സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 19 August 2015

ഇസ്തിഘാസ - തഫ്.സീറിലും ശിർക്കോ ???


وَمَآ أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً }

“അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”(Soorath: AlNisa’a 64)

ആരെല്ലാം എന്തെല്ലാം തൊടുന്യായങ്ങൾ ഉന്നയിച്ചു നിഷേധിച്ചാലും ഇസ്തിഘാസക്ക് വ്യക്തമായ പ്രമാണം ആണ് ഈ ആയത്ത്. അതു കൊണ്ട് തന്നെയാണ് ഇസ്തിഘാസ ചെയ്തതും ഫലം കണ്ടതുമായ സംഭവങ്ങൾ ഈ ആയത്തിന്റെ തഫ്സീറുകളിൽ സ്ഥലം പിടിച്ചതും. അല്ലാഹുവിൽ നിന്ന് തങ്ങളുടെ പാപങ്ങൾ പൊറുത്തു കിട്ടാൻ അല്ലാഹുവിന്റെ ഇഷ്ടദൂതനായ തിരുനബി(സ)യെ സമീപിക്കണമെന്നാണ് അല്ലാഹു തന്നെ നിർദ്ദേശിക്കുന്നത്. നേരിട്ട് സമീപിക്കാൻ കഴിയുന്നവർ അങ്ങനെ സമീപിക്കണം. അല്ലാത്തവർ ആത്മീയമായ സാമീപ്യം കരസ്ഥമാക്കണം.

അല്ലാഹുവിന്റെ റസൂലിനെ(സ) നിന്ദ്യനായി ചിത്രീകരിച്ച് സിനിമ നിർമ്മിച്ച് അവസാനം അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താൽ ഹിദായത്ത് ലഭിച്ച ഡച്ച് രാഷ്ട്രീയ നേതാവ് Mr. Arnoud Van Doorn തിരുറൗളയിൽ വന്ന് തിരുനബി(സ)യോട് മാപ്പ് ചോദിക്കുന്നത് ലോകം ദർശിച്ചിട്ട് ഒരു വർഷമാകുന്നു.

'I am Sorry O Prophet' എന്നു വഫാതായ റസൂലി(സ)നോട്, താൻ അവിടുത്തോട് ചെയ്ത അതിനീചമായ കർമ്മത്തിലുള്ള ഉള്ളുരുകിയ ഖേദത്തോടെ അവിടുത്തെ സന്നിധിയിൽ വന്ന് പറഞ്ഞത് മാധ്യമങ്ങൾ റിപോർട്ട് ചെയ്തതാണ്. ‘സഊദി ഗസറ്റ്’ അടക്കം അത് അങ്ങനെ തന്നെ ഉദ്ധരിച്ചിട്ടും ഒരു കുട്ടി പോലും അതിനെ ശിർക്കെന്ന് വ്യവഹരിച്ചില്ല. ഇതു തന്നെയാണ് ഈ ആയത്തിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ റസൂലി(സ)നോട് ചെയ്ത ദോഷങ്ങൾ അവിടുന്ന് പൊറുക്കാതെ അല്ലാഹു പൊറുക്കുന്ന പ്രശ്നമേ ഇല്ല. റസൂലി(സ)ന്റെ കാര്യത്തിൽ മാത്രമല്ല, മനുഷ്യർ തമ്മിലുള്ള ഇടപാടുകളുടെ കാര്യത്തിലും അല്ലാഹുവിന്റെ പൊതുസമീപനം ഇതു തന്നെ. ഒരാൾ മറ്റൊരാളോട് ചെയ്ത അന്യായം ആദ്യം ആ മനുഷ്യനാൽ പൊരുത്തപ്പെടണം. എന്നാലേ അല്ലാഹു അതു പൊറുക്കുകയുള്ളൂ.
അല്ലാഹുവിന്റെ കല്പനകളും നിയമങ്ങളും വിധിവിലക്കുകളായി ത്യാഗഭരിതമായ ഇരുപത്തിമൂന്ന് വർഷത്തെ ജീവിതത്തിലൂടെ നമുക്ക് എത്തിച്ചു തന്നത് അല്ലാഹുവിന്റെ റസൂലാണ്(സ). അപ്പോൾ ആ വിധിവിലക്കുകളുടെ ഓരോ ലംഘനവും അല്ലാഹുവിനോടെന്ന പോലെ അല്ലാഹുവിന്റെ ദൂതനോടും നടത്തുന്ന ധിക്കാരമാണ്. റസൂലി(സ)നോട് ചെയ്യുന്ന ധിക്കാരത്തിനു - അതു തന്നെയാണ് സ്വന്തം നഫ്സിനോട് ചെയ്യുന്ന അതിക്രമവും - ഓരോ വിശ്വാസിയും റസൂലി(സ)നോട് മാപ്പിരക്കുകയും ആ ദോഷങ്ങൾ പൊറുത്തു കിട്ടാൻ അല്ലാഹുവിനോട് ശുപാർശ ചെയ്യാൻ റസൂലി(സ)നോട് അപേക്ഷിക്കുകയും വേണം. അതാണ് ഈ ആയത്തിന്റെ താത്പര്യം.

ഇമാം റാസി(റ) പറയുന്നു:

وأنهم إذا جاؤه فقد جاؤا من خصه الله برسالته وأكرمه بوحيه وجعله سفيرا بينه وبين خلقه، ومن كان كذلك فان الله لا يرد شفاعته

"കാരണം അവർ സമീപിക്കുന്നത് അല്ലാഹു രിസാലത്ത് കൊണ്ട് പ്രത്യേകമാക്കുകയും, അവന്റെ വഹ്’യ് കൊണ്ട് ബഹുമാനിക്കുകയും, അവന്റെയും അവന്റെ സൃഷ്ടികളുടെയും ഇടയില്‍ മധ്യവര്‍ത്തിയാക്കുകയും ചെയ്ത റസൂലി(സ)നെയാണ്. അപ്രകാരം ആയ സ്ഥിതിക്ക് ആ റസൂലി(സ)ന്റെ ശഫാഅത്ത് അല്ലാഹു മടക്കുകയില്ല"
തഫ്സീര്‍ ഇബ്നു കസീര്‍ നോക്കുക:

يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم، فيستغفروا الله عنده، ويسألوه أن يستغفر لهم، فإنهم إذا فعلوا ذلك، تاب الله عليهم، ورحمهم، وغفر لهم،

“ദോഷികളായ മനുഷ്യര്‍ക്ക് ഈ ആയത്തിലൂടെ അല്ലാഹു വഴികാണിച്ചുകൊടുക്കുന്നു. അവരില്‍നിന്നു വീഴ്ചയോ ദോഷമോ സംഭവിച്ചാല്‍ അവര്‍ നബി(സ്വ)യെ സമീപിക്കുകയും നബിയുടെസമീപത്തുവെച്ച് അവര്‍ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും അവര്‍ക്ക്പൊറുത്തുകൊടുക്കാന്‍ വേണ്ടി നബി(സ്വ) അല്ലാഹുവിനോട് ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്. ഇപ്രകാരംപ്രവര്‍ത്തിച്ചാല്‍ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. ഇതു കൊണ്ടാണ് അവര്‍ അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുമെന്ന് അല്ലാഹു പറയാന്‍ കാരണം.”

ഈ ആയത്ത് നബി(സ)യുടെ ജീവിത കാലത്ത് മാത്രമാണ് ബാധകമെന്ന ഒരു വിചിത്രവാദഗതിയുമായി ചിലർ രംഗത്ത് വരാറുണ്ട്. അത്തരക്കാർക്ക് ഇബ്നു കസീര്‍(റ) തന്നെ മറുപടിയും നൽകുന്നുണ്ട്.

"وقد ذكر جماعة منهم الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن العتبي، قال: كنت جالساً عند قبر النبي صلى الله عليه وسلم فجاء أعرابي فقال: السلام عليك يا رسول الله، سمعت الله يقول: { وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً } وقد جئتك مستغفراً لذنبي، مستشفعاً بك إلى ربي. ثم أنشأ يقول:
يا خَيْرَ مَنْ دُفِنَتْ بِالقاعِ أَعْظُمُهُ فَطابَ مِنْ طِيْبِهِنَّ القاعُ والأَكَمُ
نَفْسِي الفِداءُ لِقَبْرٍ أَنْتَ ساكِنُهُ فيهِ العَفافُ وفيهِ الجُودُ والكَرَمُ
ثم انصرف الأعرابي، فغلبتني عيني، فرأيت النبي صلى الله عليه وسلم في النوم، فقال: يا عتبي الحق الأعرابي، فبشره أن الله قد غفر له”

‘ശൈഖ് അബൂനസ്'ര് ഇബ്നുസ്സ്വബാഗ്(റ) തന്റെ 'അശ്ശാമിൽ' എന്ന കിതാബിൽ രേഖപ്പെടുത്തിയത് ഉൾപ്പെടെ ഒരു സംഘം പണ്ഢിതന്മാര്‍ ഉത്ബി(റ)ല്‍ നിന്നു പ്രസിദ്ധമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഉത്ബി(റ) പറഞ്ഞു: ഞാന്‍ നബി(സ്വ)യുടെ ഖബ്റിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അഅ്റാബി അവിടെ വന്നു ഈ ആയത്ത് ഓതിക്കൊണ്ട് പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ ശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി(സ്വ) അവര്‍ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുന്നതാണ്. റസൂലേ, എന്റെ ദോഷങ്ങളില്‍ നിന്നു മോചനം തേടിയവനായി കൊണ്ടും എന്റെ റബ്ബിലേക്ക് അങ്ങയെ കൊണ്ട് ശുപാർശ തേടിയവനായ നിലയിലും ഇതാ ഞാന്‍ അങ്ങയുടെ അരികില്‍വന്നിരിക്കുന്നു’.

പിന്നീട് ആ അഅറാബി പാടി:
‘ഈ ഖാഅ് എന്ന പ്രദേശത്ത് (മദീനയില്‍) മറവു ചെയ്യപ്പെട്ടവരില്‍ ഏറ്റവും പുണ്യവാനായ നബിയെ
അവിടുത്തെ സൗരഭ്യം കാരണമായി ഈ ഖാഅ് പ്രദേശവും പരിസരവും
പുണ്യപൂരിതമായിരിക്കുന്നു.
എന്റെ ഈ ശരീരം അങ്ങ് വിശ്രമിക്കുന്ന ഈ ഖബര്‍ ശരീഫിനു ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
വിട്ടുവീഴ്ചയും ഔദാര്യവും, മഹത്വവും ഉള്ളത് ആ ഖബര്‍ ശരീഫിലാണല്ലോ,
ഉത്ബി(റ) തുടരുന്നു;
ആ അഅ്റാബി പിരിഞ്ഞു പോയതിനു ശേഷം ഞാന്‍ അവിടെ
അല്‍പനേരം മയങ്ങി. അപ്പോള്‍ റസൂല്‍(സ) സ്വപ്നത്തില്‍ വന്ന്‍ എന്നോട് പറഞ്ഞു - ഉത്ബീ, ആ അഅ്റാബിയുടെ അടുത്തു പോയി അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുക."’

ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ നടന്ന ഈ സംഭവം പിൽക്കാലത്ത് വിരചിതമായ ധാരാളം ഇമാമുമാരുടെ കിതാബുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭവം ഉദ്ധരിച്ചു കൊണ്ട് ഇമാം നവവി(റ) തന്റെ രണ്ട് കിതാബുകളിലൂടെ (മജ്മൂഇലും ഈളാഹിലും) അല്ലാഹുവിന്റെ റസൂലിനെ(സ) സിയാറത്ത് ചെയ്യുന്ന വിശ്വാസികളോട് അവിടുത്തെ ശഫാഅത്ത് തേടാൻ ഉണർത്തുന്നുണ്ട്. ഇമാം നവവി(റ)യുടെ ഉദ്ധരണിയിൽ നിന്ന്:

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وآله وسلم ويتوسل به في حق نفسه ويستشفع به إلى ربه سبحانه وتعالى ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال: (كنت جالسا عند قبر رسول الله صلى الله عليه وآله وسلم فجاء أعرابي فقال: السلام عليك يا رسول الله، سمعت الله يقول: (ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي.....)

‘(രണ്ട് ഖലീഫമാർക്കും സലാം പറഞ്ഞതിനു ശേഷം) അവൻ വീണ്ടും അല്ലാഹുവിന്റെ റസൂലിന്റെ(സ) തിരുമുഖത്തിനു അഭിമുഖമായി തന്നെ നിൽക്കട്ടെ. ആ റസൂലിനെ(സ) അവൻ അവന്റെ സ്വന്തം കാര്യത്തിൽ വസീലയാക്കട്ടെ. അല്ലാഹു(സു:വ:ത)വിലേക്ക് അവൻ ആ റസൂൽ(സ) മുഖേന ശഫാഅത്ത് തേടട്ടെ. ആ സന്ദർഭത്തിൽ അവനു പറയാവുന്നതിൽ ഏറ്റവും നല്ല വാചകങ്ങൾ ഇമാം മാവർദിയും ഖാളി അബുഥ്വയ്യിബും അതുപോലെ നമ്മുടെ മദ്ഹബിന്റെ ഇമാമുമാരും(റ) ഒരു പോലെ ഉത്ബി(റ)യെ തൊട്ട് ഉദ്ധരിക്കപ്പെട്ട വാചകങ്ങൾ ആണ്. അതിനെ അവർ നല്ലതാക്കിയിരിക്കുന്നു.’
അപ്പോൾ കാര്യങ്ങൾ വളരെ വ്യക്തം. സംശയങ്ങളുടെയും ദുർവിചാരങ്ങളുടെയും മുൻവിധികളുടെയും മുൾപടർപ്പുകളിൽ പെട്ടു പോകാത്ത മനസ്സുകളുടെ ഉടമകളായ ഋജുമാനസരായ സത്യവിശ്വാസികൾക്ക് ഇത് തന്നെ ധാരാളം. പാപമോചനത്തിന് അല്ലാഹുവിന്റെ റസൂലിന്റെ(സ) ശഫാഅത്ത് തേടാൻ ഖുർആൻ നിർദ്ദേശിക്കുന്നു. അല്ലാഹുവിന്റെ റസൂൽ(സ) വിശ്വാസികളുടെ വസീല ആണെന്ന് ഇമാം റാസി(റ) ഈ ആയത്തിന്റെ തഫ്സീറിൽ പ്രഖ്യാപിക്കുന്നു. വഫാത്തിനു ശേഷം റസൂലിന്റെ(സ) ശഫാഅത്ത് തേടി അവിടുത്തെ ഖബ്'ര് ശരീഫിലേക്ക് വന്നണഞ്ഞു പാപമോചനം കരസ്ഥമാക്കിയ അഅ്റാബിയുടെ ചരിത്രം ഇമാമുമാർ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നു. ഇബ്നുകസീർ(റ) ഈ ആയത്തിന്റെ തഫ്സീറിൽ അത് രേഖപ്പെടുത്തുന്നു. അതുല്യനായ മുഹദ്ദിസും ഫഖീഹും ആയ പണ്ഡിതലോകത്തിന്റെ സുൽത്താൻ ഇമാം നവവി(റ) തന്നെ ആ സംഭവം ഉദ്ധരിച്ചു കൊണ്ട് അത് മാതൃകയാക്കി അല്ലാഹുവിന്റെ റസൂലിനോട്(സ) ശഫാഅത്ത് തേടാൻ വിശ്വാസികളെ പഠിപ്പിക്കുന്നു. ഇന്നലെ മുസ്.ലിം ആയ ഡച്ചുകാരൻ പോലും അല്ലാഹുവിന്റെ റസൂലിന്റെ(സ) ഖബ്'ര് ശരീഫിനെ സമീപിച്ച് അവിടുത്തോട് ഖേദം പ്രകടിപ്പിക്കുന്നു. മുസ്.ലിം ലോകത്തെ മാധ്യമങ്ങൾ ഉദ്ധരിക്കുന്നു. മുസ്.ലിം ഉമ്മത്തിനെ സംബന്ധിച്ച് ഇസ്തിഘാസക്ക് ഇതിൽപ്പരം ഇനി ഒരു ആമുഖവും ആവശ്യമില്ല.

ജഹാലത്തിന്റെ പേക്കോലങ്ങൾ നിറഞ്ഞാടട്ടെ .... അഹങ്കാരത്തിന്റെ ഐ ഡികൾ നിലവിളിക്കട്ടെ ... ഇസ്തിഘാസ എന്ന പുണ്യകർമ്മത്തെ ശിർക്കും കുഫ്'റുമാക്കി ഈ ഉമ്മത്തിനെ ശിർക്കിന്റെ ഉപാസകരായി മുദ്രകുത്താൻ, പ്രമാണങ്ങൾ ഉദ്ധരിച്ച് അതു ശിർക്കാണെന്ന് സ്ഥാപിക്കാൻ, ഒരു ശിശുവും ഇന്നു വരെ ജനിച്ചിട്ടില്ല, ജനിച്ചിട്ടില്ല, ജനിച്ചിട്ടില്ല .... ഇനി ജനിക്കാനും പോകുന്നില്ല ...http://sunnisonkal.blogspot.com

കടപ്പാട് : യൂസുഫ് ഹബീബ് ഉസ്താത്