സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 4 March 2016

ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്

ചോദ്യം: ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ല ല്‍ സുന്നത്തുണ്ടോ?
ഉത്തരം: നബി(സ്വ)യുടെ പേര് പറയപ്പെടുന്നത് കേള്‍ക്കുമ്പോള്‍ സ്വലാത്ത്  ചൊല്ലല്‍ സുന്നത്താണെന്ന അടിസ്ഥാനത്തില്‍ ടേപ്പിലൂടെ കേള്‍ക്കുമ്പോള്‍ സുന്നത്താവുന്നതല്ല. കാരണം ടേപ്പിലൂടെ കേള്‍ക്കുന്ന ശബ്ദത്തെ കുറിച്ച് ‘പറയപ്പെടുക’ എന്ന് പ്രയോഗിക്കാവുന്നതല്ല. ഹദീസിലും മറ്റും വന്നത് നബി(സ്വ)യുടെ പേര് പറയപ്പെടുന്നത് കേള്‍ക്കുമ്പോള്‍ സ്വലാത് ചൊല്ലല്‍ സുന്നത്താണെന്നാണ്.
സ്വലാത്ത് ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ഇബ്നുഹജര്‍(റ) എഴുതുന്നത് കാണുക: “അറുപതാമത്തെ പാപം നബി(സ്വ)യെ പറയപ്പെടുന്നത് കേള്‍ക്കുന്ന നേരത്ത് സ്വലാത് ഉപേക്ഷിക്കലാകുന്നു. പക്ഷേ, ഇത് പാപമായി പരിഗണിക്കപ്പെടുന്നത് നബി(സ്വ)യെ പറയപ്പെടുന്നത് കേള്‍ക്കുമ്പോള്‍ സ്വലാത് ചൊല്ലല്‍ നിര്‍ബന്ധമാണെന്ന അഭിപ്രായ മനുസരിച്ചാണ്. നാല് മദ്ഹബിന്റെയും പണ്ഢിതരില്‍ നിന്നുള്ള നല്ലൊരു വിഭാഗം ഈ പക്ഷത്താണ്. എന്നാല്‍ ബഹുഭൂരിപക്ഷവും നിര്‍ബന്ധമില്ലെന്ന പക്ഷക്കാരാണ്. ഇതനുസരിച്ച് സ്വലാത് ഉപേക്ഷിക്കല്‍ സംബന്ധമായി ഹദീസില്‍ വന്ന ഭീഷണി ഇങ്ങനെ ന്യായീകരിക്കേണ്ടതാണ്. നബി(സ്വ)യെ ആദരിക്കുന്നില്ലെന്ന് വരുത്തുംവിധം സ്വലാത് ഉപേക്ഷിക്കല്‍ സംബന്ധിച്ചാണത്” (ഇബ്നുഹജറി(റ)ന്റെ അസ്സവാജിര്‍ – 1/114, 115).
സുജൂദ് സുന്നത്തുള്ള സൂക്തങ്ങള്‍ പഠനം നല്‍കപ്പെട്ട തത്ത പോലെയുള്ള പക്ഷികള്‍
ഉരുവിടുന്നത് കേട്ടാല്‍ പ്രസ്തുത സൂക്തങ്ങള്‍ പാരായണം ചെയ്യപ്പെടുന്നത് കേള്‍ക്കുമ്പോള്‍ തിലാവതിന്റെ സുജൂദ് സുന്നത്താണെന്ന അടിസ്ഥാനത്തില്‍ സുജൂദ് സുന്നത്താകുന്നില്ലെന്ന് നിഹായ 2/96, തുഹ്ഫ 2/209 എന്നിവയില്‍ പ്രസ്താവിച്ചത് നാം പറഞ്ഞതിനുപോല്‍ബലകമാണ്.
ചുരുക്കത്തില്‍, ടേപ്പ് റിക്കാര്‍ഡിലൂടെ നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ഉപേക്ഷിച്ചാല്‍ ഹദീസുകളില്‍ പറഞ്ഞ ക്രോധങ്ങള്‍ക്ക് അത് കാരണമാകില്ലെന്നും പക്ഷേ, സ്വലാത്ത് ചൊല്ലിയാല്‍ സുന്നത്തായ സ്വലാതിന്റെ പ്രതിഫലം ലഭിക്കുമെന്നും വ്യക്തം. പ്രസ്തുത സമയത്ത് സ്വലാത്ത് സുന്നത്തായതുകൊണ്ടല്ല, മറിച്ച് സ്വലാത്ത്  എപ്പോള്‍ ചൊല്ലിയാലും പ്രതിഫല ലബ്ധിയുള്ളതാണെന്ന അടിസ്ഥാനത്തിലാണ്.