സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 7 July 2015

മൈതാന നിസ്‌കാരം അഥവാ ഈദ് ഗാഹ്

വിശുദ്ധിയുടെ ധന്യനാളുകള്‍ക്ക് ശേഷം ചെറിയ പെരുന്നാള്‍. ഭക്തിയും സന്തോഷവും നിറഞ്ഞൊഴുകേണ്ട പെരുന്നാള്‍ സുദിനത്തില്‍ വിശ്വാസികള്‍ ചെയ്യേണ്ട ചില കര്‍മ്മങ്ങളെക്കുറിച്ച് അറിയുക ഗുണകരമാണ്.
പെരുന്നാള്‍ ദിവസം പരസ്പരം ആശംസകള്‍ നേരുന്നത് പുണ്യമുള്ളതാണ്. ആശംസകള്‍ക്ക് ഏതു നല്ല വാക്കുകളുമാകാം. മുസാഫഹത്ത് ചെയ്യുന്നതും നല്ലതാണ്. ഇതുപരസ്പര സ്‌നേഹവും ബന്ധവും ഊട്ടിയുറപ്പിക്കാന്‍ കാരണമാകും. (ശര്‍വാനി 3/56)

പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രത്യേകമായുള്ള തക്ബീറുകള്‍ ചൊല്ലിത്തുടങ്ങുകയോ തീര്‍ക്കുകയോ ചെയ്യുന്നതിനുമുമ്പ് ഇമാം ഓത്തില്‍ പ്രവേശിച്ചാല്‍ മഅ്മൂമിന് ബാക്കി ചൊല്ലാന്‍ പറ്റില്ല. അയാള്‍ ഇമാമിന്റെ ഓത്ത് ശ്രദ്ധിക്കണം. ശേഷം അയാള്‍ ഫാതിഹ ഓതണം. (തുഹ്ഫ 3/44,45) പോകുന്ന വഴി ദീര്‍ഘമുള്ളതാകലാണ് ഉത്തമം. ദീര്‍ഘത്തിന്റെ തോതനുസരിച്ച് പ്രതിഫലം കൂടും. (ശര്‍വാനി 3/49)
ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന്റെ മുമ്പ് എന്തെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്യല്‍ സുന്നത്താണ്. അതിന് സൗകര്യമായില്ലെങ്കില്‍ വഴിയില്‍വെച്ചോ നിസ്‌കാരസ്ഥലത്തുവെച്ചോ ചെയ്യണം. ഇതൊഴിവാക്കല്‍ കറാഹത്താണ്. (തുഹ്ഫ 3/50)

പെരുന്നാള്‍ നിസ്‌കാരത്തില്‍ ഉറക്കെ ഓതല്‍ സുന്നത്താണ്. ഖളാഉകാരനും ഒറ്റക്കു നിസ്‌കരിക്കുന്നവനും ഇത് സുന്നത്തുതന്നെ. (ശര്‍വാനി 3/45) പെരുന്നാള്‍ നിസ്‌കാരത്തിന് ഇമാം കൃത്യസമയത്ത് എത്തലാണ് സുന്നത്ത്. ആദ്യസമയത്ത് എത്തുന്ന പ്രതിഫലം ഇതിനാല്‍ ഇമാമിന് നഷ്ടമാവില്ല. കാരണം ഇത് നബിചര്യയാണ്. (തുഹ്ഫ 3/49)
പെരുന്നാള്‍ നിസ്‌കാരത്തിന്റെ തക്ബീറുകള്‍ ഉറക്കെ ചൊല്ലണം. ഖളാഅ് വീട്ടുകയാണെങ്കിലും ഉറക്കെയാക്കണം. തക്ബീറുകളുടെ ഇടയിലുള്ള ദിക്‌റുകള്‍ പതുക്കെയാണ് ചൊല്ലേണ്ടത്. (തുഹ്ഫ 3/41) പെരുന്നാള്‍ ദിവസം വെള്ളിയാഴ്ചയായാല്‍ തക്ബീറില്‍ മുഴുകലാണ് അല്‍കഹ്ഫിലും സ്വലാത്തിലും മുഴുകുന്നതിനെക്കാള്‍ പുണ്യം. (തുഹ്ഫ 3/51) സ്ത്രീകള്‍ക്കും പെരുന്നാള്‍ നിസ്‌കാരം സുന്നത്താണ്. അവര്‍ അന്യപുരുഷന്മാരുടെ ജമാഅത്തില്‍ പങ്കെടുക്കരുത്. സ്ത്രീകള്‍ ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ അവര്‍ക്ക് ഖുതുബയില്ല. എന്നാലും ഒരു സ്ത്രീ അല്‍പ്പം ഉപദേശം നല്‍കുന്നതിന് വിരോധമില്ല. നല്ലതാണ്. (തുഹ്ഫ ശര്‍വാനി 3/40)
ദന്തശുദ്ധീകരണം, ദുര്‍ഗന്ധം ഒഴിവാക്കല്‍, മീശവെട്ടല്‍, കൈകാലിലെ നഖം മുറിക്കല്‍, കക്ഷ-ഗുഹ്യരോമം നീക്കല്‍ മുതലായവ പെരുന്നാളിനെ മാനിച്ച് പ്രത്യേകം ചെയ്യേണ്ടതാണ്. (തുഹ്ഫ 3/47)
പെരുന്നാള്‍ നിസ്‌കാരം ഉപേക്ഷിക്കല്‍ കറാഹത്താണ്. (ശര്‍വാനി 3/39) പെരുന്നാള്‍ ഖുതുബക്ക് വേണ്ടി ഖതീബ് നില്‍ക്കുംമുമ്പ് മിമ്പറില്‍ വിശ്രമത്തിന്റെ ഇരുത്തം സുന്നത്താണ്. സാധാരണ ജുമുഅ ബാങ്കിന്റെയത്ര സമയമിരിക്കണം. (ഫത്ഹുല്‍മുഈന്‍ 110)

സ്ത്രീകള്‍ക്കും പെരുന്നാള്‍ തക്ബീര്‍ സുന്നത്താണ്. അവര്‍ അന്യപുരുഷന്മാരുടെ സാന്നിധ്യത്തില്‍വെച്ച് ശബ്ദത്തോടെ ചൊല്ലരുത്. തനിച്ചോ, മഹ്‌റമിന്റെ അടുത്തുവെച്ചോ ശബ്ദമുയര്‍ത്തി ചൊല്ലാം. പുരുഷന്മാര്‍ എല്ലാ സമയത്തും ഉച്ചത്തില്‍ ചൊല്ലല്‍ പ്രത്യേക സുന്നത്തുതന്നെയാണ്. (ശര്‍വാനി 3/51)
പെരുന്നാള്‍ നിസ്‌കാരത്തിന് വീട്ടില്‍നിന്ന് പുറപ്പെടുന്നതും തിരിച്ചുപോകുന്നതും വ്യത്യസ്ത വഴിയിലൂടെയായിരിക്കല്‍ പ്രത്യേകമുള്ളതാണ്. (തുഹ്ഫ 3/49) നിസ്‌കരിക്കാന്‍ പാടില്ലാത്ത സമയമായ സൂര്യനുദിച്ചയുടനെ പെരുന്നാള്‍ നിസ്‌കരിക്കുന്നതിന് വിരോധമില്ല. (ശര്‍വാനി 3/40)
തക്ബീറതുല്‍ ഇഹ്‌റാമല്ലാത്ത മറ്റു തക്ബീറുകളുടെ കാര്യത്തില്‍ സംശയമുണ്ടായാല്‍ കുറഞ്ഞ എണ്ണം അവലംബിച്ച് ബാക്കി പൂര്‍ത്തിയാക്കണം. (ശര്‍വാനി 3/41)
തക്ബീര്‍

പെരുന്നാള്‍ രാവ് മഗ്‌രിബ് മുതല്‍ ഇമാം പെരുന്നാള്‍ നിസ്‌കാരത്തിന് തക്ബീറതുല്‍ ഇഹ്‌റാം ചൊല്ലുന്നതുവരെ തുടര്‍ച്ചയായി തക്ബീര്‍ സുന്നത്തുണ്ട്. (വിസര്‍ജന സ്ഥലവും തത്തുല്യവും ഒഴിച്ച് എവിടെവെച്ചും, എപ്പോഴും) സ്ത്രീകളുടെയും നപുംസകങ്ങളുടെയും തക്ബീര്‍ അന്യപുരുഷന്മാരുടെ സാന്നിധ്യത്തില്‍ ശബ്ദം ഉയര്‍ത്തി ആവരുത്. സ്ത്രീയും അവളുടെ ശബ്ദവും അന്യപുരുഷന് ആസ്വദിക്കാനുള്ളതല്ലല്ലോ. ബലിപെരുന്നാളിനോട് അനുബന്ധിച്ച് അറഫാദിനം സുബ്ഹി മുതല്‍ അയ്യാമുത്തശ്‌രീഖ് അവസാന ദിവസം അസറ് വരെ എല്ലാ നിസ്‌കാരാനന്തരവും ദുല്‍ഹിജ്ജ ഒന്നുമുതല്‍ പത്തുവരെ ദിവസങ്ങളില്‍ ആട്, മാട് ഒട്ടകത്തെ കാണുമ്പോഴും തക്ബീര്‍ പ്രത്യേകം സുന്നത്തുണ്ട്.
പെരുന്നാളിനോട് അനുബന്ധിച്ച് കുളിയുണ്ട്. സ്ത്രീക്കും കുളി സുന്നത്താണ്. പെരുന്നാള്‍ രാവ് പകുതിയായത് മുതല്‍ സമയം ആരംഭിച്ചു. പുതിയതും വിലകൂടിയതുമായ ഡ്രസ്സ്, സുഗന്ധം ഇവ സുന്നത്താണ്. നിസ്‌കാരത്തിന് പുറപ്പെടുന്നതിന് ദൂരം കൂടിയ വഴിക്കായാല്‍ കാലടിയുടെ എണ്ണം കണ്ട് കൂലി വര്‍ധിച്ചുകിട്ടും.
നിസ്‌കാരം

ചെറിയ പെരുന്നാള്‍ നിസ്‌കാരം ആരംഭിക്കേണ്ടത് ലഘുഭക്ഷണത്തിന് ശേഷവും ബലിപെരുന്നാള്‍ അല്ലാതെയുമാണ്. നിസ്‌കാരത്തിന് വാഹനം കയറി വരുന്നതല്ല ഗുണം. നിസ്‌കാരത്തിന് മഅ്മൂമുകള്‍ കാലത്തേ എത്തുന്നതാണ് സുന്നത്ത്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെ അത്ര പൊങ്ങിയ ശേഷം (ഏതാണ്ട് 20 മിനിറ്റ്) സാധാരണ സുന്നത്തുകള്‍ അനുവദിക്കപ്പെടുന്നു. തഹിയ്യത്ത് എപ്പോഴും അനുവദനീയമാണ്. ആകയാല്‍ മഅ്മൂമുകള്‍ക്ക് പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പ് ഒന്നും നിസ്‌കരിക്കാന്‍ പാടില്ല എന്ന ധാരണ തെറ്റാണ്. ഇമാമിന് ഒന്നും നിസ്‌കരിക്കാതെ നേരെ പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രവേശിക്കല്‍ തന്നെയാണ് സുന്നത്ത്.
പരപുരുഷന്മാര്‍ പങ്കെടുക്കുന്ന ഒരു സംഘ നിസ്‌കാരത്തിലും സ്ത്രീകള്‍ സംബന്ധിക്കരുത്. ജുമുഅ ജമാഅത്ത് ഈദ് ജമാഅത്ത് എല്ലാറ്റിലും ഇത് ബാധകമാകുന്നു. പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത് കാണുക: ''ആശിക്കപ്പെടുന്നവളാവുകയോ അഴക്, സുഗന്ധം ഉള്ളവളാകുകയോ ചെയ്താല്‍ അവരെ വരുന്നത് തടയാന്‍ ഇമാമിനധികാരമുണ്ട്.' (തുഹ്ഫ)
രക്ഷിതാവ്, ഭര്‍ത്താവ് ഇവരുടെ സമ്മതമില്ലാതെയും അവളില്‍നിന്നോ അവളുടെ മേലിലോ ഫിത്‌ന ഭയപ്പെടലോടെയും പുറപ്പെടുന്നത് അവര്‍ക്ക് ഹറാമാണ്. പുറപ്പെടാന്‍ അനുമതി കൊടുക്കുന്നവന് പുറപ്പെടുന്നതിന്റെ വിധിതന്നെ. ഇന്ന് ഫിത്‌ന ഉറപ്പായതിനാല്‍ പുറപ്പെടല്‍ ഹറാമുതന്നെ. പെരുന്നാള്‍ നിസ്‌കാരം ഒറ്റക്ക് നിസ്‌കരിക്കാം. പെരുന്നാള്‍ നിസ്‌കാരം അടിമ, സ്ത്രീ എന്നിവര്‍ക്ക് സുന്നത്തുണ്ട്. യാത്രക്കാരുടെ ഇമാമിന് ഖുതുബ സുന്നത്തുണ്ട്. സൂര്യന്‍ ഒരു കുന്തത്തിന്റെ ഉയരം പൊങ്ങിയിട്ടാണ് നിസ്‌കാരം സുന്നത്ത്. (സൂര്യന്‍ ഉദിച്ച് 20 മിനിട്ട് കഴിഞ്ഞ്)

പെരുന്നാള്‍ നിസ്‌കാരം പള്ളിയിലാവുന്നതാണ് ഉത്തമം. പള്ളിയാണല്ലോ മുസ്‌ലിംകളുടെ ആരാധനാലയം. പള്ളിക്കുള്ള മഹത്വവും പ്രാധാന്യവും പള്ളിയുടെ വൃത്തിയും കൂടുതല്‍ ഭക്തി ലഭിക്കാനുള്ള സാഹചര്യവുമെല്ലാം ഈ വിധിക്കു നിമിത്തമായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. മക്കയില്‍ ഇക്കാലമത്രയും മഹാന്മാരായ ഇമാമുമാര്‍ മസ്ജിദുല്‍ ഹറമില്‍വെച്ചുതന്നെയാണ് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചതെന്ന് അല്‍ മുഹദ്ദബില്‍ കാണാം. എന്നാല്‍ റസൂല്‍ (സ) പെരുന്നാള്‍ നിസ്‌കാരം മൈതാനിയില്‍വെച്ച് നിര്‍വഹിച്ചിരുന്നുവെന്ന് ഹദീസില്‍ കാണാം. പക്ഷേ, ഇത് പള്ളിയിലാണുത്തമമെന്ന വിധിക്കെതിരല്ല. തിരുനബി മൈതാനി തിരഞ്ഞെടുക്കുന്നത് മസ്ജിദുന്നബവി അത്രയും വിശാലമല്ലാതിരുന്നതുകൊണ്ടാണ്. പ്രവാചകരുടെ കാലത്തെ പള്ളി ഇന്നത്തെ പള്ളികളെ പോലെ ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിരുന്നില്ല. പതിവില്‍ കവിഞ്ഞ ആളുകള്‍ പെരുന്നാള്‍ നിസ്‌കാരത്തിനു വന്നെത്തുമ്പോള്‍ പള്ളിയില്‍ തിരക്കനുഭവപ്പെടുന്നു.
പെരുന്നാള്‍ നിസ്‌കാരത്തിനു മൈതാനം ഉചിതമായിരുന്നുവെങ്കില്‍ പ്രവാചകര്‍(സ) അത് നേരിട്ടു പഠിപ്പിക്കുമായിരുന്നു. അങ്ങനെയൊരു നിര്‍ദേശം എവിടെയും കാണുന്നില്ല. പള്ളിതന്നെയാണ് ശ്രേഷ്ഠം എന്ന് ഇത് വ്യക്തമാകുന്നു. ഇവ്വിഷയകമായ തെളിവുകള്‍ വിലയിരുത്തി ഇമാം നവവി(റ) പറയുന്നതുകാണുക: ''പ്രബലമായ അഭിപ്രായം പെരുന്നാള്‍ നിസ്‌കാരം പള്ളിയില്‍വെച്ചു തന്നെ നിര്‍വഹിക്കണമെന്നാണ്. പള്ളി വിശാലമായിരിക്കെ മൈതാനിയില്‍ നിസ്‌കരിക്കുന്നത് അത്യുത്തമമായതിനെ ഉപേക്ഷിക്കലാണ്.

പെരുന്നാള്‍ നിസ്‌കാരത്തിന് സ്ത്രീകള്‍ പങ്കെടുക്കുന്നതിന്റെ വിധിയും നാം അറിഞ്ഞിരിക്കണം. സ്ത്രീകള്‍ ഈ നിസ്‌കാരത്തിന് പങ്കുകൊള്ളണമെന്നതിന് ഒരു തെളിവും കാണാന്‍ സാധിക്കുകയില്ല. ഇസ്‌ലാമിന്റെ ആദ്യകാലത്തു സ്ത്രീകള്‍ പള്ളിയില്‍ വന്നിരുന്നുവെന്നത് നിഷേധിക്കുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് ആ അവസ്ഥക്കു മാറ്റം വന്നിട്ടുണ്ട്. തിരുനബി(സ)യുടെ വഫാത്തിന് മുമ്പുതന്നെ ഈ വിഷയത്തില്‍ വിലക്കുവന്നിട്ടുണ്ട്. ധാരാളം ഹദീസുകളില്‍ ഇക്കാര്യം വ്യക്തമാണ്. സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്ന കാലത്തുപോലും പ്രവാചക പത്‌നിമാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പങ്കെടുത്തതിന് രേഖകാണുന്നില്ല. പത്തുലക്ഷത്തില്‍ പരം ഹദീസുകള്‍ പഠിച്ചുപരതിയ ഇമാം ശാഫിഈ(റ) ഈ വസ്തുത സമര്‍ഥിച്ചിട്ടുണ്ട്. ആ അഭിപ്രായത്തെ ഖണ്ഡിക്കാന്‍ പില്‍ക്കാലത്ത് ഒരു ജ്ഞാനിക്കും സാധിച്ചിട്ടില്ല. പെരുന്നാള്‍ നിസ്‌കാരത്തിനു മാത്രമല്ല, ഒരു നിസ്‌കാരത്തിനും നബിപത്‌നിമാരില്‍ ഒരാള്‍ പോലും ഇതര സ്വഹാബാക്കളോടൊപ്പം പ്രവാചകന്റെ സദസ്സുകളില്‍ പങ്കെടുത്തതായി രേഖയില്ല.

സ്ത്രീകള്‍ പള്ളിയില്‍ വന്നുവെന്നു പറയുന്ന ഹദീസുകളില്‍ തന്നെ അതിനു വ്യക്തമായ മറുപടിയും കാണാവുന്നതാണ്. പെരുന്നാള്‍ നിസ്‌കാരത്തിന് സ്ത്രീകള്‍ ഹൈളുകാരികളടക്കം രംഗത്തിറങ്ങിയ ഒരു ഹദീസ് കാണാം. ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രവാചകന്‍ പുറപ്പെടുവിച്ച ഒരു ആഹ്വാനത്തെ തുടര്‍ന്നായിരുന്നു അത്. മുസ്‌ലിം ജനസംഖ്യ ശത്രുക്കള്‍ക്കു ബോധ്യപ്പെടുത്തിക്കൊടുക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനുമായിരുന്നു അത്. ആര്‍ത്തവകാരികള്‍ വരെ എത്തണമെന്ന് പറഞ്ഞത് ഇതുകൊണ്ടാണ്. ഇസ്‌ലാമിന്റെ ആദ്യകാലത്തായിരുന്നു ഈ സംഭവം. എന്നാല്‍ ഹിജാബിന്റെ വിധി പൂര്‍ണമാക്കുന്ന ''നിങ്ങള്‍ ഭവനാന്തര്‍ഭാഗത്ത് ഒതുങ്ങിക്കൂടുക'' എന്നര്‍ത്ഥം വരുന്ന ആയത്തവതീര്‍ണമാകുന്നത് ഹിജ്‌റ വര്‍ഷം ഒമ്പതിനാണ്.
പ്രവാചകന്റെ അവസാനകാല നിലപാട് സ്ത്രീ രംഗപ്രവേശനത്തിനു വിരുദ്ധമായിരുന്നു എന്നു കാണാം. ഒറ്റപ്പെട്ട സംഭവമായി ചരിത്രത്തില്‍ കാണുന്ന ആതിഖാ ബീവിയുടെ പള്ളിപ്രവേശനം അവര്‍ തന്നെ അവസാനിപ്പിച്ചപ്പോള്‍ ഈ അധ്യായത്തിന് ഇസ്‌ലാമിക ചരിത്രത്തില്‍ അന്ത്യം കുറിക്കുകയായിരുന്നു. ഇങ്ങനെ പ്രവാചകന്റെയും സച്ചരിതരായ സ്വഹാബത്തിന്റെയും കാലത്ത് തിരശ്ശീല വീണ ഒരാചാരത്തെ പിന്നെയും ഉയര്‍ത്തിക്കൊണ്ടുവരുന്നത് അനാചാരം തന്നെയാണ്.
പൂര്‍വ്വകാലത്തെ അപേക്ഷിച്ച് ഇക്കാലത്ത് സ്ത്രീകളുടെ പള്ളിപ്രവേശം ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് സ്ത്രീകളുടെ പള്ളിപ്രവേശം ഉപേക്ഷിക്കല്‍ പുണ്യമാണെന്ന് ഇമാം നവവി(റ) പറഞ്ഞിട്ടുണ്ട്. പ്രമുഖ പണ്ഡിതനായ ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) പറഞ്ഞത് ഇക്കാലത്ത് സ്ത്രീ പള്ളിപ്രവേശം ഹറാമാണെന്നാണ്. ഈയടിസ്ഥാനത്തില്‍ സ്ത്രീകള്‍ പെരുന്നാള്‍ നിസ്‌കാരവും അവരുടെ വീട്ടില്‍വെച്ചു നിര്‍വഹിക്കുന്നതാണുത്തമം. മുപ്പതു ദിവസത്തെ വ്രത വിശുദ്ധി കളങ്കപ്പെടുത്താന്‍ ഇബ്‌ലീസ് പ്രേരണയോടെ വരുന്ന ഈ പള്ളിപ്രവേശന വാദം തള്ളിക്കളയുക