സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 7 July 2015

ഭക്തരാകാന്‍ കാവല്‍ ശക്തമാക്കുക

ഹൃദയം ഒരു കോട്ടയാണെന്ന് കരുതുക. അതിനകത്തു കയറി ഭരിക്കാനും സ്വന്തമാക്കാനും ഉദ്ദേശിക്കുന്ന ശത്രുവാണ് പിശാച്. ശത്രുവില്‍ നിന്നും സംരക്ഷിക്കാന്‍ കോട്ടവാതിലുകളും പടിപ്പുരകളും വിടവുകളും ജാഗ്രതയോടെ കാത്തുകൊള്ളണം. അല്ലാതെ സാധ്യമല്ല. കവാടങ്ങളേതെല്ലാമാണെന്നറിയാത്തവന് കാവല്‍ നില്‍ക്കാന്‍ കഴിയില്ലല്ലോ. പിശാചിന്‍റെ ദുര്‍മന്ത്രണത്തില്‍ നിന്നും ഹൃദയത്തെ സംരക്ഷിക്കേണ്ടത് മതശാസന ബാധിക്കുന്നവരുടെ വ്യക്തിഗതകടമയാണ്. പിശാചിന്‍റെ പ്രാവേശികകളും കവാടങ്ങളും ദാസന്‍റെ വിവിധ ദുസ്വഭാവങ്ങള്‍ തന്നെയാണ്. അവ ധാരാളമുണ്ട്. പിശാചിന്‍റെ അനേകം സൈനികര്‍ക്ക് കുടുസ്സില്ലാതെ കടന്നുവരാന്‍ കഴിയുന്ന മലയിടുക്കുകള്‍ കണക്കെ ഹൃദയത്തിലേക്കുള്ള വന്‍വാതിലുകളെക്കുറിച്ച് മാത്രം പ്രതിപാദിക്കാം.
കോപവും കാമവും
പിശാചിന്‍റെ വലിയ കവാടങ്ങളില്‍ പെട്ടതാണ് കോപവും കാമവും. ബുദ്ധിയെ മത്തുപിടിപ്പിക്കുന്നതാണ് കോപം. ബുദ്ധിയുടെ സൈന്യം ദുര്‍ബലമായാല്‍ പിശാചിന്‍റെ സേനകടന്നാക്രമിക്കുന്നു. മനുഷ്യന്‍ കോപിക്കുമ്പോഴൊക്കെയും പിശാച് അവനെ തട്ടിക്കളിക്കുകയാണ്. കുട്ടികള്‍ പന്തുതട്ടാറുള്ളതുപോലെ. ഒരിക്കല്‍ മൂസാ നബി (അ) ഇബ്ലീസിനെ കണ്ടുമുട്ടി. അവന്‍ ചോദിച്ചു: ‘മൂസാ, താങ്കളെ ദിവ്യദൗത്യം നല്‍കാന്‍ അല്ലാഹു തെരഞ്ഞെടുത്തു. താങ്കളുമായി അവന്‍ സന്ധിസംഭാഷണം ചെയ്തു. അവന്‍റെ പാപിയായ ഒരടിമയാണു ഞാന്‍; എനിക്ക് മാനസാന്തരപ്പെടണമെന്നുണ്ട്. എനിക്ക് പൊറുത്തുതരാന്‍ എന്‍റെ റബ്ബിനോട് താങ്കള്‍ ശിപാര്‍ശ ചെയ്യുമോ?’ മൂസാ നബി സമ്മതിച്ചു. മലകയറി നാഥനോട് സംസാരിച്ചു. താഴെ ഇറങ്ങാന്‍ ഭാവിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: ‘വാഗ്ദത്തം പാലിക്കൂ.’ അപ്പോള്‍ മൂസാ നബി പറഞ്ഞു: ‘നാഥാ, നീ പൊറുത്തുകൊടുക്കാന്‍ നിന്‍റെ അടിമ ഇബ്ലീസ് ആഗ്രഹിക്കുന്നുണ്ട്.’ ‘ശരി, നിന്‍റെ ആവശ്യം ഞാന്‍ നിര്‍വഹിക്കാം. അവനോട് ആദമിന്‍റെ ഖബ്റിങ്കല്‍ ബഹുമാനപ്രണാമമര്‍പ്പിക്കാന്‍ പറയൂ.; ഞാന്‍ പൊറുത്തോളാം’-അല്ലാഹു മൂസ(അ)യെ അറിയിച്ചു. ഇബ്ലീസിനെ കണ്ടുമുട്ടിയപ്പോള്‍ പ്രവാചകന്‍ ഇക്കാര്യം അറിയിച്ചു. അതുകേട്ടപ്പോള്‍ ഇബ്ലീസ് കോപിച്ച്, അഹങ്കരിച്ച് പറഞ്ഞു: ആദം ജീവനോടിരിക്കുമ്പോള്‍ ഞാന്‍ ബഹുമാനിച്ചിട്ടില്ല; എന്നിട്ടിപ്പോള്‍ മരിച്ച ആദമിനെ ബഹുമാനിക്കുകയോ?
തുടര്‍ന്ന് അവന്‍ പറഞ്ഞു: ‘നീ എനിക്കുവേണ്ടി ശിപാര്‍ശ ചെയ്തതിന് എനിക്കു താങ്കളോട് കടപ്പാടുണ്ട്; അതിനാല്‍ ചില രഹസ്യങ്ങള്‍ പറഞ്ഞുതരാം. മൂന്നു ഘട്ടങ്ങളില്‍ താങ്കള്‍ എന്നെ ഓര്‍ക്കുക. അന്നേരം എന്‍റെ ആത്മാവ് താങ്കളുടെ ഹൃദയത്തിനകത്തുണ്ടാകും. എന്‍റെ കണ്ണുകള്‍ താങ്കളുടെ  കണ്ണുകളിലും, രക്തസഞ്ചാരമുള്ളിടത്തെല്ലാം ഞാന്‍ സഞ്ചരിക്കുന്നുണ്ടാകും. മനുഷ്യന്‍ കോപിക്കുമ്പോള്‍ ഞാനവന്‍റെ മൂക്കിലൂതും (ദുരഭിമാനത്തെ പെരുപ്പിച്ചുകാണിക്കും). പിന്നെ കാട്ടിക്കൂട്ടുന്നതൊന്നും അവനറിയില്ല. ശത്രുസൈന്യം ഇരച്ചുകയറുന്ന സമയത്ത് താങ്കള്‍ എന്നെ സ്മരിക്കുക. ആ സമയത്ത് മനുഷ്യപുത്രനെ സമീപിച്ച് അവന്‍റെ പത്നികളത്ര ബന്ധുമിത്രാദികളെക്കുറിച്ച് ഞാന്‍ ഓര്‍മപ്പെടുത്തും. അപ്പോഴവന്‍ പിന്തിരിയും. വിവാഹബന്ധം നിഷിദ്ധമല്ലാത്ത സ്ത്രീയുമായി തനിച്ചിരിക്കുന്നത് സൂക്ഷിക്കുക. ഞാന്‍ ഇരുവര്‍ക്കുമിടയില്‍ സന്ദേശവാഹകനായി വര്‍ത്തിക്കും. ഇരുവരും അവിഹിതവേഴ്ചയില്‍ ഏര്‍പ്പെടുന്നതുവരെയും ഞാന്‍ ദുര്‍മന്ത്രണം ചെയ്യും.’
കോപം, കാമം, ആര്‍ത്തി എന്നിവയിലേക്കാണ് പിശാചിന്‍റെ സൂചന. യുദ്ധം മുറുകുമ്പോള്‍ പിന്‍മാറുന്നത് ഭൗതികജീവിതത്തോടുള്ള ആര്‍ത്തി നിമിത്തമാണല്ലോ. മരണപ്പെട്ട ആദമിനെ ബഹുമാനിക്കാന്‍ ഇബ്ലീസ് കൂട്ടാക്കാതിരുന്നത് അവന്‍റെ അസൂയയാണ്. അസൂയയാണവന്‍റെ ഏറ്റവും പ്രധാനമായ ദുര്‍മാര്‍ഗം. ഇഷ്ടദാസന്‍മാരിലൊരാള്‍ ഇബ്ലീസിനോട് ആവശ്യപ്പെട്ടുവത്രെ: നീ മനുഷ്യനെ കീഴടക്കുന്ന രീതിയൊന്ന് കാണിച്ചുതാ എനിക്ക്? ‘കോപിക്കുമ്പോഴും ഇച്ഛ ഉയരുമ്പോഴുമാണ് ഞാനവനെ പിടികൂടുക’ എന്നായിരുന്നു ഇബ്ലീസിന്‍റെ മറുപടി.
ഒരു ധ്യാനിയുടെ മുന്‍പാകെ പ്രത്യക്ഷപ്പെട്ട ഇബ്ലീസിനോട് അദ്ദേഹം ചോദിച്ചു: താങ്കള്‍ക്ക് ഏറ്റവും സഹായിയായി വര്‍ത്തിക്കുന്ന മനുഷ്യസ്വഭാവം ഏതാണ്? ഇബ്ലീസ് പറഞ്ഞു: ‘തീവ്രകോപം.’ മനുഷ്യന്‍ കോപാന്ധനായാല്‍ ബാലന്മാര്‍ പന്തുകളിക്കുന്നതു പോലെ ഞങ്ങള്‍ അവനെ തട്ടിക്കളിക്കും. പിശാച് പറയുമത്രെ: ‘മനുഷ്യപുത്രന്‍ എന്നെ എങ്ങനെ കീഴടക്കാന്‍? അവന്‍ ഇഷ്ടം കാണിക്കുന്ന വേളയില്‍ ഞാനവന്‍റെ ഹൃദയത്തിനകത്തു വരെ എത്താറുണ്ട്. അതുപോലെ, അവന്‍ കോപം പ്രകടിപ്പിക്കുമ്പോള്‍ ഞാനവന്‍റെ തലയില്‍ കയറി ഭരിക്കുകയാണ്.’
അസൂയയും ആര്‍ത്തിയും
പിശാചിന്‍റെ മറ്റു പ്രധാന കവാടങ്ങളാണ് അസൂയയും ആര്‍ത്തിയും. ഏതൊരു കാര്യത്തോടും മനുഷ്യന്‍ ആര്‍ത്തനായാല്‍ അതവന്‍റെ കാഴ്ചയും കേള്‍വിയും നഷ്ടപ്പെടുത്തും. തിരുദൂതര്‍(സ്വ) പറഞ്ഞു: ‘ഒരു വസ്തുവിനോടുള്ള നിന്‍റെ സ്നേഹം നിന്നെ അന്ധനും ബധിരനുമാക്കിത്തീര്‍ക്കും.’ അകക്കാഴ്ചയുടെ പ്രകാശമാണ് പിശാചിന്‍റെ വരവറിയിക്കുക. അസൂയയും ആര്‍ത്തിയും മനുഷ്യരെ മൂടിയാല്‍ പിന്നെ കണ്ണുകാണില്ല. അന്നേരം പിശാച് അവസരം കണ്ടെത്തും. അയാളെ വികാരങ്ങളിലേക്കെത്തിക്കാനാവശ്യമായതെല്ലാം ആര്‍ത്തനു മുന്നില്‍ സുന്ദരമാക്കി കാണിച്ചുകൊടുക്കും. അത് തിന്മയോ നീചമോ ആയാലും ശരി. പ്രവാചകന്‍ നൂഹ്(അ) നൗകയില്‍ കയറിയപ്പോള്‍ അല്ലാഹുവിന്‍റെ നിര്‍ദേശപ്രകാരം എല്ലാ ജീവിവര്‍ഗങ്ങളില്‍ നിന്നും ഓരോ ഇണയെയും കയറ്റിയിരുന്നല്ലോ. നൗകയ്ക്കുള്ളില്‍ പരിചയമില്ലാത്ത ഒരു വൃദ്ധനെ കണ്ടപ്പോള്‍ നൂഹ് നബി(അ) അന്വേഷിച്ചു: ഇതില്‍ കയറാന്‍ എന്താ കാര്യം? അദ്ദേഹം പറഞ്ഞു: ‘താങ്കളുടെ അനുചരന്മാരുടെ ഹൃദയത്തില്‍ കയറിക്കൂടാന്‍; അങ്ങനെ അവരുടെ ശരീരം താങ്കളോടൊപ്പവും മനസ്സ് എന്‍റെ കൂടെയും ആകും.’ പ്രവാചകന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ശത്രൂ, പുറത്തു പോ, നീ ശപിക്കപ്പെട്ടവനാണ്.’ അപ്പോള്‍ ഇബ്ലീസ് പറഞ്ഞു: ‘ഞാന്‍ മനുഷ്യനെ നശിപ്പിക്കുന്ന അഞ്ചു കാര്യങ്ങളുണ്ട്; അവയില്‍ മൂന്നെണ്ണം പറഞ്ഞുതരാം. രണ്ടെണ്ണം പറയില്ല.’ അല്ലാഹു നൂഹിന് അറിയിപ്പുകൊടുത്തു: ‘ആ മൂന്നു കാര്യങ്ങള്‍ താങ്കള്‍ക്ക് ആവശ്യമില്ല. മറ്റേ രണ്ടു കാര്യങ്ങള്‍ ആവശ്യപ്പെടുക.’ നൂഹ്(അ) പിശാചിനോട ് ചോദിച്ചു: ആ രണ്ട് കാര്യങ്ങള്‍ എന്തെല്ലാമാണ്? പിശാച് പറഞ്ഞു: ‘എന്നോട് വ്യാജം പറയാത്ത, എന്നെ ധിക്കരിക്കാത്ത ആ രണ്ടു കാര്യങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ മനുഷ്യരെ ഏറെയും നശിപ്പിക്കുന്നത്; അവ ആര്‍ത്തിയും അസൂയയുമത്രെ. അസൂയ കാരണം ഞാന്‍ ശപിക്കപ്പെട്ടു. അനുഗ്രഹങ്ങളില്‍ നിന്നെല്ലാം ബഹിഷ്കൃതനായ പിശാചായിത്തീര്‍ന്നു. ആദമിന് സ്വര്‍ഗത്തില്‍ ഒരു വൃക്ഷമല്ലാതെ മറ്റെല്ലാം അനുവദിക്കപ്പെട്ടതായിരുന്നു. പക്ഷേ, എന്‍റെ ആഗ്രഹം ആദമിലൂടെ നേടിയെടുത്തു ഞാന്‍. അതിനുപയോഗിച്ചത് മനുഷ്യന്‍റെ ആര്‍ത്തിയെന്ന വികാരമായിരുന്നു.’
അമിതഭോജനം, ആര്‍ഭാടം
സുഭിക്ഷഭോജനമാണ് പിശാചിന്‍റെ പ്രധാന കവാടങ്ങളില്‍ മറ്റൊന്ന്. വയറുനിറയ്ക്കുന്ന ഭക്ഷണം ശുദ്ധഹലാലാണെങ്കിലും കുഴപ്പംതന്നെ, കാരണം അതിവയറ് വികാരങ്ങളെ ശക്തിപ്പെടുത്തും. വികാരങ്ങളോ പിശാചിന്‍റെ ആയുധങ്ങളും! ഇബ്ലീസ് പ്രവാചകന്‍ യഹ്യാ(അ)നു വെളിപ്പെട്ടപ്പോള്‍, അവന്‍റെ പക്കല്‍ സകലവസ്തുക്കളില്‍ നിന്നുമുള്ള കരണ്ടികള്‍ കണ്ടു. അതേക്കുറിച്ചന്വേഷിച്ചപ്പോള്‍ ഇബ്ലീസ് പറഞ്ഞു; ‘മനുഷ്യപുത്രരെ സ്വാധീനിക്കുവാന്‍ ഞാന്‍ ഉപയോഗിക്കുന്ന വികാരങ്ങളാണവ.’ അതുമായി ബന്ധപ്പെട്ട, വല്ലതും ഉപദേശിക്കാന്‍ ഉണ്ടോ? യഹ്യാ നബി ചോദിച്ചു. പിശാചുപദേശിച്ചു: ‘താങ്കള്‍ വയറുനിറച്ചാല്‍ നിസ്കാരവും ദൈവസ്മരണയും ഭാരമുള്ളതാക്കി മാറ്റും ഞാന്‍.’ യഹ്യാ നബി ചോദിച്ചു: മറ്റു വല്ല ഉപദേശവും? പിശാച്: ‘ഇല്ല.’ അപ്പോള്‍ യഹ്യാ നബി പ്രഖ്യാപിച്ചു: ‘അല്ലാഹു സത്യം! ഇനി ഭക്ഷണം വയറുനിറയെ കഴിക്കില്ലെന്ന് ഞാനിതാ ശപഥം ചെയ്യുന്നു.’ ഇതുകേട്ടപ്പോള്‍ ഇബ്ലീസ് പറഞ്ഞു: ‘അല്ലാഹുവാണെ! ഒരു മുസ്ലിമിനെയും ഇനി മേലില്‍ ഞാന്‍ ഉപദേശിക്കുകയില്ല.’
അമിതഭോജനം കാരണം നിന്ദ്യമായ ആറുകാര്യങ്ങള്‍ ഉണ്ടാകുമത്രെ. ഒന്ന്: ഹൃദയത്തിലെ ഇലാഹീഭയം നീങ്ങുക. രണ്ട് : സഹജീവികളോടുള്ള കാരുണ്യം ഇല്ലാതാവുക (എല്ലാവരും വയറുനിറയെ ഭക്ഷിച്ചു ജീവിക്കുകയാണെന്ന മിഥ്യാധാരണ വരുന്നതിനാല്‍) മൂന്ന്: പുണ്യകര്‍മങ്ങള്‍ക്ക് ഭാരം തോന്നുക. നാല്: തത്ത്വജ്ഞാനപരമായ വാക്കുകള്‍ കേട്ടാല്‍ അതിനൊരു മാര്‍ദവം തോന്നാതിരിക്കുക. അഞ്ച്: തത്ത്വജ്ഞാനോപദേശം ചെയ്യുമ്പോള്‍ ജനഹൃദയങ്ങളില്‍ അതു പതിയാതിരിക്കുക. ആറ്: ശരീരത്തില്‍ ഒട്ടേറെ രോഗങ്ങള്‍ക്കിടയാക്കുക.
വസ്ത്രം, വീട്, ഉപകരണങ്ങള്‍ തുടങ്ങിയവ ഭംഗിവരുത്തുവാനുള്ള മോഹം മറ്റൊരു പൈശാചിക കവാടമാണ്. മനുഷ്യഹൃദയത്തില്‍ ഈ മോഹം മികച്ചുകണ്ടാല്‍ പിശാച് അവിടെ കൂടുകെട്ടും. വീടുനിര്‍മിക്കാനും അതിന്‍റെ തൂണുകളും ചുമരുകളും ഭംഗിയാക്കാനും വീട് വിശാലമാക്കുവാനും പ്രേരിപ്പിക്കും. പിന്നെ വസ്ത്രവാഹനഭംഗിയിലേക്കാണ് നയിക്കുക. ഇതിനായി ആയുസ്സ് മുഴുവന്‍ അവനെ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും. അതില്‍ വീണാല്‍ കഴിഞ്ഞു കഥ. മേല്‍ പറഞ്ഞവയില്‍ ഒന്നില്‍നിന്നും അടുത്തതിലേക്ക് വലിച്ചിഴക്കും. ആദ്യം വീട്, തുടര്‍ന്ന് വസ്ത്രം, പിന്നെ വാഹനം. അങ്ങനെ, അവന് മരണമാസന്നമാകുന്നതു വരെയും. അങ്ങനെ പിശാചിന്‍റെ പാതയില്‍, ഇച്ഛയെ അനുഗമിക്കുന്ന വഴിയില്‍ അവന്‍ മൃതിയടയുന്നു. അന്ത്യത്തില്‍ സത്യനിഷേധം സംഭവിക്കുമോ എന്നുപോലും ഇയാളെക്കുറിച്ച് ഭയക്കേണ്ടതുണ്ട്.
ജനങ്ങളുടെ പക്കലുള്ളതില്‍ കൊതിയൂറുകയെന്നതാണ് മറ്റൊരു കവാടം. ഹൃദയത്തില്‍ അത്യാഗ്രഹം അതിരുകവിഞ്ഞാല്‍ ആരുടെ പക്കലുള്ളതിലാണോ കൊതി അയാള്‍ക്കുവേണ്ടി കൃത്രിമ സൗന്ദര്യവും നാട്യവും കാണിക്കുന്നത് അഭികാമ്യമായി പിശാച് തോന്നിച്ചുകൊണ്ടേയിരിക്കും. ആഗ്രഹിക്കുന്ന വ്യക്തിയെ ഇഷ്ടപ്പെടുത്താന്‍ സ്നേഹവും അടുപ്പവും കുതന്ത്രമായുപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കും. ആഗ്രഹിക്കുന്നതിലെത്തിച്ചേരാന്‍ എല്ലാ അധമ വഴിയിലും പ്രവേശിക്കും. ഇല്ലാത്ത കാര്യത്തിന് പുകഴ്ത്തുവാന്‍ തുടങ്ങും. നന്മ കല്‍പിക്കുന്നതും തിന്മ വിലക്കുന്നതും ഒഴിവാക്കി അനുനയം കാണിക്കുന്നതാണ് ദുരാഗ്രഹിയുടെ ഏറ്റവും ചുരുങ്ങിയ പ്രകടനം. സ്വഫ്വാന്‍ബ്നു സുലൈം ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു ഹന്‍ളലയുടെ അടുക്കല്‍ ഇബ്ലീസ് വേഷപ്രച്ഛന്നനായി വന്നു. അദ്ദേഹത്തോട് പറഞ്ഞു: ‘ഞാന്‍ താങ്കള്‍ക്കു പഠിപ്പിച്ചുതരുന്ന ഇക്കാര്യം മന:പാഠമാക്കിവെച്ചോളൂ.’ ഇബ്നു ഹന്‍ളല പറഞ്ഞു: ‘എനിക്കതിന്‍റെ ആവശ്യമില്ല.’ ഇബ്ലീസ് വിട്ടില്ല: ‘നോക്കൂ, ഗുണകരമായതാണെങ്കില്‍ സ്വീകരിക്കാം. അല്ലെങ്കില്‍ തള്ളാമല്ലോ. ഇബ്നു ഹന്‍ളലാ, കൊതിയോടെ അല്ലാഹുവിനോടല്ലാതെ ഒരാളോടും ഒന്നും യാചിക്കരുത്; കോപിക്കുമ്പോള്‍ താങ്കള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കിക്കോളൂ. കാരണം കോപിക്കുമ്പോള്‍ ഞാന്‍ താങ്കളെ ഭരിക്കുകയാണ്.’
എടുത്തുചാട്ടം
ബദ്ധപ്പാടും അനവധാനതയുമാണ് പിശാചു കടന്നുവരുന്ന മറ്റൊരു മാര്‍ഗം. തിരുദൂതര്‍ (സ്വ) പറഞ്ഞു: ‘ബദ്ധപ്പാടും എടുത്തുചാട്ടവും പിശാചില്‍ നിന്നുള്ള പ്രേരണയാണ്. മനസ്സിരുത്തി സാവകാശം പ്രവര്‍ത്തിക്കുന്നത് അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനവുമത്രെ.’ അല്ലാഹു പറഞ്ഞു: ‘മനുഷ്യന്‍ ധൃതിയുള്ളവനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.’ മനുഷ്യന്‍ മഹാവെപ്രാളക്കാരനാണ്. അല്ലാഹു തിരുപ്രവാചകരെ ഉപദേശിച്ചതിങ്ങനെ: ‘വഹ്യ് ലഭിച്ചുകഴിയുന്നതിനുമുമ്പേ ധൃതിപ്പെട്ട്  ഖുര്‍ആന്‍ ഓതിത്തുടങ്ങരുത്.’
വെപ്രാളം കാണിക്കുമ്പോള്‍ മനുഷ്യനറിയാതെ പിശാച് തന്‍റെ ദുഷ്ടതാല്‍പര്യങ്ങളെ അതിനിടയിലൂടെ ധൃതിയില്‍ കടത്തിവിടുന്നു. പ്രവാചകന്‍ ഈസാബ്നു മര്‍യം പിറന്നപ്പോള്‍ പിശാചുക്കള്‍ നേതാവായ ഇബ്ലീസിനെ വിവരമറിയിച്ചു: ‘സകലവിഗ്രഹങ്ങളും തലകീഴായി വീണിരിക്കുന്നു.’ ഇബ്ലീസ് അത്ഭുതപ്പെട്ടു: ‘ഇതൊരു പുതിയ സംഭവമാണല്ലോ. നിങ്ങളിവിടെ നില്‍ക്കിന്‍.’ ഇബ്ലീസ് ഭൂമിയുടെ ഇരുദിക്കുകളിലും ചെന്നുനോക്കി. ഒന്നും കണ്ടില്ല. പിന്നെയാണ് ഈസാ പ്രവാചകന്‍ പിറന്നതു കണ്ടത്. മലക്കുകള്‍ അദ്ദേഹത്തെ വലയം ചെയ്തിട്ടുണ്ടായിരുന്നു. ഇബ്ലീസ് തിരിച്ചുവന്ന് അനുയായികളോടറിയിച്ചു: ‘ഇന്നലെ രാത്രി ഒരു പ്രവാചകന്‍ ജനിച്ചിട്ടുണ്ട്. ഏതൊരു ഗര്‍ഭം ചുമക്കുമ്പോഴും പ്രസവിക്കുമ്പോഴും ഞാന്‍ അവിടെ എത്താറുണ്ട്. ഈ സംഭവമൊഴികെ!!’ ആ രാത്രിക്കുശേഷം വിഗ്രഹങ്ങള്‍ പൂജിക്കപ്പെടുകയില്ലല്ലോ എന്ന് പിശാചുക്കള്‍ നിരാശപ്പെട്ടതായിരുന്നു. പക്ഷേ, ബദ്ധപ്പാടും അവിവേകവും ഉപയോഗപ്പെടുത്തി അവര്‍ മനുഷ്യരെ വീണ്ടും വഴിതെറ്റിച്ചു.
ധനമോഹം, ലുബ്ധ്, ദാരിദ്ര്യഭീതി
പിശാച് ഹൃദയത്തിനകത്തു കയറുന്ന മറ്റൊരു വഴിയാണ് ദീനാറും ദിര്‍ഹമും. കച്ചവടച്ചരക്കുകള്‍, വാഹനമൃഗങ്ങള്‍, ഭൂമി, ദീനാര്‍, ദിര്‍ഹം തുടങ്ങിയ എല്ലാവിധ പണവും പിശാചിന്‍റെ കവാടമാണ്. നിത്യവൃത്തിക്കാവശ്യമുള്ളതിനേക്കാളധികമുള്ള പണം പിശാചിന്‍റെ പാര്‍പ്പിടമായി വര്‍ത്തിക്കുന്നു. നിത്യവൃത്തിക്കുവേണ്ടത് സ്വന്തമായുള്ളവന്‍ സ്വസ്ഥമനസ്കനായിരിക്കും. നൂറ് ദീനാര്‍ കൂടുതല്‍ കയ്യിലുണ്ടെങ്കില്‍ പത്തുമോഹങ്ങളുദിക്കും. ഓരോ ആഗ്രഹവും നിവര്‍ത്തിക്കാന്‍ നൂറ് വീതം ദീനാര്‍ വേറെ ആവശ്യമുണ്ടാകും. കയ്യിലുള്ളത് മതിയാകില്ല. തൊള്ളായിരം ഇനിയും വേണം. നൂറു ദീനാര്‍ മിച്ചമില്ലാത്ത ഘട്ടത്തില്‍ അയാള്‍ ഐശ്വര്യവാനായിരുന്നു. നൂറു ലഭിച്ചപ്പോള്‍ അയാള്‍  കരുതി താനൊരു ധനികനാണെന്ന്. പക്ഷേ, ഇപ്പോള്‍ തൊള്ളായിരം ദീനാറിന്‍റെ ആവശ്യക്കാരനായിത്തീര്‍ന്നു!
സാബിതുല്‍ ബന്നാനി(റ) പറഞ്ഞു: ‘അല്ലാഹുവിന്‍റെ അന്ത്യദൂതര്‍(സ്വ)യെ പ്രവാചകനായി നിയോഗിക്കപ്പെട്ടപ്പോള്‍ ഇബ്ലീസ് തന്‍റെ അനുയായികളായ പിശാചുക്കളോടു പറഞ്ഞു: ഗൗരവമുള്ള എന്തോ സംഭവിച്ചിട്ടുണ്ടല്ലോ.! പോയി നോക്കീന്‍, എന്താണത്? അവര്‍ ഇറങ്ങിത്തിരിച്ചു. ഒന്നും കണ്ടുപിടിക്കാനാകാതെ തളര്‍ന്ന് തിരിച്ചുവന്നു: ‘ഞങ്ങള്‍ക്കറിയില്ല.’ ഇബ്ലീസ് പറഞ്ഞു: ‘എന്നാല്‍, വാര്‍ത്തയുമായി ഞാന്‍ ഇപ്പോള്‍ വരാം.’ ഇബ്ലീസ് പോയി വന്നു പറഞ്ഞു: ‘അല്ലാഹു മുഹമ്മദി(സ്വ)നെ പ്രവാചകനായി നിയമിച്ചിരിക്കുന്നു.’ സാബിത് തുടരുന്നു: അങ്ങനെ ഇബ്ലീസ് തന്‍റെ പിശാചുക്കളെ തിരുനബി(സ്വ)യുടെ അനുചരന്മാരുടെ അടുക്കലേക്കയക്കാന്‍ തുടങ്ങി. പിശാചുക്കള്‍ അഖിലം നിരാശരായി തിരിച്ചുപോന്നു.  അവര്‍ പറഞ്ഞു: ‘ഇതുപോലൊരു വിഭാഗവുമായി ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ അവരില്‍ ദുര്‍മന്ത്രണം ചെയ്യാനും വികാരങ്ങളുദ്ദീപിപ്പിക്കാനും ശ്രമിച്ചുനോക്കി. പക്ഷേ, അവര്‍ നിസ്കരിക്കാനൊരുങ്ങുന്നതോടെ അവയെല്ലാം മാഞ്ഞുപോകും!!’ അപ്പോള്‍ ഇബ്ലീസ് പറഞ്ഞു: ‘കാത്തിരിക്കുവീന്‍, അല്ലാഹു അവര്‍ക്ക് ഭൗതികലോകം തുറന്നുകൊടുത്തേക്കാം. അപ്പോള്‍ നമ്മുടെ ആവശ്യം അവരിലൂടെ നേടിയെടുക്കാം.’
ഒരിക്കല്‍ പ്രവാചകന്‍ ഈസാ(അ) ഒരു കല്ലെടുത്ത് തലയിണയാക്കി വെച്ചു. അതുവഴി പോയ ഇബ്ലീസ് ചോദിച്ചു: ഈസാ  താങ്കള്‍ ഭൗതികസുഖങ്ങളില്‍ തല്‍പരനാണോ? അതുകേട്ടപ്പോള്‍ ഈസാ(അ) തലയ്ക്കു ചുവട്ടിലെ കല്ലെടുത്ത് വലിച്ചെറിഞ്ഞു: ‘ഇതാ നിന്‍റെ ദുന്‍യാവ്. കൊണ്ടുപോയ്ക്കോ.’ സത്യത്തില്‍ ഉറങ്ങാന്‍ നേരം തലക്കു ചുവട്ടില്‍ വെക്കാന്‍ ഒരു കല്ല് സ്വന്തമായുള്ളവന്‍ പോലും പിശാചിന് ആയുധമാകാവുന്നത്ര ഭൗതികസുഖം സമ്പാദിച്ചവനായി ഗണിക്കാവുന്നതാണ്; ഉദാഹരണത്തിന്, രാത്രിയില്‍ എഴുന്നേറ്റ് നിസ്കരിക്കുന്ന ശീലമുള്ള ഒരാള്‍. തലയ്ക്കു ചുവട്ടില്‍ വെക്കാവുന്ന ഒരു കല്ല് പരിസരത്തുണ്ടെങ്കില്‍, അതവനെ ഉറങ്ങാന്‍ വിളിക്കുകയും അതെടുത്ത് തലയിണയാക്കുകയും ചെയ്യാനിടയുണ്ട്. ആ കല്ലവിടെ ഇല്ലായിരുന്നെങ്കില്‍ അത്തരമൊരു ചിന്ത അങ്കുരിക്കുമായിരുന്നില്ല. ഉറങ്ങാന്‍ താല്‍പര്യമുണ്ടാകുമായിരുന്നില്ല. ഒരു കല്ലിന്‍റെ കാര്യമാണിത്! മാര്‍ദവമേറിയ ഉപധാനങ്ങളും മൃദുലമായ പരവതാനികളും ഉല്ലാസാന്തരീക്ഷവും സ്വന്തമായുള്ളവന്‍, അല്ലാഹുവിന് ഇബാദത്തുചെയ്യാന്‍ എപ്പോള്‍ ഉത്സാഹം പ്രകടിപ്പിക്കാന്‍?!
ലുബ്ധ്, ദാരിദ്ര്യഭയം എന്നിവയിലൂടെയും പിശാച് മനസ്സിനകത്ത് കയറും. ചെലവഴിക്കുന്നതും ധര്‍മം ചെയ്യുന്നതും തടയുന്ന വികാരമാണിത്. സമ്പാദിച്ചുകൂട്ടാനും നിക്ഷേപം വര്‍ധിപ്പിക്കാനും ഇതു പ്രേരിപ്പിക്കുന്നു. ഖൈസമത്ത് ബ്ന്‍ അബ്ദുറഹിമാന്‍(റ) ഇബ്ലീസിനെ ഉദ്ധരിക്കുന്നു: ‘എന്നെ മനുഷ്യന്‍ പൊതുവെ തോല്‍പിക്കാറില്ല, മൂന്നു കാര്യങ്ങളില്‍ അവര്‍ ഉറപ്പായും എന്നെ തോല്‍പിക്കില്ല. അനര്‍ഹമായതില്‍ നിന്നും ധനം സമ്പാദിക്കുവാന്‍, അഹിതമായിടത്ത് അതു ചെലവഴിക്കാന്‍, ധനം അനിവാര്യമായിടത്ത് വിനിയോഗിക്കാതിരിക്കാന്‍ ഞാന്‍ കല്‍പിക്കുന്നത് അവര്‍ ധിക്കരിക്കാറില്ല. സുഫ്യാന്‍(റ) പറയുന്നു: ‘ദാരിദ്ര്യഭയത്തെപ്പോലുള്ള മറ്റൊരു ആയുധം പിശാചിന്നില്ല. അതനുസരിച്ചാല്‍ പിന്നെ അധര്‍മങ്ങള്‍ ചെയ്യാന്‍ തുടങ്ങും. സത്യം തടയും. ഇച്ഛാനുസരണം സംസാരിക്കും. നാഥനെക്കുറിച്ച് തെറ്റായതു ചിന്തിക്കും.’
അബൂഉമാമ(റ) ഉദ്ധരണം: ‘നിശ്ചയം അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞു: ഭൂമിയിലേക്കിറക്കപ്പെട്ടപ്പോള്‍ ഇബ്ലീസ് സങ്കടം ബോധിപ്പിച്ചു: ‘നാഥാ, അനുഗ്രഹങ്ങളില്‍ നിന്നെല്ലാം ആട്ടിയകറ്റി നീ എന്നെ ഭൂമിയിലേക്കയച്ചിരിക്കുകയാണല്ലോ. എനിക്കിവിടെ ഒരു വീടൊരുക്കിത്തരണം.’ അല്ലാഹു പറഞ്ഞു: ‘ശരി, നിന്‍റെ വീടാകുന്നു കുളിപ്പുര.’ കുശലം പറഞ്ഞിരിക്കാന്‍ ഒരു കേന്ദ്രം ഏര്‍പ്പാടാക്കിത്തരാമോ? പിശാചിന്‍റെ അടുത്ത ആവശ്യം. അല്ലാഹു പറഞ്ഞു: ‘ചന്തകളും കവലകളും നിനക്കു കുശലം പറഞ്ഞിരിക്കുവാനുള്ളതാണ്.’ ഭക്ഷണം വേണമെന്നായി ഇബ്ലീസ്. അല്ലാഹുവിന്‍റെ നാമം സ്മരിക്കാതെ കഴിക്കുന്ന ഭക്ഷണം പിശാചിനുള്ളതാണെന്ന് അറിയിപ്പ്. പാനീയവും വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ലഹരിയുള്ള എല്ലാ ദ്രാവകവും നിന്‍റേതെന്ന് അല്ലാഹു. തന്‍റെ സന്ദേശം വിളംബരം ചെയ്യാന്‍ ഒരാളെത്തരണമെന്ന് ഇബ്ലീസ് ആവശ്യപ്പെട്ടു. അല്ലാഹു പറഞ്ഞു: ‘വാദ്യോപകരണങ്ങള്‍ അതിനുള്ളതാണ്.’ എനിക്കൊരു അനുവദിക്കണമെന്ന് പിശാച്. ‘കവിതയാണ് നിന്‍റെ വേദമെന്ന് അല്ലാഹു. പിശാചിന്‍റെ മുദ്രയായി പച്ചകുത്തും മുദ്രാവാക്യമായി കളവും അല്ലാഹു ഏര്‍പ്പെടുത്തി. സ്ത്രീകളെ പിശാചിന്‍റെ ചതിവലകളായി നിശ്ചയിച്ചു.’