സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 9 July 2015

കച്ചവട സകാത്


Gold Coins and plant isolated on white background
കച്ചവടത്തിന്റെ തുടക്കം മുതല്‍  ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കച്ചവടസ്വത്തില്‍ സ കാത് നിര്‍ബന്ധമാവുക. ഇങ്ങനെ വര്‍ഷം പൂര്‍ത്തിയായ ചരക്കിന് വില നിശ്ചയിച്ച ശേഷം വിലയുടെ നാല്‍പ്പതില്‍ ഒരു വിഹിതം സകാതായി നല്‍കണം. ഒരു വര്‍ഷം കൈവശം വെച്ച പണത്തിനും ഇതേ അളവിലാണ് സകാത് നല്‍കേണ്ടത്. വെള്ളിയില്‍ സകാത് നിര്‍ബന്ധമാകുന്ന തൂക്കത്തിന്റെ വിലയോട് തുല്യമായ തുകക്ക് കച്ചവടസ്വത്തിന്റെ വിലയും സൂക്ഷിപ്പുപണവും ഉണ്ടാകുമ്പോള്‍ മേല്‍ വിഹിതം കൊടുക്കേണ്ടിവരും. പണത്തിനും കച്ചവടവസ്തുക്കള്‍ക്കും മൂല്യനിര്‍ണയം നടത്തുന്നത് അടിസ്ഥാനപരമായി വെള്ളി മാനദണ്ഡമാക്കിയതിനാലാണ് ഇങ്ങനെ കണക്കാക്കുന്നത്. ഇമാം ഇബ്നുറുശ്ദ്(റ) എഴുതുന്നു: “200 ദിര്‍ഹം(595 ഗ്രാം) തൂക്കം വരുന്ന വെള്ളിയില്‍ സകാത് നിര്‍ബന്ധമാകും പോലെ 20 ദിനാര്‍(85 ഗ്രാം) വരുന്ന സ്വര്‍ണത്തിലും സകാത് നിര്‍ബന്ധമാകുമെന്നാണ് പണ്ഢിത ഭൂരിപക്ഷം. ഇമാം മാലിക്, ശാഫി’ഈ, അബൂഹനീഫ (റ.ഹും) അവരുടെ അസ്വ്ഹാബ,് ഇമാം അഹ്മദ്(റ) തുടങ്ങിയവര്‍ ഈ പക്ഷക്കാരാണ്. വെള്ളിയില്‍ സകാത് നിര്‍ബന്ധമാകുന്ന തൂക്കം നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെട്ടത് പോലെ സ്വര്‍ണത്തിന് സകാത് നിര്‍ബന്ധമാകുന്ന തൂക്കം ഇത്രയാണെന്ന് നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെടാത്തതിനാല്‍ വെള്ളിയോട് സ്വര്‍ണത്തെ തുലനം ചെയ്യുകയാണവര്‍ ചെയ്യുന്നത്. സ്വര്‍ണവും വെള്ളിയും നാണയമെന്ന ഇനത്തില്‍ പെട്ടതിനാലും വെള്ളിയുടെ തൂക്കം നബി(സ്വ)യില്‍ നിന്നു തന്നെ സ്ഥിരപ്പെട്ടതിനാലും പ്രസ്തുത തൂക്കം വെള്ളിയുടെ വിലയോട് (ആ കാലഘട്ടത്തില്‍ 20 ദിനാര്‍ സാമ്യമായത് കൊണ്ട്)  20 ദിനാര്‍ സ്വര്‍ണത്തിനെ അവര്‍ സാമ്യപ്പെടുത്തുകയായിരുന്നു”. സകാത് നിര്‍ബന്ധമാകുന്ന തുക അടിസ്ഥാനപരമായി കണക്കാക്കുന്നത് വെള്ളിയുടെ തൂക്കമനു സരിച്ചാണെന്നാണ് ഇബ്നുറുശ്ദ്(റ) പറഞ്ഞതിന്റെ സംക്ഷിപ്തം. എന്നാല്‍ സ്വര്‍ണത്തിന്റെ സകാത് നിര്‍ബന്ധമാകുന്ന തൂക്കം സംബന്ധിച്ചും പണ്ഢിതന്മാരില്‍ ചിലര്‍ ഹദീസുകളെ ഉദ്ധരിക്കുന്നുണ്ട്. ഇതു തന്നെയാണ് വില വ്യത്യാസമനുസരിച്ച് സ്വര്‍ണത്തിന്റെ നിസ്വാബില്‍ (സകാത് നിര്‍ബന്ധമാകുന്ന തുക) വ്യത്യാസം വരാതിരുന്നത്. ചരക്കുകള്‍ സകാത് നിര്‍ബന്ധമാകുന്ന കച്ചവടചരക്കായി ഗണിക്കപ്പെടുന്നത് ചില ഉപാധികള്‍ അനുസരിച്ചാണ്. ഇബ്നുഹജര്‍(റ) പറയുന്നു: “ചരക്കുകള്‍ കച്ചവടത്തിന്റേതായി ഗണിക്കപ്പെടുന്നത് പ്രതിഫലത്തിന്മേലായി അത് സമ്പാദിക്കുന്നതോടൊപ്പം കച്ചവടത്തെ കൂടി കരുതുമ്പോഴാണ്. റൊക്കമോ, കടമോ ആയ നാണയത്തിന് പകരമോ മറ്റു ചരക്കിന് പകരമോ കച്ചവട ചരക്കുകള്‍ വാങ്ങുക, ജോലി ചെയ്തതിന്റെ വേദനത്തിനോ വസ്തുക്കള്‍ വാടകക്ക് കൊടുത്തതിന്റെ വാടകക്കോ പകരമായി കച്ചവട ചരക്കുകള്‍ സ്വീകരിക്കുക തുടങ്ങിയവ ഉദാഹരണമാണ്. ഇപ്രകാരം തന്നെ വാടകക്ക് കൊടുക്കലെന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ ഭൂമി വാടകക്കെടുക്കുകയും പക്ഷേ, പ്രസ്തുത ഭൂമി ആര്‍ക്കും വാടകക്ക് കൊടുക്കാതിരിക്കുകയും ചെയ്താല്‍ കച്ചവട സകാത് ഇവിടെയും ബാധകമാകുന്നതാണ്. അവര്‍ അത് വാടകക്ക് കൊടുത്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തേക്ക് കിട്ടേണ്ടിയിരുന്ന വാടകയുടെ തുക സകാത് നിര്‍ബന്ധമാകുന്ന അത്ര ഉണ്ടാകുമായിരുന്നെങ്കിലാണ് ഇപ്പറഞ്ഞത്. അപ്പോള്‍ അവന് വാടക കിട്ടിയിട്ടില്ലെങ്കിലും ഒരു വര്‍ഷത്തേക്ക് കിട്ടേണ്ടിയിരുന്ന തുകയില്‍ നിന്ന് സകാതിന്റെ വിഹിതം കൊടുക്കേണ്ടിവരുന്നു” (തുഹ്ഫ 3/295-296). ഇതനുസരിച്ച് പത്ത് മുറിയുള്ള ഒരു കെട്ടിടം, റൂമുകള്‍ വാടകക്ക് കൊടുക്കാനെന്ന ഉദ്ദേശ്യത്തോടെ വാടകക്ക് എടുത്തുവെന്നിരിക്കട്ടെ. എങ്കില്‍ ആ കെട്ടിടം ആര്‍ക്കും വാടകക്ക് കൊടുക്കാതെ പൂട്ടിയിട്ടാലും സകാത് നിര്‍ബന്ധം തന്നെ. വാടക ഒരു റൂമിന് ഒരു ദിവസത്തേക്ക് നൂറ് രൂപയാണെന്ന് സങ്കല്‍പ്പക്കുക, എങ്കില്‍ പത്ത് റൂമിന് ഒരു ദിവസത്തേക്ക് കിട്ടേണ്ടിയിരുന്ന വാടക 1000 രൂപയാണ്. ഇതനുസരിച്ച് മൊത്തം റൂമുകള്‍ക്ക് ഒരു വര്‍ഷം കിട്ടേണ്ടിയിരുന്ന വാടകയുടെ രണ്ടര ശതമാനം സകാതായി നല്‍കേണ്ടി വരും. വാടക കിട്ടാതിരുന്നത് പൂട്ടിയിട്ട വീഴ്ചകൊണ്ടാണെന്ന് പറയേണ്ടതില്ലല്ലോ. ഇനി മുറിയാതെ റൂമുകള്‍ വാടകക്ക് കൊടുത്തിരുന്നുവെങ്കില്‍ കൊല്ലം തികയുന്ന ദിവസത്തെ മൊത്തം വാടകയാണ് കണക്കാക്കുക. അത്  സകാത് നിര്‍ബന്ധമാകുന്ന തുകയുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാകുമെന്ന് ഉദ്ദേശ്യം. അപ്രകാരം തന്നെ മുന്‍ ദിവസങ്ങളില്‍ കിട്ടിയ വാടക സൂക്ഷിപ്പുണ്ടെങ്കിലും സകാതിന്റെ നിസ്വാബ് കണക്കാക്കുന്നതില്‍ (സകാത് നിര്‍ബന്ധമാകുന്ന തുകയില്‍) അതും കൂടി പരിഗണിക്കുന്നതാണ്. ഇപ്പറഞ്ഞതിനര്‍ഥം സൂക്ഷിപ്പുള്ള നാണയത്തിന്റെ സകാതും അവസാന ദിവസത്തെ മൊത്തം വാടകയുടെ സകാത്തോടൊന്നിച്ച് അവകാശികള്‍ക്ക് നല്‍കണമെന്നല്ല. പ്രത്യുത, വര്‍ഷാവസാന ദിവസത്തെ വാടക നിസ്വാബില്‍ കുറവാണെങ്കില്‍ അത് പൂര്‍ ത്തീകരിക്കാന്‍ സൂക്ഷിപ്പ് പണവും പരിഗണിക്കുമെന്നാണ്. സാധാരണ മറ്റു കച്ചവടങ്ങളില്‍ വര്‍ഷം തികയുന്ന ദിവസം വില കെട്ടിയപ്പോള്‍ അത് നിസ്വാബില്‍ കുറവാണെങ്കില്‍ സൂക്ഷിപ്പുപണം നിസ്വാബ് പൂര്‍ത്തീകരിക്കുന്നതില്‍ പരിഗണിക്കും പോലെ തന്നെ. സൂക്ഷിപ്പുള്ള പ്രസ്തുത പണത്തിന്റെ(അതു പോലെ തന്നെയാണ് മുന്‍ ദിവസങ്ങളിലെ വാടകയും) സകാത് കൊടുക്കേണ്ട സമയം, സൂക്ഷിച്ചു വെച്ചത് മുതല്‍ ഒരു കൊല്ലം പൂര്‍ത്തിയാകുമ്പോഴാണ്. ഈ വിശദീകരണത്തില്‍ നിന്ന് കച്ചവട ചരക്കായി പരിഗണിക്കാന്‍ വസ്തുക്കള്‍ ത ന്നെ ആവണമെന്നില്ലെന്നും ഫലങ്ങളും (ഉദാ:-വാടക) കച്ചവട ചരക്കായി പരിഗണിക്കുമെന്നും ഗ്രഹിക്കാനാകും. ഇബ്നുഹജര്‍(റ) പറയുന്നു: “കച്ചവട ചരക്കുകള്‍ രണ്ടിനമുണ്ട്. ഒന്ന് വസ്തുക്കള്‍, രണ്ട് ഫലങ്ങള്‍” (തുഹ്ഫ 3/496). ചുരുക്കത്തില്‍ റൂമുകള്‍ വാടകക്ക് കൊടുക്കാനെന്ന ഉദ്ദേശ്യത്തോടെ വാടകക്കെടുക്കുന്ന കെട്ടിടത്തിന്റെ റൂമുകള്‍ കച്ചവടചരക്കായി പരിഗണിക്കുന്നില്ലെങ്കിലും അതിന്റെ ഫലവും പ്രയോജനവും കച്ചവടചരക്കായി പരിഗണിക്കും. റൂമുകള്‍ വാടകക്ക് കൊടുക്കുന്നത് യഥാര്‍ഥത്തില്‍ ആ ഫലത്തെയും പ്രയോജനത്തെയും വില്‍പ്പന നടത്തലാണ്. ഇതാണ് കച്ചവട സകാത് ഇവിടെയും വന്നതിന്റെ രഹസ്യം. ഇനി കച്ചവട ചരക്കിലേക്ക് വീണ്ടും പണമിറക്കി കച്ചവടം ഉയര്‍ത്തുന്ന പക്ഷം സകാത് എ ങ്ങനെയാണ് കണക്കാക്കേണ്ടത്? ഇബ്നുഹജര്‍(റ) ഈ’ആബില്‍ പറയുന്നത് കാണുക: “ഒരാള്‍ നൂറു ദിര്‍ഹമിന് പകരമായി മുഹര്‍റം ഒന്നിന് കച്ചവടചരക്ക് വാങ്ങുകയും ശേഷം കിട്ടിയ നൂറ് ദിര്‍ഹമിന് കൂടി സ്വഫര്‍ ഒന്നിന് ചരക്കുകളെടുക്കുകയും പിന്നീട് കിട്ടിയ നൂറിന് റബീ’ഉല്‍ അവ്വല്‍ ഒന്നിന് ചരക്കുകളെടുക്കുകയും ചെയ്തുവെന്നിരിക്കട്ടെ. എങ്കില്‍ ആദ്യ നൂറിന്റെ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അതിനെടുത്ത ചരക്കിന്റെ വില നിസ്വാബുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാകുന്നതാണ്. (ഇതനുസരിച്ച് രണ്ടാം നൂറിന് വാങ്ങിയ ചരക്കിന്റെ സകാത് അതിന്റെ വര്‍ഷവും മൂന്നാമത്തേത് അതിന്റെ വര്‍ഷവും പൂര്‍ത്തിയാകുമ്പോള്‍  കൊടുക്കേണ്ടി വരും. ആ രണ്ട് നൂറുകളുടെയും ചരക്കിന്റെ വില സ്വന്തമായി പരിഗണിച്ചാല്‍ നിസ്വാബ് തികയില്ലെങ്കിലും ശരി). ഇനി ആദ്യനൂറിന് എടുത്ത ചരക്കിന്റെ വില അതിന്റെ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിസ്വാബ് തികയുന്നില്ലെങ്കില്‍ രണ്ടാം നൂറിന്റെ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മേല്‍ 200 ദിര്‍ഹമിന്റെയും കൂടി ചരക്കുകളുടെ വില നിസ്വാബുണ്ടെങ്കില്‍ രണ്ടിനുമൊന്നിച്ച് സകാത് നല്‍കേണ്ടതും നിസ്വാബ് തികയാത്ത പക്ഷം മൂന്നാം നൂറിന്റെ വര്‍ഷം പൂര്‍ത്തിയാകുമ്പോ ള്‍ മുന്നൂറിന്റെയും കൂടി ചരക്കുകളുടെ വില നിസ്വാബ് തികയുന്നുണ്ടെങ്കില്‍ സകാത് നിര്‍ ബന്ധമാകുന്നതും അല്ലാത്തപക്ഷം നിര്‍ബന്ധമാകാത്തതുമാകുന്നു. ശര്‍ഹുല്‍ മുഹദ്ദബില്‍ പറഞ്ഞതിന്റെ സംക്ഷിപ്തമാണിത്’ (ശര്‍വാനി 3/294). ഇതനുസരിച്ച് വിവിധ ഘട്ടങ്ങളിലായി ഷെയര്‍ സ്വീകരിച്ചു കൊണ്ടുള്ള ഷെയര്‍ കച്ചവടങ്ങളില്‍ മേല്‍ വിശദീകരണം പരിഗണിക്കേണ്ടതാണെന്ന് വ്യക്തം.