സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 10 July 2015

സിയാറത്തിന്റെ അച്ചടക്കം

എന്നും വിശുദ്ധിയുടെ തിളക്കമാണ് മദീനക്ക്. വിശുദ്ധരില്‍ വിശുദ്ധരായ തിരുനബി(സ്വ)യുടെ മണ്ണ്, ജിബ്രീല്‍(അ)ന്റെ സാന്നിധ്യം പല പ്രാവശ്യം അനുഭവിച്ച നാട്. ഒടുങ്ങാത്ത സവിശേഷതകള്‍ താലോലിക്കപ്പെടുന്ന പുണ്യഭൂമി. അവിടെ എത്തുന്നവന്‍ ഏറ്റവും അച്ചടക്കം പാലിക്കണം. വേഷവിധാനം, സംസാരം, പെരുമാറ്റം, ശരീരശുദ്ധി, മനസ്സിന്റെ വൃത്തി, ഭക്ഷണം, പാനീയം, വാഹനം തുടങ്ങി എല്ലാറ്റിലും ഈ അച്ചടക്കത്തിന്റെ പ്രതിധ്വനി കാണണം. ഖലീഫ മന്‍സൂറിനെ മാലിക്(റ) ഉപദേശിച്ച സംഭവം പ്രസിദ്ധമാണ്. അമീറുല്‍ മുഅ്മിനീന്‍, മസ്ജിദുന്നബവിയില്‍ നിങ്ങള്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കരുത്. നബിയുടെ ശബ്ദത്തേക്കാള്‍ നിങ്ങളുടെ ശബ്ദം ഉയര്‍ത്തരുതെന്ന് ഖുര്‍ആന്‍ (ഹുജ്റാത്ത്/2) പഠിപ്പിച്ചിട്ടുണ്ട്. നബിയുടെ സവിധത്തില്‍ ശബ്ദം താഴ്ത്തുന്നവരെ ഖുര്‍ആന്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. നബിസവിധത്തില്‍ അച്ചടക്കം കാണിക്കാത്തവരെ ആക്ഷേപിക്കുകയും ചെയ്തു (ശിഫാ 2/41).
ത്വാഇഫിലെ രണ്ടുപേര്‍ മദീന പള്ളിയില്‍ നിന്ന് ശബ്ദമുയര്‍ത്തിയപ്പോള്‍ “നിങ്ങള്‍ ഈ നാട്ടുകാരായിരുന്നെങ്കില്‍ നിങ്ങളെ ഞാന്‍ അടിച്ച് വേദനിപ്പിക്കുമായിരുന്നു. നിങ്ങള്‍ നബിയുടെ പള്ളിയില്‍ നിന്ന് ശബ്ദം ഉയര്‍ത്തുകയാണോ? എന്നു ചോദിച്ച് ഉമര്‍(റ) ദ്യേപ്പെട്ട സംഭവം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. നബിസവിധത്തില്‍ ജീവിതകാലം, വഫാതിനു ശേഷം എന്നീ വ്യത്യാസമില്ലാതെ ശബ്ദം ഉയര്‍ത്താന്‍ പാടില്ലെന്ന് സിദ്ദീഖ്(റ) പറയുന്നു (വഫാഉല്‍ വഫാ).
മസ്ജിദുന്നബവിയുടെ പരിസര വീടുകളിലെ ചുമരുകളില്‍ ആണിയടിക്കുമ്പോഴോ മറ്റോ ഉണ്ടാവുന്ന ശബ്ദം ശ്രദ്ധയില്‍ പെട്ടാല്‍ ആഇശ(റ) ആളെ അയച്ച് നബി(സ്വ)യെ നിങ്ങള്‍ പ്രയാസപ്പെടുത്തരുതെന്ന് ഉണര്‍ത്തിയിരുന്നത് നിരവധി ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. തിരുറൗളയില്‍ പാലിക്കേണ്ട അച്ചടക്കങ്ങള്‍ ബിദ്അത്തുകാരുടെ അംഗീകൃത പണ്ഡിതന്‍ ഇബ്നു ഖയ്യിം തന്റെ പ്രസിദ്ധ കാവ്യമായ നൂനിയ്യയില്‍ കൃത്യമായി വിവരിക്കുന്നുണ്ട്.
“അല്ലാഹുവേ, എന്റെ ഖബര്‍ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ”ന്ന തിരുനബി(സ്വ)യുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചിട്ടുണ്ട്. എല്ലാ നിലക്കുമുള്ള സംരക്ഷണവും ഖബര്‍ ശരീഫിന് അല്ലാഹു നല്‍കിയിട്ടുണ്ട്. വളരെ അച്ചടക്കത്തിലും താഴ്മയിലുമാണ് ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യേണ്ടത്. ഉള്ളും പുറവും പൂര്‍ണമായി തഴ്മയില്‍ ലയിപ്പിച്ച നിറുത്തമാണവിടെ നില്‍ക്കേണ്ടത്. തിരുനബി(സ്വ) അവിടെ ജീവിക്കുന്നുണ്ടെന്ന ഓര്‍മവേണം. അവിടെ വെച്ച് ശബ്ദം ഉയര്‍ത്തരുത്. എന്നിങ്ങനെ ഇബ്നു ഖയ്യിം കുറിക്കുന്നു.
സിയാറത്ത് കൊണ്ട് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുക, മദീനയുടെ വഴികള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ കാണുമ്പോള്‍ നബിയുടെ മേല്‍ സ്വലാത്ത്, സലാമുകള്‍ അധികരിപ്പിക്കുക, മദീനയില്‍ പ്രവേശിക്കുന്നതിനു മുമ്പ് കുളിക്കുക. നല്ല വസ്ത്രങ്ങള്‍ ധരിക്കുക. സുഗന്ധം പൂശുക. മദീനയുടെ മഹത്ത്വം മനസ്സില്‍ നിലനിറുത്തുക തുടങ്ങി അച്ചടക്കത്തിന്റെ എല്ലാ മാര്‍ഗങ്ങളും സിയാറത്ത് ചെയ്യുന്നവര്‍ പാലിക്കണം. നബി(സ്വ) പറഞ്ഞു: “ഉള്ളിയോ വെളുത്തുള്ളിയോ തിന്നവര്‍ എന്റെ പള്ളിയില്‍ നിന്ന് മാറിനില്‍ക്കട്ടെ”. ഇതു വിശദീകരിച്ച് ഇബ്നു ഹജറുല്‍ അസ്ഖലാനി എഴുതി: “ഭക്ഷിക്കപ്പെടുന്നത് മാത്രമല്ല, ദുര്‍ഗന്ധമുള്ള എല്ലാം ഇതിന്റെ പരിധിയില്‍ വരുന്നതാണ്” (ഫത്ഹുല്‍ ബാരി 2/343).
തിരുറൗള സന്ദര്‍ശന സമയത്ത് നബി(സ്വ)ക്കഭിമുഖമായി നില്‍ക്കാനുള്ള പ്രയാസം കാരണം ശിരസ്സിന് നേരെ നില്‍ക്കാനായിരുന്നു മഹാത്മാക്കള്‍ ശ്രദ്ധിച്ചിരുന്നത്. ഖുതുബയില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഖിബ്ലക്ക് പിന്നിട്ട് നില്‍ക്കുന്നതുപോലെ നബി(സ്വ)യോട് അഭിമുഖമായി നില്‍ക്കാന്‍ ഖിബ്ലക്ക് പിന്നിടല്‍ ഏറ്റവും അര്‍ഹപ്പെട്ടതാണ് (അല്‍ജവാഹിദുസ്സമീന/62).
തിരുറൗളയിലെ സിയാറത്തില്‍ ഖബ്ര്‍ ശരീഫിന്നഭിമുഖമായാണ് നില്‍ക്കേണ്ടതെന്ന് പ്രമുഖ പണ്ഡിതരെല്ലാം പഠിപ്പിച്ചിട്ടുണ്ട്. മാലിക്ബ്നു അനസ്(റ) ഖലീഫ മന്‍സൂറിനോട് “മുഹമ്മദ് നബി(സ്വ) നിങ്ങളുടെയും പിതാവ് ആദം(അ)ന്റെയും മധ്യവര്‍ത്തിയാണ്. അതുകൊണ്ട് നബി(സ്വ)യിലേക്കു തന്നെ തിരിഞ്ഞുനില്‍ക്കുക” എന്നു പ്രത്യേകം ഉപദേശിച്ചിരുന്നു. ഇമാം ഹാകിം(റ) മുസ്തദ്റകിലും ഇമാം ബൈഹഖി(റ) ദലാഇലുന്നുബുവ്വയിലും സ്വഹീഹായ പരമ്പരയിലൂടെ ഇക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നുതീമിയ്യ എഴുതി: “നബി(സ്വ)ക്ക് സലാം പറയുമ്പോള്‍ ഖബ്ര്‍ ശരീഫിന്നഭിമുഖമായാണ് നില്‍ക്കേണ്ടത്. എന്നിട്ട് സലാം പറഞ്ഞ് ദുആ ചെയ്യണം” (ഇഖ്തിളാഉസ്വിറാതില്‍ മുസ്തഖീം/396).
ഇമാം നവവി(റ) അദ്കാര്‍, ഈളാഹ്, മജ്മൂഅ് എന്നീ ഗ്രന്ഥങ്ങളിലും ഇപ്രകാരം എഴുതുന്നുണ്ട്. അല്ലാമാ ഖഫാജി പറഞ്ഞു: “ഇമാം സുബ്കി(റ) പറയുന്നു: തിരുറൗളയിലെത്തിയാല്‍ ഖബ്ര്‍ ശരീഫിന്നഭിമുഖമായി നില്‍ക്കലാണ് സുന്നത്തെന്നത് നമ്മുടെ പണ്ഡിതരുടെയെല്ലാം വീക്ഷണമാണ്” (ശറഹുശ്ശിഫാ 3/398).
സിയാറത്തിന്റെ ഗുണഫലം
അഭൗതിക ലോകത്ത് നിന്നുള്ള ഗുണങ്ങളാണ് പുണ്യാത്മാക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. അത്തരം അനുഭവങ്ങളെ പ്രമാണപക്ഷത്തുനിന്ന് സ്വീകരിക്കുകയാണ് വിശ്വാസി ചെയ്യുന്നത്, ചെയ്യേണ്ടതും. ഭൗതികവും ശാസ്ത്രീയവുമായ തിട്ടൂരങ്ങള്‍ പറഞ്ഞ് ഇവയെ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് വിശ്വാസിക്ക് ഗുണമല്ല.
ഇബ്നുഹജര്‍(റ) പറഞ്ഞു: നബിയുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യുന്നത് മതകീയമാണെന്നും പ്രത്യേകം നിര്‍ദേശം നല്‍കപ്പെട്ട ആരാധനയാണെന്നും വരുമ്പോള്‍ അതിന്റെ ഫലങ്ങളും പ്രതിഫലങ്ങളും എല്ലാം വേറിട്ടത് തന്നെയായിരിക്കും. സിയാറത്ത് സംബന്ധമായി വന്ന ഹദീസുകള്‍ മഹാന്മാരായ ഹാഫിളുകള്‍ സ്വഹീഹാണെന്ന് വിധിയെഴുതിയതാണ്, അല്ലെങ്കില്‍ നിവേദക പരമ്പരക്ക് തകരാറില്ലെന്ന് വിധിയെഴുതിയവ, അതുമല്ലെങ്കില്‍ മറ്റു പരമ്പരകള്‍ മുഖേന ശക്തി ലഭിക്കുന്നവ എന്നിങ്ങനെയുള്ളതാണ്. നബിയുടെ ഖബ്ര്‍ സിയാറത്തിന്റെ പ്രധാന നേട്ടം അവിടുത്തെ ശിപാര്‍ശ ലഭിക്കുമെന്നതാണ്. ഒന്നില്‍ കൂടുതല്‍ ഹദീസുകളില്‍ ശഫാഅത്ത് ലഭിക്കുമെന്ന നേട്ടം എടുത്തു പറയുന്നുണ്ട്.
മുസ്‌ലിമായി മരിക്കുന്നവര്‍ക്കെല്ലാം നബി(സ്വ)യുടെ ശഫാഅത്ത് ലഭിക്കുമെന്ന് വരുമ്പോള്‍ സിയാറത്ത് ചെയ്യുന്നവനെ പ്രത്യേകമായി ശഫാഅത്തില്‍ ഉള്‍പ്പെടുത്തി പറയുന്നതിന്റെയും നബിയുടെ ശഫാഅത്തിന് അവന്‍ അര്‍ഹനായി എന്ന് വിശേഷിപ്പിക്കുന്നതിന്റെയും താല്‍പര്യമെന്താണ്? ഉത്തരമിതാണ്: ഏറ്റവും ഉയര്‍ന്ന അനുഗ്രഹം സിയാറത്ത് ചെയ്യുന്നവര്‍ക്ക് ലഭിക്കും. അന്ത്യനാളിലെ പ്രയാസങ്ങളില്‍ നിന്ന് അവന് പ്രത്യേക ആശ്വാസം ഉണ്ടാവും. വലിയ വിചാരണയില്ലാതെ രക്ഷ പ്രാപിക്കും. സ്വര്‍ഗത്തിലെ ഉയര്‍ന്ന പദവി ലഭിക്കും. അല്ലാഹുവിനെ ദര്‍ശിക്കാന്‍ ഭാഗ്യം ലഭിക്കും. ഇങ്ങനെ അതിന് പല മറുപടികള്‍ പണ്ഡിതര്‍ നല്‍കിയതായി കാണാം. അന്ത്യനാളിലെ വലിയ ശിപാര്‍ശകരായ തിരുനബി(സ്വ)യുടെ ശിപാര്‍ശ ലഭിക്കുക എന്നത് തന്നെയല്ലേ അതില്‍ ഏറ്റവും വലിയ നേട്ടം. ഖബ്ര്‍ ശരീഫിനെ മാത്രം ലക്ഷ്യം വെച്ചെത്തുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്.
സന്ദര്‍ശകന്‍ ഖബ്ര്‍ ശരീഫിന്നടുത്തെത്തി സ്വലാത്ത്സലാം പറയുമ്പോള്‍ നബി(സ്വ) അത് കേള്‍ക്കുന്നു, അറിയുന്നു. ഒരു മധ്യവര്‍ത്തി മുഖേനയല്ലാതെ തന്നെ അവക്ക് പ്രത്യുത്തരം നല്‍കുന്നു. ദൂരെ നിന്ന് ഇതു ചെയ്യുമ്പോള്‍ അതിനേല്‍പ്പിക്കപ്പെട്ട മലക്കുകള്‍ മുഖേനയാണ് നബി(സ്വ) അറിയുന്നത്. നിരവധി ഹദീസുകള്‍ ഇതിന് തെളിവ് നല്‍കുന്നുണ്ട്. സിയാറത്ത് മുഖേന ലഭിക്കുന്ന മറ്റൊരു പ്രധാന നേട്ടമാണിത്. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന തിരുനബി(സ്വ)യില്‍ നിന്ന് ലഭിക്കുന്ന അനിര്‍വചനീയ നേട്ടം (അല്‍ജൗഹറുല്‍ മുനള്ളമിന്റെ 7080ന്റെ സംക്ഷിപ്തം).
ഔസുബ്നു അബ്ദില്ലാഹി പറയുന്നതായി ഇമാം ഹാഫിളുദ്ദാരിമി(റ) ഉദ്ധരിക്കുന്നു. മദീന നിവാസികള്‍ക്ക് ശക്തമായ വരള്‍ച്ച അനുഭവപ്പെട്ടു. അവര്‍ ആഇശ(റ)യെ സമീപിച്ച് സങ്കടം ഉണര്‍ത്തി. ബീവി അവര്‍ക്ക് ഇങ്ങനെ നിര്‍ദേശിച്ചു കൊടുത്തു. തിരുനബി(സ്വ)യുടെ ഖബ്ര്‍ ശരീഫ് നിങ്ങള്‍ നോക്കുക. ഖബ്റിന്റെയും ആകാശത്തിന്റെയും ഇടയില്‍ മറവില്ലാത്തവിധം മേല്‍ക്കൂരക്ക് ഒരു ദ്വാരമുണ്ടാക്കുക. അവര്‍ അങ്ങനെ ചെയ്തു. അവര്‍ക്ക് നല്ല മഴ ലഭിച്ചു. സസ്യങ്ങള്‍ മുളച്ചു. ഒട്ടകങ്ങള്‍ തടിച്ചുകൊഴുത്തു. ആ വര്‍ഷത്തിന് ആമുല്‍ ഫത്ഖ് എന്ന് നാമം കുറിക്കപ്പെട്ടു (സുനനുദ്ദാരിമി 1/43).
നബി(സ്വ)യുടെ ഭൗതിക ശരീരം ചേര്‍ന്നുനില്‍ക്കുന്ന ഖബ്ര്‍ ശരീഫ് മുഖേന ലഭിച്ച പുണ്യവും അനുഗ്രഹവുമാണിത്. വിജ്ഞാനത്തിന്റെ നിറകുടവും തിരുനബിയുടെ ഭാര്യയും വിശ്വാസികളുടെ മാതാവുമായ ആഇശ ബീവി(റ) നിരവധി സ്വഹാബി വര്യന്മാരുടെ സാന്നിധ്യമുള്ള സമയത്ത് നല്‍കിയ ഈ നിര്‍ദേശം വളരെ പ്രസക്തവും അര്‍ത്ഥവത്തുമാണ്.
സന്ദര്‍ശകരുടെ ദുഃഖവും പ്രയാസവും നബി(സ്വ) അറിയുന്നു. അവര്‍ക്ക് പരിഹാരം നല്‍കുന്നു എന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുകയാണ്. ആഇശ(റ) പറഞ്ഞുവല്ലോ. നബി(സ്വ)യെയും എന്റെ പിതാവിനെയും മറവ് ചെയ്ത ശേഷം ഞാന്‍ അവിടേക്ക് കടക്കുമ്പോള്‍ തല മറക്കുന്നിടത്ത് പൂര്‍ണത പാലിച്ചിരുന്നില്ല. കാരണം, എന്റെ പിതാവും ഭര്‍ത്താവുമാണല്ലോ അവര്‍ എന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ ഉമര്‍(റ)നെ മറമാടിയതിനു ശേഷം പൂര്‍ണമായി വസ്ത്രം ധരിച്ചു മാത്രമേ അങ്ങോട്ടു കടന്നുചെന്നിരുന്നുള്ളൂ. ഉമര്‍(റ)നോടുള്ള ലജ്ജ കാരണമായിരുന്നു അത് (മുസ്തദ്റക് 74/47, മജ്മഉസ്സവാഇദ് 8/26,1/155).
നബി(സ്വ) മുആദ്(റ)നെ യമനിലേക്ക് പ്രബോധന ദൗത്യത്തിന് അയക്കുമ്പോള്‍ പറഞ്ഞു: മുആദ്, നിങ്ങള്‍ എന്റെ ഖബ്റിന്റെയും പള്ളിയുടെയും അരികില്‍ എത്തുകയില്ലേ? (അഹ്മദ്, ത്വബ്റാനി). നബി(സ്വ)യുടെ വഫാത്തിനു ശേഷം കരഞ്ഞുകലങ്ങിയ കണ്ണുമായി മുആദ്(റ) എത്തി. ഉമര്‍(റ) ഈ സംഭവത്തിന് സാക്ഷിയായി (മുസ്തദ്റക്).
ഇബ്നുമാജ, ബൈഹഖി, ഹാകിം (റ.ഹും) എന്നിവര്‍ മേല്‍ സംഭവം ഉദ്ധരിക്കുകയും അതു പ്രബലമാണെന്ന് ഹാകിം പറയുകയും ചെയ്തതായി മുന്‍ദീരി അത്തര്‍ഗീബു വത്തര്‍ഗീബ് 1/82ല്‍ പറയുന്നു. ഉമര്‍(റ)ന്റെ ഭരണകാലത്ത് നടന്ന ഒരു സംഭവം ഹാഫിള് അബൂബകരില്‍ ബൈഹഖി ഉദ്ധരിക്കുന്നു: “ഉമര്‍(റ)ന്റെ ഭരണകാലത്ത് ശക്തമായ വരള്‍ച്ചയുണ്ടായപ്പോള്‍ സ്വഹാബിയായ ബിലാലുബ്നു ഹാരിസ് അല്‍മുസനി(റ) നബിയുടെ ഖബ്ര്‍ ശരീഫിനരികിലെത്തി പറഞ്ഞു: നബിയേ, മഴയില്ലാതെ വിഷമിക്കുന്നു. എല്ലാം നാശത്തിലാണ്. അതുകൊണ്ട് അങ്ങ് മഴക്കായി ശിപാര്‍ശ ചെയ്യുക. നബി(സ്വ) സ്വപ്നത്തില്‍ അദ്ദേഹത്തെ അറിയിച്ചു; നിങ്ങള്‍ ഉമര്‍(റ)നെ സമീപിക്കുക. മഴ ലഭിക്കുമെന്ന് പറയുക” (അല്‍ബിദായതു വന്നിഹായ 1/91).
ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) അടക്കമുള്ളവര്‍ ഈ സംഭവം ഉദ്ധരിക്കുകയും സ്വഹീഹാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇതൊന്നും അനാചാരമെന്നോ അന്ധവിശ്വാസമെന്നോ ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല. ഉമര്‍(റ)ന്റെ അന്ത്യസമയത്ത് തിരുനബി(സ്വ)യുടെ ഖബ്ര്‍ ശരീഫിന്നരികില്‍ ഇടം ലഭിക്കാന്‍ അദ്ദേഹം കൊതിച്ച സംഭവം പ്രസിദ്ധമാണ്. ഇമാം ബുഖാരി(റ) സ്വഹീഹില്‍ കിതാബുല്‍ ജനാഇസില്‍ ഇത് ഉദ്ധരിക്കുന്നുണ്ട്.
അബൂഅയ്യൂബ്(റ) നബിയുടെ ഖബ്ര്‍ ശരീഫില്‍ മുഖം വെച്ചിരിക്കുന്നത് കണ്ട മര്‍വാന്‍ ചോദിച്ചു: നിങ്ങള്‍ എന്താണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മറുപടി: ഞാന്‍ നബിയുടെ അടുത്തല്ലേ വന്നിട്ടുള്ളത്. ഒരു കല്ലിന്റെ അടുത്തൊന്നുമല്ലല്ലോ. എന്നിട്ടദ്ദേഹം പറഞ്ഞു: നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ദീന്‍ അതിന്റെ അര്‍ഹര്‍ ഏറ്റെടുത്താല്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. അനര്‍ഹരാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ വിഷമിക്കണം (മുസ്നദ് അഹ്മദ് 5/422).
പ്രമുഖ ശാഫിഈ പണ്ഡിതനായ അബുല്‍ ഹസന്‍ അലിയ്യുബ്നു ഹിബത്തുല്ല(റ) ഉദ്ധരിക്കുന്ന ഒരു സംഭവമിങ്ങനെ:
മുന്‍കദിര്‍ (റ) പറയുന്നു: തന്റെ പിതാവിന്നരികില്‍ യമന്‍കാരനായ ഒരാള്‍ കുറച്ചു പണം സൂക്ഷിക്കാനേല്‍പിച്ചു. നിങ്ങള്‍ക്കാവശ്യമുണ്ടെങ്കില്‍ ചെലവഴിക്കാം. ഞാന്‍ വന്ന ശേഷം തിരികെ തന്നാല്‍ മതി എന്ന് പറഞ്ഞു. ആവശ്യം വന്നപ്പോള്‍ പിതാവ് ആ സംഖ്യ ചെലവഴിച്ചു. അധികം വൈകാതെ അദ്ദേഹം തിരിച്ചെത്തി. പിതാവ് ഖബ്ര്‍ ശരീഫിന്നരികിലെത്തി തന്റെ സങ്കടം ബോധിപ്പിച്ചു. ഉടനെ അജ്ഞാതനായ ഒരാള്‍ പിതാവിന്റെ കൈയില്‍ കടം വീട്ടാനുള്ള പണം ഏല്‍പ്പിച്ചു. പിതാവ് അതുകൊണ്ട് തന്റെ കടം വീട്ടി (ഫജ്റുല്‍ മുനീര്‍/282).
ശൈഖ് ഇബ്റാഹിം(റ) തന്റെ ഒരനുഭവം പങ്കുവെക്കുന്നു: കൂട്ടുകാരോടൊപ്പം ഹജ്ജിന് പുറപ്പെട്ട ഞാന്‍ സിയാറത്തിന് മദീനയിലെത്തി. എന്നെ ഒഴിവാക്കി കൂട്ടുകാര്‍ യാത്ര തുടര്‍ന്നു. ഒറ്റപ്പെട്ട ഞാന്‍ നബി(സ്വ)യുടെ ഖബ്റിനരികിലെത്തി എന്റെ പ്രയാസം പറഞ്ഞു. നബി(സ്വ) സ്വപ്നത്തില്‍ എനിക്ക് നിര്‍ദേശം തന്നു. മക്കയില്‍ പോവുക, അവിടെ സംസം വെള്ളം വിതരണം ചെയ്യുന്ന സ്ത്രീയോട് എന്നെ എന്റെ കുടുംബത്തിലെത്തിക്കാന്‍ നബി(സ്വ) നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് പറയുക. ഞാനപ്രകാരം ചെയ്തു. കൂട്ടുകാര്‍ നാട്ടിലെത്തുന്നതിന് മുമ്പ് ഞാന്‍ നാട്ടിലെത്തി. അദ്ഭുതപ്പെട്ടുപോയ കൂട്ടുകാരോട് ഞാന്‍ സംഭവങ്ങള്‍ വിവരിച്ചുകൊടുത്തു (ഫജ്റുല്‍ മുനീര്‍/284).
ഇങ്ങനെ സിയാറത്ത് കൊണ്ട് ഭൗതിക ലോകത്തു വെച്ചുതന്നെ ഗുണം ലഭിച്ച നിരവധി സംഭവങ്ങള്‍ മുന്‍ഗാമികള്‍ ഉദ്ധരിച്ചുകാണാം. ഇതിനെല്ലാം ഉപരിയാണ് പാരത്രികമായ നേട്ടങ്ങള്‍. അതാണ് പരമപ്രധാനവും.