സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 29 March 2016

ഉമ്മ: സേവനമാണ് വിജയം

മാതാപിതാക്കൾ ആലംബഹീനരാവാൻ പാടില്ല. അങ്ങനെയൊരു സാഹചര്യം മക്കളുണ്ടാക്കരുത്. അവർ അശരണരായാലുണ്ടാകുന്ന ദുഃഖത്തിന്റെ ആഴം വലുതാണ്. ഒരു കാലത്ത് പ്രയാസപ്പെട്ട് മക്കളെ വളർത്തിയ മാതാപിതാക്കൾ അവശതയനുഭവിക്കുമ്പോൾ മക്കളുടെ തണൽ മാത്രമേ അവരിൽ പ്രതീക്ഷയുള്ളൂ. വാർധക്യം അവരുടെ മനസ്സിനെയും കൈകാലുകളെയും ദുർബലപ്പെടുത്തിയിരിക്കുന്നു. കരുണ തേടുന്ന കണ്ണുകൾ അന്വേഷിക്കുന്നത് അരുമ സന്താനങ്ങളെയാണ്. ആ നോട്ടം അവഗണിക്കാൻ ഹൃദയമുള്ള മനുഷ്യനു കഴിയുമോ?
അവരെ പരിപാലിച്ചും ശുശ്രൂഷിച്ചും കഴിഞ്ഞു കൂടുന്നത് വലിയ പ്രതിഫലം ലഭിക്കുന്ന സത്കർമമാണെന്ന് ഓർമ വേണം. അവഗണിച്ചാൽ മഹാ പ്രത്യാഘാതം തന്നെ നേരിടേണ്ടിവരും. നബി(സ്വ) പറഞ്ഞു: ‘പ്രായാധിക്യം ചെന്ന മാതാപിതാക്കളിൽ രണ്ടാളോ ഒരാളോ കൂടെയുണ്ടായിട്ട് സ്വർഗ പ്രവേശനം നേടാത്തവൻ നഷ്ടക്കാരൻ തന്നെ.’
തിരുനബി(സ്വ)യെ കാണാൻ സൗഭാഗ്യമുണ്ടായാൽ, അവിടുത്തെ അനുയായികളിൽ ഒരാളാവാൻ ഭാഗ്യം തുണച്ചാൽ എത്ര വലിയ അനുഗ്രഹമാണ്. മാതാവിന് ശുശ്രൂഷ ചെയ്ത്, അവരുടെ ഖൽബിന് കുളിരേകാൻ യത്‌നിച്ച, അതുല്യ സേവകനായ ഉവൈസുൽ ഖർനി(റ)വിന് പക്ഷേ, പ്രസ്തുത സൗഭാഗ്യം കൈവരിക്കാനായില്ല. നബി(സ്വ) ആ സ്‌നേഹം തിരിച്ചറിഞ്ഞു. അവിടുന്ന് തന്റെ അനുയായികളെ ഉപദേശിച്ചു: ‘ഉമ്മക്ക് നന്നായി ഗുണം ചെയ്യുന്ന ആളാണ് ഉവൈസ്. അദ്ദേഹം അല്ലാഹുവിനോട് സത്യം ചെയ്ത് പറഞ്ഞാൽ അവനത് നടപ്പിലാക്കും. നിങ്ങൾക്ക് അദ്ദേഹത്തെക്കൊണ്ട് ഇസ്തിഗ്ഫാർ ചെയ്യിപ്പിക്കാൻ സാധിച്ചാൽ അതു ചെയ്യുക.’
മാതാപിതാക്കളുടെ രോഗ ശുശ്രൂഷക്ക് വേണ്ടി കഴിവതും നാം ശ്രമിക്കണം. അവർക്ക് വേണ്ടി വല്ലതും ചെലവഴിക്കാനായാൽ വലിയ പുണ്യം ലഭിക്കാൻ അത് കാരണമായിത്തീരും. മകൻ തന്റെ മാതാപിതാക്കൾക്കു വേണ്ടി ചെലവഴിക്കൽ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നതിനെക്കാൾ ശ്രേഷ്ഠമാണെന്നും മാതാപിതാക്കൾക്ക് വേണ്ടി അധ്വാനിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിലാണെന്നും പ്രവാചകർ(സ്വ) അരുൾ ചെയ്തിട്ടുണ്ട്. കഴിവുണ്ടായിട്ടും അവരുടെ കാര്യങ്ങളിൽ വീഴ്ച്ച വരുത്തുന്നവൻ തെറ്റുകാരനാണ്.
ഭൗതിക പരിത്യാഗിയായിരുന്നു കിലാബുബ്‌നുഉമയ്യ(റ). ലൗകിക ജീവിതത്തിന്റെ പ്രസരിപ്പിൽ ഒരാവേശവുമില്ലാത്ത പുണ്യപുരുഷൻ. ഉമർ (റ)ന്റെ ഭരണ കാലത്ത് ധർമസമരത്തിൽ തന്നെയും അണിയായി ചേർക്കാൻ ഖലീഫയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഉമർ (റ) സമ്മതിക്കുകയും ചെയ്തു.
മകൻ യുദ്ധത്തിന് പോകുകയാണെന്ന വാർത്ത കേട്ടതും കിലാബ്(റ)ന്റെ മാതാപിതാക്കൾ സങ്കടക്കയത്തിലായി. വീട്ടിൽ വന്ന മകനോട് പിതാവിന്റെ അപേക്ഷ: ‘വൃദ്ധരും ദുർബലരുമായ ഞങ്ങളെ വിട്ടേച്ചാണോ നീ പോകുന്നത്? ഞങ്ങളെ കയ്യൊഴിക്കല്ലേ മോനേ’.
മാതാപിതാക്കൾക്ക് ചെയ്യുന്ന സേവനത്തെക്കാൾ യുദ്ധത്തിൽ പങ്കെടുക്കലാണ് ഉത്തമ കർമമെന്ന് തെറ്റിദ്ധരിച്ച കിലാബ്(റ) ഇങ്ങനെയാണ് പ്രതികരിച്ചത്: ഞാൻ പോകുകയാണ് പിതാവേ, ദീനിൽ എനിക്കുത്തമം അതല്ലോ.’
അവരെ ആശ്വസിപ്പിച്ച്, തൃപ്തിപ്പെടുത്തി കിലാബ്(റ) യുദ്ധത്തിന് പുറപ്പെട്ടു. സന്താനങ്ങളുടെ കണ്ണിൽ കനിവ് പൊടിയുന്നത് പ്രതീക്ഷിച്ചിരിക്കുന്ന സമയമാണല്ലോ വാർധക്യം. മകൻ യുദ്ധത്തിന് പോയതോർത്ത് അതിയായി ദുഃഖിച്ചു മാതാപിതാക്കൾ. സങ്കടം സഹിക്കവയ്യാതെ പിതാവ് ഇങ്ങനെ പാടി:
‘കിലാബിന് ഖുർആനധ്യാപനങ്ങൾ ചൊല്ലിക്കൊടുത്ത വൃദ്ധർക്കിനിയാരുണ്ട്?/അവൻ അത് സ്വീകരിച്ചിരുന്നെങ്കിൽ! സ്വയം വെള്ളം കുടിക്കാനാവാത്ത ഉമ്മയെയും/വിറക്കുന്ന കരങ്ങളുള്ള പിതാവിനെയുമാണ് നീ ഉപേക്ഷിച്ചിരിക്കുന്നത്. ഇവ്വിധംപ്രതിഫലം തേടുന്ന നീ മരീചികയെ പിന്തുടർന്ന്/വെള്ളം അന്വേഷിക്കുന്നവനെപ്പോലെയത്രെ.’
വേദന നിറഞ്ഞ ആ കവിതാ ശകലം ഉമറി(റ)ന്റെ കാതിലുമെത്തി. അദ്ദേഹത്തെ ആ വരികൾ പിടിച്ചുലച്ചു. ഉടനെ കിലാബി(റ)നെ മാതാപിതാക്കളിലേക്ക് തന്നെ തിരിച്ചയക്കാൻ സഅ്ദുബ്‌നു അബീവഖാസി(റ)നോടാജ്ഞാപിച്ചു. കിലാബി(റ)നോട് ഇങ്ങനെ ഉപദേശിക്കുകയും ചെയ്തു: നിന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമത്രയും അവരുടെ കാര്യത്തിൽ നീ സമരത്തിലേർപ്പെടുക (മിഅതു ഖിസ്സ്വ വ ഖിസ്സ്വ).
ബിശ്‌റുബ്‌നു ഹാരിസ്(റ) പറയുന്നു: മകൻ തന്റെ ഉമ്മയോട് സാമീപ്യം പുലർത്തുന്നത് അല്ലാഹുവിന്റെ മാർഗത്തിൽ വാളേന്തുന്നതിനെക്കാൾ ശ്രേഷ്ഠകരമാണ്. ഇമാം ഖുർത്വുബി(റ) പറയുന്നു: മാതാപിതാക്കളുടെ അനുമതിയില്ലെങ്കിൽ യുദ്ധത്തിന് പോകാതിരിക്കുന്നത് അവർക്ക് നന്മ ചെയ്യുന്നതിൽ പെട്ടതാണ്, യുദ്ധം വൈയക്തിക ബാധ്യതയായിത്തീർന്നിട്ടില്ലെങ്കിൽ.
തൻബീഹുൽ ഗാഫിലീൻ എന്ന ഗ്രന്ഥത്തിൽ ഇമാം സമർഖന്ദി(റ) പറയുന്നു: മക്കൾക്ക് മാതാപിതാക്കളോട് പത്ത് ബാധ്യതകളുണ്ടെന്ന് പറഞ്ഞു കാണാം:
1. ആവശ്യമായാൽ ഭക്ഷിപ്പിക്കുക.
2. അവർക്ക് വസ്ത്രം നൽകുക.
3. സേവനം വേണ്ടവരെങ്കിൽ അതു ചെയ്യുക.
4. അവർ വിളിച്ചാൽ ഉത്തരം നൽകുക.
5. തിന്മയല്ലെങ്കിൽ അവരുടെ കൽപ്പനക്ക് വഴിപ്പെടുക.
6. അവരോട് ലാളിത്യത്തോടെ സംസാരിക്കുക.
7. അവരുടെ പേര് പറഞ്ഞ് വിളിക്കാതിരിക്കുക.
8. തനിക്ക് താൽപര്യപ്പെട്ട കാര്യം അവർക്കു വേണ്ടിയും താൽപര്യപ്പെടുക. സ്വന്തത്തിന് അനിഷ്ടകരമായ കാര്യം അവരിലും ഇഷ്ടപ്പെടാതിരിക്കുക.
9. അവരുടെ പിന്നിൽ നടക്കുക.
10. സ്വന്തത്തിന് പ്രാർത്ഥിക്കുമ്പോഴെല്ലാം അവരുടെ മഗ്ഫിറത്തിനു വേണ്ടിയും പ്രാർത്ഥിക്കുക.
അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല