റമള്വാന്‍ മാസത്തിലും മറ്റു മാസങ്ങളിലും അഞ്ച് നേരത്തെ ഫര്‍ള്്വ നിസ്‌ക്കാരത്തെ ഉപേക്ഷിക്കുകയോ ഖള്വാ ആക്കുകയോ ചെയ്യരുത്. ഒരുനേരത്തെ നിസ്‌ക്കാരം അത് നിര്‍വ്വഹിക്കേണ്ട സമയവും വിട്ട് പിന്തിച്ച് നിസ്‌ക്കരിക്കുന്നതിനാണ് ഖള്വാ ആക്കുകയെന്ന് പറയുന്നത്. ഇന്ന് പലര്‍ക്കും നിസ്‌ക്കാരത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയില്ല. തീരെ നിസ്‌ക്കരിക്കാത്തവരും തോന്നുമ്പോള്‍ നിസ്‌ക്കരിക്കുന്നവരും സമയം ഒത്തുകിട്ടിയാല്‍ മാത്രം നിസ്‌ക്കരിക്കുന്നവരും മുസ്‌ലിംകളില്‍ ഉണ്ട്. അതുപോലെ സ്ഥിരമായി നിസ്‌ക്കാരമുണ്ടെങ്കിലും കല്യാണം, യാത്ര, വസ്ത്രം ശുദ്ധിയില്ലായ്മ, തിരക്ക് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് നിസ്‌കാരം ഖള്വാ ആക്കുന്നവരുമുണ്ട്.നിസ്‌ക്കാരം ഉപേക്ഷിക്കുന്നതിന്റേയും ഖള്വാ ആക്കുന്നതിന്റെയും ഗൗരവം ഇവര്‍ക്കൊന്നും അ റി യില്ല.
മറവി സംഭവിക്കല്‍ പോലെ മതം അംഗീകരിച്ച കാരണങ്ങള്‍ കൊണ്ട് നിസ്‌ക്കാരം ഖള്വാ ആക്കല്‍ ഹറാമല്ല. എന്നാല്‍ മതം അംഗീകരിക്കാത്ത കാരണങ്ങള്‍ കൊണ്ട് നിസ്‌ക്കാരം ഖള്വാ ആക്കല്‍ വന്‍ പാപമാണ്. യാത്രക്കാര്‍ക്ക് നിസ്‌ക്കാരം ഖള്വാ ആക്കാന്‍ നിയമമില്ല. നമ്മുടെ മദ്ഹബനുസരിച്ച് അവര്‍ക്ക് ജംഉം ഖസ്‌റും ആയി നിസ്‌ക്കരിക്കാം. ഇതിന്റെ നിയമങ്ങള്‍ പുറകെ വിവരിക്കുന്നുണ്ട്. ഗള്‍ഫില്‍ പോകാന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഡല്‍ഹി പോലെയുളള ദൂരസ്ഥലങ്ങളിലേക്ക് ട്രെയിനില്‍ സഞ്ചരിക്കുന്നവര്‍ക്കും ജംഅ് ആക്കാനുളള സാഹചര്യം ലഭിച്ചില്ലെങ്കില്‍ വാഹനങ്ങളില്‍ വച്ചുതന്നെ അവര്‍ നിസ്‌ക്കരിക്കണം. വിമാനത്തില്‍ വുള്വൂഅ് ചെയ്യാനുളള സൗകര്യമില്ലെങ്കില്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് വുള്വൂഅ് എടുത്തിരിക്കണം. വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ നിസ്‌ക്കാരത്തിന് വുള്വൂഅ് ചെയ്യാന്‍ കഴിയാതെ വരുമെന്നുകണ്ടാല്‍ തയമ്മും ചെയ്യാനുളള മണ്ണ് കൂടി കരുതല്‍ നല്ലതാണ്.
ഫര്‍ള്വ് നിസ്‌കാരത്തില്‍ നില്‍ക്കാനോ ഖിബിലയിലേക്ക് മുന്നിടാനോ കഴിയാതെ വരികയാണെങ്കില്‍ ഉള്ള സൗകര്യമനുസരിച്ച് യാത്രക്കാര്‍ വാഹനത്തില്‍ വെച്ച് നിസ്‌കരിക്കുകയും പിന്നീടത് മടക്കി നിസ്‌കരിക്കുകയും വേണം. യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും സുന്നത്ത് നിസ്‌ക്കാരത്തില്‍ നില്‍ക്കലും ചെറിയ യാത്രയിലും ദീര്‍ഘ യാത്രയിലും യാത്രക്കാര്‍ക്ക് സുന്നത്ത് നിസ്‌കാരത്തില്‍ ഖിബ്‌ലക്ക് മുന്നിടലും നിര്‍ബന്ധമില്ല. അപ്പോള്‍ യാത്രക്കാര്‍ക്ക് വാഹനം നീങ്ങുന്ന ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സീറ്റില്‍ ഇരുന്നു തന്നെ സുന്നത്ത് നിസ്‌കരിക്കാം. അപ്പോള്‍ സൂജൂദ് പൂര്‍ണ്ണമായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ റുകൂഇനെക്കാള്‍ അല്‍പ്പം കൂടി സുജൂദിന് തല കുനിച്ചാല്‍ മതിയാകും. എന്നാല്‍ വുള്വൂഅ് ഇല്ലാതയോ തയമ്മും ചെയ്യാതെയോ സുന്നത്ത് നിസ്‌കാരം നിര്‍വ്വഹിക്കരുത്. ഇതുപോലെയുള്ള യാത്രകളില്‍ ഫര്‍ള്വ് നിസ്‌ക്കാരം നിര്‍വ്വഹിക്കേണ്ട സാഹചര്യം ഉണ്ടാവുകയും വുള്വൂഅ് ചെയ്യാനോ പകരം തയമ്മും ചെയ്യാനോ കഴിയാതെ വരുകയും ചെയ്താല്‍ സമയത്തെ ബഹുമാനിക്കുന്നതിനു വേണ്ടി ഫര്‍ള്വൂ നിസ്‌കാരം മാത്രം നിര്‍വ്വഹിക്കുകയും പിന്നീടത് മടക്കുകയും ചെയ്യണം.
വിമാനത്താവളത്തിലോ റെയില്‍വേ സ്റ്റേഷനിലോ എത്തിയപ്പോഴാണ് ഫര്‍ള്വ് നിസ്‌ക്കാരത്തിനു സമയമായതെങ്കില്‍ വാഹനത്തില്‍ കയറുന്നതിനു മുമ്പ് നിസ്‌കരിക്കണം. കാരണം ഫര്‍ള്വുകളും ശര്‍ത്വുകളും പൂര്‍ണ്ണമായിയെടുത്ത് വാഹനത്തില്‍ വെച്ച് നിസ്‌കരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.
റോഡുകളില്‍ കൂടി സഞ്ചരിക്കുന്ന വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ നിസ്‌കാര സമയമെത്തിയാല്‍ പള്ളി കണ്ടെത്തിയില്ലെങ്കിലും വാഹനം നിര്‍ത്തി സൗകര്യമുള്ള സ്ഥലത്ത് വെച്ച് നിസ്‌കരിക്കണം. നിസ്‌കാരത്തിന് പള്ളിയോ വീടോ വേണമെന്ന് നിര്‍ബന്ധമില്ല. പ്രത്യക്ഷത്തില്‍ നജസില്ലാത്ത സ്ഥലങ്ങള്‍ നിസ്‌കാരത്തിന് യോഗ്യമാണ്.
ഹോസ്പിറ്റലിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നവര്‍ മടങ്ങി വീട്ടില്‍ എത്തുമ്പോഴേക്കും നിസ്‌കാരം ഖള്വാ ആകുമെന്നു കണ്ടാല്‍ അവിടെ വെച്ചു തന്നെ നിസ്‌കരിക്കണം.
രോഗികള്‍ വീട്ടിലാണെങ്കിലും ഹോസ്പിറ്റലിലാണെങ്കിലും അവര്‍ക്കും നിസ്‌കാരം നിര്‍ബന്ധം തന്നെയാണ്. ഹോസ്പിറ്റലില്‍ രോഗികള്‍ അഡ്മിറ്റാകുമ്പോള്‍ കഴിവുള്ളവര്‍ റൂം കിട്ടുമെങ്കില്‍ എടുക്കുക. അത് രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും സന്ദര്‍ശകര്‍ക്കും നിസ്‌കരിക്കാനുള്ള സൗകര്യം ചെയ്യലാണ്.
സൗകര്യമില്ലെന്ന കാരണം പറഞ്ഞ് കല്യാണത്തിനും മരിപ്പിനും പങ്കെടുക്കുന്ന ചിലര്‍ നിസ്‌കാരം ഖള്വാ ആക്കുന്നതായി കാണുന്നുണ്ട്. കല്യാണവും മരിപ്പും നിസ്‌കാരം ഖള്വാ ആക്കാനുള്ള കാരണങ്ങളല്ല.
ജംഅ് തഅ്ഖീര്‍
ജംഉ തഅ്ഖീറില്‍ (പിന്തിച്ച് ജംഅ് ആക്കുമ്പോള്‍) അതായത് ളുഹറിനെ അസറിലേക്കും മഗ്‌രിബിനെ ഇശാഇലേക്കും പിന്തിക്കുമ്പോള്‍ രണ്ടു നിബന്ധനകള്‍ ശ്രദ്ധിക്കണം.
1 – ‘ആദ്യ നിസ്‌ക്കാരത്തെ ശേഷമുള്ളതിലേക്ക് പിന്തിച്ച് ജംഅ് ആക്കുന്നു’ എന്ന് ആദ്യ നിസ്‌ക്കാരത്തിന്റെ വഖ്ത് (സമയം) അവസാനിക്കുന്നതിനു മുമ്പായി കരുതണം. അതായത് ളുഹറിനെ അസറിലേക്ക് പിന്തിക്കുന്നവര്‍ ളുഹറിന്റെ വഖ്തിലും മഗ്‌രിബിനെ ഇശാഇലേക്ക് പിന്തിക്കുന്നവര്‍ മഗ്‌രിബിന്റെ വഖ്തിലും കരുതണം. ഇങ്ങനെ കരുതിയില്ലെങ്കില്‍ ആദ്യ നിസ്‌ക്കാരം ഖള്വാഅ് ആയതായി കണക്കാക്കും.
2 – രണ്ടാമത്തെ നിസ്‌കാരം കഴിയുന്നതുവരെ യാത്രയിലായിരിക്കണം. നാടിന്റെ അതിര്‍ത്തിയില്‍ മടങ്ങിയെത്തുന്നതോടെ യാത്രാനുകൂല്യം അവസാനിച്ചു. അപ്പോള്‍ നാടിന്റെ അതിര്‍ത്തിയില്‍ വെച്ചോ നാട്ടിലേക്ക് കടന്നിട്ടോ വീട്ടിലെത്തിയിട്ടോ പിന്തിച്ചു ജംആക്കാം എന്ന ധാരണ ശരിയല്ല.
പിന്തിച്ച് ജംഅ് ആക്കുമ്പോള്‍ ആദ്യ നിസ്‌ക്കാര ശേഷം രണ്ടാം നിസ്‌ക്കാരം എന്ന ക്രമം പാലിക്കലും ഒന്നാം നിസ്‌ക്കാരം കഴിഞ്ഞ ഉടനെ രണ്ടാം നിസ്‌ക്കാരം നിര്‍വ്വഹിക്കലും ആദ്യ നിസ്‌ക്കാരത്തില്‍ പിന്തിച്ചു ജംഅ് ആക്കുന്നു എന്ന കരുതലും സുന്നത്താണ് നിര്‍ബന്ധമില്ല.
ജംഅ് ആക്കുമ്പോള്‍ രണ്ടു നിസ്‌ക്കാരങ്ങളും പൂര്‍ത്തീകരിച്ചും രണ്ടായി ചുരുക്കി ഖസറാക്കിയും നിസ്‌ക്കരിക്കാം. അല്ലെങ്കില്‍ ഒരു നിസ്‌ക്കാരത്തെ പൂര്‍ത്തീകരിച്ചും മറ്റൊരു നിസ്‌ക്കാരത്തെ ഖസ്‌റാക്കിയും നിര്‍വ്വഹിക്കാം. ളുഹര്‍ നിസ്‌ക്കാര ശേഷവും അസര്‍ നിസ്‌ക്കാരത്തിനു മുമ്പുമുള്ള സുന്നത്ത് നിസ്‌ക്കാരങ്ങള്‍ അസര്‍ നിസ്‌ക്കാര ശേഷവും മഗ്‌രിബിനു ശേഷവും ഇശാഇനു മുമ്പുള്ള സുന്നത്ത് നിസ്‌ക്കാരങ്ങള്‍ ഇശാ നിസ്‌ക്കാര ശേഷവുമാണ് മുന്തിച്ചും പിന്തിച്ചും ജംആക്കുന്നവര്‍ നിര്‍വ്വഹിക്കേണ്ടത്. ഇശാഇനെ മഗ്‌രിബിലേക്ക് മുന്തിച്ച് ജംആക്കിയവര്‍ക്ക് ജംഇനു ശേഷം മഗ്‌രിബിന്റെ വഖ്തില്‍ തന്നെ വിത്ര്‍ നിസ്‌ക്കരിക്കാം.
ജംഉ തഖ്ദീം
ജംഇന് പാലിച്ചിരിക്കേണ്ട മുമ്പ് പറഞ്ഞ നിബന്ധനകള്‍ക്ക് പുറമേ ജംഉ തഖ്ദീം (മുന്തിച്ച് ജംഅ്) ആക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിബന്ധനകള്‍ :
- ജംഅ് ആക്കുന്നുവെന്ന് കരുതല്‍ :-
- ആദ്യത്തെ നിസ്‌കാരം കൊണ്ടാരംഭിക്കല്‍ :-
- രണ്ടു നിസ്‌ക്കാരങ്ങള്‍ക്കിടയില്‍ തുടര്‍ച്ച ഉണ്ടായിരിക്കല്‍ :- ഒന്നാം നിസ്‌ക്കാരം കഴിഞ്ഞ ഉടനെ വൈകാതെ രണ്ടാമത്തെ നിസ്‌ക്കാരവും നിര്‍വ്വഹിക്കണം.
- രണ്ടാമത്തെ നിസ്‌ക്കാരത്തില്‍ പ്രവേശിക്കുന്നതുവരെ യാത്ര നീണ്ടു നില്‍ക്കണം:-
ഖസ്‌റാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
മുമ്പ് പറഞ്ഞവയ്ക്ക് പുറമെ ഖസ്‌റാക്കി നിസ്‌ക്കരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട നിബന്ധനകള്‍
1 – ഖസ്‌റാക്കി (ചുരുക്കി) നിസ്‌ക്കരിക്കുന്നുവെന്ന് കരുതല്‍:
തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ സന്ദര്‍ഭത്തില്‍ സാധാരണ നിസ്‌കാരത്തിന്റെ നിയ്യത്ത് ചെയ്യുന്ന സമയത്താണ് ഖസ്‌റാക്കി നിസ്‌ക്കരിക്കുന്നു എന്ന് കരുതേണ്ടത്. ഇങ്ങനെ കരുതിയില്ലെങ്കില്‍ ഖസ്ര്‍ ആക്കാന്‍ പാടില്ല. പൂര്‍ത്തിയാക്കി (നാല് റക്അത്ത്) തന്നെ നിസ്‌ക്കരിക്കണം.
2 – പൂര്‍ത്തിയാക്കി നിസ്‌ക്കരിക്കുന്നവരോട് തുടരാതിരിക്കല്‍ :- പൂര്‍ത്തിയാക്കി (നാലുറക്അത്ത്) നിസ്‌ക്കരിക്കുന്ന ഇമാമിനോട് ഖസ്‌റാക്കി (രണ്ടായി ചുരുക്കി) നിസ്‌ക്കരിക്കുന്നവര്‍ തുടരാന്‍ പാടില്ല. ഇനി അങ്ങനെ തുടര്‍ന്നാല്‍ പൂര്‍ത്തിയാക്കി നിസ്‌ക്കരിക്കല്‍ നിര്‍ബന്ധമാണ്.
3 – നിയ്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ഖസ്‌റാക്കി നിസ്‌ക്കരിക്കുമ്പോള്‍ ഉണ്ടാവാതിരിക്കല്‍ :-
ഖസ്‌റാക്കി നിസ്‌ക്കരിക്കുന്നവര്‍ ഖസ്‌റാക്കി നിസ്‌ക്കരിക്കാനാണല്ലോ നിയ്യത്ത് ചെയ്തത് (കരുതിയത്) എന്നാല്‍ നിസ്‌ക്കാരം തീരുന്നതുവരെ ഈ അവസ്ഥ തുടരണം. അതായത് ഖസ്‌റാക്കി നിയ്യത്തു ചെയ്തു നിസ്‌ക്കാരം തുടങ്ങിയ ശേഷം നിസ്‌ക്കാരം അവസാനിക്കുന്നതിനു മുമ്പ് നാല് റക്അത്ത് പൂര്‍ത്തിയാക്കി നിസ്‌ക്കരിക്കാന്‍ കരുതുകയോ പൂര്‍ത്തിയാക്കിയാലോ എന്ന് ആലോചിക്കുകയോ ചെയ്താല്‍ പൂര്‍ത്തിയാക്കി നിസ്‌ക്കരിക്കണം. അതുപോലെ നിസ്‌കാരത്തിന്റെ തുടക്കത്തില്‍ ഖസ്‌റാക്കി നിസ്‌ക്കരിക്കാന്‍ നിയ്യത്ത് ചെയ്തിട്ടുണ്ടോ എന്ന് സംശയിച്ചാലും പൂര്‍ത്തിയാക്കി തന്നെ നിസ്‌ക്കരിക്കണം.
4 – നിസ്‌ക്കാരം തീരുന്നതുവരെ യാത്രയിലായിരിക്കല്‍ :- യാത്ര കഴിഞ്ഞ് മടങ്ങിയവന്‍ നാടിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതോടെ ഖസ്‌റിന്റെ ആനുകൂല്യം കഴിഞ്ഞു. അതുപോലെ ഖസ്‌റാക്കി നിസ്‌ക്കരിക്കുന്നതിനിടയ്ക്ക് യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയോ യാത്ര തുടരണമോ എന്ന് ആലോചിക്കുകയോ ചെയ്താല്‍ പിന്നെ പൂര്‍ത്തിയാക്കി തന്നെ നിസ്‌ക്കരിക്കണം. ഖസ്‌റാക്കരുത്.
5 – ചുരുക്കി നിസ്‌ക്കരിക്കല്‍ അനുവദനീയമാണെന്ന് അറിഞ്ഞിരിക്കല്‍ :-
നിശ്ചിത ദൂരമുള്ള ഹലാലായ യാത്രയില്‍ ചുരുക്കി നിസ്‌ക്കരിക്കാമെന്ന് അറിയാത്ത യാത്രക്കാര്‍ ചുരുക്കി നിസ്‌ക്കരിച്ചാല്‍ നിസ്‌ക്കാരം ശരിയാവുകയില്ല.
പാലിക്കേണ്ട നിബന്ധനകള്‍
ഖസ്‌റും ജംഉം അനുവദനീയമാവണമെങ്കില്‍ ഈ നിബ
ന്ധനകള്‍ ഉണ്ടായിരിക്കണം :-
- ദീര്‍ഘ യാത്രയായിരിക്കണം
- ഉദ്ദിഷ്ട സ്ഥാനം അറിഞ്ഞിരിക്കണം :-
- കുറ്റകരമല്ലാത്ത യാത്രയായിരിക്കണം :-
- യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ പരിധി വിട്ട് കടക്കണം.
ഉദ്ദിഷ്ട സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ ചെന്ന ദിവസവും അവിടെ നിന്നു തിരിച്ചു വരുന്ന ദിവസവും കൂടാതെ നാലു ദിവസം ഖസ്‌റും ജംഉം അനുവദനീയമാകും. എന്നാല്‍ നാലു ദിവസത്തില്‍ കൂടുതല്‍ അവിടെ തങ്ങണമെന്നാണ് ഉദ്ദേശ്യമെങ്കില്‍ ഈ ആനുകൂല്യം എടുക്കാന്‍ പറ്റുകയില്ല.
പതിനെട്ടു ദിവസം വരെ യാത്രാനുകൂല്യം ലഭിക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്.
ഉദാ :- തിരുവനന്തപുരത്ത് നിന്ന് ഒരാള്‍ ഡല്‍ഹിയിലേക്ക് ഒരു ആവശ്യത്തിനു പോയി നാലു ദിവസത്തിനുള്ളില്‍ ആവശ്യം നിര്‍വഹിച്ചു കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ അവന്‍ അവിടെ തങ്ങി. നാല് ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട് തന്നെ ഈ സന്ദര്‍ഭത്തില്‍ യാത്രാനുകൂല്യം അവന് പറ്റാവുന്നതാണ്. എന്നാല്‍ നാലിനും അഞ്ചിനും ആവശ്യം നേടിയില്ല. ഇന്ന് കാര്യം നേടും എന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും അവന്‍ അവിടെ തങ്ങുകയാണ്. ഈ സാഹചര്യത്തില്‍ 18 ദിവസം വരെ ഖസ്ര്‍ ജംഇന്റെ ആനുകൂല്യം അവന് ലഭിക്കും.
ഒരാള്‍ ഖസ്‌റിന്റെ ദൂരം യാത്ര ചെയ്യാന്‍ തീരുമാനിച്ചു. അല്‍പം യാത്ര ചെയ്തപ്പോള്‍ തിരികെ പോരാന്‍ ഉദ്ദേശിച്ചു. ഈ സന്ദര്‍ഭത്തില്‍ ഖസ്‌റും ജംഉം പറ്റുകയില്ല. എന്നാല്‍ ഖസ്‌റിന്റെ ദൂരം യാത്ര ചെയ്യാനുദ്ദേശിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയവന്‍ നാടിന്റെ അതിര്‍ത്തി കഴിഞ്ഞ ശേഷം ഖസ്‌റും ജംഉം ആക്കി നിസ്‌ക്കരിച്ച ശേഷമാണ് യാത്ര വേണ്ടെന്ന് തീരുമാനിച്ചതെങ്കില്‍ മുമ്പ് നിസ്‌ക്കരിച്ച നിസ്‌ക്കാരങ്ങളെ മടക്കി നിസ്‌ക്കരിക്കേണ്ടതില്ല.
ഇനി ഒരാള്‍ ഖസ്‌റിന്റെ ദൂരത്തേയ്ക്ക് യാത്ര ചെയ്തു വഴിയില്‍ നാലു ദിവസത്തില്‍ അധികം തങ്ങി എന്നാല്‍ അവന്റെ യാത്ര അവസാനിച്ചതായി കണക്കാക്കും. പിന്നീട് വീണ്ടും യാത്ര തുടരാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ പിന്നെ അവിടന്നങ്ങോട്ട് ഖസ്‌റിന്റെ ദൂരം (132 കി. മീറ്ററോ അതില്‍ കൂടുതലോ) ഉണ്ടെങ്കിലേ ജംഉം ഖസ്‌റും പറ്റുകയുള്ളൂ.
ഖസ്‌റും ജംഉം
അനുവദനീയമായ യാത്രയില്‍ നിബന്ധന പാലിച്ചുകൊണ്ട് നാലുറക്അത്തുള്ള ഫര്‍ള്വ് നിസ്‌ക്കാരത്തെ രണ്ടായി ചുരുക്കി നിസ്‌ക്കരിക്കുന്നതിനാണ് ഖസ്ര്‍ എന്നു പറയുന്നത്. അതുപോലെ നിബന്ധന പാലിച്ചുകൊണ്ട് ളുഹറിനേയും അസറിനേയും ഒന്നിച്ചും മഗ്‌രിബിനേയും ഇശാഇനേയും ഒന്നിച്ചും നിസ്‌ക്കരിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്. അസറും മഗ്‌രിബും ഒന്നിച്ചോ സുബഹിയും മറ്റു നിസ്‌കാരങ്ങളും ഒന്നിച്ചോ നിസ്‌ക്കരിക്കല്‍ അനുവദനീയമല്ല.
ള്വുഹറിന്റെ സമയത്ത് അസറിനേയും മഗ്‌രിബിന്റെ സമയത്ത് ഇശാഇനേയും മുന്തിച്ച് നിസ്‌ക്കരിക്കുന്നതിന് ജംഅ്തഖ്ദീം (മുന്തിച്ച് ജം ആക്കല്‍) എന്നും അസറിന്റെ സമയത്ത് ള്വഹറിനേയും ഇശാഇന്റെ സമയത്ത് മഗ്‌രിബിനേയും പിന്തിച്ച് നിസ്‌ക്കരിക്കുന്നത് ജംഅ് തഅ്ഖീര്‍ (പിന്തിച്ച് ജംആക്കല്‍) എന്നും പറയുന്നു.
രണ്ടു മര്‍ഹലയോ അതില്‍ കൂടുതലോ അനുവദനീയമായ യാത്ര ചെയ്യുന്നവര്‍ക്കാണ് ഖസ്‌റും ജംഉം അനുവദനീയമാകുന്നത്. രണ്ട് മര്‍ഹല എന്നു പറയുന്നത് ഏകദേശം 132 കിലോമീറ്ററാണ്. മൂന്നു മര്‍ഹലയോ (198 കി.മീ) അതിലധികമോ യാത്ര ചെയ്യുന്നവര്‍ക്ക് ഖസ്‌റാക്കലാണ് ഉത്തമം.
എന്നാല്‍ ഹനഫീ മദ്ഹബില്‍ യാത്രക്കാര്‍ക്ക് ജംഅ് അനുവദനീയമല്ല. ഈ ഒരു വിത്യസ്ത വീക്ഷണവും കൂടി പരിഗണിക്കുമ്പോള്‍ ശാഫിഈ മദ്ഹബുകാരും കഴിയുമെങ്കില്‍ ജംഅ് ഒഴിവാക്കി ഖസ്‌റില്‍ മാത്രം ചുരുക്കലയാരിക്കും നല്ലത്. അല്ല യാത്രയില്‍ നിസ്‌ക്കാരം ഖള്വാ ആയിപ്പോകുമെന്നു കണ്ടാല്‍ ജംഅ് ആക്കി തന്നെ നിസ്‌ക്കരിക്കണം.
ഖബ്‌റില്‍ തീ കത്തുന്നു
ഒരു മുന്‍ഗാമിയായ വ്യക്തിയില്‍ നിന്നുദ്ധരിക്കുന്നു : അദ്ദേഹത്തിന്റെ സഹോദരി മരണപ്പെട്ടപ്പോള്‍ അവളെ ഖബറടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പണസഞ്ചി ഖബ്‌റില്‍ വീണുപോയി. പക്ഷേ അദ്ദേഹമത് അറിഞ്ഞിരുന്നില്ല. ഖബറടക്കം കഴിഞ്ഞ് പിരിഞ്ഞപ്പോഴാണ് അതിനെക്കുറിച്ചോര്‍ത്തത്. അങ്ങനെ അദ്ദേഹം മടങ്ങി വന്ന് ഖബ്‌റുമാന്തി നോക്കുമ്പോള്‍ ഖബ്‌റില്‍ അവളുടെ മേല്‍ തീകത്തുന്നു. പിന്നെയദ്ദേഹം മണ്ണിട്ടു ഖബ്‌റുമൂടിയ ശേഷം വേദനയോടെ കരഞ്ഞുകൊണ്ട് സ്വന്തം ഉമ്മയുടെ സമീപത്തു വന്നു ചോദിച്ചു,
ഓ ഉമ്മാ എന്റെ സഹോദരിയുടെ പ്രവൃത്തി എന്തായിരുന്നുവെന്ന് എന്നെ അറിയിക്കണം.
ഉമ്മ ചോദിച്ചു, അവളെക്കുറിച്ച് നീ ചോദിക്കാന്‍ കാരണമെന്ത് ?
മകന്‍ : ഓ ഉമ്മാ ഖബ്‌റില്‍ അവളുടെ മേല്‍ തീ ആളിക്കത്തുന്നു.
ഉമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു : ഓ എന്റെ മോനെ നിന്റെ സഹോദരി നിസ്‌ക്കരിക്കുന്ന വിഷയത്തില്‍ വീഴ്ച വരുത്തുകയും നിസ്‌ക്കാരത്തെ അതിന്റെ സമയത്തെ തൊട്ടു പിന്തിക്കുകയും ചെയ്തിരുന്നു.
ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രബല ഗ്രന്ഥമായ തുഹ്ഫയുടെ രചയിതാവും ഫത്ഹുല്‍ മുഈനിന്റെ കര്‍ത്താവ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)യുടെ ഗുരുവര്യരുമായ ഇമാം ഇബ്‌നുഹജറില്‍ ഹൈതമി (റ) ഈ സംഭവം സവാജിറില്‍ ഉദ്ധരിച്ച ശേഷം പറഞ്ഞു.
നിസ്‌കാരത്തെ അതിന്റെ സമയത്തെയും വിട്ട് പിന്തിച്ചവര്‍ക്ക് ഈ അവസ്ഥയാണെങ്കില്‍ തീരെ നിസ്‌ക്കരിക്കാത്തവരുടെ അവസ്ഥ എന്തായിരിക്കും?’ (സവാജിര്‍ 1 : 196)