സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 10 July 2015

പശ്ചാതാപം: വാതിലുകള്‍ തുറന്ന് തന്നെ


വിശ്വാസിയെ സംബന്ധിച്ചിടത്തോളം പശ്ചാതാപം നടത്തുക ആവശ്യമാണെന്നതിന് ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഉല്‍ ഉമ്മത്ത് മുതലായവയുടെ വ്യക്തമായ തെളിവുകളുണ്ട്. ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് ആത്മാര്‍ത്ഥമായി ഖേദിച്ചു മടങ്ങുവീന്‍.” (ഖു: 8 : 66)

ഇവിടെ നസ്വൂഹായ തൗബ ചെയ്യണമെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. തൗബത്തുന്നസ്വൂഹിന് സലഫുസ്വാലിഹുകളായ പണ്ഡിതന്‍മാര്‍ പല വ്യാഖ്യാനങ്ങളും നല്‍കിയിട്ടുണ്ട്. എല്ലാറ്റിന്റെയും ആശയങ്ങള്‍ ഏതാണ്ട് ഒന്നുതന്നെയാണ്. ‘കലര്‍പ്പില്ലാത്ത സത്യമായ ഉപദേശത്തില്‍ അങ്ങേയറ്റത്തെ പശ്ചാതാപം’ എന്നാണ് തൗബത്തുന്നസ്വൂഹിന്റെ അര്‍ത്ഥം.(സ്വഫ്‌വത്തുത്തഫാസീര്‍ 410 : 3)

ഉമറുബ്‌നുല്‍ ഖത്താബ്, ഉബയ്യുബ്‌നുഖലഫ് (റ) എന്നിവര്‍ പറഞ്ഞു: ”നസ്വൂഹായ തൗബയെന്നാല്‍ കുറ്റത്തെത്തൊട്ട് പശ്ചാതപിക്കുകയും പിന്നീട് പാല് അകിടിലേക്ക് മടങ്ങാത്തതുപോലെ കുറ്റത്തിലേക്ക് മടങ്ങാതിരിക്കുകയും ചെയ്യുകയെന്നതാണ്.” ഹസന്‍ ബസ്വരി(റ) പറഞ്ഞു: ”തൗബത്തുന്നസ്വൂഹ എന്നു പറഞ്ഞാല്‍ സംഭവിച്ച തെറ്റുകളുടെ മേല്‍ അടിമ ഖേദിക്കുന്നവനാവുകയും ഭാവിയില്‍ അതിലേക്ക് മടങ്ങുകയില്ലെന്ന് മുറിച്ചുകരുതിയവനാവുകയും ചെയ്യുക എന്നതാണ്.” കല്‍ബി പറഞ്ഞു: ”നാവു കൊണ്ട് പൊറുക്കലിനെത്തേടുകയും ഖല്‍ബ് കൊണ്ട് ഖേദിക്കുകയും ശരീരം കൊണ്ട് പിടിച്ചുനിര്‍ത്തുകയും ചെയ്യലാണ് തൗബത്തുന്നസ്വൂഹ.”

സര്‍ഈ ‘ശറഉല്‍ മനാസിലി’ല്‍ പറഞ്ഞു: ”തൗബയില്‍ നസ്വ്ഹ് മൂന്ന് കാര്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. 1. മുഴുവന്‍ കുറ്റങ്ങളെയും ഉള്‍പ്പെടുത്തുക. തൗബ ഉള്‍പ്പെടുത്താത്ത ഒരു കുറ്റവും അവശേഷിക്കരുത്. 2. മനക്കരുത്തും സത്യസന്ധതയും പൂര്‍ണമായും ഒരുമിച്ചുകൂട്ടുക. പിന്നീട് ഒരുവിധ സംശയമോ ആക്ഷേപമോ കാത്തിരിപ്പോ ബാക്കിനില്‍ക്കരുത്. എല്ലാ ഉദ്ദേശ്യവും യോജിക്കണം. തൗബ വേഗത്തിലാവുകയും വേണം. 3. കലര്‍പ്പുകളില്‍നിന്നും ഇഖ്‌ലാസിന് എതിരാവുന്ന കാര്യങ്ങളില്‍നിന്നും ഒഴിവാവുകയും തൗബ നടക്കുന്നത് അല്ലാഹുവിനെക്കുറിച്ചുള്ള ഭയത്തോടും അവന്റെ നിഅ്മത്തിലുള്ള ആഗ്രഹത്തോടും മാത്രമാവുകയും വേണം. മറിച്ച്, തന്റെ സ്ഥാനം, ബഹുമാനം, ജോലി, അവസ്ഥ, സമ്പത്ത്, ജനസ്തുതി മുതലായവ കാത്തുസൂക്ഷിക്കാന്‍ വേണ്ടി തൗബ ചെയ്യുന്നവനെപ്പോലെയാവരുത്.

ഒന്നാമത്തെ കാര്യം എന്തു തെറ്റില്‍നിന്നു പശ്ചാതപിക്കുന്നു എന്നതിനോടും മൂന്നാമത്തേത് എന്തിലേക്ക് പശ്ചാതപിക്കുന്നു എന്നതിനോടും രണ്ടാമത്തേത് പശ്ചാതപിക്കുന്നവന്റെ ശരീരത്തോടും ബന്ധിക്കുന്നു.

ഇപ്രകാരം നിബന്ധനകളെല്ലാം പാലിക്കുന്ന തൗബ കാരണം പാപമോചനം ലഭിക്കുകയും കുറ്റങ്ങള്‍ സകലം മായ്ക്കപ്പെടുകയും ചെയ്യുമെന്നതില്‍ ഒട്ടും സന്ദേഹവുമില്ല. (ദലീലുല്‍ ഫാളിഹീന്‍ 81, 82)

തെറ്റുകുറ്റങ്ങളൊന്നും ചെയ്യാത്ത മഹത്‌വ്യക്തിത്വങ്ങളായാലും തൗബ ചെയ്യല്‍ ആവശ്യമാണ്. അതുകൊണ്ട് നേട്ടങ്ങളല്ലാതെ കോട്ടങ്ങളൊന്നുമില്ല. നബി(സ) നിത്യവും തൗബ  ചെയ്ത് അല്ലാഹുവിനോട്് ഖേദിച്ചു മടങ്ങാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ നിവേദനം ചെയ്തിട്ടുണ്ട്. അബൂഹുറൈറ(റ)വില്‍ നിന്ന്- അദ്ദേഹം പറഞ്ഞു: നബി(സ) പറയുന്നത്  ഞാന്‍ കേട്ടു: ”അല്ലാഹുവാണെ സത്യം, ദിവസവും എഴുപതിലധികം പ്രാവശ്യം ഞാന്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുന്നുണ്ട്.” (ബുഖാരി)

നബി(സ)യുടെ ഉമ്മത്തികളോട് തൗബ ചെയ്യാനും ഇസ്തിഗ്ഫാര്‍ ചെയ്യാനും  ഈ ഹദീസില്‍ പ്രേരണയുണ്ട്. കാരണം, നബി(സ) മഅ്‌സൂമും സര്‍വ്വ സൃഷ്ടികളിലും ഉത്തമനും ആയിരിക്കെ ദിവസവും എഴുപതില്‍പരം പ്രാവശ്യം പശ്ചാതപിക്കുകയും പൊറുക്കലിനെ തേടുകയും ചെയ്തിരുന്നു. അവിടുത്തെ ഇസ്തിഗ്ഫാറ് കുറ്റങ്ങള്‍ക്കു വേണ്ടിയായിരുന്നില്ല, മറിച്ച് മാലികുല്‍ ജബ്ബാറായ അല്ലാഹുവിന്റെ പിരിശുദ്ധ സന്നിധിയോട് യോജിച്ചവിധം ഇബാദത്തു ചെയ്യുന്നതില്‍ അവിടുത്തെ ശരീരം വീഴ്ചവരുത്തിയിട്ടുണ്ടോ എന്നോര്‍ത്തുകൊണ്ടായിരുന്നു. നബി(സ)യുടെ സ്ഥിതി ഇതായിരുന്നെങ്കില്‍ തെറ്റുകളാലും കുറ്റങ്ങളാലും ഹൃദയവും ശരീരവും മലീമസമായ നമ്മുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.

അഗര്‍ദുബ്‌നു യസാറുല്‍ മസ്‌നിയ്യ് (റ) ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: ”ജനങ്ങളേ,  നിങ്ങള്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും അവനോട് പൊറുക്കലിനെ തേടുകയും ചെയ്യുക. നിശ്ചയം ഞാന്‍ ദിവസത്തില്‍ നൂറ് പ്രാവശ്യം അവനിലേക്ക് ഖേദിച്ചുമടങ്ങുന്നുണ്ട്.” (മുസ്‌ലിം)

ഒന്നാമത്തെ ഹദീസില്‍ എഴുപതില്‍ അധികമെന്നും രണ്ടാമത്തേതില്‍ നൂറ് പ്രാവശ്യമെന്നും വന്നപ്പോള്‍ തൗബ, ഇസ്തിഗ്ഫാറ് എന്നിവയുടെ എണ്ണത്തിന് നിര്‍ണയമില്ലെന്നും ആവശ്യമായ സമയങ്ങളിലെല്ലാം അതുരണ്ടും ഉണ്ടായിരിക്കണമെന്നും മനസ്സിലാക്കാം.