'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' - അങ്ങനെ ഒരു അടിസ്ഥാനം ദീനിൽ ഉണ്ടോ? 'ഈ ദിവസം നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തീകരിച്ചു തന്നിരിക്കുന്നു' എന്ന പ്രഖ്യാപനത്തിനു അങ്ങനെ ഒരു അർഥം ഉണ്ടോ? നബി(സ) ചെയ്തത് മാത്രമാണ് ദീൻ എങ്കിൽ ആ ദീൻ അന്ത്യനാൾ വരെ നില നിൽക്കുമോ? അങ്ങനെ വാദിക്കുന്നവർ ഉണ്ടെങ്കിൽ അവർ ആദ്യം ഹദീസ് ഗ്രന്ഥങ്ങളൊക്കെ വലിച്ചെറിയേണ്ടി വരും. അതിനും മുമ്പ് അവർ തൊടാതെ മാറ്റി നിറുത്തേണ്ട ഒരു വസ്തുവുണ്ട് - മുസ്ഹഫ്. കണ്ണു തുറന്നു കാണുക - ഇമാം ബുഖാരി(റ) ഉദ്ധരിച്ച സ്വഹീഹായ ഹദീസ്; അബൂബക്കർ സിദ്ദീഖും(റ) ഉമറും(റ) സൈദും(റ) തമ്മിലുള്ള സംഭാഷണം:
أرسل
إليَّ أبى بكر مقتل أهل اليمامة وعنده عمر، فقال أبو بكر: إن عمر أتاني
فقال: إن القتل قد استحرَّ - أي اشتد وكثر - يوم اليمامة بالناس، وإني أخشى
أن يستحرَّ القتل بالقراء في المواطن، فيذهب كثير من القرآن، إلا إن
تجمعوه، وإني لأرى أن تجمع القرآن، قال أبو بكر: قلت لعمر كيف أفعل شيئا لم
يفعله رسول الله ؟ فقال عمر: هو والله خير، فلم يزل عمر يراجعني فيه حتى
شرح الله صدري، ورأيت الذي رأى عمر. قال زيد: وعمر عنده جالس لا يتكلم،
فقال أبو بكر: إنك رجل شاب عاقل ولا نتهمك، كنت تكتب الوحي لرسول الله،
فتَتَبع القرآن فاجمعه. فوالله لو كلفني نقل جبل من الجبال ما كان أثقل علي
مما أمرني به من جمع القرآن، قلت: كيف تفعلان شيئا لم يفعله النبي ؟ فقال
أبو بكر: هو والله خير، فلم أزل أراجعه حتى شرح الله صدري للذي شرح الله له
صدر أبي بكر وعمر، فقمت فتتبعت القرآن أجمعه من الرقاع والأكتاف والعُسب
وصدور الرجال…وكانت الصحف التي جُمع فيها القرآن عند أبي بكر حتى توفاه
الله، ثم عند عمر حتى توفاه الله، ثم عند حفصة بنت عمر. (رواه البخاري(
സൈദ് ബിൻ സാബിത്(റ) പറയുന്നു:
യമാമ യുദ്ധത്തിൽ ധാരാളം സ്വഹാബികൾ കൊല്ലപ്പെട്ട ഉടനെ അബൂബകർ(റ) എന്നെ ആളയച്ചു വരുത്തി. അബൂബകറിന്റെ(റ) കൂടെ ഉമറും(റ) ഉണ്ട്. അബൂബകർ(റ) പറഞ്ഞു: ‘ഉമർ(റ) എന്നെ സമീപിച്ചു പറഞ്ഞു:
യമാമയിൽ ധാരാളം ജനങ്ങൾ കൊല്ലപ്പെട്ടിരിക്കുന്നു. (എഴുന്നൂറോളം സ്വഹാബികൾ രക്തസാക്ഷികൾ ആയി എന്നാണു ചരിത്രം) അധികവും കൊല്ലപ്പെടുന്നത് നാടുകളിലുള്ള ഖാരിഉകൾ (ഹാഫിളുകൾ) ആണെന്നതിനെ ഞാൻ ഭയപ്പെടുന്നു. താങ്കൾ ഖുർആൻ ക്രോഡീകരിച്ചില്ലെങ്കിൽ അതിൽ നിന്ന് അധികവും നഷ്ടപ്പെടും. താങ്കൾ ഖുർആൻ ക്രോഡീകരിക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം’. അബൂബക്കർ(റ) പറയുന്നു: ഞാൻ ഉമറി(റ)നോട് ചോദിച്ചു. 'അല്ലാഹുവിന്റെ റസൂൽ(സ) പ്രവർത്തിക്കാത്ത ഒരു കാര്യം ഞാൻ എങ്ങനെ പ്രവർത്തിക്കും?'. അപ്പോൾ ഉമർ(റ) പറഞ്ഞു: 'അല്ലാഹുവിനെ തന്നെയാണ് സത്യം, ഇത് ഖൈർ ആണ്'. അല്ലാഹു എന്റെ ഹൃദയം വിശാലമാക്കുന്നത് വരെ ഉമർ(റ) ഈ വിഷയത്തിൽ എന്നെ വെറുതെ വിട്ടില്ല. അങ്ങനെ ഉമർ(റ) മനസ്സിലാക്കിയത് തന്നെ ഞാനും മനസ്സിലാക്കി. സൈദ്(റ) പറയുന്നു: ഉമർ(റ) ഒന്നും സംസാരിക്കാതെ അബൂബക്കറി(റ)ന്റെ കൂടെ ഇരിക്കുന്നുണ്ട്.
അബൂബകർ(റ) (എന്നോട്) പറഞ്ഞു: ‘താങ്കൾ ബുദ്ധിമാനായ യുവാവാണ്. ഞങ്ങൾ താങ്കളെ തെറ്റിദ്ധരിക്കുകയില്ല. താങ്കളാണ് അല്ലാഹുവിന്റെ റസൂലിന്റെ(സ) വഹ്.യ് എഴുതിയിരുന്നത്. അപ്പോൾ താങ്കൾ തന്നെ ഖുർആൻ പകർത്തിയെഴുതി ക്രോഡീകരിക്കൂ.’ അല്ലാഹുവിനെ തന്നെയാണ് സത്യം - പർവ്വതങ്ങളിൽ നിന്നും ഒരു പർവ്വതം നീക്കുവാനാണ് എന്നോട് കല്പിച്ചിരുന്നതെങ്കിൽ, ഖുർആൻ ഒരുമിച്ചു കൂട്ടാൻ കല്പിച്ചതിനേക്കാൾ അത് എനിക്ക് ഭാരമാകുമായിരുന്നില്ല. ഞാൻ ചോദിച്ചു: ‘നബി(സ) പ്രവർത്തിക്കാത്ത ഒരു കാര്യം നിങ്ങൾ രണ്ടു പേരും എങ്ങനെ പ്രവർത്തിക്കും?’
അബൂബകർ(റ) മറുപടി പറഞ്ഞു: അല്ലാഹുവിനെ തന്നെ സത്യം - ഇത് ഖൈർ ആണ്. അബൂബക്കറിന്റെയും(റ) ഉമറി(റ)ന്റെയും ഹൃദയത്തിനു അല്ലാഹു വെളിപ്പെടുത്തിയത് പോലെ എന്റെ ഹൃദയത്തിനും അല്ലാഹു അത് വെളിപ്പെടുത്തി തരുന്നത് വരെ ഞാൻ അതു തന്നെ ചോദിച്ചു കൊണ്ടിരുന്നു. അങ്ങനെ ഞാൻ അതിനായി ഒരുങ്ങി. എല്ലുകളിലും പലകകളിലും മനുഷ്യഹൃദയങ്ങളിലും എഴുതിവെച്ച ഖുർആൻ എല്ലാം ഞാൻ ഒരുമിച്ചു കൂട്ടി. അങ്ങനെ ക്രോഡീകരിച്ച ഖുർആന്റെ പതിപ്പ് തന്റെ മരണം വരെ അബൂബകറി(റ)ന്റെ അടുക്കൽ ആയിരുന്നു. പിന്നീട് തന്റെ മരണം വരെ ഉമർ(റ) അത് സൂക്ഷിച്ചു. പിന്നീട് ഉമറി(റ)ന്റെ പുത്രി ഹഫ്സ(റ)യുടെ അടുക്കലും. (സ്വഹീഹ് ബുഖാരി)
സ്വഹാബികൾ പലരും എല്ലുകളിലും പലകകളിലും ഭാഗികമായും പൂർണ്ണമായും ഖുർആൻ എഴുതി വെച്ചിരുന്നുവെങ്കിലും അതെല്ലാം വ്യക്തിഗതമായ അവലംബത്തിനു വേണ്ടിയായിരുന്നു. മാത്രമല്ല അതൊന്നും സൂറത്തുകളായി ക്രമപ്പെടുത്തിയ നിലയിലുമായിരുന്നില്ല. അംഗീകരിക്കപ്പെട്ട ഒരു ക്രോഡീകൃത സ്വഭാവം അതിനുണ്ടായിരുന്നില്ല. അതു കൊണ്ടാണല്ലോ ഇത്തരം ഒരു ചർച്ച തന്നെ വേണ്ടി വന്നത്.
അപ്പോൾ കാര്യം വളരെ വ്യക്തം. 'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന നിയമപരമായ ഒരു അടിസ്ഥാനം ദീനിൽ ഇല്ല തന്നെ. ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ രൂപത്തിൽ മുസ്ഹഫ് നമ്മുടെ കൈകളിൽ എത്തുമായിരുന്നില്ല. സ്വഹാബികളുടെ സംഭാഷണത്തിൽ നിന്ന് നമുക്ക് പല കാര്യങ്ങളും പഠിക്കാനുണ്ട്.
ഒന്നാമതായി, അന്നു വരെ ഖുർആൻ നിലനിന്നിരുന്നതും പകർത്തി വന്നിരുന്നതും കൈമാറ്റം ചെയ്യപ്പെട്ടിരുന്നതും വിശ്വാസികളുടെ ഹൃദയങ്ങളിലൂടെ ആയിരുന്നു എന്ന വസ്തുതയാണ്. ആ സമ്പ്രദായം അങ്ങനെ തന്നെ മാറ്റിയെഴുതപ്പെടുകയായിരുന്നു ഈ 'ബിദ്അത്തി'ലൂടെ. ദീനിന്റെ നിലനില്പിനു അത് അത്യാവശ്യമായിരുന്നു.
തന്റെ അഭിപ്രായത്തിനനുകൂലമായി മൂന്ന് തവണ വഹ്.യ് ഇറങ്ങിയ ബഹുമതിക്ക് ഉടമയായ ഉമർ(റ)ന്റെ അഭിപ്രായത്തിലേക്ക് അബൂബകർ സിദ്ദീഖ്(റ) വന്നതിനെ കുറിച്ച് മഹാനവർകൾ പറഞ്ഞത് ശ്രദ്ധേയമാണ്. അല്ലാഹു എന്റെ ഹൃദയം വിശാലമാക്കി. അല്ലാഹു അവന്റെ ദീനിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തന്നെയാണ് അവൻ തൃപ്തിപ്പെട്ട ഒരു സമൂഹത്തിന്റെ നായകന്മാരിലൂടെ ഈ തീരുമാനം നടപ്പാക്കിയത് എന്നു സ്പഷ്ടം.
തന്റെ മനം മാറ്റത്തെ കുറിച്ച് സൈദും(റ) അത് ആവർത്തിക്കുന്നുണ്ട്. അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും ഹൃദയം അല്ലാഹു വിശാലമാക്കിയതു പോലെ എന്റെ ഹൃദയവും അല്ലാഹു വിശാലമാക്കി എന്ന സ്വഹാബിയുടെ വാചകത്തിൽ നിന്നു തന്നെ മനസ്സിലാക്കാം; ഈ മഹത്തായ തീരുമാനം അല്ലാഹു അവൻ പ്രഖ്യാപിച്ചത് പോലെ ദീനിന്റെ സംരക്ഷണത്തിനായി അവന്റെ മഹാന്മാരായ ഇഷ്ടദാസന്മാരുടെ ഹൃദയത്തിൽ ഇട്ടു കൊടുത്ത ഇൽഹാമിന്റെ ഫലമാണെന്ന്.
അപ്പോൾ 'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന വാദം ദീനിനു പുറത്താണെന്നു വ്യക്തമായി. ആ വാദമാണ് ബിദ്അത്ത്. ആ വാദം കൊണ്ടു വരുന്നവർ ആരായാലും അവനെ തള്ളണം എന്നാണ് നബികല്പന.
നബി(സ) ചെയ്ത കാര്യങ്ങളിൽ നമുക്ക് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും ഉള്ളത് പോലെ തന്നെ നബി(സ) ചെയ്യാത്ത കാര്യങ്ങളിലും ഉണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളും. അതൊക്കെ ദീൻ പഠിച്ചവർക്ക് അറിയാം. ഇന്നത്തെ 'സലഫികൾ' എന്നാൽ ആദ്യ മൂന്നു നൂറ്റാണ്ടിന്റെ സലഫുസ്സ്വാലിഹുകളുടെ തനിപ്പകർപ്പാണെന്നു ധരിച്ചു വശായിരിക്കുന്ന മന്ദബുദ്ധികൾക്ക് അത് മനസ്സിലാവില്ല. മനസ്സിലാവണമെങ്കിൽ അക്ഷരങ്ങളിൽ തളച്ചിടപ്പെട്ട തലച്ചോറിനെ സ്വതന്ത്രമാക്കണം. അക്ഷരങ്ങൾക്കുമപ്പുറം ആശയങ്ങളുടെ ഒരു വിശാല ലോകമുണ്ടെന്ന് തിരിച്ചറിയണം. അക്ഷരങ്ങൾ ആ ലോകത്തേക്കുള്ള കവാടങ്ങൾ മാത്രമാണ്. അക്ഷരങ്ങൾ മാത്രമാണ് ആശയങ്ങൾ എങ്കിൽ 'നിങ്ങൾ ചിന്തിക്കുന്നില്ലേ?' എന്ന ഖുർആന്റെ കല്പനക്ക് എന്തു പ്രസക്തിയാണ് ഉള്ളത്? ഖുർആനിലെ അക്ഷരങ്ങൾ മുന്നിൽ ഉള്ളപ്പോൾ തന്നെയല്ലേ ആ ചോദ്യവും? 'ബിദ്അത്ത്' എന്ന പദത്തിൽ മാത്രം കടിച്ചു തൂങ്ങി നേരം കളയുന്ന ചിലരെ കുറിച്ച് പറഞ്ഞു എന്നു മാത്രം. വീണ്ടും വിഷയത്തിലേക്ക്....
രണ്ടാമതായി, അല്ലാഹുവിന്റെ റസൂൽ(സ) ചെയ്യാത്തത് ചെയ്യുകയോ? എന്ന ഖലീഫയുടെ ചോദ്യത്തിനു ഉമർ(റ)വും, സൈദ്(റ)ന്റെ ചോദ്യത്തിനു ഖലീഫയും നൽകിയ മറുപടി നോക്കൂ. രണ്ടും ഒരേ മറുപടിയായിരുന്നു. നിശ്ചയം ഇത് ഖൈർ ആണ് എന്നായിരുന്നു ആ മറുപടി. അപ്പോൾ ദീനിൽ ഖൈർ ആണെങ്കിൽ അത് നബി(സ) ചെയ്തു കാണിക്കണം എന്നില്ല. നബി(സ) ചെയ്തു കാണിച്ചത് മാത്രമേ ദീനിൽ ഖൈർ ആകൂ എന്നുമില്ല. നല്ല ബിദ്അത്തിന്റെ മാനദണ്ഡം ആണ് സ്വഹാബിവര്യന്മാർ ആ മറുപടിയിലൂടെ പഠിപ്പിക്കുന്നത്. ദീനിൽ ഖൈർ എന്താണ് എന്നത് തീരുമാനിക്കുന്നത് വിശ്വാസികൾക്കിടയിലെ കൈകാര്യകർത്താക്കൾ തന്നെയാണ്. അല്ലാതെ അല്പജ്ഞാനികൾ അല്ല. മുഹബ്ബത്തുന്നബിയും രിസാലത്തുന്നബിയും വിശ്വാസി-അവിശ്വാസി ഭേദമെന്യെ ലോകമാകമാനം ഇത്രയധികം പ്രചരിപ്പിക്കാൻ ഇടയാക്കിയ മീലാദാഘോഷം പുണ്യകർമ്മങ്ങൾ ഉൾപെട്ടതായതു കൊണ്ട് നല്ല ബിദ്അത്താണെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പേ ഇമാമുമാർ തീർപ്പ് കല്പിച്ചതും അത് ദീനിൽ ഖൈർ ആണെന്നതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്. ഇമാമുമാർ ദീനിൽ കൈകാര്യകർത്താക്കളാണ്. അവരെ അനുസരിക്കാനാണ് ഖുർആന്റെ കല്പന.
നബിദിനാഘോഷത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഒരു പോലെ അവരവരുടെ തട്ടകങ്ങളിൽ വ്യവസ്ഥാപിതമായ സംഘടനാ സംവിധാനങ്ങൾ കെട്ടിപ്പടുത്തതും വൈവിധ്യമാർന്ന സ്ഥാപനങ്ങൾ പടുത്തുയർത്തിയതും ഈ ഒരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ തന്നെയല്ലേ? അത് അവർ പ്രതിനിധീകരിക്കുന്ന ദീനിനു ഖൈർ ആണെന്ന അടിസ്ഥാനത്തിൽ? അതു ഖൈർ ആണെന്നു തീരുമാനിച്ചതും അവരിലെ കൈകാര്യകർത്താക്കൾ തന്നെയല്ലേ? അല്ലെന്ന് പറയാൻ മാത്രം വിഡ്ഡിത്തം ഉള്ളവർ ആ കൂട്ടത്തിൽ ആരുണ്ട്???