സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 15 December 2014

സ്വയം മഹത്വപ്പെടുത്താമോ


ചില വിഷയങ്ങള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്പോഴും അനുഭവങ്ങള്‍ പങ്കുവെക്കുന്പോഴുമെല്ലാം പലപ്പോഴും സ്വന്തം ഗുണഗണങ്ങള്‍ എടുത്തു പറയേണ്ടി വരികയും തന്‍റെ പ്രത്യേകതയും സവിശേഷതയും മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടി വരികയും ചെയ്യുന്നു. ഇതു തെറ്റാണെന്നും സ്വന്തം മഹത്വം മറ്റുള്ളവരോട് വിളന്പാന്‍ പാടില്ലെന്നും ചിലര്‍ പറയുന്നു. ഇതില്‍ ഏതാണ് ശരിയെന്ന് വിവരിച്ചു തരാന്‍ താല്‍പര്യപ്പെടുന്നു.

= ഒരാള്‍ തന്‍റെ ഗുണഗണങ്ങള്‍ എപ്പോഴും എടുത്തു പറയുന്നതും സ്വയം പ്രശംസിക്കുന്നതും അഭിലഷണീയമല്ല. 'നിങ്ങള്‍ ആത്മ പ്രശംസ നടത്താതിരിക്കുക' (ഖുര്‍ആന്‍ 53/32) എന്നാണ് അല്ലാഹുവിന്‍റെ ആജ്ഞ. മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രൗഢി നടിക്കാനും ഔന്നത്യം സ്ഥാപിക്കാനും സ്വന്തം സവിശേഷത ബോധ്യപ്പെടുത്താനും ശ്രമിക്കുന്നത് ആക്ഷേപാര്‍ഹമായ കാര്യം തന്നെയാണ്.

എന്നാല്‍ ഇത്തരം ലക്ഷ്യങ്ങളൊന്നുമില്ലാതെ മതപരമായ നന്മ മുന്നില്‍ കണ്ടുകൊണ്ട് ഒരാള്‍ സ്വന്തം ഗുണഗണങ്ങള്‍ എടുത്തു പറയുന്നതും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതും ആക്ഷേപാര്‍ഹമായ കാര്യമല്ല. അധ്യാപകന്‍ , മതപ്രബോധകന്‍ , ഉപദേഷ്ടാവ്, മദ്ധ്യസ്ഥന്‍ , രക്ഷകര്‍ത്താവ്... മുതലായവര്‍ക്ക് പലപ്പോഴും സ്വന്തം സവിശേഷതകള്‍ എടുത്തു പറയേണ്ടി വരും. ആത്മ പ്രശംസക്കു വേണ്ടിയല്ലാതെ മറ്റുള്ളവര്‍ മാതൃകയാക്കാനും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമാണ് അത്തരം കാര്യങ്ങള്‍ പറയുന്നതെങ്കില്‍ അത് തെറ്റല്ല, അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. അല്ലാഹു നല്‍കിയ അത്തരം അനുഗ്രഹങ്ങള്‍ എടുത്തു പറയുന്നതിനെ ഖുര്‍ആന്‍ അംഗീകരിക്കുന്നുണ്ട്. 'നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ കുറിച്ച് നീ സംസാരിക്കുക' (ഖുര്‍ആന്‍ 93/11). ഉദാഹരണത്തിന് പരസ്പരം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന രണ്ടു വ്യക്തികള്‍ക്കിടയില്‍ മധ്യസ്ഥനായിറങ്ങിയ മഹല്ലുകാരണവര്‍ , അവര്‍ക്കിടയില്‍ രമ്യതയുണ്ടാക്കാന്‍ വേണ്ടി അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ എന്‍റെ അഭിപ്രായം ഈ നാട്ടിലെ ആരും ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. നിങ്ങളായിട്ട് ഇനി ഇതു തിരസ്കരിക്കരുത് എന്നു പറയുന്നു. ഈ വാക്ക് കക്ഷികളില്‍ സൃഷ്ടിക്കുന്ന സ്വീകാര്യത വളരെ പ്രധാനമാണ്. ഇതുപോലുള്ള ഘട്ടങ്ങളില്‍ സ്വന്തം സവിശേഷത പറയുന്നത് അനുവദനീയമാണ്. ഇതിനു ശക്തി പകരുന്ന ചില തെളിവുകള്‍ ഇമാം നവവി(റ) അദ്കാറി (238-239) ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ചിലതു കാണുക.

1. നബി(സ) പറഞ്ഞു : കള്ളമല്ല, ഞാന്‍ പ്രവാചകനാണ്, മനുഷ്യമക്കളുടെ നായകന്‍ ഞാനാണ്, ഭൂമിയില്‍ നിന്ന് ആദ്യമായി പുനര്‍ജനിക്കുന്നതും ഞാന്‍ തന്നെ, നിങ്ങളില്‍ വെച്ച് അല്ലാഹുവിനെ കുറിച്ച് ഏറ്റവും അറിയുന്നവനും ഭക്തിയുള്ളവനും ഞാനാണ്. എന്‍റെ രക്ഷിതാവിന്‍റെ അടുക്കലാണ് ഞാന്‍ രാപാര്‍ക്കുന്നത്...

2. യൂസുഫ് നബി(അ) ഈജിപ്ഷ്യന്‍ രാജാവിനോട് പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയുടെ ഖജനാവുകളുടെ അധികാരം ഏല്‍പ്പിക്കൂ. തീര്‍ച്ചയായും ഞാന്‍ ഏറെ വിവരമുള്ളവനും സൂക്ഷിക്കാന്‍ അറിയുന്നവനുമാകുന്നു. (ഖുര്‍ആന്‍ 12/55)

3. വിപ്ലവകാരികള്‍ ഖലീഫ ഉസ്മാന്‍ (റ) ന്‍റെ വീട് ഉപരോധിച്ച സമയത്ത് അദ്ദേഹം അവരോട് പറഞ്ഞു : ആരെങ്കിലും തബൂക്കിലേക്കു യുദ്ധത്തിനു പുറപ്പെടാന്‍ ആയുധങ്ങളില്ലാതെ കഷ്ടപ്പെടുന്ന സൈന്യത്തിന് യുദ്ധ സാമഗ്രികള്‍ നല്‍കിയാല്‍ അവനു സ്വര്‍ഗ്ഗമുണ്ടെന്ന് നബി(സ) പറഞ്ഞപ്പോള്‍ ഞാനായിരുന്നില്ലേ അവര്‍ക്കു വേണ്ട സാമഗ്രികള്‍ ഒരുക്കിക്കൊടുത്തത്. വെള്ളമില്ലാതെ കഷ്ടപ്പെടുന്ന മദീനക്കാര്‍ക്ക് ആരെങ്കിലും റോമയുടെ കിണര്‍ വാങ്ങിക്കൊടുത്താല്‍ അവനു സ്വര്‍ഗ്ഗമുണ്ടെന്നു നബി(സ) പറഞ്ഞപ്പോഴും ഞാനായിരുന്നില്ലേ ആ കിണര്‍ വിലകൊടുത്തു വാങ്ങി സമൂഹത്തിനു സമര്‍പ്പിച്ചത് ? (ബുഖാരി).

4. കൂഫക്കാര്‍ സഅദ്ബിന്‍ അബീവഖാസിനെ കുറിച്ച് ഖലീഫാ ഉമറിനോട് പരാതിപ്പെടുകയും അദ്ദേഹത്തിന്‍റെ നിസ്കാരത്തെ വിമര്‍ശിക്കുകയും ചെയ്തപ്പോള്‍ സഅദ് (റ) പറഞ്ഞു : അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അന്പെയ്ത്തു നടത്തിയ പ്രഥമ അറബിയാണ് ഞാന്‍ (ബുഖാരി, മുസ്‍ലിം).

5. അലി(റ) പറഞ്ഞു : അല്ലാഹുവാണേ സത്യം, നബി(സ) എന്നോട് വാഗ്ദാനം ചെയ്തിട്ടുണ്ട് : സത്യവിശ്വാസികള്‍ മാത്രമേ എന്നെ സ്നേഹിക്കൂ. കപട വിശ്വാസികള്‍ മാത്രമേ എന്നോട് ദേഷ്യപ്പെടുകയുള്ളൂ. (മുസ്‍ലിം).

6. ഇബ്നു മസ്ഊദ് (റ) ഒരിക്കല്‍ പ്രസംഗിച്ചു : നബി(സ)യുടെ വിശുദ്ധ വായയില്‍ നിന്നു എഴുപതില്‍പരം സൂറത്തുകള്‍ നേരിട്ടു സ്വീകരിച്ചവനാണു ഞാന്‍ . പ്രവാചക ശിഷ്യന്മാരില്‍ ഖുര്‍ആനിനെ കുറിച്ച് ഏറ്റവും കൂടുതല്‍ അറിവുള്ളവനും ഉത്തമനും ഞാനാണെന്നു സ്വഹാബികള്‍ക്കറിയാം. എന്നെക്കാള്‍ അറിവുള്ള മറ്റാരെങ്കിലും ഉണ്ടെന്ന് എനിക്കു വിവരം ലഭിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ തേടി യാത്ര പുറപ്പെടും (ബുഖാരി)
ആത്മ പ്രശംസ പൊതുവെ വെറുക്കപ്പെട്ടതാണെങ്കിലും ചില സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും അത് അനുവദനീയമാണെന്ന് ഈ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം.