സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 25 March 2016

വ്യഭിചാരക്കുറ്റം ആരോപിക്കല്‍

നിരപരാധികളും നിര്‍ദ്ദോഷികളുമായ സ്ത്രീപുരുഷന്മാരുടെ പേരില്‍ വ്യഭിചാരക്കുറ്റം കെട്ടിച്ചുമത്തുന്നതിനാണ് ‘ഖദ്ഫ്’ എന്നു പറയുന്നത്. ബുഹ്താനിന്റെ ഇനങ്ങളില്‍വെച്ച് ഏറ്വും നിന്ദ്യവും നികൃഷ്ടവുമായ ഒരു മഹാപാപമാണിത്. നബി (സ്വ) പറയുന്നു: നാശഹേതുക്കളായ സപ്തമഹാപാപങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കു. ആരാധനയില്‍ അല്ലാഹുവിന് പങ്കാളികളെ ഉണ്ടാക്കുക. ആഭിചാരം ചെയ്യുക, അല്ലാഹു കൊല ചെയ്യല്‍ വിരോധിച്ച ശരീരങ്ങളെ അകാരണമായി വധിക്കുക, പലിശ തിന്നുക, അനാഥക്കുട്ടികളുടെ ധനം ഭക്ഷിക്കുക, രണാങ്കണത്തില്‍ നിന്ന് പിന്തിരിഞ്ഞോടുക, ദോഷത്തെ സംബന്ധിച്ചുള്ള ചിന്ത കൂടി സ്പര്‍ശിച്ചിട്ടില്ലാത്ത സത്യവിശ്വാസികളുടെ പേരില്‍ വ്യഭിചരിച്ചുവെന്നുള്ള കുറ്റം കെട്ടിച്ചുമത്തുക എന്നിവയാണ് പ്രസ്തുത പാപങ്ങള്‍ (ബുഖാരി, മുസ്ലിം).
നിരപരാധികളുടെ പേരില്‍ വ്യഭിചാരക്കുറ്റം കെട്ടിച്ചമക്കുന്ന ആളുകളെ എക്കാലത്തും എവിടെയും കാണാന്‍ കഴിയും. നാവാകുന്ന അസ്ത്രത്തെ ആരുടെ നേരെ തൊടുത്തുവിട്ടാലും ഒന്നും വരാനില്ലെന്നുള്ള ധാരണയാണ് ഇക്കൂട്ടരുടെ ഈ പ്രവര്‍ത്തിക്ക് പ്രചോദനം നല്‍കുന്നത്. എന്നാല്‍ ഇസ്ലാമിക ഭരണം ഇക്കൂട്ടരെ വെറുതെ വിടുന്നില്ല. ഒരാള്‍ മറ്റൊരാളുടെ പേരില്‍ വ്യഭിചാരക്കുറ്റം ചുമത്തിയതിനു വിശ്വാസയോഗ്യരായ നാലു സാക്ഷികളുടെ പിന്‍ബലമില്ലെങ്കില്‍ കുറ്റം ചുമത്തിയ ആള്‍ക്ക് എണ്‍പത് അടി ശിക്ഷ നല്‍കണമെന്നാണ് ഇസ്ലാം നിര്‍ദ്ദേശിക്കുന്നത്. എണ്‍പതടി വാങ്ങി ശരീരം പുണ്ണാക്കേണ്ടിവരുമെന്നറിഞ്ഞാല്‍ ഈ കൃത്യത്തിന് സൂക്ഷിച്ചല്ലാതെ ആരും മുതിരുകയില്ലല്ലോ.
പരിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: “പതിവ്രതകളായ സ്ത്രീകളുടെ പേരില്‍ ദുര്‍നടപ്പ് (വ്യഭിചാര) കുറ്റം ചുമത്തുകയും എന്നിട്ട് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നതാരോ അവരെ നിങ്ങള്‍ (ഭരണകര്‍ത്താക്കള്‍) എണ്‍പതടി അടിക്കുക (മാത്രമല്ല വല്ലപ്പോഴും വല്ല വിഷയത്തിലും അവര്‍ സാക്ഷികളായി ഹാജരാകുന്ന പക്ഷം) അവരുടെ സാക്ഷ്യം ഒരിക്കലും നിങ്ങള്‍ സ്വീകരിച്ചു പോകരുത്. അവര്‍ അതിക്രമികളത്രെ. എന്നാല്‍ അതിന് ശേഷം പശ്ചാത്തപിച്ചു മടങ്ങിയവരും തദനന്തരം ജീവിതം നന്നാക്കിത്തീര്‍ത്തവരും അതില്‍പ്പെടുന്നില്ല. (അത്തരക്കാര്‍ക്ക്) അല്ലാഹു വളരെ പൊറുത്തുകൊടുക്കുന്നവനും പരമകാരുണികനുമാണ” (സൂറഃ നൂര്‍ 4, 5).
അടിശിക്ഷക്ക് വിധേയരാകുന്നതിനു പുറമെ സാക്ഷിനില്‍ക്കാന്‍ പറ്റാത്ത അയോഗ്യര്‍ കൂടിയാണ് അവരെന്ന് മേല്‍ ഖുര്‍ആന്‍ വാക്യം പ്രഖ്യാപിക്കുന്നു. വ്യാജമായി വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട രണ്ട് സ്ത്രീരത്നങ്ങളുടെ പരിശുദ്ധിയും നിരപരാധിത്വവും പരിശുദ്ധ ഖുര്‍ആന്‍ തന്നെ വിവരിക്കുന്നുണ്ട്. ഒന്ന് നബി (സ്വ) യുടെ പ്രിയപത്നിയും സമുദായത്തില്‍ മാതൃകായോഗ്യയായി ജീവിതം നയിച്ച മഹതിയുമായ ഉമ്മുല്‍ മുഅ്മിനീന്‍ ആഇക (റ) യും മറ്റേത് ഈസാനബി (അ) ന്റെ മാതാവായ ബീവി മര്‍യം (റ) വുമാണ്.
ആഇക (റ) യുടെ സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ്. നബി (സ്വ) ഒരു യുദ്ധം കഴിഞ്ഞു മദീനയിലേക്ക് മടങ്ങുകയായിരുന്നു. അതിനിടക്ക് ഒരു താവളത്തില്‍ എല്ലാവരും ഇറങ്ങി വിശ്രമിച്ചു. അവിടെനിന്നു പുറപ്പെടുന്നതിന്റെ അല്‍പ്പം മുമ്പ് ആഇക (റ) വിസര്‍ജ്ജനത്തിനായി കുറച്ചകലെ പോയി. മടങ്ങിവന്നു നോക്കുമ്പോള്‍ അവരുടെ കഴുത്തിലുണ്ടായിരുന്ന മാല കാണാനില്ല. വീണ്ടും വന്നവഴിക്ക് മടങ്ങിപ്പോയി അന്വേഷണം നടത്തി. അന്വേഷണത്തിന് കുറേ നേരം പിടിച്ചു. അന്വേഷണം കഴിഞ്ഞു മടങ്ങിവരുമ്പോഴേക്കും സംഘം യാത്ര പുറപ്പെട്ട് മുമ്പോട്ടു പോയിക്കഴിഞ്ഞിരുന്നു. ആഇക (റ) വാഹനത്തിലുണ്ടെന്നായിരുന്നു ഒട്ടകത്തെ തെളിക്കുന്നവര്‍ ധരിച്ചിരുന്നത്. ഒട്ടകപ്പുറത്ത് ‘ഹൌദജി’ (കൂടാരം) ലാണ് ആഇശാ ബീവി യാത്ര ചെയ്തിരുന്നത്. അതു മറച്ചിരുന്നതിനാല്‍ യാത്ര പുറപ്പെടുമ്പോള്‍ അതില്‍ ആളുണ്ടോ ഇല്ലയോ എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഭക്ഷണ ദൌര്‍ലഭ്യത്താല്‍ സ്ത്രീകള്‍ പൊതുവെ ശോഷിച്ച അവസ്ഥയിലായിരുന്നു അന്ന്. തന്നിമിത്തം ഭാരത്തിന്റെ അടിസ്ഥാനത്തിലും ആളില്ലെന്നുമനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നു.
ഇതുകണ്ടപ്പോള്‍ ആഇക (റ) ക്ക് വലിയ പരിഭ്രമമായി. ആളുകള്‍ തന്നെ അന്വേഷിച്ചു മടങ്ങിവരാന്‍ വഴിയുണ്ട്. അതുകൊണ്ട് ഇവിടെ തന്നെ ഇരിക്കലാണ് സ്ഥലം വിടലല്ല നല്ലതെന്ന് അവര്‍ മനസ്സിലാക്കി. സമയം രാത്രിയുമായിരുന്നു. സംഘത്തിന്റെ പിന്നാലെ യാത്രചെയ്യാന്‍ സ്വഫ്വാനുബ്നു മുഅത്തല്‍ (റ) എന്നുപേരുള്ള ഒരു സ്വഹാബിയെ നബി (സ്വ) നിയമിച്ചിരുന്നു. സാമാനങ്ങള്‍ വല്ലതും വീണുപോകയോ മറ്റോ ചെയ്തെങ്കില്‍ അത് കണ്ടുപിടിക്കാനും മറ്റുമായിരുന്നു അങ്ങനെ നിയമിച്ചിരുന്നത്. അദ്ദേഹം കുറേ നേരം കഴിഞ്ഞു ആ വഴിക്ക് വന്നപ്പോള്‍ ഒരാള്‍ കിടക്കുന്നതുപോലെ അദ്ദേഹത്തിനു തോന്നി.
അടുത്തുചെന്നപ്പോള്‍ ആഇശ ബീവിയാണെന്ന് മനസ്സിലായി. ‘ഇന്നാലില്ലാഹി…’ എന്ന് ഉച്ചത്തില്‍ അദ്ദേഹം പറഞ്ഞു. ശബ്ദം കേട്ടു ആഇക (റ) ഉണര്‍ന്നെഴുന്നേറ്റു. പുതപ്പുകൊണ്ട് മുഖം മറച്ചു. സ്വഫ്വാന്‍ (റ) യും ആഇക (റ) യും തമ്മില്‍ ഒരക്ഷരം പോലും ഉരിയാടിയിരുന്നില്ല. സ്വഫ്വാന്‍ (റ) വേഗം ഒട്ടകത്തെ കൊണ്ടുവന്ന് ഒട്ടകത്തിന്റെ കൈ താഴ്ത്തിക്കൊടുത്തു. ആഇക (റ) അതിന്മേല്‍ കയറി. സ്വഫ്വാന്‍ (റ) ഒട്ടകത്തിന്റെ കൂടെ നടന്നു. കുറേ മണിക്കൂറുകള്‍ക്കു ശേഷം അവര്‍ സംഘത്തിലേക്കെത്തിച്ചേര്‍ന്നു. അപ്പോഴേക്കും ചില ഗൂഢമന്ത്രങ്ങളും ഊഹാപോഹങ്ങളും ചില ആളുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി.
ആഇക (റ) മദീനയില്‍ എത്തിയപ്പോഴേക്കും രോഗം ബാധിച്ച് കിടപ്പിലായി. ദിവസം വളരെ കഴിഞ്ഞിട്ടു മാത്രമേ അവര്‍ സംഭവം അറിഞ്ഞിരുന്നുള്ളൂ. അറിഞ്ഞതു മുതല്‍ അസഹ്യമായ മനോവേദനയോട് കൂടി കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് അഹോരാത്രം കഴിച്ചുകൂട്ടി. നബി (സ്വ) ഈ വാര്‍ത്ത ആദ്യമേ കേട്ടറിഞ്ഞിരുന്നു. നബി (സ്വ) ആഇക (റ) യുടെ അടുത്തുചെന്ന് സുഖക്കേടെങ്ങനെയുണ്ടെന്ന് ചോദിക്കും, തിരിച്ചുപോരും. അത്രതന്നെ.
അവസാനം ഒരിക്കല്‍ മാതാപിതാക്കളുടെ മുമ്പില്‍വെച്ചു നബി ആഇക (റ) യെ ഉപദേശിച്ചു. വല്ല തെറ്റും വന്നുപോയിട്ടുണ്ടെങ്കില്‍ നീ പശ്ചാതപിച്ചു മടങ്ങണമെന്നായിരുന്നു ആ ഉപദേശം. ഈ ഉപദേശം അവര്‍ക്ക് വളരെ അസഹ്യമായിത്തോന്നി. മാതാപിതാക്കളോട് തനിക്കുവേണ്ടി മറുപടി പറയാന്‍ ആഇക (റ) അപേക്ഷിച്ചു നോക്കി. അവര്‍ അതിന് അശക്തരായിരുന്നു. ഒടുവില്‍ യൂസുഫ് നബി (അ) യെ ചെന്നായ പിടിച്ചുവെന്ന് പറഞ്ഞുകൊണ്ട് മക്കള്‍ ചെന്നപ്പോള്‍ യഅ്ഖൂബ് നബി (അ) പറഞ്ഞ വാക്ക് ഉദ്ധരിച്ചുകൊണ്ട് താന്‍ ക്ഷമിക്കുകയാണെന്നും യാഥാര്‍ഥ്യം വെളിപ്പെടുത്താന്‍ അല്ലാഹുവിനോടപേക്ഷിക്കുന്നുവെന്നും ആഇശബീവി (റ) പറഞ്ഞു. തുടര്‍ന്നുകൊണ്ട് ആഇശാ ബീവിയുടെ നിരപരാധിത്വം വിവരിക്കുന്നതും പ്രസ്തുത കഥ കെട്ടിച്ചുമത്തിയവരോട് അല്ലാഹുവിനുള്ള കഠിന വെറുപ്പും പ്രതിഷേധവും തെളിയിക്കുന്നതുമായ ഖുര്‍ആന്‍ വാക്യങ്ങളവതരിച്ചു. അല്ലാഹുവിന്റെ കല്‍പ്പന കിട്ടിയ ഉടനെ നബി (സ്വ) ആഇശ ബീവിയെ വിവരമറിയിച്ചു. ഈ അവസരം അവരുടെ ആഹ്ളാദം എത്രമാത്രമുണ്ടായെന്ന് വര്‍ണ്ണിക്കാന്‍ വയ്യ.
പ്രസ്തുത ഖുര്‍ആന്‍ വാക്യങ്ങള്‍ താഴെ വിവരിക്കും പ്രകാരമാണ്. ‘ആഇക (റ) യെക്കുറിച്ച് കള്ളം കെട്ടിച്ചമച്ചുണ്ടാക്കിയത് നിങ്ങളില്‍ തന്നെയുള്ള ഒരു സംഘമാണ്. എന്നാല്‍ അത് നിങ്ങള്‍ക്ക് ദോഷമായിപ്പോയെന്ന് നിങ്ങള്‍ ധരിച്ചുപോകരുത്. മറിച്ച് അത് നിങ്ങള്‍ക്ക് ഗുണമാണ്.”
(സമുദായത്തിലെ സല്‍ബുദ്ധികളും ദുര്‍ബുദ്ധികളും തമ്മില്‍ വേര്‍തിരിയുക. ആഇക (റ) യുടെ പരിശുദ്ധിയും നിരപരാധിത്വവും ലോകാവസാനം വരെ നിലനില്‍ക്കുന്ന പരിശുദ്ധ ഖുര്‍ആന്‍ മുഖേന വര്‍ണിക്കാനിടയാക്കുക. പ്രസ്തുത സംഭവത്തില്‍ ഹൃദയം നൊന്ത ആളുകള്‍ക്ക് അല്ലാഹു നേരില്‍ത്തന്നെ ആശ്വാസവും നല്‍കുക എന്നിങ്ങനെ വിവിധ നന്മകള്‍ അതിനാലുണ്ടായിത്തീര്‍ന്നിട്ടുണ്ട്.)
“ആ സംഘത്തില്‍പ്പെട്ട ഓരോ വ്യക്തിക്കും അവന്‍ പ്രവര്‍ത്തിച്ച കുറ്റത്തിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും. അവരില്‍വെച്ചു ആ കള്ളക്കഥ കെട്ടിയുണ്ടാക്കിയതില്‍ പ്രധാന പങ്കുവഹിച്ചവന് (അബ്ദുല്ലാഹിബ്നു ഉബയ്യിന്) ഭയങ്കര ശിക്ഷ ലഭിക്കുന്നതാണ്. (സത്യവിശ്വാസികളെ നിങ്ങള്‍ ക്കെന്ത് സംഭവിച്ചു) നിങ്ങള്‍ ആവാര്‍ത്ത കേട്ടപ്പോള്‍ സത്യവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവരുടെ സ്വന്തം ആളുകളെ കുറിച്ച് എന്തുകൊണ്ട് നല്ലത് വിചാരിക്കുകയും അത് വളരെ വ്യക്തമായ കള്ളമാണെന്ന് പറയുകയും ചെയ്തില്ല? അപരാധം ചുമത്തിയ കൂട്ടര്‍ എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടുവന്നില്ല. സാക്ഷികളെ കൊണ്ടുവരാത്ത സ്ഥിതിക്ക് അവരത്രെ അല്ലാഹുവിങ്കല്‍ അസത്യവാദികള്‍. അല്ലാഹു നിങ്ങളോട് ഇഹത്തിലും പരത്തിലും ഔദാര്യം കാണിക്കുകയും അവന്‍ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ നിങ്ങള്‍ പ്രചരിപ്പിച്ചുവിട്ട കള്ളവാര്‍ത്ത സംബന്ധിച്ചു നിങ്ങളെ കഠിനശിക്ഷ ബാധിക്കുമായിരുന്നു.
“അതായത് നിങ്ങളുടെ നാവുകള്‍കൊണ്ട് ആ വാര്‍ത്ത നിങ്ങള്‍ ഏറ്റെടുക്കുകയും നിങ്ങള്‍ക്കറിവില്ലാത്ത വിഷയം നിങ്ങളുടെ വായ കൊണ്ട് നിങ്ങള്‍ പറയുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഇതൊരു നിസ്സാര കാര്യമെന്ന് നിങ്ങള്‍ വിചാരിക്കുന്നു. വാസ്തവത്തില്‍ അല്ലാഹുവിങ്കല്‍ ഇത് വളരെ ഗൌരവമേറിയ ഒരു വിഷയമത്രെ. ആ വാര്‍ത്ത കേട്ടപ്പോള്‍ ‘ഇതേക്കുറിച്ചു നമുക്ക് സംസാരിച്ചുകൂടാ. ആശ്ചര്യമുണ്ട്. ഇത് വമ്പിച്ചൊരി കള്ളക്കഥയാണ്.’ എന്ന് എന്തുകൊണ്ട് നിങ്ങള്‍ പറഞ്ഞില്ല’
‘ഇത്തരം വിഷയങ്ങള്‍ മേലിലൊരിക്കലും ചെയ്തുപോകരുതെന്ന് അല്ലാഹു നിങ്ങളെ ഇതാ ഉപദേശിച്ചുകൊള്ളുന്നു. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് (അവന്റെ) ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചുതരുന്നു. അല്ലാഹു അഗാധജ്ഞാനമുള്ളവനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമാണ്.”
“സത്യവിശ്വാസികളെ സംബന്ധിച്ചു ദുര്‍നടപ്പ് വാര്‍ത്ത പ്രചരിക്കണമെന്നാശിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും വേദനാജനകമായ ശിക്ഷയാണ് ലഭിക്കുക. അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍. നിങ്ങള്‍ അറിവില്ലാത്തവരാണ്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളോട് ഔദാര്യം കാണിക്കുകയും അല്ലാഹു വളരെയേറെ കൃപയും ദയയും കാണിക്കുന്നവനാണെന്നുള്ള യാഥാര്‍ഥ്യം നിലനില്‍ക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ – സത്യവിശ്വാസികളെ, പിശാചിന്റെ ചവിട്ടടികളെ നിങ്ങള്‍ പിന്‍പറ്റി നടക്കരുത്. വല്ലവരും പിശാചിന്റെ ചവിട്ടടികളെ പിന്‍പറ്റി നടക്കുന്ന പക്ഷം പിശാച് നീചകൃത്യങ്ങള്‍ക്കും നിഷിദ്ധ നടപടികള്‍ക്കുമാണ് പ്രേരിപ്പിക്കുക.”
നിങ്ങളോട് അല്ലാഹു ഔദാര്യം കാണിക്കുകയും അവന്‍ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ നിങ്ങളില്‍ ഒരാള്‍ പോലും ഒരിക്കലും വിശുദ്ധി നേടുകയില്ലായിരുന്നു. എന്നാല്‍ അല്ലാഹു അവനുദ്ദേശിക്കുന്ന ആളുകളെ പരിശുദ്ധരാക്കിത്തീര്‍ക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. നിങ്ങളില്‍ ഉത്കൃഷ്ട പദവിയും ധനപരമായ കഴിവുമുള്ളവര്‍ അടുത്ത കുടുംബങ്ങള്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞവര്‍ക്കും (ധനസഹായം) നല്‍കുകയില്ലെന്ന് സത്യം ചെയ്തുപോകരുത്. അവര്‍ക്ക് മാപ്പു ചെയ്തുകൊടുക്കുകയും അഗണ്യമാക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ തെറ്റുകള്‍ പൊറുത്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ. അല്ലാഹു വളരെയധികം പൊറുക്കുന്നവനും അങ്ങേയറ്റം ദയ കാണിക്കുന്നവനുമാണ്. (ആ സ്വഭാവം നിങ്ങളിലുമുണ്ടായിരിക്കട്ടെ.)
ആഇശ ബീവിയുടെ പേരില്‍ കുറ്റം ചുമത്തിയതില്‍ ഒരു പങ്ക് മുസ്തഹുബ്നു ഉസാസതും വഹിച്ചിട്ടുണ്ട്. അദ്ദേഹം ദരിദ്രനും ഒരു മുഹാജിറും അബൂബകര്‍ (റ) ന്റെ മാതൃസഹോദരിയുടെ പുത്രനുമായിരുന്നു. അദ്ദേഹത്തിനു സ്വിദ്ദീഖ് (റ) ധനസഹായം ചെയ്യാറുണ്ടായിരുന്നു. ഈ സംഭവം കഴിഞ്ഞപ്പോള്‍ മേലില്‍ അയാളെ ഞാന്‍ സഹായിക്കയില്ലെന്ന് സ്വിദ്ദീഖ് (റ) സത്യം ചെയ്തു. സ്വഹാബികളില്‍ പലരും പ്രസ്തുത സംഭവത്തില്‍ പങ്കുള്ള തങ്ങളുടെ ബന്ധുക്കള്‍ക്ക് ധനസഹായം ചെയ്യുകയില്ലെന്ന് ശപഥം ചെയ്തിരുന്നു (ജലാലൈനി).
പ്രസ്തുത ശപഥം പിന്‍വലിക്കണമെന്നും മുന്‍ സ്ഥിതിയില്‍തന്നെ സഹായം തുടര്‍ന്നു നല്‍കണമെന്നുമാണ് മേല്‍ വാക്യം സൂചിപ്പിക്കുന്നത്. (ദുര്‍നടപ്പുകളെക്കുറിച്ച്) ചിന്തിക്കുക പോലും ചെയ്യാതെ ജീവിക്കുന്ന പതിവ്രതകളായ സത്യവിശ്വാസികളുടെ പേരില്‍ ദുര്‍നടപ്പുകുറ്റം ചുമത്തുന്നവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു. (കൂടാതെ) അവര്‍ക്ക് കഠിനശിക്ഷയുമുണ്ട്. അവരുടെ നാവുകളും അവരുടെ കൈകാലുകളും അവരുടെ പ്രവൃത്തികളെക്കുറിച്ച് അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസം, അന്ന് അല്ലാഹു അവര്‍ക്ക് അവരുടെ ന്യായമായ പ്രതിഫലം പൂര്‍ത്തിയാക്കിക്കൊടുക്കും. അല്ലാഹുവാണ് സ്പഷ്ടമായ നിലക്ക് നീതിപാലിക്കുന്നവനെന്ന് അവര്‍ അറിയുകയും ചെയ്യും. ദുര്‍നടപ്പുകാരായ സ്ത്രീകള്‍ ദുര്‍ നടപ്പുകാരായ പുരുഷന്മാര്‍ക്കുള്ളതാണ്. (നബി (സ്വ) ക്ക് അത്തരം സ്ത്രീകള്‍ ഭാര്യമാരാകയില്ല) ദുര്‍നടപ്പുകാരായ പുരുഷന്മാര്‍ ദുര്‍നടപ്പുകാരായ സ്ത്രീകള്‍ക്കുള്ളതാണ്. നല്ല നടപടിക്കാരായ സ്ത്രീകള്‍ നല്ല നടപടിക്കാരായ പുരുഷന്മാര്‍ക്കുള്ളതാണ്. നല്ല നടപടിക്കാരായ പുരുഷന്മാര്‍ നല്ല നടപടിക്കാരായ സ്ത്രീകള്‍ക്കുള്ളതും. (അപരാധം ചുമത്തപ്പെട്ട ആഇക (റ) സ്വഫ്വാന്‍ (റ) മുതലായവര്‍) അപരാധം ചുമത്തിയവര്‍ പറയുന്ന കുറ്റത്തില്‍ നിന്ന് തികച്ചും സുരക്ഷിതരാണ്. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനവും മാന്യമായ ആഹാരവുമുണ്ട് (സൂറത്തു നൂര്‍ 11 – 27).