ആദ്യ കാലത്തു തവസ്സുലിനെ സംബന്ധിച്ചു വഹാബികളുടെ കാഴ്ചപ്പാട് ഹറാമും ബിദ്അത്തും എന്നായിരുന്നു. അവരെഴുതുന്നത് നോക്കൂ: ”ഹഖ്, ജാഹ്, ബറക്കത്ത് കൊണ്ട് തവസ്സുല്‍ നടത്തുന്നവര്‍ അതുമൂലം അല്ലാഹു പ്രാര്‍ത്ഥന സ്വീകരിക്കുവാന്‍ നിര്‍ബന്ധിതനാകുമെന്നു വിശ്വസിക്കാത്ത പക്ഷം, ബിദ്അത്തും ഹറാമുമാണെന്ന് ആദ്യകാലത്തെ നമ്മുടെ പണ്ഡിതന്മാര്‍ പ്രഖ്യാപിച്ചു.” (അല്‍മനാര്‍, 1951 ജൂലായ് 20, പേ: 36 -ഉദ്ധരണം: മുജാഹിദുകള്‍ക്ക് ആദര്‍ശ വ്യതിയാനമോ? പേ: 75)
പിന്നീട് അവര്‍ പറഞ്ഞത് തവസ്സുല്‍ കറാഹത്താണെന്നാണ്. ഉപേക്ഷിച്ചാല്‍ കൂലിയുള്ളതും ചെയ്താല്‍ കുറ്റമില്ലാത്തതുമാണല്ലോ കറാഹത്ത്. ഉദാ:- മുന്‍വശത്തേക്കോ വലതു വശത്തേക്കോ തുപ്പുന്നത്. ഇതുപോലെയുള്ള ഒന്നാണ് തവസ്സുലുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒരു കറാഹത്തിന്റെ പേരില്‍ ഇത്രമാത്രം ബഹളം ഉണ്ടാക്കേണ്ടിയിരുന്നോ? ഒരു മുജാഹിദ് പണ്ഡിതന്‍ എഴുതുന്നു: ”എന്നാല്‍ കുണ്ടുതോട് വാദപ്രതിവാദ വ്യവസ്ഥയില്‍ എഴുതുന്നത്, ഇതു കേവലം കറാഹത്തു മാത്രമാണെന്നാണ്. വ്യവസ്ഥ നമ്പര്‍: 3. ഇതില്‍ ഒപ്പിട്ടവര്‍ എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവിയും പി.കെ. അലി അബ്ദുറസ്സാഖ് മദനിയുമാണ്.” (മുജാഹിദുകള്‍ക്ക് ആദര്‍ശ വ്യതിയാനമോ, പേ: 75). ഇതുസംബന്ധമായി വഹാബികള്‍ക്കിടയില്‍ പടലപ്പിണക്കമുണ്ടായപ്പോള്‍ നല്‍കിയ വിശദീകരണം അതിവിചിത്രമായിരുന്നു. അതായത്, വാദപ്രതിവാദത്തില്‍ ജയിക്കാന്‍ വേണ്ടിയാണിങ്ങനെ ചെയ്തതുപോല്‍! അപ്പോള്‍ വാദപ്രതിവാദങ്ങളില്‍ ഒരു വിധിയും, അല്ലാത്തപ്പോള്‍ മറ്റൊരു വിധിയും! ഈ ഇരട്ടത്താപ്പിന്റെ പേരുതന്നെയല്ലേ വഹാബിസം!?
എന്നാല്‍, വഹാബികളുടെ ‘പോപ്പ്’ ആയി അറിയപ്പെട്ടിരുന്ന താത്വികാചാര്യന്‍ സാക്ഷാല്‍ ഉമര്‍ മൗലവി പറയുന്നത്, തവസ്സുല്‍ തനി ശിര്‍ക്കാകുമെന്നാണ്.
”ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു ശേഷവും ആ വ്യക്തിയെക്കൊണ്ട് തവസ്സുല്‍ ചെയ്യുന്നത് ശിര്‍ക്ക് തന്നെയാണ്.” (സല്‍സബീല്‍, 1975 ഫെബ്രുവരി). ഇന്നും ഇതേവാദം വെച്ചു പുലര്‍ത്തുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ വഹാബികള്‍ വല്ലതും മാറ്റിപ്പറഞ്ഞിട്ടുണ്ടോ എന്ന് തീരുമാനിക്കാന്‍ വായനക്കാര്‍ക്ക് വിട്ടുതരുന്നു.
ഇസ്‌ലാമിക വീക്ഷണം
അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാനുള്ള ഒരു രീതിയാണ് തവസ്സുല്‍. തവസ്സുല്‍ ചെയ്യാതെയും പ്രാര്‍ ത്ഥിക്കാം. തവസ്സുല്‍ ചെയ്തു മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്ന് മുസ്‌ലിംകള്‍ അവകാശപ്പെടുന്നില്ല. പക്ഷേ, തവസ്സുല്‍ സുന്നത്തുണ്ട്. പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടാന്‍ സാധ്യത ഏറെയുള്ളൊരു രീതി. ”ഒരു വസീലത്തിനെ ദുആക്കു മുമ്പ് സമര്‍പ്പിക്കല്‍ ഉത്തരം കിട്ടാന്‍ കൂടുതല്‍ പ്രേരകമാണ്.” (ൈബളാവി)
”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് വസീലയെ തേടുവീന്‍” എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. സല്‍കര്‍മങ്ങള്‍, മഹാന്മാരുടെ ഹഖ് ജാഅ് ബറക്കത്ത്, മഹാന്മാരുടെ ദാത്ത്(തടി) എന്നിവകൊണ്ടെല്ലാം തവസ്സുലാക്കി ദുആ ചെയ്യാവുന്നതാണ്.
എന്നാല്‍ തവസ്സുലാക്കി ദുആ ചെയ്യുന്നവര്‍ അല്ലാഹുവിനെക്കുറിച്ചുള്ള വിശ്വാസം ശ്രദ്ധിക്കണം. അവയില്‍ ഒന്ന്, തവസ്സുല്‍ എന്നത് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതിനുള്ള മാര്‍ഗങ്ങളില്‍നിന്ന് ഒരു മാര്‍ഗവും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കുന്ന ഒരു സംഗതിയുമാണ്. അപ്പോള്‍ പ്രാര്‍ത്ഥിക്കുന്നവന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം അല്ലാഹു ആയിരിക്കണം. ആെരക്കൊണ്ടാണോ തവസ്സുലാക്കുന്നത് അവര്‍ അല്ലാഹുവിലേക്ക് അടുക്കാനുള്ള ഒരു ‘വസീല’ മാത്രമാണ്. രണ്ട്, തവസ്സുലാക്കുന്നവന്‍ തവസ്സുലാക്കപ്പെടുന്ന വ്യക്തിയെ സ്‌നേഹിച്ചതുകൊണ്ടും അല്ലാഹു അവനെ സ്‌നേഹിക്കുന്നുണ്ട് എന്ന് വിശ്വസിച്ചതിനാലുമായിരിക്കണം വസീലയാക്കുന്നത്. മൂന്ന്, ആരെയാ ണോ വസീലയാക്കുന്നത് അയാള്‍ അല്ലാഹുവിനെപ്പോലെ സ്വന്തമായ കഴിവുകൊണ്ട് ഉപകാരവും ഉപദ്രവും ചെയ്യുമെന്ന് വിശ്വസിക്കാന്‍ പാടില്ല. അങ്ങനെ വിശ്വസിക്കല്‍ ശിര്‍ക്കാണ്.”
ഈ കാര്യങ്ങള്‍ പരിഗണിച്ചാല്‍ തവസ്സുലിനെ ശിര്‍ക്കാക്കാന്‍ ഒരു പഴുതുമില്ല. അല്ലെങ്കിലും മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബ് പോലും പറഞ്ഞിരിക്കുന്നത്, തവസ്സുല്‍ വിശ്വാസപരമായ കാര്യങ്ങളിലല്ല ഉള്‍പ്പെടുക, അതു ഫിഖ്ഹി (കര്‍മവുമായി ബന്ധപ്പെട്ടവയി)ലാണ് ഉള്‍പ്പെടുക എന്നാണ് . തവസ്സുല്‍ കറാഹത്തെന്നാണ് അയാള്‍ തന്റെ ഫതാവയില്‍ പറഞ്ഞത്.
ഇസ്‌ലാം അംഗീകരിച്ച തവസ്സുലിന് ധാരാളം മാതൃകകള്‍ കാണാവുന്നതാണ്. ഉദാഹരണത്തിന്, ഉസ്മാനുബ്‌നു ഹുനൈഫ്(റ) വില്‍ നിന്ന് ഉദ്ധരണം- അദ്ദേഹം പറയുന്നു: ”അന്ധനായ ഒരാള്‍ നബി (സ)യുടെ അടുക്കല്‍ വന്നു തന്റെ കണ്ണിന് കാഴ്ചയില്ലാത്തതിനെ ക്കുറിച്ച് പരാതി പറഞ്ഞു. അപ്പോള്‍ നബി (സ) അദ്ദേഹത്തോട് പറയുന്നത് ഞാന്‍ കേട്ടു- നീ വെള്ളത്തിന്റെ അടുത്തുചെന്ന് വുളൂഅ് ചെയ്ത് രണ്ട് റക്അത്ത് നിസ്‌കരിച്ചതിനു ശേഷം ഇപ്രകാരം ദുആ ചെയ്യുക: ”അല്ലാഹുവേ! റഹ്മത്തിന്റെ നബിയായ നിന്റെ പ്രവാചകന്‍ മുഹമ്മദ് (സ)യെക്കൊണ്ട് ഞാന്‍ നിന്നിലേക്കു നേരിടുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു. ഓ! മുഹമ്മദ് നബി, ഞാന്‍ താങ്കള്‍ മുഖേന നിങ്ങളുടെ റബ്ബിലേക്ക് നേരിടുന്നു. ആ റബ്ബ് എനിക്കെന്റെ കണ്ണ് സുഖമാക്കിത്തരുവാന്‍ വേണ്ടി. അല്ലാഹുവേ! എന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ശിപാര്‍ശ നീ സ്വീകരിക്കേണമേ!”
ഉസ്മാനുബ്‌നു ഹുനൈഫ്(റ) പറയുന്നു: ‘അല്ലാഹുവാണെ സത്യം, ഞങ്ങള്‍ തമ്മില്‍ പിരിയുകയോ സംസാരം ദീര്‍ഘിക്കുകയോ ചെയ്യുന്നതിനുമുമ്പ് ആ മനുഷ്യന്‍ അവിടെ പ്രവേശിച്ചു. അദ്ദേഹത്തിന് ഒരസുഖവും പിടിപെടാത്ത പോലെ.” ഇമാം ഹാകിമും, ദഹബിയും ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്. തന്നെയുമല്ല, ഇബ്‌നു തീമിയ്യ പോലും തന്റെ ‘ഹഖീഖതുത്തവസ്സുലി വല്‍ വസീല:’ എന്ന ഗ്രന്ഥത്തില്‍ ഈ ഹദീസ് സ്വഹീഹാണെന്ന് സമ്മതിച്ചിട്ടുണ്ട്.
ഇത് നബിയുടെ ജീവിത കാലത്ത് നടന്ന സംഭവമല്ലേ, മരിച്ചവരെക്കൊണ്ട് തവസ്സുലാക്കുന്നതിന് ഇത് രേഖയല്ലല്ലോ എന്നൊരു വാദം ചിലപ്പോള്‍ ഉണ്ടായേക്കാം. വിഷയത്തെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നുടലെടുക്കുന്നതാണാസംശയം. മരിച്ചവരെക്കൊണ്ടാണെങ്കിലും ജീവിച്ചുകൊണ്ടിരിക്കുന്നവരെക്കൊണ്ടാണെങ്കിലും കാര്യങ്ങള്‍ സാധിപ്പിച്ചുതരുന്നത് അല്ലാഹുവാണല്ലോ?
തന്നെയുമല്ല, മേല്‍സംഭവത്തിലെ പ്രാര്‍ത്ഥന, നബി(സ)യുടെ വഫാത്തിനുശേഷം ഉസ്മാന്‍ (റ)ന്റെ കാലത്ത് സഹാബികള്‍ ഉപയോഗിച്ചു പ്രാര്‍ത്ഥിച്ചതും ഫലം കണ്ടതുമായ സംഭവം സ്വഹീയായ പരമ്പരയിലൂടെ ഉദ്ധരിക്കെപ്പെട്ടിട്ടുണ്ട്. മുസ്തദ്‌റക് 1/526, മജ്മഉസ്സവാഇദ് 2/279, അത്തര്‍ഗീബ് 1/440 മുതലായവ നോക്കുക.
(സുന്നിഅഫ്കാര്‍ വാരിക, 2004, ഒക്ടോബര്‍: 13, സുന്നിമഹല്‍, മലപ്പുറം)