സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 28 March 2016

വിദ്വേഷം സൃഷ്ടിക്കല്‍

ക്ഷികളുടെയോ വ്യക്തികളുടെയോ ഇടയിലുള്ള രഞ്ജിപ്പും ഐക്യവും നിര്‍മ്മാര്‍ജ്ജനം ചെയ്തു തല്‍സ്ഥാനത്ത് അനൈക്യത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തു പാവുക, അല്ലെങ്കില്‍ നിലവിലുള്ള അസുഖകരമായ അന്തരീക്ഷം കൂടുതല്‍ വഷളാക്കിത്തീര്‍ക്കുക, എന്നീ ദുരുദ്ദേശ്യങ്ങളെ ലക്ഷ്യമാക്കിക്കൊണ്ട് വാര്‍ത്താ വിനിമയം ചെയ്യുന്നതിനാണ് നമീമത് അഥവാ ഏഷണി എന്നു പറയുന്നത്.
നിരവധി അനിഷ്ട സംഗതികള്‍ക്കിടം നല്‍കുന്ന നീചവും നികൃഷ്ടവുമായ ഒരു മഹാപാപമാണിത്. ആടുകള്‍ തമ്മില്‍ കുത്തിയിട്ട് ഇറ്റിവീഴുന്ന രക്തം കുടിച്ച് ദാഹ ശമനം വരുത്താന്‍ ഓരിക്കുറുക്കന്മാര്‍ തക്കം നോക്കി കാത്തിരിക്കുന്നതുപോലെ സമുദായമദ്ധ്യേ ഭിന്നിപ്പിന്റെ വിഷം കുത്തിവെച്ചു കാര്യലാഭമെടുക്കുന്ന ആക്ഷേപകരവും പൈശാചികവുമായ അടവ് ജീവിത തൊഴിലായി സ്വീകരിച്ച പലരെയും നമുക്കു കാണാന്‍ കഴിയും. അത്തരക്കാരെ നാം ഒറ്റപ്പെടുത്തുകയും വളരെയധികം കരുതിയിരിക്കുകയും ചെയ്യുകയെന്നത് അത്യന്താപേക്ഷിതമായ സംഗതിയാണ്.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു നിര്‍മ്മിക്കപ്പെട്ട രമ്യഹര്‍മ്യങ്ങള്‍ ഒരു പൈസക്ക് പോലുമില്ലാത്ത തീപ്പെട്ടിക്കോല്‍ കൊണ്ട് നിമിഷ സമയത്തിനുള്ളില്‍ ചുട്ടു ചാമ്പലാക്കാന്‍ നിഷ്പ്രയാസം സാധിക്കുന്നു. അതുപോലെ വളരെക്കാലത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി നേടുവാന്‍ കഴിഞ്ഞ സൌഹാര്‍ദ്ദ സൌധം ഏഷണിക്കാരന് നൊടിയിടകൊണ്ട് തട്ടിത്തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിയുന്നു.
ഐക്യത്തിലും സ്നേഹത്തിലും വര്‍ത്തിക്കാന്‍ ഇസ്ലാം ശക്തിയായി ആജ്ഞാപിക്കുകയും ഭിന്നിപ്പിന്റെ ബീജങ്ങളെ നശിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു. അജ്ഞതാന്ധകാര കാലത്ത് പരസ്പരം കലഹിച്ചും കഴുത്തറുത്തും മൃഗീയവും പൈശാചികവുമായ ജീവിതരീതി സ്വീകരിച്ച അറബികളെ ഒരേ ചരടില്‍ കോര്‍ത്ത കുസുമങ്ങളെപ്പോലെ കൂട്ടിയിണക്കി രസഹോദരന്മാരായി രൂപാന്തരപ്പെടുത്തിയ മഹത്തായ അനുഗ്രഹത്തെ അനുസ്മരിപ്പിച്ചു കൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ‘നിങ്ങള്‍ ഏകോപിച്ചു കൊണ്ട് അല്ലാഹുവിന്റെ പാശത്തെ (പരിശുദ്ധ ദീനുല്‍ ഇസ്ലാമിനെ) മുറുകെ പിടിക്കുക, നിങ്ങള്‍ വിഭിന്ന കക്ഷികളായി പിരിയരുത്. (അജ്ഞതാ കാലത്ത്) നിങ്ങള്‍ ശത്രുക്കളായി വര്‍ത്തിച്ചപ്പോള്‍ (പരിശുദ്ധ ഇസ്ലാം മുഖേന) അവന്‍ നിങ്ങളുടെ ഹൃദയങ്ങള്‍ തമ്മിലിണക്കുകയും എന്നിട്ട് അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരന്മാരായിത്തീരുകയും ചെയ്ത സന്ദര്‍ഭത്തെ നിങ്ങള്‍ഓര്‍ക്കുക (ഖുര്‍ആന്‍).
ഇസ്ലാം പടുത്തുയര്‍ത്തിയ മൈത്രീ ബന്ധത്തിന്റെ വേരറുക്കുകയാണ് ഏഷണിക്കാരന്‍ ചെയ്യുന്നതെന്ന് പറയുമ്പോള്‍ അവന്റെ നിലപാട് എത്രമാത്രം ആപത്കരമാണെന്ന് അല്‍പമെങ്കിലും ബുദ്ധിയുള്ളവര്‍ക്ക് ചിന്തിച്ചു മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
ഇസ്ലാമിന്റെ കഠിനവൈരിയും ക്രൂരനുമായ വലീദുബ്നു മുഗീറഃയെ അനുസരിച്ചുപോകരുതെന്ന് കര്‍ശനമായി താക്കീതു നല്‍കുന്നതോടൊപ്പം അവന്റെ ദുര്‍ഗുണങ്ങള്‍ എടുത്തുദ്ധരിച്ചുകൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ‘ധാരാളമായി ശപഥം ചെയ്യുന്നവനും നിന്ദ്യനും ജനങ്ങളെ ദുഷിക്കുന്നവനും ഏഷണിയുമായി നടക്കുന്നവനും നന്മകള്‍ തടയുന്നവനും ധിക്കാരിയും ശിലാഹൃദയനും കൂടാതെ വ്യഭിചാരപുത്രനുമായ (വലീദിനെപ്പോലെയുള്ള) ആരെയും തന്നെ (നബി) അനുസരിച്ചുപോകരുത് (സൂറഃ നൂര്‍).
രഹസ്യങ്ങള്‍ ഗോപ്യമായി സൂക്ഷിക്കാതിരിക്കുകയും നമീമത് പറഞ്ഞു നടക്കുകയും ചെയ്യുന്ന ആളുകള്‍ വ്യഭിചാരപുത്രന്മാരാണെന്ന് ഈ പരിശുദ്ധ വാക്യത്തിന്റെ വെളിച്ചത്തില്‍ മഹാനായ അബ്ദുല്ലാഹിബ്നുമുബാറക് (റ) അഭിപ്രായപ്പെട്ടിരിക്കുന്നു (സവാജിര്‍. വാല്യം 2, പേജ് 18).
സാധനങ്ങള്‍ ചുട്ടുകരിച്ചു ഭസ്മമാക്കിത്തീര്‍ക്കാന്‍ വിറകുകള്‍ സഹായിക്കും പ്രകാരം, സമുദായത്തിന്റെ സമാധാനാവസ്ഥ ചുട്ടുചാമ്പലാക്കാന്‍ നമീമത്തും സഹായിക്കുന്നു. ഈ കാരണത്താല്‍ഏഷണിക്കാരന് അറബി ഭാഷയില്‍ ‘ഹാമിലുല്‍ ഹത്വബ്’ (വിറകു ചുമട്ടുകാരന്‍) എന്നു പറയപ്പെടുന്നു. അബൂലഹബിന്റെ ഭാര്യയെ ഹമ്മാലതുല്‍ ഹത്വബ് എന്ന് നാമകരണം ചെയ്തത് ഈ കാരണത്താലാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ഇഹ്യാ, വാല്യം 3, പേജ് 134).
പ്രസ്തുത വചനങ്ങലുടെ സാരം ഇപ്രകാരമാണ്. അബൂലഹബിന്റെ ഇരുകരങ്ങളും നശിക്കട്ടെ. (അബൂലഹബ് നാശമടയട്ടെ) അവന്‍ നാശമടയുകയും ചെയ്തു. അവന്റെ ധനവും അവന്റെ പ്രവര്‍ത്തനങ്ങളും ശിക്ഷയില്‍ നിന്ന് അവനെ രക്ഷിച്ചില്ല. തീജ്വാലകളുയരുന്ന നരകാഗ്നിയില്‍ വെച്ച് അവന്‍ പിന്നീട് വെന്തു കരിയും. അവന്റെ വിറകു ചുമട്ടുകാരിയായ ഭാര്യയും (നരകത്തില്‍ കിടന്നു കരിയും) അവളുടെ കഴുത്തില്‍ ഈത്തപ്പന വൃക്ഷത്തിന്റെ പാന്തം കൊണ്ട് നിര്‍മിക്കപ്പെട്ട കയറുണ്ട്” (സൂറഃ തബ്ബത്).
ഹസ്രത് നൂഹ് (അ) ന്റെയും ഹസ്രത് ലൂഥ് (അ) ന്റെയും ഭാര്യമാര്‍ തങ്ങളെ വഞ്ചിച്ചുവെന്നു പരിശുദ്ധഖുര്‍ആനില്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം പ്രസ്തുത രണ്ട് നബിമാരെ സംബന്ധിച്ചും അവര്‍ ‘നമീമത്’ പറഞ്ഞിരുന്നുവെന്നാണെന്ന് ഒരു സംഘം മുഫസ്സിറുകള്‍ പറയുന്നു (ഇഹ്യ, വാല്യം 2, പേജ് 134).
പ്രസ്തുത സംഭവം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു. നൂഹ് നബിയുടെ ഭാര്യയെയും ലൂത്വ് നബിയുടെ ഭാര്യയെയും അല്ലാഹു സത്യനിഷേധികള്‍ക്ക് മാതൃകയാക്കിയിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ സജ്ജനങ്ങളായ രണ്ടടിമകളുടെ ഭാര്യാപദം സ്വീകരിച്ചവരായിരുന്നു. എന്നിട്ട് അവര്‍ രണ്ടുപേരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ വഞ്ചിച്ചു. (തന്നിമിത്തം അല്ലാഹു അവരെ കഠിനമായി ശിക്ഷിച്ചു) പ്രസ്തുത രണ്ടു പ്രവാചകന്മാരും തങ്ങളുടെ ഭാര്യമാരെ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നു രക്ഷിച്ചിട്ടില്ല. (അവര്‍ക്കു രക്ഷിക്കാന്‍ സാധിച്ചില്ല) നരകത്തില്‍ പ്രവേശിക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളും പ്രവേശിച്ചുകൊള്ളുക” (എന്ന് അവരോട് പറയപ്പെട്ടു) (സൂറഃ തഹ്രീം).
നബി (സ്വ) ഇങ്ങനെ അരുള്‍ ചെയ്യുന്നു: ‘എട്ടാളുകള്‍ സൃഷ്ടികളില്‍ വെച്ച് അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവരാണ്. (1) വ്യാജം പറയുന്നവര്‍ (2) അഹംഭാവികള്‍ (3) ബാഹ്യമായ സ്നേഹം പ്രകടിപ്പിക്കുകയും ഹൃദയത്തില്‍ ദുഷ്ടത ഗോപ്യമാക്കി വെക്കുകയും ചെയ്യുന്നവര്‍. (4) അല്ലാഹുവിലേക്കും റസൂലിലേക്കും (മതപരമായ കല്‍പ്പനകള്‍ സ്വീകരിക്കാനായി) ക്ഷണിക്കപ്പെട്ടാല്‍ പിന്മാറിക്കളയുകയും മൃഗീയവും പൈശാചികവുമായ ദുഷ് ചെയ്തികളിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ ഉത്സാഹവും ഉന്മേഷവും കാണിച്ചു കൊണ്ട് അവയിലേക്ക് കുതിച്ചുചാടുകയും ചെയ്യുന്നവര്‍ (5) ഹൃദയത്തില്‍ ഉദിക്കുന്ന എല്ലാവിധ ദുരാഗ്രഹങ്ങളും പൂര്‍ത്തിയാക്കാനായി അത്യധ്വാനം ചെയ്യുന്നവര്‍. (6) ഏഷണിയുമായി നടക്കുന്നവര്‍ (7) നിരപരാധികളുടെ ന്യൂനതകള്‍ കണ്ടുപിടിക്കുന്നവര്‍. (8)സ്നേഹിതന്മാരെ തമ്മില്‍ ഭിന്നിപ്പിക്കുന്നവര്‍ (ഇബ്നു അസാകിര്‍).
നബി (സ്വ) ഒരിക്കല്‍ അനുയായികളോട് ഇങ്ങനെ ചോദിച്ചു: ‘വ്രതം, ദാനധര്‍മ്മം, നിസ്കാരം മുതാലയവയെക്കാള്‍ അത്യുല്‍കൃഷ്ടമായ സല്‍ക്കര്‍മങ്ങള്‍ ഏതാണെന്നു നിങ്ങളെ ഞാന്‍ പഠിപ്പിക്കട്ടെയോ’ അനുയായികള്‍ പറഞ്ഞു: അങ്ങനെ ചെയ്താലും. നബി (സ്വ) അരുള്‍ ചെയ്തു. ഭിന്നിച്ചിരിക്കുന്ന ജനവിഭാഗങ്ങള്‍ തമ്മില്‍ രഞ്ജിപ്പുണ്ടാക്കലാണത്. ജനങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കിത്തീര്‍ക്കല്‍ സര്‍വ്വ നന്മകളെയും ധ്വംസിച്ചു കളയുന്ന ഒരു ഭീകര ഏര്‍പ്പാടാണ്” (അബൂദാവൂദ്, തിര്‍മുദി).
നബി (സ്വ) –യില്‍ നിന്നു അബൂഹുറയ്റഃ (റ) ഇങ്ങനെ നിവേദനം ചെയ്യുന്നു. മനുഷ്യര്‍ തമ്മിലുള്ള ഐക്യത്തിനു തുരങ്കം വെക്കുന്ന ഏര്‍പ്പാടുകള്‍ സൂക്ഷിക്കണം. അത് നാശഹേതുവാണ് (തിര്‍മുദി).
നബി (സ്വ) നടന്നുകൊണ്ടിരിക്കവെ രണ്ട് ഖബറുകളുടെ അരികില്‍ എത്തി. അവിടുന്ന് ഇങ്ങനെ പറഞ്ഞു. ഈ രണ്ട് ഖബര്‍ വാസികളും ശിക്ഷിക്കപ്പെടുന്നുണ്ട്. അനുഷ്ഠിക്കുവാന്‍ പ്രയാസമുള്ള സംഗതികള്‍ ഉപേക്ഷിച്ചിട്ടല്ല അവര്‍ ശിക്ഷക്ക് വിധേയരായത്. എന്നാല്‍ അല്ലാഹുവിന്റെ പക്കല്‍ മഹാപാപങ്ങളാണ് അവര്‍ പ്രവര്‍ത്തിച്ചത്.
ഒരാള്‍ ഏഷണിയുമായി നടക്കുന്നവനും മറ്റേയാള്‍ മൂത്രത്തചന്റ നിന്നു വേണ്ടതുപോലെ ശുദ്ധിയാക്കാത്ത ആളുമാണ്  (ബുഖാരി). ഏഷണി പറയുന്നത് പൊതുവില്‍ നിസ്സാരമായി ഗണിക്കപ്പെടുന്ന ഒരേര്‍പ്പാടാണെങ്കിലും അത് എത്രമാത്രം വമ്പിച്ച തെറ്റാണെന്നുള്ളത് ഇത്രയും വിവരിച്ച മഹല്‍വചനങ്ങളില്‍ നിന്നും ശരിക്കും ഗ്രഹിക്കുവാന്‍ കഴിയുന്നതാണ്.
ഇന്നു ചില മുതലാളിമാരുടെയും മറ്റും അടുക്കല്‍ ഏഷണിക്കാര്‍ക്ക് വലിയ സ്ഥാനമാണ് ലഭിക്കുന്നത്. അത്തരക്കാരുടെ വാക്കുകളുടെ അടിസ്ഥാനത്തില്‍ പലതും പ്രവര്‍ത്തിക്കാന്‍ മുതിരുന്നവരുണ്ട്. എന്നാല്‍ അതിന്റെ ഭവിഷ്യത്ത് എത്രമാത്രം വലുതാണെന്ന് അവര്‍ ചിന്തിക്കുന്നില്ല. യാതൊരു തൊഴിലുമില്ലാതെ ഫിത്നയും ഫസാദും പറഞ്ഞു നടന്നു. ആരുടെയെങ്കിലും കയ്യില്‍ നിന്നു ബീഡിക്കഷ്ണങ്ങളും ചില്ലിക്കാശും വാങ്ങി ജീവിക്കുന്നവരും ധാരാളമുണ്ട്. ഇത്തരക്കാര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ചിലര്‍ ഒരുമ്പെട്ടിരിക്കുമ്പോള്‍ അവരെപ്പറ്റി വ്യസനിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്.
പൌരാണിക കാലത്തെ തത്വചിന്തകന്മാരില്‍പ്പെട്ട ഒരു മഹാനോട് മറ്റൊരാള്‍ ഇങ്ങനെ ചോദിച്ചു: ‘ആകാശങ്ങളെക്കാള്‍ ഭാരമുള്ള വസ്തുക്കള്‍ ഏതാണ്? ഭൂമിയെക്കാള്‍ വിശാലത ഏതു സാധനത്തിനാണുള്ളത്? പാറക്കല്ലുകളെക്കാള്‍ ഉറപ്പ് കൂടിയതെന്താണ്? ഉഷ്ണത്തില്‍ അഗ്നിയെ കവച്ചുവെക്കുന്നത് ഏതു സാധനമാണ്? ഹിമക്കട്ടകളെക്കാള്‍ കൂടുതല്‍ തണുപ്പുള്ളതെന്താണ്? സമുദ്രത്തെക്കാള്‍ ഐശ്വര്യമുള്ള വസ്തു ഏതാണ്? അനാഥ ബാലനെക്കാള്‍ നിസ്സാരന്‍ ആരാണ്? പ്രസ്തുത മഹാന്‍ ഇങ്ങനെ മറുപടി പറഞ്ഞു:
നിരപരാധികളുടെ പേരില്‍ വ്യാജമായ ആരോപണം നടത്തുന്നത് ആകാശത്തെക്കാള്‍ ഭാരമുള്ളതാണ്. സത്യം ഭൂമിയെക്കാള്‍ വിശാലതയുള്ളതാണ്. സംതൃപ്തിയുള്ള ഹൃദയമാണ് സമുദ്രത്തെക്കാള്‍ ഐശ്വര്യമുള്ളത്. അസൂയയും അത്യാഗ്രഹവും അഗ്നിയെക്കാള്‍ ഉഷ്ണമുള്ളതാണ്. ഉറ്റബന്ധുക്കള്‍ നിരസിച്ചുകളഞ്ഞ അപേക്ഷ ഹിമക്കട്ടയെക്കാള്‍ ശൈത്യമുള്ളതാണ്. സത്യനിഷേധികളുടെ ഹൃദയം പാറക്കല്ലുകളെക്കാള്‍ ഉറപ്പുള്ളതാണ്. ഏഷണിക്കാരന്റെ കള്ളി പുറത്തായാല്‍ അനാഥബാലനെക്കാള്‍ നിസ്സാരപ്പെട്ടവനാണ് (ഇഹ്യ, വാല്യം 3, പേജ് 135).
ഏഷണിക്കാരന്‍ ഒരാളുടെ അടുത്തു വന്ന് വല്ലതും പറഞ്ഞാല്‍ അവന്‍ ആറു സംഗതികള്‍ കൈക്കൊള്ളേണ്ടതാണ്. അവന്റെ വാക്ക് വിശ്വസിക്കാതിരിക്കുക. എന്തുകൊണ്ടെന്നാല്‍ ഏഷണിക്കാരന്‍ ഫാസിഖ ്(ദുര്‍വൃത്തന്‍) ആണ്. ദുര്‍വൃത്തന്മാരുടെ വാക്കുകള്‍ സൂക്ഷ്മസ്ഥിതി അന്വേഷിക്കാതെ കേട്ട മാത്രയില്‍ സ്വീകരിച്ചുപോകരുതെന്ന് പരിശുദ്ധഖുര്‍ആന്‍ താക്കീതു ചെയ്യുന്നു. ‘സത്യവിശ്വാസികളേ, ദുര്‍വൃത്തന്മാര്‍ വല്ല വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ യാഥാര്‍ഥ്യം ഗ്രഹിക്കാതെ അത് വിശ്വസിച്ചുപോകരുത്. സൂക്ഷ്മസ്ഥിതി അറിയാതെ ഏതെങ്കിലും ജനങ്ങള്‍ക്ക് നിങ്ങള്‍ ആപത്ത് ഏല്‍പ്പിക്കാതിരിക്കാനാണ് ഇങ്ങനെ ഉപദേശിക്കുന്ന്’ (ഖുര്‍ആന്‍).
(1) ഏഷണി ആക്ഷേപകരമായ സംഗതിയാണെന്ന് അവനെ ബോധ്യപ്പെടുത്തി കൊടുക്കുകയും അതില്‍നിന്ന് വിരമിപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക. (2) മതദൃഷ്ട്യാ തെറ്റായ സംഗതി പ്രവര്‍ത്തിക്കുന്നവനെന്ന നിലക്ക് അവനെ വെറുക്കുക. (3) അവന്‍ ആരെ സംബന്ധിച്ച് ഏഷണി പറഞ്ഞിരിക്കുന്നുവോ അവന്റെ നേരെ തെറ്റിദ്ധാരണ വെച്ചുപുലര്‍ത്താതിരിക്കുക. (4) സംഭവത്തിന്റെ യാഥാര്‍ഥ്യം ചുഴിഞ്ഞുമനസ്സിലാക്കാന്‍ ഒരുമ്പെടാതിരിക്കുക. (5) ഏഷണി വാക്കുകള്‍ മറ്റൊരാളുടെ മുമ്പില്‍വെച്ചു എടുത്തുദ്ധരിക്കാതിരിക്കുക.