സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 15 August 2015

-സൂറത്തുൽ കാഫിറൂൻسورة الكافرون


മക്കയിൽ അവതരിച്ചു ( സൂക്തങ്ങൾ 6 )

കഅബ ത്വവാഫ് കഴിഞ്ഞതിനു ശേഷം നടത്തേണ്ട സുന്നത്ത് നിസ്ക്കാരത്തിൽ ഈ സൂറത്തും സൂറത്തുൽ ഇഖ്‌ലാസും നബി(صلى الله عليه وسلم) ഓതിയിരുന്നു. സുബ്ഹി നിസ്ക്കാരത്തിന്റെ മുമ്പുള്ള സുന്നത്ത് നിസ്ക്കാരത്തിലും മഗ് രിബിനു ശേഷമുള്ള സുന്നത്ത് നിസ്ക്കാരത്തിലും ഈ സൂറകൾ നബി(صلى الله عليه وسلم) ഓതിയിരുന്നു(തുർമുദി)

രാത്രി ഉറങ്ങാൻ സമയത്തും ഈ സൂറത്ത് ഓതാൻ നബി(صلى الله عليه وسلم) നിർദ്ദേശിച്ചതായി കാണാം. ഖു ർ ആനിന്റെ നാലിലൊന്നിനോട് കിടപിടിക്കുന്ന അദ്ധ്യായമാണിതെന്ന് നബി(صلى الله عليه وسلم)പറഞ്ഞിട്ടുണ്ട്. ഇമാം റാസി(رحمه الله)എഴുതുന്നു. ഖുർആൻ കല്പനകളും വിരോധങ്ങളും അടങ്ങിയതാണ് ഇത് രണ്ടും ഹൃ‌ദയവുമായും അവയവങ്ങളുമായി ബന്ധപ്പെടുന്നു ഈ സൂറത്ത് ഹൃ‌ദയങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിരോധത്തിന്റെ മേൽ അറിയിക്കുന്നതിനാൽ ഇത് ഖുർആനിന്റെ നാലിലൊന്ന് എന്ന് ഈ സൂറത്തിനെ കുറിച്ച് പറയാം(റാസി 32/126)

യാത്ര പുറപ്പെടുമ്പോൾ കാഫിറൂന. നസ്ർ, ഇഖ് ലാസ്, ഫലഖ്, നാസ് എന്നീ അഞ്ച് സൂറത്തുകൾ പാരായണം ചെയ്യാൻ നബി(صلى الله عليه وسلم)നിർദ്ദേശിച്ചതായി ജുബൈറുബ്നു മുത്ഇം(رحمه الله)പറഞ്ഞതായി ഇമാം ഖുർത്വുബി(رحمه الله)പറയുന്നു(ഖുർത്വുബി.20/163)

ഈ സൂറത്തിന്റെ അവതരണ പാശ്ചാത്തലമായി വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നതിങ്ങനെ. ഒരിക്കൽ ചില ഖുറൈശി പ്രമുഖർ (വലീദ് ബിൻ അൽമുഗീറ, ആസ്വി ബിൻ വാഇൽ, അസ് വദ് ബിൻ അബ്ദിൽമുത്തലിബ്, ഉമയ്യത്തുബിൻ ഖലഫ് എന്നിവർ) നബി(صلى الله عليه وسلم)യുടെ അടുത്ത് വന്ന് ഇപ്രകാരം പറഞ്ഞു.മുഹമ്മദേ!(صلى الله عليه وسلم) നിങ്ങൾ പറയുന്ന ദൈവത്തിനു ഒരു കൊല്ലം ഞങ്ങൾ ആരാധിക്കാം ഞങ്ങളുടെ ദൈവങ്ങളെ ഒരു കൊല്ലം താങ്കളും ആരാധിക്കുക.താങ്കൾ പരിചയപ്പെടുത്തുന്ന ദൈവമാണ് സത്യമെങ്കിൽ അതിൽ ഞങ്ങൾക്കും ഞങ്ങളുടെ ദൈവങ്ങളാണ് സത്യമെങ്കിൽ അതിൽ താങ്കൾക്കും ഭാഗഭാക്ക് ആവാമല്ലോ! ഈ സംഭവത്തെ തുടർന്ന് ഇറങ്ങിയ അദ്ധ്യായമാണിത്


بسم الله الرحمن الرحيم

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1. قُلْ يَا أَيُّهَا الْكَافِرُونَ
(നബിയേ)പറയുക. ഹേ സത്യ നിഷേധികളേ..

ഇമാം റാസി(رحمه الله) എഴുതുന്നു. നബി(صلى الله عليه وسلم)യോട് അള്ളാഹു കല്പിച്ചത് ജനങ്ങളോട് വളരെ മയത്തിലും മമതയിലും പെരുമാറാനാണ്. നബി(صلى الله عليه وسلم) ലോകത്തിനു തന്നെ അനുഗ്രഹമാണ്.സംവദിക്കുമ്പോൾ ഏറ്റവും നല്ല നിലയിൽ സംവദിക്കണം എന്നാണല്ലോ ഖുർആൻ പറഞ്ഞത് എന്നിരിക്കെ ഹേ!അവിശ്വാസികളേ.. എന്ന ഈ ശൈലി അതിനെതിരല്ലേ എന്ന ചോദ്യമുണ്ട്. അതിന്റെ നിവാരണമായി ധാരാളം മറുപടികൾ ഉണ്ട്. (1) ഹേ, അവിശ്വാസികളേ! എന്ന് വിളിക്കാനാണ് അള്ളാഹു കല്പിച്ചത് തങ്ങൾ സ്വന്തം വകയിൽ വിളിച്ചതല്ല. (2) നബി(صلى الله عليه وسلم)യെ ആക്ഷേപിച്ച് ശത്രുക്കൾ വേരറ്റവൻ എന്ന്(കഴിഞ്ഞ അദ്ധ്യായത്തിൽ വിശദീകരിച്ചത് ഓർക്കുക) ആക്ഷേപിച്ചപ്പോൾ അതിനു മറുപടി അള്ളാഹു പറഞ്ഞു. തങ്ങളെ അധിക്ഷേപിക്കുന്നവനാണ് വേരറ്റവൻ എന്ന്. അള്ളാഹുവിനു പങ്കാളികളെ സ്ഥാപിച്ച് അള്ളാഹുവിനെ ആക്ഷേപിച്ച മുശ് രിക്കുകൾക്ക് മറുപടി തങ്ങൾ പറയൂ എന്നാണ് അള്ളാഹു ഇവിടെ ഉദ്ദേശിച്ചത്. (3) നബി(صلى الله عليه وسلم) തന്റെ കുടുംബത്തോട് അതിരറ്റ സ്നേഹം ഉള്ള ആളാണെന്ന് എല്ലാവർക്കും അറിയാം.നബി(صلى الله عليه وسلم)യാണെങ്കിൽ ഒരിക്കലും കള്ളം പറയില്ലെന്നും അവർക്കറിയാം എന്നിട്ടും നബി(صلى الله عليه وسلم) അവരെ അവിശ്വാസികളേ.. എന്ന് വിളിച്ചാൽ അവർ വിശ്വാസത്തിൽ തകരാറ് സംഭവിച്ചവർ തന്നെ എന്ന് എല്ലാവർക്കും മനസിലാവുകയും ചിലർക്കെങ്കിലും തെറ്റിൽ നിന്ന് മാറാൻ പ്രചോദനമാവുകയും ചെയ്യും എന്നതിനാലാണ് അങ്ങനെ വിളിക്കാൻ നിർദ്ദേശിച്ചത്. ഇമാം ഇബ്നു കസീർ(رحمه الله)എഴുതുന്നു ഇവിടെ പറഞ്ഞ കാഫിറുകൾ (അവിശ്വാസികൾ) എന്നതിന്റെ പരിധിയിൽ ഭൂമുഖത്തുള്ള എല്ലാ കാഫിറും പെടും പക്ഷെ ഇവിടെ നേരിട്ടുള്ള സംബോധനം ഖുറൈശി നേതാക്കളോടാണെന്ന് മാത്രം(ഇബ്നു കസീർ 4/822)


2. لَا أَعْبُدُ مَا تَعْبُدُونَ

നിങ്ങൾ ആരാധിച്ചു വരുന്നവയെ ഞാൻ ആരാധിക്കുന്നില്ല

3. وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
ഞാൻ ആരാധിച്ചു വരുന്നവനെ നെ നിങ്ങളും ആരാധിക്കുന്നില്ല

4. وَلَا أَنَا عَابِدٌ مَّا عَبَدتُّمْ
നിങ്ങൾ ആരാധിക്കുന്നതിനെ ഞാൻ(ഭാവിയിൽ) ആരാധിക്കുകയില്ല

5. وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ

ഞാൻ ആരാധിക്കുന്നവനെ നിങ്ങളും(ഭാവിയിൽ) ആരാധിക്കുകയില്ല

ഇസ്~ലാമിന്റെ പരിശുദ്ധ സന്ദേശങ്ങൾ പ്രബോധനം ചെയ്യുവാനും നടപ്പിൽ വരുത്താനുമാണല്ലോ നബി(صلى الله عليه وسلم) നിയോഗിക്കപ്പെടുന്നത് എന്നാൽ അതിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമ പരിഗണന നൽകപ്പെട്ടിട്ടുള്ളതും ശിർക്കിനെ നിർമ്മാർജ്ജനം ചെയ്ത് തൌഹീദ് സ്ഥാപിക്കുക എന്നതാണ് മറ്റുള്ളതെല്ലാം ഈ ലക്ഷ്യത്തിന്റെ വിശദാംശങ്ങളും അനിവാര്യ ഫലങ്ങളുമാണ്. ആരാധിക്കപ്പെടാൻ അർഹൻ അള്ളാഹു മാത്രം എന്ന തൌഹീദും പല ദൈവങ്ങളെ സ്ഥാപിക്കുന്ന ശിർക്കും തമ്മിൽ ഭാഗികമോ നാമമാത്രമോ ആയ നീക്ക് പോക്കുകൾ പോലും പാടില്ല എന്ന വ്യക്തമായ പ്രഖ്യാപനമാണീ അദ്ധ്യായത്തിൽ അടങ്ങിയിട്ടുള്ളത് .ശിർക്കെന്ന ബഹുദൈവത്വത്തെ നിരാകരിക്കുന്ന ഈ സൂറത്തും ഏകദൈവ സിദ്ധാന്തത്തെ വിശദീകരിക്കുന്ന സൂറത്തുൽ ഇഖ് ലാസും തമ്മിലൂള്ള ബന്ധം ഈ വിശദീകരണത്തിൽ നിന്ന് വ്യക്തമാവുമല്ലോ. അത് കൊണ്ട് തന്നെയാണ് നേരത്തെ സൂചിപ്പിച്ച സുറത്തുൽ കാഫിറൂന ഓതേണ്ട നിസ്ക്കാരങ്ങളുടെയെല്ലാം രണ്ടാം റക് അത്തിൽ സൂറത്തുൽ ഇഖ് ലാസ് പാരായണം ചെയ്യൽ സുന്നത്തായത്.

നിങ്ങൾ ആരാധിച്ച് കൊണ്ടിരിക്കുന്ന വസ്തുക്കളെയൊന്നും ഞാൻ ആരാധിക്കുന്നില്ല അതിനു ഞാൻ തയാറല്ല.ഞാൻ ആരാധിക്കുന്നത് അള്ളാഹുവിനെ മാത്രമാണ് അവനെ നിങ്ങളും ആരാധിക്കുന്നില്ല(അഥവാ നബി(صلى الله عليه وسلم)പരിജയപ്പെടുത്തിയ അള്ളാഹുവിനെ അവർ ആരാധിക്കുന്നില്ല. അവർ അള്ളാഹു എന്ന് പറഞ്ഞത് പങ്കാളികളുള്ള ഒരു അള്ളാഹുവാണ് അത് നബി(صلى الله عليه وسلم) പരിചയപ്പെടുത്തിയ അള്ളാഹു അല്ല.നബി(صلى الله عليه وسلم) പരിചയപ്പെടുത്തിയ അള്ളാഹുവിനെ വിശ്വസിക്കാതെ അള്ളാഹുവിലുള്ള വിശ്വാസം പരിഗണിക്കപ്പെടുകയുമില്ല.) ഭാവിയിൽ ഇപ്പോഴുള്ള നിലപാട് തന്നെ തുടരും എന്നാണ് രണ്ടാമതും ഞാൻ ആരാധിക്കുന്നവനെ നിങ്ങളോ നിങ്ങൾ ആരാധിക്കുന്നവയെ ഞാനോ ആരാധിക്കില്ലെന്ന് രണ്ടാമത് പറഞ്ഞത്. ആദ്യം പറഞ്ഞതിനെ ശക്തിപ്പെടുത്താൻ വേണ്ടി ആവർത്തിച്ച് പറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ടവരും നിങ്ങളുടെ തന്നിഷ്ടത്തിനനുസരിച്ചുള്ള ആരാധനാ രീതികൾ ഞാൻ അനുകരിക്കുകയില്ലെന്നും എന്റെ ആരാധനാമുറകൾ നിങ്ങൾ അംഗീകരിക്കില്ലെന്നുമാണ് രണ്ടാമത് പറഞ്ഞതിന്റെ അർത്ഥമെന്നും വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്
6. لَكُمْ دِينُكُمْ وَلِيَ دِينِ
നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം
നിങ്ങൾക്ക് നിങ്ങളുടെ മതവും നടപടി ക്രമങ്ങളും എനിക്ക് എന്റെ മതവും നടപടിക്രമവും ഞാൻ ചെയ്തതിന്റെ ഫലം ഞാനും നിങ്ങൾ ചെയ്യുന്നതിന്റെ ഫലം നിങ്ങളും അനുഭവിക്കും എന്ന് സാരം. ഇമാം ത്വബ് രി(رحمه الله) എഴുതുന്നു.നബി(صلى الله عليه وسلم) തങ്ങൾ എനിക്ക് എന്റെ മതം എന്ന് പറഞ്ഞതിന്റെ അർത്ഥം ഞാൻ അത് ഒരിക്കലും കയ്യൊഴിക്കില്ലെന്നും അതിലായി തന്നെ ജീവിച്ച് മരിക്കുമെന്നും അതേ സമയം നിങ്ങൾ വഴികേടിലായി സീൽ ചെയ്യപ്പെട്ടവരും അതിലായി മരിക്കാൻ വിധിക്കപ്പെട്ടവരാണെന്നും അള്ളാഹുവിന്റെ അറിവിൽ ഉണ്ടെന്നുള്ള വ്യക്തമായ പ്രഖ്യാപനമാണ് ഇതിലൂടെ നബി(صلى الله عليه وسلم) നടത്തുന്നത്(ത്വബ് രി 15/374)

ഇവിടെ ഒരു ചോദ്യമുണ്ട്. അവിശ്വാസികൾക്ക് അവിശ്വാസത്തിൽ നിലകൊള്ളാനുള്ള അനുവാദം കൊടുക്കുകയല്ലേ ഇവിടെ ചെയ്യുന്നത്.നബി(صلى الله عليه وسلم) നിയോഗിക്കപ്പെട്ടത് തന്നെ അവിശ്വാസം നിർമ്മാർജ്ജനം ചെയ്യാനല്ലേ ആസ്ഥിതിക്ക് തങ്ങൾ നിങ്ങൾ നിങ്ങളുടെ മതവുമായി നടന്നോളൂ എന്ന് എങ്ങനെ പറയും?

ഇത്തരം ധാരാളം ഉണ്ട് ഈ ചോദ്യത്തിന്. (1) ഇത് അവർക്കുള്ള താക്കീതാണ് അനുവാദമല്ല.അതായത് നിങ്ങൾ ഇഷ്ടമുള്ളത് ചെയ്ത് ശിക്ഷ വാങ്ങാൻ തയാറാവൂ എന്നാണ് (2)ഞാൻ നിങ്ങളെ സത്യത്തിലേക്കും രക്ഷയിലേക്കും ക്ഷണിക്കുന്നു,എന്നാൽ അത് സ്വീകരിക്കാൻ മനസില്ലാത്ത നിങ്ങൾ എന്നെ ശിർക്കിലേക്ക് വിളിക്കണ്ട എന്നാണ്. (3) നിങ്ങൾക്ക് നാശമാണ് നല്ലതായി തോന്നുന്നതെങ്കിൽ നിങ്ങൾ അത് സ്വീകരിക്കൂ.യഥാർത്ഥത്തിൽ നന്മയായ സത്യം ഞാൻ ഒഴിവാക്കില്ല(റാസി 32/136)

പരസ്പരം എന്തെങ്കിലും സംസാരിക്കുമ്പോൾ ഒരു ഉപമയായി ഈ സൂക്തം ചിലർ ഉന്നയിക്കാറുണ്ട്. അത് അനുവദനീയമല്ല കാരണം ഖുർ ആൻ ഉപമയാക്കാനുള്ളതല്ല മറിച്ച് ചിന്തിച്ച് അതിന്റെ താല്പര്യാനുസരണം പ്രവർത്തിക്കാനുള്ളതാണ്(റാസി 32/137)

ഈ അദ്ധ്യായം പാരായണം ചെയ്തവൻ ഖുർ~ആനിന്റെ നാലിലൊരു ഭാഗം ഓതിയവനെ പോലെയാണെന്നും ശല്യക്കാരായ പിശാചുക്കൾ അവനെ വിട്ട് അകലുമെന്നും ശിർക്കിൽ നിന്ന് അവൻ മോചിതനാവുമെന്നും നബി(صلى الله عليه وسلم) പറഞ്ഞിട്ടുണ്ട്(ബൈളാവി 2/626)

അള്ളാഹു നമുക്കൊക്കെ ഇത് നടപ്പാക്കാൻ തൌഫീഖ് നൽകട്ടെ ആമീൻ