സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 12 July 2015

വിധിയുടെ അത്താണി

നാം എത്രനേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയാണെങ്കിലും ചിലപ്പോള്‍ അത് പരാജയപ്പെടുന്നു. അപ്രതീക്ഷിതമായി ചില മഹാകൃത്യങ്ങള്‍ ഒരു മുന്‍ നിശ്ചയവുമില്ലാതെ നമുക്കു ചെയ്യാന്‍ കഴിയുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന പലതും നമ്മെ നിരാശപ്പെടുത്താറുണ്ട്. നിരാശയോടെ കൈയൊഴിഞ്ഞ പലതും പുത്തന്‍ പ്രതീക്ഷകളുയര്‍ത്തി നമ്മെ ആശ്ചര്യപ്പെടുത്താറുണ്ട്.
ഭൂമിയുടെ നിയന്ത്രണത്തില്‍ നമുക്ക് യാതൊരു സ്വാധീനവുമില്ല. ഭൂമി മണിക്കൂറില്‍ 1000 മൈല്‍ വേഗതയില്‍ കറങ്ങുന്നു. എവിടുന്നാണതിന് ഊര്‍ജം ലഭിക്കുന്നത്. ആരാണീ കറക്കത്തെ നിയന്ത്രിക്കുന്നത്. മനുഷ്യന്‍ പിറക്കുന്നത് തന്റെ ഇംഗിതാനുസരണമല്ല. തനിക്ക് കിട്ടിയ നിറം, സ്വഭാവം, തന്റെ മാതാപിതാക്കള്‍, സഹോദരികള്‍, കുടുംബം ഇതൊന്നും തന്റെ നിയന്ത്രണമോ തീരുമാനമോ പ്രകാരമല്ല. തനിക്കതിലൊന്നും ഒരു പങ്കുമില്ല. താന്‍ ഭൂമിയില്‍ ജനിക്കുന്ന സമയം നിശ്ചയിച്ചതാരാണ്? തന്റെ ആയുസ്സ് കണക്കാക്കിയതാര്? ഈ വക അനേക കാര്യങ്ങള്‍, മനുഷ്യചിന്തക്ക് ഉത്തരം കണ്ടെത്താന്‍ കഴിയാത്ത വിഷയങ്ങള്‍. ഇവിടെയാണ് വിധിയുടെ അത്താണി സഹായത്തിനെത്തുന്നത്.
ചെറുതും വലുതുമായ എല്ലാ കാര്യവും നേരത്തേ തന്നെ അല്ലാഹു അറിയുകയും തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. അതേപടി സംഭവിക്കുകയും ചെയ്യുന്നു. അല്ലാഹുവിന് സൃഷ്ടിയുടെ ഭാവിയും ഭൂതവും വര്‍ത്തമാനവും അറിയും. അവനെ സംബന്ധിച്ചിടത്തോളം കാലപരിധിയുടെ പ്രശ്നമേയില്ല. എല്ലാ വസ്തുക്കളെക്കുറിച്ചും സമഗ്രജ്ഞാനം അല്ലാഹുവിനുണ്ട്. ഈ ജ്ഞാനമാണ് വിധിയുടെ അടിസ്ഥാനം. അല്ലാഹുവിന്റെ അറിവ് ദൃഢവും സമ്പൂര്‍ണവുമായതുകൊണ്ട് അവന്റെ തീരുമാനം വിധി അന്തിമവും പൂര്‍ണവുമാണ്.
വിധിവിശ്വാസം മനുഷ്യമനസ്സിനു സമാധാനം നല്‍കുന്നു. ഉത്സാഹവും ആവേശവും പകരുന്നു. അല്ലാഹുവിന്റെ വിധി എന്ന് പറഞ്ഞ് നമ്മുടെ സ്വാതന്ത്യ്രത്തെ ഹനിക്കുകയല്ല. നന്മയും തിന്മയും സൃഷ്ടിച്ച് രണ്ടിന്റെയും ഗുണദോഷങ്ങള്‍ പറഞ്ഞു പഠിപ്പിച്ച് നമുക്കവന്‍ സ്വാതന്ത്യ്രം നല്‍കുന്നു. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്യ്രം നമുക്കു നല്‍കിയിരിക്കുന്നു. പക്ഷേ, ആര് എന്ത് തിരഞ്ഞെടുക്കുമെന്നു സര്‍വ്വജ്ഞനായ അല്ലാഹുവിനു നേരത്തെ അറിയാമെന്നു മാത്രം. നമുക്കു നല്‍കപ്പെട്ട ഈ സ്വാതന്ത്യ്രം പരമാവധി സൂക്ഷിച്ച് നന്മ മാത്രം തിരഞ്ഞെടുക്കാന്‍ ഉപയോഗിക്കുകയാണ് നമ്മുടെ കടമ. തിരഞ്ഞെടുപ്പിന്റെ പേരിലാണ് മനുഷ്യന്‍ ശിക്ഷാ രക്ഷകള്‍ക്കര്‍ഹരായിത്തീരുന്നത്. നന്മ തിരഞ്ഞെടുത്ത് അത് നിര്‍വ്വഹിക്കാന്‍ കഴിയാതെ മരിച്ചവന് അത് നിര്‍വഹിച്ച പ്രതിഫലം ലഭിക്കും. എല്ലാ പ്രവൃത്തികളും മനുഷ്യന്റെ (നിയ്യത്ത്) മാനസിക തീരുമാനത്തിനനുസരിച്ചാണ് പരിഗണിക്കപ്പെടുക. നിര്‍ബന്ധത്തിനു വഴങ്ങിയോ അജ്ഞത മൂലമോ അബദ്ധം മൂലമോ മറന്നോ ഒരാളില്‍നിന്നു തിന്മ അതെത്ര വലുതാണെങ്കിലും സംഭവിച്ചാല്‍ അല്ലാഹു അവനെ നശിപ്പിക്കില്ല. ബോധപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങളേ പരിഗണിക്കപ്പെടുകയുള്ളൂ എന്നു വരുമ്പോള്‍ നമ്മുടെ ബുദ്ധിയുടെ ഉപയോഗമാണ് നമ്മുടെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നത്. നല്ലത് തിരഞ്ഞെടുക്കാനാണ് ബുദ്ധി നല്‍കപ്പെട്ടത്. ചീത്ത വെടിയാനും. നാം എന്തിനെ തിരഞ്ഞെടുക്കുന്നു എന്നു നോക്കിവേണം നമ്മുടെ ഭാവി തീരുമാനിക്കാന്‍.