സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 2 December 2014

തൗഹീദ്



മനുഷ്യസൃഷ്ടിപ്പ് മുതല്‍ അല്ലാഹു ഈ ലോകത്തേക്ക് അനേകായിരം പ്രവാചകന്‍മാരെ നിയോഗിച്ചത് അവന്റെ ‘തൗഹീദ്’ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വേണ്ടിയായിരുന്നു. വ്യത്യസ്ത ഭാഷ-ദേശങ്ങളില്‍ അവന്റെ ദൂതന്‍മാര്‍ വന്നു പറഞ്ഞതും കാണിച്ചുകൊടുത്തതും ഓരേ അടിസ്ഥാന ആശയമാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. എല്ലാവരും പഠിപ്പിച്ചതും ക്ഷണിച്ചതും ഒരേ തൗഹീദിലേക്കാണെങ്കില്‍ ആ ഒന്ന് തന്നെയാവണം നാമും മനസ്സിലാക്കേണ്ടത്. അതില്‍ അല്‍പം കൂട്ടാനോ മാറ്റാനോ ആര്‍ക്കും അധികാരമില്ല. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ലോകത്തെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് കേരളത്തില്‍ പ്രസ്തുത വിഷയം മനസ്സിലാക്കുന്നതില്‍ ചിലയാളുകള്‍ക്ക് അബദ്ധം സംഭവിക്കുകയും തെറ്റായി മനസ്സിലാക്കിയ തന്റെ വിവരക്കേട് പ്രചരിപ്പിക്കാന്‍ സംഘടനകളും മറ്റു മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 
പല ദുര്‍ബല മനസ്സും അവരുടെ വാക്കുകള്‍ക്ക് സമ്മതംമൂളി യഥാര്‍ത്ഥ തൗഹീദില്‍നിന്ന് വ്യതിചലിക്കുന്ന ഇക്കാലത്ത് പ്രവാചകര്‍ പഠിപ്പിച്ച തൗഹീദ്, മഹാന്മാരായ പണ്ഡിതന്‍മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ കുറിച്ചുവെച്ചത് അവയൊക്കെ എന്താണെന്ന് മനസിലാക്കിയാല്‍ അബദ്ധങ്ങളില്ലാതെ നമുക്ക് ഉള്‍കൊള്ളാന്‍ സാധിക്കും. സ്വന്തമായ ഗവേഷണങ്ങള്‍ ദീനീവിഷയത്തില്‍ പലപ്പോഴും തെറ്റിലേക്ക് നയിക്കാറുണ്ട്. പ്രവാചകരുടെ  അനന്തരക്കാരായ ഇമാമുകളുടെ ഗ്രന്ഥങ്ങളാണ് നമുക്ക് ആശ്രയം. അതിലൂടെയാണ് നാം യഥാര്‍ത്ഥ വഴി കാണേണ്ടത്.
എന്താണ് തൗഹീദ്?
എല്ലാ പ്രവാചകരും പഠിപ്പിച്ചതും ലോക മുസ്‌ലിംകള്‍ തൗഹീദിന്റെ കലിമയായി ഏകോപിച്ചതുമായ ഒരു വാചകമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’. തുഹഫ് 1/8-ല്‍ ഇബ്‌നുഹജറും മുഖ്തസറുല്‍ മആനി 71ല്‍ ഇമാം സഅ്ദൂദിനും തുടങ്ങിയ പല പണ്ഡിതന്മാരും ഇക്കാര്യം വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്. അപ്രകാരം കേരളത്തിലെ എല്ലാ ഇസ്‌ലാം മത പണ്ഡിതസഭകളും സംഘടനകളും അവരവരുടെ പുസ്തകങ്ങളില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിനെ തൗഹീദിന്റെ കലിമയായി പരിചയപ്പെടുത്തുന്നു. ജമാഅത്തിന്റെ പുസ്തകമായ ‘ഇസ്തിഗാസ ഇസ്‌ലാമിക വീക്ഷണത്തില്‍’ പേജ് 19ഉം മുജാഹിദിന്റെ അഞ്ചാം തരത്തിലെ പാഠപുസ്തകം (സംസ്‌കാരം) പേജ് 11, സലാം സുല്ലമിയുടെ തൗഹീദ് പുസ്തകത്തിന്റെ പേജ് 39ഉും നാം പരിശോധിക്കുമ്പോള്‍ തൗഹീദിന്റെ കലിമ എന്താണെന്നതില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നു മനസിലാകും.
പ്രസ്തുത കലിമയില്‍നിന്ന് എന്താണോ മനസിലാവുന്നത് അതായിരിക്കും യഥാര്‍ത്ഥ തൗഹീദ് എന്ന് വളരെ വേഗത്തില്‍ ഗ്രഹിക്കാവുന്നതാണ്.
നമുക്ക് തൗഹീദിന്റെ കലിമയെ ഒന്ന് പരിചയപ്പെടാം. നഫ്‌യും (നിഷേധം) ഇസ്ബാതും (സ്ഥിരീകരണം) സംയോജിച്ച് ‘ഖസ്‌റ്’ (ഹ്രസ്വം) ഉള്ള ഒരു വാചകമാണല്ലോ പ്രസ്തുത വാക്ക്. അഥവാ അല്ലാഹു അല്ലാത്തവര്‍ ഇലാഹ് അല്ല എന്ന നഫ്‌യുടെ അര്‍ത്ഥവും അല്ലാഹു ഇലാഹ് ആണെന്ന ഇസ്ബാത്തിന്റെ അര്‍ത്ഥവും സംയോജിച്ച് ഒരു വാചകം. അറബി സാഹിത്യശാസ്ത്രം ഇതിന് പറയുന്ന പേര് ഖസ്‌റു സ്വിഫത്തി അലല്‍ മൗസൂഫി (വിശേഷണത്തെ വിശേഷിപ്പിക്കപ്പെടുന്നതില്‍ പരിമിതമാക്കുക) എന്നാണ്.
കാലങ്ങളായി വന്ന പ്രവാചകര്‍ ജനങ്ങളെ ക്ഷണിച്ചതിന്റെ ആകെതുക ‘ഇലാഹ്’ എന്ന ഒരു ഗുണം പ്രപഞ്ച നാഥനാവുന്ന അല്ലാഹുവിന് മാത്രമേ സമ്മതിച്ചുകൊടുക്കാവൂ അത് മറ്റൊരു ശക്തിക്കും ഉള്ളതായി ആരും മനസിലാക്കരുത് എന്നാണ്.
അപ്പോള്‍ മാറ്റാരിലേക്കും ചേര്‍ക്കാന്‍ പറ്റാത്തതും അല്ലാഹുവിലേക്ക് ചേര്‍ക്കേണ്ടതുമായി എല്ലാ പ്രവാചകരും പഠിപ്പിച്ച ‘ഇലാഹ്’ എന്നതിനെ കുറിച്ച് നാം നന്നായി തന്നെ ഗ്രഹിക്കേണ്ടതാണ്.
ഭാഷാര്‍ത്ഥം മഅ്ബൂദ് എന്നാണെങ്കിലും ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് ‘മഅ്ബൂദുന്‍ ബി ഹഖിന്‍’ യഥാര്‍ത്ഥത്തില്‍ ഇബാദത്ത് ചെയ്യപ്പെടേണ്ടവന്‍ എന്നാണ് ഇലാഹ് എന്ന പദത്തിന് ലോക മുസ്‌ലിം പണ്ഡിതന്മാര്‍ അര്‍ത്ഥം നല്കിയിരിക്കുന്നത്. ഈ അര്‍ത്ഥത്തിലും ഒരു സംഘടനകള്‍ക്കിടയിലും അഭിപ്രായ വ്യത്യാസമില്ല എന്ന് ഒരോര്‍ത്തരുടെയും ഗ്രന്ഥങ്ങള്‍ പരതുമ്പോള്‍ ബോദ്ധ്യപ്പെടും.
അപ്പോള്‍ തൗഹീദിന്റെ കലിമ ഏതാെണന്ന വിഷയത്തിലും അതിലുള്ള ‘ഇലാഹ്’ എന്ന പദത്തിന്റെ ആശയത്തിലും ലോകത്ത് ജീവിച്ച് പോയതും ഇപ്പോള്‍ ഉള്ളവരുമായ ഒരു പണ്ഡിതനുമിടയില്‍ അഭിപ്രായ വ്യത്യാസമില്ല എന്ന കാര്യം തീര്‍ച്ചയാണ്. തൗഹീദ് മനസിലാകുമ്പോള്‍ നേര്‍ വിപരീതമായ ശിര്‍ക്ക് വേഗത്തില്‍ ഗ്രഹിക്കാനാകും. അഥവാ യഥാര്‍ത്ഥത്തില്‍ ഇബാദത്ത് ചെയ്യപ്പെടേണ്ടവന്‍ എന്ന ഗുണം അല്ലാഹു അല്ലാത്ത വല്ല ശക്തിക്കും ഉള്ളതായി അംഗീകരിക്കുക. ഈ അംഗീകാരമാണ് ശിര്‍ക്ക്. ഈ ശിര്‍ക്ക് ഉണ്ടായിരുന്ന ജനങ്ങളായിരുന്നു പല പ്രവാചകരുടെയും പ്രബോധിതര്‍.
മുകളില്‍ പറഞ്ഞ പ്രകാരമാണ് തൗഹീദും ശിര്‍ക്കുമെന്ന് ലോകത്തെ പ്രത്യേകിച്ച് കേരളത്തിലെ എല്ലാ ഇസ്‌ലാമിക പണ്ഡിതരും ഏകോപിച്ചതായത് കൊണ്ട് തദ്‌വിഷയം കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.
തൗഹീദിന്റെ വാചകം അംഗീകരിക്കുന്നവന്‍ മുവഹിദാണെങ്കിലും മുസ്‌ലിമായി, മുഅ്മിനായി പരിഗണിക്കാന്‍ പ്രവാചകരെ അംഗീകരിക്കുന്ന ഒരു വാചകം കൂടി മനസില്‍ ഉള്‍കൊള്ളേണ്ടതാണെന്ന് മനസിലാക്കുമ്പോള്‍ തൗഹീദ് അംഗീകരിക്കല്‍ കൊണ്ട് മാത്രം മതവിഷയങ്ങള്‍ ബാധകമാവുന്ന ഒരു വ്യക്തിയായി അവനെ കണക്കാക്കുകയില്ല. അഥവാ തൗഹീദ് ഉള്‍ക്കൊണ്ടാല്‍ തന്നെ അവനെ പരിഗണിക്കണമെങ്കില്‍ ദീനില്‍ ഇനിയും ചില മാനദണ്ഡങ്ങള്‍ ഉള്ളതായി പ്രത്യേകം മനസിലാക്കണം. അതുകൊണ്ടാണ് ലോകത്ത് പല ഉന്നത വ്യക്തിത്വങ്ങളും മുവഹ്ഹിദീങ്ങളാണെങ്കിലും മുസ്‌ലിമായി പരിഗണിക്കാത്തത്. ഇബാദത്ത് ചെയ്യപ്പെടേണ്ടവന്‍ എന്ന ആശയം ഉള്‍കൊള്ളാന്‍ ഇബാദത്ത് എന്താണെന്ന് മനസിലാക്കണം. പല പ്രസ്ഥാനങ്ങള്‍ക്കും തൗഹീദ് വിഷയത്തില്‍ അബദ്ധം സംഭവിച്ചത് ഇബാദത്തിനെ വിശദീകരിച്ചതില്‍ നിന്നാണ്. 23 വര്‍ഷത്തെ നബി(സ)യുടെ ജീവിതത്തില്‍നിന്നും ശേഷം വന്ന പണ്ഡിതരുടെ വിശദീകരണങ്ങളില്‍ നിന്നും ‘ഇബാദത്ത്’ നമുക്ക് ഗ്രഹഹിക്കാന്‍ കഴിയും. അതിലൂടെ തൗഹീദിനെ, അബദ്ധങ്ങളില്ലാത്ത തൗഹീദിനെ ഉള്‍കൊണ്ട് യഥാര്‍ത്ഥ പന്ഥാവിലൂടെ നമുക്ക് മുന്നേറാം.
ഇബാദത്ത്
തൗഹീദ് വിഷയത്തില്‍ മുസ്‌ലിംകളിലെ ചിലര്‍ യഥാര്‍ത്ഥ രീതിയില്‍ നിന്നു വ്യതിചലിക്കാനുള്ള കാരണം ഇബാദത്തിനെ മനസ്സിലാക്കിയതില്‍ വന്ന കുഴപ്പമാണെന്ന് നാം അറിഞ്ഞു. ഇബാദത്ത് ചെയ്യപ്പെടേണ്ടവന്‍ അല്ലാഹു മാത്രമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ലെങ്കിലും ഇബാദത്ത് എന്ത് എന്ന് മനസ്സിലാക്കുന്നതില്‍ ചിലര്‍ വഴിപിരിഞ്ഞിട്ടുണ്ട്.
ഇബാദത്ത് ചര്‍ച്ച ചെയ്യുന്ന തഫ്‌സീറിന്റെയും മറ്റ് ഏത് വിഷയത്തിന്റെയും ഗ്രന്ഥങ്ങള്‍ അന്വേഷിക്കുമ്പോള്‍ ‘അഖ്‌സാ ഗായത്തുല്‍ ഖുളൂഇ വതദല്ലുലി’ എന്നോ അതിനോട് ആശയപിന്തുണയുള്ള വാചകമോ ആണ് നമുക്ക് ലഭിക്കുന്നത്. അതോടൊപ്പം ആ നിര്‍വ്വചനങ്ങള്‍ക്ക് കേരളത്തിലെ ഒരു വിഭാഗവും വിയോജിപ്പ് പ്രകടിപ്പിച്ചതായി കാണുന്നുമില്ല. തഫ്‌സീര്‍ കശ്ശാഫ്, അബൂസഊദ്, റൂഹുല്‍മആനി, റാസി, ബഹ്മുല്‍ മുഹീഥ്വ്, ഫതഹുല്‍ ഖദീര്‍ തുടങ്ങിയ തഫ്‌സീറുകളില്‍ സൂറത്ത് ഫാത്തിഹയുടെ വിശദീകരണത്തിലും മറ്റും ഇത് വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്.
ഈ ഖുദൂഉം തദല്ലുലും മനസ്സിലാക്കി അതിന്റെ അങ്ങേയറ്റം അല്ലാഹുവിന് മാത്രമാണെന്നാണ് ഇബാദത്തിനെക്കുറിച്ച് ഗ്രന്ഥങ്ങള്‍ നമ്മോട് പറയുന്നത്.
ഈ അങ്ങേയറ്റത്തെ വണക്കം പലര്‍ക്കും മനസ്സിലായില്ല. അതിന് വേണ്ടി അവര്‍ പല പുസ്തകങ്ങളും പരതുന്നു. എന്നാല്‍, ഈ വണക്കം എന്നത് മനസ്സിന്റെ ഒരു നിലപാടായി ബുദ്ധിയുള്ള ഏതൊരുത്തനും മനസ്സിലാക്കേണ്ടതാണ്. കേവലം വാക്കുകള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ ഈ വണക്കത്തിന് സാധ്യമല്ല. സ്വന്തത്തിന്റെ പോരായ്മകളും മറ്റൊന്നിന്റെ വലിപ്പവും മനസ്സിലാകുമ്പോള്‍ ഉണ്ടാകുന്ന മനസ്സിന്റെ നിലപാട്. ഇതിന് പ്രത്യേക വാക്കോ പ്രവര്‍ത്തനമോ വേണമെന്നില്ല. ഒരു ശക്തിയുടെ ഉയര്‍ച്ചയെ കുറിച്ച് തനിക്കുണ്ടാവുന്ന ധാരണക്കനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവാം. ഒരു ശക്തിക്ക് മേലെ മറ്റൊരു ശക്തിയുണ്ടെന്ന് വിശ്വസിച്ചാല്‍ താഴെ ശക്തിക്കു മുന്നില്‍ ഏറ്റവും വലിയ വണക്കം ഉണ്ടാവുന്നില്ല. അതിന് മുന്നിലുള്ളത് വണക്കമാണെങ്കിലും ഏറ്റവും വലുത് ആവാത്തതുകൊണ്ട് ഇബാദത്ത് എന്ന് പറയാന്‍ പറ്റില്ല. അപ്പോള്‍ ഒരാള്‍ക്ക് ആരെകുറിച്ചാണോ ഏറ്റവും വലിയവന്‍ എന്ന ധാരണയുള്ളത് അവന്റെ മുമ്പിലേ ഏറ്റവും വലിയ വണക്കത്തിന് കഴിയൂ. ഈ ധാരണ ഉള്ളതിനോട് കൂടെ മറ്റൊരാളുടെ മുമ്പില്‍ ഏറ്റവും വിലയ വണക്കം അസംഭവ്യമാണ്.
ഇബാദത്തിന് ഏറ്റവും വലിയ വണക്കം എന്ന് നിര്‍വ്വചനം ഉറപ്പിച്ചാല്‍ മുകളിലെ വിശദീകരണം അറിയാന്‍ കേവലബുദ്ധി തന്നെ ധാരാളമാണ്.
ഇവിടെ പ്രത്യേകമായി മനസ്സിലാകേണ്ട ഒരു കാര്യം ഒരു ശക്തിക്കു മുന്നില്‍ ഏറ്റവും വലിയ വണക്കം പ്രകടമാണെങ്കില്‍ എല്ലാ നിലക്കും ഏറ്റവും വലുതാവണമെന്നില്ല. യാഥാര്‍ത്ഥ്യത്തിലും വലുതാവണമെന്നില്ല. അവന്റെ ധാരണ പ്രകാരം, ഏതെങ്കിലും ഒരു നിലക്കെങ്കിലും ഒരു ശക്തി വലുതാണെന്ന് വന്നാല്‍ ആ നിലക്ക് അങ്ങേയറ്റത്തെ വണക്കം ആ ശക്തിക്ക് മുന്നില്‍ പ്രകടമാവുന്നതാണ്. ആ നിലക്കുള്ള മനസ്സിന്റെ നിലപാടിനെ ഇബാദത്ത് എന്ന് പറയാവുന്നതുമാണ്.
ഇതില്‍നിന്നും ഇബാദത്ത് എന്ത് എന്ന് മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. മനസ്സിന്റെ നിലപാട് മാത്രമാണ് ഇബാദത്ത് എന്നും വാക്കുകളോ പ്രവര്‍ത്തനങ്ങളോ ഇബാദത്താവുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല  എന്നും തീര്‍ച്ചയാണ്. ഇബാദത്തിനെ വിശദീകരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളും ഇത് സമ്മതിക്കുന്നുമുണ്ട്.
ഇത്തരത്തിലുള്ള ഇബാദത്താണ് അടിമകളില്‍നിന്ന് അല്ലാഹു ആവശ്യപ്പെടുന്നത്. നമുക്ക് ബോധമുള്ള സമയമത്രയും എല്ലാനിലക്കും ഏറ്റവും വലിയ വണക്കം അല്ലാഹുവിന്റെ മുമ്പില്‍ അര്‍പ്പിക്കാന്‍ കഴിയും. പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും മുഴുസമയത്ത് കഴിയില്ലെങ്കിലും ഈ നിലപാടിലൂടെ ജീവിക്കാന്‍ പ്രയാസമില്ല. ഏത് ജോലിക്കിടയിലും പരമമായ വണക്കം അല്ലാഹുവിന് മുമ്പിലര്‍പ്പിക്കാന്‍ കഴിയുന്നത് ഇത് ഒരു മാനസിക നിലപാട് ആയതുകൊണ്ടാണ്. അതുതന്നെയാണ് ജിന്ന്, മനുഷ്യവര്‍ഗ്ഗങ്ങളെ എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല എന്ന ആയത്തും പഠിപ്പിക്കുന്നത്. ഏതെങ്കിലും ഒരു നിലക്കെങ്കിലും പരമമായി അല്ലാഹുവിന് മുമ്പിലല്ലാതെ അങ്ങേയറ്റത്തെ വണക്കം ഉണ്ടാവുന്ന നിലപാട് മനസ്സിനുണ്ടായാല്‍ ആ ശക്തിക്കാണ് അവന്‍ ഇബാദത്ത് ചെയ്തത്. ഞാന്‍ ഈ ശക്തിക്ക് ഇബാദത്ത് ചെയ്യുന്നു എന്ന ചിന്തപോലും അവന് വേണമെന്നില്ല. ഇത്തരം നിലപാടുകള്‍ ജനങ്ങള്‍ക്ക് ഉണ്ടാവാതിരിക്കാനാണ് പ്രവാചകന്മാര്‍ ശ്രമിച്ചത്. അതിനാണ് അല്ലാഹു അവരെ നിയോഗിച്ചതും.
അങ്ങേയറ്റത്തെ വണക്കമെന്ന മനസ്സിന്റെ നിലപാടാണ് ഇബാദത്ത് എങ്കില്‍ ഇതൊരു ഇന്‍ഫിആല്‍ (സ്വാഭാവികത) ആണെന്ന് വരും. അഥവാ, ഉണ്ടാവുന്ന ഒന്ന് ഉണ്ടാക്കുന്ന ഒന്നല്ല. എന്നാല്‍ ഇബാദത്ത് അങ്ങനെയാണെങ്കിലും ആ നിലപാട് മനസ്സിന് ഉണ്ടാവാന്‍ പറ്റുന്ന കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയും. ഒരു ശക്തിയെ കുറിച്ച് എത്രമാത്രം കൂടുതല്‍ നാം അറിയുന്നോ അത്രമാത്രം കൂടുതല്‍ അതിനെക്കുറിച്ചുള്ള ബോധം ഉണ്ടാവും. ആ ശക്തിയുടെ ഉയര്‍ച്ചക്കനുസരിച്ച് നമുക്ക് താഴ്മയുണ്ടാവും. ഒരു ചെറിയ കുട്ടിയും ഒരു വലിയ മനുഷ്യനും പാമ്പിനെ ഭയപ്പെടുന്നതില്‍ വ്യത്യാസമുണ്ട്. കാരണം, ചെറിയവന്‍ മനസ്സിലാക്കിയതിനേക്കാള്‍ കൂടുതല്‍ വലിയവന്‍ പാമ്പിനെ മനസ്സിലാക്കിയിട്ടുണ്ട്.
ഇപ്രകാരം അങ്ങേയറ്റത്തെ വണക്കം തന്നെ ഏറ്റവ്യത്യാസമുണ്ട്. അല്ലാഹു നമ്മില്‍നിന്ന് ആവശ്യപ്പെടുന്നത് എല്ലാ നിലക്കുമുള്ള അങ്ങേയറ്റത്തെ വണക്കമാണ്. അല്ലാഹുവിനെ കുറിച്ച് മനസ്സിലാക്കിയതിന്റെ വ്യത്യാസത്തിനനുസരിച്ച് ഈ വണക്കത്തിന് മാറ്റമുണ്ടെങ്കിലും ഓരോരുത്തരുടെയും അങ്ങേയറ്റം അഥവാ അതിനപ്പുറം ഒരു ശക്തിക്ക് കൊടുക്കാതിരുന്നാല്‍ ആ നിലപാട് ഇബാദത്തായി. അല്ലാഹുവിനെകുറിച്ച് കൂടുതല്‍ അറിഞ്ഞുണ്ടാവുന്ന വണക്കത്തിന് തിളക്കം കൂടും. അതുവഴി ഇബാദത്തിനും തിളക്കം കൂടും. അതാണ് അമ്പിയാ-ഔലിയാ-ആരിഫീങ്ങള്‍ മറ്റുള്ളവരില്‍നിന്ന് ഉയര്‍ന്നു നിന്നത്. ആബിദിന്റെ സ്ഥാനത്തേക്കാള്‍ ആലിമിന് സ്ഥാനമുണ്ടെന്ന് പ്രവാചകന്‍ പറഞ്ഞതും അതാണ്. സത്യത്തില്‍ ഈ ആലിമാണ് (പണ്ഡിതന്‍) ഏറ്റവും വലിയ ആബിദ്. അതുപോലെ ആലിമിന്റെ രണ്ട് റക്അത്ത് ജാഹിലിന്റെ 100
റക്അത്തിനേക്കാള്‍ ശ്രേഷ്ഠമെന്ന് നബിതങ്ങള്‍ പഠിപ്പിച്ചതും
അതാണ്.
അല്ലാഹുവിന്റെ മഹത്വം ഉള്‍ക്കൊള്ളുന്നതിനനുസരിച്ച് സ്വാഭാവികമായും സ്വയം താഴുന്നു.  ഈ താഴ്മയാണ് അടിമത്വം. അടിമ എന്ന അര്‍ത്ഥമുള്ള അബ്ദ് എന്ന് പറയലാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്ന നബിവചനത്തിന്റെ പ്രസക്തിയും ഇതില്‍നിന്ന് മനസ്സിലാക്കാം.
ഇപ്രകാരമുള്ള മനസ്സിന്റെ നിലപാടാണ് ഇബാദത്ത്. വാക്ക് പ്രവര്‍ത്തനങ്ങള്‍ അല്ല, എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഒരു സംശയം വരാനിടയുണ്ട്. നിസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇബാദത്ത് എന്ന് സര്‍വ്വസാധാരണയും ഫിഖ്ഹീ ഗ്രന്ഥങ്ങളിലും പറയുന്നുവല്ലോ. ഇത് മുകളിലെ വിശദീകരണത്തിന് എതിരല്ല.
അങ്ങേയറ്റത്തെ വണക്കം എന്നത് ഒരു പ്രവൃത്തിയല്ലെങ്കിലും ആ വണക്കം പ്രകടിപ്പിക്കാന്‍ അല്ലാഹു തന്നെ ചില വാക്ക്- പ്രവര്‍ത്തനങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. നിസ്‌കാരം പോലോത്ത നിര്‍ണ്ണയിക്കപ്പെട്ട പ്രവര്‍ത്തനങ്ങളും നന്മകൊണ്ട് കല്‍പിക്കല്‍ പോലോത്ത നിര്‍ണ്ണയമല്ലാത്ത പ്രവര്‍ത്തനങ്ങളും അതില്‍ ഉള്‍പ്പെടും.
അങ്ങനെ പരമമായ വണക്കമെന്ന ഇബാദത്ത് യഥാര്‍ത്ഥത്തില്‍ ഉള്ള ഒരുത്തന്റെ പ്രകടനപ്രവര്‍ത്തനങ്ങളെ വിശദീകരിക്കാന്‍ വേണ്ടി തയ്യാറാക്കിയ ഫിഖ്ഹില്‍ പലപ്പോഴും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഇബാദത്ത് എന്ന് പറയാറുണ്ട്. അതിനെ പിന്തുടര്‍ന്ന് റാസി പോലോത്തെ ചില തഫ്‌സീറുകളില്‍ ഇബാദത്തിന് ഫിഅ്‌ല് (പ്രവൃത്തി) കൊണ്ടുള്ള നിര്‍വ്വചനങ്ങള്‍ കാണാവുന്നതുമാണ്.
ഒരുത്തനില്‍നിന്ന് കര്‍മശാസ്ത്ര പണ്ഡിതന്‍ കണക്കാക്കിയ ശര്‍ഥും ഫര്‍ളും ഒരുമിച്ചുകൂടിയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ യഥാര്‍ത്ഥത്തില്‍ മനസ്സിന്റെ നിലപാടില്‍ അല്ലാഹുവിന് മുമ്പില്‍ പരമമായ വണക്കമില്ലെങ്കിലും ഇബാദത്തായി പരിഗണിക്കുന്നത്, മനസ്സില്‍ അത്തരം നിലപാടുള്ളവന്റെ പ്രവര്‍ത്തനം പോലോത്ത പ്രവര്‍ത്തനം ചെയ്തതു കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ അവന്‍ അബ്ദ് ആയിട്ടില്ല. അപ്രകാരം പ്രവര്‍ത്തനങ്ങളെ കുറിച്ച് മാത്രമേ ചര്‍ച്ച ചെയ്യൂ. കാരണം, അഫ്ആലുല്‍ മുകല്ലിഫ് ആണ്. അല്ലാഹുവിന്റെ മുമ്പില്‍ കേവലം പ്രവര്‍ത്തന-പ്രകടനങ്ങള്‍കൊണ്ട് മാത്രം രക്ഷപ്പെടുകയില്ല. ഖുഷൂഅ് എന്നതിനെ സൂഫിയാക്കള്‍ നിര്‍ബന്ധമാക്കിയതിന്റെ ഉദ്ദേശ്യവും അതാണ്. നിസ്‌കാരക്കാര്‍ക്കും നരകംകൊണ്ട് ഖുര്‍ആന്‍ തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ടല്ലോ.
ചുരുക്കത്തില്‍ ഒരു വസ്തുവിനെ കുറിച്ച് ഒരു നിലക്കെങ്കിലും ഏറ്റവും വലുതെന്ന് ധരിക്കുമ്പോള്‍ ആ വസ്തുവിന് മുന്നില്‍ മാത്രമേ ഇബാദത്ത് ഉണ്ടാവുകയുള്ളൂ. പ്രവൃത്തനത്തിന്റെ വലിപ്പച്ചെറുപ്പം കൊണ്ട് ഇബാദത്താവുകയും ആവാതിരിക്കുകയും ചെയ്യുകയില്ല.
തൗഹീദ് എന്തിന് വഭജിക്കണം?
ഇബാദത്തിന്റെ അര്‍ത്ഥം വിശാലമായി ഗ്രഹിക്കുമ്പോള്‍ നമുക്ക് തൗഹീദിന്റെ കലിമയുടെ ആശയം വേണ്ടവിധം മനസ്സിലാവും. എല്ലാ നബിമാരും വന്നത് തൗഹീദ് പ്രചരിപ്പിക്കാനാണെന്നും അവരെല്ലാം ആവര്‍ത്തിച്ചുപറഞ്ഞ ഒരു വാചകമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതും എന്നും വിസ്മരിക്കരുത്. ഞാനും എന്റെ മുന്‍പത്തെ എല്ലാ നബിമാരും പറഞ്ഞതില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ‘ലാഇലാഹ ഇല്ലല്ലാഹ്’ ആണെന്ന് നബി(സ) പറഞ്ഞതായി ഹദീസുകളില്‍ കാണാന്‍ സാധിക്കും.
ഇതില്‍നിന്ന് നമുക്ക് കിട്ടുന്നത് തൗഹീദിന്റെ കലിമ പരിപൂര്‍ണമായും തൗഹീദിന്റെ ആശയം ഉള്‍ക്കൊള്ളിക്കുന്നതാണെന്നാണ്.
ചില ഗ്രന്ഥക്കാര്‍ പറയുംപ്രകാരം തൗഹീദിന്റെ പകുതിയേയോ മൂന്നില്‍ ഒന്നിനെയോ മാത്രമല്ല പ്രസ്തുത കലിമ ഉള്‍പ്പെടുത്തുന്നത്. പരിപൂര്‍ണമായി തൗഹീദിന്റെ ‘കലിമ’ അതിന്റെ പരിപൂര്‍ണ്ണ ആശയത്തെ ഉള്‍പ്പെടുത്തും എന്ന് മനസ്സിലാക്കിയാല്‍തന്നെ പല അബദ്ധങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.
ഇബാദത്തിന്റെ ആശയം ഗ്രഹിച്ചവര്‍ക്ക് തൗഹീദിന്റെ കലിമയെ ഇപ്രകാരം മനസ്സിലാക്കാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ താഴ്മയും വണക്കവും പ്രകടിപ്പിക്കേണ്ടവന്‍ അല്ലാഹു അല്ലാതെ മറ്റൊരുമില്ല. ഈ ഒരു ആശയം അംഗീകരിക്കലാണ് തൗഹീദ്. ഏതെങ്കിലും ഒരു നിലക്കല്ലെങ്കിലും മറ്റൊരു ശക്തിക്ക് പരമമായ വണക്കം കൊടുത്താല്‍ അത് തൗഹീദിന് എതിരാണ്. അഥവാ മനസ്സിലാക്കപ്പെടുന്ന ജിഹതുകളില്‍ 99 ശതമാനത്തിലും അല്ലാഹുവിന് മുമ്പില്‍ പരമമായി വണങ്ങി ഒരു ശതമാനത്തിലെങ്കിലും മറ്റൊരു ശക്തിക്ക് പരമവണക്കം നല്‍കിയാല്‍പോലും തൗഹീദിന് എതിരാണ്. അതിനാണ് ശിര്‍ക്ക് എന്ന് പറയുക. ഇതിന്റെ വാക്കര്‍ത്ഥം സൂചിപ്പിക്കും പോലെ തന്നെ അല്ലാഹുവിന് ഏതൊരു നിലക്ക് പരമമായി വണങ്ങിയപോലെ മറ്റേതോ നിലക്ക് മറ്റാര്‍ക്കോ പരമമായി വണങ്ങുമ്പോള്‍ പരമമായ വണക്കമെന്നതില്‍ അല്ലാഹുവിന് പങ്കുകാരെയാക്കി അഥവാ ശിര്‍ക്ക് ഉണ്ടായി.
ഈ തൗഹീദും ശിര്‍ക്കും പരമമായ വണക്കത്തില്‍നിന്നാണ് വരുന്നത് എന്നും പരമമായ വണക്കമെന്നാല്‍ ഒരു ശക്തിയെ കുറിച്ച് മനസ്സിലാക്കുമ്പോള്‍ ഉണ്ടാകുന്ന മനസ്സിന്റെ നിലപാടാണെന്നും വന്നാല്‍ അത് രണ്ടും പ്രവൃത്തികളോ വാക്കുകളോ അല്ലെന്നും മനസ്സിന്റെ നിലപാടാണെന്നും ബോധ്യമാകും. അപ്പോള്‍ മൗലൂദ് ഓതുക, സഹായം ചോദിക്കുക, ഏലസ് കെട്ടുക, ചാടുക, ഓടുക തുടങ്ങിയുള്ള ഒന്നും തൗഹീദോ ശിര്‍ക്കോ അല്ലെന്നും അവകളെ കുറിച്ച് പറഞ്ഞാല്‍ വിവരമില്ലാത്തതുകൊണ്ടാണെന്നും നാം മനസ്സിലാക്കണം.
തൗഹീദിന്റെ കലിമ എങ്ങനെയാണ് പരിപൂര്‍ണമായും തൗഹീദിന്റെ ആശയത്തെ ഉള്‍ക്കൊള്ളിക്കുക, അത് ആരാധന എന്നതിനെ മാത്രമല്ലേ ഉള്‍പ്പെടുത്തൂ എന്ന ചിലയാളുകള്‍ക്കു വീണ്ടും സംശയം തോന്നാന്‍ സാധ്യതയുള്ളതു കൊണ്ട് അല്‍പംകൂടി വിശദീകരിക്കാം.
ഇലാഹ് ആയിരിക്കല്‍, മഅ്ബൂദായിരിക്കല്‍, ഏറ്റവും വലിയ വണക്കത്തിന് ബന്ധമായവനാവല്‍ എന്നെല്ലാം പറഞ്ഞാല്‍ അതിനര്‍ത്ഥം വുജൂദ്, സംഅ്, കലാം, ഹയാത്ത്, ഖല്‍ക്ക്, തദ്ബീര്‍, രക്ഷാധികാരി തുടങ്ങി ഏതെല്ലാം നിലകള്‍ (ജിഹത്) ഉണ്ടോ അവകളില്‍ എല്ലാം തന്നെ പരമമായ വണക്കത്തിന് അല്ലാഹു മാത്രമാണ് ബന്ധമായവന്‍ എന്നാണ്. ഏതിലെങ്കിലും മറ്റൊരു ശക്തിക്ക് പരമമായ വണക്കം പ്രകടിപ്പിച്ചാല്‍ അത് ഈ ഉലൂഹിയ്യത്തിന് എതിരാണ്. ശിര്‍ക്കിന്, അപ്പോള്‍ ഉലൂഹിയത്തില്‍ പങ്കാളികളില്ല എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഇപ്രകാരം വരും. ഏതെങ്കിലും ഒരു നിലക്കെങ്കിലും ഏതെങ്കിലും ഒരു വിഷയത്തിലെങ്കിലും ഏറ്റവും വലിയവനാവുക എന്ന കാര്യത്തില്‍ അല്ലാഹുവിന് പങ്കാളികളില്ല- ഇങ്ങനെ വിശ്വസിക്കലാണ് തൗഹീദ്. ഇതിന്റെ നേര്‍വിപരീതമാവുന്ന പങ്കാളികളെ വിശ്വസിക്കല്‍ ശിര്‍ക്കും. സകലമാന വിഷയത്തിലും പരമമായി വണക്കം അല്ലാഹുവിന് എന്ന ആശയം ‘കലിമ’ തന്നെ അറിയിക്കുന്നെങ്കില്‍ അതിലെ ഏതെങ്കിലും കുറച്ചില്‍ മാത്രം ‘കലിമ’യെ പരിമിതപ്പെടുത്തുകയും ആ പേരില്‍ തൗഹീദിനെ വിഭജിക്കലും കടുത്ത അജ്ഞതയില്‍ നിന്നാണെന്ന് മനസ്സിലാക്കാന്‍ ഏറെ പ്രയാസമില്ല.
തൗഹീദിനെ ഉലൂഹിയ്യ, റുബൂബിയ്യ എന്നിങ്ങനെയൊക്കെ വിഭജിക്കുന്നതിന്റെ മണ്ടത്തരം ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. കാരണം, ഉലൂഹിയ്യ എന്നു പറഞ്ഞാല്‍ തന്നെ എല്ലാ ഗുണത്തെയും ഉള്‍പ്പെടുത്തിയത് നാം മനസ്സിലാക്കി. അങ്ങനെ വിഭജിക്കുന്നതിനാലുള്ള പ്രശ്‌നം തൗഹീദിന്റെ കലിമ പരിപൂര്‍ണമായും തൗഹീദിനെ ഉള്‍പ്പെടുത്തില്ല എന്നാവും. അഥവാ പ്രവാചകര്‍ പറഞ്ഞതും പഠിപ്പിച്ചതുമായ പ്രസ്തുത കലിമ അപൂര്‍ണമാണെന്ന് വരും. ഇത് അജ്ഞതയില്‍നിന്നാണെങ്കിലും യഥാര്‍ത്ഥ തൗഹീദില്‍നിന്ന് പുറത്തു പോവാന്‍ കാരണമാവും. അങ്ങനെ വിഭജിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളെ നാം വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
എന്നാല്‍, ഇങ്ങനെ പരിപാവനമായ ഈ തൗഹീദിനെ വിഭജിച്ചവര്‍ ആരാണെന്ന് നമുക്ക് നോക്കാം.
സഊദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിച്ച് മലയാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഒരു സലഫി പുസ്തകമാണ് ‘ഇസ്‌ലാമിക വിശ്വാസം.’ അതിന്റെ 5 മുതല്‍ 10 വരെയുള്ള പേജുകളില്‍ ഇങ്ങനെയുണ്ട്: തൗഹീദ് ന്നേിനമുണ്ട്. 1) രക്ഷാകര്‍തൃത്വത്തിലുള്ള തൗഹീദ്. 2) ദിവ്യത്വത്തിലുള്ള ഏകത്വം. 3) നാമവിശേഷണത്തിലുള്ള തൗഹീദ്. അപ്രകാരം പരിശുദ്ധ കലിമ വിശദീകരിച്ച് അവര്‍ പറയുന്നത് സ്രഷ്ടാവായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. ആസ്തിക്യമുള്ളവന്‍ മറ്റാരുമില്ല തുടങ്ങിയതൊന്നും ഈ കലിമയുടെ അര്‍ത്ഥങ്ങളല്ല.
ശൈഖ് സ്വാലിഹ് ബിന്‍ ഫൗസാന്‍ എഴുതി മുഹമ്മദ് സകരിയ്യ വിവര്‍ത്തനം ചെയ്ത ‘തൗഹീദും ശിര്‍ക്കു’മെന്ന പുസ്തകത്തിന്റെ 20-ാമത്തെ പേജില്‍ പറയുന്നത് തൗഹീദിന്റെ കലിമയുടെ അര്‍ത്ഥം അല്ലാഹുവിന്റെ ആരാധ്യനിലെ ഏകത്വമാണ്. (ഈ ആരാധ്യന്‍ എന്നതിന് വിശാലമായ അര്‍ത്ഥം അവര്‍ കൊടുക്കുന്നില്ല.)
മുജാഹിദ്-ജമാഅത്ത് സംവാദം പേജ് 81-ല്‍ ഇങ്ങനെയുണ്ട്: ഇസ്‌ലാമിലെ തൗഹീദ് ആരാധനാപരമായ കാര്യങ്ങളില്‍ മാത്രം പരിമിതമല്ല. അതിന് രണ്ട് വശമുണ്ട്. 1) ആരാധ്യനായിരിക്കുക. ഇതിന് തൗഹീദില്‍ഇബാദും എന്നോ തൗഹീദുല്‍ഉലൂഹിയ എന്നോ പറയും. ഈ തൗഹീദാണ്  ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവാക്യത്തിന്റെ പൊരുള്‍. അഥവാ, തൗഹീദിന്റെ രണ്ടാം ഭാഗത്തെ പരിശുദ്ധ കലിമ ഉള്‍പ്പെടുന്നില്ല.)
അപ്രകാരം ബിദഇകളുടെ ഏത് പുസ്തകം വായിച്ചാലും പ്രസംഗം കേട്ടാലും നമുക്ക് മനസ്സിലാവുന്നത് തൗഹീദിനെ രണ്ടോ അതിലധികമോ ഭാഗങ്ങളാക്കുകയും പരിശുദ്ധ കലിമയെ അതിലൊരു ഭാഗത്തിന്റെ മാത്രം വിശദീകരണമാക്കുകയും ചെയ്യുന്നു. കടുത്ത പാപവും പൊറുക്കപ്പെടാന്‍ സാധ്യതയില്ലാത്ത വന്‍കുറ്റവുമാണ് ഇതിലൂടെ ഉണ്ടാവുന്നത്.
ഈ സാഹചര്യത്തില്‍ വിഷയഗൗരവം മനസ്സിലാക്കി യഥാര്‍ത്ഥ തൗഹീദ് ഉള്‍ക്കൊണ്ട് പരിശുദ്ധ കലിമയെ  വേണ്ടവിധം മനസ്സിലാക്കി
നാം ജീവിക്കണം.
അദ്ദുആഉ ഹുവല്‍ഇബാദഃ
നുഅ്മാനുബ്‌നു ബശീറില്‍ നിന്ന് പലവഴിക്കും റിപ്പോട്ട് ചെയ്യപ്പെട്ട ഒരു ഹദീസ്. സുന്നി-ബിദഈ സംവാദ ചര്‍ച്ചകളിലും അവരുടെ പ്രസംഗ-എഴുത്തുകളിലും ധാരാളമായി ഉപയോഗിക്കുന്ന ഒരു ഹദീസ്. അനേക ലക്ഷം സുന്നികളെ മുശ്‌രിക്കാക്കാന്‍ പലപ്പോഴും അസുന്നികള്‍ പറയാറുള്ള ഹദീസ്. ഇബാദത്തിന്റെ അര്‍ത്ഥത്തിന് തൗഹീദ് ചര്‍ച്ചയുമായി ബന്ധമുള്ളതുകൊണ്ട് പ്രസ്തുത ചര്‍ച്ചകളില്‍ ഏറെ പ്രസക്തമായ ഹദീസ് എന്നൊക്കെ വിശേഷം പറയാവുന്നതുകൊണ്ട് നമ്മുടെ ചര്‍ച്ചയുടെ പൂര്‍ത്തീകരണത്തിന് അത് സംബന്ധമായി നമുക്ക് വിശദമായി തന്നെ ചര്‍ച്ച ചെയ്യാം.
‘പ്രാര്‍ത്ഥന അത് ആരാധന മാത്രമാവുന്നു’ എന്ന് ഈ ഹദീസിനെ പരിഭാഷപ്പെടുത്തി ആരോട് പ്രാര്‍ത്ഥിച്ചാലും അത് അവര്‍ക്കുള്ള ഇബാദത്താണെന്നും അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യുകവഴി അത് ശിര്‍ക്ക് ആവുമെന്നുമാണ് ബിദഇകള്‍ പ്രചരിപ്പിക്കുന്നത്. തഫ്‌സീറിന്റെ ഗ്രന്ഥങ്ങളില്‍നിന്ന് നമ്മെ മുശ്‌രിക്കാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇബാദത്തിന് മറഞ്ഞവഴി, തെളിഞ്ഞവഴി, ദൃശ്യം, അദൃശ്യം എന്നൊക്കെ നിര്‍വചിച്ച് ഒരുകൈ കൂട ി ആ ശ്രമം നടത്തി. അതും നടക്കില്ലെന്ന് കണ്ടപ്പോള്‍ നേരെ പ്രവാചകരുടെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്തു. അതാണ് ഈ ഹദീസിനെ പുത്തന്‍ പ്രസ്ഥാനക്കാര്‍ വിശദീകരിക്കുന്നത് കാണുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത്.
ഒരു വാക്കിനും നിര്‍വചനം പറയാത്ത റസൂല്‍ ഇവിടെ മാത്രം നിര്‍വചനം പറഞ്ഞു എന്നത് കേള്‍ക്കുമ്പോള്‍ ബിദഇകളുടെ ഉള്ളിലിരുപ്പ് പെട്ടെന്ന് ഗ്രഹിക്കാവുന്നതാണ്.
ദുആ എന്നതിന് പ്രാര്‍ത്ഥന എന്ന പരിഭാഷ തന്നെ അബദ്ധമാണ്. കാരണം ‘ദുആ’ ന്റെ ഭാഷ- സാങ്കേതികാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊണ്ട് പ്രാര്‍ത്ഥന എന്ന മലയാളം വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍ അവരുടെ ഈ അബദ്ധം നമുക്ക് ബോധ്യപ്പെടും.
‘ദുആ’ന്റെ അര്‍ത്ഥങ്ങള്‍: സാന്നിദ്ധ്യത്തെ തേടുക, ഒന്നിലേക്ക് ആവശ്യമാവുക, …..നോട്  സഹായം തേടുക, …..ലേക്ക് ആഗ്രഹിക്കുക, ഖൈറിനെ തേടുക, ദോഷത്തെ തേടുക, കൊണ്ടു പേരുവെക്കുക, ഉദ്ദേശത്തിന്റെമേല്‍ പ്രേരിപ്പിക്കുക, വിശ്വാസത്തിന്റെ മേല്‍ പ്രേരിപ്പിക്കുക, അട്ടഹസിക്കുക, വിളിക്കുക. (മുഅ്ഇമുല്‍ വസ്വീത്ത്, പേജ്- 286)
സഹായം തേടല്‍, ഇബാദത്ത്, അല്ലാഹുവിനോടുള്ള ദുആക്ക് മൂന്ന് അര്‍ത്ഥം. അവന്റെ തൗഹീദ്, അവന്റെ മേല്‍ പുകഴ്ത്തുക, കരുണയെയും പൊറുക്കലിനെയും ചോദിക്കുക. ദുന്‍യാവില്‍ ഭാഗ്യത്തെ ചോദിക്കുക. (ലിസാനുല്‍  അറബ്, പേജ് 257)
തേടുക, പ്രവര്‍ത്തനത്തിന്റെ മേല്‍ പ്രേരിപ്പിക്കുക, ചോദിക്കുക, ക്ഷണിക്കുക, സഹായം തേടുക, അപ്രകാരം ഇബാദത്തിന്റെ മേലിലും തസ്മിയ്യത്തിന്റെ മേലിലും ദുആഇനെ പറയപ്പെടും. ഖുര്‍ആനില്‍ ദുആ എന്നത് പല അര്‍ത്ഥങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇബാദത്ത്, ഇസ്തിഗാസ, സുആല്‍, നിദാഅ്, സനാഅ് തുടങ്ങിയ അര്‍ത്ഥങ്ങളില്‍ ദുആ എന്ന പദത്തിനെ ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്. (ഫത്ഹുല്‍ബാരി 94, 95/11)
ദുആ എന്ന പദം ധാരാളം അര്‍ത്ഥങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇബാദത്ത്, ദോഷങ്ങളില്‍നിന്ന് ഖേദിച്ച് മടങ്ങുക, തൗഹീദ്, അടിമ തന്നെ ആവശ്യങ്ങള്‍ റബ്ബിനോട് പറയുക. (തഫ്‌സീര്‍ റാസി 86/5)
പ്രാര്‍ത്ഥന എന്ന വാക്കിന്റെ മലയാള അര്‍ത്ഥങ്ങള്‍: പ്രാര്‍ത്ഥന, അപേക്ഷിക്കല്‍, സ്തുതിക്കല്‍, യാചന. (അസ്സീസി മലയാളം നിഘണ്ടു, 664)
പ്രാര്‍ത്ഥന: ധ്യാനം, ഈശ്വരപ്രീതിക്കും മനഃശുദ്ധിക്കും ഏകാഗ്രതക്കും വേണ്ടി നടത്തുന്ന ചടങ്ങ്, അപേക്ഷ, യാചന, സ്തുതി. (അഖില വിജ്ഞാനകോശം, 782/3)
പ്രാര്‍ത്ഥന: അപേക്ഷ, യാതന, നേര്‍ച്ച, വ്യവഹാരം, സ്തുതി, ഹര്‍ജി. (ശബ്ദസാഗരം, 1742)
നാം മുമ്പ് വിശദീകരിച്ച ഇബാദത്തിന്റെ അര്‍ത്ഥം നേരിട്ടുതന്നെ ദുആക്കും കാണാവുന്നതാണ്. (ത്വിബ്‌രി 52/241, ഫത്ഹുല്‍ ബാരി 95/11, റാസി 71/2 നോക്കുക.)
‘ദുആ’, ‘പ്രാര്‍ത്ഥന’ എന്നിവയുടെ അതാതു ഭാഷാര്‍ത്ഥങ്ങളാണ് മുകളിലുള്ളത്. ഇതില്‍നിന്ന് ദുആഇനെ പ്രാര്‍ത്ഥന എന്ന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ കുഴപ്പം ഗ്രഹിക്കാവുന്നതാണ്.
അപ്രകാരം പ്രസ്തുത ഹദീസിന് വാചകത്തിന് അവര്‍ കൊടുക്കുന്ന അര്‍ത്ഥം അറബി ഭാഷാ നിയമത്തിന് എതിരാണ്. കാരണം ‘ഫസ്‌ലി’ന്റെ ‘ളമീര്‍’ ഉള്ള ഒരു വാചകമാണല്ലോ ഇത്. അത്തരം വാചകങ്ങള്‍ക്കുള്ള അര്‍ത്ഥം ‘മുസ്‌നദിനെ’ മുസ്‌നദ് ഇലൈഹി’ന്റെ മേല്‍ ചുരുക്കലാണ്. ‘സൈദുന്‍ ഹുവ ഖാഇമുന്‍’ എന്ന വാചകത്തിന്റെ അര്‍ത്ഥം ഖിയാമെന്ന ഗുണം സൈദിന് മാത്രമേയുള്ളൂ. അംറിലേക്ക് വിട്ടുകടക്കൂലാ. അല്ലാതെ സൈദിന് മറ്റൊരു ഗുണമില്ലെന്നല്ല. അഥവാ, ഖായിമ് സൈദ് മാത്രമാവുന്നു എന്നല്ല. അപ്രകാരം പ്രസ്തുത ഹദീസിന്റെ അര്‍ത്ഥം ഇബാദത്ത് ദുആ മാത്രമാവുന്നു എന്നാണ്. അല്ലാതെ ബിദഇകള്‍ പറയുംപോലെ ദുആ ഇബാദത്ത് മാത്രമാവുന്നു എന്നല്ല. ഇതില്‍നിന്ന് ഭാഷാ അടിസ്ഥാനത്തിലും അവര്‍ പറയുന്ന ആശയത്തിന് പിന്‍ബലമില്ലെന്ന് ഗ്രഹിക്കാവുന്നതാണ്.
ഇനി അവര്‍ പറയുംപ്രകാരം ദുആ ഇബാദത്താണ് എന്നാണെങ്കിലും ആരോട് ദുആ ചെയ്യുന്നു അവര്‍ക്കുള്ള ഇബാദത്ത് എന്നര്‍ത്ഥമുണ്ടാവണമെന്നില്ല. ആരോടുള്ള ദുആയും അല്ലാഹുവിനോടുള്ള ഇബാദത്താണ് എന്നും അര്‍ത്ഥമാക്കാം. അല്‍ഹംദുലില്ലാഹ് എന്നതിന് സൃഷ്ടികള്‍ സൃഷ്ടികള്‍ക്കുള്ള ഹംദും അല്ലാഹുവിനാണ് അര്‍ത്ഥം പറയാറുള്ളത് പോലെ.
ഈ ഹദീസിന് റാസി 85/5, ഫത്ഹുല്‍ബാരി 95/11 നല്‍കുന്ന അര്‍ത്ഥം ദുആ പ്രധാനപ്പെട്ട ഒരു ഇബാദത്താണ്, ഏറ്റവും സ്രേഷ്ടമായ ഇബാദത്താണ് എന്നൊക്കെയാണ്. ‘അല്‍ഹജ്ജു അറഫ’ എന്ന ഹദീസ് പോലെ. ഈ വിശദീകരണവും ബിദഈ ആശയത്തിന് എതിരാണ്.
അദ്ദുആഉ റൂഹുല്‍ ഇബാദഃ, അദ്ദുആഉ മിന്‍ഹുല്‍ ഇബാദഃ എന്നിങ്ങനെ വേറെ രണ്ടു ഹദീസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ദുആ = ഇബാദത്ത് എന്ന് വിശദീകരിച്ചാല്‍ ഈ രണ്ടു ഹദീസുകള്‍ക്ക് അര്‍ത്ഥമുണ്ടാവില്ല. കാരണം, ഒരു വസ്തുവിന്റെ മജ്ജയും ആത്മാവും ആ വസ്തു അല്ലാത്തതാണല്ലോ. തഫ്‌സീര്‍ ത്വബ്‌രി 51/24, റാസി 85/5, ഇബ്‌നു കസീര്‍ 81/4 തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ ഹദീസ് വിശദീകരിച്ച് പറയുന്നത് ഇപ്രകാരമാണ്: ‘അദ്ദുആഉ ഹുവല്‍ ഇബാദ’ എന്ന് പറഞ്ഞ ഉടനെ നബി തങ്ങള്‍ ‘സൂറത്ത് കാഫിറി’ലെ 60-ാമത്തെ സൂക്തം ഓതി ഈ സൂക്തത്തിലുള്ളത് ‘ഉദ്ഊനീ അസ്തജിബ് ലക്കും’ എന്നാണ്. ആയത്ത് ഓതുന്നതിന്റെ മുമ്പ് ഇങ്ങനെ ഒരു പ്രസ്താവനക്കുള്ള കാരണമായി റാസി 86/5 പറയുന്നത്. ഈ ആയത്തിലെ ദുആ എന്നത് ഇബാദത്തിന്റെ അര്‍ത്ഥത്തിലാണെന്ന് അറിയിക്കാനാണ്. പല അര്‍ത്ഥമുള്ള ഒരു വാക്കിനെ പ്രത്യേക ഒരു സ്ഥലത്ത് അതിലൊന്നിലെ ഒരു അര്‍ത്ഥം കൊടുക്കണമെന്ന് പറഞ്ഞതില്‍ നിന്നും ദുആ മുഴുവന്‍ ഇബാദത്താണെന്ന് കണ്ടുപിടിക്കുന്നത് വളരെ അത്ഭുതകരം തന്നെയാണ്. റാസിയുടെ ഈ വിശദീകരണം ത്വബ്‌രി 213/15-ലും മറ്റു ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്.
നബി തങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു ഹദീസില്‍ അല്ലാഹു പറഞ്ഞതായി പറയുന്നു: എന്റെ ഒരു അടിമ എന്നെ ‘സനാഅ്’ ചെയ്ത കാരണം ചോദിക്കാന്‍ മറന്നുപോയാല്‍ അവനിക്ക് ചോദിക്കുന്ന ആളുകള്‍ക്ക് കൊടുക്കുന്നതിനേക്കള്‍ ഞാന്‍ കൊടുക്കും.
ഈ ഹദീസിന്റെ വിശദീകരണമായും നമുക്ക് പ്രസ്തുത ഹദീസിനെ മനസ്സിലാക്കാം. കാരണം, ഇബാദത്തില്‍ മുഴുകിയതു കാരണംകൊണ്ട് അല്ലാഹുവിനോട് ചോദിക്കാന്‍ വിട്ടുപോയാല്‍ അവന്‍ സങ്കടപ്പെടേണ്ടതില്ല. അവന്‍ ഇതുവരെ നിലനിര്‍ത്തിപ്പോന്ന ഇബാദത്ത് അത് തന്നെയാണ് അവന്റെ ദുആയും എന്ന് പഠിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
അപ്രകാരം ഒരുകാര്യം അല്ലാഹുവിന്റെ മുമ്പിലാവുമ്പോള്‍ ഇബാദത്തായി എന്നതുകൊണ്ട് മറ്റാരുടെ മുമ്പിലും ഇബാദത്താവണമെന്നില്ല. ഉദാഹണം: നിസ്‌കാരത്തില്‍ നിര്‍ത്തവും റുകൂഉം ഇബാദത്താണ്. എന്നാല്‍ മറ്റൊരാളുടെ മുമ്പില്‍ റുകൂഅ് ഹറാമാണെങ്കിലും ഇബാദത്തോ ശിര്‍ക്കോ അല്ല. അപ്രകാരം ഒരാളുടെ മുമ്പില്‍ നില്‍ക്കല്‍ ഹറാമുമല്ല, ഇബാദത്തുമല്ല. മറ്റൊരാളുടെ മുമ്പില്‍ സുജൂദ് ചെയ്താല്‍ പോലും മതിയായ വിശദീകരണം തേടണമെന്നാണ് ഫിഖ്ഹീ കാഴ്ചപ്പാട്. ഇതില്‍ നിന്നും ദുആ അല്ലാഹുവിനാവുമ്പോള്‍ ഇബാദത്തായി എന്നതുകൊണ്ട് മറ്റൊരാളുടെ മുമ്പില്‍ ഇബാദത്ത് ആവണമെന്ന കണ്ടെത്തലിന്റെ പൊള്ളത്തരം മനസ്സിലാക്കാവുന്നതാണ്.
ഹദീസിലെ ഇബാദത്തിന് ഫിഖ്ഹില്‍ ചര്‍ച്ച ചെയ്യുന്ന വാക്ക് പ്രവര്‍ത്തനമാവുന്ന ഇബാദത്ത് എന്ന അര്‍ത്ഥം കൊടുത്ത് ഹദീസിലെ ദുആഇന് നാം മുമ്പ് വിവരിച്ച ‘അഖ്‌സാ ഗായത്തി’ന്റെ ഇബാദത്തെന്ന് അര്‍ത്ഥവും നല്‍കിയാല്‍ പ്രസ്തുത ഹദീസിനെ നമുക്ക് ഇങ്ങനെ മനസ്സിലാക്കാവുന്നതാണ്: വാക്ക്- പ്രവര്‍ത്തനമാവുന്ന ഇബാദത്തുകള്‍ പരിഗണനീയമാവണമെങ്കില്‍ മനസ്സില്‍ അങ്ങേയറ്റത്തെ താഴ്മയുണ്ടാവുകയും അതില്‍നിന്ന് ആ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്യണം.
ചുരുക്കത്തില്‍ ഈ ഹദീസ് പൊക്കിപ്പിടിച്ച് ഇബാദത്തിന്റെ അര്‍ത്ഥത്തിലും തൗഹീദിന്റെ വിശദീകരണത്തിലും പുതിയ ആശയങ്ങള്‍ കടത്തിക്കൂട്ടാന്‍ ആര്‍ക്കും കഴിയില്ലെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
മുശ്‌രിക്കുകള്‍
‘ലാ ഇലാഹ ഇല്ലല്ലാ’യെ പരിപൂര്‍ണ്ണമായി ഉള്‍കൊണ്ടാല്‍ തന്നെ പരിപൂര്‍ണ്ണ മുവഹ്ഹിദായെന്നും ആരുടെ അടുത്ത് നിന്ന് ശിര്‍ക്ക് ഉണ്ടാവുകയോ അല്ലെങ്കില്‍ ഖുര്‍ആന്‍ വല്ലവരെ കുറിച്ചും ശിര്‍ക്ക് ഉള്ളതായി പറയുകയോ ചെയ്താല്‍ അവര്‍ പരിശുദ്ധ കലിമയുടെ ആശയത്തിന് വിരുദ്ധമായ വിശ്വാസം ഉള്ളവരായിരുന്നുവെന്നും നമുക്ക് മനസ്സിലാക്കാം. അഥവാ അവര്‍ ഏതെങ്കിലും ഒരു നിലക്കെങ്കിലും പരമമായ വണക്കം അല്ലാഹു അല്ലാത്തവര്‍ക്ക് പ്രകടിപ്പിച്ചിരുന്നു. ഇതില്‍നിന്നും ഒരാള്‍ മുശ്‌രിക്കാവാന്‍ അല്ലാഹുവിനെ കുറിച്ച് യാതൊരു വിശ്വാസവും ഇല്ലാതിരിക്കണമെന്നില്ല. മറിച്ച് ശിര്‍ക്ക് എന്ന വാക്ക് അറിയിക്കും പോലെ ഏതൊക്കെ നിലക്ക് പരമമായ വണക്കം അല്ലാഹുവിന് നല്‍കുകയും മറ്റുചില നിലക്ക് അല്ലാഹു അല്ലാത്തവര്‍ക്ക് പരമമായ വണക്കം പ്രകടിപ്പിക്കുകയും ചെയ്യുന്നവന്‍ മുശ്‌രിക്കാണ് എന്ന് ഗ്രഹിക്കാവുന്നതാണ്.
ഒരാള്‍ക്ക് അല്ലാഹുവിനെ കുറിച്ച് ഖാലിഖ് ആണെന്നും അതില്‍ അവന്‍ ഏറ്റവും വലിയവനാണെന്നും അംഗീകാരം ഉണ്ടായാല്‍ അവന് ഈ വിഷയത്തില്‍ ഉണ്ടാവുന്നത് പരമമായ വണക്കം തന്നെയാണ്. മറ്റൊരു ശക്തിക്ക് ശഫാഅത്തിന് കഴിവുണ്ടെന്നും അതില്‍ ആ ശക്തി ഏറ്റവും വലിയവനാണെന്നുമുള്ള അംഗീകാരവും ഇപ്രകാരം ആ ശക്തിക്കുള്ള പരമമായ വണക്കമാണ്. അഥവാ ഒരാള്‍ അല്ലാഹു ഖാലിഖ് ആണെന്ന് അംഗീകരിക്കുന്നതോടൊപ്പം ശഫാഅത്തോ അപ്രകാരമുള്ള മറ്റു വല്ല ഗുണങ്ങളിലോ മറ്റൊരു ശക്തിയുണ്ടെന്ന് അംഗീകരിച്ചാല്‍ ഖാലിഖ് എന്ന നിലക്ക് അല്ലാഹുവിന് ഇബാദത് ഉണ്ടായി. ശഫാഅത്ത് എന്ന വിഷയത്തില്‍ ആ ശക്തിക്ക് മുമ്പിലും ഇബാദത്ത് ഉണ്ടായി. ഇത് രണ്ടും ഉലൂഹിയത്തിന്റെ പരിധിയിലാണ്. ഈ വ്യക്തി മുശ്‌രിക്കായത് ഉലൂഹിയത്താവുന്ന ഇബാദത്തില്‍ അല്ലാഹുവിന് അര്‍പ്പിച്ചപോലെ മറ്റെ ശക്തിക്കും അര്‍പ്പിച്ചു എന്നത് കൊണ്ടാണ്.
ഒരു വിഷയത്തില്‍ ഒരു ശക്തിയെക്കുറിച്ച് ഏറ്റവും വലിയവന്‍ എന്ന ധാരണ ഉണ്ടാവുന്നതോടൊപ്പം സ്വാഭാവികമായും ഉണ്ടാവുന്നതാണ് പരമമായ വണക്കം അഥവാ ഇബാദത്ത് എന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. ആ സമയത്ത് ഞാന്‍ പരമമായി വണങ്ങുന്നു എന്നൊന്നും ഇവന്‍ അറിയണമെന്നില്ല. അപ്പോള്‍ ഒരാളുടെ മുമ്പില്‍ ഇബാദത്ത് ചെയ്യണമെങ്കില്‍ അയാളുടെ വലിപ്പം അറിയുകയും അതിലപ്പുറം ഒരു ശക്തിയില്ലെന്ന് മനസ്സിലാക്കുകയും ചെയ്യലാണ്. ഇത് എല്ലാ വിഷയത്തിലും വലിയവന്‍ അല്ലാഹു ആണെന്നും അതിലൊന്നും അതിനപ്പുറം മറ്റൊരു ശക്തി ഇല്ലെന്നും വന്നാല്‍ ഉണ്ടാവുന്നതാണ് തൗഹീദ്. അങ്ങനെയുള്ള വ്യക്തിയാണ് മുവഹ്ഹിദ്. ഏതെങ്കിലും ഒരു നിലക്കെങ്കിലും മറ്റൊരു ശക്തി ഏറ്റവും വലിയവനാണെന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കും ഉണ്ടായി. ആ വ്യക്തി മുശ്‌രിക്കാവും.
ഒരാള്‍ക്ക് ഒരു വിഷയത്തിലും ഒരു ശക്തിയെ കുറിച്ച് ഏറ്റവും വലിയവന്‍ എന്ന ധാരണ ഇല്ലാതിരുന്നാല്‍ അവന്‍ മുവഹ്ഹിദല്ലാത്തതുപോലെ മുശ്‌രിക്കും അല്ല. അപ്രകാരം എല്ലാ വിഷയത്തിലും ഏറ്റവും വലിയവനായി അല്ലാഹു അല്ലാത്തവരെ അംഗീകരിച്ചതില്‍ അവനും മുശ്‌രിക്കല്ല. കാരണം മറ്റൊരു ശക്തിക്ക് മുമ്പില്‍ അവനില്‍നിന്ന് ഇബാദത്ത് ഉണ്ടായാലും ഇബാദത്തില്‍ അല്ലാഹുവിനെ പങ്ക് ചേര്‍ത്തിട്ടില്ല. ഈ രണ്ട് വിഭാഗവും കുഫ്‌റ് ചെയ്തതു കൊണ്ട് കാഫിറാണ്, മുശ്‌രിക്കല്ല. മതപരമായ നിയമങ്ങളും സ്വര്‍ഗ്ഗ-നരക പ്രവേശനം പോലോത്ത വിഷയങ്ങളിലും മുശ്‌രിക്കിനെപോലെയാണ് കാഫിറും. ഈ രണ്ട് വിഭാഗക്കാരോടും മുശ്‌രിക്കുകളോടെന്നപോലെ പ്രവാചകന്മാര്‍ പറഞ്ഞത് എല്ലാ വിഷയങ്ങളിലും നിങ്ങളും പരമമായ വണക്കം പ്രകടിപ്പിക്കേണ്ടത് അല്ലാഹുവിന് മാത്രമാവുന്നു എന്നാണ്. അപ്പോള്‍ പരിശുദ്ധ കലിമ അത്തരക്കാരുടെ മുമ്പിലും മുശ്‌രിക്കിന്റെ മുമ്പിലെന്നപോലെ പ്രസക്തമാണ്.
ഇതില്‍നിന്ന് മുസ്‌ലിമല്ലാത്തവര്‍ മുശ്‌രിക്ക്, കാഫിര്‍ എന്നീ വിഭാഗമുണ്ടെന്നും പ്രവാചകരുടെ പ്രബോധനത്തിനും പരിശുദ്ധ കലിമ ഉള്‍കൊള്ളാനുള്ള ആഹ്വാനത്തിലും ഈ രണ്ട് വിഭാഗക്കാരും സമമാെണന്നും ഗ്രഹിക്കാവുന്നതാണ്.
എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ യഥാര്‍ത്ഥ മുവഹ്ഹിദീങ്ങളാവുന്ന അഥവാ എല്ലാ വിഷയത്തിലും ഏറ്റവും വലിയവനായി അല്ലാഹുവിനെ മാത്രം മനസ്സിലാക്കിയ അവനു മുമ്പില്‍ അങ്ങേയറ്റത്തെ വണക്കം പ്രകടിപ്പിക്കുന്ന സുന്നികളെ മക്കയിലും മറ്റും ജീവിച്ച യഥാര്‍ത്ഥ മുശ്‌രിക്കുകളോട് അഥവാ പല വിഷയങ്ങളിലും അല്ലാഹു അല്ലാത്ത ശക്തികളെ ഏറ്റവും വലയവനായി മനസ്സിലാക്കിയയവരോട് ഉപമിക്കുകയും മുവഹ്ഹിദീങ്ങളെ മുശ്‌രിക്കീങ്ങള്‍ ആക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളെ ഇന്ന് കാണാന്‍ സാധിക്കുന്നു. പരിശുദ്ധ തൗഹീദിനെ വിഭജിക്കുകയും പരിശുദ്ധ കലിമയെ തൗഹീദിന്റെ അപൂര്‍ണ്ണ  കലിമയായി പരിചയപ്പെടുത്തുകയും ചെയ്തവര്‍ തന്നെയാണ് ഇതും ചെയ്യുന്നത് എന്നത് നാം മനസ്സിലാക്കണം.
സുന്നികളെ മക്കാ മുശ്‌രിക്കുകളോട് ഉപമിക്കുമ്പോള്‍ ആരായിരുന്നു മക്കാ മുശ്‌രിക്കെന്നും എന്തുകൊണ്ടാണ് അവര്‍ മുശ്‌രിക്കായത് എന്നും നാം മനസ്സിലാക്കണം. ലോകത്തും പ്രത്യേകിച്ച് മക്കയിലും ശിര്‍ക്ക് വന്ന വഴിയും ജനങ്ങള്‍ മുശ്‌രിക്കാവാനുള്ള കാരണവും വളരെ വിശദീകരിച്ച് ഇമാം റാസി തന്റെ തഫ്‌സീറിന്റെ പല ഭാഗങ്ങളിലായി ഇപ്രകാരം പറയുന്നു. അല്‍ബഖറ 22, അന്‍ആം 74, നൂഹ് 24 എന്നീ സൂക്തങ്ങളുടെ വിശദീകരണത്തിലാണ് നമുക്ക് ഇത് കാണാന്‍ കഴിയുക.
റാസി പറയുന്നു: വുജൂദ്, ഖുദ്‌റത്ത്, ഇല്‍മ്, ഹിക്മത്ത് എന്നീ വിശയങ്ങള്‍ അല്ലാഹുവിനല്ലാത്ത മറ്റൊരു ശക്തിക്ക് നല്‍കിയ ഒരാളും ഉണ്ടായിട്ടില്ല. നന്മ ചെയ്യുന്ന ഒരു ദൈവവും തിന്മ ചെയ്യുന്ന ഒരു ദൈവവുമെന്ന രണ്ടു ദൈവങ്ങളെ സനവിയ്യത്ത് വിശ്വസിച്ചു. എന്നാല്‍ അല്ലാഹുവിനല്ലാതെ ഇബാദത്ത് ചെയ്തവര്‍ ധാരാളമുണ്ട്. കൗകബുകള്‍ക്ക് ആരാധിച്ച സ്വഈബത്ത്, മസീഹിനെ ആരാധിച്ച നസ്വാറാക്കാര്‍ ബിംബാരാധന ചെയ്ത മക്കക്കാര്‍ തുടങ്ങി പലരും ആ ഗണത്തിലുണ്ട്.
ഈ നക്ഷത്രങ്ങള്‍ക്കും മസ്ഹിനും ബിംബങ്ങള്‍ക്കും ഇബാദത്ത് എടുത്തുഎന്നാല്‍ ഏതെങ്കിലും ചില വിഷയത്തില്‍ ഏറ്റവും വലിയവര്‍ ഇവരാണെന്ന ധാരണയോടെ പരമമായ വണക്കം ഉണ്ടായി എന്നാണ്.
ആ നില റാസി തന്നെ പറയുന്നു: നക്ഷത്രങ്ങളെ സൃഷ്ടിച്ചത് അല്ലാഹു ആണെങ്കിലും ഈ ലോകത്തിന്റെ മുദബ്ബിര്‍ നിയന്ത്രിക്കുന്നവന്‍ ഈ നക്ഷത്രങ്ങളാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അഥവാ തദ്ബീറുല്‍ ആലം എന്ന വിഷയത്തില്‍ ഏറ്റവും വലിയവന്‍ ഈ നക്ഷത്രങ്ങളാണെന്ന നിലക്ക് അവര്‍ ഏറ്റവും വലിയ വണക്കം പ്രകടിപ്പിച്ചത് ഈ നക്ഷത്രങ്ങള്‍ക്കായിരുന്നു. അതുകൊണ്ട് അവര്‍ നക്ഷത്രങ്ങള്‍ക്ക് ഇബാദത്ത് ചെയ്യുന്നവരായി.
ഈ നിലക്ക് തന്നെയാണ് ചിലര്‍ ബിംബാരാധന നടത്തിയതും. അഥവാ ഏതോ ഒരു നിലക്ക് ഏറ്റവും വലിയവന്‍ ഈ ബിംബങ്ങളാണെന്ന് അവര്‍ അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അതിന് മുമ്പില്‍ പരമമായി വണങ്ങി.
എന്നാല്‍, ഒരു ശക്തിയും ഇല്ലാത്ത കേവലം കല്ലുകളോ മരങ്ങളോ ആവുന്ന ഒന്നിനെ കുറിച്ച് ആരെങ്കിലും ഏറ്റവും വിലയവന്‍ എന്ന് വിശ്വസിക്കുമോ? അങ്ങനെ ആയാലല്ലേ പരമ വണക്കമെന്ന ഇബാദത്ത് ഉണ്ടാവൂ. ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും മക്കാ മുശ്‌രിക്കുകളെ കുറിച്ച് ബിംബാരാധന ചെയ്തവര്‍ എന്ന് പറയുന്നുമുണ്ടല്ലോ. അപ്രകാരം മറ്റു പല സ്ഥലങ്ങളിലും അനേകം ആളുകള്‍ ബിംബങ്ങള്‍ക്ക് ഇബാദത്ത് ചെയ്തിട്ടുമുണ്ട്. ഈ ജനങ്ങള്‍ എല്ലാം കേവല നിര്‍ജീവികളെ കുറിച്ച് ഏറ്റവും വലിയവനെന്ന ധാരണ ഉണ്ടാവല്‍ അസംഭവ്യമല്ലെ എന്നൊരു സ്വാഭാവിക സംശയം ഇമാം റാസി വിശദീകരിക്കുന്നുണ്ട്. അതില്‍നിന്ന് നാം പറഞ്ഞ പ്രകാരം അവന്‍ ബിംബങ്ങള്‍ക്ക് ഇബാദത്ത് ചെയ്തിരുന്നുവെന്ന് ഗ്രഹിക്കാവുന്നതാണ്.
ബിംബങ്ങളെ അംഗീകരിക്കാനുള്ള കാരണമായി ഇമാം റാസി പറയുന്നത് ഇപ്രകാരമാണ്: ഇലാഹുല്‍ അക്ബറിനാല്‍ സൃഷ്ടിക്കപ്പെട്ട നക്ഷത്രങ്ങളാണ് ഈ ലോകത്തെ സൃഷ്ടിച്ചതെന്നും അതിനാല്‍ നാം വണങ്ങേണ്ടത് കവാകിബ്കള്‍ക്കാണെന്നും വിശ്വസിച്ച വിഭാഗം ചില സമയങ്ങളില്‍ അവര്‍ അപ്രത്യക്ഷമാവുന്നത് കൊണ്ട് അവകളുടെ പ്രതിനിധികളായി ബിംബങ്ങള്‍
ഉണ്ടാക്കി ആരാധിക്കാന്‍ തുടങ്ങി. കാലക്രമേണ ആദ്യ അവസ്ഥ മറന്ന് കേവലം ബിംബങ്ങളെ കുറിച്ച് അങ്ങനെ വിശ്വസിച്ചു. പല ന്യായങ്ങളും പല പണ്ഡിതരും പറഞ്ഞതായും ഇമാം റാസി ഉദ്ധരിക്കുന്നുണ്ട്.
അതുപോലെ അവര്‍ ഏറ്റവും വലിയവനായി ബിംബങ്ങളെ മനസ്സിലാക്കിയ ഒരു വിഷയമായിരുന്നു ശഫാഅത്ത്. ഇവര്‍ക്ക് സ്വന്തമായി ശഫാഅത്തിന് അധികാരമുണ്ടെന്നും അതുകൊണ്ട് ഇവ ആ വിഷയത്തില്‍ ഏറ്റവും വലിയവരാണെന്നുമുള്ള ധാരണയും ഈ ബിംബങ്ങള്‍ക്ക് മുമ്പില്‍ കുമ്പിടാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. അത് അവയ്ക്കുള്ള ഇബാദത്താവുകയും ചെയ്തു. അല്ലാഹുവിന്റെ സമ്മതപ്രകാരമുള്ള ശഫാഅത്ത് നബിതങ്ങള്‍ക്കുണ്ടെന്നത് ഇജ്മാഅ് ആയതുകൊണ്ട് കേവലം ശഫാഅത്ത് മാത്രമായിരുന്നില്ല അവര്‍ വിശ്വസിച്ചത്. പകരം ഈ ശക്തികള്‍ക്ക് സ്വന്തമായി അതിന് കഴിവുണ്ടെന്ന് അവര്‍ വിശ്വസിക്കുക വഴി ഈ ബിംബങ്ങള്‍ക്ക് ഇബാദത്ത് ചെയ്തവരായി. ക്രിസ്ത്യാനികളുടെ കാര്യം അന്വേഷിക്കുമ്പോഴും നമുക്ക് മനസ്സിലാവുന്നത് നിഷിദ്ധമാക്കുക, അനുവദനീയമാക്കുക തുടങ്ങി കാര്യങ്ങളില്‍ പരമാധികാരം മതപുരോഹിതര്‍ക്ക് അവര്‍ കൊടുത്തിരുന്നു. അഥവാ ആ വിഷയത്തില്‍ ഏറ്റവും വലിയവര്‍ ഈ പുരോഹിതരാണെന്ന് അവര്‍ അംഗീകരിക്കുകവഴി അങ്ങേ അറ്റത്തെ വണക്കം പുരോഹിതര്‍ക്ക് നല്‍കി. അങ്ങനെ അല്ലാഹു അല്ലാത്തവര്‍ക്ക് അവരും ഇബാദത്ത് ചെയ്തു മുശ്‌രിക്കായി.
ലോകചരിത്രവും വിശ്വാസാചാരങ്ങളും നാം പഠിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ പ്രകാരം ആര് മുശ്‌രിക്കായാലും അവര്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിലെങ്കിലും ഏറ്റവും വലിയവനായി അല്ലാഹു അല്ലാത്തവരെ അംഗീകരിച്ചതായി കാണാന്‍ സാധിക്കും അതുകൊണ്ട് അങ്ങേയറ്റത്തെ വണക്കം മറ്റാര്‍ക്കോ ചെയ്തു ഇബാദത്തില്‍ അഥവാ ഉലൂഹിയ്യത്തില്‍ പങ്കുചേര്‍ത്തു എന്നാല്‍ മുശ്‌രിക്കായി.
ആരാണ് മുവഹ്ഹിദ്, ആരാണ് മുശ്‌രിക്ക് എന്നെല്ലാം വേണ്ടവിധം മനസ്സിലായ സ്ഥിതിക്ക് സകലമാന വിഷയങ്ങളിലും ഏറ്റവും വലിയവനായി അല്ലാഹുവിനെ ഉള്‍കൊണ്ട് അവന്റെ കല്‍പനപ്രകാരം അവന്‍ ബഹുമാനിച്ച മഹാന്മാരെയും പ്രവാചകരെയും ഔലിയാക്കളെയും ബഹുമാനിക്കുന്നു, സ്‌നേഹിക്കുന്നു എന്നതുകൊണ്ട് അത് അവര്‍ക്കുള്ള വണക്കമാണ് എങ്കിലും ഏറ്റവും വലുതാവാതെ, ഇബാദത്താവാതെ ജീവിക്കുകയും പരിശുദ്ധ തൗഹീദിന്റെ പൂര്‍ണ്ണാശയങ്ങള്‍ അതിന്റെ കലിമ തന്നെ ഉള്‍കൊള്ളിക്കുംപോലെ മനസ്സുകളും അംഗീകരിച്ച് പോരുന്ന യഥാര്‍ത്ഥ സുന്നികളെ കുറിച്ച് ശിര്‍ക്ക് ആരോപിക്കല്‍ കഠിന അബദ്ധമാണെന്ന് ഈ വിശദീകരണത്തില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്.
യഥാര്‍ത്ഥ തൗഹീദിനെ വളച്ചൊടിച്ച് പരിശുദ്ധ കലിമതു തൗഹീദ് അപൂര്‍ണ്ണമാണെന്ന് പറയുന്ന, യഥാര്‍ത്ഥ മുവഹ്ഹിദിനെ മുശ്‌രിക്കാക്കുന്ന, ഇതിന് വേണ്ടി ഖുര്‍ആന്‍ ആയത്തുകള്‍ അനാവശ്യമായി ഉപയോഗിക്കുന്ന ബിദഈ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം തടയിടേണ്ട ബാധ്യത ഏറ്റെടുത്ത് പ്രവര്‍ത്തനഗോദയിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സത്യം ഗ്രഹിക്കാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ.