സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 29 March 2016

സത്യസന്ധത

ബി (സ്വ) ഇങ്ങനെ അരുള്‍ ചെയ്യുന്നു: “നിങ്ങള്‍ സത്യം അവലംബിക്കുക. അത് നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും പോകുന്നതാണ്. ഒരാള്‍ സത്യം പറയുകയും അതില്‍ നിഷ്കര്‍ഷ പാലിക്കുകയും ചെയ്തതിന്റെ ഫലമായി അല്ലാഹുവിന്റെ പക്കല്‍ അവന്‍ സത്യസന്ധനായി എഴുതപ്പെടുന്നു. നിങ്ങള്‍ വ്യാജം ഉപേക്ഷിക്കുക. അത് ദുര്‍വൃത്തികളിലേക്കും ദുര്‍വൃത്തികള്‍ നരകത്തിലേക്കും ചേര്‍ക്കുന്നു. ഒരാള്‍ വ്യാജം പറയുകയും വ്യാജം പറയുന്നതില്‍ നിഷ്കര്‍ഷ വെക്കുകയും ചെയ്തതിന്റെ ഫലമായി അവന്‍ അല്ലാഹുവിന്റെ പക്കല്‍ വ്യാജനായി എഴുതപ്പെടുന്നു” (ബുഖാരി, മുസ്ലിം).
ഈ നബിവചനം അനുഭവത്തില്‍ സാക്ഷാല്‍ക്കരിച്ചു കാണിക്കുന്ന ഒരു സംഭവം വിവരിക്കാം:
ഒരാള്‍ നബി (സ്വ) യുടെ സന്നിധിയില്‍ വന്നു ഇങ്ങനെ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, മദ്യപാനം, വ്യഭിചാരം, മോഷണം, വ്യാജം പറയല്‍ എന്നിങ്ങനെ നാല് ദുര്‍ഗുണങ്ങള്‍ എന്നിലുണ്ട്. അവയില്‍ ഏതെങ്കിലും ഒന്നുപേക്ഷിക്കാന്‍ അവിടുന്ന് ആജ്ഞാപിക്കുന്ന പക്ഷം അതനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കാം. അവിടുന്ന് ഇങ്ങനെ ആജ്ഞാപിച്ചു. നീ അസത്യം പറയരുത്. ഈ ആജ്ഞ സ്വീകരിക്കാമെന്ന് അവന്‍ വാഗ്ദത്തം ചെയ്തു തിരിച്ചുപോയി.
രാത്രിയായപ്പോള്‍ വ്യഭിചരിക്കാനും മദ്യപിക്കാനും അയാള്‍ ഉദ്യമിച്ചു. ഉടനെ അയാള്‍ ഇങ്ങനെ ചിന്തിച്ചു: ‘നാളെ ഞാന്‍ നബിയുടെ സന്നിധിയില്‍ ചെന്നാല്‍ ഞാന്‍ ചെയ്ത തെറ്റിനെ സംബന്ധിച്ചു അവിടുന്ന് അന്വേഷണം നടത്തുന്ന പക്ഷം സത്യം തുറന്നുപറഞ്ഞാല്‍ ഞാന്‍ കഠിനശിക്ഷക്ക് വിധേയനാകും. വ്യാജം പറഞ്ഞാല്‍ വാഗ്ദത്ത ലംഘനം നടത്തിയവനുമാകും. അതുകൊണ്ട് ഈ കുറ്റങ്ങള്‍ രണ്ടും ഉപേക്ഷിക്കുകയാണ് രക്ഷാമാര്‍ഗ്ഗം.
അര്‍ദ്ധരാത്രിയായി, മോഷണത്തിന്റെ ആഗ്രഹം അയാളുടെ ഹൃദയത്തില്‍ വന്നപ്പോഴും പ്രസ് തുത ചിന്തഅയാളെ അലട്ടുകയും അവസാനം അത് വേണ്ടെന്നുവെക്കുകയും ചെയ്തു.
പ്രഭാതത്തില്‍ നബി (സ്വ) യുടെ സന്നിധിയില്‍ അയാള്‍ ഹാജരായി ഇങ്ങനെ പറഞ്ഞു: “അവിടുത്തെ അജ്ഞയനുസരിച്ച് ഞാന്‍ വ്യാജം ഉപേക്ഷിച്ചതിന്റെ ഫലമായി മറ്റുള്ള ദുര്‍ഗുണങ്ങളും എന്നില്‍നിന്ന് പമ്പ കടന്നിരിക്കുന്നു” (മൌലാനാ ശാഹ് അബ്ദുല്‍ അസീസ് മുഹദ്ദിസ് ദഹ്ലവിയുടെ തഫ്സീര്‍ അസീസി).
സത്യം നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും ചേര്‍ക്കുമെന്ന് നബി (സ്വ) പറഞ്ഞതിനെ ഈ സംഭവം ശരിക്കും വ്യക്തമാക്കിത്തരുന്നുണ്ട്. സത്യം പറയുക എന്നത് അല്ലാഹുവിന്റെ മഹല്‍ഗുണങ്ങളില്‍ ഒന്നും പ്രവാചകന്മാരുടെ വിശേഷതകളില്‍ അതിപ്രധാനമായതുമാണെന്നതിന് താഴെ കാണിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ സാക്ഷികളാണ്.
അന്ത്യനാളിനെ സംബന്ധിച്ച് വിവരിച്ചതിന്റെ അവസാനമായി അല്ലാഹു ഇങ്ങനെ ചോദിക്കുന്നു: “അല്ലാഹുവിനെക്കാള്‍ വാക്കുകളില്‍ സത്യനിഷ്ഠയുള്ളവന്‍ മറ്റാരാണ്?” (സൂറത്തുന്നിസാഅ്). സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗം നല്‍കാമെന്നുള്ള വാഗ്ദത്തം വിവരിച്ചുകൊണ്ട് അല്ലാഹു ഇങ്ങനെ പറയുന്നു: “അല്ലാഹു അതിനെ (സ്വര്‍ഗത്തെ) സത്യമായി വാഗ്ദത്തം ചെയ്തിരിക്കുന്നു. അല്ലാഹുവിനെക്കാള്‍ വാക്കില്‍ സത്യം പാലിക്കുന്നവന്‍ മറ്റാരാണ്?” (നിസാഅ്).
ഈ അര്‍ഥം വരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഇനിയും ധാരാളമുണ്ട്. പ്രവാചകന്മാരെ സംബന്ധിച്ച് ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നു: ‘അല്ലാഹുവിന്റെ ദൂതന്മാര്‍ സത്യം പറഞ്ഞു’ (സൂറഃ യാസീന്‍).
“താങ്കള്‍ ഗ്രന്ഥത്തില്‍ (ഖുര്‍ആനില്‍) ഇബ്റാഹീം (അ) ന്റെ വിവരണങ്ങള്‍ അറിയിച്ചുകൊടുക്കുക. അദ്ദേഹം വളരെയധികം സത്യനിഷ്ഠയുള്ള ആളും അത്യുന്നതനായ പ്രവാചകനുമായിരുന്നു” (സൂറഃ മര്‍യം).
“താങ്കള്‍ ഗ്രന്ഥത്തില്‍ ഇദ്രീസി (അ) നെ പറയുക. നിശ്ചയമായും അദ്ദേഹം വളരെ സത്യം പാലിക്കുന്ന ആളും മഹാനായ നബിയുമായിരുന്നു” (സൂറഃ മര്‍യം).
യൂസുഫ് നബി (അ) സ്വപ്നത്തിന് നല്‍കുന്ന വ്യാഖ്യാനങ്ങളെല്ലാം തന്നെ സാക്ഷാല്‍ക്കരിക്കപ്പെട്ടു കണ്ടതിന്റെ ഫലമായി അദ്ദേഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഒരാള്‍ ഇങ്ങനെ പറഞ്ഞു: “ഓ യൂസുഫ്, ധാരാളം സത്യനിഷ്ഠയുള്ള മനുഷ്യാ” (സൂറഃ യൂസുഫ്).
അല്ലാഹുവിന്റെ പരീക്ഷണം അചഞ്ചലനായി സ്വീകരിക്കുമെന്ന് ഇസ്മാഈല്‍ നബി (അ) തന്റെ പിതാവായ ഇബ്റാഹിം നബി (അ) യോട് ചെയ്ത വാഗ്ദത്തത്തില്‍ സത്യം പാലിച്ചതിന്റെ ഫലമായി ഖുര്‍ആനില്‍ അല്ലാഹു അദ്ദേഹത്തെ ഇങ്ങനെ വര്‍ണ്ണിക്കുന്നു: “താങ്കള്‍ ഖുര്‍ആനില്‍ ഇസ്മാഈല്‍ (അ) ന്റെ ചരിത്രം വിവരിച്ചുകൊടുക്കുക. അദ്ദേഹം വാഗ്ദാനങ്ങളില്‍ സത്യം പാലിക്കുന്ന ആളും മഹാനായ ദൂതനും ഉന്നതനായ പ്രവാചകനുമായിരുന്നു” (സൂറഃ മര്‍യം).
അല്ലാഹുവിന്റെ സാമീപ്യവും സ്വര്‍ഗ്ഗവും ലഭിക്കുന്ന സജ്ജനങ്ങളുടെ നിബന്ധനകള്‍ വിവരിച്ച കൂട്ടത്തില്‍ ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നു: “അവര്‍ ക്ഷമാശീലരും സത്യനിഷ്ഠയുള്ളവരുമാണ്” (ആലു ഇംറാന്‍).
പാപമോചനത്തിനും മഹത്തായ പ്രതിഫലങ്ങള്‍ക്കും അര്‍ഹരായ ജനങ്ങളെ വിവരിച്ചുകൊണ്ട് ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നു: “നിശ്ചയമായും അനുസരണയുള്ള പുരുഷന്മാരും അനുസരണയുള്ള സ്ത്രീകളും സത്യവിശ്വാസികളായ പുരുഷന്മാരും സത്യവിശ്വാസിനികളായ സ്ത്രീ കളും വിനയമുള്ള പുരുഷന്മാരും വിനയമുള്ള സ്ത്രീകളും സത്യനിഷ്ഠയുള്ള പുരുഷന്മാരും സത്യനിഷ്ഠയുള്ള സ്ത്രീകലും…. അവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും തയ്യാര്‍ ചെയ്തിരിക്കുന്നു” (അല്‍ അഹ്സാബ്).
സത്യം പറയുന്നവരുടെ പാരത്രികജീവിതാനുഭവം വിവരിച്ചുകൊണ്ട് അല്ലാഹു ഇങ്ങനെ പറയുന്നു: “ഈ ദിവസം (അന്ത്യനാള്‍) സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യം ഫലപ്പെടുന്ന ദിവസമാണ്” (മാഇദ) മനുഷ്യരെ വിവിധ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതിന്റെ അന്തിമഫലം വിവരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: “സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യത്തിന്റെ പ്രതിഫലം നല്‍കാനായി അവരെ അല്ലാഹു പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കും” (സൂറഃ അഹ്സാബ്).
സത്യം പറയുവാന്‍ ആജ്ഞാപിക്കുക മാത്രമല്ല സത്യവാന്മാരുമായി ബന്ധം പുലര്‍ത്താനും സഹവസിക്കാനും ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു: “വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യവാന്മാരുടെ കൂട്ടത്തില്‍ ചേരുകയും ചെയ്യുക” (സൂറഃ തൌബ). സമ്പര്‍ക്കത്തിന് വമ്പിച്ച പ്രതിഫലന ശക്തിയുണ്ടെന്നുള്ളത് ജീവിതാനുഭവങ്ങള്‍ മുമ്പചന്റ വെച്ചു പരിശോധന നടത്തിയാല്‍ തെളിയുന്നൊരു പരമാര്‍ഥമാണ്. നല്ല ജനങ്ങളുമായുള്ള കൂട്ടുകെട്ട് നല്ലതിലേക്കും ചീത്ത ജനങ്ങളുമായുള്ള കൂട്ടുകെട്ട് ചീത്തയിലേക്കും നയിക്കുന്നതാണ്. ഇതുകൊണ്ടാണ് സത്യവാന്മാരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഖുര്‍ആന്‍ ആജ്ഞാപിക്കുന്നത്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക വഴി ജനങ്ങളെ ഭയവിഹ്വലരാക്കുകയും അവരുടെ സമാധാന ജീവിതം അപകടപ്പെടുത്തുകയും ചെയ്യുന്നത് ചിലര്‍ക്കൊരു രസമാണെങ്കിലും അതിനാലുണ്ടായിത്തീരുന്ന തിക്തഫലങ്ങള്‍ ഭയാനകങ്ങളാണ്.
ദീര്‍ഘകാലം ഭാരതത്തിന്റെ ഭരണച്ചെങ്കോലേന്തിയ മുഗള്‍ ചക്രവര്‍ത്തിമാരുടെ കൂട്ടത്തില്‍ മുഹമ്മദ് ഷാ എന്നുപേരുള്ള ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് ഭരണകാര്യത്തില്‍ ശ്രദ്ധയോ പ്രജകളുടെ ക്ഷേമൈശ്വര്യങ്ങളില്‍ ഔത്സുക്യമോ ഉണ്ടായിരുന്നില്ല. ജീവിതസുഖങ്ങളിലും ആഡംബരങ്ങളിലും വ്യാപൃതനായി അദ്ദേഹം രാപ്പകല്‍ തള്ളിവിട്ടിരുന്നു. ഈ അവസരം നോക്കി പേര്‍ഷ്യയിലെ ഭരണാധികാരിയായിരുന്ന നാദിര്‍ഷാ ഭാരതത്തിന്റെ നേരെ ആക്രമണം നടത്തുകയും അല്‍പ്പസമയത്തിനുള്ളില്‍ മുഹമ്മദ് ഷായുടെ ഭരണം പിടിച്ചടക്കുകയും ചെയ്തു. എന്നാല്‍ ഇസ്ലാമിക സാഹോദര്യത്തിന്റെ പേരില്‍ നാദിര്‍ഷാ മുഹമ്മദ് ഷായെ സ്ഥാ നഭ്രഷ്ടനാക്കുകയോ അദ്ദേഹത്തിന്റെ നേരെ അനാദരവോട് കൂടി പെരുമാറുകയോ ചെയ്തില്ല. അദ്ദേഹമര്‍ഹിക്കുന്ന വിധത്തിലുള്ള എല്ലാ വിധത്തിലുള്ള ബഹുമതികളും നല്‍കുകയും ചെയ്തു.
ഇരു രാജാക്കന്മാരും ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ത്തന്നെ സ്ഥാനമുറപ്പിച്ചു. ഒരുദിവസം രാത്രി മുഹമ്മദ് ഷാ നാദിര്‍ഷായെ വധിച്ചുകളഞ്ഞുവെന്നുള്ള ഒരു വ്യാജവാര്‍ത്ത ആരോ പ്രചരിപ്പിച്ചു. ഡല്‍ഹി നിവാസികള്‍ ഈ വാര്‍ത്ത ശരിയാണെന്നു കരുതുകയും നാദിര്‍ഷായുടെ  പട്ടാളത്തെ കണ്ടമാനം കൊന്നൊടുക്കുവാന്‍ തുനിയുകയും ചെയ്തു. ആയിരക്കണക്കായ പട്ടാളക്കാര്‍ മൃത്യുവിനിരയായി. ഈ വ്യസനവാര്‍ത്ത നാദിര്‍ഷാ അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഇരുനയനങ്ങളും രക്താശ്രുക്കള്‍ പൊഴിക്കുകയുണ്ടായി.
പ്രഭാതമായി. നാദിര്‍ഷാ നേരില്‍ത്തന്നെ പട്ടണത്തില്‍ ചെന്നിട്ടും അക്രമികള്‍ അവരുടെ പ്രവര്‍ ത്തനത്തില്‍ നിന്നു വിരമിച്ചില്ല. കോപാന്ധനായ നാദിര്‍ഷാ കണ്ടില്‍ കാണുന്നവരെയെല്ലാം വധിച്ചുകളയാനായി തന്റെ സൈന്യത്തിന് ഉത്തരവ് നല്‍കി. അസംഖ്യം ആളുകള്‍ വധിക്കപ്പെട്ടു. ഡല്‍ഹിയിലെ മണ്ണ് രക്തപങ്കിലമായിത്തീര്‍ന്നു. തെരുവുകളില്‍ക്കൂടി രക്തപ്പുഴ പ്രവഹിച്ചു. വൈകുന്നേരം മൂന്നുമണിയാകുമ്പോഴേക്കും വധം നിര്‍ത്തല്‍ ചെയ്തു. കൊള്ളയും കൊള്ളിവെപ്പും രണ്ടുമാസത്തിലധികം നീണ്ടുനിന്നു. അവസാനം നാദിര്‍ഷാ ഡല്‍ഹിയിലെ മുഴുവന്‍ സമ്പത്തും ശേഖരിച്ചു പേര്‍ഷ്യയിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
അസത്യമായി ഒരു ചെറിയ വാചകം നാവില്‍ നിന്നു പുറപ്പെട്ടതിന്റെ അനര്‍ഥം എത്രമാത്രം വലുതായിരുന്നുവെന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്.
മാതാപിതാക്കള്‍ കളവു പറയുന്നത് വളരെ സൂക്ഷിക്കേണ്ടതാണ്. അവരുടെ സ്വഭാവങ്ങളാണ് കുട്ടികള്‍ പകര്‍ത്തിയെടുക്കുക.
സന്താനങ്ങള്‍ ദുഷിച്ചുപോകുന്നതില്‍ ഏറിയകൂറും പങ്കാളികള്‍ രക്ഷിതാക്കള്‍ തന്നെയാണ്. വ്യാജം പറയുന്നതിന്റെ ഭവിഷ്യല്‍ ഫലങ്ങളും സത്യം പറയുന്നതിന്റെ നന്മകളും കുട്ടികളെ ഗ്രഹിപ്പിച്ചു കൊടുക്കുന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ അശ്രദ്ധ കൈക്കൊള്ളരുത്. തമാശക്ക് കുട്ടികളോട് കളവുപറയുന്ന രക്ഷിതാക്കള്‍ അതിന്റെ ഭവിഷ്യത്തുകള്‍ ഭയപ്പെടുന്നില്ലെന്നുള്ളത് വളരെ വ്യസനകരമാണ്.
കുട്ടികള്‍ക്ക് ബിസ്കറ്റ് തരാം, മിഠായി തരാം, നാരങ്ങ തരാം, അത് തരാം, ഇത് തരാം എന്നെല്ലാം പറഞ്ഞു അവനെ വ്യാമോഹിപ്പിക്കുകയും വെറും കയ്യോടെ മടക്കി അയക്കുകയും ചെയ്യുന്ന സമ്പ്രദായം കളവുപറയാനുള്ള പാഠമാണ് കുട്ടികളെ പഠിപ്പിക്കുന്നത്.
കുട്ടിയുടെ മുമ്പിലുള്ള ഒരു സാധനം നാമെടുത്ത് മാറ്റിവെക്കുകയും അത് കാക്ക കൊണ്ടുപോയി, പരുന്ത് കൊണ്ടുപോയി, കുറുക്കന്‍ കൊണ്ടുപോയി എന്നും മറ്റും നാം പറയുകയും പിന്നെ ആ സാധനം അവന്റെ മുമ്പില്‍ വെച്ചുകൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വാക്കുകള്‍ പറയുന്നതില്‍ വിരോധമില്ലെന്ന് അവന്‍ മനസ്സിലാക്കുകയും കളവു ശീലിക്കുകയും ചെയ്യുന്നു. ഇത്തരം പല സംഗതികളും രക്ഷിതാക്കള്‍ ഉപേക്ഷിക്കേണ്ടതുണ്ട്.
അബ്ദുല്ലാഹിബ്നു ആമിര്‍(റ) ഇങ്ങനെ നിവേദനം ചെയ്യുന്നു: “നബി (സ്വ) എന്റെ വീട്ടില്‍ ഇരിക്കവേ എന്റെ മാതാവ് എന്നെ വിളിച്ചു പറഞ്ഞു: കുട്ടീ, വരിക. നിനക്ക് ഞാനൊരു സാധനം തരാം. ഇതുകേട്ടമാത്രയില്‍ നബി (സ്വ) ചോദിച്ചു. നീ കുട്ടിക്ക് എന്തുകൊടുക്കാനാണ് ഉദ്ദേശിച്ചത്. മാതാവ് പറഞ്ഞു: ഒരു കാരക്ക കൊടുക്കാനാണ് ഉദ്ദേശിച്ചത്. അവിടന്ന് പറഞ്ഞു: നീ അങ്ങനെ ചെയ്യാത്തപക്ഷം നിന്റെ പേരില്‍ ഒരു കളവ് ചാര്‍ജ്ജ് ചെയ്യപ്പെടുന്നതാണ് (അബൂദാവൂദ്).
വിശപ്പും ദാഹവുമുള്ളപ്പോള്‍ ഒരു സ്നേഹിതന്‍ നമ്മെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ക്ഷണിച്ചാല്‍ അതിപ്പോള്‍ എനിക്ക് വേണ്ടെന്ന് പലരും പറയാറുണ്ട്. ഇതിനും കളവുപറഞ്ഞ കുറ്റമുണ്ട്. അസ്മാഅ് (റ) പറയുന്നു: “എനിക്ക് ഒരു സാധനത്തിന്റെ ആഗ്രഹത്തോട് കൂടി ആഗ്രഹമില്ലെന്ന് പറയുന്നത് കളവായി ഗണിക്കപ്പെടുമോ എന്ന് നബി (സ്വ) യോട് ഞാന്‍ ചോദിച്ചു. അവിടുന്ന് പറഞ്ഞു: ഉവ്വ്, ഗണിക്കപ്പെടും (ബൈഹഖി).
ഇത്തരം വാക്കുകള്‍ ഹറാമാണെന്നു ഇമാം ഗസ്സാലി (റ) ഇഹ്യാഇല്‍ പറഞ്ഞിരിക്കുന്നു. ലാഭമുതലില്‍ കളവു പറയുക, സാധനത്തിനില്ലാത്ത ഗുണം ഉണ്ടെന്നു പറയുക, ഉള്ള ന്യൂനതകള്‍ ഗോപ്യായി വെക്കുക, കള്ളസത്യം ചെയ്തു ചരക്ക് ചെലവഴിക്കുക മുതലായ വഞ്ചനകള്‍ വ്യാപാരികളില്‍ ഇന്ന് നടക്കുന്നുണ്ട്. ഇത്തരം സംഗതികളില്‍നിന്ന് വിമുക്തരായ ആളുകള്‍ അംഗുലീപരിമിതമാണ്. ഒരുകാലത്ത് സത്യത്തിന്റെയും നീതിയുടെയും കേദാരമായി, വിശ്വസ്തതയുടെയും മര്യാദയുടെയും കേളീരംഗമായി, ലോകജനതക്ക് മാതൃകയായി പ്രശോഭിച്ചിരുന്ന മുസ്ലിം സമുദായം ആത്മീയമായ അധഃപതനത്തിന്റെ അഗാധ ഗര്‍ത്തത്തില്‍ ആപതിച്ച ദയനീയ കാഴ്ച ഏതൊരു സത്യവിശ്വാസിയുടെയും ഹൃദയത്തെ വേദനിപ്പിക്കാതിരിക്കുകയില്ല.
നബി (സ്വ) ഇങ്ങനെ അരുള്‍ ചെയ്യുന്നു: ‘വ്യാപാരികള്‍ ക്രയവിക്രയങ്ങളില്‍ സത്യം പാലിക്കുകയും സാധനങ്ങളിലുള്ള ന്യൂനതകള്‍ തുറന്നുപറയുകയും ചെയ്യുന്നതായാല്‍ അവരുടെ വ്യാപാരങ്ങളില്‍ അല്ലാഹു ബറകത് നല്‍കുന്നതും മറിച്ച് പ്രവര്‍ത്തിക്കുന്നതായാല്‍ അവരുടെ വ്യാപാരത്തില്‍നിന്ന് അല്ലാഹു ബറകത് അകറ്റിക്കളയുന്നതുമാണ’ (ബൈഹഖി).
അബൂഹുറയ്റഃ (റ) ഇങ്ങനെ പറയുന്നു: ‘നബി (സ്വ) പറയുന്നതായി കേട്ടു. മൂന്നാളുകളുമായി അന്ത്യദിനത്തില്‍ അല്ലാഹു സംസാരിക്കുകയില്ല. അവരെ പരിശുദ്ധരാക്കുകയുമില്ല. അവരുടെ നേരെ (അനുഗ്രഹത്തിന്റെ) വീക്ഷണം നടത്തുകയുമില്ല. ഒരു സാധനത്തിന് ഒരാള്‍ കൊടുക്കാമെന്നു പറഞ്ഞ സംഖ്യയില്‍ അധികമായി കള്ളസത്യം ചെയ്യുന്നവന്‍ (ഉദാഹരണമായി ഒരാള്‍ ഒരു സാധനത്തിന് പത്തുറുപ്പിക തരാമെന്നു പറഞ്ഞു. അവര്‍ തിരിച്ചുപോയതിനുശേഷം അവന്‍ പതിനഞ്ചുറുപ്പിക വില പറഞ്ഞിട്ട് താന്‍ കൊടുത്തില്ലെന്ന് കള്ളമായി സത്യം ചെയ്യുന്നവന്‍) ഒരു മുസ്ലിമിന്റെ ധനം തട്ടിയെടുക്കാനായി അസ്വര്‍ നിസ്കാരാനന്തരം കള്ളസത്യം ചെയ്തവന്‍ (അസ്വര്‍ നിസ്കാരാനന്തരം കള്ളസത്യം ചെയ്യുന്നത് മറ്റുള്ള അവസരങ്ങളെ അപേക്ഷിച്ചു കൂടുതല്‍ ശിക്ഷാര്‍ഹമാണ്.) ആവശ്യം കഴിച്ചു മിച്ചമുള്ള വെള്ളം മറ്റു ആവശ്യക്കാര്‍ക്ക് നല്‍കാതെ സൂക്ഷിച്ചുവെച്ചവന്‍, ഇവരാണ് പ്രസ്തുത മൂന്നാളുകള്‍ (മുത്തഫഖ് അലൈഹി).