സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 17 March 2016

ബിദ്അത്ത്

സ്ലാമിക നിയമങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയാണ്. മുസ്ലിം ലോകത്ത് സര്‍ വാംഗീകൃതമായ നിലപാടാണിത്. പ്രസ്തുത പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി നിയമങ്ങള്‍ നിര്‍മിക്കുന്നത് വെറുക്കപ്പെട്ടതും ഇസ്ലാമില്‍ അംഗീകരിക്കപ്പെടാത്തതുമാകുന്നു. മേല്‍ പ്രമാണങ്ങളെ നിരസിക്കാത്തതും അവയിലൊന്നിന്റെ പിന്‍ബലമുള്ളതുമായ കാര്യങ്ങള്‍ ശരീഅത്തിന്റെ വൃത്തത്തില്‍ പെടുന്നു. അതു കൊണ്ടുതന്നെ അവയെ എതിര്‍ക്കുന്നത് മതവിരുദ്ധമാണ്.
ഒരുകാര്യം ഇസ്ലാമികമാണെന്നതിന് അത് നബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, മൌനാനുവാദം എന്നിവയിലൊന്നുകൊണ്ടുതന്നെ സ്ഥിരപ്പെടണമെന്നില്ല. പ്രത്യുത അവക്കെതിരാ കാതിരിക്കുകയും ഇസ്ലാമികമായ മറ്റു രേഖകളിലൊന്നിന്റെ പിന്‍ബലമു ണ്ടാവുകയും ചെയ്താല്‍ മതി.
ഒരുവിഷയം നിര്‍ബന്ധമോ ഐച്ഛികമോ ആകാന്‍ ഒരു ഹദീസിലൂടെ അത് സ്ഥിരപ്പെട ണമെന്ന നിബന്ധനയും ഇസ്ലാമിലില്ല. നിര്‍ബന്ധ കര്‍മമായ നിസ്കാരം പോലും അതിന്റെ പൂര്‍ണ രൂപത്തില്‍ ഒരു ഹദീസിലോ ഒരു ആയത്തിലോ മാത്രമായി വിശദീക രിക്കുന്നില്ല. വ്യത്യസ്ത ഹദീസുകള്‍ കൂട്ടിയോജിപ്പിക്കുമ്പോഴാണത് ലഭിക്കുന്നത്. മൌലിദിനെയും മറ്റും സംബന്ധിച്ചുള്ള വിധികളും ഇപ്രകാരമാണ്. പല വിവരണങ്ങളി ലൂടെയാണ് അവ സ്ഥിരീകരിക്കപ്പെടുന്നത്. നബി ദിനാഘോഷവുമായി ബന്ധപ്പെട്ടു നടക്കുന്ന സല്‍ക്കര്‍മങ്ങളെല്ലാം പ്രമാണങ്ങള്‍ക്കനുസരിച്ചാ ണെങ്കില്‍ ഒരു ഹദീസു കൊണ്ടോ മറ്റോ അത് തെളിയിക്കാമോ എന്നാണ് ഉല്‍പതിഷ്ണു ക്കളുടെ ചോദ്യം. ഇ തിലെ കഥയില്ലായ്മയാണ് നാം വിശദീകരിച്ചത്.
കേവലം നല്ലതാണെന്ന അടിസ്ഥാനത്തില്‍ ഇസ്ലാമില്‍ ഒരുകാര്യം നടപ്പാകുമോ? ആകുമെന്നാണ് പ്രമാണങ്ങള്‍ പറയുന്നത്. പ്രസ്തുത കാര്യം മതത്തിന്റെ ഏതെങ്കിലും പ്രമാണങ്ങള്‍ക്ക് വിധേയമായിരിക്കണമെന്നു മാത്രം. പ്രമാണങ്ങള്‍ക്കനുസൃതമാകു മ്പോഴേ മതത്തിന്റെ വീക്ഷണത്തില്‍ അത് നല്ലതായി ഗണിക്കപ്പെടുകയുള്ളൂ. പ്രകൃതി പരമായി നല്ലതാണെന്ന് തോന്നുന്ന കാര്യങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ഒരു കാര്യം അനുഷ്ഠിക്കാനുള്ള നിര്‍ദ്ദേശം പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടാല്‍ അത് നിര്‍ബന്ധമോ (വാജിബ്) ഐച്ഛികമോ (സുന്നത്ത്) ആകുന്നതും നിര്‍ദ്ദേശമോ വില ക്കോ ഇല്ലെങ്കില്‍ അത് അനുവദനീയം (മുബാഹ്) ആകുന്നതുമാണ്.
പുതുതായി ഉണ്ടായ നല്ല കാര്യങ്ങള്‍ക്ക് ഭാഷാപരമായി ബിദ്അത് ഹസനത് എന്നു പറയാം. പക്ഷേ, അത് പുണ്യകര്‍മമാകുന്നില്ല. മതപരമായ തെളിവിന്റെ അടിസ്ഥാന ത്തില്‍ അത് നിര്‍ദേശിക്കപ്പെട്ടാലേ പുണ്യകര്‍മമായ നിര്‍ബന്ധമോ ഐച്ഛികമോ ആവു കയുള്ളൂ. ചുരുക്കത്തില്‍ ബിദ്അത് ഹസനത് അനുവദനീയം (മുബാഹ്) മാത്രമാണ്. അങ്ങനെയാകാന്‍ പ്രമാണങ്ങള്‍ക്ക് എതിരാകാതിരുന്നാല്‍ മതി. ഈ ബിദ്അത്താണ് തെളിവിന്റെ അടിസ്ഥാന ത്തില്‍ തരം തിരിയുന്നത്. നമുക്ക് ബിദ്അതിനെക്കുറിച്ച് അല്‍പ്പം പഠിക്കാം.
മൌലിദ് അനാചാരം (ബിദ്അത്) ആണെന്നു പറയുന്ന വിമര്‍ശകര്‍ ബിദ്അതിനെ നിര്‍വചിക്കാറില്ല. ബിദ്അത് സംബന്ധമായ വിശദാംശങ്ങളിലേക്ക് കടക്കാതെ എല്ലാ ബിദ്അതും അനാചാരമാണ് എന്ന പല്ലവി ആവര്‍ത്തിച്ചു രക്ഷപ്പെടാറാണ് പതിവ്. നബി ദിനാഘോഷം സംബന്ധമായി പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പുതിയ പ്രബന്ധങ്ങളില്‍ പോലും ഈ ഒഴിഞ്ഞു മാറ്റം കാണാം. ഭാഷാപരമായി ഒരര്‍ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ഥത്തിലും ബിദ്അത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ഥ പ്രകാരം ബിദ്അതാണ്.
പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഢിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ് അത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അതല്ല.”
ഇബ്നുഹജര്‍(റ)ഫതാവല്‍ ഹദീസിയ്യഃ പേജ് 200 ല്‍ എഴുതുന്നു: “ഭാഷാപരമായി ബിദ് അതെന്ന് പറഞ്ഞാല്‍ ഒരു മുന്‍മാതൃക കൂടാതെ പ്രവര്‍ത്തിക്കപ്പെടുന്നത് എന്നാകുന്നു”. ശൈഖ് അബ്ദുല്‍ഹയ്യ് തന്റെ ‘മജ്മൂഉര്‍റസാഇല്‍’ പേജ് 16 ല്‍ പറയുന്നു: “ഇബാദതാ കട്ടെ മറ്റു ആചാരമാകട്ടെ നിരുപാധികം പുതുതായുണ്ടായ കാര്യമാണ് ഭാഷാപരമായി ബിദ്അത്. ഈ ബിദ്അതിനെ അഞ്ചിനങ്ങളായി പണ്ഢിതന്മാര്‍ വിഭജിച്ചിരിക്കുന്നു.”
സാങ്കേതിക ബിദ്അത്
ഇബ്നുതൈമിയ്യഃ യുടെ ‘ഇഖ്തിളാഇല്‍’ (പേജ് 255) ഇങ്ങനെ കാണാം: “ശറഇന്റെ വീക്ഷണത്തില്‍ ബിദ്അതെന്നു പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാകുന്നു.”
സയ്യിദ് ശരീഫുല്‍ ജുര്‍ജാനി (റ) തന്റെ ‘തഅ്രിഫാതില്‍’ (പേജ് 37) പറയുന്നു “സ്വഹാ ബതിന്റെയും താബിഉകളുടേയും ആചാരങ്ങളിലില്ലാത്തതും മതപരമായ ലക്ഷ്യങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ് ശര്‍ഇയ്യായ ബിദ്അത’ (മതപരമായ നവീന കാര്യം).
ശൈഖ് അബ്ദുല്‍ഗനിയ്യിന്നാബല്‍സി(റ)എഴുതുന്നു:”ശര്‍ഇന്റെ വ്യക്തമോ പരോക്ഷമോ ആയ അനുവാദമില്ലാതെ ഉത്തമമായ മൂന്ന് നൂറ്റാണ്ടുകള്‍ക്കു ശേഷമുണ്ടായതാണ് മതത്തിന്റെ വീക്ഷണത്തില്‍ ബിദ്അത്. എല്ലാ ബിദ്അതും ‘ളലാലത്താ’ണെന്ന (ദുര്‍മാ ര്‍ഗം) വിധിയില്‍ ഉദ്ദേശിക്കപ്പെടുന്നത് ഈ ബിദ്അതാകുന്നു” (അല്‍ഹദീഖതു ന്നദിയ്യ, 1/136, 137).
എല്ലാ ബിദ്അതും പിഴച്ചതാണെന്ന ഹദീസിലെ ബിദ്അതു കൊണ്ട് അര്‍ഥമാക്കുന്നത് ശര്‍ഇയ്യായ ബിദ്അതാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതില്‍ നല്ലതും ചീത്തയുമില്ല. പൂര്‍ണമായും ചീത്തയാകുന്നു. ശര്‍ഇന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായതാണ് കാരണം. ഭാഷാപരമായ ബിദ്അത് ഇപ്രകാരമല്ല. അത് മുന്‍മാതൃകയില്ലാത്തതായിരിക്കാമെങ്കിലും മതത്തിന്റെ അംഗീകൃത പ്രമാണങ്ങള്‍ക്ക് നിരക്കാത്തതായിരിക്കണമെന്നില്ല. മുന്‍മാതൃക യില്ലാതെ ആരംഭിച്ചതെല്ലാം ചീത്തയാണെന്ന് വിധി കല്‍പ്പിക്കാന്‍ യാതൊരു തെളി വുമില്ല.
ഇബ്നുഹജര്‍ (റ) പറയുന്നു: “(ഇത്തരം ബിദ്അത്) ശര്‍ഇന്റെ ലക്ഷ്യങ്ങളുമായി തട്ടിച്ചു നോക്കുകയാണ് വേണ്ടത്. ഏതെങ്കിലും ലക്ഷ്യത്തിനു വിധേയമാണ് അവയെങ്കില്‍ നല്ലതും ഒന്നിനും നിരക്കാത്തതാണെങ്കില്‍ ചീത്തയുമാകുന്നു” (ഫതാവല്‍ ഹദീസിയ്യഃ പേ. 109).
ഇമാം സുബ്കി (റ) പറയുന്നു: “മതത്തില്‍ അനുമതിയുള്ളതിന്റെ വ്യാപ്തിയില്‍ വാജി ബും സുന്നതും മുബാഹും ഉള്‍പ്പെടുന്നു. അവ മതത്തില്‍ നല്ലതാകുന്നു. വിലക്കപ്പെട്ട തിന്റെ വ്യാപ്തിയില്‍ ഹറാമും കറാഹതും ഉള്‍പ്പെടുന്നു. അവ മതത്തില്‍ ചീത്തയാ കുന്നു” (ജംഉല്‍ ജവാ മിഅ്, 1/166).
ഇമാം ശാഫിഈ(റ)പറയുന്നു: “പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്, കിതാബ്, സുന്നത്, അസറ്, ഇജ്മാഅ് തുടങ്ങിയ രേഖകള്‍ക്ക് നിരക്കാത്തത്. രണ്ട്: ഈ പറഞ്ഞ രേഖകളില്‍ ഒന്നിനും വിരുദ്ധമാകാത്തവിധം പുതുതായി ഉണ്ടായ നല്ലകാര്യങ്ങള്‍. ഇവ ആക്ഷേപാര്‍ഹമല്ലാത്ത (നല്ല) ബിദ്അതാകുന്നു”(ഫതാവാസുയൂ ത്വി 1/192 നോക്കുക).
നബിദിനാഘോഷത്തിന് ഇന്ന് സ്വീകരിക്കുന്ന ശൈലിയെ സംബന്ധിച്ചു ചര്‍ച്ചചെയ്യു മ്പോള്‍ പണ്ഢിതര്‍ പറയുന്ന ബിദ്അത് തികച്ചും ഭാഷാപരമാണ്, മതപരമല്ല. ആഘോ ഷത്തില്‍ ഇന്ന് സ്വീകരിക്കുന്ന ശൈലിയെ സംബന്ധിച്ചാണ് അവര്‍ ഇങ്ങനെ പ്രയോഗി ക്കുന്നത്. ഇസ്ലാമിന്റെ പ്രമാണങ്ങള്‍ക്കു നിരക്കാത്തതാണ് വെറുക്കപ്പെട്ട ബിദ്അതെ ന്നും അല്ലാത്തവ അനുവദനീയമോ സുന്നത്തോ നിര്‍ബന്ധമോ ആകാമെന്നും മുമ്പ് വിശദീകരിച്ചിട്ടുണ്ടല്ലോ. നബിദിനാഘോഷം അടിസ്ഥാനപരമായി സുന്നത്താണെന്ന് നബി (സ്വ) യുടെ വ്രതാനുഷ്ഠാനത്തില്‍ നിന്നും സ്വഹാബതിന്റെ സന്തോഷ പ്രകടന ത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ആഘോഷത്തിന് ഇന്ന് നാം സ്വീകരിക്കുന്ന രീതികള്‍ പ്രമാണങ്ങള്‍ക്കു വിരുദ്ധമല്ലാത്തതിനാല്‍ ആദ്യമായി ജാഇസിന്റെ ഗണ ത്തിലും ഇവ ഓരോന്നിനും പ്രമാണങ്ങളുടെ പിന്‍ബലം ലഭിക്കുന്നതോടെ സുന്നത്തി ന്റെയോ വാജിബിന്റെയോ ഗണത്തിലും പെടുന്നതാണ്. ഖുര്‍ആന്‍ ക്രോഡീകരണ സംഭ വത്തില്‍ നിന്ന് ഇത് വ്യക്തമാകുന്നു. നബി (സ്വ) ചെയ്യാത്ത ഒരുകാര്യം നാം എങ്ങനെ ചെയ്യുമെന്ന സ്വിദ്ദീഖ് (റ) വിന്റെ ചോദ്യത്തില്‍ നിന്ന് (ബുഖാരി, ഹദീസ് നമ്പര്‍ 4986) നബി(സ്വ)യുടെ കാലത്തില്ലാത്ത ഒന്ന് ഇതു സംബന്ധമായി സ്വഹാബത് ചെയ്തുവെന്ന് വ്യക്തമാക്കുന്നു. ഇതിനെ പുണ്യമുള്ള ബിദ്അത് എന്നാണ് വിശേഷിപ്പിക്കുന്നത്.