ഈ ആയത്തൊന്നു വായിച്ച് നോക്കൂ.
نَبِّىءْ
عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ * وَ
أَنَّ عَذَابِي هُوَ الْعَذَابُ الأَلِيمَ (سورة الحجر 49 و
50)
“ഓ പ്രവാചകരേ, ഞാൻ അത്യധികം പൊറുക്കുന്നവനും അതീവ
ദയാലുവുമാണെന്നും എന്റെ ശിക്ഷ വേദനാജനകമാണെന്നും എന്റെ ദാസന്മാരെ അങ്ങ്
അറിയിക്കുക”( ഖുർആൻ , സൂറത്ത് ഹിജ്‌ർ 49,50)
നാം എപ്പോഴും
അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും അവന്റെ ശിക്ഷയിലുള്ള ഭയപ്പാടും ഒരേപോലെ
വെച്ച് പുലർത്തണം. തെറ്റുകളുടെ കാഠിന്യവും ബാഹുല്യവും കാരണമായി അല്ലാഹുവിന്റെ
ശിക്ഷയെക്കുറിച്ചുള്ള ഭയം മനുഷ്യനെ നിരാശനാക്കാൻ പാടില്ല. എന്നത് പോലെ തന്നെ, അല്ലാഹുവിന്റെ
കാരുണ്യത്തിലുള്ള അമിത പ്രതീക്ഷ കൃത്യവിലോപത്തിനും നിയമലംഘനത്തിനും കാരണമായിക്കൂടാ. മറിച്ച് തന്റെ സ്രഷ്ടാവായ
അല്ലാഹുവിനെ അനുസരിച്ച് ജീവിക്കാൻ ബദ്ധശ്രദ്ധകാണിക്കണം. മനുഷ്യസഹജമായി വല്ല
തെറ്റുകളും വന്ന് പോയാൽ കുറ്റബോധത്തോടെ പശ്ചാത്തപിച്ചു മടങ്ങണം. ഇതാണ്
ബുദ്ധി.
തിരു നബി صلى
الله عليه وسلم യുടെ ഒരു ഹദീസ് കാണൂ..
عَنْ شَدَّادِ بْنِ أَوْسٍ
رَضِيَ اللهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: اَلْكَيِّسُ
مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوْتِ وَالْعَاجِزُ مَنِ اتَّبَعَ
نَفْسَهُ هَوٰاهَا وَتَمَنَّى عَلَى الله. (رواه الإمام الترمذي رحمه الله رقم 2459)
ശദ്ദാദുബുനു ഔസ് رضي الله عنه
വിൽ നിന്ന് റിപ്പൊർട്ട് ചെയ്യുന്നു: തിരു നബി صلى الله عليه وسلم
പറഞ്ഞു ; “ സ്വശരീരത്തെ വിചാരണ ചെയ്തു
കീഴടക്കുകയും മരണാനന്തര സൌഭാഗ്യത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തവനാണ്
ബുദ്ധിശാലി. സ്വശരീരത്തെ അതിന്റെ ഇച്ഛക്കൊത്തു ചലിപ്പിക്കുകയും എന്നിട്ട്
അല്ലാഹുവിന്റെ പേരിൽ വ്യാമോഹം വച്ചുപുലർത്തുകയും ചെയ്തവനാണ് ദുർബലൻ”
(തുർമുദി 2742)
തന്റെയും ഈ അത്ഭുത
പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും ഉടമസ്ഥനും ആരാണ് ? ഈ പ്രപഞ്ചത്തിൽ തനിക്കുള്ള
സ്ഥാനം എന്താണ് ? എന്റെ ജീവിത ലക്ഷ്യമെന്താണ് ? മരണ ശേഷം വല്ല ജീവിതവുമുണ്ടോ ?
ഉണ്ടെങ്കിൽ അതിനു വല്ല തയ്യാറെടുപ്പും ആവശ്യമുണ്ടോ ? തന്റെ കർമ്മങ്ങൾക്ക് വല്ല
വിചാരണയും തദനുസാരം രക്ഷാ-ശിക്ഷയും ഉണ്ടോ ?
ഈ ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്താൻ
സാധിക്കാത്തവർ എത്ര വലിയ ധിഷണാശാലിയാണെങ്കിലും ഫലത്തിൽ വങ്കനാണ്. !