(1) അനസുബ്നു മാലിക് (റ) ഉദ്ധരിക്കുന്നു: അബ്ദുറഹ്മാനുബ്നു ഔഫ് (റ) വിവാഹിതനായപ്പോള്‍ റസൂല്‍ അദ്ദേഹത്തോട് പറഞ്ഞു: “ഒരു ആടറുത്തെങ്കിലും വിവാഹ സദ്യ നടത്തുക.” (ബുഖാരി 5167).
(2) അനസ്ബ്നു മാലിക് (റ) പ്രസ്താവിച്ചു: “സൈനബ് (റ) എന്ന പത്നിയുടെ വിവാഹ സദ്യ നടത്തിയതിനേക്കാള്‍ അധികമായി അഥവാ ശ്രേഷ്ഠമായി തന്റെ പത്നിമാരില്‍ മറ്റൊരാളുടെ വിവാഹത്തിനും അല്ലാഹുവിന്റെ തിരുദൂതര്‍ സദ്യ നടത്തിയിട്ടില്ല. അപ്പോള്‍ സാബിതുല്‍ ബു നാനി അനസി (റ) നോടു ചോദിച്ചു: എന്തു സദ്യയായിരുന്നു? അദ്ദേഹം പറഞ്ഞു: തിരുമേനി അവര്‍ക്കു റൊട്ടിയും മാംസവും ഭുജിപ്പിച്ചു. അവര്‍ ശിഷ്ടം ഉപേക്ഷിക്കുവോളം”(മുസ്ലിം 1428).
(3) അബൂഹുറൈറഃ (റ) പ്രസ്താവിച്ചു: “ആഹാരത്തില്‍ ഏറ്റം ദുഷിച്ചത് സമ്പന്നരെ ക്ഷണിക്കുകയും അഗതികളെ ഒഴിവാക്കുകയും ചെയ്യുന്ന സദ്യാഹാരമാണ്. സദ്യാക്ഷണം ആരെങ്കിലും സ്വീകരിച്ചില്ലെങ്കില്‍ അവന്‍ അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും അനുസരണക്കേടു കാണിച്ചു” (ബുഖാരി 5177മുസ്ലിം 1432).
(4) അബ്ദുല്ലാഹിബ്നു ഉമര്‍ (റ) ഉദ്ധരിച്ചു: “റസൂല്‍ തിരുമേനി ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. നിങ്ങളെ സദ്യക്കു ക്ഷണിക്കപ്പെട്ടാല്‍ അതില്‍ പങ്കെടുക്കുക (ബുഖാരി 5173, മുസ്ലിം 1429).
(5) ജാബിര്‍ (റ) ല്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ പ്രസ്താവിച്ചു. സദ്യക്കു ക്ഷണിച്ചാല്‍ നിങ്ങള്‍ ക്ഷണം സ്വീകരിക്കുക. എന്നിട്ട് ഉദ്ദേശിക്കുന്നുവെങ്കില്‍ ആഹാരം കഴിക്കുക. അല്ലെങ്കില്‍ ആഹാരം ഉപേക്ഷിക്കുക (മുസ്ലിം 1430, അബൂദാവൂദ് 3740).
(6)റസൂല്‍ തിരുമേനി പറഞ്ഞതായി അബൂഹുറൈറഃ ഉദ്ധരിക്കുന്നു:”നിങ്ങളില്‍ വല്ല വ്യക്തിയും ക്ഷണിക്കപ്പെട്ടാല്‍ അവന്‍ ക്ഷണം സ്വീകരിക്കട്ടെ. അവന്‍ നോമ്പുകാരനെങ്കില്‍ പ്രാര്‍ഥിക്കട്ടെ. നോമ്പില്ലാത്തവനെങ്കില്‍ ആഹാരം കഴിക്കുകയും ചെയ്യട്ടെ ( മുസ്ലിം 1431).
സദ്യയും വിരുന്നും ശ്രേഷ്ഠമായ സത്കര്‍മങ്ങളില്‍ പെട്ടതാണ്. സദ്യകള്‍ പലവിധമുണ്ട്. പ്രസവം, അഖീഖ, ചേലാകര്‍മ്മം, വിവാഹം, മധുവിധു, ഗൃഹപ്രവേശം, ദീര്‍ഘയാത്രയില്‍ നിന്നുള്ള തിരിച്ചുവരവ്, വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുക, ഖുര്‍ആന്‍ ഖത്മ് ചെയ്യുക, മതവിജ്ഞാന ഗ്രന്ഥം വായിച്ചു തീര്‍ക്കുക. ഇവയില്‍ ഓരോ കാര്യത്തിനും സദ്യ നടത്തല്‍ സുന്നത്താണ്. അപ്രകാരം തന്നെ മരണദുഃഖം അനുഭവിക്കുന്നവര്‍ക്ക് അവരുടെ അയല്‍വാസികള്‍ നല്‍കുന്ന സാന്ത്വന സദ്യയും പ്രത്യേക കാരണമൊന്നുമില്ലാതെ നല്‍കുന്ന സൌഹൃദസദ്യയും ആതിഥേയന്‍ അതിഥിക്ക് നല്‍കുന്ന സദ്യയും സുന്നത്തായ സദ്യകളില്‍ പെടുന്നു.
മുകളില്‍ പറഞ്ഞ സദ്യകളെല്ലാം സുന്നത്താണെങ്കിലും മധുവിധു സദ്യയാണ് ഏറ്റവും ശ്രേഷ്ഠം. നികാഹിനു ശേഷം ഏതു സമയത്തും ഇതു നടത്താവുന്നതാണ്. പക്ഷേ, ദമ്പതിമാര്‍ സംഗമിച്ച ഉടനെ നടത്തുന്നതാണ് ഉത്തമം. കാരണം നബി (സ്വ) അങ്ങനെയാണ് മധുവിധു സദ്യ നടത്തിയിട്ടുള്ളത്. അവിടുന്ന് ഒരു ഭാര്യയുടെ സദ്യയും വീടുകൂടിയതിന്നു ശേഷമല്ലാതെ നടത്തിയിട്ടില്ല. എന്നാല്‍ വിവാഹസദ്യയും മധുവിധു സദ്യയും രണ്ടാണ്. ഒന്നാമത്തേതു നികാഹിനോടനുബന്ധിച്ചു നടത്തുന്നതും രണ്ടാമത്തേതു ദമ്പതിമാരുടെ സംഗമത്തോ ടനുബന്ധിച്ച് നടത്തുന്നതുമാണ്. ഒന്നാമത്തേതു സുന്നത്താണെങ്കിലും രണ്ടാമത്തേതിന്റെ പ്രാബല്യവും മഹത്വവും അതിനില്ല. അതുകൊണ്ടു മധുവിധു സദ്യ അനിവാര്യമായും നടത്തണം. ഉപേക്ഷ വരുത്തുന്നത് കറാഹത്താണ്.ഹദീസുകളുടെ ബാഹ്യവശം പരിഗണിച്ച് അതു നിര്‍ബന്ധമാണെന്നും ഉപേക്ഷി ക്കല്‍ ഹറാമാണെന്നും പണ്ഢിതരില്‍ ചിലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മധുവിധു സദ്യ മുന്‍കൂറായി നടത്താവുന്നതാണ്. പക്ഷേ, നികാഹിനു മുമ്പു പറ്റില്ല. പറ്റില്ലെന്നു പറഞ്ഞാല്‍ ബാധ്യത വീടില്ല. കറാഹത്തു നീങ്ങുകയുമില്ല. ഏറ്റം പ്രബലമായ ഈ സദ്യയുടെ പ്രതിഫലം ലഭിക്കുകയുമില്ല. ക്ഷണം നികാഹിനു മുമ്പാകുന്നതു കൊണ്ടു വിരോധമില്ല. അഥവാ നികാഹിനു ശേഷം നടത്തുന്ന മധുവിധു സദ്യയ്ക്കു നേരത്തേ ക്ഷണിക്കാവുന്നതാണ്. ഈ സദ്യയുടെ വലിപ്പത്തിനോ ചെറുപ്പത്തിനോ അതിരില്ല. ആഹാരമോ പാനീയമോ എന്തുമാവാം. ധൂര്‍ത്തും ദുരഭിമാനവുമില്ലാതെ കഴിവനുസരിച്ചു വലിപ്പം കൂട്ടുന്ന ക്രമത്തിനു നന്‍മയും മേന്‍ മയും വര്‍ദ്ധിക്കുന്നു. പൂര്‍ണ്ണതയുടെ മിനിമം പുണ്യം കിട്ടാന്‍ ഒരാടെങ്കിലും അറുക്കണം. ഉള്ഹിയ്യത്തിനു പര്യാപ്തമായ ഒരാട്. ‘ഒരാടറുത്തെങ്കിലും സദ്യ നടത്തുക’ എന്നു നബി (സ്വ) അബ്ദുറഹ്മാനുബ്നു ഔഫി (റ) നോട് കല്‍പ്പിച്ചതിന്റെ ഉദ്ദേശ്യം അതാണ്. പൂര്‍ണ്ണതയുടെ പാരമ്യം കാണിക്കാനല്ല, അതിന്റെ മിനിമം അളവു കാണിക്കാനാണ് നബി (സ്വ) ഒരാടെങ്കിലും എന്നു പറഞ്ഞത്.
ആരാണ് മധുവിധുസദ്യ നടത്തേണ്ടത്? അതു ഭര്‍ത്താവു തന്നെ. അവന്റെ അനുവാദത്തോടെ ഭാര്യയ്ക്കോ ഭാര്യാ പിതാവിനോ നടത്താവുന്നതാണ്. ഈ സദ്യയുടെ അനുഗ്രഹത്തില്‍ ഭാര്യ സദ്വൃത്തയും സദ്സ്വഭാവിനിയും ആയിത്തീരുക എന്നതാണ് ഉദ്ദേശ്യം. അത് കൊണ്ടു തന്നെ അനിവാര്യ ഘട്ടത്തില്‍ ബഹുഭാര്യത്വം സ്വീകരിക്കുന്നുവെങ്കില്‍ ഓരോ ഭാര്യയ്ക്കും പ്രത്യേകമായി തന്നെ സദ്യ നടത്തണം.
സുന്നത്തായ ഏതൊരു സദ്യയ്ക്കു ക്ഷണിച്ചാലും ക്ഷണം സ്വീകരിക്കുന്നതു സുന്നത്താണ്. എന്നാല്‍ മധുവിധു സദ്യ ഇതില്‍ നിന്നു വ്യത്യസ്തമാണ്. അതിനു ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ഉപേക്ഷ ഹറാമും. എന്നാല്‍, ഏതൊരാള്‍ക്കും ഏതൊരു സാഹചര്യത്തിലും ഏതൊരു ക്ഷണവും സ്വീകരിക്കേണ്ട ബാധ്യതയുണ്ടോ? അതില്ല. ക്ഷണം സ്വീകരിക്കല്‍ മധുവിധു സദ്യയില്‍ നിര്‍ബന്ധവും മറ്റുള്ളവയില്‍ സുന്നത്തുമാകുന്നതിനു ചില ഉപാധികളുണ്ട്. ഒന്നാമതായി അവനു തക്കതായ പ്രതിബന്ധങ്ങളൊന്നുമില്ലാതിരിക്കണം. ജുമുഅ: നിര്‍ ബന്ധം ഒഴിവാകുന്നതിനുള്ള കാരണങ്ങളാണ് ഇവിടെ പ്രതിബന്ധങ്ങള്‍. രോഗം, ആതുര ശു ശ്രൂഷ, ശത്രുഭയം, ഉചിതമായ വസ്ത്രത്തിന്റെ അഭാവം ആദിയായവയെല്ലാം അവയില്‍ പെടുന്നു. രണ്ടാമതായി അവനെ വ്യക്തിപരമായി ക്ഷണിക്കണം. അതു നേരിട്ടോ കത്തുമുഖേനയോ ദൂതന്‍ മുഖേനയോ ആവാം. ആ ക്ഷണം ദൃഢസ്വരത്തിലുള്ള തായിരിക്കുകയും വേണം. ‘ഉദ്ദേശിക്കുന്നവരൊക്കെ വരട്ടെ’ എന്നു പറയുകയോ ‘നിനക്കിഷ്ടമുള്ളവരെയൊക്കെ ക്ഷണിക്കുക’ യെന്നു മറ്റൊരാളെ ഏല്‍പിക്കുകയോ ചെയ്താല്‍ ക്ഷണം സ്വീകരിക്കേണ്ട ബാധ്യതയില്ല. ക്ഷണം വ്യക്തിപരമല്ലെന്നതാണു കാരണം. ‘ഇഷ്ടമുണ്ടെങ്കില്‍ വരിക’ എന്നു പറഞ്ഞാലും സ്വീ കരിക്കല്‍ നിര്‍ബന്ധമില്ല. ദൃഢസ്വരമല്ലാത്തതു കൊണ്ടാണിത്.
ഒരാളുടെ സമ്പത്തില്‍ ഹറാമുണ്ടെന്നു ബോധ്യപ്പെട്ടാല്‍ ക്ഷണം സ്വീകരിക്കേണ്ടതില്ല. അപ്രകാരം തന്നെ സദ്യക്കാരന്‍ തെമ്മാടിയോ അക്രമിയോ ബിദ്അത്തുകാരനോ ദുരഭിമാനിയോ ആണെങ്കിലും ക്ഷണം സ്വീകരിക്കേണ്ടതില്ല. മറ്റൊരാള്‍ വേണ്ടവിധം നേരത്തെ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ രണ്ടാമന്റെ ക്ഷണം സൌമ്യമായി നിരസിക്കേണ്ടതാണ്. ഒരേ സമയം രണ്ടു പേര്‍ ക്ഷണിച്ചാല്‍ കു ടുംബബന്ധത്തില്‍ അടുത്തവനു മുന്‍ഗണന നല്കണം. പിന്നെ മുന്‍ഗണന ഏറ്റം അടുത്ത വീ ട്ടുകാരനാണ്. എല്ലാ കാര്യത്തിലും ഇരുവരും തുല്ല്യമെങ്കില്‍ നറുക്കിടുകയാണ് വേണ്ടത്. സാമ്പത്തിക കാര്യത്തില്‍ സ്വതന്ത്രവിനിയോഗത്തിനു മതവീക്ഷണത്തില്‍ അനുമതിയുള്ളവനായിരിക്കണം സദ്യക്കാരന്‍. അല്ലെങ്കില്‍ ക്ഷണം സ്വീകരിക്കാവതല്ല. അപ്പോള്‍ കുട്ടികളോ ഭ്രാന്തന്മാരോ നടത്തുന്ന സദ്യയില്‍ പങ്കെടുക്കാവതല്ല. സമ്പന്നരെയോ പ്രതാപികളേയോ മാത്രം ക്ഷണിക്കുന്ന വിരുന്നിലും പങ്കെടുക്കല്‍ നിര്‍ബന്ധമില്ല. അഗതികളെയും ദരിദ്രരെയും അവഗണിച്ചു സമ്പന്നര്‍ക്കും പ്രതാപികള്‍ക്കും അകാരണമായി മുന്‍ഗണന നല്‍കി ഒരുക്കുന്ന സദ്യയെ ഏറ്റം ദുഷിച്ച ആഹാരമായാണ് നബി (സ്വ) വിശേഷിപ്പിച്ചിട്ടുള്ളത്.തിരുമേനിയുടെ പ്രസ്താവന കാണുക: ‘സദ്യയ്ക്ക് പങ്കെടുക്കാന്‍ സന്നദ്ധരായവരെ വിലക്കുകയും അതിനു സന്നദ്ധരല്ലാത്തവരെ ക്ഷണിക്കുകയും ചെയ്യുന്ന സദ്യയിലെ ആഹാരമാണ് ആഹാരത്തില്‍ ഏറ്റം ദുഷിച്ചത്” (മുസ്ലിം). ഈ ഹദീസിന്റെ ശരിയായ വ്യാഖ്യാനമാണ് പ്രവാചക ശിഷ്യനായ അബൂഹുറൈറഃ (റ) യുടെ പ്രസ്താവന: “സമ്പന്നര്‍ ക്ഷണിക്കപ്പെടുകയും സാധുക്കള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന സദ്യയിലെ ആഹാരമാണ് ഏറ്റം മോശപ്പെട്ട ആഹാരം”. അയല്‍പക്കത്തിന്റെ പേരി ലോ സഹപ്രവര്‍ത്തനത്തിന്റെ പേരിലോ സമ്പന്നര്‍ക്കു മുന്‍ഗണന വരുന്നതു കൊണ്ട് വിരോധമില്ല. സമ്പന്നരെ ഒഴിച്ചു നിര്‍ത്തി ദരിദ്രരെ മാത്രം ക്ഷണിക്കുന്നതും അനഭികാമ്യമാണ്. അങ്ങനെയുള്ള സദ്യയിലും പങ്കെടുക്കല്‍ ബാധ്യതയില്ല. പരസ്പര ബന്ധവും സ്നേഹവും സൌഹൃദവും ഊട്ടിയുറപ്പിക്കുകയാണ് സദ്യയുടെയും വിരുന്നിന്റെയും ലക്ഷ്യം. ഈ ലക്ഷ്യത്തിനു വിരുദ്ധമാണ് മേല്‍പറഞ്ഞ വിവേചനങ്ങള്‍.
സദ്യാക്ഷണത്തില്‍ ദുരുദ്ദേശ്യമുണ്ടെന്ന് മനസ്സിലായാലും പങ്കെടുക്കല്‍ നിര്‍ബന്ധമില്ല. തന്റെ ഉപദ്രവം ഭയന്നതു കൊണ്ടോ അല്ലെങ്കില്‍ തന്റെയടുത്തു വല്ല സ്ഥാനവും കിട്ടുന്നതിനു വേണ്ടി യോ അതുമല്ലെങ്കില്‍ തെറ്റായ കാര്യത്തിനു സഹായിക്കുന്നതിനു വേണ്ടിയോ ക്ഷണിക്കപ്പെട്ടാല്‍ ക്ഷണം സ്വീകരിക്കേണ്ടതില്ല. വിവരം, സദ്ഗുണം, സൂക്ഷ്മത ആദിയായ നന്‍മകളുടെ പേ രില്‍ ഒരാള്‍ ക്ഷണിക്കപ്പെടുന്നുവെങ്കില്‍ ക്ഷണം സ്വീകരിക്കുക തന്നെ വേണം. സദ്യാസദസ്സില്‍ തന്നെ ശാരീരികമായോ മാനസികമായോ പീഢിപ്പിക്കുന്ന ശത്രുവോ അസൂയാലുവോ ദുഷ് പ്രവര്‍ത്തനങ്ങളോ ഉണ്ടെങ്കില്‍ ക്ഷണം സ്വീകരിക്കേണ്ടതില്ല. അപ്രകാരം തന്നെ അവിടെ ഹറാമായ വല്ല കാര്യവുമുണ്ടെങ്കില്‍ സംബന്ധിക്കേണ്ടതില്ലെന്നു മാത്രമല്ല, പങ്കെടുക്കല്‍ ഹറാമാകുന്നതുമാണ്. കാരണം മനഃപൂര്‍വ്വം ഹറാമിന്റെ സദസില്‍ പങ്കെടുക്കുന്നത് അതിനുള്ള അംഗീകാരമായിത്തീരും. സ്ത്രീ പുരുഷന്മാര്‍ പരസ്പരം കാണുന്ന സാഹചര്യമുണ്ടാവുക, മ്യൂസിക്, നാടകം, സിനിമാ പ്രദര്‍ശനം, ഗാനമേള, മിമിക്രി, മദ്യപാനം, ഡാന്‍സ്, പ്രതിമ, ജീവികളുടെ ചിത്രം ആദിയായവയെല്ലാം നിഷിദ്ധകാര്യങ്ങളില്‍ പെടുന്നു. ഇവയില്‍ വല്ലതുമുള്ള സദസില്‍ അിറ ഞ്ഞു കൊണ്ടു പങ്കെടുക്കാന്‍ പാടില്ല. അറിയാതെ ചെന്നുപെട്ടാല്‍ ഉടനെ സ്ഥലം വിടുകയും ചെയ്യണം. തന്റെ സാന്നിധ്യം കൊണ്ട് പ്രസ്തുത ഹറാം നീങ്ങുമെന്നു കണ്ടാല്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ്. അവന്റെ സാന്നിധ്യമോ ഉപദേശമോ ഫലിക്കാതെ വന്നാല്‍ സ്ഥലം വിടല്‍ നിര്‍ ബന്ധമാണ്. സ്ഥലം വിടാന്‍ സാധിക്കാത്ത നിര്‍ബന്ധിതാവസ്ഥ വന്നാല്‍ പൂര്‍ണമായ വിയോജിപ്പും അതൃപ്തിയും പുലര്‍ത്തേണ്ടതാണ്.
ന്യായാധിപനോ മറ്റു ഉദ്യോഗസ്ഥനോ തന്റെ അധികാര പരിധിയില്‍പ്പെട്ട സ്ഥലത്ത് സദ്യക്കു ക്ഷണിക്കപ്പെട്ടാല്‍ താന്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ളതു കൊണ്ട് ക്ഷണം സ്വീകരിക്കാതിരിക്കുകയാണ് വേണ്ടത്. സദ്യ ഒന്നോ രണ്ടോ ദിവസത്തില്‍ കൂടാന്‍ പാടില്ല. ഒരു ദിവസത്തെ തവണകളും തഥൈവ. ഒരാള്‍ മൂന്നു ദിവസം സദ്യ നടത്തുന്നുവെങ്കില്‍ ക്ഷണം സ്വീകരിക്കല്‍ പ്രഥമ ദിനം നിര്‍ബന്ധവും ദ്വിതീയ ദിനം സുന്നത്തും തൃതീയ ദിനം കറാഹത്തുമാണ്. ഒരു ദി വസം മൂന്ന് സമയത്തായി മൂന്നു സദ്യകള്‍ നടത്തുന്നുവെങ്കിലും ഇതേ വിധിതന്നെ. എന്നാല്‍ സ്ഥലപരിമിതി നിമിത്തമോ ക്ഷണിതാക്കളുടെ വര്‍ദ്ധനവ് നിമിത്തമോ ദിവസമോ തവണയോ കൂട്ടുന്നതിനു വിരോധമില്ല. അകാരണമായി രണ്ടില്‍ കൂടുതലാക്കുന്നത് അനഭികാമ്യമാണ്. നബി (സ്വ) പ്രസ്താവിക്കുന്നു: “വിവാഹ സദ്യ ഒന്നാം ദിവസം ബാധ്യതയും രണ്ടാം ദിവസം ഒരുപകാരവും മൂന്നാം ദിവസം ഒരു പ്രകടനവും പ്രശസ്തിയും മാത്രമാകുന്നു.”
ക്ഷണിതാവ് ക്ഷണം സ്വീകരിക്കുമ്പോള്‍ പ്രവാചക ചര്യയുടെ അനുകരണവും തിരുനബി യോടുള്ള അനുസരണവും തന്റെ സഹോദരനെ സന്ദര്‍ശിക്കുക മുഖേന അവനോടുള്ള വന്ദനവും ലക്ഷ്യമാക്കണം. മാത്രമല്ല, ക്ഷണം തിരസ്കരിക്കുക വഴി തന്നെക്കുറിച്ച് അഹങ്കാരമോ സഹോദര നിന്ദയോ മറ്റുള്ളവര്‍ ധരിക്കാതിരിക്കവണ്ണമുള്ള വിനയവും ലക്ഷ്യമാക്കേണ്ടതാണ്. ഇക്കാര്യങ്ങള്‍ സദ്യക്കു പോകുമ്പോള്‍ ക്ഷണിതാവും കരുതുന്നത് സുന്നത്താകുന്നു. വല്ല പ്രതിബന്ധവുമുണ്ടെങ്കില്‍ സദ്യക്കു ക്ഷണിച്ചവനെ അതു ബോധ്യപ്പെടുത്തുന്നത് ഉത്തമമാണ്. അങ്ങനെ ചെയ്താല്‍ തിരസ്കരണ കുറ്റം ഒഴിവാക്കുകയും ചെയ്യാം.
വ്രതം സദ്യാക്ഷണം സ്വീകരിക്കുന്നതിനു പ്രതിബന്ധമല്ല. നോമ്പുകാരനാണെങ്കിലും ക്ഷണം സ്വീ കരിക്കല്‍ ബാധ്യതയാണ്. നിര്‍ബന്ധവ്രതമെങ്കില്‍ അതുപേക്ഷിക്കാന്‍ പാടില്ല. സുന്നത്തു നോമ്പെങ്കില്‍ അതു മുറിക്കാതിരിക്കുന്നതാണ് ഉത്തമം. പക്ഷേ, താന്‍ ആഹാരം കഴിക്കാതിരിക്കുന്നതു കൊണ്ട് സദ്യ നല്‍കുന്നവര്‍ക്ക് മനക്ളേശമുണ്ടാകുമെന്നു കണ്ടാല്‍ നോമ്പുപേക്ഷിക്കുന്നതാണ് ഏറ്റം ഉത്തമം. അതു ബലമായ സുന്നത്തു നോമ്പാണെങ്കിലും ശരി. തന്റെ സഹോദരന്റെ മനസ്സിനു സന്തോഷം പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് നോമ്പു മുറിക്കേണ്ടത്. ഇവിടെ നോമ്പിനേക്കാള്‍ പ്രധാനം മുസ്ലിം സഹോദരന്റെ സന്തോഷമാണ്. പൊങ്ങച്ചമോ ബാ ഹ്യപ്രകടനോ വരില്ലെങ്കില്‍ ‘ഞാന്‍ നോമ്പുകാരനാണെന്ന്’ ഒഴിവുകഴിവു പറയാവുന്നതാണ്. ഏതായിരുന്നാലും നോമ്പു നിമിത്തം സദ്യാക്ഷണം നിരസിക്കാവതല്ല.സദ്യക്കു പോകണം, അതിഥേയനു അനിഷ്ടമില്ലെങ്കില്‍ നോമ്പു നില നിര്‍ത്തുകയും ചെയ്യണം. എങ്കില്‍ പിന്നെ എന്തിനാണിയാള്‍ സദ്യക്കു പോകുന്നത്? തിന്നാനല്ലേ സദ്യയും വിരുന്നും? അങ്ങനെയല്ല. ഭോജനം മാത്രമല്ല ക്ഷണ സ്വീകരണത്തിന്റെ ലക്ഷ്യമെന്നു പണ്ഢിതന്‍മാര്‍ രേഖപ്പെടുത്തുന്നു. അവര്‍ തിന്നില്ലെങ്കിലും അവരുടെ സാന്നിധ്യം കൊണ്ടു ലക്ഷ്യം സഫലമാകും. അവര്‍ മുഖേന ആതിഥേയര്‍ക്കും സദസ്യര്‍ക്കും അനുഗ്രഹം ലഭിക്കും. അവര്‍ സദസ്സിനൊരു അലങ്കാരമായിത്തീരും. അവരുടെ നിര്‍ദ്ദേശങ്ങള്‍ അവര്‍ക്കു ഫലപ്രദമാകും. അവരുടെ സാന്നിധ്യം നിമിത്തം അഭംഗിയായ പല കാര്യങ്ങളും അവരുപേക്ഷിക്കാനിടവരും. സര്‍വ്വോപരി അവന്റെ പ്രാര്‍ഥന ആതിഥേയനു ഒരനുഗ്രഹമായി പരിണമിക്കും. നബി (സ്വ) യുടെ ഉപര്യുക്ത പ്രസ്താവന നമുക്കിവിടെ ഒന്നു കൂടി അനുസ്മരിക്കാം:”നിങ്ങളില്‍ വല്ലൊരാളും സദ്യയ്ക്കു ക്ഷണിക്കപ്പെട്ടാല്‍ അവന്‍ ക്ഷണം സ്വീകരിക്കട്ടേ, എന്നിട്ടു അവര്‍ നോമ്പുകാരനെങ്കില്‍ പ്രാര്‍ഥിച്ചു കൊടുക്കട്ടേ. നോമ്പില്ലാത്തവനെങ്കില്‍ ആഹാരം കഴിക്കുകയും ചെയ്യട്ടേ”(മുസ്ലിം).
ക്ഷണിതാക്കളെ പലതട്ടുകളായി തിരിച്ചു സദ്യയില്‍ വിവേചനം കാണിക്കുന്നത് അനഭികാമ്യമാണ്, കറാഹത്താണ്. അതിന്റെ പേരില്‍ മറ്റുള്ളവര്‍ക്കു മനഃക്ളേശമുണ്ടാകുമെങ്കില്‍ ചിലര്‍ക്കു മാത്രം വിശേഷാഹാരങ്ങള്‍ നല്‍കുന്നത് ശരിയല്ല. എന്നാല്‍ സുന്നത്തിനു വിരുദ്ധമായി ആതിഥേയര്‍ അങ്ങനെ ചെയ്താല്‍ പ്രത്യേകക്കാര്‍ക്കു വേണ്ടി തയ്യാര്‍ ചെയ്ത വിശേഷാഹാരം മറ്റുള്ളവരെടുത്ത് കഴിക്കാന്‍ പാടില്ല. അപ്രകാരം തന്നെ ക്ഷണിക്കാത്ത സദ്യക്കു പോകുന്നതും നിഷിദ്ധമാണ്. ഹറാമായ ഭക്ഷണം ഉദരത്തില്‍ പ്രവേശിപ്പിക്കുന്നത് മനസ്സും ആത്മാവും ദുഷിക്കുന്നതിനു കാരണമായിത്തീരും. (അവലംബം : റൌള 5/ 645-652, തുഹ്ഫ: 7/422 -438, ശറഹു മുസ്ലിം 5/249-254, ഫത്ഹുല്‍ ബാരി 11/536-560, ഫത്ഹുല്‍ മുഈന്‍ 378-382, തര്‍ശീഹ് 323-327, ഇആനത്ത് 3/357-370).