സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 27 December 2014

നബിദിനം

ഇമാം സുയൂഥി(റ)എഴുതുന്നു : “മൌലിദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചു കൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലുണ്ടായ സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെ യ്യുക, ജനനത്തില്‍ സംഭവിച്ച അല്‍ഭുതങ്ങളെടുത്തു പറയുക എന്നിവയാണ്…. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം കൊണ്ട്  സന്തോഷിക്കലുമുളള തുകൊണ്ട് ”(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 181, ശര്‍വാനി വാ: 7, പേ:422)
ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറയു ന്നു. “നബി ദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍  അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖു ര്‍ആന്‍ പാരായണം, അന്നദാനം, ധാനധര്‍മ്മങ്ങള് ‍, പ്രവാചകകീര്‍ത്ത നങ്ങള്‍, മനസ്സുകള്‍ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തിവിടുന് നതുമായ ആത്മീയോപദേശങ്ങള്‍  തുടങ്ങിയവയില്‍ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട് ടതുമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 196).
ഇമാം സുയൂഥി(റ)യില്‍ നിന്ന് ഇസ്മാഈലുല്‍ ഹിഖ്വി(റ)പറയുന് നു.” നബി (സ്വ)യുടെ ജന്മ ദിനത്തില്‍ നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും ” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).
ഇസ്മാഈലുല്‍ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍  പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കു ന്നു. നബി ദിനാഘോഷവും അതിനു വേണ്ടി  ജനങ്ങള്‍ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).

ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍ , ദാനധര്‍മ്മങ്ങള്‍  ‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു  ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും  കുറിക്കുന്നവയാണ് . ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്‍ത്തനങ്ങള്‍  അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23).
മൌലിദിന് വിരോധമില്ല , അത് റബീഉല്‍ പന്ത്രണ്ടിന് തന്നെയാവുന്നതാണ് കുഴപ്പം… നബിദിന വിരോധികള്‍ അവസാനം എത്തി നില്‍ക്കുന്നതവിടെയാണ്.
ഹാഫിള് ഇബ്നു ഹജറി (റ)ല്‍ നിന്ന് ഇമാം സുയൂത്വി ഉദ്ധരിക്കുന്നത് കാണുക : “അനുഗ്രഹമായ നബി (സ്വ) യുടെ ജന്മം നിമിത്തമുള്ള അനുഗ്രഹത്തേക്കാള്‍ മറ്റെന്തൊരു അനുഗ്രഹമാണുള്ളത്. അതിനാല്‍ നബി (സ്വ) യുടെ ജന്മദിനം തന്നെ (ആഘോഷത്തിന്) പ്രത്യേകം പരിഗണിക്കേണ്ടതാണ്. പ്രസ്തുത ദിവസം പരിഗണിക്കാതെ വന്നാല്‍ മാസത്തിലെ ഏത് ദിവസത്തിലുമാകാം’ (ഫതാവാ സുയൂത്വി 1/196).
അല്‍ ഫുതൂഹാതുല്‍ ഇലാഹിയ്യ: എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം കാണാം. ആഘോഷത്തിന് പകലിനേക്കാള്‍ നല്ലത് രാത്രിയാണ്. അവയില്‍ തന്നെ ശ്രേഷ്ടം നബി തങ്ങള്‍ ജനിച്ച രാവാണ്. നബിദിനാഘോഷത്തിന്റെ സാധുതയില്‍ പണ്ഢിതന്മാര്‍ക്ക് ശങ്കയില്ല. അത് എപ്പോള്‍ എങ്ങനെ ആഘോഷിക്കണമെന്നാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. മൌലീദാഘോഷം ഇസ്ലാമികമായിരിക്കണം. നല്ലതിന്‍റെ പേരില്‍ വ്യാജന്മാര്‍ വിലസുന്ന കാലമാണിത്. അനിസ്ലാമിക കാര്യങ്ങള്‍ വന്നു കൂടുതരുത്.
അന്നിഅ്മത്തുല്‍ കുബ്റാ അലല്‍ ആലം ഫീ മൌലിദി സയ്യിദി വുല്‍ദി ആദം” എന്ന മൌലീദ് ഗ്രന്ഥത്തില്‍ മൌലിദിന്റെ ആധികാരികതയും പോരിശയും വിവരിച്ച് ഇബ്നു ഹജറുല്‍ ഹൈതമി (റ) എഴുതുന്നു.
അബൂബക്കര്‍ സിദ്ദീഖ്(റ) പറയുന്നു… “നബി(സ)യുടെ മൌലിദ് പാരായണത്തിനു വേണ്ടി ഒരു ദിര്‍ഹം ആരെങ്കിലും ചെലവഴിച്ചാല്‍ അവര്‍ സ്വര്‍ഗത്തില്‍ എന്റെ കൂട്ടുകാരനായിരിക്കും…”
ഉമര്‍(റ) പറയുന്നു… “നബി(സ)യുടെ മൌലിദിനെ വല്ലവരും ആദരിച്ചാല്‍ അവര്‍ ഇസ്ലാമിനെ ജീവിപ്പിച്ചു…”
ഉസ്മാന്‍(റ) പറയുന്നു… “നബി (സ)യുടെ മൌലിദ് പാരായണത്തിനു വേണ്ടി ഒരു ദിര്‍ഹം ആരെങ്കിലും ചെലവഴിച്ചാല്‍ അവര്‍ ബദര്‍ യുദ്ധത്തിലും ഹുനൈന്‍ യുദ്ധത്തിലും പങ്കെടുത്തതുപോലെയായി…”
അലി (റ) പറയുന്നു… “നബി (സ)യുടെ മൌലിദിനെ ആദരിക്കുകയും അത് പാരായണം ചെയ്യാന്‍ കാരണക്കാരാവുകയും ചെയ്യുന്നവര്‍ വിശ്വാസത്തോടെയല്ലാതെ ദുനിയാവില്‍ നിന്ന് പുറപ്പെടുകയില്ല. വിചാരണ കൂടാതെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും…”
ഹസന്‍ ബസ്വരി (റ) പറയുന്നു…. “ഉഹ്ദ് മലയോളം സ്വര്‍ണം എനിക്കുണ്ടാവുകയും അതു മുഴുവനും നബി (സ)യുടെ മൌലിദ് പാരായണത്തിനു വേണ്ടി ചചെലവഴിക്കുകയും ചെയ്യുന്നതിനെ ഞാനാഗ്രഹിക്കുന്നു…”
ജുനൈദുല്‍ ബാഗ്ദാദി (റ) (വഫാത്ത് ഹിജറ 298) പറയുന്നു… “നബി (സ)യുടെ മൌലിദില്‍ പങ്കെടുക്കുകയും അതിന്റെ സ്ഥാനത്തെ ആദരിക്കുകയും ചെയ്താല്‍ ഈമാന്‍ കൊണ്ട് അവന്‍ വിജയിച്ചിരിക്കുന്നു…”
മഅറൂഫുല്‍ കര്‍ഖി (റ)(വഫാത്ത് ഹിജറ 200) പറയുന്നു… “നബി (സ)യുടെ മൌലിദ് പാരായണത്തിനു വേണ്ടി ഭക്ഷണം തയ്യാര്‍ ചെയ്യുകയും സഹോദരന്മാരെ സംഘടിപ്പിക്കുകയും നബി (സ)യുടെ മൌലിദിനെ ആദരിച്ച് പ്രകാശം പരത്തുകയും പുതു വസ്ത്രം ധരിക്കുകയും സുഗന്ധ ദ്രവ്യം പുകയ്ക്കുകയും സുഗന്ധം പൂശുകയും ചെയ്താല്‍ അന്ത്യ ദിനത്തില്‍ അല്ലാഹു അവനെ പ്രവാചകന്മാരോടു കൂടെ ഒരുമിച്ചു കൂട്ടുന്നതും സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനത്ത് അവനെത്തുന്നതുമാണ്…”
ഇമാം ഫഖ്റുദ്ദീന്‍ റാസി (റ) പറയുന്നു…. “ഉപ്പ്, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ മേല്‍ നബി (സ)യുടെ മൌലിദ് ഏതൊരു വ്യക്തി പാരായണം ചെയ്താലും അതിലും അത് കലര്‍ത്തുന്ന വസ്തുക്കളിലും ബറക്കത്ത് പ്രകടമാകുന്നതാണ്. അത് ഭക്ഷിച്ചവന് അല്ലാഹു പൊറുത്തു കൊടുക്കുന്നതു വരെ അത് സ്ഥിരമാവുകയില്ല. നബി (സ)യുടെ മൌലിദ് പാരായണം ചെയ്ത വെളളം കുടിച്ചവരുടെ ഹൃദയത്തിലേക്ക് 1000 പ്രകാശങ്ങളും 1000 റഹ്മത്തുകളും പ്രവേശിക്കുന്നതും 1000 ആമങ്ങളും രോഗങ്ങളും അവന്റെ ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്നതുമാണ്. ഹൃദയങ്ങള്‍ മരിക്കുന്ന സമയത്ത് ആ ഹൃദയങ്ങള്‍ മരിക്കുന്നതുമല്ല. വെളളി സ്വര്‍ണ്ണ നാണയങ്ങളുടെ മേല്‍ നബി (സ)യുടെ മൌലിദ് പാരായണം ചെയ്യുകയും മററു നാണയങ്ങളുമായി അതിനെ കലര്‍ത്തുകയും ചെയ്താല്‍ അവയില്‍ ബറക്കത്തുണ്ടാകുന്നതാണ്. നബി (സ)യുെട ബറക്കത്തു കൊണ്ട് അത് കൈവശമുളളവന്‍ ദരിദ്രനാവുകയോ അവന്റെ കൈ കാലിയാവുകയോ ചെയ്യുന്നതല്ല”…
ഇമാം ശാഫിഈ (റ) പറയുന്നു… “വല്ലവരും നബി (സ)യുടെ മൌലിദിനു വേണ്ടിസഹോദരന്മാരെ സംഘടിപ്പിക്കുകയും ഭക്ഷണം തയ്യാറാക്കുകയും അതിനായി പ്രത്യേക സ്ഥലം സജ്ജീകരിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും മൌലിദ് പാരായണത്തിന് കാരണക്കാരനാവുകയും ചെയ്താല്‍ അന്ത്യ ദിനത്തില്‍ അല്ലാഹു അവരെ സ്വിദ്ദീഖുകളുടെയും ശുഹദാക്കളുടെയും സ്വാലിഹീങ്ങളുടെയും കൂടെ ഒരുമിച്ച് കൂട്ടുന്നതും അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതുമാണ്…”
സിര്‍രീ സിഖ്ത്വീ (റ)(വഫാത്ത് ഹിജറ 251) പറയുന്നു… നബി (സ)യുടെ മൌലിദ് പാരായണം ചെയ്യപ്പെടുന്ന സദസ്സ് ലക്ഷ്യം വെച്ച് വല്ലവരും പുറപ്പെട്ടാല്‍ സ്വര്‍ഗത്തോപ്പുകളില്‍ നിന്നുളള ഒരു തോപ്പ് അവര്‍ ലക്ഷ്യം വെച്ചിരിക്കുന്നു. കാരണം നബി (സ)യെ പ്രിയം വെച്ചതിന്റെ പേരിലാണല്ലോ അവന്‍ ആ സ്ഥലം ലക്ഷ്യം വെച്ചത്. “എന്നെ പ്രിയം വെക്കുന്നവര്‍ എന്റെ കൂടെ സ്വര്‍ഗത്തിലായിരിക്കും” എന്ന് നബി (സ) പ്രസ്താവിച്ചിട്ടുണ്ടല്ലോ…
ശമാഇലിന്റെ വിശദീകരണ ഗ്രന്ഥമായ വസാഇലില്‍ ഇമാം സുയൂത്വി (റ) പറയുന്നു. “നബി (സ)യുടെ മൌലിദ് പാരായണം ചെയ്യപ്പെടുന്ന വീട്ടിലും പളളിയിലും മഹല്ലിലും മലക്കുകള്‍ പൊതിയുന്നതും ആ സ്ഥലത്തുളളവര്‍ക്കു വേണ്ടി മലക്കുകള്‍ പ്രാര്‍ത്ഥിക്കുന്നതും അല്ലാഹു അവരെ അനുഗ്രഹം കൊണ്ടും പൊരുത്തം കൊണ്ടും പൊതിയുന്നതുമാണ്. നബി (സ)യുടെ മൌലിദ് പാരായണത്തിനു കാരണക്കാരായവര്‍ക്ക് വേണ്ടി ജിബ് രീല്‍ (അ), മീകാഈല്‍ (അ), അസ്റാഈല്‍ (അ) എന്നീ മലക്കുകള്‍ പ്രാര്‍ത്ഥിക്കുന്നതാണ്…”
ഇമാം സുയൂത്വി (റ) തുടരുന്നു.
“ഏതൊരു മുസ്ലിമിന്റെ വീട്ടില്‍ നബി (സ)യുടെ മൌലിദ് പാരായണം ചെയ്യപ്പെടുന്നുവോ അവന്റെ വീട്ടുകാരെ തൊട്ട് ജലക്ഷാമം, മാറാവ്യാധി രോഗങ്ങള്‍, തീ കത്തല്‍, വെളളത്തില്‍ മുങ്ങല്‍ മററ് ആപത്തുകള്‍ പരീക്ഷണങ്ങള്‍, ദേഷ്യം അസൂയ, കണ്ണേറ് കളളന്മാരുടെ ശല്യം എന്നിവ അല്ലാഹു ഉയര്‍ത്തിക്കളയുന്നതാണ്. അവന്‍ മരിച്ചു കഴിഞ്ഞാല്‍ മുന്‍കര്‍ – നകീര്‍ (അ)ന്റെ ചോദ്യം അവന് അല്ലാഹു എളുപ്പമാക്കിക്കൊടുക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ അവന് ഉന്നത സ്ഥാനം ലഭിക്കുന്നതുമാണ്…”

ഇതെല്ലാം ഉദ്ധരിച്ച ശേഷം ഇബ്നു ഹജര്‍ (റ) തങ്ങള്‍ തന്റെ അന്നിഅ്മത്തുല്‍ കുബ്റാ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുളളത് കാണുക…”നബി(സ)യുടെ മൌലിദിനെ ആദരിക്കാനുദ്ദേശിക്കുന്നവര്‍ക്ക് നാം ഈ പറഞ്ഞ കാര്യങ്ങള്‍ എമ്പാടും മതി. നബി(സ)യുടെ മൌലിദിനോട് ആദരവില്ലാത്തവര്‍ക്ക് ഭൂമി നിറയെ തെളിവുകള്‍ പറഞ്ഞാലും അവരുടെ ഹൃദയം നബി(സ)യെ സ്നേഹിക്കുന്നതില്‍ അനങ്ങുകയുമില്ല. നമ്മെയും നിങ്ങളെയും അല്ലാഹു നബി(സ)യുടെ സ്ഥാനം മനസ്സിലാക്കി അവരെ ആദരിക്കുന്നവരിലും നിഷ്കളങ്കമായി നബി(സ)യെ സ്നേഹിക്കുന്നവരിലും ഉള്‍പ്പെടുത്തുമാറാകട്ടെ.ആമീന്‍.”(അന്നിഅ്മത്തുല്‍ കുബ്റാ 7-12)
ഇമാം ഖസ്തല്ലാനി(റ)
“3 കാരണങ്ങളാല്‍ നബി (സ) പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമാണ്.
(1) ഈ രാത്രിയില്‍ പിറന്ന നബി (സ)ക്ക് നല്‍കപ്പെട്ട ഒന്നാണല്ലോ ലൈലത്തുല്‍ ഖദ്റ്. നബി(സ)ക്ക് നല്‍കപ്പെട്ട ഒന്നിന്റെ പേരില്‍ ആദരവുണ്ടായ രാത്രിയേക്കാള്‍ ശ്രേഷ്ഠതയുണ്ടാവേണ്ടത് ആദരവിനു നിദാനമായവരുടെ പുണ്യ ദേഹം വെളിവാകല്‍ നിമിത്തം ശ്രേഷ്ഠത കൈവരിച്ച രാത്രിക്കാണല്ലോ.. ഈ വിഷയത്തില്‍ തര്‍ക്കിക്കാന്‍ വക കാണുന്നില്ല. അതിനാല്‍ നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമാണ്.
(2) മലക്കുകള്‍ ഇറങ്ങുന്നതിനാലാണ് ലൈലത്തുല്‍ ഖദ്റിന് ശ്രേഷ്ഠതയുണ്ടായത്. ലൈലത്തുല്‍ മൌലിദിന് നബി(സ) ജനിച്ചതിനാലും.. പ്രബലമായ വീക്ഷണ പ്രകാരം മലക്കുകളേക്കാള്‍ ശ്രേഷ്ഠത നബി(സ)ക്കാണ്. അപ്പോള്‍ മലക്കുകളേക്കാള്‍ ശ്രേഷ്ഠരായ നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രി മലക്കുകളുടെ ഇറക്കം മൂലം ശ്രേഷ്ഠമാക്കപ്പെട്ട ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമായി.
(3) ലൈലത്തുല്‍ ഖദ്റിന്റെ ശ്രേഷ്ഠത ഈ ഉമ്മത്തിനു മാത്രമുളളതാണ്. നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രിയിലെ ശ്രേഷ്ഠത എല്ലാ സൃഷ്ടികള്‍ക്കുമുളളതാണ്. അതിനാല്‍ ഈ രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമായി.” (അല്മവാഹിബുല്ലദുന്നിയ്യ 1/136)
ഏതാനും മഹാന്മാരുടെ ചരിത്രം വിവരിച്ച് ഇമാം നവവി (റ) എഴുതുന്നു.
“ഈ അധ്യായത്തില്‍ വന്നവരുടെ നാമങ്ങളുമായി ബന്ധപ്പെട്ട കാര്യമാണിത്. ഈ മഹാന്മാരുടെ കാര്യത്തില്‍ ഞാന്‍ പറഞ്ഞ കാര്യം അധികപ്പററായി പോയെന്ന് പറഞ്ഞ് ഈ ഗ്രന്ഥം വായിക്കുന്നവന്‍ ഒരിക്കലും അവയെ വിമര്‍ശിക്കരുത്. അവരുടെ നാമങ്ങള്‍ പ്രകീര്‍ത്തിച്ച് അല്ലാഹുവിന്റെ റഹ്മത്തിറങ്ങലിനെ തേടാവുന്നവരാണവര്‍. വിമര്‍ശനത്തില്‍ നില കൊളളുന്നത് പരാജയത്തിന്റെ ലക്ഷണമാണ്..” (ശര്‍ഹു മുസ്ലിം-1/116)
ഹസ്സാന്‍ (റ) നബി(സ)യെ പ്രകീര്‍ത്തിക്കുകയും അതിന്റെ പേരില്‍ അദ്ദേഹത്തിനു വേണ്ടി നബി (സ) പ്രാര്‍ത്ഥിക്കുകയും ചെയ്തു. (ബുഖാരി 3531)
പ്രകീര്‍ത്തനത്തിനു വേണ്ടി ഹസ്സാനി (റ)നു മിമ്പര്‍ തയ്യാറാക്കി കൊടുക്കാന്‍ നബി(സ) നിര്‍ദേശിച്ചിരുന്നതായി ഇമാം തിര്‍മുദി (റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം. (തിര്‍മുദി 2846)
വഫാത്തായ ഖദീജാ ബീവി(റ)യെ നബി(സ) പ്രകീര്‍ത്തിക്കുകയും, അന്നദാനം നടത്തുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം. (ബുഖാരി 3816)

ഇബ്നു ഹജറുല്‍ അസ്ഖലാനി (റ)
നാം നേരത്തേ പറഞ്ഞ ഖുര്‍ആന്‍ പാരായണം, അന്നദാനം, ദാനധര്‍മ്മം, നന്മ ചെയ്യാന്‍ പ്രോല്‍സാഹനം നല്‍കുന്ന, നബി (സ)യുടെ പ്രശംസാ ഗീതങ്ങള്‍, തുടങ്ങി അല്ലാഹുവിനുളള നന്ദി പ്രകടനമായി വിലയിരുത്താന്‍ പററുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികള്‍. ആ ദിവസത്തില്‍ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ, കറാഹത്തോ, ഖിലാഫുല്‍ ഔലയോ ആയത് ഒഴിവാക്കണം”. (അല്‍ഹാവീലില്‍ ഫതാവ 1/196)..
ഇമാം മുസ്ലിം (റ) നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണുന്നു..
നബി (സ) പറയുന്നു. ഇസ്ലാമില്‍ ആരെങ്കിലും ഒരു നല്ല ചര്യ നടപ്പിലാക്കുകയും അവനു ശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്താല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനോട് തത്തുല്യമായൊരു പ്രതിഫലം അത് നടപ്പില്‍ വരുത്തിയവനും എഴുതപ്പെടുന്നതാണ്. അവരുടെ പ്രതിഫലത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയില്ല. ഇസ്ലാമില്‍ വല്ലവരും ഒരു മോശമായ ചര്യ നടപ്പാക്കുകയും അവനു ശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്താല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനോട് തത്തുല്യമായൊരു കുററം അത് നടപ്പില്‍ വരുത്തിയവനും എഴുതപ്പെടുന്നതാണ്. അവരുടെ കുററത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയില്ല. (മുസ്ലിം 4830)
ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി (റ) എഴുതുന്നു.
മറെറാരു ഹദീസില്‍ “വല്ലവരും സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍, വല്ലവരും ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍” എന്നര്‍ത്ഥം വരുന്ന പരാമര്‍ശമാണുളളത്. ഈ രണ്ട് ഹദീസുകളും നല്ല കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് സുന്നത്താണെന്നും മോശമായ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് നിഷിദ്ധമാണെന്നും വ്യക്തമാക്കുന്നു. ഒരാള്‍ ഒരു നല്ല ചര്യ നടപ്പില്‍ വരുത്തിയാല്‍ അന്ത്യ നാള്‍ വരെ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍‌ക്ക് ലഭിക്കുന്നതിനോട് തത്തുല്യമായൊരു പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്നും തെററായ ചര്യ നടപ്പില്‍ വരുത്തിയവര്‍ക്ക് അതനുസരിച്ച് അന്ത്യ നാള്‍ വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന കുററത്തോട് തത്തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. സന്മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ പ്രതിഫലത്തോട് തുല്യമായത് ലഭിക്കുമെന്നും ദുര്‍മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ ശിക്ഷയോട് തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. ആ സന്മാര്‍ഗവും ദുര്‍മാര്‍ഗവും അവന്‍ തുടങ്ങിയതാകട്ടെ, നേരത്തേയുളളതാകട്ടെ അത് വിജ്ഞാനം പഠിപ്പിക്കലോ, മര്യാദ പഠിപ്പിക്കലോ ആരാധനയോ മറേറാ ആകട്ടെ.(ശര്‍ഹു മുസ്ലിം)
ഇനി വഹാബികളുടെ ശൈഖുല്‍ ഇസ്ലാം സാക്ഷാല്‍ ഇബ്നു തൈമിയ്യ തന്നെ പറയുന്നതു കാണുക….
“ചിലര്‍ നബി(സ)യുടെ ജന്മ ദിനത്തെ ആദരിക്കുകയും, അതിനെ ഒരാഘോഷമായി കൊണ്ടാടുകയും ചെയ്യാറുണ്ട്. അവരത് ചെയ്യുന്നത് നല്ല ഉദ്ദേശ്യത്തോടെ ആയതിനാലും നബി(സ)യെ ആദരിക്കുന്നതിന്റെ ഭാഗമായതിനാലും അതിന് വലിയ പ്രതിഫലം ലഭിക്കുന്നതാണ്.” (ഇഖ്തിളാഉസ്സിറാത്വില്‍ മുസ്തഖീം. പേജ് 296)…
ചുരുക്കത്തില്‍ നബിദിനാഘോഷവും മൌലിദ് പരിപാടികളും സുന്നത്താണെന്ന് പ്രമാണബദ്ധമായി സ്ഥിരപ്പെട്ടതാണെന്നും സാക്ഷാല്‍ ഇബ്നു തൈമിയ്യ പോലും അതിന് പ്രതിഫലം ലഭിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ടെന്നും വ്യക്തമാകുന്നു…

അനുഗ്രഹങ്ങളെ പുറം കാലു കൊണ്ട് തട്ടിക്കളഞ്ഞ് നരകം ഇരന്നു വാങ്ങുന്ന പുത്തന്‍ വാദികളുടെ പ്രസ്ഥാനത്തില്‍ നിന്നും അവരുടെ ശര്‍റില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ച തമ്പുരാനേ.. നിനക്ക് ആയിരമായിരം സ്തുതികള്‍.. അല്‍ഹംദു ലില്ലാ….