സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 30 March 2016

ലൌഹുല്‍ മഹ്ഫൂള് എന്ന് പറഞ്ഞാല്‍ എന്താണ്.

സൃഷ്ടികളുടെ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തപ്പെട്ട അല്ലാഹുവിന്റെയടുക്കലുള്ള ഗ്രന്ഥമാണ് ലൌഹുല്‍ മഹ്ഫൂസ്. സൃഷ്ടികളെ സൃഷ്ടിക്കുന്നതിനു മുമ്പ്‌ തന്നെ സംഭവിക്കാന്‍ പോകുന്ന മുഴുവന്‍ കാര്യങ്ങളും അല്ലാഹു ഇതില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

ഖുര്‍ആന്‍ പറയു ന്നു “ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുകതന്നെ ചെയ്യുമെന്നു താങ്കള്‍ മനസ്സിലാക്കിയിട്ടില്ലേ? നിശ്ചയമായും അതെല്ലാം ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചട്ടുണ്ട്. അതു അല്ലാഹുവിന്ന് ഒരു നിസ്സാരകാര്യം തന്നെയാണ്.. (അല്‍-ഹജ്ജ്‌:70) ഇവിടെ ഗ്രന്ഥംകൊണ്ട് ഉദ്ദേശിക്കുന്നത്  ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ ലൌഹുല്‍ മഹ്ഫൂസ് ആണെന്ന് ഇമാം റാസി തഫ്സീറുല്‍ കബീറില്‍ രേഖപ്പെടുത്തുന്നു.

സൂറത്തുല്‍ ഹദീദില്‍ അല്ലാഹു പറയുന്നു “-ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ.” (അല്‍-ഹദീദ് : 22) ഇവിടെ ഗ്രന്ഥത്തിന്റെ വിവക്ഷ ലൌഹുല്‍ മഹ്ഫൂസ്‌ ആണെന്ന് ഇമാം ഖുര്തുബി തന്റെ തഫ്സീറില്‍ ഉദ്ധരിക്കുന്നു.

ഉബാദത്ത്‌ ബിന്‍ സാമിത്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: നബി (സ) പറയുന്നതായി ഞാന്‍ കേട്ടു. “അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് പേനയാണ് (ഖലം). അതിനോട് അല്ലാഹു പറഞ്ഞു: നീ എഴുതുക. അപ്പോള്‍ പേന ചോദിച്ചു : എന്‍റെ നാഥാ.. ഞാന്‍ എന്താണ് എഴുതേണ്ടത്? അല്ലാഹു പറഞ്ഞു : അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ കാര്യങ്ങളുടെയും നിര്‍ണയങ്ങള്‍ എഴുതുക. (അബൂദാവൂദ്‌)

മേല്‍ പറഞ്ഞ ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും വ്യക്തമാവുന്നത് പോലെ ലോകാരംഭം മുതല്‍ സംഭവിക്കാന്‍ പോകുന്ന മുഴുവന്‍ കാര്യങ്ങളും രേഖപ്പെടുത്തിയ ഗ്രന്ഥമാണ് ലൌഹുല്‍ മഹ്ഫൂദ്‌. സൂറത്തുല്‍ ബൂരൂജിന്റെ അവസാന ആയത്തില്‍ ഈ പദം തന്നെ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്.  സുരക്ഷിതമായ അല്ലെങ്കില്‍ സൂക്ഷിക്കപ്പെടുന്ന ഫലകം എന്നാണു അതിന്റെ വാക്യാര്‍ത്ഥം.