സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 8 August 2015

സ്ത്രീകളുടെ മയ്യിത്ത്‌ നിസ്‌'കാരം

ഇവിടങ്ങളിൽ പണ്ടു കാലം മുതലേ മയ്യിത്ത്‌ വീട്ടിൽ നിന്നെടുക്കുന്നതിനു മുമ്പ്‌ സ്ത്രീകൾ കൂട്ടമായി മയ്യിത്ത്‌ നിസ്കരിക്കുന്ന പതിവുണ്ട്‌. ഈയിടെ ചില മുസ്ലിയാക്കന്മാർ അതിനെ കർശ്ശനമായി തടയുന്നു. പുരുഷന്മാരുടെ നമസ്കാരം കഴിഞ്ഞതിനു ശേഷമോ പുരുഷൻ ഇമാമായി നിന്നു കൊണ്ടോ അല്ലാതെ സ്ത്രീകൾക്ക്‌ മയ്യിത്ത്‌ നിസ്കരിക്കാൻ പാടില്ലെന്നാണ്‌ ഇവർ പറയുന്നത്‌. ഇതുവരെ നമ്മുടെ നാടുകളിൽ നിരവധി ആലിമുകളുടെയും മഹാന്മാരുടെയും അറിവോടു കൂടി ഇങ്ങനെ നിരാക്ഷേപം നടന്നു വന്ന ഒരു കാര്യം ഇപ്പോൾ മാത്രം ചിലർ എതിർക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നതെന്ത്‌? അതിന്റെ സത്യമായ വിധി ബുൽബുലിൽ നിന്നു പ്രതീക്ഷിക്കുന്നു. വിശദീകരിച്ചു കൊണ്ട്‌.
✔ ഉത്തരം: മയ്യിത്തിന്റെ പ്രദേശത്ത്‌ പുരുഷന്മാരുണ്ടായിരിക്കെ സ്ത്രീകൾ മാത്രം ജമാ അത്തായോ അല്ലാതെയോ മയ്യിത്തിന്റെ മേൽ നിസ്കരിച്ചാൽ അതു സാധുവാകുന്നതും കെട്ടുപെടുന്നതുമാണെന്നതിൽ സംശയമില്ല. തർക്കവുമില്ല എന്നാൽ ആ നിസ്കാരം കൊണ്ട്‌ മയ്യിത്ത്‌ നിസ്കാരത്തിന്റെ ഫർളു ബാദ്ധ്യത വീടുമോ എന്നതിൽ ശാഫി'ഈ മദ്‌'ഹബിൽ രണ്ടഭിപ്രായമുണ്ട്‌ ഏറ്റവും പ്രബലം (അസ്വഹ്‌) ഫർള്‌ വീടാൻ പുരുഷൻ തന്നെ നിസ്കരിക്കണമെന്നാണ്‌. അതേസമയം, ഫർള്‌ അതു കൊണ്ട്‌ വീടുമെന്ന അഭിപ്രായവും ശക്തമാണ്‌. എല്ലാ പള്ളി ദർസ്സുകളിലും ഓതുന്ന ഇമാം നവവി (റ) യുടെ മിൻഹാജിൽ തന്നെ വ്യക്തമാക്കിയതാണിത്‌. മഹല്ലി 1-334,35, തുഹ്ഫ 3-148, നിഹായ 1-475.
പുരുഷന്മാരുള്ളപ്പോൾ -അതൊരു വകതിരിവുള്ള കുട്ടിയാണെങ്കിലും- അവരെ തുടർന്ന് മ'അ്മൂമായി നിസ്കരിക്കലാണു സ്ത്രീകൾക്ക്‌ സുന്നത്തെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്‌. തുഹ്ഫ 3-149 നോക്കുക. എന്നാൽ, മയ്യിത്ത്‌ നിസ്കരിക്കുന്ന ഫർളായ ബാധ്യത പുരുഷന്മാർ നിർവ്വഹിക്കാനിരിക്കെ അതിനു മുമ്പായി സ്ത്രീകൾ സ്വന്തമായി ജമാ'അത്തായോ തനിച്ചോ മയ്യിത്തു നമസ്കരിക്കുന്നതാണല്ലോ പ്രശ്നത്തിലുന്നയിച്ച വിഷയം. ഇതു സ്ത്രീകളുടെ കാര്യത്തിൽ സുന്നത്തായ നമസ്കാരമാണെന്ന് ഇമാം നവവി (റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. അതിനു മഹാനർ കാരണം പറഞ്ഞത്‌ പുരുഷന്മാർ സന്നിഹിതരായിരിക്കെ സ്ത്രീകൾ ഫർളിന്റെ ബാദ്ധ്യതയുള്ളവരിൽ പെടുന്നില്ല എന്നാണ്‌. അവരുടെ നിസ്കാരം സാധുവാണെന്നും. ശർഹുൽ മുഹദ്ദബ്‌ 5-245, 247. പുരുഷന്മാരുണ്ടായിരിക്കെ അവരില്ലാതെ സ്ത്രീകൾ നമസ്കരിക്കുന്നത്‌ കേവലം സുന്നത്തു നിർവ്വഹണമാണെന്നു തുഹ്ഫ 3-151ലും വ്യക്തമാക്കിയിട്ടുണ്ട്‌. നിഹായ 1-477ലും ഇതിങ്ങനെ കാണാം. സാധാരണ പള്ളി ദർസ്സുകളിൽ ഓതി വരുന്ന മഹല്ലിയുടെ വ്യാഖ്യാനങ്ങളായ ഖൽ'യൂബി അമീറ (1-335) എന്നിവയിലും ഇതിപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനെല്ലാം വിരുദ്ധമായി ബുൽബുലിനു ശാഫി'ഈ മദ്‌'ഹബിന്റെ പേരിൽ മറിച്ച്‌ വിധി പറയാനൊന്നുമില്ല. വല്ല അച്ചടിച്ച ഉദ്ധരണികളും കാണുമ്പോളേക്കും അതു ശരിയായി വിലയിരുത്താൻ മിനക്കെടാതെ 'കിട്ടിയതു പാതി കിട്ടാത്തതു പാതി' എന്ന മട്ടിൽ നിറഞ്ഞ ഉലമാ'ഇന്റെ കാലത്ത്‌ നിരാക്ഷേപം നടന്നു വന്ന കാര്യങ്ങളെ എതിർക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്ന പ്രകൃതം ശരിയെല്ലെന്നാണു ബുൽബുലിന്റെ പക്ഷം.
(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം രണ്ട്‌, പേജ്: 80)