സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 3 August 2015

അനുശോചനം




വേറൊരാളിനോട് ചേർന്ന് ദുഖിക്കുന്നതിനാണ് മലയാള ഭാഷയിൽ അനുശോചനം എന്ന് പറയുന്നത്.  ഒരാള് മരണപ്പെട്ടാൽ ദുഖിച്ചു നിലവിളിക്കൾ നിഷിദ്ദമാണ്. കാരുണ്യം കൊണ്ട് വിലാപം പ്രകടിപ്പിക്കലും നിഷിദ്ദം തന്നെ. മരണം ഉൾപ്പെടെയുള്ള വിധികൾ ക്ഷമാപൂർവ്വം സ്വീകരിക്കുകയാണ് വേണ്ടത്. എന്നാൽ ശബ്ദമില്ലാതെ കണ്ണീരൊലിപ്പിച്ചു കരയാം. നബി(സ) തങ്ങളുടെ ബന്ധത്തിൽപെട്ട ഒരു കുട്ടി മരണപ്പെട്ടപ്പോൾ അപ്രകാരം കരയുകയും അതേപ്പറ്റി ചോദിച്ച സഹാബിയോടു അത് റഹ്മത്താണെന്ന് പറയുകയും ചെയ്ത സംഭവം പ്രബലാമായ ഹദീസുകളിൽ കാണാം.

അനർഹാരായ വ്യക്തികളുടെ മരണശേഷം ഗദ്യ-പദ്യങ്ങളിലൂടെ അവരെ പുകഴ്ത്തുന്നത് കറാഹത്താണ്. അര്ഹരായ പണ്ഡിതന്മാരെ പോലെയുള്ളവരെ പുകഴ്ത്താവുന്നതാണ്. എന്നാൽ വീണ്ടും ദുഖിപ്പിക്കുകയും മനപ്രയാസമുണ്ടാക്കുകയും ചെയ്യുന്ന പ്രശംസകൾ കറാഹത്താണ്.  ഇബ്നു ഹജർ ഹൈതാമി(റ) പറയുന്നു:


അർത്ഥം:
ഗദ്യ-പദ്യങ്ങളിലൂടെ മയ്യിത്തിന്റെ ഗുണങ്ങൾ എടുത്ത് പറഞ്ഞ് അനുശോചനം നടത്തൽ കറാഹത്താണ്. അങ്ങനെ ചെയ്യുന്നതിന് ഹദീസിൽ വിലക്ക് വന്നിട്ടുണ്ട്. മുമ്പ് പറഞ്ഞ വിലപ്പിക്കൽ ഇല്ലെങ്കിലാണ് കറഹത്താണെന്ന്  പറഞ്ഞത്. അതുണ്ടെങ്കിൽ ഹറാമാണ്. ദുഖത്തെ പുതുക്കാൻ പ്രേരിപ്പിക്കും വിധമോ, വ്യസനം തോന്നിപ്പിക്കും വിധമോ അതിന്നായി പ്രത്യേകം തയ്യാറാക്കിയ സദസ്സുകളിൽവെച്ചോ ആകുമ്പോഴും കറാഹത്തുതന്നെ. മുമ്പ് പറഞ്ഞ എല്ലാവിധ സംഗതികളിൽനിന്നും മുക്തമായി പണ്ഡിതനെപോലെയുള്ളവരുടെതാണെങ്കിൽ ഇബാദത്തുകളുമായാണ് അതിന് കൂടുതൽ സാദ്രശ്യമുള്ളത്. (തുഹ്ഫ: 3/183)      

നിലവിളിയും അട്ടഹാസവും നിഷിദ്ദമാണെന്ന് വ്യക്തമാക്കിയ ശേഷം ഇബ്നു ഹജർ(ര) എഴുതുന്നു:


അർത്ഥം:
"സൂക്ഷ്മതയുള്ള പണ്ഡിതന്റെയും സച്ചരിതനായ വ്യക്തിയുടെയും സ്ഥാനമാനങ്ങൾ പറയുന്നതിനെ ഇതിൽനിന്നോഴിവാക്കണം. അദ്ദേഹത്തിൻറെ സരണിയിൽ പ്രവേശിക്കാനും അദ്ദേഹത്തെപ്പറ്റി നല്ല വിചാരം പുലർത്താനും അത് പ്രേരകമാകുമല്ലോ. ആകയാൽ വഴിപ്പാടിന്റെയും സദുപദേശത്തിന്റെയും വകുപ്പിൽപ്പെട്ടതായിവേണം അതിനെ കാണാൻ. ഇതുകൊണ്ടാണ് നിരവധി സ്വഹാബിമാരും മറ്റു പണ്ഡിതൻമാരും നിരാക്ഷേപം അതു ചെയ്തുവന്നത്. നബി(സ)യുടെ പ്രിയ പുത്രി ഫാത്വിമാ (റ) നബി(സ) യുടെ വിയോഗ ശേഷം അവിടത്തെ ഖബ്റിടത്തിൽ നിന്ന് മണ്ണെടുത്ത് ചുംബിച്ച് ഇപ്രകാരം പാടുകയുണ്ടായി. "അഹ്മദിന്റെ മണ്ണ് വാസനിച്ചവർക്ക് കാലം മുഴുവനും വിലപ്പിടിപ്പുള്ള വസ്തുക്കൾ വാസനിക്കാതിരുന്നാൽ എന്താണുള്ളത്?. എന്റെ മേൽ മുസ്വീബത്തുകൾ ചോരിയപ്പെട്ടിരിക്കുന്നു. അവകൾ പകലുകളുടെ മേൽ ചൊരിയപ്പെടുകയാണെങ്കിൽ  പകലുകൾ രാത്രികളായി മാറുമായിരുന്നു."      
                               ഇബ്നു ഹജർ(റ) തുടരുന്നു: അബൂബക്ക്ർ, ഉസ്മാൻ, അലീ, ഹസ്സാൻ, സ്വഫിയ്യ(റ-ഹും) തുടങ്ങിയവർ നബി(സ)യുടെ പേരിൽ അനുശോചന കാവ്യം ചൊല്ലിയിട്ടുണ്ട്. (ഫതാവൽ കുബ്റാ: 1:414)

ചുരുക്കത്തിൽ മഹാന്മാരുടെ സ്മരണ ലോകത്ത് നിലനിർത്താനും അവരുടെ സരണിയിലേക്ക്‌ മറ്റുള്ളവർ കടന്നുവരാനും വേണ്ടി അവരുടെ മഹത്വങ്ങൾ പദ്യ-ഗദ്യ-സമ്മിശ്ര- രൂപത്തിൽ രചിക്കുന്നതും അതു പാരായണം ചെയ്യുന്നതും സൽകർമ്മമാണെന്ന്  മേൽ വിവരണത്തിൽ നിന്നും വ്യക്തമാണ്. അങ്ങനെ ചെയ്യുന്നതിന് സ്വഹാബത്തിന്റെയും താബിഉകളുടെയും പിന്തുണയും നമുക്കുണ്ട്. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും പേരിൽ വിരചിതമായ മാല- മൗലീദുകളെ  ഇതിന്റെ ഭാഗമായും കാണാം. അതിനാൽ അത്തരം സംഗതികൾ മതവിരുദ്ദമെന്ന പേരിൽ എതിർക്കപെടെണ്ടതില്ല.