സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 6 July 2015

ഗീബത്ത് അനുവദനീയം

റ്റൊരാളെപ്പറ്റി കുറ്റം പറയല്‍ നീചവും നികൃഷ്ടവുമായ അടവും സംസ്കാര ശൂന്യതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും പ്രത്യക്ഷ ലക്ഷണവുമാണ്. എന്നാല്‍ ചില പ്രത്യേക പരിതസ്ഥിതികളില്‍ അത് അനുവദനീയമായിത്തീരുമെന്നും നാം ഗ്രഹിച്ചിരിക്കേണ്ടതാണ്. അങ്ങനെയുള്ള പരിതസ്ഥിതികള്‍:
(1) ആവലാതി ബോധിപ്പിക്കുക: മര്‍ദ്ദനത്തിനിരയായ ആള്‍ ഭരണാധികാരികളെയോ അഥവാ സമുദായ നേതാക്കളെയോ സമീപിച്ച് മര്‍ദ്ദകന്റെ ദുഷ് ചെയ്തികള്‍ വിവരിക്കുകയും അവന്റെ അക്രമങ്ങള്‍ ഉന്മൂലനം ചെയ്യാനോ അല്ലെങ്കില്‍ ലഘൂകരിക്കാനോ അപേക്ഷിക്കുകയും ചെയ്യുന്നത് മതദൃഷ്ട്യാ അനുവദനീയമാണ്. ഒരാള്‍ ചെയ്ത അക്രമങ്ങള്‍ വിവരിക്കുന്നത് അയാള്‍ക്കനിഷ്ടമായിത്തീരുമെന്നത് ഗൌനിക്കേണ്ടതില്ല. ആത്മരക്ഷക്കുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നതിന് ഇസ്ലാം ഒരിക്കലും വിലങ്ങു നില്‍ക്കുന്നില്ല. നേരെ മറിച്ച് ഭീതിയും അസമാധാനവും മര്‍ദ്ദനവും ഈ ലോകത്തു നിന്ന് നിഷ്കാസനം ചെയ്യാനാണ് ഇസ്ലാം പരിശ്രമിക്കുന്നത്. പരിശുദ്ധഖുര്‍ആന്‍ അരുള്‍ ചെയ്യുന്നു. ‘ദുഷിച്ച വാക്കുകള്‍ വിളിച്ചുപറയുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. എന്നാല്‍ അക്രമത്തിനിരയായ ആളുകള്‍ക്ക് അക്രമികളെ സംബന്ധിച്ചു ആക്ഷേപിക്കാവുന്നതാണ്” (സൂറഃ നിസാഅ്).
(2) മതവിരുദ്ധമായ പ്രവൃത്തികളില്‍ ആരെങ്കിലും ഏര്‍പ്പെട്ടുകാണുമ്പോള്‍ അവനെ അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഴിവുള്ളവരോട് അതുണര്‍ത്താവുന്നതാണ്. ‘അബൂജന്തര്‍’ എന്ന ആള്‍ സിറിയയില്‍ വെച്ചു മദ്യപാനത്തിലേര്‍പ്പെട്ടപ്പോള്‍ പ്രസ്തുത സംഗതി ഖലീഫഃ ഉമറുല്‍ ഫാറൂഖ് (റ) നെ ഒരാള്‍ ഉണര്‍ത്തുകയും അദ്ദേഹത്തെ അതില്‍ നിന്നു വിരമിപ്പിക്കാനുള്ള മാര്‍ഗം ഖലീഫഃ കൈക്കൊള്ളുകയും ചെയ്തു. സംഗതി ഉണര്‍ത്തിയ ആളെ ഖലീഫഃ വെറുക്കുകയോ ഗീബത്ത് പറഞ്ഞുവെന്നുള്ള ആക്ഷേപത്തിന് വിധേയനാക്കുകയോ ചെയ്തില്ല (ഇഹ്യാ, വാല്യം 3, പേജ് 152).
മദ്യപാനം, ചൂതാട്ടം, വ്യഭിചാരം, വഞ്ചന മുതലായ പാപങ്ങള്‍ ജീവിത പദ്ധതികളായി സ്വീകരിച്ച പലരെയും നമുക്കിന്ന് കാണാന്‍ കഴിയും. അത്തരക്കാരെ പ്രസ്തുത കുറ്റങ്ങളില്‍ നിന്ന് വിരമിപ്പിക്കുകയും നിലക്ക് നിര്‍ത്തുകയും ചെയ്യാനുപയുക്തമാകുന്ന ഇത്തരം മാര്‍ഗങ്ങള്‍ നാമും സ്വീകരിക്കേണ്ടതാണ്. ജനപ്രീതിക്കോ സ്വാര്‍ഥ ലാഭങ്ങള്‍ക്കോ വേണ്ടി മൌനം ദീക്ഷിക്കുന്നതായാല്‍ നാമും കുറ്റത്തില്‍ പങ്കാളികളായിത്തീരുമെന്നുള്ള വസ്തുത നാമിന്ന് വിസ്മരിച്ചിരിക്കയാണ്.
(3) ഫത്വാ (മതവിധി) അന്വേഷിക്കുക: ഒരു സംഗതിയെ സംബന്ധിച്ചു പണ്ഢിതന്മാരോട് മതവിധി അന്വേഷിക്കുമ്പോള്‍ ആ സംഗതിയുമായി ബന്ധപ്പെട്ടവരെ ആക്ഷേപിച്ചു സംസാരിക്കേണ്ടിവന്നാല്‍ അങ്ങനെ ചെയ്യുന്നില്‍ തെറ്റില്ല. എന്റെ പിതാവ് എന്നെ മര്‍ദ്ദിച്ചു. എന്റെ ഭര്‍ത്താവ് എന്നോട് ഇന്ന വിധത്തില്‍ പെരുമാറി. എന്റെ ജ്യേഷ്ഠന്‍ എന്നെ ഇപ്രകാരം ദ്രോഹിച്ചു. അതിനെ സംബന്ധിച്ചു മതവിധി എന്താണ്, എന്നിങ്ങനെയുള്ളതെല്ലാം അതിന്റെ ഉദാഹരണങ്ങളില്‍ പെട്ടതാണ്. ഒരു പിതാവ്, ഒരു ഭര്‍ത്താവ്, ഒരുസഹോദരന്‍ എന്നിങ്ങനെയുള്ള അവ്യക്ത പദങ്ങള്‍ മതിയാകുമെങ്കിലും സംഗതി വ്യക്തമാക്കി ഗ്രഹിപ്പിച്ചുകൊടുക്കുകയാണ് യഥാര്‍ഥ വിധി നല്‍കാന്‍ മുഫ്തിക്ക് കൂടുതല്‍ സഹായകമായിത്തീരുക.
ഇന്ന് പലരും ചെയ്യാറുള്ളതുപോലെ ‘കാള പെറ്റു’വെന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുക’ എന്നു പറയുന്ന സമ്പ്രദായമല്ല മുഫ്തി സ്വീകരിക്കേണ്ടത്. സംഗതിയുമായി ബന്ധപ്പെട്ട ആളുകളെയും അതിന്റെ ചുറ്റുപാടുകളെയും യഥാര്‍ഥ രൂപങ്ങളെയും വിശകലനം ചെയ്തിട്ടു മാത്രമേ ഫത്വക്ക് ഒരുങ്ങിക്കൂടൂ. നാട്ടില്‍ ഒരു സംഭവം നടക്കുകയും അതിനെ സംബന്ധിച്ചു രണ്ടാളുകള്‍ രണ്ട് രൂപത്തില്‍ ചോദ്യം നടത്തുകയും ചെയ്യുന്നു. രണ്ടാളുടെ ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി രണ്ട് വിധമായിത്തീരുന്നു. നാട്ടുകാര്‍ തമ്മില്‍ ഭിന്നിപ്പായി ശണ്ഠയായി, ലഹളയായി, ഇത്തരം സംഭവങ്ങള്‍ അസംഖ്യങ്ങളുണ്ട്.
ബഹുമാന്യനായ മുഫ്തി കൂലങ്കശമായി ചിന്തിക്കുകയും സംഗതിയുടെ യാഥാര്‍ഥ്യം ശരിക്കും ഗ്രഹിക്കുകയും ചെയ്തതിനു ശേഷമാണ് ഫത്വക്ക് തയ്യാറായിരുന്നതെങ്കില്‍ ഇത്തരം അനാശാസ്യ സംഭവങ്ങള്‍ക്കിടയാകയില്ലായിരുന്നു.
ഒരിക്കല്‍ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ന്റെ ഭാര്യ സൈനബ (റ) യും അന്‍സ്വാരികളില്‍പ്പെട്ട മറ്റൊരു സ്ത്രീയും ഒരു മസ്അല അറിയാന്‍ നബി (സ്വ) യുടെ അടുക്കലേക്ക് പോയി. നബി (സ്വ) യോട് നേരില്‍ ചോദിക്കാന്‍ അവര്‍ക്ക് സൌകര്യപ്പെട്ടില്ല. അവര്‍ രണ്ടുപേരും ബിലാല്‍ (റ) നെ വിളിച്ചു ഇങ്ങനെ പറഞ്ഞു: ‘താങ്കള്‍ ഞങ്ങളുടെ ചോദ്യം നബി (സ്വ) യെ അറിയിച്ചുകൊടുക്കുകയും അതിന്റെ മറുപടി ഞങ്ങളെ അറിയിക്കുകയും വേണം. ഞങ്ങളുടെ പേര് പറയേണ്ടതില്ല. ബിലാല്‍ (റ) പ്രസ്തുത അപേക്ഷ സ്വീകരിക്കുകയും നബി (സ്വ) യെ സമീപിച്ചു ചോദ്യം വിവരിച്ചുകൊടുക്കുകയും ചെയ്തു. നബി (സ്വ) പറഞ്ഞു: ചോദിക്കുന്ന ആള്‍ ആരാണ്? ബിലാല്‍ (റ) പറഞ്ഞു: അന്‍സ്വാരികളില്‍പ്പെട്ട ഒരു സ്ത്രീയും സൈനബയും. നബി (സ്വ) ചോദിക്കുന്നു. സൈനബയെന്നുപേരുള്ള സ്ത്രീകള്‍ പലരുമുണ്ടല്ലോ. ഏതു സൈനബയാണ് ചോദിക്കുന്നത്. ബിലാല്‍ (റ) പറഞ്ഞു: അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ ഭാര്യ സൈനബ (മുസ്ലിം). ചോദ്യത്തിന്റെ ചുറ്റുപാട് ശരിക്കും ഗ്രഹിച്ചിരിക്കണമെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.
ഉത്ബതിന്റെ മകള്‍ ഹിന്ദ് (റ) നബി (സ്വ) യോട് ഇങ്ങനെ ചോദിച്ചു: ‘അല്ലയോ അല്ലാഹുവിന്റെ ദൂതരേ, എന്റെ ഭര്‍ത്താവ് അബൂസുഫ്യാന്‍ വലിയ ലുബ്ധനാണ്. എനിക്കും കുട്ടികള്‍ക്കും മതിയാവുന്നത്ര അദ്ദേഹം ചെലവഴിക്കുന്നില്ല. അദ്ദേഹത്തിന്റെ അറിവില്‍പ്പെടാതെ വല്ലതും അദ്ദേഹത്തിന്റെ ധനത്തില്‍ നിന്നും ഞാനെടുത്തിട്ടുവേണം സംഗതികള്‍ മുഴുമിപ്പിക്കാന്‍. അങ്ങനെ ഞാന്‍ ചെയ്യുന്നത് അനുവദനീയമാണോ?’
നബി (സ്വ) പറഞ്ഞു: ‘അമിതമല്ലാത്ത രൂപത്തില്‍ നീ അദ്ദേഹത്തിന്റെ ധനത്തില്‍ നിന്നെടുക്കുന്നതില്‍ തെറ്റില്ല. (മുത്തഫഖ് അലൈഹി) ഇവിടെ ഭര്‍ത്താവിനെപ്പറ്റി പരാതി പറഞ്ഞത് ഗീബത്തിന്റെ വകുപ്പില്‍പ്പെടില്ല.
(4) വഞ്ചകന്മാര്‍, മതദ്രോഹികള്‍, ജനദ്രോഹികള്‍, സ്വാര്‍ഥ തത്പരന്മാര്‍, തെമ്മാടികള്‍ മുതലായവരുടെ നാശങ്ങളില്‍ നിന്നു സമുദായത്തെയോ വ്യക്തികളെയോ രക്ഷിക്കാനായി അവരുടെ ന്യൂനതകള്‍ ജനമദ്ധ്യേ പരസ്യമാക്കുന്നതും നിഷിദ്ധമായ ഗീബത്തില്‍ ഉള്‍പ്പെടുന്നില്ല. നേരെ മറിച്ചു അങ്ങനെ ചെയ്യല്‍ നിര്‍ബന്ധം കൂടിയാണ്.
ഒരാള്‍ നബി (സ്വ) യുടെ അടുക്കലേക്ക് പ്രവേശിക്കാനായി അനുമതിക്കപേക്ഷിച്ചു. അവന് അനുമതി നല്‍കാന്‍ അവിടുന്ന് അനുയായികളോടാജ്ഞാപിക്കുകയും ചെയ്തു. ആ വരുന്ന ആള്‍ അദ്ദഹത്തിന്റെ കുടുംബാംഗങ്ങളില്‍ വെച്ചു ഏറ്റവും മോശക്കാരനാണെന്ന് അവനെ സംബന്ധിച്ച് മുന്‍കൂട്ടി നബി (സ്വ) പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. (മുത്തഫഖ് അലൈഹി) ആഗതനെ അധിക്ഷേപിച്ചുകൊണ്ട് നബി (സ്വ) സംസാരിച്ചതിന്റെ ഉദ്ദേശ്യം അവിടെ സന്നിഹിതരായ ആളുകള്‍ അവനുമായി വളരെ സൂക്ഷിച്ചിട്ടുവേണം പെരുമാറാന്‍ എന്നുണര്‍ത്തിക്കൊടുക്കാനായിരുന്നു.
ഒരാള്‍ മറ്റൊരാളുമായി വിവാഹബന്ധത്തിലോ അല്ലെങ്കില്‍ കൂറു കച്ചവടത്തിലോ അല്ലെങ്കില്‍ മറ്റു വല്ല കാര്യങ്ങളിലോ ഏര്‍പ്പെടാനുദ്ദേശിക്കുമ്പോള്‍ അവനില്‍ ആക്ഷേപകരമായിക്കാണുന്ന സംഗതികള്‍ തുറന്നുപറയല്‍ അവനെ സംബന്ധിച്ചു പരിചയമുള്ള ആളുകള്‍ക്ക് നിര്‍ബന്ധമാണ്. അനാചാരികള്‍, ദുര്‍വൃത്തര്‍ മുതലായവരുമായി വല്ല ആളും സമ്പര്‍ക്കം പുലര്‍ത്തുന്നതായി കാണുമ്പോള്‍ അവരുടെ യഥാര്‍ത്ഥ നിലപാട് വ്യക്തമാക്കിക്കൊടുക്കണം.
ചരക്കുകളില്‍ കൃത്രിമം ചെയ്യുകയോ അല്ലെങ്കില്‍ സാധനങ്ങളുടെ ന്യൂനത മറച്ചുവെക്കുകയോ ചെയ്തു വില്‍പ്പന നടത്തുന്നതുകണ്ടാല്‍ വാങ്ങുന്ന ആളുകളെ പ്രസ്തുത സംഗതി ഉണര്‍ത്തിച്ചുകൊടുക്കല്‍ യാഥാര്‍ഥ്യമറിയുന്ന ഓരോ ആള്‍ക്കും കടമപ്പെട്ടിരിക്കുന്നു. ഖൈസ് മകള്‍ ഫാത്വിമഃ (റ) പറയുന്നു: ‘എന്റെ ആദ്യഭര്‍ത്താവ് ഞാനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. പുനര്‍വിവാഹ ഘട്ടമെത്തിയപ്പോള്‍ മുആവിയതുബ്നു അബീസുഫ്യാന്‍, അബൂജഹ്മഃ എന്നീ രണ്ടു സ്വഹാബികള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തി. സംഗതി ഞാന്‍ നബിയെ ഉണര്‍ത്തി. അവിടുന്ന് ഇങ്ങനെ പറഞ്ഞു: ‘അബൂജഹ്മ്ഃ ഭാര്യമാരെ തല്ലിക്കൊണ്ടിരിക്കുന്ന ആളാണ്. മുആവിയയാകട്ടെ ദരിദ്രനും. നീ ഉസാമതുബ്നു സൈദുമായി വിവാഹത്തിലേര്‍പ്പെട്ടുകൊള്ളുക’ (മുസ്ലിം).
(5) മതനിഷിദ്ധമായ സംഗതികള്‍, അഭിമാനപുരസ്സരം പരസ്യമാക്കി ആരെങ്കിലും പ്രവര്‍ത്തിക്കുമ്പോള്‍ പ്രസ്തുത പ്രവര്‍ത്തികള്‍ എടുത്തു പറയുന്നതില്‍ വിരോധമില്ല. എന്തുകൊണ്ടെന്നാല്‍ അഭിമാനകരങ്ങളായി കാണുന്ന പ്രവൃത്തികള്‍ എടുത്തുപറയുന്നതില്‍ ആര്‍ക്കും അനിഷ്ടമുണ്ടാകയില്ലല്ലോ.
(6) മുടന്തന്‍, കുരുടന്‍ എന്നിങ്ങനെയുള്ള പേരില്‍ ആരെങ്കിലും പ്രസിദ്ധപ്പെടുമ്പോള്‍ ജനങ്ങള്‍ക്കു ആളെ മനസ്സിലാക്കിക്കൊടുക്കാനായി അങ്ങനെയുള്ള പേരുകള്‍ വിളിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, വിളിക്കപ്പെടുന്ന ആള്‍ക്ക് അനിഷ്ടമുണ്ടെന്നറിഞ്ഞാല്‍ അതുപേക്ഷിക്കണം. മേല്‍ പ്രസ്താവിക്കപ്പെട്ട ഇനങ്ങളെല്ലാം തന്നെ അനുവദനീയങ്ങളായിത്തീരണമെങ്കില്‍ അവഹേളിക്കുക എന്നുള്ള ഉദ്ദേശ്യമില്ലാതിരിക്കണമെന്ന് പ്രത്യേകം ഓര്‍മിക്കേണ്ടതാണ്.