സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday, 24 December 2014

അഹ്ലുല്‍ബൈതിന്റെ ആദ്ധ്യാത്മ രഹസ്യം


പ്രവാചകകുടുംബത്തെ സൂചിപ്പിക്കാന്‍ പരിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച പ്രയോഗമാണ് അഹ്ലുല്‍ ബൈത്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി തിരുമേനി(സ്വ)യുടെയെന്ന പോലെ പ്രവാചക കുലപതിയായ ഇബ്റാഹിം നബി(അ)യുടെ കുടുംബത്തെ സൂചിപ്പിക്കാനും ‘അഹ്ലുല്‍ബയ്ത്’ എന്ന് ഖുര്‍ആന്‍ ഉപയോഗിച്ചതായി കാണാം(11/73). ആ നിലക്ക് അഹ്ലുല്‍ ബൈത് എന്നത് ജനകീയവും ചരിത്രപരവുമായ നിലയില്‍ പ്രാധാന്യമുള്ള ദൌത്യ നിര്‍വഹണത്തിനായി വരുന്ന ഒരു പ്രവാചകന്റെ സ്വകാര്യവിശുദ്ധിയെ പ്രതീകവത്കരിക്കുന്നു എന്നു മനസ്സിലാക്കാം.
മനുഷ്യ ജീവിതത്തെ വിഭജിക്കുമ്പോള്‍ വൃഷ്ടി, സമഷ്ടി എന്നിങ്ങനെയുള്ള രണ്ടുതലങ്ങളെ കണ്ടെത്താന്‍ സാധിക്കും. ഈ രണ്ടുതലങ്ങളെയും സമ്മേളിപ്പിക്കുന്ന ഉജ്ജ്വലമായ വ്യക്തിത്വത്തെ ‘പൂര്‍ണ മനുഷ്യന്‍’ അല്‍ ഇന്‍സാനുല്‍ കാമില്‍ എന്നുവിളിക്കാം. മനുഷ്യസമൂഹത്തിന്റെ സമ്പൂര്‍ണത ആ വ്യക്തിത്വത്തില്‍ ഒളിപ്പിക്കപ്പെട്ടിരിക്കും. മനുഷ്യനെ സമ്പൂര്‍ണമായും പ്രതീകവത്കരിക്കുന്ന ഒരു വ്യക്തിയിലൂടെയായിരിക്കും അല്ലാഹു തന്റെ ദീനിനെ ചരിത്രത്തിന്റെ മുമ്പില്‍ പൂര്‍ത്തീകരിക്കുക. സ്വാഭാവികമായും അങ്ങനെയുള്ള വ്യക്തി പ്രവാചകനായിരിക്കല്‍ അനിവാര്യമാണ്. എന്നാല്‍ ദൈവ വചനത്തിന്റെ വാഹകരും അതിന്റെ പ്രതീകങ്ങളുമായിരിക്കുന്ന വിശുദ്ധ വ്യക്തിത്വങ്ങള്‍ മുഴുവനും മനുഷ്യ ജീവിതത്തിന്റെ നടേപറഞ്ഞ രണ്ടുതലങ്ങളെ -വൃഷ്ടിയെയും സമഷ്ടിയെയും- തങ്ങളുടെ വ്യക്തിത്വത്തിലൂടെ സമ്പൂര്‍ണമായും പ്രകാശിപ്പിച്ചു കൊള്ളണമെന്നില്ല. ചരിത്രപരമായ ഒരു ആവശ്യം എന്ന നിലക്ക് സാമൂഹിക പ്രസക്തിയുള്ള നിയോഗങ്ങളും അങ്ങനെയല്ലാത്ത വെറും അദ്ധ്യാത്മപ്രസക്തി മാത്രമുള്ള നിയോഗങ്ങളുമുണ്ടായിട്ടുണ്ട്. ഉദാഹരണമായി ആദം(അ)മിന്റെ നിയോഗം ആദ്ധ്യാത്മ പ്രസക്തിയുള്ളതായിരുന്നെങ്കില്‍ നൂഹി(അ)ന്റെ നിയോഗത്തില്‍ പ്രകടിതമാകുന്നത് സാമൂഹികമായ ദൌത്യമാണ്. മസീഹായ ഈസാ(അ)യില്‍ ആദ്ധ്യാത്മ മാനത്തിനു മുന്‍തൂക്കം നല്‍കപ്പെട്ട മാനവിക ദൌത്യമായിരുന്നു ചരിത്രം ദര്‍ശിച്ചത്. മൂസാ(അ) ആദ്ധ്യാത്മമായ എല്ലാ വിശിഷ്ടതകളും ഉള്‍ ക്കൊണ്ടുതന്നെ ചരിത്രപരമായ അനിവാര്യതയായി ഭവിച്ച ഒരു വര്‍ഗസമരത്തെ തന്റെ നിയോഗത്തിലൂടെ സാക്ഷാത്കരിച്ച പ്രവാചകനാണ്. മര്‍ദ്ദിതരുടെ ചരിത്രത്തിലെ ആദ്യ ത്തെ വര്‍ഗപരമായ വിമോചനമായിരുന്നു മൂസാ പ്രവാചകനി(അ)ലൂടെ സാധിച്ചത്.
സമഷ്ടി എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച (ഉമ്മത് എന്നാണ് ഖുര്‍ആന്‍ ഭാഷ്യം) ഇബ്രാഹിമി(അ)ന്റെ മാര്‍ഗത്തില്‍ മനുഷ്യ ജീവിതത്തിന്റെ മേല്‍പ്പറഞ്ഞ രണ്ടുതലങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. ഇബ്രാഹിമി(അ)ലൂടെ മനുഷ്യ സമൂഹത്തില്‍ നടക്കാനിരിക്കുന്നത് ഒരു പുതിയ തുടക്കമായിരുന്നു. ഒരു രണ്ടാം ആദം എന്ന് ആ നിലയില്‍ അവിടുത്തെ വിളക്കാം. ആദ്ധ്യാത്മ മാനത്തിനു കൂടുതല്‍ പ്രാമുഖ്യം നല്‍കപ്പെട്ട ഒരു സ്വകാര്യമാനവും മാനവികതക്കും സാമൂഹികതക്കും പ്രാധാന്യം നല്‍കപ്പെട്ട വിശാലതയുടേതായ ഒരു മാനവും ഇബ്രാഹീമീ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നു.
പ്രവാചകത്വത്തിന്റെ പരിസമാപ്തി കുറിക്കുന്ന സമ്പൂര്‍ണമായ വ്യക്തിത്വമാണ് വിശുദ്ധ മുഹമ്മദ് നബിതിരുമേനി(സ്വല്ലല്ലാഹു അലൈഹി വസല്ലം)യുടേത്. ഇബ്രാഹീം(അ) ഒരു രണ്ടാം ആദം ആണെങ്കില്‍ മുഹമ്മദ്(സ്വ) ഒരു രണ്ടാം ഇബ്റാഹിം ആകുന്നു. അവിടുത്തെ സമ്പൂര്‍ണ വ്യക്തിത്വത്തിലാണ് ചരിത്രം സംക്ഷേപിക്കപ്പെട്ടിരിക്കുന്നത്. വൃഷ്ടിയും സമഷ്ടിയും സന്തുലിതത്വം പുലര്‍ത്തുന്ന ഈയൊരു വ്യക്തിത്വത്തിനുവേണ്ടിയാണ് മനുഷ്യ ചരിത്രം കാത്തിരുന്നത്. ഏറ്റവും ലളിതമായ ആദമിയന്‍ ആത്മനിഷ്ഠയില്‍ നിന്ന് പല ‘ഇര്‍തിഫാഖു’കളിലൂടെ മനുഷ്യസമൂഹം പരിണമിച്ചു വളര്‍ന്നത് സമ്പൂര്‍ണമായ ഈ വ്യക്തിത്വത്തിലേക്കായിരുന്നുവെന്ന് മനസ്സിലാക്കാം. ചരിത്രത്തിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു ഈ വ്യക്തിത്വം എന്ന് ഏത് വീക്ഷണമുള്‍ക്കൊള്ളുന്ന സാമൂഹിക ശാസ്ത്രജ്ഞനും ഏറ്റവുമൊടുവില്‍ സമ്മതിക്കാന്‍ നിര്‍ബന്ധിതനായിത്തീരും. കാരണം, പിന്നീടുള്ള സമൂഹത്തിന്റെ പരിണാമത്തില്‍ മുഹമ്മദ് നബി(സ്വ)യുടെ സ്വാ ധീനം നിര്‍ണായകമായിരുന്നു. ഗംഭീരമായ മാറ്റങ്ങള്‍ അതുണ്ടാക്കിയെന്ന് ചരിത്രകാരന്‍ സ്മരിക്കാതിരിക്കുകയില്ല. മാറ്റങ്ങള്‍ നേരിട്ടുള്ളതാകാം. അല്ലാത്തനിലക്ക് സംഭവിച്ചതുമാകാം. മനുഷ്യന്റെ ഏകലോകത്തിലേക്കുള്ള വളര്‍ച്ചയില്‍ ഇസ്ലാമിന്റെ സ്വാധീനം നിര്‍ ണായകമായിരുന്നു എന്നു സമ്മതിക്കാന്‍ ‘ന്യൂ ഹൂമനിസ’ ത്തിന്റെ വക്താവായ എം.എന്‍ റോയിയെ പോലുള്ളവര്‍ നിര്‍ബന്ധിതരായത് അങ്ങനെയാണ്. വര്‍മാശ്രമ ധര്‍മത്തിന്റേതായ മതനിഷ്ഠയുടെ പേരില്‍ പരസ്പരം അന്യവത്കരിക്കപ്പെട്ടുപോയ ഭാരതീയ സം സ്കൃതിയുള്‍ക്കൊള്ളുന്ന സമൂഹം ഇന്ന് ഹിന്ദുത്വത്തിന്റെ പേരില്‍ ഏകീകരിക്കപ്പെടുന്നുവെങ്കില്‍ അതുപോലും മുഹമ്മദ് നബി(സ്വ) എന്ന അതിശക്തനായ പൂര്‍ണ മനുഷ്യന്റെ നിയോഗത്തിന്റെ അനിവാര്യമായ പ്രത്യാഘാതം തന്നെയെന്നു വേണം കരുതാന്‍. കാരണം മനുഷ്യരില്‍പെട്ട എല്ലാവരെയും മനുഷ്യരായിക്കണ്ട് ഏകീകരിക്കുകയെന്ന ചരിത്രപരമായ ദൌത്യം അന്ത്യപ്രവാചകര്‍ തിരുമേനി(സ്വ)മൂലം നിര്‍വഹിക്കപ്പെട്ടപ്പോള്‍ ഏകീ കരണം ഇതര സമൂഹങ്ങള്‍ക്ക് നിലനല്‍പിന്റെ പ്രശ്നമായി.
മുഹമ്മദ് എന്ന അന്ത്യപ്രവാചക(സ്വ)ന്റെ സമ്പൂര്‍ണമായ മനുഷ്യത്വം എന്നതാണ് ഇവിടെ സ്ഥാപിക്കപ്പെടുന്ന കാര്യം. ആ പൂര്‍ണ മനുഷ്യന്റെ വ്യക്തിത്വത്തില്‍ മനുഷ്യനെ സം ബന്ധിക്കുന്ന രണ്ടുതലങ്ങള്‍ക്കും -വ്യക്തിക്കും സമഷ്ടിക്കും- ഒരുപോലെ പ്രാധാന്യം നല്‍കപ്പെട്ടിട്ടുണ്ട്. സ്വകാര്യജീവിതം, കുടുംബം, ദാമ്പത്യം തുടങ്ങിയ കാര്യങ്ങളെല്ലാം വ്യക്തിസത്തയില്‍ ഉള്‍പ്പെടുമ്പോള്‍, സാമൂഹികവും രാഷ്ട്രീയവും മറ്റുമായ കാര്യങ്ങള്‍ സമഷ്ടിയില്‍ ഉള്‍പ്പെടുന്നു.
ഇവിടെ പ്രമേയം വിശുദ്ധനബി(സ്വ)യുടെ കുടുംബം(അഹ്ലുല്‍ബൈത്)എന്നതായത് കൊണ്ട് ആ വശത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കി സംസാരിക്കാനാണുദ്ദേശിക്കുന്നത്.
തിരുമേനി(സ്വ)യുടെ അഹ്ലുല്‍ബൈത് എന്നത് ദൈവ നിശ്ചിതമായ ഒരു വിശുദ്ധ പ്രതീകമാണ്. വിശുദ്ധ ഖുര്‍ആനും നബി വചനങ്ങളും അഹ്ലുല്‍ബൈതിന് പ്രാധാന്യം നല്‍കിയിരിക്കുന്നു. ആ നിലക്ക് അഹ്ലുല്‍ബൈത് എന്നത് പ്രവാചകത്വവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിശിഷ്ടമായ ഒരു ആശയമായി ഭവിക്കുന്നു.(എന്നാല്‍ ഇതിന്റെ പൊരുള്‍ വേണ്ട നിലക്ക് ഗ്രഹിക്കാന്‍ സാധിക്കാത്ത പലരും – അനുകൂലിക്കുന്നവരും വിമര്‍ശിക്കുന്നവരും- ഒരുതരം വംശീയ മാഹാത്മ്യത്തിന്റെ ആശയമാണ് അതില്‍ നിന്ന് മനസ്സിലാക്കിയെടുക്കുന്നത്. ഖുര്‍ആനില്‍ പറഞ്ഞ ബനീഇസ്രാഈലിന്റെ മാഹാത്മ്യത്തിന്റെ കാര്യവും അതുപോലെ തന്നെ. എന്നാല്‍ മാഹാത്മ്യം അവര്‍ക്ക് ചാര്‍ത്തിപ്പറഞ്ഞ ഖുര്‍ആന്‍ തന്നെ ഏറ്ററ്വും കഠിനമായ ഭാഷയില്‍ ആ വിഭാഗത്തെ വിമര്‍ശിക്കുന്നതും ശ്രദ്ധേയമാണ്. ഇവിടെയെല്ലാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യം അതിലടങ്ങിയ ദര്‍ശനപരമായ പൊരുള്‍ എന്ത് എന്നതാണ്).
നടേ പറഞ്ഞ വൃഷ്ടി, സമഷ്ടി എന്നീ രണ്ടുതലങ്ങളില്‍ വൃഷ്ടിതന്നെ വീണ്ടും ഒരു വി ഭജനത്തിന് വഴങ്ങുന്നു എന്ന് കാണാം. വൃഷ്ടിയെ തന്നെ രണ്ടായി വിഭജിക്കാം. പ്രത്യക്ഷമായ വൃഷ്ടിയെന്നും ആന്തരികമായ വൃഷ്ടിയെന്നുമുള്ള രണ്ടുവശങ്ങള്‍. ആദ്യത്തേതില്‍ ഗൃഹസ്ഥാശ്രമപരമായ വശത്തെ മൊത്തത്തില്‍ ഉള്‍ക്കൊള്ളിക്കാമെങ്കില്‍, രണ്ടാമത്തേതില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുക ഗുപ്തവും ആത്മനിഷ്ഠവുമായ ഒരു ആദ്ധ്യാത്മവശമാണ്. വൃഷ്ടിയുടേതായ ഈ രണ്ടുതലങ്ങളെയും ഖുര്‍ആന്‍ 33/33 പരാമര്‍ശത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. ഗൃഹസ്ഥാശ്രമപരമായ വൃഷ്ടിയെ പ്രത്യേകമായും ആ സൂക്തം പരാമര്‍ശിക്കുന്നുണ്ട്. പ്രവാചകന്റെ വിശുദ്ധ സ്വകാര്യതയായ അവിടുത്തെ ഗൃഹസ്ഥാശ്രമത്തിന്റെ രണ്ടുതലങ്ങളാകുന്നു അവ രണ്ടും. അതില്‍ ഒന്ന് തിരുനബി(സ്വ)യുടെ പ്രത്യക്ഷ തലത്തിലുള്ള സ്വകാര്യതയെയും വൃഷ്ടിയെയും പങ്കിടുന്നവരായ അവിടുത്തെ കളത്രങ്ങള്‍ക്കു നല്‍കുന്ന ഉത്ബോധനമാണ്. ആ ഭാഗം പറഞ്ഞിരിക്കുന്നത് സ്ത്രീലിംഗത്തിലാണ്. ‘വഖര്‍ന ഫീ ബുയൂതികുന്ന….’ എന്നു തുടങ്ങുന്ന ഭാഗം ഇങ്ങനെ വായിക്കാം.
“നിങ്ങള്‍ ഭവനങ്ങളില്‍ ഒതുങ്ങിക്കഴിയുക. ആദ്യകാലത്തെ അജ്ഞാനത്തിന്റേതായ പ്രദര്‍ശവ്യഗ്രത നിങ്ങള്‍ പ്രകടമാക്കരുത്. നിങ്ങള്‍ നിസ്കാരം നിലനിര്‍ത്തുക. സകാത് നല്‍കുക. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക” (33/33).
ഇതേ ആയത്തിന്റെ അനന്തരഭാഗത്തില്‍ ശ്രദ്ധേയമായൊരു ലിംഗമാറ്റമുണ്ട്. പിന്നീട് വരുന്ന അല്ലയോ വീട്ടുകാരേ(അഹ്ലുല്‍ബൈത്) എന്ന് വിളിച്ചുകൊണ്ടുള്ള പ്രസ്താവന പുല്ലിംഗത്തിലാണ്.ഇവിടെ വീട്ടുകാര്‍ എന്നത് ഉള്‍ക്കൊള്ളുന്ന സ്വകാര്യതയുടെ മാനവും വ്യാപ്തിയും കുറേക്കൂടി വികസിതമായിത്തീരുന്നു. തിരുനബിയുടെ ഭാര്യമാരില്‍  നിന്നും അപ്പുറത്തേക്ക് സന്താനങ്ങളിലേക്കും വംശപരമ്പരയിലേക്കുമെത്തുവോളം അത് വിശാലമായിത്തീരുന്നു. സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബഹുവചനത്തിന് അറബിയില്‍ സാധാരണമായി പുല്ലിംഗമാണ് ഉപയോഗിക്കാറ്. അങ്ങനെ നബികുടുംബത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ‘വീട്ടുകാരേ, നിങ്ങളില്‍ നിന്നും മാലിന്യം അകറ്റിക്കളയാനും കുറ്റമറ്റ നിലയില്‍ നിങ്ങളെ ശുദ്ധീകരിക്കാനുമത്രെ അല്ലാഹു ഉദ്ദേശിക്കുന്നത്’ (33/433) എന്ന് പറഞ്ഞിരിക്കുന്നത്.
അപ്പോള്‍ തിരുനബിയുടെ ഗൃഹസ്ഥാശ്രമപരമായ വിശുദ്ധി എന്നത് ഗഹനമായ ഒരു ആശയമായിത്തീരുന്നു. സമാന്യജനതയിലേക്ക് വെളിപ്പെടുത്തേണ്ടതില്ലാത്ത ആദ്ധ്യാത്മമായ സ്വകാര്യതയുടേതായ വിശുദ്ധിയാണത്.
സന്താനം എന്നത് വ്യക്തിയോട് പുറത്തുനിന്ന് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഒന്നല്ല. മറിച്ച് അയാളില്‍ നിന്ന് പുറത്തേക്ക് നീളുന്നതും ജൈവപരമായ നിലയില്‍ തുടര്‍ന്നുപോകുന്നതുമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ വ്യകതിയുടെ ജൈവപരമായ തുടര്‍ച്ചക്കുവേണ്ടി അവശേഷിക്കപ്പെട്ടത് ഒരു മകള്‍ മാത്രമായിരുന്നു. ഫാതിമ(റ). മാലിന്യത്തില്‍ നിന്ന് മുക്തമായ, വിശുദ്ധമായ സമാധാനത്തിന്റെ സുരക്ഷിതത്വം ആ പെണ്‍കുട്ടിയില്‍ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അവരുടെ വിശുദ്ധനാമം തന്നെയും ഇപ്പറഞ്ഞതിനെ അന്വര്‍ത്ഥമാക്കും വിധമുള്ളതത്രെ. സഹ്റ എന്ന അറബി ശബ്ദത്തിനര്‍ഥം പൂവ് എന്നാണ്. പുഷ്പം അതിന്റെ സകല സൌന്ദര്യവും കൊണ്ട് സംരക്ഷിക്കുന്നത് വിത്തിനെയാണല്ലോ. പ്രവാചകന്റെ വംശപരമ്പരയാകുന്ന വടവൃക്ഷത്തിന്റെ വിത്ത് വഹിച്ച് ഇതിനെ കാലാവസാനം വരെ നിലനിര്‍ത്താന്‍ വേണ്ടി വിധി ഒരുക്കിവെച്ച മനോഹര പുഷ്പമായിരുന്നു തിരുനബിയുടെ മകള്‍ ഫാതിമ(റ). ഭൂമിയില്‍ കാലത്തിന്റെ ആത്യന്തിക വേളയില്‍ വെളിപ്പെടാനിരിക്കുന്ന മഹ്ദി എന്ന അദ്ധ്യാത്മ പുരുഷനെയാണ് വിത്തായി അവര്‍ വഹിച്ചിരിക്കുന്നത്. ‘അല്‍ മഹ്ദിയ്യു മിന്‍ ഫാത്വിമാ’ ഫാത്വിമായില്‍ നിന്ന് വരുന്നവനായിരിക്കും മഹ്ദി എന്ന് തിരുനബി പറഞ്ഞിട്ടുണ്ട്. ഈ മഹ്ദി എന്ന ആദ്ധ്യാത്മ പുരുഷനിലൂടെയായിരിക്കും പൂര്‍ണ മനുഷ്യനായ മുഹമ്മദ്(സ്വ)എന്ന പ്രവാചകന്‍, തനിക്കുമുമ്പ് ഒരുതവണ ഭൂമിയില്‍ വന്നുപോയ ദൈവദൂതനും കുരിശിനെ അതിജീവിച്ചുകൊണ്ട് രക്തസാക്ഷികള്‍ക്ക് ഉപമാനമായിത്തീര്‍ന്ന മസീഹായ ഈസാ തിരുമേനി(അ)യുമായി സ ന്ധിക്കുക. ഇബ്രഹാമി(അ)ന്റെ സന്തതികളില്‍ ആ പ്രവാചകന്റെ വിശുദ്ധ സ്വകാര്യതയെ പ്രതീകവത്കരിക്കുന്ന ഇസ്ഹാഖ്(അ)എന്ന പുത്രന്റെ താവഴിയിലൂടെ വരുന്ന അവസാനത്തെ ദൈവവചന വാഹകനായ ഈസാ(അ) ഇസ്ലാം പരിചയപ്പെടുത്തുന്ന ഒരേയൊരു മസീഹാകുന്നു. മസീഹിന്റെ മാനം ചരിത്രപരവും സാമൂഹികവുമെന്നതിലുപരിയായി ആദ്ധ്യാത്മമാണ്.(വിശദമായ അപഗ്രഥനം ആവശ്യമുള്ള ഒരു വിഷയമാണിത്) ഭൂമിയില്‍ കാലത്തിന്റെ ഒടുവില്‍ ആകാശത്തു നിന്നും ഇറങ്ങിവരുന്ന മസീഹായ ഈ സാ(അ)യെ എതിരേല്‍ക്കുക മഹ്ദി എന്ന ആത്മീയ നേതാവായിരിക്കുമെന്നും ഹദീസുകള്‍ പഠിപ്പിക്കുന്നു.
ചുരുക്കത്തില്‍, പ്രവാചകതിരുമേനി(സ്വ)യുടെ ഭാര്യമാര്‍ ഉള്‍ക്കൊണ്ടിരുന്ന ഗൃഹസ്ഥാശ്രമപരമായ വൃഷ്ടിക്കുമപ്പുറത്തേക്ക് നീളുന്ന ആദ്ധ്യാത്മമായ ഒരു സ്വകാര്യതയുടെ മാനം അഹ്ലുല്‍ബൈത് ഉള്‍ക്കൊള്ളുവെന്ന് മഹ്ദിയും മസീഹുമായുള്ള ബന്ധം വ്യക്തമാക്കുന്നു.
മാനുഷിക സാഹചര്യത്തില്‍ നിന്നും ഒരിക്കല്‍ പിന്‍വലിക്കപ്പെട്ട/ഉയര്‍ത്തിയെടുക്കപ്പെട്ട ദൈവവചനം(കലിമത്) ആണ് മസീഹായ ഈസാ(അ). മസീഹിയ്യത് എന്ന സ്നേഹമാത്രമായ ആദ്ധ്യാത്മികതയെ ഉള്‍ക്കൊള്ളാന്‍ മാത്രം മാനുഷിക സാഹചര്യം ഇനിയും പാകമായില്ല എന്ന് ചരിത്രത്തെ കാട്ടിക്കൊടുക്കുവാന്‍ വേണ്ടിയായിരുന്നു ആ ഉയര്‍ന്നുപോക്ക്. എന്നാല്‍ ചരിത്രത്തിനു ആ ദൈവദൂതന്റെ പേരില്‍ രേഖപ്പെടുത്താനുണ്ടായിരുന്നത് അവാസ്തവമായ ഒരു കുരിശുപ്രകടനം മാത്രമായിരുന്നു. കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍ സത്യത്തിന്റെയും സ്നേഹത്തിന്റെയും ആദ്ധ്യാത്മമായ വിശുദ്ധിയുടെയും മേല്‍ മര്‍ദ്ദകരായ റോമന്‍ അധികാരികളുടെയും യഹൂദ പുരോഹിതന്റെയും മര്‍ദ്ദനോപകരണമായ കുരിശിന്റെ വിജയമാണ് ചരിത്രം കുറിച്ചവരുടെ പ്രത്യക്ഷനേത്രങ്ങള്‍ കണ്ടത്. എന്നാല്‍ ഖുര്‍ആന്‍ അതേക്കുറിച്ചു പറയുന്നതാകട്ടെ ‘കാര്യം അവര്‍ക്ക് ഉപമിക്കപ്പെട്ടു’(ലാകിന്‍ ശുബ്ബിഹ ലഹും) എന്നാണ്. ഗംഭീരമായ ഒരു ആശയപ്രപഞ്ചം ഉള്‍ക്കൊള്ളിക്കപ്പെട്ട പ്രയോഗമാണത്.
ആ പിന്‍വലിക്കപ്പെട്ട മസീഹിയ്യത് കാലത്തിന്റെ ഒടുക്കവേളയില്‍ വീണ്ടും ഇറങ്ങിവരുമെന്നും ഹദീസുകള്‍ പഠിപ്പിക്കുന്നു. മാറ്റിവെക്കപ്പെട്ട ഒരു ആദ്ധ്യാത്മമായ അവബോധം ഒന്നുകൂടി പ്രാവര്‍ത്തികമാക്കപ്പെടുക എന്നതാണ് അപ്പോള്‍ ചരിത്രാനുഭവമായിത്തീരുക. ആ മസീഹിയ്യത്താകട്ടെ മുഹമ്മദീയ ശരീഅത്തിന്റെ പശ്ചാതലത്തിലേക്കാണ് ഇറങ്ങിവരിക.
മുഹമ്മദീയ സമൂഹത്തിന്റെ ഇമാമായ മഹ്ദി(റ) ആ മസീഹി(അ)നെ എതിരേല്‍ക്കുക യും ചെയ്യും. അതോടെ ഇബ്രാഹിം(അ) എന്ന കുലപതിയായ പ്രവാചകന്റെ രണ്ട് താവഴികളിലൂടെയുള്ള മുദ്രകള്‍ സന്ധിക്കുന്നു. രണ്ടു സാഗരങ്ങള്‍ ഒന്നായിത്തീരുന്നു. ആ ത്മീയതയും മാനവികതയും സമ്മേളിച്ചു മനുഷ്യാനുഭവത്തിലെ ഏറ്റവും സുന്ദരമായ ചരിത്ര മുഹൂര്‍ത്തം വെളിപ്പെടുകയും ചെയ്യുന്നു. അതിനുശേഷം മാത്രമേ ഇപ്പോഴത്തെ ഈ ലോകം അവസാനിച്ചു പോകയുള്ളൂ എന്നാണ് പ്രമാണങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആദരിച്ചംഗീകരിക്കുന്ന സുന്നി സമൂഹം വിശ്വസിക്കുന്നത്. ശീഈ വിഭാഗത്തിനും ഇപ്പറഞ്ഞ കാര്യത്തിലൊന്നും തര്‍ക്കമുള്ളതായി അറിവില്ല. എന്തെന്നാല്‍ അടുത്ത കാലത്താ യി നുരച്ചുപൊന്തിയ, പ്രമാണങ്ങളുടെ സാധുതയെ തങ്ങളുടെ തലക്കകത്തെ വെളിവിനനുസരിച്ചു മാത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരുതരം മൌലികതാ വാദത്തില്‍ ഇപ്പറഞ്ഞതിനൊന്നും സ്ഥാനമില്ല. അവര്‍ക്ക് മഹ്ദി മിഥ്യയാകുന്നു. മസീഹ് മരിച്ചുപോയിരിക്കുന്നു. അഹ്ലുല്‍ബൈതിനു പ്രത്യേകമായ പ്രാധാന്യമൊന്നുമില്ല. ഇസ്ലാമിലെ ഖിലാഫതിനെ തകര്‍ത്തവരുടെ പിന്‍മുറക്കാരുടെ വാഴ്ചക്കാലത്ത് കുറ്റിയറ്റുപോയിരിക്കുന്നത്രെ തിരുനബിയുടെ വംശം. എന്നിട്ടും അവര്‍ അതിശക്തവും തീവ്രവുമായ ഭഷയില്‍ മതത്തിന്റെ മൌലികതക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. ഇത്തരം ഒരു വരണ്ട മതമീമാംസയില്‍ ഹൃത്തില്‍ നിന്നും വരുന്ന പാട്ടുകള്‍ക്കും സ്നേഹത്തില്‍ നിന്നും നിര്‍ഗളിക്കുന്ന കവിതക്കും ദര്‍ശനത്തിനും തത്വചിന്തക്കും ഹൃത്തില്‍ ശാന്തിയുടെ കുളിര്‍മ്മ കോരിച്ചൊരിഞ്ഞു തരുന്ന സ്വൂഫി തത്വചിന്തക്കുമൊന്നും അശേഷം അംഗീകാരം ലഭിക്കാത്തത് സ്വാഭാവികം മാത്രമാണ്. ഏതായാലും സാമാന്യരായ മുസ്ലിംകള്‍ക്കും അവരുടെ പണ്ഢിതന്മാര്‍ക്കുമൊക്കെ അഹ്ലുല്‍ബൈതും അതിന്റെ പ്രാധാന്യവും മനസ്സിലാകും. പ്രമാണങ്ങളുടെ സാധുതയെക്കുറിച്ചു പൂര്‍വ്വസൂരികളായ വരേണ്യര്‍ പറഞ്ഞതുമതി അവര്‍ക്ക്. പുതിയ ഗവേഷണവും നിരൂപണ ബുദ്ധിയും ഒന്നുമവര്‍ക്ക് വേണ്ടതില്ല.
അഹ്ലുബൈതും ഇബ്റാഹിം നബി(അ)യും
വിശുദ്ധ പ്രവാചക(സ്വ)ന്റെ ഗൃഹസ്ഥാശ്രമപരമായ സ്വകാര്യതയില്‍ നിന്നും പുറത്തേക്ക് നീളുന്നതും ഇമാം മഹ്ദി(റ)യില്‍ പര്യവസാനിക്കുന്നതുമായ വിശുദ്ധ സ്വകാര്യതയുടെ സ്രോതസ്സ് വിശുദ്ധനബി തിരുമേനി(സ്വ)തന്നെ. അതുകഴിഞ്ഞാല്‍ വിശുദ്ധമായ പുഷ്പം എന്നപേരില്‍ അഭിധാനം ചെയ്യപ്പെട്ട ഫാത്വിമ(റ). തിരുമേനി ഈ ലോകത്തോട് വിടപറയുമ്പോള്‍ ജീവിച്ചിരുന്ന ഒരേയൊരു സന്താനം അവര്‍ മാത്രമായിരുന്നു. പിന്നെ അവരുടെ ഭര്‍ത്താവ് അലിയ്യ്(റ), അതുകഴിഞ്ഞ് അവരുടെ മക്കള്‍ ഹസന്‍(റ), ഹുസൈന്‍(റ), ഉമ്മുകുല്‍സും(റ) തുടങ്ങിയവര്‍. തീര്‍ച്ചയായും നബിയുടെ ആദ്യ ഭാര്യയും ഫാത്വിമാ(റ)യുടെ മാതാവുമായ ഖദീജതുല്‍ കുബ്റാ(റ) എന്ന വിശുദ്ധതയും ഇതിലുള്‍പ്പെടുന്നു. ഒരിക്കല്‍ നബിതിരുമേനി, ഹസന്‍(റ), ഹുസൈന്‍(റ), ഫാത്വിമ(റ), അലി(റ) എന്നിവരെ അരികില്‍ വിളിച്ചുവരുത്തി ഇങ്ങനെ പ്രാര്‍ഥിക്കുകയുണ്ടായി.: “അല്ലാഹുവേ, ഇവരാകു ന്നു എന്റെ അഹ്ലുല്‍ബൈത്” (മുസ്ലിം).
തങ്ങള്‍ സ്നേഹിക്കേണ്ടുന്ന അഹ്ലുല്‍ബൈത് ആരാണെന്ന് സ്വഹാബികള്‍ ചോദിച്ചപ്പോഴും നബി പറഞ്ഞത് അലി(റ), ഫാത്വിമ(റ), അവരുടെ രണ്ട് കുട്ടികള്‍ എന്നായിരുന്നു. അലിയോട് ഒരിക്കല്‍ നബിതിരുമേനി(സ്വ) ഇങ്ങനെ പറയുകയുണ്ടായി. ഞാന്‍ നിന്റേതും നീ എന്റേതുമാകുന്നു. അലി(റ)യും ഫാത്വിമ(റ)യും തമ്മിലുള്ള വിവാഹം ദൈവകല്‍പ്പന പ്രകാരമായിരുന്നുവെന്ന് രേഖകളില്‍ കാണാവുന്നതാണ്. നബി(സ്വ)യുമായി അടുപ്പമുള്ള പല വിശിഷ്ടരില്‍ നിന്നും ഫാത്വിമാ(റ)ക്ക് വിവാഹാലോചനകള്‍ വന്നെങ്കി ലും അതെല്ലാം തള്ളി അലി(റ)യെ സ്വീകരിക്കാനുള്ള പ്രത്യേക കാരണം അതായിരുന്നു. പ്രവാചകനി(സ്വ)ല്‍ നിന്ന് അവിടുത്തെ ആന്തരിക വിശുദ്ധിയെ ഏറ്റുവാങ്ങി കാലാവസാ നം വരെക്കും നിലനിര്‍ത്താനുള്ള നിമിത്തമായിരുന്നു അലി(റ). അറിവിന്റെ നഗരം ഞാനെങ്കില്‍ അലി(റ) അതിന്റെ കവാടമത്രെ എന്ന് നബി(സ്വ) പറയുകയുണ്ടായി.
പ്രവാചകതിരുമേനി(സ്വ) ഒന്നിലധികം വിവാഹങ്ങള്‍ ചെയ്തിരുന്നുവെങ്കിലും ആദ്യ ഭാര്യരായ ഖദീജാ(റ)യില്‍ മാത്രമാണ് സന്താനങ്ങള്‍ ജനിച്ചത്. കോപ്റ്റിക് വംശജയായ മാരിയായില്‍ ഒരു കുഞ്ഞ് ജനിച്ചിരുന്നുവെങ്കിലും ചെറുപ്പത്തിലേ മരിച്ചുപോയി. ഇബ്റാ ഹിം എന്നായിരുന്നു ആ കുട്ടിയുടെ പേര്. ഖദീജാ(റ)യില്‍ തന്നെ ജനിച്ച മറ്റുള്ള മക്ക ളും ഏറെക്കാലം ജീവിക്കുകയോ വംശപരമ്പരക്ക് കാരണക്കാരാവുകയോ ചെയ്തിട്ടില്ല. ഒരു നിയോഗം എന്നപോലെ അതിനുള്ള ഭാഗ്യം പുഷ്പം എന്ന അഭിധാനത്തിനുടമയായ ഫാത്വിമ(റ)ക്ക് മാത്രമായിരുന്നു. മര്‍യം(റ)എന്നവരുടേതുപോലുള്ള ഒരു ആദ്ധ്യാ ത്മ പ്രാധാന്യമാണ് ഫാത്വിമ(റ)ക്കുള്ളത് എന്നു മനസ്സിലാക്കാം. അതായത് മസീഹി(അ)നെ പോലുള്ള ഒരു ആദ്ധ്യാത്മപുരുഷന്റെ തുടക്കം കുറിക്കുന്ന മാതൃത്വം. ഹസ്രത്  ഹുസൈ(റ)ന്റെ പൌത്രനായ ഹസ്രത് മൂസാല്‍കാളിമി(റ)നോടുള്ള ചക്രവര്‍ത്തിയായ ഹാറൂന്‍ അല്‍ റശീദിന്റെ ഒരു ചോദ്യത്തിനു അദ്ദേഹം നല്‍കിയ മറുപടിയില്‍ നിന്ന് ഇപ്പറഞ്ഞ കാര്യം ബോധ്യപ്പെടും. ഹാറൂന്‍ ചോദിച്ചു: ഏതടിസ്ഥാനത്തിലാണ് നിങ്ങള്‍ നബിയുടെ വംശജരാണെന്നവകാശപ്പെടുന്നത്? പിതാവിലേക്ക് ചേര്‍ത്തിയാണല്ലോ ഇസ്ലാമില്‍ വംശം പറയാറ്. നിങ്ങളുടെ പിതാവ് അലി അല്ലേ? ആ നിലക്ക് നിങ്ങള്‍ക്കെങ്ങനെ പ്രവാചകന്റെ പൈതൃകം അവകാശപ്പെടാനാകും? അതിന് മൂസല്‍കാളിമിന്റെ മറുപടി ഇതായിരുന്നു: ഖുര്‍ആനിലെ 6/84 വാക്യമാണ് അദ്ദേഹം ഉദ്ധരിച്ചത്. “അദ്ദേഹത്തിന് (ഇബ്റാഹിമിന്) നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും ദാനമായി നല്‍കി. അതിനുമുമ്പ് നൂഹിനും നാം വഴികാട്ടി. അദ്ദേഹത്തിന്റെ സന്തതികളില്‍ നിന്നും ദാവൂദ്, സുലൈമാന്‍, അയ്യൂബ്, യൂസുഫ്, മൂസാ, ഹാറൂന്‍ എന്നിവര്‍ക്ക് വഴികാണിച്ചുകൊടുത്തു. സകരിയ്യ, യഹ്യാ, ഈസാ, ഇല്‍യാസ് എന്നിവര്‍ക്കുമെല്ലാം. എല്ലാവരും കുറ്റമറ്റ സുകൃതവാന്മാര്‍.” തുടര്‍ന്ന് ഇമാം വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. ഈ വാക്യത്തില്‍ ഈസാ(അ)യെ നൂഹ് നബി(അ)യുടെ പരമ്പരയില്‍പെടുത്തിയത് പുത്രി മുഖേനയാണ്. കാരണം ഈസാ(അ) ക്ക് പിതാവില്ല. മാതാവായ മര്‍യം(അ) മാത്രമേയുള്ളൂ.
അതുപോലെയുള്ള മാതൃത്വത്തിന്റെ പ്രാധാന്യമാണ് ഫാത്വിമാ(റ)ക്കുള്ളത്. പൂര്‍ണ മനുഷ്യനായ മുഹമ്മദ് നബി(സ്വ)യുടെ വംശപരമ്പര നിലനില്‍ക്കുന്നത് ഏക മകളിലൂടെയാണെന്നര്‍ഥം. നൂഹ്(അ), ഇബ്റാഹിം(അ) എന്നീ സമഷ്ടിയെ പ്രതീകവത്കരിക്കുന്ന കുലപതിമാരായ പ്രവാചകന്മാരെ പോലെയാണ് അന്ത്യപ്രവാചകനായ മുഹമ്മദു(സ്വ)മെന്നര്‍ഥം. (സ്വല്ലല്ലാഹു അലൈഹി വആലിഹീ വസല്ലം..) ഇബ്റാഹിം(അ) എന്ന സമഷ്ടി യെ പ്രതീകവത്കരിക്കുന്ന ജനനായകനായ പ്രവാചക കുലപതിയില്‍ നിന്നു വചനപ്പൊരുളിന്റെ ആദ്ധ്യാത്മ മാനത്തെ പ്രാതീകവത്കരിക്കുന്ന മസീഹ് ആയ ഈസാ(അ) ജനിക്കുന്നത് സ്ത്രീ വഴിക്കാണ്. അതിനാല്‍ ആ മസീഹിനെ അന്ത്യകാലത്ത് എതിരേല്‍ക്കാന്‍ നിയോഗമുള്ള മുഹമ്മദ് നബി(സ്വ)യുടെ ആദ്ധ്യാത്മപുത്രനായ മഹ്ദിയും വരിക സ്ത്രീവഴിക്കാകുന്നതില്‍ ഒരുതരം ആദ്ധ്യാത്മമായ പൊരുത്തവും ദര്‍ശിക്കാന്‍ കഴിയും. മസീഹും മഹ്ദിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഒരു ദൃഷ്ടാന്തമായി അതിനെ മനസ്സിലാക്കാം. നബി(സ്വ) തന്നെ അക്കാര്യം ഒരിക്കല്‍ ഇങ്ങനെ സൂചിപ്പിച്ചതായി ചില ഹദീസുകളുണ്ട്. അലി(റ)യെ ചൂണ്ടിക്കൊണ്ട് ഒരിക്കല്‍ അവിടുന്ന് പറഞ്ഞു.”ഏതൊരു പ്രവാചകന്റെ സന്തതിയെയും അല്ലാഹു അവന്റെ മുതുകില്‍ വെച്ചിരിക്കുന്നു. എന്റെ സന്തതിയെ അവന്‍ വെച്ചിരിക്കുന്നത് ഈ മനുഷ്യന്റെ (അലിയുടെ) മുതുകിലാകുന്നു”.
ഹസന്‍(റ), ഹുസൈന്‍(റ) എന്നീ പൌത്രന്മാരെ തലോടിക്കൊണ്ട് അവിടുന്നു പറയാറുണ്ടായിരുന്നു. “എല്ലാ പുത്രന്മാരും അവരുടെ പിതാക്കളുടേതാണ്. കാരണം പിതാക്കളിലേക്കാണ് ബന്ധം ചേര്‍ക്കപ്പെടുക. എന്നാല്‍ ഫാത്വിമാ(റ)യുടെ കുട്ടികള്‍ ഒഴിവാണ്. കാരണം എന്നിലേക്കാണ് അവരുടെ പിതൃത്വം ചേര്‍ക്കപ്പെടേണ്ടത്.” കന്‍സുല്‍ ഉമ്മാല്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഉമറി(റ)നെ ഉദ്ധരിച്ചുകൊണ്ട് ത്വബ്റാനി പറയുന്നു. പ്രവാചകന്‍ പറഞ്ഞു: “സ്ത്രീയുടെ കുട്ടികളുടെ പിതൃത്വം അവരുടെ പിതാവിലേക്ക് മടങ്ങുന്നു. ഫാത്വിമ(റ)യുടെ രണ്ട് കുട്ടികളുടെ കാര്യത്തിലൊഴികെ. അവരുടെ പിതൃത്വം എന്നിലേക്കാണ് ചേര്‍ക്കപ്പെടേണ്ടത്. ഞാനാകുന്നു അവരുടെ പിതാവ്.”
എന്നാല്‍ ഇതിനുകാരണം പ്രവാചകന്(സ്വ) തന്റെ കുട്ടികളോടുള്ള എന്തെങ്കിലും പക്ഷപാതിത്വമായിരിക്കാമെന്ന് ഇബ്റാഹിം(അ) മുതല്‍ക്കുള്ള പ്രവാചകരിലൂടെ അവതീര്‍ണമായി മുഹമ്മദി(സ്വ)ല്‍ സമാപിക്കുന്ന ഇസ്ലാമിക വെളിപാടിന്റെ പ്രകൃതവും അതില്‍ ഗുപ്തമായിരിക്കുന്ന ആദ്ധ്യാത്മിക ദുര്‍ജ്ഞേയതയുടെ പൊരുളും മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് തോന്നുകയില്ല. ബനീ ഇസ്റാഈലിനു ഖുര്‍ആന്‍ നല്‍കുന്ന പ്രാധാന്യം എന്തുകൊണ്ട് എന്ന കാര്യവും ഗ്രഹിക്കാന്‍ കഴിയുക അപ്പോഴായിരിക്കും. ഖുര്‍ആന്റെ ശക്തമായ വിമര്‍ശനത്തിനും നൃശംസക്കും പാത്രീഭവിച്ച അതേ സമുദായത്തെ പക്ഷേ, വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്: “ഞാന്‍ നിങ്ങളെ മറ്റു ലോകരെക്കാള്‍ വിശിഷ്ടരാക്കിയിരിക്കുന്നു’ എന്നാണ്. എന്തിന്, എങ്ങനെ എന്നത് വിചിന്തനം ചെയ്യുമ്പോഴാണ് ഇസ്ലാമിന്റെ മഹാ പ്രവാചകന്മാരുടെ ‘വിശുദ്ധമായ സ്വകാര്യത’ എന്ന ആശയം ശ്രദ്ധയില്‍ പെടുക. മസീഹി(അ)ല്‍ എത്തിനില്‍ക്കുന്ന ഇബ്രാഹിമി(അ)ന്റെ വിശുദ്ധമായ സ്വകാര്യതയെ വഹിച്ചുപോരുന്ന സമുദായം എന്ന നിലക്കാണ് ബനീ ഇസ്റാഈലുകാര്‍ സമുദായങ്ങളില്‍  ഉല്‍കൃഷ്ടരായിത്തീരുന്നത്. തങ്ങളുടെ കൊള്ളരുതായ്മകളും ധിക്കാരവും ക്രൂരതയും മൂലം കുരങ്ങുകളാകുന്നിടം വരെ താഴ്ന്നുപോകുന്ന അവരുടെ അഭിശപ്തതയെക്കുറച്ചും ഖുര്‍ആന്‍ തന്നെ പറയുന്നു. അതേ കാരണത്താല്‍ തന്നെയാണ് തന്റെ മകളിലൂടെ വന്ന് മഹ്ദിയില്‍ എത്തിച്ചേരുന്ന വിശുദ്ധ കുടുംബത്തിന് മുഹമ്മദ് നബി(സ്വ)യും പ്രാധാന്യം പറഞ്ഞത്. അത് അവിടുത്തെ തീരുമാനമല്ല. മറിച്ച് മേലേ നിന്നുള്ള ഉത്തരവാണ്. അത് തുറന്നുപറയാന്‍ അദ്ദേഹം നിര്‍ബന്ധിതനാണ്. ബനീ ഇസ്രാഈലില്‍ എന്ന പോലെ അഹ്ലുല്‍ബൈതിലും ശ്രേഷ്ഠത നിലകൊള്ളുന്നത് ആദ്ധ്യാത്മികതയുടേതായ ഒരു പൈതൃകത്തിന്റെ പേരില്‍ മാത്രമാണ്. കൊള്ളരുതാത്തവരെ ഒരുനിലക്കും അത് സംബന്ധിക്കുന്നില്ല.
സ്വന്തം കുടുംബത്തോടുള്ള പക്ഷപാതിത്വത്തില്‍ നിന്ന് എത്രമാത്രം അതീതനായിരുന്നു തിരുമേനി(സ്വ)യെന്ന് അഹ്ലുല്‍ബൈതിനോടുള്ള നബി(സ്വ)യുടെ ഭൌതിക സമീപനം തെര്യപ്പെടുത്തുന്നുണ്ട്. സകാത് മുതലില്‍ നിന്ന് അറിയാതെ ഒരു ചുള കാരക്കയെടുത്തു വായിലിട്ടുപോയ കുഞ്ഞിന്റെ (പേരക്കിടാവായ ഹസനാ(റ)യിരുന്നു അത്) വായില്‍ നിന്ന് അത് തോണ്ടിയെടുത്ത് പുറത്തുകളഞ്ഞ ദേഹമാണ് അവിടുന്ന്. പട്ടിണിയും പരിവട്ടവുമായി മാത്രം കഴിഞ്ഞുകൂടാന്‍ വിധിയുണ്ടായിരുന്ന ഫാത്വിമാ(റ)ക്കും കുഞ്ഞുങ്ങ ള്‍ക്കും വേണ്ടി അനന്തരസ്വത്ത് വിട്ടുപോകാന്‍ വരെ അവിടുന്ന് വിസമ്മതിച്ച കാര്യം ഗദ്ഗദത്തോടെ മാത്രമേ ആര്‍ക്കും ഓര്‍ക്കാനാകൂ. സഹായത്തിനുവേണ്ടി ഒരു ഭൃത്യയെ നിയമിച്ചുതരാന്‍ ആവശ്യപ്പെട്ട ഫാത്വിമ(റ)യോട് അല്ലാഹുവിന് ദിക്റ് ചൊല്ലി സംതൃ പ്തി അടയാനാണ് അവിടുന്ന് പറഞ്ഞത്. അല്ലാഹുവാണ; മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കളവ് നടത്തിയതെങ്കില്‍ അവളുടെ കൈയും വെട്ടിക്കളയും എന്ന് ദൈവത്തെ സാക്ഷി നിര്‍ത്തി ജനത എന്ന മാനുഷിക സാകല്യത്തോട് വിളംബരം ചെയ്ത പ്രവാചകനാകുന്നു മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ ആലിഹീ വസല്ലം.
എന്നാലും തന്നില്‍ നിന്ന് പ്രാദുര്‍ഭവിക്കുന്ന ഒരു സ്വകാര്യതയുടെ വൈശിഷ്ട്യവും അതേക്കുറിച്ച സുവിശേഷവും ആ പ്രവാചകന്‍(സ്വ) ജനതയോട് പറയുകയുണ്ടായി. തന്റെ ഇഷ്ടത്തിനു പ്രസക്തിയില്ലാത്ത ഒരു വചനത്തിന്റെ പ്രകാശനം മാത്രമായിരുന്നു ആ പ്രഖ്യാപനം. ഇസ്ലാമിന്റെ ആന്തരിക ചൈതന്യമായ ആദ്ധ്യാത്മാവായ സാധനയുടെ സ്രോതസ്സായിരിക്കുന്ന ഒരു വിശുദ്ധ സ്വകാര്യതയെ ലോകത്തിനുവേണ്ടി സൂക്ഷിച്ചുവെച്ചിരിക്കുന്നു എന്ന് അറിയിക്കുകയായിരുന്നു അതിലൂടെ അന്ത്യപ്രവാചകര്‍. പൂര്‍ണ മനുഷ്യനായ തന്റെ പ്രത്യക്ഷതലത്തിലുള്ള ചരിത്രപരമായ വ്യക്തിത്വത്തിനു പുറമെ, അതായത് മുഹമ്മദ് എന്ന ചരിത്രപരമായ നിയോഗത്തിനുപുറമെ അതില്‍ ഗുപ്തമായിരിക്കുന്ന അഹ്മദ് എന്ന പ്രാപഞ്ചിക വ്യക്തിത്വത്തെയാണ് സ്വകാര്യതയുടെ പ്രതീകമായ കുടുംബം എന്നതിന്റെ പ്രാധാന്യത്തിലൂടെ അവിടുന്ന് വെളിപ്പെടുത്തിയത്. മുഹമ്മദ് നബി(സ്വ)യെന്ന അന്ത്യദൂതന്‍ സകല ഭൌതിക ജേതാക്കളെയും സാമൂഹിക ചിന്തകരെ യും വെല്ലുന്ന പ്രത്യുല്‍പ്പന്നമതിയും അതിശക്തനായ ചരിത്രനായകനും മാത്രമല്ല, പ്രപഞ്ചത്തിന്റെ സാകല്യത്തെയാകെയും ഉള്‍ക്കൊള്ളുന്ന വിശുദ്ധമായ വചനത്തിന്റെ ഏറ്റ വും പൂര്‍ണമായ പ്രതീകവുമാകുന്നു എന്ന് വെളിപ്പെടുത്തുകയാകുന്നു ഇവിടെ ഉദ്ദേശ്യം. ഇബ്രാഹിമി(അ)ന്റെ സമഷ്ടിഭാവത്തെ മുഴുവനും പ്രകാശിപ്പിച്ചുകൊണ്ട്, ആ പ്രവാചകന്റെ ഖലീലിയ്യത് (ഈശ്വരന്റെ മിത്രമെന്നിടത്തോളം എത്തുന്ന ആദ്ധ്യാത്മപദവി) ശ്രേഷ്ഠതയും തന്നില്‍ നിക്ഷിപ്തമായിരിക്കുന്നുവെന്നും കാലത്തിന്റെ ഒടുവിലേക്ക് നീണ്ടുപോകുന്ന അതിലേക്കാണ് ഉയര്‍ന്നുപോയ മസീഹ് തന്റെ ആദ്ധ്യാത്മ മാത്രമായ വചനഗുണവുമായി പുനരാഗമനം ചെയ്യുക എന്നും അറിയിക്കുക മാത്രമായിരുന്നു അതിലൂടെ പ്രവാചകന്‍(സ്വ).
ഇസ്ലാം എന്ന സമ്പൂര്‍ണ ധര്‍മ്മത്തിനു നിയമത്തെ മാത്രം സംബന്ധിക്കുന്ന ശരീഅത്ത് പരമായ ഒരു പ്രത്യക്ഷതലം മാത്രമല്ല ഉള്ളതെന്നും പ്രവാചകന്റെ വിശുദ്ധമായ സ്വകാര്യതയില്‍ ഒളിപ്പിക്കപ്പെട്ടതും പരമയാഥാര്‍ഥ്യത്തെ സംബന്ധിക്കുന്നതുമായ ‘ഹഖീഖത്’ പരമായ ഒരു ഗുപ്തമാനവും കൂടിയുണ്ട് എന്നും അറിയിക്കുകയാണ് തന്റെ സ്വകാര്യതയുടെ പ്രതീകമായ കുടുംബത്തിന്റെ പ്രാധാന്യം വിളംബരപ്പെടുത്തിക്കൊണ്ട് പ്രവാചകന്‍ ചെയ്തത്. ഇസ്ലാമിന്, പ്രത്യക്ഷനിയമത്തിന്റെയും ആ നിലക്കുള്ള ഒരു മതത്തിന്റെയും ഉപരിതല സ്പര്‍ശിയായ പ്രത്യക്ഷതലം മാത്രമേയുള്ളൂവെന്ന് വാദിക്കുന്ന മൌലികതാവാദത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നും വലിയ കാര്യമായിരിക്കില്ല. അതുകൊണ്ടുതന്നെ അവധാരണശേഷി കുറഞ്ഞ അല്‍പ്പന്മാര്‍ അതുസംബന്ധമായി വന്ന പ്രമാണങ്ങളുടെ സാധുതയെ ചോദ്യം ചെയ്തെന്നു വരും.
ഇബ്റാഹിം നബി(അ)യുടെ വിശുദ്ധമായ സ്വകാര്യതയുടെ പ്രതീകാത്മകത വഹിക്കുന്നവരാണ് ബനീ ഇസ്രാഈല്‍ എന്ന കാര്യം സൂചിപ്പിച്ചു. മസീഹായി വന്ന ഈസാ നബി(അ) ആ താവഴിയിലെ അവസാനത്തെ പ്രവാചകനാണെന്നും കണ്ടു.
അഹ്ലുല്‍ബൈത് എന്ന പ്രയോഗം വിശുദ്ധ ഖുര്‍ആന്‍ ഒരിടത്ത് പ്രയോഗിക്കുന്നത് ഇബ്രാഹിമി(അ)ന്റെ ഈ താവഴിയുമായി ബന്ധപ്പെടുത്തിയാണ് എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍, ഇബ്രാഹിം നബി(അ)യുടെ സ്വകാര്യതയോട് സദൃശ്യമാകുന്ന മുഹമ്മദ് നബി(സ്വ)യുടെ സ്വകാര്യത എന്ന ആശയത്തിന് മിഴിവ് കൂടുന്നു. ഇബ്റാഹിമി(അ)ന്റെ ദ്വിതീയ പുത്രനായ ഇസ്ഹാഖി(അ)ന്റെ ജനനത്തെക്കുറിച്ച് സന്തോഷവാര്‍ത്തയറിയിച്ചുകൊണ്ട് ഇബ്റാഹിം നബിയുടെ സഹധര്‍മ്മിണിയായ സാറ(റ)യോട് മലകുകള്‍ സംസാരിക്കുന്ന രംഗം ഖുര്‍ആന്‍ വിവരിക്കുന്നു. “അദ്ദേഹത്തിന്റെ (ഇബ്റാഹിമിന്റെ) ഭാര്യ അടുത്തുനില്‍പ്പുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ ഇസ്ഹാഖി(അ)നെപ്പറ്റി നാം അവര്‍ക്ക് സന്തോഷവാര്‍ത്തയറിയിച്ചു. ഇസ്ഹാഖിനു പിന്‍മുറക്കാരനായി യഅ്ഖൂബി(അ)നെക്കുറച്ചും. അവള്‍ പറഞ്ഞു: ഞാന്‍ പ്രസവിക്കുകയോ? ഞാന്‍ കിഴവിയും എന്റെ ഭര്‍ത്താവ് വൃദ്ധനുമായിരിക്കുന്നല്ലോ. ഇത് അത്ഭുതകരമായ കാര്യം തന്നെ. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളും ഹേ വീട്ടുകാരേ, നിങ്ങള്‍ക്കുണ്ടാകട്ടെ, തീര്‍ച്ചയായും അല്ലാഹു സ്തുതിക്കപ്പെടുന്നവനും മഹത്വമുറ്റവനുമത്രെ” (11/73, 74).
ഇവിടെ ഇബ്റാഹിം നബി(അ)യുടെ കളത്രങ്ങളെ മലകുകള്‍ സംബോധന ചെയ്തത് അഹ്ലുല്‍ബൈത് -ഹേ വീട്ടുകാരേ- എന്നാണ്. ഇബ്റാഹിം നബി(അ)യുടെ വൃഷ്ടിപരമായ തലത്തിന്റെ പ്രതീകമായ കുടുംബത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് അവിടുത്തെ ആദ്യ ഭാര്യയായ സാറ(റ), ഇബ്റാഹിമി(അ)ന് തന്റെ വ്യക്തിജീവിതത്തിലേക്ക്  അനുവദിച്ചുകിട്ടിയ പുത്രന് ജന്മം നല്‍കുന്ന മാതാവാകുന്നു അവര്‍. എന്നാല്‍ ഇബ്റാഹിമി(അ)ന്റെ ആദിജാതനായ പുത്രന്റെ കാര്യം വ്യത്യസ്തമാണ്. ഇസ്മാഈല്‍(അ) പിറക്കുന്നത് അദ്ദേഹത്തിന്റെ സമഷ്ടിഭാവത്തിന്റെ പ്രതീകമായാണ്. ആദ്യം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കുടുംബിനിയായ കളത്രത്തിന്റെ പുത്രനായിട്ടല്ല ഇസ്മാഈല്‍(അ) പിറക്കുന്നത്. അവരുടെ ദാസിയായിരുന്ന അടിമത്തം എന്ന സാമൂഹിക രൂപത്തിന്റെ വേദനകള്‍ അറിയാന്‍ അവസരം ലഭിച്ച ഒരു യുവതിയുടെ മകനായാണ് ഇസ്മാഈല്‍(അ) പിറക്കുന്നത്. തനിക്ക് സന്താനമുണ്ടാവുകയില്ല എന്നുറച്ചു വിശ്വസിച്ച സാറാ(റ) ഭര്‍ത്താവിനെങ്കിലും അതുണ്ടാകട്ടേ എന്നാഗ്രഹിച്ച് അദ്ദേഹത്തിനു ഭാര്യയായി നിശ്ചയിച്ചുകൊടു ത്ത പെണ്‍കുട്ടായിരുന്നു ഇസ്മാഈലി(അ)ന്റെ മാതാവ് ഹാജറ(റ). അവരില്‍ പിറക്കു ന്ന ആദിജാതനായ ഇസ്മാഈല്‍(അ) സമഷ്ടി എന്ന ആശയത്തെയും അടിമത്ത നിരാസത്തെയും എല്ലാ അര്‍ഥത്തിലും പ്രതീകവത്കരിച്ചിരിക്കുന്നു. ഇബ്റാഹിം(അ) വിഭാവന ചെയ്ത സമഷ്ടിയുടെ സാക്ഷാത്കാരം സാധിക്കുന്ന ജനതക്കായുള്ള ഒന്നാമത്തെ ഭവനം(അവ്വലു ബയ്തിന്‍ വുളിഅ ലിന്നാസി) മക്കായിലെ മരുഭൂമിയുടെ അതിരുകള്‍ അന്യമായ വിശാലത സ്ഥാപിക്കുമ്പോള്‍ അതിന്റെ മൂലക്കലെ തലക്കല്ല് എടുത്ത് പിതാവിന് നല്‍കിക്കൊണ്ട് ജനകീയമായ ഈശ്വര സമര്‍പ്പണത്തിന് വഴിയൊരുക്കുക എന്നതായിരുന്നു ഇസ്മാഈലി(അ)ന്റെ നിയോഗം. ജനതയുടെ കൂട്ടായ ഉപാസനയാണല്ലോ കഅബാക്ക് ചുറ്റും കറങ്ങുന്ന വര്‍ത്തുള പ്രവാഹമുള്‍ക്കൊള്ളുന്ന ഹജ്ജ്. ജനതയുടെ മേല്‍ അല്ലാഹു ചുമത്തിയ ബാധ്യത എന്നാണ് ഖുര്‍ആന്‍ ആ സമഷ്ടിപരമായ ഉപാസനയെ വിശേഷിപ്പിച്ചിരിക്കുന്നത്.
അതായത്, മൂത്തപുത്രനായ ഇസ്മാഈലി(അ)നെ തന്റെ സ്വകാര്യതയില്‍ സൂക്ഷിക്കാന്‍ ഇബ്റാഹിമി(അ)ന് കഴിഞ്ഞില്ല എന്നര്‍ഥം. കാരണം അദ്ദേഹത്തിന്റെ പിറവിയുടെ നി യോഗം തന്നെ ജനകീയവും ദൈവികവും ചരിത്രപരവുമായ ഒരു അനിവാര്യതയെ സാ ക്ഷാത്കരിക്കാന്‍ വേണ്ടിയായിരുന്നു. അങ്ങനെ ഇബ്റാഹിമി(അ)ന്റെ ഗൃഹസ്ഥാശ്രമം വീണ്ടും പഴയപടി സന്താന സാന്നിധ്യമില്ലായ്മയുടെ വിരസതയനുഭവിക്കുമ്പോഴാണ് വിശുദ്ധമായ സ്വകാര്യതക്കുവേണ്ടി അല്ലാഹു ഒരു പുത്രനെ നല്‍കുന്നത്. അതാകട്ടെ ആദ്യമേ തന്നെ തന്റെ കൂടെയുണ്ടായിരുന്ന കുടുംബിനിയായ സാറാ(റ)യില്‍ നിന്നുതന്നെ. ആ പുത്രനാകുന്നു ഇസ്ഹാഖ്(അ). അവിടുത്തെ പരമ്പരയില്‍ വരുന്ന അവസാത്തെ ദുതനാകുന്നു ഇസ്ലാമിന്റെ ആദ്ധ്യാത്മദര്‍ശനത്തിനു ഊന്നല്‍ നല്‍കി സംസാരിച്ച മസീഹായ ഈസാ അലൈഹിസ്സലാം. അദ്ദേഹം കൊണ്ടുവന്ന ഇസ്ലാമില്‍ സമരോത്സുകതക്കും സംഘട്ടനത്തിനും സ്ഥാനമില്ലായിരുന്നു. നിയമത്തിന്റേതായ ശരീഅത്ത് എന്നതിലുപരിയായി ജ്ഞാനയോഗത്തിന്റെയും ധ്യാനത്തിന്റെയും പരമസത്യോപാസനയുടേതുമായ മാര്‍ഗമായിരുന്നു അവിടുന്ന് ഉപദേശിച്ചിരുന്നത്. അതായത് പരാമര്‍ഥ ജ്ഞാനത്തിലേക്ക് വഴികാട്ടുന്നതും ഹഖീഖതിലെത്തിച്ചേരുന്ന ത്വരീഖതിന്റെതുമായ ഒരു മതമായിരുന്നു ഈസാ(അ)യുടെ ഇസ്ലാം. എന്നാല്‍ അത് തിന്മകള്‍ നിറഞ്ഞതും സംഘട്ടനാത്മകവുമായ മാനുഷിക സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമാകുമാറ് പ്രായോഗികമാകയില്ലെന്ന് അയഥാര്‍ഥമായ ഒരു കുരിശു പ്രകടനത്തിനു സാക്ഷിയായ ചരിത്രത്തിന് ബോധ്യപ്പെട്ടു. ഈസാ(അ) ഉയര്‍ന്നുപോയി. മസീഹിന്റെ ദൌത്യം സ്വീകരിക്കാന്‍ ഇനി യും മാനുഷ്യകം പാകപ്പെടേണ്ടിയിരിക്കുന്നുവെന്നു വിളംബരപ്പെടുത്തിക്കൊണ്ടുള്ള ഒരു താല്‍ക്കാലിക വിടപറച്ചിലായിരുന്നു അത്. താന്‍ പോകുന്നത് എല്ലാം ശരിപ്പെടുത്തിയെടുക്കാന്‍ കഴിയുന്ന ശക്തനായ സത്യത്തിന്റെ ആത്മാവിനെ ഭൂമിയിലേക്കയക്കാന്‍ വേണ്ടിയാകുന്നു എന്ന് അവിടുന്ന് തന്നെ പറഞ്ഞത് ശിഷ്യന്മാര്‍ കേള്‍ക്കുകയും ചെ യ്തു.
ഏതായാലും മസീഹില്‍ എത്തിനില്‍ക്കുന്ന വിശുദ്ധമായ സ്വകാര്യതയുടെയും ആത്മനിഷ്ഠമായ പരമ സത്യോപാസനയുടെയും ഒരു കുടുംബം ഇബ്രാഹിം(അ) എന്ന കുലപതിയായ പ്രവാചകനുണ്ട്. സമഷ്ടിയെ പ്രതീകവത്കരിക്കുന്ന പുത്രനടങ്ങുന്ന കുടുംബവും അദ്ദേഹത്തിനുണ്ട്. ആ നിലക്ക് രണ്ട് മാനങ്ങളും പ്രതീകവത്കരിക്കുന്ന രണ്ട് താവഴികളുള്ള ഇബ്രാഹിമി തറവാട്ടിനെയാണ് ആലു ഇബ്രാഹിം എന്നു വിളിക്കുന്നത്. കുടുംബം എന്നത് സ്വകാര്യതയെ മാത്രം പ്രതീകവത്കരിക്കുന്ന കാര്യമാണ് എന്നുവെക്കുകയാണെങ്കില്‍ ആദ്ധ്യാത്മമായ പരമ സത്യോപാസനയുടെ ഇസ്ലാമുമായി വന്ന മസീഹിയ്യതിനെ ഉള്‍ക്കൊണ്ട കുടുംബമായിരിക്കും ഉദ്ദേശിക്കപ്പെടുക.
നടേ പറഞ്ഞ പോലെ പൂര്‍ണ മനുഷ്യനും പ്രവാചകത്വത്തിന്റെ പരിസമാപ്തി സാധിക്കുന്ന വിശുദ്ധ വ്യക്തിത്വവുമായ മുഹമ്മദ് നബി തിരുമേനി(സ്വ) ഇബ്രാഹിം(അ) എന്ന കുലപതിയായ പ്രവാചകന്റെ ചരിത്രപരമായ ഒരു ആവര്‍ത്തനമാകുന്നു എന്നു കാണാം.  താന്‍ ഇബ്റാഹിമിനോടാണ് ഏറെ സദൃശനായിരിക്കുന്നത് എന്ന് നബി തിരുമേനി(സ്വ) തന്നെയും പറഞ്ഞതായി രേഖപ്പെട്ടിട്ടുണ്ട്. ഇബ്റാഹിം(അ) ഒരു രണ്ടാം ആദമാണെങ്കില്‍ മുഹമ്മദ്(സ്വ) ഒരു രണ്ടാം ഇബ്റാഹിമാകുന്നു. അതുകൊണ്ട് ഇബ്രാഹിമിയായ ആദ്ധ്യാത്മവും ചരിത്രപരവുമായ അനുഭവങ്ങള്‍ വ്യത്യസ്തമായ വര്‍ണത്തിലാണെങ്കിലും മുഹമ്മദീയ വ്യക്തിത്വത്തിലുമുണ്ടായിരിക്കല്‍ ആവശ്യമായിവരുന്നു. ഇബ്റാഹിമി(അ)നു ത ന്റെ സ്വകാര്യതയെ പ്രതീകവത്കരിക്കുന്ന ഒരു കുടുംബം (ആല്) ഉണ്ടെങ്കില്‍ മുഹമ്മദി (സ്വ)നും അപ്രകാരമുള്ള കുടുബമുണ്ടായിരിക്കണം. ആ കുടുംബമാകുന്നു അഹ്ലുല്‍ ബൈത്. അവരാണ് വിശുദ്ധ പ്രവാചകന്റെ ആദ്ധ്യാത്മമായ ഖിലാഫതിനെ വഹിച്ച് പോ രുന്നവര്‍. മസീഹി(അ)നെ എതിരേല്‍ക്കുന്ന മഹ്ദിയില്‍ എത്തിച്ചേരുന്നതാണ് ആ ഖിലാഫത്. ഒരു വ്യത്യാസമുള്ളത് ഇബ്റാഹിമി(അ)ന്റെ കുടുംബമായിരുന്ന ബനീ ഇസ്രാഇലിലെ പോലെ മുഹമ്മദീയ കുടുംബമായ അഹ്ലുല്‍ബൈതില്‍ പ്രവാചകന്മാര്‍ വരുന്നില്ല എന്നതാണ്. പ്രവാചകത്വ പരിസമാപ്തിയും മുഹമ്മദി(സ്വ)ലൂടെ സാധിച്ചു കഴിഞ്ഞാല്‍ ഇനിയും വരുന്നവര്‍ പ്രവാചകരാകാന്‍ നിര്‍വാഹമില്ലല്ലോ. പക്ഷേ, അവര്‍ അവിടുത്തെ ആദ്ധ്യാത്മ പാരമ്പര്യത്തിന്റെ വാഹകരായ വലിയ്യുകളായിരിക്കും എന്ന കാര്യത്തില്‍ സ ന്ദേഹമില്ല. വിശുദ്ധ പ്രവാചക(സ്വ)ന്റെ ആദ്ധ്യാത്മമായ ഖിലാഫതിനെ വഹിക്കുന്ന ഈ വിലായതാണ് വിശുദ്ധ സ്വകാര്യതയുടെ പ്രതീകമായിരിക്കുന്നത്. ആ ഖിലാഫതിന്റെ പൂര്‍ത്തീകരണം സാധിക്കുന്ന വ്യക്തിത്വമാകുന്നു അവസാന നാളുകളില്‍ ഇസ്ലാമിക സമൂഹത്തിന്റെ ഇമാം ആയി വരുന്ന മഹ്ദിയുടേത്. മഹ്ദിയാകട്ടെ, ഇബ്രാഹിമി പാരമ്പര്യത്തിലെ ഉയര്‍ന്നുപോയ മസീഹി(അ)നെ, അവിടുന്ന് ഇറങ്ങിവരുമ്പോള്‍ എതിരേല്‍ ക്കുകയും ചെയ്യുന്നു. അതോടെ ആദ്ധ്യാത്മാവായ അര്‍ഥത്തിലെന്നപോലെ ചരിത്രപരമായും ഇബ്രാഹിം(അ) എന്ന പിതാമഹന്റെ രണ്ട് താവഴികളിലുള്ള പ്രവാചകത്വ മുദ്രകള്‍ സന്ധിക്കുന്നു. അങ്ങനെ ഇബ്രാഹിമി മില്ലത്തിന്റെ ചാക്രികത പൂര്‍ത്തീകരിക്കപ്പെടുന്നു.
മുഹമ്മദ്(സ്വ) എന്ന വിശുദ്ധ പ്രവാചകന്‍ കുലപതിയായ ഇബ്റാഹിമി(അ)ന്റെ തനിയാവര്‍ത്തനമാകുന്നു. മുഹമ്മദീയ മാര്‍ഗത്തെ ദൈവം വിളിച്ചിരിക്കുന്നത് മില്ലത് ഇബ്റാഹിം (ഇബ്റീഹീമി മാര്‍ഗം) എന്നാണ്. ഇബ്രാഹിമിന്റെ വിശുദ്ധ സ്വകാര്യതയുടെ പ്രതീകമായ ഇസ്ഹാഖ് നബി(അ)യുടെ താവഴിയില്‍ നിന്നുണ്ടായ പ്രവാചകന്മാരുടെ പേരില്‍ നിലവില്‍ വന്ന മതങ്ങളാണല്ലോ യഹൂദം, ക്രൈസ്തവം എന്നിവ. എന്നാല്‍ ആ മതങ്ങളുടെ ഇന്നത്തെ അവസ്ഥയില്‍ ഇബ്രാഹിമി(അ)ന്റെ സ്ഥാനം കേവലം ഒരു പിതാമഹന്റേതു മാത്രമാണ്. വംശീയമായ ഒരു പൈതൃകം മാത്രമേ ആ മതങ്ങളില്‍ ഇബ്റാഹിമി(അ)ന് വകവെച്ചുകിട്ടുന്നുള്ളൂ. എന്നാല്‍ മുഹമ്മദ്(സ്വ) പരിചയപ്പെടുത്തിയ ഇസ്ലാമിന്റെ കാ ര്യം അതല്ല. ഇബ്റാഹിമാകുന്നു അതിലെ കേന്ദ്രബിന്ദു. ഇസ്ലാമിലെ ഇബ്റാഹിം(അ) കേവലം ഒരു അപ്പൂപ്പനല്ല. മറിച്ച് സമഷ്ടി എന്ന ആശയത്തിന്റെ സമ്പൂര്‍ണമായ പ്ര തീകമാണ്. വിശുദ്ധ ഖുര്‍ആന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയതും ആ നിലക്കുതന്നെ. ഉമ്മത് അഥവാ സമുദായം, സമഷ്ടി, മാതൃക എന്നൊക്കെ. കൂടാതെ ജനനായകന്‍ (ഇമാമുന്‍ലിന്നാസ്) എന്നും ഖുര്‍ആന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ജനകീയത എന്ന ആശയവും അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യക്തിത്വമാണ് ഇബ്റാഹീമിന്റേത്.
മുഹമ്മദ് നബി(സ്വ)ക്കുള്ള മറ്റൊരു പ്രത്യേകത, ഇബ്റാഹിമി(അ)ന്റെ സമഷ്ടി ഭാവത്തെ പ്രതീകവത്കരിക്കുന്ന താവഴിയില്‍ ജനിക്കുന്ന ഒരേയൊരു പ്രവാചകന്‍ എന്നതാണ്. ഇബ്റാഹിം(അ) എന്ന മനുഷ്യസ്നേഹിയായ പരിവ്രാജകനില്‍ മുന്തിനിന്ന ഭാവമായിരുന്നു സമഷ്ടിപരമായ ഈ മാനികത. ആത്മനിഷ്ഠമായ പരമസത്യോപാസന എന്നത് ചരിത്രത്തെ ഏറെയൊന്നും സംബന്ധിക്കുന്നില്ല. എന്നാല്‍ അല്ലാഹുവിനു മാത്രം ആരാധന എന്ന ആശയമുള്‍ക്കൊള്ളുന്ന ‘ജനതയുടെ കൂട്ടായ സ്വത്വസമര്‍പ്പണം’ മനുഷ്യസമൂഹത്തിന്റെ സാമൂഹികമായ പരിണാമത്തില്‍ ഏറ്റവും ശക്തമായിത്തീരുന്ന ഘടകമാണ്. അതിലൂടെ സാധിക്കപ്പെടുക ചരിത്രപരമായ ഏറ്റവും വലിയ ആവശ്യം എന്നു വിശേഷിപ്പിക്കാവുന്ന മനുഷ്യസമൂഹത്തിന്റെ സമ്പൂര്‍ണമായ ഉല്‍ഗ്രഥനമായിരിക്കും. ഈ ആശയത്തെ ഏറ്റവും ഗംഭീരമായ നിലയില്‍ പ്രഘോഷിക്കുന്ന ആരാധനയാണ് സ്വകാര്യമായ സാധനയെക്കാള്‍ കൂട്ടായ്മക്കും ത്യാഗപരിശ്രമങ്ങള്‍ക്കും പ്രാമുഖ്യം നല്‍കപ്പെടുന്ന ഹജ്ജ്. മുഹമ്മദ് നബി(സ്വ)യുടെ ഇസ്ലാമില്‍ മാത്രമേ ഹജ്ജ് ഉള്ളൂ. യഹൂദത്തിലും ക്രൈസ്തവത്തിലും അതില്ല. വിശുദ്ധ കഅബായുടെ നിര്‍മാണത്തില്‍ ഇബ്റാഹിമി(അ)നോടൊപ്പം പങ്കെടുത്തത് ഇസ്മാഈലാ(അ)യിരുന്നല്ലോ ഇസ്ഹാഖ്(അ)പിതാവി ന്റെ പര്‍ണാശ്രമത്തിലെ സഹായിയായ പ്രവാചകനായിന്നു.
ആ നിലക്ക് നോക്കുമ്പോള്‍ മുഹമ്മദ്(സ്വ) എന്നത് ഇബ്രാഹിം(അ) തന്നെ. മറ്റേതൊരു പ്രവാചകനെക്കാളും ഇബ്റാഹിമു(അ)മായി ബന്ധം അവകാശപ്പെടാന്‍ കഴിയുന്നതും ചരിത്രത്തിന്റെ പകല്‍ വെളിച്ചത്തില്‍ വ്യക്തമായി വന്നുനിന്ന, ചരിത്രം ശരിക്കും കണ്ട, ഈ പ്രവാചകനു തന്നെയാകുന്നു. സമഷ്ടി ഭാവം മുഹമ്മദി(സ്വ)ലുള്ളപോലെ പ്രകടമായി പ്രകാശിച്ച മറ്റൊരു പ്രവാചകനില്ല.
അതിനാല്‍ ഇബ്റാഹിമി(അ)നുള്ളതെല്ലാം മുഹമ്മദി(സ്വ)നുമുണ്ടായിരിക്കണം. ചരിത്രപരമായ ആവശ്യം നിര്‍വഹിക്കാന്‍ വേണ്ടിയുള്ള സമഷ്ടിഭാവമെന്നപോലെ ആത്മനിഷ്ഠമായ പരമസത്യോപാസനയിലൂടെ ഏറ്റവും വിശിഷ്ടമായ സാമീപ്യത്തിന്റെ ‘മാഖാമുന്‍ മഹ്മൂദ്’ വരെയെത്തുന്ന ഖലീലിയ്യത് എന്നതും അതില്‍പ്പെടുന്നു. അതിനാല്‍ മുഹമ്മദ് നബി(സ്വ)യില്‍ നിന്ന് രണ്ടുതരം ഖിലാഫത്തുണ്ടായിത്തീരും. ഒന്ന് ജനതയെയും സാമൂഹിക സാഹചര്യത്തെയും സംബന്ധിക്കുന്നതും നിസ്കൃഷ്ടമായ നിയമാവലിയുള്‍ക്കൊള്ളുന്നതുമായ ഇഹലോക സംബന്ധിയായ ഖിലാഫത്. മറ്റേത് പരമാര്‍ഥജ്ഞാനത്തിലെത്തുന്ന ആത്മീയമായ ഖിലാഫത്. അതായത് പരസ്യമായ വിശാലതയെ സംബന്ധിക്കുന്ന ഒരു ഖിലാഫതും വിശുദ്ധമായ സ്വകാര്യതയുടേതായ മറ്റൊരു ഖിലാഫതും. ഈ രണ്ടാമതു പറഞ്ഞ ഖിലാഫതാണ് അഹ്ലുല്‍ബൈതില്‍ നിക്ഷിപ്തമായിരിക്കുന്നത്.
അഹ്ലുല്‍ബൈതും ഖിലാഫതും
നാലാം ഖലീഫയായി ചരിത്രത്തില്‍ അറിയപ്പെടുന്ന ഹസ്രത് അലി ഇബ്നു അബീത്വാലിബി(റ)ന്റെ ഖിലാഫതിന്റെ പ്രകൃതം ആ നിലക്കുള്ളതാണ്. ഇസ്ലാമിലെ ആദ്ധ്യാത്മദര്‍ശനമായ സ്വൂഫി ത്വരീഖതുകളുടെ പരമ്പരകള്‍ തങ്ങളുടെ ഇമാമും ഖലീഫയുമായി ഫാ ത്വിമായുടെ ഭര്‍ത്താവിനെ അംഗീകരിക്കുന്നതിനുള്ള കാരണവും മറ്റൊന്നല്ല. എന്നാല്‍ ചരിത്രപരമായി അലി(റ)യും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഒരു ഖലീഫയായിരുന്നു. നാ ലാമത്തെ അവസരമാണ് അദ്ദേഹത്തിനു ലഭിച്ചത്. ഒന്നാം സ്ഥാനം തന്നെ വേണ്ടിയിരുന്നുവെന്ന് ശഠിച്ച് രാഷ്ട്രീയ ധ്രുവീകരണമുണ്ടാക്കിയ വിഭാഗമാണ് ശിയാക്കള്‍. എന്നാ ല്‍ അലി(റ)യുടെ ഖിലാഫതിന്റെ പ്രകൃതം രാഷ്ട്രീയം എന്നതിലുപരി ആദ്ധ്യാത്മായിരുന്നു എന്ന തിരിച്ചറിവ് ഫലം ചെയ്തിരുന്നുവെങ്കില്‍, അലി(റ)ക്ക് മുമ്പുള്ള മൂന്നു വി ശുദ്ധ ഖലീഫമാരെയും അംഗീകരിക്കാന്‍ അവര്‍ക്ക് വിഷമമുണ്ടാകുമായിരുന്നില്ല. പക്ഷേ, വിവേകത്തിനു പകരം വികാരം തലക്കു പിടിച്ചപ്പോള്‍ അവര്‍ രാഷ്ട്രീയം കളിക്കുകയാണുണ്ടായത്. ആധുനിക കാലത്ത് വിശിഷ്യാ ഇറാന്‍ വിപ്ളവത്തിനു ശേഷം ശി യാക്കള്‍ കാര്യങ്ങള്‍ വേണ്ടപോലെ ഗ്രഹിച്ച്, നിലപാടുകളില്‍ മാറ്റങ്ങള്‍ വരുത്തുന്ന മട്ടില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി തോന്നുന്നു. ഖുമൈനിയെ പോലുള്ള വിപ്ളവാചാര്യന്മാര്‍ ഹസ്രത് അലി(റ)ക്ക് മുമ്പുള്ള മൂന്നു ഖലീഫമാരെയും പ്രവാചകന്റെ ഉത്തരാധികാരികളായി കണ്ട് എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
നാലാം ഖലീഫയായി ഇസ്ലാമിക രാഷ്ട്രത്തിനു സാരഥ്യം വഹിക്കാന്‍ അവസരം ലഭി ച്ച ഇമാം അലി(റ)ക്ക് ആ രംഗത്ത് വേണ്ടത്ര വിജയം വരിക്കാന്‍ സാധിച്ചില്ല എന്ന് ചില ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നതിന്റെ കാരണവും മറ്റൊന്നാവുകയില്ല. അലി(റ)യുടെ ഖിലാഫതിന്റെ പ്രകൃതം രാഷ്ട്രീയം എന്നതിലുപരി ആത്മീയമായിരുന്നു എന്ന വസ്തു ത പരിഗണിച്ചുകൊണ്ടു വേണം അദ്ദേഹത്തിന്റെ സമീപനങ്ങളെയും നയങ്ങളെയും മറ്റും വിലയിരുത്താന്‍. അലി(റ)യുടെ ആദ്ധ്യാത്മമാവായ ഖിലാഫതിന്റെ സ്വഭാവം രാഷ് ട്രീയമായ ഒരു ഖിലാഫതിനു ആവശ്യമായി വരുന്ന രാജ്യതന്ത്രജ്ഞത, കൌശലം, കാര്‍ ക്കശ്യം തുടങ്ങിയ സമീപന രീതികള്‍ക്ക് പലപ്പോഴും തടസ്സമായി നിന്നിരിക്കാം. അതുകൊണ്ടാണ് അലി(റ)യില്‍ നിന്നു രാഷ്ട്രീയ ഖിലാഫത് തട്ടിപ്പറിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഏറെക്കുറെ വിജയം കൈവരിച്ചത്. മൌലികമായി അലി(റ) ഉള്‍ക്കൊണ്ടത് ഒരു ഭരണാധിപന്റെ അധികാര ഭാവമായിരുന്നില്ല. മറിച്ച്, ഫഖീറിന്റെയും മിസ്കീനിന്റെയും ദൈന്യ ഭാവമായിരുന്നു. ഭരണാധികാരി എന്നതിലുപരി ഫഖീറുകളുടെയും മിസ്കീനുകളുടെയും പടയാളിയും തോഴനുമായിരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെ അദ്ദേഹം പട്ടും പൊന്നും സ്വരൂപിക്കാന്‍ താത്പര്യമുള്ള പലരുടെയും കണ്ണിലെ കരടായിത്തീര്‍ന്നു. ഹസ്രത് ബിലാല്‍(റ), സല്‍മാന്‍(റ), അബൂദര്‍റുല്‍ ഗിഫാരി(റ) തുടങ്ങിയ പാവങ്ങളുടെ പടനായകന്മാര്‍ അലി(റ) പക്ഷക്കരായിത്തീരാനും കാരണം മറ്റൊന്നായിരുന്നില്ല. ലൌകികതയോട് പൊരുതുന്ന ഒരു ഖലീഫയെയാണ് അവര്‍ അലി(റ)യില്‍ കണ്ടത്. ആ ഖലീഫ പാവങ്ങളില്‍ പാവങ്ങളായവരുടെ വികാരങ്ങള്‍ പങ്കിടാന്‍ ശ്രമിച്ചപ്പോള്‍ വികാര പരവശനായിത്തീര്‍ന്നു. അദ്ദേഹം തുറന്നിടിച്ചു: “പാവങ്ങള്‍ പട്ടി ണി കിടക്കാന്‍ കാരണം പണമുള്ളവര്‍ അധികമായി ആഹരിക്കുന്നതാണ്.”ഈ നിലക്കു ള്ള ചില നടപടികള്‍ അദ്ദേഹം തുടങ്ങിവെക്കുകയും ചെയ്തു. സ്വസ്ഥമായും ഭദ്രമായും ഭരണം നടത്തിയിരുന്ന ചില ഗവര്‍ണര്‍മാരെ തിരിച്ചുവിളിക്കാന്‍ ഖലീഫ തീരുമാനിച്ചു. മഹാമനസ്കനായ ഉസ്മാന്‍(റ)ന്റെ കാലത്ത് അദ്ദേഹത്തിന്റെ വിശാല മനസ്കതയെ ചൂഷണം ചെയ്തു കുതന്ത്രങ്ങളിലൂടെ പലതും നേടിയെടുത്ത പല സൂത്രശാലികള്‍ക്കും സ്ഥാനമാനങ്ങള്‍ നഷ്ടമായി.
ഇതേ തുടര്‍ന്ന് അലി(റ)ക്കെതിരായി അണിയറയില്‍ ചരടുവലികള്‍ നടന്നു. ഒരുവേള അത് അവിടുത്തെ ഖിലാഫതിനെ തന്നെ നഷ്ടപ്പെടുത്തുന്നിടത്തോളമെത്തി. ഖവാരിജ് എന്ന ഒരു വിഭാഗം മത തീവ്രവാദികള്‍ രംഗത്തുവന്നു. ഏറ്റവും ഒടുവിലായി സംഭവവികാസങ്ങള്‍ എത്തിപ്പെട്ടത് ഖലീഫായുടെ വധത്തിലാണ്. ഇമാം അലി(റ) എന്ന അഹ്ലു ല്‍ബയ്തിലെ ഒന്നാമത്തെ ഇമാമിനെ അങ്ങനെ മുസ്ലിംകള്‍ തന്നെ വധിച്ചു കളഞ്ഞു. അവിടുത്തെ രക്തസാക്ഷിത്വത്തിന്റെ പ്രത്യക്ഷമായ കാരണം തന്ത്രജ്ഞനായ ഒരു ഭരണാധികാരിക്ക് ആവശ്യമായിരിക്കേണ്ട കൌശലത്തിന്റെ അഭാവമാണെന്നു പറയാം. എ ന്നാല്‍ അതിനു പിന്നിലെ ചേതോവികാരമാകട്ടെ ഫഖീറുകളോടും മിസ്കീനുകളോടും അദ്ദേഹം ഹൃദയാംഗമായി ഐക്യപ്പെട്ടുപോയി എന്നതും.
“മര്‍യമിന്റെ മകന്‍ ഈസാ(അ)യുടെ ചില സവിശേഷതകള്‍ ഞാന്‍ നിന്നില്‍ കാണുന്നു.” എന്ന് നബിതിരുമേനി(സ്വ) ഒരിക്കല്‍ അലിയോട് പറയുകയുണ്ടായി. എന്നാല്‍ ഈാസാ(അ) ഒരിക്കലും ജീവിതത്തില്‍ സമര്‍ഥനായൊരു പടയാളിയാവുകയില്ലല്ലോ. സമരോത്സുകത അലി(റ)ക്കുണ്ടായിരുന്നുവെന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍ മസീഹിയ്യായ ഭാവത്തോട് ഒരു നിലക്കും പൊരുത്തപ്പെടുന്നതല്ലാതാനും അത്. സംഘട്ടനാത്മകവും തിന്മയുടെ ആധിപത്യം വാഴുന്നതുമായ ലൌകിക സാഹചര്യത്തില്‍ നില്‍ക്കപ്പൊറുതിയില്ലാതെ ഉയര്‍ന്നുപോകുക എന്നതായിരുന്നു മസീഹായ ഈസാ(അ)യുടെ നി യോഗം. അതേ, നിയോഗം കാരണം ദൈവ നിശ്ചിതമായ കല്‍പ്പനയുടെ പേരിലുള്ള ഒരുസമീപനമാണ് ആ പ്രവാചകനില്‍ നിന്നുണ്ടായത്. അയഥാര്‍ഥമായ ഒരു കുരിശു പ്രകടനമാണ് ഈസാ(അ)മിന്റെ പേരില്‍ ചരിത്രം കണ്ടത്. എന്തിനു വേണ്ടിയായിരുന്നു അത്തരം ഒരു പ്രകടനം എന്ന ചോദ്യത്തിനു സാമൂഹിക ശാസ്ത്രപരമായി പ്രസക്തിയുണ്ട്. ഗംഭീരമായ ഒരു ഉപമയായാണ് ഖുര്‍ആന്‍ അതിനെ പരിചയപ്പെടുത്തുന്നത്. ഉപമയില്‍ ഉപമാനം (മുശബ്ബഹ് ബിഹി) ഉപമേയം (മുശബ്ബഹ്) തുടങ്ങിയ ഘടകങ്ങള്‍ ഉണ്ടായിരിക്കുമല്ലോ. ഒരു പരിഹാരത്തിനുവേണ്ടിയാകുന്നു അത്തരം ഒരു പ്രകടനം എന്നു പിന്നീട് ചരിത്രം കണ്ടറിഞ്ഞു. മുഹമ്മദ് നബി(സ്വ)യിലൂടെയാണത് സാധിച്ചത്. എന്നാല്‍ അലി   (റ)യുടെ രക്തസാക്ഷിത്വത്തിലൂടെ ഇസ്ലാമിന്റെ ആദ്ധ്യാത്മ മാനത്തെ പ്രതീകവത്കരിച്ച ഖലീഫ അല്ലാഹുവിലേക്ക് ഉയര്‍ത്തിയെടുക്കപ്പെട്ടു. എന്തിന്? മസീഹിനെപ്പോലെ വീണ്ടും തിരിച്ചുവരാന്‍ തന്നെ എന്നാകുന്നു ഉത്തരം. ഈ തിരിച്ചുവരവിലാണ് അലി(റ) പ്രതിനിധാനം ചെയ്യുന്ന ഖിലാഫത് ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അലി(റ)യുടെ സന്താനപരമ്പരയില്‍ വരുന്ന ഇമാം മഹ്ദിയുടെ ഖിലാഫതായിരിക്കുമത്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരുപോയിന്റുണ്ട്. ലൌകിക സാഹചര്യത്തില്‍ നിന്നും കുരിശു മരണത്തെ അതിജീവിച്ച് അല്ലാഹുവിലേക്ക് ഉയര്‍ന്നുപോയ മസീഹ് ഉപമാന വും രക്തസാക്ഷിത്വത്തിലൂടെ അമരത്വം നേടിയ ഖലീഫാ അലി(റ) ഉപമേയവുമാണെന്നതാണ് അക്കാര്യം. അതായത് മസീഹില്‍ അമരത്വം എന്നത് യാഥാര്‍ഥ്യമായിരിക്കുമ്പോള്‍ ഉപമേയമായ അലിയ്യി(റ)ല്‍ അത് ആലങ്കാരികമായിരിക്കും. അദ്ദേഹത്തിന്റെ സന്തതികളില്‍ പെടുന്ന മഹ്ദി(റ) എതിരേല്‍ക്കുന്നത് സാക്ഷാല്‍ മസീഹിനെയാണ് എന്നത് ഈ ഉപമാന ഉപമേയ ബന്ധത്തെ കൂടുതല്‍ വ്യക്തമായി തെര്യപ്പെടുത്തുന്നു.
അലി(റ)യുടെ മേല്‍ രാഷ്ട്രീയമായി ഖിലാഫത് അഥവാ ഭരണം എന്ന ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെടുമ്പോള്‍ അത് അവിടുത്തേക്ക് അസഹ്യമായ ഒരു ഭാരമായിത്തീര്‍ന്നു. മസീഹ് ഭാവമുള്‍ക്കൊള്ളുന്ന ഏതൊരു അധികാരിയും അകപ്പെട്ടുപോകുന്ന വിഷമവൃത്തത്തിന് ഉദാഹരണമാണ് അലി(റ)യുടെ അനുഭവം. അഹ്ലുല്‍ ബൈതിന്റെ ഖിലാഫത് ഇപ്പോഴത്തേക്കല്ല, ഏറ്റവും ഒടുവിലത്തേക്ക് മാറ്റിവെക്കപ്പെട്ടതാകുന്നു എന്ന് ചരിത്രത്തെ തെര്യപ്പെടുത്തുന്ന സൂചന കുടിയായിരുന്നു അലി(റ)യുടെ അനുഭവം.
ഒരര്‍ഥത്തില്‍ നാലാം ഖലീഫയായ അലി(റ)യോടെ ഇസ്ലാം അതിന്റെ ചരിത്രപരമായ ദൌത്യത്തിന്റെ ഒരുവട്ടം പൂര്‍ത്തിയാക്കി എന്നു പറയാം. പിന്നെ ക്രമം മാറി. ഇസ്ലാമിന്റെ ചരിത്രപരമായ ദൌത്യനിര്‍വഹണത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്നു വിശേഷിപ്പിക്കാവുന്ന ഖിലാഫത് എന്ന ജനപ്രാതിനിധ്യ വ്യവസ്ഥ തകര്‍ന്നു. പകരമായി വന്നത് ഫറോവനിസത്തിന്റെ വ്യവസ്ഥയായ മുല്‍ക് എന്ന രാജ ഭരണമായിരുന്നു. വംശപാരമ്പര്യത്തിലൂടെയുള്ള അധികാര വാഴ്ചക്ക് ഇസ്ലാമിക ഖിലാഫത് വഴിമാറിക്കൊടുക്കുകയുണ്ടായി. അതോടെ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടേണ്ടിയിരിക്കുന്നു. മൂസാനബി(അ)യുടെയും മുഹമ്മദ് നബി(സ്വ)യുടെയും സമരോത്സുകതയുള്‍ക്കൊള്ളുന്ന ചെറുത്തുനില്‍പ്പിന്റെ ഇസ്ലാം വീണ്ടും വരേണ്ടിയിരിക്കുന്നു. ഇവിടെയാണ് നാം അഹ് ലുല്‍ബൈതിലെ മറ്റൊരു ഇമാമായ ഹുസൈന്‍ ഇബ്നു അലി(റ)യെ കാണുന്നത്. ഇനിയുള്ള ഇസ്ലാമിനെ വിലയിരുത്തുമ്പോള്‍ ഹുസൈന്‍(റ)ന്റെ സ്ഥാനം കാണാതിരിക്കാന്‍ പറ്റില്ല. ഇനിയങ്ങോട്ട് ഇസ്ലാം നിലനില്‍ക്കുക അധികാരത്തിലൂടെയല്ല ചെറുത്തുനില്‍ പ്പിലൂടെയായിരിക്കുമെന്ന് ഹുസൈന്‍(റ) എന്ന വിപ്ളവകാരി തെര്യപ്പെടുത്തുന്നു.
ഹുസൈനെ(റ)ക്കുറിച്ചു പറയുമ്പോള്‍, മുഹമ്മദ് നബി(സ്വ)യുടെ അഹ്ലുല്‍ബൈതിന് ഇബ്രാഹിമി(അ)ന്റെ അഹ്ലുബൈതായ ബനൂ ഇസ്രാഈലിനോടുള്ള സാധര്‍മ്യം കൂടുത ല്‍ വ്യക്തമാകുന്നു. ഇബ്രാഹിമി(അ)ന്റെ അഹ്ലുബൈതിലെ വിരുദ്ധമാനങ്ങളുള്ള രണ്ട് മഹാപ്രവാചകന്മാരുടെ വ്യക്തിത്വമാണ് മുഹമ്മദി(സ്വ)ന്റെ അഹ്ലുല്‍ബൈതില്‍പ്പെട്ട ഇമാം ഹുസൈന്‍(റ) തന്റെ വ്യക്തിത്വത്തില്‍ സ്വരൂപിച്ചിരിക്കുന്നത്. മൂസാ(അ)യും ഈസാ (അ)യുമാകുന്നു ബനീ ഇസ്രാഈലിലെ ആ രണ്ട് പ്രവാചകന്മാര്‍. അലൈഹിമസ്സലാം.
മൂസാ(അ)യുടെയും ഈസാ(അ)യുടെയും ഭാവം ഒന്നിച്ച് ഉള്‍ക്കൊള്ളേണ്ടിവന്ന ഹു സൈന്‍(റ), മൂസാ(അ)യെപ്പോലെ അക്രമിയായ അധികാരിക്കെതിരെ കലാപക്കൊടിയുയര്‍ത്തിക്കൊണ്ട് ഇബ്രാഹിം(അ) നബിയിലെയും മുഹമ്മദ് നബി(സ്വ)യിലെയും സമഷ്ടിഭാവത്തെ വിളംബരപ്പെടുത്തി. പീഡാനുഭവത്തിലൂടെ അമരത്വം നേടിക്കൊണ്ട് മ സീഹ് ആയ ഈസാ(അ)ക്ക് ഉപമേയവുമായിത്തീര്‍ന്നു. പറുദീസയിലെ പക്ഷിയായി ഹുസൈന്‍(റ) അമരത്വത്തിന്റെ ചിറകുകള്‍ തേടി അത്യുന്നതങ്ങളില്‍ പാറിനടന്നു. മസീഹിനെപ്പോലെ ഭൂമിയിലേക്ക് വീണ്ടുമൊരു തിരിച്ചുവരവ് നടത്താന്‍ കൊതിച്ചുകൊണ്ട് ഇവിടെ ഹുസൈന്‍(റ), മസീഹനെപ്പോലെ ഒരു പരിഹാരത്തിനു നിമിത്തമാവുകയാണ്. ഒരു രണ്ടാം വരവ് കൊതിക്കുന്ന രക്തസാക്ഷിയായ പക്ഷി സ്വര്‍ഗ ലോകത്ത് വെച്ച് പടച്ചവനോട് ആവശ്യപ്പെടുന്ന കാര്യം. ഞങ്ങളെ ഒന്നുകൂടി ഭൂമിയിലേക്കയക്കൂ, നിന്റെ മാര്‍ഗത്തില്‍ പൊരുതി ഞങ്ങള്‍ ഒന്നുകൂടി രക്തസാക്ഷികളാകട്ടെ.
ഉപമേയമായ ഹുസൈ(റ)ന്റെ പേരക്കിടാവായ ഇമാം മഹ്ദി(റ) ഉപമാനമായ മസീഹി(അ)നെ എതിരേല്‍ക്കുന്നതിലൂടെ പറുദീസയിലെ പക്ഷിയുടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുന്നു.
ഗംഭീരമായ ഒരു ഉപമാനത്തില്‍ വിശുദ്ധമായ ഉപമേയങ്ങള്‍ തങ്ങളുടെ അസ്തിത്വത്തി ന്റെ അര്‍ഥം കണ്ടെത്തുകയായിരിക്കും അപ്പോള്‍. “ഇബ്രാഹിമി(അ)നും കുടുംബത്തി നും മേല്‍ നീ സ്വലാത് ചെയ്തത് പോലെ മുഹമ്മദി(സ്വ)നും കുടുംബത്തിനും മേല്‍ സ്വലാത്  ചെയ്താലും. ഇബ്രാഹിമി(അ)നും കുടുംബത്തിനും മേല്‍ നീ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞതുപോലെ മുഹമ്മദി(സ്വ)നും കുടുംബത്തിനും മേല്‍ നീ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞാലും.”എന്ന വിശുദ്ധമായ പ്രാര്‍ഥനയുടെ പ്രത്യുത്തരം ഭൂമിയില്‍ യാഥാര്‍ഥ്യവത്കരിക്കപ്പെടുന്ന മുഹൂര്‍ത്തമായിരിക്കുമത്. ഉയര്‍ന്നുപോയ മസീഹി(അ)നെ മുഹമ്മദ് നബി(സ്വ)യുടെ പുത്രന്‍ എതിരേല്‍ക്കുന്ന മുഹൂര്‍ത്തം. ഇബ്രാഹിം(അ) എന്ന കുലപതിയായ പ്രവാചകന്റെ വൃഷ്ടിയും സമഷ്ടിയും സന്ധിക്കുന്ന ചരിത്രാനുഭവം എന്ന് അതി നെ വിളിക്കാം. മനുഷ്യലോകത്തെ സംബന്ധിക്കുന്ന സുന്ദരമായ ഏകലോകം നിലവില്‍ വരിക അപ്പോഴായിരിക്കും.
അഹ്ലുല്‍ബൈത് എന്ന വിശുദ്ധ സ്വകാര്യതയുടെ പൊരുള്‍ തേടിയിറങ്ങിയപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞ യാഥാര്‍ഥ്യങ്ങളാണ് ഇവിടെ കുറിച്ചത്. കാര്യങ്ങളുടെ പരസ്പര ബന്ധത്തെക്കുറിച്ച് ശരിയായ ചിന്ത വികസിപ്പിച്ചെടുക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് നബികുടുംബത്തിന്റെ ആദ്ധ്യാത്മമായ പ്രാധാന്യം അവഗണിക്കാനാവുകയില്ല. ഓരോ മുസ്ലി മും നിസ്കാരത്തില്‍ ചൊല്ലാറുള്ള അനുഗ്രഹ പ്രാര്‍ഥനയില്‍ മുഹമ്മദീയ കുടുംബത്തെ ഇബ്റാഹീമി കുടുംബത്തോട് സാധര്‍മ്മ്യപ്പെടുത്തിയതിന്റെ പൊരുള്‍ എന്താണെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രാര്‍ഥിക്കുന്ന ഏതൊരുവനും തന്റെ പ്രാര്‍ഥനയുടെ അര്‍ഥം അറിയുമ്പോള്‍ മാത്രമേ ലക്ഷ്യം പൂര്‍ണമായി നേടുന്നുള്ളൂ.
ഇസ്ലാമിന്റെ ആദ്ധ്യാത്മമാനമായ സ്വൂഫിസത്തില്‍ നബികുടുംബത്തിനും ഇമാം അലി  (റ)ക്കും അനല്‍പ്പമായ പ്രാധാന്യമാണുള്ളത്. അഹ്ലുല്‍ബൈത് എന്ന ആശയത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയാവുക ചൈതന്യവും തുടിപ്പുമില്ലാത്ത ഒരു വരണ്ട മതമായിരിക്കും. അതിനു ആത്മാവുണ്ടാവുകയില്ല. കാരണം അതില്‍ ആത്മീയതക്ക് സ്ഥാനമില്ല. മസീഹായ ഈസാ(അ)ക്ക് നേരിടേണ്ടിവന്ന യഹൂദ മതം പോലെ കുടുസ്സായ ഒരു ചട്ടക്കൂട് മാത്രമായിരിക്കും അത്തരം ഒരു മതം. ഒരു നബിവചനത്തില്‍ നിന്ന് അക്കാര്യം മനസ്സിലാക്കാന്‍ കഴിയും. ജാബിര്‍ ഇബ്നു അബ്ദില്ല അല്‍ അന്‍സ്വാരി(റ)യില്‍ നിന്ന് ത്വബ്റാനി(റ) റിപ്പോര്‍ട്ടു ചെയ്യുന്നതായി ത്വബ്റാനി(റ)യുടെ അല്‍ ഔസത്വ് എന്ന ഗ്രന്ഥത്തില്‍ നിന്ന് ഇബ്നു ഹജര്‍(റ) ഉദ്ധരിച്ച തിരുവചനമാണിത്. പ്രവാചകര്‍ പറഞ്ഞു: “ജനങ്ങളേ, അഹ്ലുല്‍ബൈതിനെ വെറുക്കുന്നവനെ വിധിനാളില്‍ അല്ലാഹു യഹൂദനായാണ് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക.”
യഹൂദന്‍ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് വംശപാരമ്പര്യമല്ലെന്നു വ്യക്തമാണ്.  എന്നാല്‍ യഹൂദനായി അധഃപതിക്കുക എന്ന അര്‍ഥത്തില്‍ ഇങ്ങനെ പ്രയോഗിക്കപ്പെടുന്നതിന്റെ പൊരുള്‍ എന്തെന്നു ചിന്തിക്കേണ്ടതുണ്ട്. വെറും ബാഹ്യതല സ്പര്‍ശിയായ മതത്തെയും അത്തരത്തിലുള്ള ഒരുതരം മൌലികതാവാദത്തെയും വെച്ചുപുലര്‍ ത്തിപ്പോന്നിരുന്ന വിഭാഗമായിരുന്നു അവര്‍. കുടുസ്സായ മതതീവ്രതയുടെ പേരില്‍ പ്രവാചകന്മാരെപ്പോലും അവര്‍ ചോദ്യം ചെയ്തു. അവരെ പീഡിപ്പിക്കുകയും പലരെയും വധിക്കുകയും ചെയ്തു. അങ്ങനെയാണ് അവര്‍ സ്നേഹത്തെക്കുറിച്ചും ആദ്ധ്യാത്മമായ പരമസത്യോപാസനയെക്കുറിച്ചും സംസാരിച്ച മസീഹായ ഈസാനബി(അ)യെ എതിര്‍ ത്തതും അവിടുത്തെ വധിക്കാന്‍ കോപ്പുകൂട്ടിയതും.
അവരുടെ ഏറ്റവും ക്രൂരമായ ദ്രോഹത്തിനും മതപരമായ സിദ്ധാന്തവാശിയുടെ പേരിലുള്ള വിമര്‍ശനത്തിനും വിധേയനായ ഏറ്റവും ഒടുവിലത്തെ പ്രവാചകന്‍ കൂടിയാണ് ഇബ്റാഹിമി(അ)ന്റെ വിശുദ്ധ സ്വകാര്യതയെ വഹിക്കുന്ന താവഴിയുടെ അവസാനത്തെ പ്രവാചകനും ഇസ്ലാം പരിചയപ്പെടുത്തുന്ന ഒരേയൊരു മസീഹുമായ ഈസാ(അ). മസീഹ് നിഷേധം ആത്മീയതയുടെ നിരാസമാണ്. ശരീഅതിനെ മാത്രം അംഗീകരിച്ച ഹഖീഖത്തിലേക്കെത്തിക്കുന്ന മാര്‍ഗത്തെ (ത്വരീഖതിനെ) നിഷേധിക്കുന്ന മൌലികതാവാദമാണതെന്നു പറയാം. അല്ലാഹുവിന്റെ ഔലിയാക്കളെയും ആരിഫീങ്ങളെയും അഹ് ലുല്‍ ബൈതിലെ സാദാത്തുകളെയുമൊക്കെ കാഫിറാക്കുന്ന പ്രവണതയോളം വളരുന്ന ഒരു ഭ്രാന്തമായ മതതീവ്രവാദത്തിന്റെ പ്രകൃതമാണിത്. മസീഹിനോടുള്ള യഹൂദ പുരോഹിതന്റെ സമീപനം ഇതുതന്നെയായിരുന്നു. തന്നില്‍ അവര്‍ വിശ്വസിക്കാത്തതാണ് അവരുടെ പാപ കാരണമെന്നും ആ പാപം പരിഹരിക്കാന്‍ തന്റെ അഭിഭാഷകന്‍ വരുമെന്നും ഈാസ(അ) പറഞ്ഞത്, പുതിയ നിയമത്തില്‍ (യോഹന്നാന്‍) വായിക്കാം.
ഇങ്ങനെയുള്ള യഹൂദനെപ്പോലെ, ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന മുസല്‍മാന്റെ ലക്ഷ ണം അവന്‍ അഹ്ലുല്‍ബൈതിനെ അംഗീകരിക്കുകയില്ല എന്നതാണ്. മസീഹിനെ, മതമൌലികതയുടെ പേരില്‍ തള്ളിപ്പറഞ്ഞു കാഫിറായ യഹൂദനും, മഹ്ദി(റ)യെയും മഹ്ദിയെ ഉള്‍ക്കൊണ്ടിരിക്കുന്ന വിശുദ്ധ കുടുംബത്തെയും നിരാകരിച്ചുകൊണ്ട് മതമൌലികതയെക്കുറിച്ചു സംസാരിക്കുന്ന മുസല്‍മാനും ഒരേ തലത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന്, ഇതുവരെ പറഞ്ഞ മസീഹ്-മഹ്ദി പാരസ്പര്യത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കാവുന്നതാണ്. മഹ്ദി(റ)യുടെ ആഗമനത്തെയും ഹസ്രത് മസീഹ് ഈസാ(അ)ന്റെ പുരോഗമനത്തെയും തള്ളിക്കളയുന്ന ഒരു മതം ദീനിന്റെ ആന്തരിക ചൈതന്യമായ ആദ്ധ്യാത്മികതയെ നിരസിക്കുകയാണ്. ആദ്ധ്യാത്മമായ ആന്തരിക ചൈതന്യം നഷ്ടപ്പെട്ടു പോയതാ ണ് യഹൂദരുടെ മതത്തിനു പറ്റിയ കുഴപ്പം. ബാഹ്യമായ ആചാരങ്ങള്‍ക്കപ്പുറത്തേക്ക് എ ത്തുന്ന ദര്‍ശനമില്ലാത്ത വെറുമൊരു ഭൌതികമതവും അച്ചടക്കവും മാത്രമായിരുന്നു അത്. അതുകൊണ്ടാണ് സഹൃദയത്വത്തിന്റെ അംശം പോലുമില്ലാതായിത്തീര്‍ന്ന ആ മതത്തിന് അല്ലാഹു തആലായുടെ റഹീമിയ്യതിനെ മനസ്സിലാക്കാന്‍ കഴിയാതെ പോയത്. കാരുണ്യം (റഹ്മത്) എന്നതിന്റെ ഗുപ്തമാനത്തെ പ്രതീകവത്കരിച്ചുകൊണ്ട് തങ്ങളുടെ സമൂഹത്തിലേക്ക് നിയോഗിതനായ ആത്മീയതയുടെ പ്രവാചകനെ അങ്ങനെയാണവര്‍ തള്ളിക്കളഞ്ഞതും അവിടുത്തെ വധിക്കാന്‍ കോപ്പുകൂട്ടിയതും. ഒടുവില്‍ മരക്കുരിശില്‍ തങ്ങളവനെ ആണിയടിച്ചു കൊന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഈാസ(അ) മസീഹി(അ)നുമേല്‍ അഭിശപ്തതയുടെ വര്‍ണം ചാര്‍ത്താനും അവര്‍ മടിച്ചില്ല. കാരണം യഹൂദ മതപ്രമാണമനുസരിച്ച് മരത്തിന്മേല്‍ തൂങ്ങുന്നവന്‍ അഭിശപ്തനത്രെ.
ഈ ഈസാ(അ) നിഷധത്തോടാണ് നബിതിരുമേനി(സ്വ), അഹ്ലുല്‍ബൈതിനെ വെറുക്കുന്നതിനെ ബന്ധിപ്പിച്ചിരിക്കുന്നത് എന്നതിന്റെ പൊരുള്‍ അവഗണിക്കാവുന്നതല്ല. അഹ് ലുല്‍ബൈത് എന്നത്, പൂര്‍ണമനുഷ്യനായ മുഹമ്മദ്(സ്വ) എന്ന പ്രവാചകന്റെ ആദ്ധ്യാത്മവും ആത്മനിഷ്ഠവുമായ വിശുദ്ധ സ്വകാര്യതയുടെ പ്രതീകമായത് കൊണ്ടാണ് ആ സ്വകാര്യതയുടെ ശത്രുക്കള്‍ ഈാസാ(അ)മിന്റെ വിരോധികളായ യഹൂദര്‍ക്കു സദൃശ്യരാകുന്നത് എന്നാണ് അതില്‍ നിന്നു മനസ്സിലാക്കേണ്ടത്. അല്ലെങ്കില്‍ അവരെയെന്തിന് യഹൂദരോട് ഉപമിക്കണം?ക്രിസ്ത്യാനിയോടോ മജൂസിയോടോ ബഹുദൈവാരാധകരനോടോ ബന്ധിപ്പിക്കാതെ യഹൂദനോട് ബന്ധിപ്പിച്ചതിന്റെ യുക്തി ഇതല്ലാതെ മറ്റെന്താണ്? മസീഹും മഹ്ദിയുമായുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞ ഒട്ടുവളരെ ഹദീസുകളുടെ വെളിച്ചത്തില്‍ മനസ്സിലാക്കേണ്ടതാണ് ഈ ഹദീസിന്റെ പൊരുളും.
എന്നാല്‍ ആധുനിക കാലത്ത് ഇസ്ലാമിക സമൂഹങ്ങളിലുടലെടുത്ത മൌലികതക്ക് ഊ ന്നല്‍ നല്‍കാന്‍ വേണ്ടിയുള്ള ഗവേഷണങ്ങളും, പ്രമാണങ്ങളുടെ സാധുതകളെ തങ്ങളുടെ ബുദ്ധിയില്‍ തെളിയുന്ന യുക്തിയുടെ പേരില്‍ ചോദ്യം ചെയ്യുന്ന പ്രവണതയും യഹൂദന്റെ ഉപരിതല സ്പര്‍ശിയായ മതാവബോധത്തെ അനുസ്മരിപ്പിക്കുന്നതാണ്. പൂര്‍വ്വസൂരികളായ ഇമാമുകളും ആരിഫുകളും സ്വൂഫികളുമൊന്നും കണ്ടെത്താത്ത പല തും മതമൌലികതയുടെ പേരില്‍ നടന്ന ആധുനിക ഗവേഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. അതില്‍പ്പെട്ടതാണ് മഹ്ദി ഒരു മിഥ്യയാണെന്ന കണ്ടെത്തല്‍. വേറെ ചിലര്‍ പറയുന്നത് അഹ്ലുല്‍ബൈത് എന്നൊരു വംശം തന്നെ ഉന്മൂലനം ചെയ്യപ്പെട്ടുപോയിരിക്കുന്നുവെന്നാണ്. കര്‍ബലായില്‍വെച്ച് ഇസ്ലാമിന്റെ ‘കാവല്‍ക്കാരായ’ ഭരണാധികാരികള്‍ തിരുനബി(സ്വ)യുടെ വംശത്തെയും വേരറുത്ത് മൌലികതക്ക് ഉറപ്പുവരുത്തിയിരിക്കുന്നുവത്രെ.
അഹ്മദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കാനുഷ്ടപ്പെടുന്ന ഖാദിയാനികള്‍ ഈാസാ(അ) നിഷേധത്തിനും മഹ്ദി നിഷേധത്തിനും കണ്ടെത്തിയ വഴി മഹാസൂത്രശാലികളുടേതാണ്. ‘മരിച്ചുപോയ’ യേശുവിന് അവര്‍ കശ്മീരില്‍ ഒരു ഖബര്‍ കണ്ടെത്തിക്കഴിഞ്ഞു. പിന്നെ ഫാത്വിമാ(റ)യില്‍ നിന്നു വരുന്ന ഒരു മഹ്ദിയെയല്ല ഇക്കൂട്ടര്‍ പ്രതീക്ഷിക്കുന്നത് എന്ന തും കൌതുകമുളവാക്കുന്നു.
മഹ്ദിയെക്കുറിച്ചും മസീഹി(അ)നെക്കുറിച്ചും ഹദീസുകളില്‍ വന്ന ലക്ഷണങ്ങളും അടയാളങ്ങളുമൊന്നും പൂര്‍ണമായും അവര്‍ ഗൌനിക്കുകയില്ല. എന്നാല്‍ മഹ്ദിയും മസീ ഹും എന്ന ആശയം അവര്‍ കൈയൊഴിക്കുന്നുമില്ല. കാരണം അതുകൊണ്ട് ചെറിയ ചില പ്രയോജനങ്ങള്‍ അവര്‍ക്കുണ്ട്. മസീഹായ ഈസാ(അ)ക്ക് വിശുദ്ധ ഖുര്‍ആന്‍ കൊടുത്ത പ്രാധാന്യം പോലും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന കുടുസ്സായ മതകീയ പശ്ചാതലത്തില്‍ നിന്നാണ് ഖാദിയാനിസത്തിന്റെ തുടക്കം. മുഹമ്മദ് നബി(സ്വ)യുടെ ശേഷം ഒരു ബനീ ഇസ്രാഈല്‍ പ്രവാചകന് പ്രസക്തിയെന്ത് എന്ന വിധത്തിലുള്ള വം ശീയവൈരമാണ് ആ ചിന്താഗതിക്ക് പിന്നില്‍. യഹൂദന്റെ വംശീയമായ പക്ഷപാതിത്വ ചിന്തയുടെ ഒരു എതിര്‍ പതിപ്പായി ഈ ചിന്തയെ കാണാം. അതിനാല്‍ ആദ്യം മസീഹിന്റെ രണ്ടാം വരവിനെ സമര്‍ഥമായി നിരാകരിക്കണമവര്‍ക്ക്. എന്നാല്‍ മഹ്ദിയെ കൈവിടുകയും ചെയ്തുകൂട. മഹ്ദിയെ ഉപയോഗിച്ച് മസീഹിനെ തടയുക. അതിനു കണ്ടെത്തിയവഴിയാണ് മഹ്ദിയെയും മസീഹിനെയും ഒന്നാക്കിയെടുക്കുക എന്നത്. എന്നാല്‍ ആ മഹ്ദിയുടെ ആഗമനത്തിനു വേണ്ടി കാലാവസാനം വരെ കാത്തിരിക്കാനൊന്നും അവര്‍ തയ്യാറുമല്ല. മഹ്ദിയെ ഉടന്‍ കൊണ്ടുവരണം. അതിനും അവര്‍ വഴികണ്ടെത്തി. മീര്‍സാഗുലാം അഹ്മദ് എന്ന കവിത്വമുള്ളൊരുവന്റെ വ്യക്തിത്വത്തില്‍ രണ്ടിനെയും അവര്‍ സ്ഥാപിച്ചു. അദ്ദേഹത്തെ പുതിയ ഒരു നബിയും മഹ്ദിയും മസീഹും കല്‍ക്കിയുമൊക്കെയായി അവതരിപ്പിക്കുകയും ചെയ്തു. അവസാനം പുത്തന്‍ നുബുവ്വത് വാദത്തിന്റെ പേരില്‍ മുസ്ലിം സമുദായത്തില്‍ നിന്നും ബഹിഷ്കൃതരായിത്തീര്‍ന്നു. അഹ്ലുല്‍ബൈതിനെയും അതിന്റെ ആദ്ധ്യാത്മമായ പ്രാധാന്യത്തെയും നിരാകരിക്കാന്‍വേണ്ടി മുസ്ലിം ഉമ്മത്തില്‍ ഈ അടുത്ത നൂറ്റാണ്ടുകളില്‍ നടന്ന നീക്കങ്ങളാണിവയൊക്കെയും. ഇത്തരം ഗവേഷണ നിരീക്ഷണങ്ങളിലൂടെ സ്ഫുടം ചെയ്തെടുക്കുന്ന ഇസ്ലാമിന്റെ സ്വാഭാവം യേശുവിനെ പിലാത്തോസിനു പിടിച്ചേല്‍പ്പിച്ച യഹൂദ മതമൌലികതയുടേതില്‍ നിന്നും അധികമൊന്നും വ്യത്യസ്തമായിരിക്കാന്‍ ന്യായമില്ല. ആ നിലക്കാണ് യഹൂദന്‍ പുനര്‍ജനിക്കുക. ഇവിടെ ഈ ഭൂമിയില്‍, അതുകൊണ്ടുതന്നെ നാളെ വിധിനാളിലും.