സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 14 December 2014

പ്രാവുകളി

പ്രാവുകളെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്‍ട്. അവയില്‍ പലതും അനുവദനീയമാണ്. ചിലതു അനനുവദനീയവും. മുട്ടകള്‍ക്കും കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാനും നേരമ്പോക്കിനുമെല്ലാം പ്രാവുകളെ വളര്‍ത്തുന്നതു സാധാരണമാണ്. സന്ദേശങ്ങള്‍ വഹിച്ചുകൊണ്‍ടു പോകുന്നതിനും അപൂര്‍വമായി അവയെ ഉപയോഗിക്കാറുണ്‍ട്. ന്യൂസിലാന്റില്‍ ഒരു കാലത്ത് എയര്‍ മെയിലായി കത്തുകള്‍ അയക്കാന്‍ പ്രാവുകളെ ഉപയോഗിച്ചിരുന്നു. ഓക്ലാന്റ് ദ്വീപില്‍ നിന്നും അകലെയുള്ള ഹെന്‍ ദ്വീപിലേക്ക് കത്തുകള്‍ കൊണ്‍ടുപോയിരുന്നത് പ്രാവുകളായിരുന്നു. ഇത്തരം ഉപയോഗങ്ങളും അവയ്ക്കായി പ്രാവുകളെ വളര്‍ത്തുന്നതും അനുവദനീയമാണ്. ശാഫിഈ മദ്ഹബിലെ പ്രാമാണിക പണ്ഢിതനായ ഇബ്നുഹജര്‍ ഹൈതമിയുടെ പ്രസ്താവന കാണുക:
മുട്ടകള്‍ക്കോ, കുഞ്ഞുങ്ങള്‍ക്കോ, നേരമ്പോക്കിനോ, കത്തുകള്‍ വഹിക്കുന്നതിനോ വേണ്‍ടി പ്രാവുകളെ വളര്‍ത്തുന്നത് അനുവദനീയമാണ്. അതില്‍ കറാഹത്തുപോലുമില്ല എന്ന് ശൈഖ് റാഫിഇയും ശൈഖ് നവവിയും പറഞ്ഞിട്ടുണ്‍ട്. എന്നാല്‍ പ്രാവുകളെ പറത്തിച്ചു കളിക്കുന്നതും മത്സരം നടത്തുന്നതും കറാഹത്താണെന്നതാണ് പ്രബലമായ അഭിപ്രായം. പണം വെച്ചാണെങ്കില്‍ മത്സരം നിഷിദ്ധവുമാണ്. അതിലേര്‍പ്പെട്ടവര്‍ സാക്ഷിക്ക് അയോഗ്യരാവുകയും ചെയ്യും. സന്ദേശങ്ങള്‍ വഹിക്കാന്‍ പ്രാവുകളെ ഉപയോഗിക്കുന്നത് അനുവദനീയമാകയാല്‍ അതിനു പരിശീലന പഠനങ്ങള്‍ നല്‍കി അവയെ സജ്ജമാക്കാന്‍, അവയെ ഉപയോഗിച്ചുകൊണ്‍ടുള്ള വിനോദവും മത്സരവും അനുവദനീയമാണ്, കറാഹത്തില്ല എന്ന അഭിപ്രായം ദുര്‍ബലമാണ്. കാരണം പരിശീലനത്തിനു പറത്തിക്കല്‍ മതി, കളിയോ പന്തയമോ വേണ്‍ട (കഫ്ഫുറആഅ്, പേജ്: 79).
ഇമാം അദ്റഈ (റ) പറയുന്നു: കത്തുകള്‍ വഹിച്ചുകൊണ്‍ടു പോകുന്നതിന് വേണ്‍ടി പ്രാവുകളെ വളര്‍ത്തുന്നതു രാജാക്കന്‍മാരുടെയും അവരുടെ പ്രതിനിധികളുടെയും ആവശ്യമാണ്. സാധാരണക്കാരുടെ ആവശ്യമല്ല. അപ്പോള്‍ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്ന പ്രബലമായ അഭിപ്രായം, പ്രാവുകളെ പറത്തിച്ചു കളിക്കുകയോ മത്സരം നടത്തുകയോ ചെയ്യുന്നവന്‍ – അത് പണം വെക്കാതെയാണെങ്കിലും ശരി – സാക്ഷിക്ക് അയോഗ്യനാവും എന്നതാണ്. കാരണം ഇക്കാലഘട്ടത്തില്‍ സാര്‍വത്രികമായ സമ്പ്രദായപ്രകാരം ജനങ്ങളില്‍ താണ നിലവാരക്കാരും, ലജ്ജയുടെ വസ്ത്രം അഴിച്ചുമാറ്റിയവരും മാത്രമാണ് ആ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത്. മാത്രമല്ല, പറത്തിച്ചു കളിക്കാനുള്ള ഇനമല്ല, സന്ദേശവാഹികളായി ഉപയോഗിക്കുന്നത്. വിനോദപ്രാവുകള്‍ വീടന്തരീക്ഷത്തെയോ നാടന്തരീക്ഷത്തെയോ വിട്ടു പുറത്തുപോവുക അപൂര്‍വമാണ് (പേജ് 180). ഹമ്പലി മദ്ഹബുകാരനായ ശൈഖ് മുവഫ്ഫഖ് പറയുന്നു: പ്രാവുകളെ പറത്തിച്ചുകളിക്കുന്നവന് ഒരു കാര്യത്തിനും സാക്ഷ്യം വഹിക്കാനവകാശമില്ല. അവന്റെ പ്രവര്‍ത്തനം വിഡ്ഢിത്തവും നീചവും അന്തസ്സ് കുറഞ്ഞതുമാണ്. ഈ വിനോദം അയല്‍ക്കാരെ ഉപദ്രവിക്കുക, അവരുടെ വീടുകളില്‍ എത്തിനോക്കുക, വീടുകളെ കല്ലെറിയുക എന്നീ ദോഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഒരു പ്രാവിനെ പിന്തുടരുന്ന വ്യക്തിയെ നബി (സ്വ) കാണാനിടയായി. തദവസരം തിരുമേനി പറഞ്ഞു:
തന്റെ പിശാചിനെ പിന്തുടരുന്ന പിശാച് (അഹ്മദ്, അബൂദാവൂദ്, ഇബ്നുമാജ, കഫ്ഫ് 180).
ശൈഖ് അബൂ ഇസ്ഹാഖ് ശീറാസി പറയുന്നു: പ്രാവു മത്സരത്തിന്റെ വിധിയില്‍ രണ്‍ടഭിപ്രായമുണ്‍ട്. ഒന്ന്, പണം വെച്ച്, പന്തയ സ്വഭാവത്തില്‍ പാടില്ല. ഇതാണ് ഇമാം ശാഫിഈ (റ) ഖണ്ഢിതമായി പറഞ്ഞിട്ടുള്ള പ്രബലാഭിപ്രായം. അസ്ത്രത്തിലും ഒട്ടകത്തിലും കുതിരയിലും മാത്രമേ പന്തയം പാടുള്ളൂ എന്ന ഹദീസാണ് അതിനു തെളിവ്. ഇത് അഹ്മദ്, അബൂദാവൂദ്, തുര്‍മുദി, നസാഈ എന്നിവര്‍ അബൂഹുറൈറ (റ) വില്‍ നിന്ന് ഉദ്ധരിച്ചിട്ടുണ്‍ട്. മാത്രമല്ല ഇതു യുദ്ധത്തിനു നേരിട്ടുപകാരപ്പെടുന്ന ഒരായുധവുമല്ല. അതുകൊണ്‍ടുതന്നെ പണം വെച്ചുള്ള പന്തയമത്സരം ഇതില്‍ പറ്റില്ല. ദുര്‍ബലമായ രണ്‍ടാം അഭിപ്രായം ഇങ്ങനെയാണ്. വാര്‍ത്തകള്‍ എത്തിച്ചുകൊടുക്കുക മുഖേന ഇതു യുദ്ധത്തിനു സഹായകമാകുന്നുണ്‍ട്. അതുകൊണ്‍ട്, കുതിരകളിലെന്നപോലെ ഇതിലും പന്തയം അനുവദനീയമാണ് (ശര്‍ഹുല്‍ മുഹദ്ദബ്, തക്മില സാനിയ 15/137).
എന്നാല്‍ ഇവിടെ രണ്‍ടഭിപ്രായമുണ്‍ടെന്നു പറഞ്ഞത് ഒരു പ്രത്യേക ഇനം പ്രാവിനെക്കുറിച്ചാണ്. അതു സാമര്‍ഥ്യവും സഹനവുമുള്ളതും കത്തുകളും സന്ദേശങ്ങളും വഹിച്ചുകൊണ്‍ട് സമുദ്രങ്ങളും മരുഭൂമികളും വനങ്ങളും താണ്‍ടിക്കടന്ന്, അസാധാരണ വേഗതയില്‍, ലക്ഷ്യസ്ഥാനത്തെത്തുന്നതുമാണ്. മുസ്ലിം ഭരണാധിപന്‍മാര്‍ക്കും സൈനിക നായകര്‍ക്കും ഈ പ്രാവുകളെ സ്വീകരിക്കുന്നതിനു പ്രത്യേക ഗോപുരങ്ങള്‍ തന്നെയുണ്‍ടായിരുന്നു. അവര്‍ സ്വന്തമായിത്തന്നെ വരുന്ന കത്തുകള്‍ വായിച്ചു, സത്വരനടപടികള്‍ സ്വീകരിക്കുമായിരുന്നു. അതുകൊണ്‍ട് ഈയിനം പ്രാവുകള്‍ക്ക് അവയുടേതായ സേവനവും സ്വാധീനവുമുണ്‍ടായിരുന്നു. അത് ഒരു വിധത്തില്‍ സൈനികായുധങ്ങളില്‍ ഒരായുധമാകുന്നു (ശര്‍ഹുല്‍ മുഹദ്ദബ,് തക്മില സാനിയ 15/41).
ചുരുക്കത്തില്‍ മുട്ടയെടുക്കുക, കുഞ്ഞുങ്ങളെ ഉണ്‍ടാക്കുക, കത്തുകള്‍ അയക്കുക, കണ്‍ടാസ്വദിക്കുക ആദിയായ അനുവദനീയ കാര്യങ്ങള്‍ക്കുവേണ്‍ടി പ്രാവുകളെ വളര്‍ത്താവുന്നതാണ്. അതു ഹറാമില്ല; കറാഹത്തുമില്ല. എന്നാല്‍ മത്സരത്തിനുപയോഗിക്കുന്നത് പണം വെച്ചു പന്തയ രൂപത്തിലാണെങ്കില്‍ ഹറാമാണ്. അല്ലെങ്കില്‍ കറാഹത്തും, അപ്രകാരം തന്നെ പ്രാവുകളെ പറത്തിച്ചു വിനോദിക്കുന്നതും കറാഹത്താണ്. കറാഹത്ത് മാത്രമേയുള്ളൂ; ഹറാമില്ല എന്നു പറഞ്ഞത് അപരരുടെ പ്രാവിനെ മോഷ്ടിക്കാതിരിക്കുമ്പോള്‍ മാത്രമാണ്. മോഷ്ടിച്ചാല്‍ ആ കളി തന്നെ ഹറാമാകും (തുഹ്ഫ, ശര്‍വാനി 9/399, 10/216). പ്രാവുകളി കറാഹത്തായതുകൊണ്‍ട്, ഉപേക്ഷിക്കുന്നതാണുത്തമം. അത് ലൂത്വ് നബി (അ) ന്റെ ശപ്ത സമുദായത്തിന്റെ സമ്പ്രദായമായിരുന്നുവെന്നും, അവര്‍ സഭകളില്‍ പരസ്യമായി ചെയ്യാറുണ്‍ടെന്ന് ഖുര്‍ആന്‍ പറഞ്ഞ നീചവൃത്തികളില്‍ അതുള്‍പ്പെടുമെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലര്‍ പറഞ്ഞിട്ടുണ്‍ട് (കഫ്ഫ് 181).
പറക്കും പ്രാവുകളെ ഉപയോഗിച്ചുകൊണ്‍ടുള്ള വിനോദം അവരുടെ ദുര്‍നടപ്പുകളില്‍ പെട്ടതായി മഹാനായ ഇബ്നു അബ്ബാസ് (റ) ഉദ്ധരിച്ചിട്ടുണ്‍ട് (സവാജിര്‍ 2/41). വിശുദ്ധ മദീനയില്‍ ആദ്യമായി പ്രകടമായ നിഷേധ കാര്യം പ്രാവുകളെ പറത്തിച്ചു കളിയും ഉണ്‍ടകള്‍ കൊണ്‍ട് പക്ഷികളെ എറിയുന്ന വിനോദവുമായിരുന്നു. അത് മൂന്നാം ഖലീഫ ഉസ്മാന്‍ (റ) ന്റെ കാലത്തായിരുന്നു. അദ്ദേഹം പ്രാവുകളെ നിരീക്ഷിക്കുവാനും ഉണ്‍ടകള്‍ ഉടച്ചുകളയുവാനും ആളെ വിട്ടു (ജമല്‍, ഹാശിയതു ശറഹുല്‍ മന്‍ഹജ് 5/380). ബനൂലൈസ് ഗോത്രത്തില്‍ നിന്നുള്ള ഒരാളായിരുന്നു അതിന് നിയുക്തനായ നിരീക്ഷകന്‍ (ഖിലാഫ റാശിദഃ 15).
ഒരു കാര്യം വളരെ വ്യക്തം. പ്രാവ് എന്നത് ഒരുദാഹരണമാണ്. വിനോദാവശ്യത്തിനു സൂക്ഷിച്ചുവെക്കുന്ന എല്ലാ ജീവികളും ഇപ്രകാരം തന്നെയാണ് (കഫ്ഫ് 180). അപ്പോള്‍ പണം വെച്ചു പന്തയ സ്വഭാവത്തില്‍ കളിക്കുകയോ, ജീവിയെ പീഢിപ്പിക്കുകയോ, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുകയോ, അന്യരുടേത് മോഷണം നടത്തുകയോ ചെയ്തുകൊണ്‍ടുള്ള വിനോദം ഏതു ജീവി ഉപയോഗിച്ചും ഹറാമാണ്. ഇത്യാദി ഹറാമുകളൊന്നുമില്ലെങ്കില്‍ കറാഹത്തുമാണ്. കളിപ്പിക്കാനല്ലെങ്കില്‍ വളര്‍ത്തുന്നതും സൂക്ഷിക്കുന്നതും അനുവദനീയമാണ്. ഹറാമുമില്ല, കറാഹത്തുമില്ല. അത് ആനന്ദത്തിനും നേരമ്പോക്കിനുമാണെങ്കിലും.