സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 18 December 2014

സഭാ മര്യാദകള്‍

അബൂസഈദില്‍ ഖുദ്രി (റ) പറയുന്നു: അല്ലാഹുവിന്റെ തിരുദൂതര്‍ പറയുന്നതു ഞാന്‍ കേട്ടു: ‘സദസ്സുകളില്‍ ഏറ്റം ഉത്തമം അവയില്‍ ഏറ്റം വിശാലമായതാണ്’ (അബൂദാവൂദ് 4820). അബ്ദുല്ലാഹിബ്നു ഉമര്‍ (റ) ഉദ്ധരിക്കുന്നു: നബി (സ്വ) പ്രസ്താവിച്ചു: ‘നിങ്ങളിലൊരാളും മറ്റൊരാളെ അയാളുടെ  ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പിച്ച് അവിടെ ഇരിക്കരുത്. പ്രത്യുത നിങ്ങള്‍ സൌകര്യപ്പെടുത്തുകയും വിശാലതയുണ്ടാക്കുകയും ചെയ്യുക.’ ഈ ഹദീസിന്റെ നിവേദകനായ ഇബ്നു ഉമര്‍ (റ) തനിക്കു വേണ്ടി മറ്റൊരാള്‍ അയാളുടെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കൊടുത്താല്‍, അവിടെ ഇരിക്കുമായിരുന്നില്ല (ബുഖാരി 6229, മുസ്ലിം 2177).
അബ്ദുല്ലാഹിബിന് അംറ് (റ), റസൂല്‍ തിരുമേനി (സ്വ) പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു: “അടുത്തിരിക്കുന്ന രണ്ടു പേര്‍ക്കിടയില്‍ കയറിയിരുന്ന് അവരെ വേര്‍പിരിക്കുന്നത് ഒരാള്‍ക്കും അനുവദനീയമല്ല; അവരിരുവരുടേയും അനുവാദമുണ്ടെങ്കിലല്ലാതെ”(അബൂദാവൂദ്4824, തുര്‍ മുദി 2753).
അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ‘നിങ്ങളിലൊരാള്‍ ഒരു സദസ്സില്‍ നിന്നെഴുന്നേല്‍ക്കുകയും പിന്നീടു തല്‍സ്ഥാനത്തേക്കു തിരിച്ചു വരികയും ചെയ് താല്‍ അവനാണ് ആ ഇരിപ്പിടത്തിന് ഏറ്റം അര്‍ഹന്‍’ (മുസ്ലിം 2179).
സദസ്സുകള്‍ വിശാലമായിരിക്കണം. എന്തൊരാവശ്യത്തിനാണോ സദസ്സ് സംഘടിപ്പിക്കുന്നത് അതിനനുസൃതമായ വിശാലത ആ സദസ്സിനുണ്ടായിരിക്കണം. സദസ്സില്‍ പങ്കെടുക്കേണ്ടവരും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നവരുമായ ആളുകളെ ഉള്‍ക്കൊള്ളാനുള്ള വിശാലത വേണം. തിങ്ങി ഞെരുങ്ങി നിന്നാല്‍ കാര്യങ്ങള്‍ വേണ്ടവിധം ശ്രവിക്കാനോ ശ്രദ്ധിക്കാനോ ചര്‍ച്ച ചെ യ്യാനോ സാധിക്കുകയില്ല. ആവശ്യമായ വികാസം സദസ്സിനു നേരത്തെ നല്‍കാതെ ഹ്രസ്വമായി സംഘടിപ്പിച്ചാല്‍ വൈകിയെത്തുന്നവര്‍ക്കോ ഇടക്കിടെ വരുന്നവര്‍ക്കോ വേണ്ടി സദസ്സു പുനഃസംഘാടനം നടത്തിക്കൊണ്ടിരിക്കേണ്ടി വരും. അതു സദസ്സിന് അഭംഗിയും സദസ്യര്‍ക്ക് ശല്യവുമാണ്. മാത്രമല്ല, ഇടുങ്ങി ഞെരുങ്ങിയ സദസ്സില്‍ നിന്ന് ഇടക്കു വല്ല കാരണ വശാലും പുറത്ത് പോകേണ്ടി വന്നാല്‍ ശല്യം സൃഷ്ടിക്കാതെ പുറത്തു പോകാന്‍ സാധിക്കില്ല. എല്ലാം കൊണ്ടും അഭികാമ്യം ആവശ്യത്തിന് വിശാലമായ സദസ്സു തന്നെ. അതുകൊണ്ട് തന്നെയാണ് സദസ്സുകളില്‍ ഏറ്റം ഉത്തമം  ഏറ്റം വിശാലമായതാണെന്ന് നബി തിരുമേനി പ്രസ്താവിച്ചത്.
പര്യാപ്തമായ വിശാലതയില്‍ സദസ്സു സംഘടിപ്പിച്ചാലും അപ്രതീക്ഷിതമായി സദസ്സില്‍ പങ്കെടുക്കാനാഗ്രഹിച്ചു വല്ലവരും എത്തിച്ചേര്‍ന്നേക്കാം. അപ്പോള്‍ സദസ്സ്യര്‍ പരമാവധി സഹകരിച്ച് അവരെക്കൂടി സദസ്സില്‍ കയറ്റി ഇരുത്താന്‍ ശ്രമിക്കണം. അതു സൌഹൃദത്തിന്റേയും മാന്യതയുടെയും ഭാഗമാണ്. സര്‍വ്വോപരി സത്യവിശ്വാസത്തിന്റെ ലക്ഷണവും. തനിക്കൊരു ഇരിപ്പിടം നേ രത്തെ ലഭിച്ചു കഴിഞ്ഞാല്‍ പിന്നീടു വരുന്നവരെ, ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ അവഗണിക്കുന്നത് ഒരു വിശ്വാസിക്കും ഭൂഷണമല്ല. ഉള്ള ഒഴിവിലോ വിടവിലോ മറ്റാരെങ്കിലും കയറി ഇരുന്നാല്‍ തന്റെ സുഖകരമായ ഇരുത്തത്തിനു ഭംഗമേല്‍ക്കുമെന്നു കരുതി സ്വശരീരം പര മാവധി വികസിപ്പിച്ചു വിടവു പൂരിതമാക്കിക്കാണിക്കാന്‍ ശ്രമിക്കുന്ന സങ്കുചിതത്വം വളരെ ഹീനമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘സത്യവിശ്വാസികളേ, സദസ്സുകളില്‍ സൌകര്യം ചെയ്യുക എന്നു നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൌകര്യം ചെയ്തു കൊടുക്കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൌകര്യം ചെയ്തു തരും. സദ്കര്‍മ്മങ്ങളിലേക്ക് എഴുന്നള്ളുക എന്നു നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ അവയിലേക്ക് എഴുന്നള്ളണം. എങ്കില്‍ നിങ്ങളില്‍ നിന്നു സത്യവിശ്വാസികളായിട്ടുള്ളവരെയും വിജ്ഞാനം നല്‍കപ്പെട്ടവരേയും അല്ലാഹു പല പടികളില്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു  നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചു സൂക്ഷ്മജ്ഞനത്രേ” (58:11).
സദസ്സിലേക്കു വരുമ്പോള്‍ സദസ്സ്യര്‍ക്കു സലാം പറയണം. സദസ്സില്‍ നിന്ന് എഴുന്നേറ്റു പോവുമ്പോഴും അതു സുന്നത്താണ്. നബി (സ്വ) പറയുന്നു: ‘നിങ്ങളിലൊരാള്‍ ഒരു സദസ്സിലെത്തിച്ചേര്‍ന്നാല്‍ അവന്‍ സലാം പറയട്ടെ’. ഇനി എഴുന്നേറ്റു പോവാന്‍ ഉദ്ദേശിച്ചാലോ? എന്നാലും സലാം പറയണം. ഒന്നാമത്തേതു രണ്ടാമത്തേതിനേക്കാള്‍ ബന്ധപ്പെട്ടതല്ല’ (രണ്ടും തുല്യ പ്രാധാന്യമുള്ളതാണ്) (അബൂദാവൂദ് 5208, തുര്‍മുദി 2707). ഒരു പുണ്യകരമായ സദസ്സില്‍ നിന്ന് അനിവാര്യ കാര്യത്തിനു വേണ്ടി എഴുന്നേറ്റു പോവേണ്ടി വന്നാല്‍ തന്റെ അഭാവത്തില്‍ നടക്കുന്ന പുണ്യകര്‍മ്മങ്ങളില്‍ തനിക്കു കൂടി പങ്കാളിത്തം ലഭിക്കാന്‍ കാരണമാണ് സദസ്സു വിടുമ്പോഴുള്ള സലാം. മുആവിയതു ബിന്‍ ഖുര്‍റഃ ക്കു തന്റെ ിതാവു നല്‍കിയ ഉപദേശം കാണുക: “കുഞ്ഞുമകനേ, നീ ഒരു സദസ്സില്‍ അതിലെ ഗുണം പ്രതീക്ഷിച്ചിരിക്കുകയും എന്നിട്ടു വല്ല ആവശ്യത്തിനുമായി വേഗം പോകേണ്ടി വരികയും ചെയ്താല്‍ ‘നിങ്ങള്‍ക്കു സലാം’ എന്നു സദസ്സിനു സലാം പറഞ്ഞു പിരിയുക. എങ്കില്‍ അവിടെ അവര്‍ നേടുന്ന പുണ്യത്തില്‍ നിനക്കും പങ്കുകൊള്ളാം” (അല്‍ അദബുല്‍ മുഫ്റദ് 148).
ഒരു സദസ്സില്‍ സലാമിന് അര്‍ഹരും അല്ലാത്തവരുമുണ്ടെങ്കില്‍ അര്‍ഹരെ ലക്ഷ്യം വെച്ചു സദസ്സിനു പൊതുവായി സലാം പറയാവുന്നതാണ്. നബി (സ്വ) ഒരിക്കല്‍ മുസ്ലിംകളും വിഗ്രഹാരാധകരായ ബഹുദൈവ വിശ്വാസികളും ജൂതന്മാരും അടങ്ങുന്ന സദസ്സിനരികെ നടന്നു പോ കാനിടയായി. അപ്പോള്‍ ആ സദസ്സ്യര്‍ക്കു അവിടന്നു സലാം പറഞ്ഞു (ബുഖാരി 2987, മുസ്ലിം 1798.) ഒറ്റ സലാം മുഴുവരെയും കേള്‍പ്പിക്കാന്‍ കഴിയാത്ത വിധം സദസ്സു വലുതെങ്കില്‍ ആദ്യം കാണുന്നവര്‍ക്കു സലാം പറയണം. അവരുടെ സമീപത്തു തന്നെ സ്ഥലം പിടിക്കുന്നുവെങ്കില്‍ ആ സലാം മതി. അവിടന്നു മുമ്പോട്ടു നീങ്ങി മറ്റൊരു സംഘത്തിനടുത്തിരിക്കുന്നുവെങ്കില്‍ അവര്‍ക്കു വേറെ സലാം പറയണം (ശര്‍വാനി 9/228). അപ്പോള്‍ ഒരു വലിയ സദസ്സില്‍ കയറി മുമ്പോട്ടു പോകുന്നെങ്കില്‍ പലതവണ സലാം പറയേണ്ടി വരും. അനസ് (റ) പറയുന്നു: ‘നബി (സ്വ) ഒരു സമൂഹത്തെ സമീപിച്ചാല്‍ അവര്‍ക്കു മൂന്നു തവണ സലാം പറയുമായിരുന്നു’ (ബുഖാരി).
ഏതു സദസ്സിനും ഏതു സമയത്തും സലാം പറയാവതല്ല. ആഹാര പാനീയങ്ങള്‍ കഴിച്ചു കൊ ണ്ടിരിക്കുന്നവര്‍ക്കു സലാം പറയല്‍ സുന്നത്തില്ല. നിസ്കാരം, സുജൂദ്, ഹജ്ജ്, ഉംറയിലെ തല്‍ ബിയ്യത്ത്, ബാങ്ക്, ഇഖാമത്, ഖുതുബ എന്നീ കാര്യങ്ങളില്‍ വ്യാപൃതരായവര്‍ക്കോ ഖുതുബ ശ്ര ദ്ധിച്ചു കൊണ്ടിരിക്കുന്നവര്‍ക്കോ സലാം പറയല്‍ സുന്നത്തില്ല. അപ്രകാരം തന്നെ പ്രാര്‍ഥനയില്‍ മുഴുകിയ വ്യക്തിക്കും ആഴത്തില്‍ ചിന്തിച്ചു ശ്രദ്ധയോടെ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തിക്കും സലാം പറയല്‍ സുന്നത്തില്ല (തുഹ്ഫ 9/228). അധ്യാപകനും വിദ്യാര്‍ഥികള്‍ക്കും സലാം പറയല്‍ സുന്നത്തുണ്ടെങ്കിലും  അവര്‍ തങ്ങളുടെ ജോലിയില്‍ ലയിച്ചിരിക്കേ സലാം പറയുന്നത് അവര്‍ക്കു വിഷമം സൃഷ്ടിക്കുമെങ്കില്‍ സലാം പറയല്‍ സുന്നത്തില്ല (ശര്‍വാനി 9/228). ഒരു സംഘത്തിലെ ചിലരെ മാത്രം തിരഞ്ഞു പിടിച്ചു പ്രത്യേകമായി സലാം പറയുന്നതു കറാഹത്താണ് (കയശറ 9/228).
നന്മ വിളയുന്ന സദസ്സുകള്‍ കണ്ടാല്‍ അവയില്‍ കയറി ഇരിക്കാന്‍ ശ്രമിക്കണം. അവഗണിച്ചു പിന്തിരിഞ്ഞു പോകാനോ ലജ്ജിച്ച് അകന്നിരിക്കാനോ പാടില്ല. റസൂല്‍ തിരുമേനി പള്ളിയില്‍ ജനങ്ങളോടൊപ്പം ഇരിക്കവേ മൂന്നുപേര്‍ മുന്നിട്ടു വന്നു. അവരിലൊരാള്‍ സദസ്സിലേക്കടുക്കാതെ പിന്തിരിഞ്ഞു പോയി. അവശേഷിക്കുന്ന രണ്ടു പേരിലൊരാള്‍ സഭയില്‍ കണ്ട ഒഴിവില്‍ കയറിയിരുന്നു. അപരന്‍ അവര്‍ക്കു പിന്നില്‍ മാറിയിരിക്കുകയും ചെയ്തു. പ്രവാചകര്‍ തന്റെ വിഷയത്തില്‍ നിന്നു വിരമിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞു: “ഈ മൂവരെ സംബന്ധിച്ചു ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞ് തരട്ടെയോ? അവരിലൊരാള്‍ അല്ലാഹുവിലേക്ക് അഭയം പ്രാപിച്ചു. അതിനാല്‍  അല്ലാഹു അവന് അഭയം നല്‍കി. അപരനാകട്ടെ ലജ്ജിച്ചു മാറി ഇരുന്നു. അപ്പോള്‍ അവനെക്കുറിച്ച് അല്ലാഹുവും ലജ്ജിച്ചു. മറ്റേയാള്‍ പിന്തിരിഞ്ഞു കളഞ്ഞു. തന്നിമിത്തം അല്ലാഹുവും പിന്തിരിഞ്ഞു കളഞ്ഞു (ബുഖാരി, മുസ്ലിം).
സദസ്സില്‍ നിന്നു ഒരാളെ എഴുന്നേല്‍പ്പിച്ചു തല്‍സ്ഥാനത്തിരിക്കാന്‍ പാടില്ല. രണ്ടു പേരുടെ ഇടയില്‍ അവരുടെ സമ്മതമില്ലാതെ കയറി ഇരിക്കാനും പാടില്ല. സഭാമധ്യത്തില്‍ കയറി ഇരിക്കുന്നതും അഭികാമ്യമല്ല. സദസ്സിന്റെ മധ്യത്തില്‍ കയറിയിരിക്കുന്നവരെ നബി (സ്വ) ശപിച്ചതായി ഹുദൈഫഃ (റ) ഉദ്ധരിച്ചിട്ടുണ്ട്. വഴിയില്‍ സദസ്സു സംഘടിപ്പിച്ചു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാന്‍ പാടില്ല. വഴികളും റോഡുകളും യാത്രക്കുള്ളതാണ്. യാത്രക്കാരെ വിഷമിപ്പിക്കും വിധം അവിടെ ഇരിക്കാവതല്ല. അവരെ ഉപദ്രവിക്കാത്ത വിധം വിശ്രമത്തിനോ ഇടപാടിനോ മറ്റു വല്ല ആവശ്യത്തിനോ അവിടെ ഇരിക്കാവുന്നതാണ് (തുഹ്ഫ 6/216).
ഒരു സ്ഥലത്ത് ആദ്യം സ്ഥലം പിടിച്ചവനാണ് അതിന്റെ ഉപയോഗാവകാശം. ഒരേ സമയം ഒരേ സീറ്റില്‍ രണ്ടാളെത്തിപ്പെടുകയും അവര്‍ തമ്മില്‍ തര്‍ക്കിക്കുകയും ചെയ്താല്‍ നറുക്കിട്ടാണു പ്രശ്നം പരിഹരിക്കേണ്ടത്. വിശ്രമം തുടങ്ങിയ നൈമിഷിക ആവശ്യത്തിന് ഒരാള്‍ സ്ഥലം പിടിച്ചാല്‍ അവിടം വിടുന്നതോടെ അയാളുടെ അവകാശം നഷ്ടമാകും. ഇടപാടിനോ ജോലിക്കോ സ്ഥലം പിടിച്ചാല്‍ ആ തൊഴിലുപേക്ഷിക്കുകയോ അല്ലെങ്കില്‍ സ്ഥലമാറ്റം നടത്തുകയോ ചെയ്യുന്നുവെങ്കില്‍ അതോടെ അയാളുടെ അവകാശം നഷ്ടമാകും. ഒരാള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരിടം അയാള്‍ തല്‍ക്കാലം വിട്ടു പോയാല്‍ തിരിച്ചു വന്നാലും ഉപയോഗാവകാശമുണ്ടാകും. അയാള്‍ അവിടം കയ്യൊഴിക്കുകയോ അയാളുടെ വേര്‍പാട് ദീര്‍ഘിക്കുകയോ ചെ യ്താല്‍ മാത്രമേ അയാളുടെ അവകാശം നഷ്ടപ്പെടുകയുള്ളൂ (തുഹ്ഫ 6/218).
പള്ളിയില്‍ ഒരാള്‍ ഫത്വ കൊടുക്കുന്നതിനോ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനോ മതവിദ്യാഭ്യാസം നല്‍കുന്നതിനോ ഒരു സ്ഥലം പതിവാക്കിയാല്‍ അവിടെ അയാള്‍ക്ക് ഉപയോഗാവകാശം ഉണ്ടായിരിക്കും (തുഹ്ഫ 6/219). തനിക്കുമാത്രം ഉപകാരപ്പെടുന്ന ഖുര്‍ആന്‍ പാരായണം, ദിക്റ്, നി സ്കാരം എന്നിവക്കു വേണ്ടി പള്ളിയില്‍ ഒരു സ്ഥലം ഒരാള്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ ആരാധന കഴിയുന്നതുവരെ മാത്രമേ അവിടെ അയാള്‍ക്ക് അവകാശം ഉണ്ടായിരിക്കുകയുള്ളൂ. വല്ല ആവശ്യത്തിനു വേണ്ടിയും പുറത്തു പോയാല്‍ തിരിച്ചു വരുമ്പോള്‍ ആ ആരാധനക്കു വേണ്ടി ആ സ്ഥലം ഉപയോഗപ്പെടുത്തുവാനുള്ള മുന്‍ഗണനാവകാശം അവനുണ്ട്. അതു കൊണ്ട് അ വന്റെ അനുവാദമോ സംതൃപ്തി പ്രതീക്ഷയോ ഇല്ലാതെ അവന്റെ അവകാശമറിയാവുന്ന വല്ല ഒരാളും അവിടെയിരിക്കുന്നതു ഹറാമാണ്. പക്ഷേ, നിസ്കാരത്തിനു സമയമാവുകയും അണികള്‍ നിലയുറപ്പിക്കുകയും ചെയ്താല്‍ അവന്‍ തിരിച്ചെത്തിയില്ലെങ്കില്‍ ആ വിടവ് നികത്താവുന്നതാണ്. എന്നാല്‍ അവന്‍ സ്വന്തമായി ആരാധനക്ക് വേണ്ടി ഇരുന്നിടത്തു നിന്ന് അകാരണമായി പുറപ്പെടുകയോ അല്ലെങ്കില്‍ തിരിച്ചുവരണമെന്ന ഉദ്ദേശ്യമില്ലാതെ കാരണത്തിനു വേണ്ടി പുറപ്പെടുകയോ ചെയ്താല്‍ അവന്റെ അവകാശം നിരുപാധികം നഷ്ടപ്പെടും (തുഹ്ഫ 6/219 – 222).
ഒരു സദസ്സില്‍ പങ്കെടുത്താല്‍ അവിടെ കണ്ടതോ കേട്ടതോ ആയ സകല കാര്യങ്ങളും വിവേചനമില്ലാതെ റിപ്പോര്‍ട്ടു ചെയ്യാന്‍ പാടില്ല. രഹസ്യങ്ങളോ ദോഷകരമായ കാര്യങ്ങളോ ശ്ളീലേതരങ്ങളായ സംഗതികളോ റിപ്പോര്‍ട്ടു ചെയ്യാന്‍ പാടില്ല. അതു വിശ്വാസ്യതക്കു നിരക്കാത്തതാണ്. സദസ്യന്‍ വിശ്വസ്തനായിരിക്കണമെന്നാണ് പ്രവാചകരുടെ അധ്യാപനം. എന്നാല്‍ സമൂഹത്തിനോ വ്യക്തികള്‍ക്കോ ദോഷകരമായ ഒരു തീരുമാനമോ സംസാരമോ കേള്‍ക്കാന്‍ ഇടയായാല്‍ അതു റിപ്പോര്‍ട്ടു ചെയ്തില്ലെങ്കില്‍ അപകടം വരുമെന്നു കണ്ടാല്‍ പുറത്തു പറയേണ്ടതാണ്. ഉദാഹരണത്തിന് അന്യായമായി ഒരാളെ വധിക്കാനോ അല്ലെങ്കില്‍ ഒരു സ്ത്രീയെ വ്യഭിചരിക്കാനോ അതുമല്ലെങ്കില്‍ ഒരാളുടെ ധനം പിടിച്ചെടുക്കാനോ ഒരു സദസ്സില്‍ രഹസ്യാലോചനയുണ്ടായി. ഇതു പുറത്തു പറഞ്ഞില്ലെങ്കില്‍ മേല്‍ പ്രശ്നങ്ങള്‍ സംഭവിക്കും എന്നു കണ്ടാല്‍ ആ വിവരം വെളിപ്പെടുത്തുന്നത് വിശ്വാസ്യതക്ക് വിരുദ്ധമല്ല. റസൂല്‍ (സ്വ) പറയുന്നു: ‘സദസ്സുകളുടെ മേന്മ സദസ്യരുടെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കുന്നു. മൂന്നു സഭകളൊഴിച്ച്. നിഷിദ്ധ രക്തം ഒഴുക്കാന്‍ തീരുമാനിച്ച സദസ്സ്, വ്യഭിചാരത്തിനു തീരുമാനമെടുത്ത സഭ, അന്യായമായി മറ്റൊരാളുടെ ധനം പിടിച്ചടക്കാന്‍ ആലോചന നടത്തിയ സദസ്സ്’ (അബൂദാവൂദ്).
സദസ്സുകളില്‍ പലപ്പോഴും അറിഞ്ഞോ അറിയാതെയോ അഭംഗിയായ പ്രവര്‍ത്തനങ്ങളോ അനഭികാമ്യമായ സംസാരങ്ങളോ നടന്നേക്കാം അതിനു പ്രായശ്ചിത്തം നടത്തിയതിനു ശേഷം മാത്രമേ സദസ്സു പിരിയാവൂ. എന്താണു പ്രായശ്ചിത്തം? അതു ദിക്റോ സ്വലാത്തോ അതു രണ്ടും കൂടിയോ നടത്തുകയാണ്.
നബി (സ്വ) പറയുന്നു: ‘ഒരാള്‍ ഒരിടത്തിരുന്നു. എന്നിട്ട് അല്ലാഹുവിനെ പ്രകീര്‍ത്തനം നടത്താതെ എഴുന്നേറ്റു പോയാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു അധിക്ഷേപം അവനുണ്ടാകാതിരിക്കില്ല’ (അബൂദാവൂദ് 4835). വല്ല സമൂഹവും ഒരു സദസ്സിലിരുന്ന് അല്ലാഹുവിനു ദിക്റ് ചെയ്യുകയും അവരുടെ പ്രവാചകന്റെ മേല്‍ സ്വലാത്തു നടത്തുകയും ചെയ്യാതെ സ്ഥലം വി ട്ടാല്‍ അവര്‍ക്ക് അതിന്റെ തിക്തഫലം ഉണ്ടാകാതിരിക്കില്ല. അവനുദ്ദേശിക്കുന്നുവെങ്കില്‍ അവരെ ശിക്ഷിക്കും. അവനുദ്ദേശിക്കുന്നുവെങ്കില്‍ അവര്‍ക്കു പൊറുത്തു കൊടുത്തെന്നും വരും (തിര്‍മുദി).