് ഞ്ചല്‍സിലെ ഹാര്‍ബര്‍ ജനറല്‍ ഹോസ്പിറ്റലില്‍ കുട്ടികളുടെ വാര്‍ഡിനോടനുബന്ധിച്ച് ഒരു ചിരിമുറിയുണ്ട്. കുട്ടികള്‍ക്കു നിര്‍ബാധം ചെന്ന് ഇരുന്നോ നിന്നോ കിടന്നോ ഏതു ചിത്രവും കാണാം. ചിത്രങ്ങളെല്ലാം ചിരിപ്പിക്കുന്നവയാണ്. മറ്റു ചില ആശുപത്രികളിലാകട്ടെ ഔഷധം വഹിക്കുന്ന ഉന്തു വണ്ടികളില്‍ ചിരി സാമഗ്രികളും നര്‍മ ചരിതങ്ങളും തമാശക്കഥകളും ഉള്‍ക്കൊള്ളുന്ന സാഹിത്യ കൃതികളും പത്രമാസികകളും ഹാസ്യഗാന കാസറ്റുകളും കരുതിയിട്ടുണ്ടാവും (മനഃശ്ശാസ്ത്രം മാസിക 1990 മാര്‍ച്ച്).
ആത്മീയതക്കും ധാര്‍മികതക്കും വലിയ പ്രാധാന്യം കൊടുക്കാത്ത ഭൌതിക ചിന്താഗതിക്കാരായ മനശാസ്ത്രജ്ഞന്‍മാരുടെയും വൈദ്യ ശാസ്ത്രജ്ഞരുടെയും നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ള ചിരി ചികിത്സ വേദന ലഘൂകരിക്കാനും ശമനം ത്വരിതപ്പെടുത്താനും ചിലപ്പോള്‍ ഉപകരിച്ചെന്നു വന്നേക്കും. പക്ഷേ, അതു നിരുപാധികം നമുക്കു സ്വീകരിക്കാന്‍ പറ്റില്ല. ചില ഉപാധി കളോടെ അനിവാര്യ ഘട്ടത്തില്‍ മാത്രമേ അതു സ്വീകരിക്കാന്‍ പറ്റൂ. ദുഃഖിതനെ സമാശ്വസിപ്പിക്കാന്‍ തമാശ പറയുന്നത് അഭികാമ്യ ചര്യയാണെന്ന് ഇമാം നവവിയുടെ പ്രസ്താവന ഇവിടെ വിസ്മരിക്കുന്നില്ല. ചിരി അമൃതമാണെന്നു പറഞ്ഞവരും അമിതമായും അനിയന്ത്രിതമായും ചിരിപ്പിക്കുന്നതു നിരോധിച്ചിട്ടുണ്ട്. മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം കാണുക :”ഉത്കണ്ഠയും ഉദ്വേഗവും കൊണ്ട് ആകെ പിരിമുറുകി നില്‍ക്കുന്ന ആശുപത്രിയിലെ അന്തരീക്ഷത്തിന് ആശാസ്യമാം വിധം അയവു വരുത്താന്‍ ചിരിക്കു കഴിയുന്നു. എന്നു കരുതി അലക്ഷ്യമായും അനായാസമായും കൈകാര്യം ചെയ്യേണ്ട ഒന്നല്ല ചിരി പ്രയോഗം. മറ്റു ചികിത്സാ രീതികള്‍ പോലെ തന്നെ നിറഞ്ഞ നിഷ്കര്‍ഷയും നിതാന്ത ജാഗ്രതയും ആവശ്യമുണ്ടിതിനും. പരിചരണ പദ്ധതിയിലെ വിലപ്പെട്ട ഒരിനമായി ചിരിയെ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ വിദഗ്ധരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചു മാത്രമേ മനോരഞ്ജകമായ പരിപാടികള്‍ ആവിഷ്കരിക്കാറുള്ളൂ (മനശാസ്ത്രം മാസിക 1990 മാര്‍ച്ച്).
അമിതമായി ചിരിക്കാന്‍ പാടില്ലെന്ന പോലെ ചിരിപ്പിക്കാനും പാടില്ല. അമിതമായി ചിരിക്കുന്നതു അപകടകരമാണ്. ചിലപ്പോള്‍ മരണം സംഭവിച്ചെന്നും വരും. ‘കറു’ എന്ന ചിരി രോഗം മൂലം മനുഷ്യന്‍ മരിക്കുന്നത് അമിത ചിരിമൂലമാണ്. ന്യൂ ഗിനിയായിലെ നരഭോജികളായ വംശജരിലാണ് ഈ രോഗം കണ്ടുവരുന്നത്. മനുഷ്യന്റെ മാംസം, പ്രത്യേകിച്ച് മനുഷ്യന്റെ തലച്ചോറ് തിന്നുന്നതു കൊണ്ടാണത്രേ ഈ അനന്ത ചിരി ഉണ്ടാകുന്നത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സന്ദേശം നല്‍കുന്നതു മസ്തിഷ്കമാണല്ലോ. ആയിരം കോടി നാഡീ കോശങ്ങളുള്ള മസ്തിഷ്കമാകുന്ന ഹെഡ്ഡാഫീസില്‍ നിന്നു തന്നെയാണ് ചിരിയുടെയും മെസ്സേജ് വരുന്നത് (ഗവേഷണ ശാലയില്‍ നിന്ന് 101 അത്ഭുത വാര്‍ത്തകള്‍ 41, 50).
തമാശക്കു വേണ്ടി മറ്റുള്ളവരുടെ സാധനങ്ങള്‍ എടുത്തൊളിപ്പിച്ചു വയ്ക്കുന്ന സമ്പ്രദായമുണ്ട്. ഇതു അവര്‍ക്കു മനോവിഷമം സൃഷ്ടിക്കുമെന്നതു കൊണ്ട് ഉപദ്രവകരമായ തമാശയില്‍ പെടുന്നു. അതു കൊണ്ട് ഇതു ഹറാമാണ്. ഇത്തരം തമാശകള്‍ നബി (സ്വ) കഠിനമായി നിരോധിച്ചിട്ടുണ്ട്. മറ്റൊരാളുടെ സാധനം കാര്യത്തിലെടുത്താല്‍ അതു മോഷണമാകും. തമാശക്കെടുത്താല്‍ മാനസിക പീഢനവും. രണ്ടും തെറ്റാണ്. കുറ്റമാണ്. പ്രവാചകരുടെ പ്രസ്താവന കാണുക: “നിങ്ങളില്‍ ഒരാളും തന്റെ സഹോദരന്റെ ചരക്ക് തമാശയായോ കാര്യമായോ എടുക്കരുത്. ആരെങ്കിലും തന്റെ സഹോദരന്റെ വടി എടുത്താല്‍ അത് അവനു തിരിച്ചു നല്കട്ടെ” (അബൂദാവൂദ് 503). “നബിയുടെ സ്വഹാബിമാര്‍ നബി (സ്വ) യോടൊപ്പം ഒരിക്കല്‍ യാത്രചെയ്തു കൊണ്ടിരിക്കെ അവരിലൊരാള്‍ ഉറങ്ങിപ്പോയി. അപ്പോള്‍ മറ്റൊരാള്‍ അയാളുടെ അടുത്ത് പോയി അയാളോടൊപ്പമുണ്ടായിരുന്ന ഒരു കയര്‍ ഒളിപ്പിച്ചു വെച്ചു. (ഉണര്‍ന്നപ്പോള്‍ അതു കാണാതെ) അയാള്‍ ഭയാശങ്കയിലായി. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ഒരു മുസ്ലിമും മറ്റൊരു മുസ്ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല” (അബൂദാവൂദ് 504).
ഹിജ്റഃ അഞ്ചാം വര്‍ഷം ശത്രു സഞ്ചയങ്ങള്‍  സംഘടിച്ചു മുസ്ലിംകളുടെ ഏക കേന്ദ്രമായിരുന്ന മദീനയെ ആക്രമിക്കാന്‍ ഒരുങ്ങിയ വിവരം നബി (സ്വ) ക്ക് ലഭിച്ചു. ശത്രുവിനെ പ്രതിരോധിക്കാന്‍ മദീനയുടെ പ്രവേശന മാര്‍ഗങ്ങളില്‍ വന്‍കിടങ്ങുകള്‍ കുഴിക്കാന്‍ അവിടന്ന് ആജ്ഞ നല്‍കി. കിടങ്ങു നിര്‍മാണത്തില്‍ സ്വഹാബിമാര്‍ വ്യാപൃതരായി. സൈദുബിന്‍ സാബിത് (റ) മണ്ണു നീക്കം ചെയ്യുകയാണ്. തിരുമേനി കണ്ടു പ്രശംസിച്ചു: ‘നല്ല ചെറുപ്പക്കാരന്‍’. ജോലിക്കിടയില്‍ (ക്ഷീണാധിക്യത്താല്‍) ഉറക്കം വന്നു, സൈദ് (റ) കിടങ്ങില്‍ തന്നെ കിടന്നുറങ്ങി. ഉറക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ തന്റെ ആയുധം കാണാനില്ല. അദ്ദേഹം ഭയാശങ്കയിലായി. ഇതുകണ്ടു നബി (സ്വ) പറഞ്ഞു: ആയുധം നഷ്ടപ്പെടുവോളം ഉറങ്ങിയല്ലോ. പിന്നീട് ഇയാളുടെ ആ യുധത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമോ? എന്ന് നബി (സ്വ) ചോദിച്ചു. ഉമാറ:(റ) എന്ന സ്വഹാബി ഉടനെ പറഞ്ഞു: എനിക്കറിയാം, അത് എന്റെ അടുത്തുണ്ട്. അദ്ദേഹം തമാശക്ക് വേണ്ടി എടുത്ത് ഒളിപ്പിച്ചു വച്ചതായിരുന്നു. അപ്പോള്‍ തിരുമേനി(സ്വ) അത് ഉടനെ തിരിച്ചു കൊടുക്കാന്‍ കല്‍പിക്കുകയും ഒരു മുസ്ലിം സഹോദരന്റെയും സാധനം തമാശക്ക് എടുത്ത് ഒളിപ്പിച്ച് വച്ച് അവനെ ഭയപ്പെടുത്തരുതെന്ന് ആജ്ഞാപിക്കുകയും ചെയ്തു. ഈ അടിസ്ഥാനത്തിലാണ് നമ്മുടെ പണ്ഢിതന്മാര്‍ മറ്റെരാളുടെ സാധനം അയാളറിയാതെ എടുക്കുന്നത് ഹറാമാണെന്നു പറഞ്ഞിട്ടുളളത് (സീറ: ഹലബിയ്യ: 2/313).
ചുരുക്കത്തില്‍ തമാശ, പരിമിതമായിരിക്കണം, നിരുപദ്രവകരമായിരിക്കണം, സത്യാധിഷ്ഠിതമായിരിക്കണം, സദുദ്ദേശ്യപരമായിരിക്കുകയും വേണം.  ഇതാണ് പ്രവാചകരുടെ മാതൃക.