സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 29 December 2014

സൃഷ്‌ടികളെ കൊണ്ട്‌ സത്യംചെയ്യല്‍

ചോദ്യം: ഇസ്‌ലാമിക വിശ്വാസ പ്രകാരം സ്രഷ്‌ടാവായ അല്ലാഹുവിനോടല്ലാതെ സത്യം ചെയ്യാന്‍ പാടില്ലെന്ന്‌ ഖുര്‍ആന്‍ മുഖേനയും ഹദീസ്‌ മുഖേനയും വ്യക്തമായതാണ്‌. എന്നാല്‍ കേരളത്തിലെ സുന്നീ വിഭാഗം എന്ന്‌ അവകാശപ്പെടുന്നവര്‍ അല്ലാഹുവിനോടല്ലാതെ സത്യം ചെയ്യല്‍ ഹറാം മാത്രമാണെന്നു വാദിക്കുന്നു. ഇബ്‌നു ഉമര്‍(റ) വില്‍ നിന്നു നിവേദനം. കഅബയാണ്‌ സത്യം എന്ന്‌ ഒരാള്‍ പറയുന്നത്‌ അദ്ദേഹം കേട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നീ അല്ലാഹുവിനെകൊണ്ടല്ലാതെ സത്യം ചെയ്യരുത്‌. നിശ്ചയം വല്ലവനും അല്ലാഹു അല്ലാത്തവരെ കൊണ്ട്‌ സത്യം ചെയ്‌താല്‍ അവന്‍ കാഫിറായി. അല്ലെങ്കില്‍ ശിര്‍ക്കു ചെയ്‌തു എന്ന്‌ നബി(സ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌(തുര്‍മുദ്‌ 3252) ഇതേ കാര്യം അബൂദാവൂദ്‌ 3252 ലും തുര്‍മുദി 1535 ലും വന്നിട്ടുണ്ട്‌. ശിര്‍ക്കിനെയും കുഫ്‌റിനെയും കേവലം ഹറാമാക്കി ചിത്രീകരിക്കുന്ന സുന്നീ മുസ്‌ല്യാക്കന്മാരേ… നിങ്ങളാണോ അഹ്‌ലുസുന്നത്തിന്റെ വക്താക്കള്‍?
ഉത്തരം: പറയുന്ന വിഷയം ഗൗരവപ്പെട്ടതാണന്ന്‌ അറിയിക്കാനാണ്‌ സാധാരണ സത്യം ചെയ്യാറുള്ളത്‌. അതിനു സ്രഷ്‌ടാവിനെ തന്നെ സാക്ഷിയായി പറയുന്നതാണ്‌ ഉചിതം. അതിനു പകരം ഒരു വിശ്വാസി ഏതെങ്കിലുമൊരു സൃഷ്‌ടി കൊണ്ട്‌ സത്യം ചെയ്‌താല്‍ അത്‌ കൊണ്ടു മാത്രം അയാള്‍ ശിര്‍ക്കിന്റെയോ കുഫ്‌റിന്റെയോ വക്താവായി മാറുന്നില്ല. ഒരു പ്രവര്‍ത്തികൊണ്ട്‌ മാത്രം ശിര്‍ക്ക്‌ സംഭവിക്കുകയുമില്ല. വിശ്വാസമാണ്‌ ശിര്‍ക്കിന്റെയും തൗഹീദിന്റെയും മാനദണ്ഡം. അതുകൊണ്ടു തന്നെ അല്ലാഹുവില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന ഒരു മുസ്‌ലിം കഅ്‌ബയാണേ സത്യം, പള്ളിയാണേ സത്യം, നബി തങ്ങളാണേ സത്യം… എന്നിങ്ങനെ ഏതെങ്കിലും സൃഷ്‌ടികളെ കൊണ്ട്‌ സത്യം ചെയ്‌താല്‍ അത്‌ ശിര്‍ക്കോ കുഫ്‌റോ ആകുന്നില്ല.
അല്ലാഹു അല്ലാത്തവയെ കൊണ്ട്‌ സത്യം ചെയ്യല്‍ ഹറാമാണെന്നു പോലും മുസ്‌ലിം പണ്ഡിത ഭൂരിപക്ഷത്തിനു അഭിപ്രായമില്ല. പിന്നെയല്ലേ ശിര്‍ക്ക്‌! അത്‌ കറാഹത്താണെന്ന പക്ഷത്താണ്‌ ഭൂരിപക്ഷ ഉലമാക്കളും. അതു തന്നെ ബോധപൂര്‍വമല്ലാതെ സ്വാഭാവികമായി പറഞ്ഞുപോയതാണങ്കില്‍ കറാഹത്തുമില്ലെന്നാണ്‌ അവര്‍ വിധി പറഞ്ഞിട്ടുള്ളത്‌. ചുരുക്കം ചിലര്‍ ഹറാമാണെന്ന വിധിയും പുറപ്പെടുവിച്ചിട്ടുണ്ട്‌. അല്ലാഹു അല്ലാത്തവരെ കൊണ്ടുള്ള സത്യം ശിര്‍ക്കോ കുഫ്‌റോ ആണെന്നു ധരിക്കാനിടയുള്ള ചോദ്യത്തില്‍ ഉദ്ധരിക്കപ്പെട്ട ഹദീസ്‌ മുന്നില്‍ വെച്ചു തന്നെയാണവര്‍ ഈ വിധി പറഞ്ഞിട്ടുള്ളത്‌. അല്ലാഹുവിനോട്‌ കാണിക്കേണ്ട ബഹുമാനാദരവുകളും കീഴ്‌വണക്കവും കാണിക്കാന്‍ സത്യം ചെയ്യപ്പെടുന്ന സൃഷ്‌ടികള്‍ അര്‍ഹരാണെന്ന വിശ്വാസത്തോടെ സത്യം ചെയ്യുമ്പോള്‍ മാത്രമേ ശിര്‍ക്കും കുഫ്‌റും സംഭവിക്കുകയുള്ളൂ എന്നും അത്തരം സത്യങ്ങളെ കുറിച്ചാണ്‌ നടേ ഉദ്ധരിക്കപ്പെട്ട ഹദീസകളിലെ പരാമര്‍ശങ്ങളെന്നും പ്രസ്‌തുത ഹദീസ്‌ വിശദീകരിച്ച പണ്ഡിതന്മാരെല്ലാം ഏകകണ്‌ഠമായി അഭിപ്രായപ്പെട്ടതാണ്‌. ശിര്‍ക്കു കുഫ്‌റ്‌ ആരോപണങ്ങളുടെ ആചാര്യനായ ഇബ്‌നു തീമിയ്യ പോലും സൃഷ്‌ടികളെ കൊണ്ട്‌ സത്യം ചെയ്യല്‍ ശിര്‍ക്കാണെന്നോ കുഫ്‌റാണെന്നോ വാദിക്കുന്നില്ല. തന്റെ ഫതാവയില്‍ പ്രസ്‌തുത ഹദീസ്‌ നിരത്തി വെച്ചു ഹറാമാണെന്നും കറാഹത്താണെന്നുമുള്ള രണ്ടു വീക്ഷണങ്ങളും ഉദ്ധരിച്ചു ഹറാമിനു പ്രാബല്യം നല്‍കുകയാണദ്ദേഹം.
അപ്പോള്‍ ഒരു മുസ്‌ലിം അല്ലാഹു അല്ലാത്തവരെ കൊണ്ട്‌ സത്യം ചെയ്യുന്നതുകൊണ്ട്‌ ശിര്‍ക്ക്‌ സംഭവിക്കുകയില്ലെന്ന വാദം കേരളത്തിലെ സുന്നീ മുസ്‌ലിയാക്കളുടേത്‌ മാത്രമല്ല. ഇമാം ശാഫിഈ, ഇമാം നവവി, ഇമാമുല്‍ ഹറമൈന്‍ തുടങ്ങിയ ദീനിന്റെ ഇമാമുകളൊന്നടങ്കം തുറന്നു പറഞ്ഞതും ഇബ്‌നു തീമിയ്യ മുതല്‍ സയ്യിദ്‌ സാബിഖ്‌ വരെയുള്ള ബിദഈ ആചാര്യന്മാര്‍ അംഗീകരിച്ചതുമാണത്‌. അതിനു വിരുദ്ധമായി ഈ ഹദീസിനെ അക്ഷരാര്‍ത്ഥത്തില്‍ ആരെങ്കിലും ആയുധമാക്കിയ പ്രാമാണിക പണ്ഡിതരാരെങ്കിലുമുണ്ടെങ്കില്‍ വിമര്‍ശകര്‍ അത്‌ ചൂണ്ടികാണിക്കണം. ശിര്‍ക്ക്‌, കുഫ്‌ര്‍ എന്നിങ്ങനെയുള്ള പരാമര്‍ശം കാണുമ്പോഴേക്ക്‌ അഹ്‌ലുസുന്നത്തിനെതിരെ വാളോങ്ങുന്നവര്‍ കാളപെറ്റെന്ന്‌ കേള്‍ക്കുമ്പോഴേക്ക്‌ കുട്ടിയെ കെട്ടാന്‍ കയറെടുക്കുന്നവരുടെ നിലപാടാണിവിടെ സ്വീകരിക്കുന്നത്‌.