സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 1 March 2016

സംശയങ്ങള്‍ ചോദിക്കാം !



Q: ആർത്തവ സമയത്ത് സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെടാാൻ പാടില്ല എന്നല്ലേ ഉള്ളൂ അവരുമൊത്ത് സഹവസിക്കുന്നതിന്ന് കുഴപ്പം ഉണ്ടോ?

AarthavamTree


ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധം പാടില്ല .ഇസ്ലാം പാടെ വിലക്കിയ കാര്യമാണിത്. വിശുദ്ധ ഖുര്‍-ആന്‍ പറയുന്നു: “ആര്‍ത്തവത്തെ കുറിച്ച് അവര്‍ തങ്ങളോടന്വേഷിക്കുന്നു, താങ്കള്‍ പറയുക അത് മലിനമാണ്, അത് കൊണ്ട് ആര്ത്തവത്ത്തില്‍ ഭാര്യമാരെ  നിങ്ങള്‍ വെടിയുക,  ശുദ്ധി പ്രാപിക്കും വരെ അവരെ സമീപിക്കരുത്, ശുദ്ധി കൈവരിച്ചാല്‍ അല്ലാഹു വിധിച്ച വിധത്തില്‍ നിങ്ങള്‍ക്കവരെ പ്രാപിക്കാം. തീര്‍ച്ച അല്ലാഹു പശ്ചാത്തപികളെയും പരിശുദ്ധരെയും പ്രിയം വെക്കുന്നവനാകുന്നു.”(അല്‍ ബഖറ :222)

ഈ വാക്യത്തെ വ്യാഖ്യാനിച്ചു ഇമാം റാസി പറയുന്നു :ജൂതന്മാരും അഗ്നി ആരാധകരും ആര്‍ത്തവ വേളയില്‍ സ്ത്രീ സമ്പര്‍ക്കം പാടെ വെടിയുന്നവരായിരുന്നു. ക്രിസ്ത്യാനികളാകട്ടെ ആര്ത്തവത്തെ അവഗണിച്ചു സംഭോഗിക്കുന്നവരായിരുന്നു. അന്ധകാര അറബികള്‍ സ്ത്രീ ആര്‍ത്തവവതിയയാല്‍ ഒരുമിച്ചു ഭക്ഷിക്കാനോ ഒരു വിരിപ്പില്‍ ഒന്നിച്ചിരിക്കുവാനോ ഒരേ വീട്ടില്‍ തമ്സിക്കണോ പോലും സന്നദ്ധമായിരുന്നില്ല. ജൂത-മജൂസി വിശ്വാസത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത് .ഈ കാലത്താണ് മേല്‍ വാക്യം അവതരിക്കുന്നത്. ആര്ത്തവകാരികളോടുള്ള സമീപനത്തിന് മാന്യവും സുരക്ഷിതവുമായ ഒരു വിധിയായിരുന്നു ഈ ഖുര്‍-ആന്‍ വാക്യത്തിലൂടെ അല്ലാഹു വെളിപ്പെടുത്തിയത്. പക്ഷെ ഖുര്‍ആന്‍ വാക്യത്തിന്റെ ബാഹ്യ തലം മാത്രം പരിഗണിച്ചു മുസ്ലിംകളില്‍ത്തന്നെ ചിലര്‍ പത്നിമാരെ  ആര്ത്തവാവസരത്ത്തില്‍ വീടിനു പുറത്താക്കി. ഈ സന്ദര്‍ഭത്തില്‍ ചില ഗ്രാമീണര്‍ തിരുനബി(സ) യെ സമീപിച്ചു പരാതിപ്പെട്ടു .”തിരുദൂതരെ വല്ലാത്ത തണുപ്പാണിപ്പോള്‍ ,വസ്ത്രങ്ങള്‍ ഞങളുടെ വശം വിരളം.ആര്‍ത്തവ കാരികള്‍ക്ക് പുതപ്പ് നല്‍കിയാല്‍ വീട്ടിലെ മറ്റുളളവരുടെ കാര്യം കഷ്ടമാകും.തിരിച്ചായാല്‍ ആര്ത്തവകാരികള്‍ക്കും വിഷമമാകും.” ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു.”നിങ്ങളോടു ഞാന്‍ വിരോധിച്ചത് ആര്‍ത്തവ കാലത്ത് അവരുമായുള്ള സംയോഗം മാത്രമാണ് .അനറബികളെ പ്പോലെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഞാന്‍ കല്പ്പിച്ചിട്ടില്ലല്ലോ.”

ഈ വിധി അറിഞ്ഞു ജൂതന്മാര്‍ പറഞ്ഞുവത്രേ: “ ഈ മനുഷ്യന്‍ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ മതത്തി നെതിരാണെന്നു തോന്നുന്നു.”(തഫ് സീരുല്‍ കബീര്‍ 6/67) മേല്‍  വാക്യത്തില്‍ ആര്ത്തവത്തെ പരാമര്‍ശിച്ചു പറഞ്ഞ പദം “ മഹീള്” എന്നാണ് .ഇതിന്റെ പ്രസിദ്ധവും പ്രചാരത്തിലുള്ളതുമായ അര്‍ത്ഥം “മെന്‍സസ് സ്ഥാനം”എന്നാകുന്നു അപ്പോളെ വാക്യത്തിന്റെ വിവക്ഷ ആര്ത്തവാവസരത്തില്‍ സ്ത്രീ ബന്ധം വര്ജ്യമാണെന്നാകും.”(റാസി 6/68)

ഫതഹുല്‍ മുഈന്‍ പറയുന്നു, ആര്ത്തവമുളളപ്പോള്‍ മുട്ട് പൊക്കിളിനിടയിലെ സാമീപ്യം നിഷിദ്ധ മാകുന്നു.സംയോഗം മാത്രമേ ഹറാമുള്ളൂ എന്നും അഭിപ്രായമുണ്ട്. നവവി ഇമാം തെരഞ്ഞെടുത്ത വീക്ഷണം രണ്ടാമത്തേതാണ് .”സംയോഗമല്ലാത്ത എന്തുമാകാം”എന്ന മുസ്ലിമിന്റെ ഹദീസാണ് ഇമാമിന്റെ രേഖ. (ഫത്‌ :28)

അബൂദാവൂദ്‌ (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം.ഒരാള്‍ നബി(സ) യുടെ അരികില്‍ വന്നു ആരാഞ്ഞു .ഭാര്യക്ക്‌ ആര്ത്തവമുള്ളപ്പോള്‍ അവളില്‍ അനുവദിക്കപെട്ടതെന്താകുന്നു.? നബി (സ) പറഞ്ഞു. “ അരയുടുപ്പിനു അപ്പുറത്തുള്ളവ. മുട്ട് പൊക്കിളിന്നിടയിലെ ഇടപെടല്‍ ഹറാമാകാന്‍ കാരണം തര്‍ക്കമില്ലാതെ നിഷിദ്ധമായി വിധിക്കപെട്ടിട്ടുള്ള സംയോഗത്തിലേക്ക് അത് വഴി വെക്കുമെന്നതാണ്. ഹദീസില്‍ ഇങ്ങനെ ഉണ്ട്. “വേലിക്കു ചുറ്റും മേയാന്‍ നിന്നാല്‍ വേലി ഭേദിക്കാന് കളമൊരുങ്ങും . ഇമാം ശാഫി (റ) ഇങ്ങനെ കൃത്യമായി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. “ആര്‍ത്തവ കാലത്തെ സംഭോഗം ഹറാമകന്‍ കാരണം യോനിയിലെ മാലിന്യമാണ് .മുട്ട് പൊക്കിളിനിടെ ഹറാമാണെന്നു വിധിക്കാന്‍ കാരണം സംയോഗത്തില്‍ ചെന്ന് ചാടാനുള്ള സാധ്യതയുമാണ് .”(ഫതാവല്‍ കുബ്റ:1/120)

ഇമാം റാസി (റ) പറയുന്നു. ആര്‍ത്തവ കാലത്തെ സംയോഗം ഹറാമാണെന്ന കാര്യത്തില്‍ മുസ്ലിംകള്‍ ഏകോപിതരാകുന്നു.അത് പോലെ മുട്ട് പോക്കിളിനിടയിലെ ഭാഗമൊഴിച്ചു ബാക്കി യുള്ളവ കൊണ്ട് ആസ്വാദനം ഹലാലാണെന്നു കാര്യത്തിലും ഏകോപിതരാണ്.മുട്ട് പൊക്കിളിനിടയിലെ ഭാഗം അനുവദിനീയമാണോ എന്നതിലാണ് അഭിപ്രായന്തരമിരിക്കുന്നത്.
‘മഹീള്’എന്നത് കൊണ്ട് ആര്‍ത്തവ മേഖല എന്നര്‍ത്ഥം വെക്കുമ്പോള്‍ സംഭോഗം മാത്രമേ ഹറാമാകുന്നുള്ളൂ. ആര്‍ത്തവം എന്നര്‍ത്ഥം വെക്കുമ്പോള്‍ ആര്‍ത്തവ വകാലത്ത് സ്ത്രീ സഹവാസം ഒഴിവാക്കുക എന്നാകും ആയതിന്റെ വിവക്ഷ,അത് പൊക്കിളിനു താഴെയും മുട്ടിനു മേലെയുമുള്ള ഭാഗങ്ങളില്‍ ബന്ധമൊഴിവക്കാനുള്ള മറ്റു പ്രമാണങ്ങള്‍ക്ക് പിന്‍ബലമേകുന്നു.അപ്പോളെ ബാക്കി ഭാഗങ്ങള്‍ പരിശുദ്ധങ്ങളാണെന്നു വരും.”(റാസി :6/72)
ആര്‍ത്തവ വുമായി ബന്ധപ്പെട്ട മറ്റൊരു മസ്അല ആര്‍ത്തവ വിരാമശേഷം കുളിച്ചു വൃത്തി യായാലേ ബന്ധം അനുവദിക്കപ്പെടു എന്നതാണ്.എല്ലാ നാടുകളിലെയും ഭൂരിപക്ഷം കര്‍മ ശാസ്ത്രഞരും പറയുന്നത് ആര്‍ത്തവകുളി കൂടി കഴിഞ്ഞാലെ സ്ത്രീ ബന്ധം അനുവദനീയമാകൂ എന്നാണ് . (തഫ്‌സീര്‍ റാസി :6/76,77)(ഫത്‌ ഹുല്‍ മുഈന്‍ പേജ് 28)

ആര്‍ത്തവകാലത്തെ ബന്ധം ആരോഗ്യപരമായി ആപല്‍ക്കരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം ഗര്ഭാശയാര്‍ബുദത്തിനു കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.

ഉസ്മാന്ബ്നു ദദ്ഹബി ഉദ്ധരിക്കുന്നു. “ആര്‍ത്തവരക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട്.”(ത്വിബ്ബ്ന്നബവി :22) ഇബ്നു ഹജറുല്‍ ഹൈതമി (റ) പറയുന്നു: “ആര്‍ത്തവകാരിയുംയുള്ള ബന്ധം വേദനാജനകമായ രോഗങ്ങള്‍ക്കും കുഷ്ടബാധക്കും കാരണമാകുമെന്ന് .” ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്. (ഫതാവല്‍ കുബ്റ 1/122 ) നബി (സ) പറഞ്ഞു : “ആര്‍ത്തവകാരിയെ പ്രാപിച്ചവന്‍ മുഹമമദ് നബിക്കിറക്കപെട്ടതിനെ കളവാക്കിയവനാകുന്നു .”(തിര്‍മുദി ,അഹ്മദ് )



Q:ഒരോ വക്ക്ത്ത് നിസ്ക്കരത്തിലും ഓതൽ സുന്നത്തുള്ള സൂറത്തുകൾ പറഞ്ഞു തന്നാൽ നന്നായിരിന്നു.?   

Ans: നിസ്കാരത്തില്‍ ഫാത്തിഹക്ക് ശേഷം സൂറത്ത് ഓതല്‍ സുന്നത്താണ്. ഏത് സൂറത്തും ഓതാവുന്നതാണ്. എന്നാല്‍ പ്രത്യേക നിസ്കാരങ്ങളില്‍ പ്രത്യേക സൂറത്തുകള്‍ വാരിദായി വന്നിട്ടുണ്ട്.

• ളുഹ്റിലും സുബ്ഹിലും സൂറത്തുല്‍ ഹുജറാത്ത് മുതല്‍ അനൂന്‍ വരെയുള്ള സൂറത്തുകളില്‍ ഏതെങ്കിലും ഒന്ന് ഓതല്‍ സുന്നത്താണ്.

• അസറിലും ഇശാഇലും അമ്മ സൂറത്ത് മുതല്‍ ളുഹാ വരെയും

• മഗ്-രിബില്‍ ളുഹാ മുതല്‍ നാസ് വരെയുള്ള സൂറത്തുമാണ് ഓതേണ്ടത്.

• വെള്ളിയാഴ്ച സുബ്ഹിക്ക് ഓതല്‍ സുന്നത്തുള്ളതായി ശാഫീ മദ്ഹബില്‍ സ്ഥിരപ്പെട്ടത് അലിഫ് ലാം മീം സജദയും ഹല്‍ അതായുമാണ്. ആവ ഓതുന്നില്ലെങ്കില്‍ സബ്ബിഹിസ്മയും ഹല്‍ അതാകയും ഓതണം. അല്ലെങ്കില്‍ കാഫിറൂനയും ഇഖ്ലാസുമാണ് ഓതേണ്ടത്

• ഓരോ ദിവസത്തെ മഗ്‌രിബിനും പ്രത്യേക സൂറത്തുക.ള്‍ ഇവയെ ഇങ്ങനെ പറയാം:.

ശനി : ഫീല്‍-ഖുറൈഷ്

ഞായര്‍ : മാഊന്‍- കൌസര്‍

തിങ്കള്‍ : കാഫിര്‍- ഇഖ്‌ലാസ്

ചൊവ്വ : ഫലഖ്- നാസ്

ബുധന്‍ : മാഊന്‍- കൌസര്‍

വ്യാഴം : കാഫിര്‍- ഇഖ്‌ലാസ്

വെള്ളി : ഫലഖ്- നാസ് 

———————————————————————

Q:സ്വർണ്ണത്തിന്റെ സാകാതിനേ പറ്റി ഒന്ന് വിഷധീകരിക്കാമൊ?   

Ans: പണ്ടുമുതലേ സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ് സ്വര്‍ണവും വെള്ളിയും. ഇരുപത് മിസ്ഖാല്‍ സ്വര്‍ണമോ (85 ഗ്രാം) കൂടുതലോ ഉള്ള സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായാല്‍ സകാത്ത്‌ കൊടുക്കണം. കാരണം ഇരുപത് മിസ്ഖാല്‍ സ്വര്‍ണമോ 200 ദിര്‍ഹം വെള്ളിയോ ഒരാളുടെ കൈവശം ഒരു ചാന്ദ്രവര്‍ഷം പൂര്‍ണമായും ഉണ്‍ടെങ്കിലേ സകാത്തു നിര്‍ബന്ധമാകൂ (തുഹ്ഫ 3/265). എന്നാല്‍ സകാതായി ചരക്കുകളോ പൈസയോ കൊടുത്താല്‍ പോര. സ്വര്‍ണത്തില്‍ നിന്നും തന്നെ സകാത്ത് കൊടുക്കണം. അപ്പോള്‍ 85 ഗ്രാം സ്വര്‍ണം (പത്ത് പവനും 5 ഗ്രാമും) ഒരു വര്‍ഷം സൂക്ഷിച്ചാല്‍ അതിന്റെ നാല്‍പതിലൊന്ന് 2.5 ശതമാനം സകാത്തു നല്‍കണം (തുഹ്ഫ 3/265). 

———————————————————————

Q:ആദ്യ രാത്രി ഭാര്യയും ഭര്‍ത്താവും സുന്നത്ത് നമസ്കരിക്കണമെന്നും അതിലെ ആദ്യ റകത്തില്‍ ഇന്ന സൂറത്തും രണ്ടാമത്തേതില്‍ ഇന്ന സൂറത്താണെന്നും എവിടേയോ വായിച്ചിരുന്നു. ഉസ്താതുമാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ടവ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു.

Ans: അല്ലാഹുവിന്റെ തിരുനാമത്തില്‍ , അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം. ജീവിതാവസാനം വരെ നിലനില്‍ക്കേണ്ടതാണ് വിവാഹ ബന്ധമെന്നതിനാല്‍ അതിന്റെ തുടക്കവും പ്രാര്‍ത്ഥനയിലൂടെ ആയിരിക്കണമെന്നാണ് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രഥമരാത്രിയില്‍ ദമ്പതികള്‍ പരസ്പരം പരിചയപ്പെടുകയാണ്. നന്‍മയുടെയും സ്നേഹത്തിന്റെയും തണലില്‍ ഈ ദാമ്പത്യബന്ധം നിലനില്‍ക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ വേണം ദമ്പതികള്‍ ബന്ധമാരംഭിക്കാന്. രണ്ടു മനസ്സുകളുടെ പ്രഥമ സംഗമ സുദിനത്തില്‍ ഒരു നല്ല ഭര്‍ത്താവ് ഭാര്യയെ എങ്ങനെ അഭിമുഖീകരിക്കണം? വധുവിന്റെ തലയില്‍ കൈവെച്ച് ദുആ ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം, പ്രാണപ്രേയസ്സിയുടെ പ്രിയ ശിരസ്സില്‍ കൈവെച്ചുള്ള പ്രിയഥമാന്റെ പ്രഥമ പ്രാര്‍ഥന:

 ഭാര്യയുടെ തലയില്‍ കൈവെച്ച് ഇങ്ങനെ പറയുക

(അള്ളാഹുവിന്‍റെ നാമത്തില്, ഞങ്ങള്‍ പരസ്പരം കൂട്ടുകാരായിരിക്കുന്നതില്‍ അള്ളാഹു അനുഗ്രഹം വര്‍ഷിക്കട്ടെ. ഇവളിലുള്ള നന്മയും ഇവളുടെ പ്രവര്‍ത്തനങ്ങളിലുള്ള നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇവളിലുള്ള തിന്മയില്‍ നിന്നും, ഇവളുടെ പ്രവര്‍ത്തനങ്ങളിലുള്ള തിന്മയില്‍ നിന്നും ഞാന്‍ കാവലിനെ ചോദിക്കുന്നു)

അതിനു ശേഷം രണ്ടു പേരും രണ്ടു റക്കഅത്ത് സുന്നത്ത് നിസ്കരിക്കല്‍ പുണ്യമാക്കപെട്ടിരിക്കുന്നു. സ്വലാത്തുല്‍ സഫാഫ്‌ (صلاة الزفاف) എന്ന സുന്നത്ത് നിസ്കാരം രണ്ടു റക്കഅത്ത് അള്ളാഹുവിനു വേണ്ടി ഞാന്‍ നിസ്കരിക്കുന്നു വെന്നു നിയ്യത്ത് ചെയ്തു നിസ്കരിക്കുക, ഒന്നാമത്തെ റകഅത്തില്‍ ഫാതിഹക്ക് ശേഷം സൂറത്ത് കാഫിറൂന്‍, രണ്ടാമത്തെ റകഅത്തില്‍ ഫാതിഹക്ക് ശേഷം സൂറത്ത് ഇഖ്‌ലാസും എന്നീ സൂറത്തുകള്‍ ഓതുന്നത് പുണ്യമാണ്,

സംസര്‍ഗ സമയത്തെ മര്യാതകള്‍

ലൈംഗികബന്ധത്തിന്  മുമ്പ് ഇരുവരും വുള്വു ചെയ്ത് രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുത് സുന്നത്താണ്.  ഭാര്യക്ക് സ്നേഹവും സംതൃപ്തിയുമുണ്ടാകാന്‍ ഭര്‍ത്താവ് പ്രത്യേകം പ്രാര്‍ത്ഥിക്കണം. ബിസ്മി ചൊല്ലിയ ശേഷം ഈ ബന്ധത്തില്‍ ഉണ്ടായേക്കാവുന്ന സന്താനം നല്ല കുട്ടിയാകാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടത്. മൃഗങ്ങള്‍ ഇണചേരുംപോലെ നിങ്ങള്‍ ഇണചേരരുത്.  സംസര്‍ഗ സമയത്ത്  “നാഥാ, ഞങ്ങളില്‍നിന്നു  പിശാചിനെ നീ ദൂരീകരിക്കേണമേ. ഞങ്ങള്‍ക്കു നീ നല്‍കുന്ന സന്താനത്തില്‍ നിന്നും പിശാചിനെ ദൂരീകരിക്കേണമേ”

(بسم الله اللهم جنبناً الشيطان وجنب الشيطان ما رزقتنا) 

എന്ന പ്രാര്‍ത്ഥനയോടെയാണ് വേഴ്ച നടത്തേണ്ടത്. ഈ പ്രാര്‍ത്ഥന ചൊല്ലി നടത്തുന്ന സംസര്‍ഗത്തില്‍ ഉണ്ടാകുന്ന  സന്താനം സ്വാലിഹായിത്തീരും. അവനെ പിശാച് സ്പര്‍ശിക്കുകയില്ലെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിരിക്കുന്നു. ഇന്ദ്രിയം പുറപെടുന്ന സന്ദര്‍ഭത്തില്‍ ചുണ്ടനക്കാതെ ഈ ആയത്ത് മനസ്സില്‍ ഓര്‍ക്കണം:

  اَلْحَمْدُ لِلهِ الَذِي خَلَقَ مِنَ اْلمَاءِ بَشَرًا فَجَعَلَهُ نَسَبًا وَصِهْرًا

 “മനുഷ്യനെ വെള്ളത്തില്‍  (ശുക്ളത്തില്‍ ) നിന്ന്  സൃഷ്ടിക്കുകയും  എന്നിട്ട് അവന് കുടുംബവും ബന്ധവും നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും”

ഖിബ്ലക്ക് തിരിഞ്ഞുകൊണ്ടാവരുത് വേഴ്ച നടത്തുന്നത്. ശരീരം തുറിന്നിടാതെ ഒരു വസ്ത്രം കൊണ്ട് പുതച്ചിരിക്കണം. ചന്ദ്രമാസത്തിലെ പ്രഥമരാത്രി, അവസാനത്തെയും മധ്യത്തിലെയും രാത്രികള്‍ എന്നിവയില്‍ ബന്ധപ്പെടാതിരിക്കലാണ് ഉത്തമമെന്നു പണ്ഡിതര്‍ വിവരിക്കുന്നു. ആര്‍ത്തവവേളയിലും പ്രസവരക്തം പുറപ്പെടുന്ന സന്ദര്‍ഭങ്ങളിലും ലൈംഗികവേഴ്ച ഹറാമാണ്,കുറ്റകരമാണ്. സംസര്‍ഗം കഴിഞ്ഞ് അല്പനേരത്തിനു ശേഷം കുളിക്കണം. നേരംപുലരും വരെ കുളി നീട്ടിവെക്കാതിരിക്കുകയാണുത്തമം. കുളിക്കാതെ നിസ്കാരം, ഖുര്‍ആന്‍ സ്പര്‍ശം, പള്ളിയില്‍ താമസിക്കല്‍, ത്വവാഫ്, സുജൂദ് തുടങ്ങിയവ ഹറാമാണ്. “വലിയ അശുദ്ധി ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ കുളിക്കുന്നു” എന്ന നിയ്യത്തോട് കൂടി കുളി ആരംഭിക്കേണ്ടത്. 

നോമ്പുകാലത്ത് പകല്‍സമയത്ത് സംസര്‍ഗത്തിലേര്‍പ്പെടുന്നത് കടുത്ത കുറ്റമാണ്. വിപത്തുകളിറങ്ങിയ ദിനങ്ങള്, ഗ്രഹണദിനങ്ങള്, യാത്ര കഴിഞ്ഞ് എത്തിയ പകലിനു ശേഷം വരുന്ന രാത്രി, യാത്ര തിരിക്കാനുദ്ദേശിക്കു പ്രഭാതത്തിന്റെ മുമ്പുള്ള രാത്രി, നിശയുടെ ആദ്യയാമങ്ങള്‍, സൂര്യോദയത്തിനും പ്രഭാതത്തിനുമിടക്കുള്ള സമയം, അസ്തമയത്തിനും മേഘത്തിലെ ചുവപ്പുമായുന്നതിനും ഇടക്കുള്ള സമയം, മധ്യാഹ്നം, ബാങ്കിനും ഇഖാമത്തിനും ഇടയ്ക്കുള്ള സമയം, നട്ടുച്ച, കടുത്ത ചൂടുള്ള സമയം, തീക്കാറ്റടിക്കുന്ന സമയം  തുടങ്ങിയവ ലൈംഗിക വേഴ്ചക്ക് ഉത്തമമായ സമയമല്ല. ശാരീരികാരോഗ്യം പരിഗണിച്ചുള്ള നിര്‍ദേശങ്ങളാണിവയത്രയും.

———————————————————————

Q:എന്റെ ഭാര്യ ഗര്ഭിണിയായ സമയത്ത് അവളുമായി ലൈംഗിക ബന്ധം പുലര്ത്തുന്നത് ശരിയാണോ?, ചിലര്‍ പറയുന്നു നല്ലതാണ് എന്ന് ( സുഖ പ്രസവത്തിന് ) എന്താണ്‌ ഇസ്ലാമിക കാഴ്ചപ്പാട്

Ans: ഗര്‍ഭിണിയായ സ്ത്രീക്ക് ശാരീരിക അസ്വസ്ഥതകളോ ബന്ധപ്പെടുന്നതിനോട് താല്‍പര്യക്കുറവോ ഉണ്ടെങ്കില്‍ ഇതൊഴിവാക്കുന്നതായിരിക്കും നല്ലത്എന്നാല്‍ ഗര്‍ഭിണിയ്ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും തന്നെയില്ലെങ്കില്‍ ഇത് അനുവദനീയവുമാണ്.  ഹൈള് (ആര്‍ത്തവം), നിഫാസ് (പ്രസവരക്തം) എന്നിവ ഇല്ലാത്ത വേളകളിലൊക്കെ, ആരോഗ്യ പ്രശ്നങ്ങളുണ്ടാവാത്തിടത്തോളം  ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്നതാണ് കര്‍മ്മശാസ്ത്ര നിയമം. ഭാര്യക്ക് പ്രയാസമാണെന്ന് തോന്നുന്ന സാഹചര്യങ്ങളിലും ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് ഉത്തമം. അവരുമായി (ഭാര്യമാര്‍) നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക എന്ന സൂറതുന്നിസാഇലെ ആയതിന്‍റെ വെളിച്ചത്തില്‍ പണ്ഡിതര്‍ ഇത് സമര്‍ത്ഥിക്കുന്നുണ്ട്.

ഗര്‍ഭസമയത്ത് ലൈംഗികമായി ബന്ധപ്പെടുന്നതിലൂടെ തന്‍റെ ഭാര്യക്കോ ഗര്‍ഭസ്ഥ ശിശുവിനോ ആരോഗ്യപ്രശ്നങ്ങളുണ്ടാവാന്‍ സാധ്യതകളുണ്ടോ എന്ന് പറയേണ്ടത് ഡോക്ടര്‍മാരാണ്. ഗര്‍ഭത്തിന്‍റെ ആദ്യമൂന്ന് മാസങ്ങളില്‍, ഗര്‍ഭം ഇളകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ആ കാലയളവില്‍ ലൈംഗിക ബന്ധം ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യശാസ്ത്രം പറയുന്നു. ഗര്‍ഭം ഏഴ് മാസം പിന്നിട്ട ശേഷമുള്ള ലൈംഗിക ബന്ധവും ഏറെ ശ്രദ്ധിച്ചായിരിക്കണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

ചുരുക്കത്തില്‍ ഗര്‍ഭകാലത്തെ ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്ഗര്‍ഭത്തിന്റെ ആറാഴ്ച മുതല്‍ 12 ആഴ്ച വരെയുള്ള സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്ഈ സമയത്ത് ബന്ധപ്പെട്ടാല്‍ അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്മൂത്രത്തില്‍ പഴുപ്പുണ്ടാകുവാനുള്ള സാധ്യതയുള്ളതിനാല്‍ ഗര്‍ഭിണിയാണെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ അടുത്ത മൂന്നു മാസം ലൈംഗികബന്ധം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്അതുപോലെ  പ്രസവത്തിനോടടുത്ത അവസാന മാസവും അത് ഒഴിവാക്കേണ്ടതാണ്. (ആരോഗ്യകരവും സന്തുഷ്ടവുമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.)

———————————————————————

Q:ആര്‍ത്തവ കാലത്ത്  ദിക്റും,  സ്വലാത്തും  ചൊല്ലാമോ? മന:പാടമുള്ള സൂറത്തുകള്‍ ഓതാമോ? പതിനഞ്ചു വക ഏട് തൊടുന്നതിനു വിരോധമുണ്ടോ?

Ans:ആര്‍ത്തവ കാലത്ത്  ഖുര്‍ആന്‍ ഓതലും തൊടലും ചുമക്കലും നിഷിദ്ധമാണ്. പതിനഞ്ചു വക ഏട്  ചുമക്കുന്നതിന് വിരോധമില്ല. എന്നാല്‍ ഖുര്‍ആനിലെ  ആയത്തുകള്‍ തന്നെ  ദിക്ര്‍ മാത്രം ഉദ്ദേശിച്ചു കൊണ്ട്  ആര്‍ത്തവകാരിക്ക് ഉച്ചരിക്കാവുന്നതാണ്, ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുക, ആപത്ത്  സംഭവിച്ചാല്‍ ഇന്നാലില്ലാഹി…… തുടങ്ങിയവ  ഉദാഹരണം. ദിക്റുകളും സ്വലാത്തുകളും എത്ര വേണ മെങ്കിലും ആര്‍ത്തവകാരിക്ക്  ചൊല്ലാവുന്നതാണ്.

———————————————————————

Q:ആര്‍ത്തവ സമയത്ത്  കൊഴിഞ്ഞ മുടി, വെട്ടി നീക്കിയ നഖം ഇവ എന്താണ് ചെയ്യേണ്ടത്? 

Ans:കൊഴിഞ്ഞുപോകുന്നവ  ഒന്നും ചെയ്യേണ്ടതില്ല, നീക്കുകയാണെങ്കില്‍ കുളിച്ചു ശുദ്ധിയായ ശേഷമായിരിക്കലാണ് ഉത്തമം. ഏതു സമയത്താണെങ്കിലും മുടിയും നഖവുമൊക്കെ  കുഴിച്ചിടുന്നത്‌  സുന്നത്താണ്.  സ്ത്രീകളുടെ നഖം, മുടി എന്നിവ ഔറത്തായതുകൊണ്ട്  കുഴിച്ചുമൂടുകയോ  മറ്റുനിലക്ക്  മറക്കുകയോ ചെയ്യുന്നത് നിര്ബന്ധമാകുന്നു.


Q: കുളിക്കുംബോള് പൂറ്ണ നക്നതയോടെ കുളിക്കാന് പറ്റുമോ?

Ans: ഒറ്റക്കാണെങ്കിലും നഗ്നത മറക്കണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം. എന്നാല്‍ കുളി, വിസര്‍ജ്ജനം പോലുള്ള ആവശ്യങ്ങള്‍ക്ക് നഗ്നനാവുന്നത് തെറ്റല്ല. അത്തരം അവശ്യ സന്ദര്‍ഭങ്ങളില്‍ വസ്ത്രമൊന്നും തന്നെ ഇല്ലാതിരിക്കുന്നതിനും പ്രശ്‌നമില്ല.
കര്‍മശാസ്ത്ര വിജ്ഞാന കോശത്തില്‍ വിവരിക്കുന്നു (الموسوعة الفقهية) : ജനങ്ങളില്‍ നിന്ന് നഗ്നത മറക്കല്‍ നിര്‍ബന്ധമായതു പോലെ ഒരാള്‍ ഒറ്റക്കാകുമ്പോള്‍ നഗ്നത മറക്കലും നിര്‍ബന്ധമാണ്. അതായത് ആളുകളൊന്നും ഇല്ലാത്ത സ്ഥലത്ത് ഒറ്റക്കാണെങ്കിലും അത് മറക്കണമെന്ന് ചുരുക്കം. ഹനഫി മദ്ഹബിന്റെ പ്രബലമായ അഭിപ്രായം ഇതാണ്. ശാഫിഈ, ഹനഫി മദ്ഹബുകളുടെ നിലപാടും ഇത് തന്നെയാണ്.
മാലികി മദ്ഹബുകാര്‍ പറയുന്നു : ഒറ്റക്കാകുമ്പോള്‍ നഗ്നത മറക്കല്‍ ഐശ്ചികമാണ്. അല്ലാഹുവിന്റെയും മലക്കുകളുടെയും മുമ്പിലുള്ള ലജ്ജയുടെ ഭാഗമാണ് ഒറ്റക്കാകുമ്പോള്‍ നഗ്നത മറക്കല്‍. ‘ഏറ്റവും അധികം ലജ്ജ തോന്നേണ്ടത് അല്ലാഹുവിന്റെ മുമ്പിലല്ലേ’ എന്ന ഹദീസാണ് ഒറ്റക്കാകുമ്പോഴും നഗ്നത മറക്കല്‍ നിര്‍ബന്ധമാണെന്ന് പറയുന്നവരുടെ തെളിവ്. ബഹസ് ബിന്‍ ഹകീം തന്റെ പിതാവില്‍ നിന്നും പിതാമഹനില്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, ഏതൊക്കെ ഭാഗങ്ങളാണ് ഞങ്ങള്‍ മറക്കേണ്ടത്? നബി(സ) പറഞ്ഞു: നിന്റെ ഇണയും അടിമയും അല്ലാത്തവരില്‍ നിന്ന് നിന്റെ നഗ്നത മറക്കുക. അയാള്‍ ചോദിച്ചു : ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ കൂടെയാകുന്ന അവസ്ഥയിലോ? നബി(സ) പറഞ്ഞു : മറ്റാരും അത് കാണാതെ മറച്ചു വെക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. അപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു : ഒരാള്‍ ഒറ്റക്കാകുന്ന അവസ്ഥയിലോ ? നബി(സ) പറഞ്ഞു : അല്ലാഹുവിന്റെ മുന്നിലാണ് ഏറ്റവും അധികം ലജ്ജ കാണിക്കേണ്ടത്. ഒറ്റക്കാകുമ്പോഴും നഗ്നത മറക്കണമെന്നും കുളി പോലുള്ള ആവശ്യങ്ങള്‍ക്ക് അതില്‍ ഇളവുണ്ടെന്നും ഇതില്‍ നിന്ന് മനസിലാക്കാം.


Q: കുഞ്ഞ് ജനിച്ച ശേഷം ബലി മൃഗത്തെ അറുക്കണം എന്ന് പറയുന്നുണ്ടല്ലോ..? ഇസ്ലാമിൽ ഈ വിഷയത്തിലുള്ള കാഴ്ചപ്പാട് ഒന്നു വിശദീകരിക്കാമോ..? കൂടാതെ ഈ വിഷയത്തിൽ ആണ്‍കുട്ടി / പെണ്‍കുട്ടി എന്ന വ്യത്യാസം ഉണ്ടോ..? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

Ans:
അഖ്വീഖ
——–
കുഞ്ഞ് ജനിക്കുമ്പോൾ സന്തോഷപ്രകടനമായി അറുക്കപ്പെടുന്ന മൃഗത്തിനാണ് ‘അഖ്വീഖ’ എന്ന് പറയുന്നത്.
ഈ അറവ് , പ്രസവിച്ച് ഏഴാം നാളിൽ സൂര്യോദയ സമയത്ത്, കുഞ്ഞിന് പേരിട്ട ശേഷം മുടി കളയുന്നതിന് മുമ്പാവലാണ് സുന്നത്ത്. പ്രസവത്തിനും പ്രായപൂർത്തിക്കുമിടയിൽ ഏത് സമയത്തും അനുവദനീയമാണ്. കുഞ്ഞ് മരണപ്പെട്ടാലും അഖീഖ സുന്നത്തുണ്ട്.

ആൺകുട്ടിക്ക് വേണ്ടി രണ്ട് ആടുകളെയും പെൺകുട്ടിക്ക് വേണ്ടി ഒരു ആടിനെയും അറുക്കണം. ഒട്ടകം, മാട് എന്നിവ അറുക്കുന്നതും സുന്നത്താണ്. എല്ലുകൾ പരമാവധി പൊട്ടിക്കാതിരിക്കിലും മാംസം വേവിച്ച് പാവങ്ങൾക്ക് എത്തിച്ച് കൊടുക്കലും ശ്രേഷ്‌ഠമാണ്.
മാംസം വേവിക്കുമ്പോൾ അല്‌പം മധുരം ചേർക്കലും അഖ്വീഖയുടെ വലത് കാൽ മുഴുവനായി പ്രസവ ശുശ്രൂഷ ചെയ്യുന്ന സ്‌ത്രീക്ക് ദാനം ചെയ്യലും സുന്നത്താണ്. അഖ്വീഖ മാംസം പച്ചയായി (വേവിക്കാതെ )വിതരണം ചെയ്യൽ നിർബന്ധമില്ല. അറുക്കുനതിന് പ്രത്യേക സമയ നിബന്ധനകളില്ലെങ്കിലും രാവിലെ അറുക്കൽ പ്രത്യേക സുന്നത്തുണ്ട്.
അറുക്കുന്ന സമയത്ത് ഇങ്ങിനെ പറയണം:
( بِاسْمِ اللهِ وَاللهُ أَكْبَرْ اَللَّهُمَّ لَكَ وَإِلَيْكَ. اَللَّهُمَّ هٰذِهِ عَقِيقَةُ ( اِبْنِي محمد شبلي
(ബ്രായ്കറ്റിലുള്ളത് ഉദാഹരണമാണ്. അവിടെ ആൺകുട്ടിയാണെങ്കിൽ ‘ഇബ്‌നീ’ എന്നതിനുശേഷം തന്റെ കുട്ടിയുടെ പേര് പറയുക. പെൺകുട്ടിയാണെങ്കിൽ ‘ഇബ്‌നീ’ എന്നതിനു പകരം ‘ ബിൻ തീ ‘ എന്നും കുട്ടിയുടെ പേരും പറയുക )

രക്ഷിതാവ് ‘അഖീഖ’ അറുത്തിട്ടില്ലെങ്കിൽ പ്രായ പൂർത്തിയായതിനു ശേഷം വ്യക്തി തന്റെ ‘അഖ്വീക’ അറുത്താലും സുന്നത്ത് ലഭ്യമാവും.

Q: ഇസ്ലാമില് സ്ത്രീ ധനം ഹലാലാണോ?

Ans:
വിവാഹം ഒരു പരിപാവന കര്‍മ്മമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അത് ഏറ്റവും ലളിതമായിരിക്കണമെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. നിശ്ചയവേളയിലാണു സാധാരണ സ്ത്രീധനത്തിന് വിലപേശല്‍ നടക്കാറുളളത്. സ്ത്രീധനം ഇസ്ലാം അനുശാസിച്ച ഒരനുഷ്ഠാനമോ അംഗീകൃത ഇടപാടോ അല്ല. ഒരു നാട്ടാചാരമൊ മാമൂലൊ അല്ലാതെ ഇസ്ലാമില്‍ അതിന് ഒരു പരിഗണയുമില്ല വരനും വധുവും തമ്മിലോ അവരുടെ കുടുംബങ്ങള്‍ തമ്മിലെ സമ്മാനങ്ങള്‍ കൈമാറുന്നതിനെ ഇസ്‌ലാം എതിര്‍ക്കുന്നില്ല.
എന്നാല്‍ ഒരാചാരം എന്ന നിലയിലോ അല്ലെങ്കില്‍ നിര്‍ബന്ധിതമായോ അവ വാങ്ങുന്നത് ഇസ്‌ലാം ഒരു നിലക്കും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‌ലാമിന്റെ വിവാഹ രീതിയെ അപ്രസക്തമാക്കുന്ന രീതിയിലാണ് ഇന്ന് നമ്മുടെ നാടുകളില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ടും മറ്റും കാര്യങ്ങള്‍ മുന്നോട്ടു പോവുന്നത്. മറ്റു ജനവിഭാഗങ്ങളില്‍ നിന്ന് കടംകൊള്ളുന്ന ഇത്തരം രീതികള്‍ തീര്‍ച്ചയായും ഒഴിവക്കപ്പെടെണ്ടാതാണ്.