നബി(സ)യുടെ പിതൃവ്യ പുത്രനും ഹസ്രത്ത് അലി رضي الله عنه ന്റെ ജ്യേഷ്ട സഹോദരനുമായ ജഅഫർ رضي الله عنه ആദ്യ വിശ്വാസികളിൽ ഉൾപ്പെട്ട മഹാനായിരുന്നു. ദേഹ പ്രകൃതിയിലും സ്വഭാവത്തിലും നബി صلى الله عليه وسلم യുമായി വളരെ സാദൃശ്യമുമുള്ള ഒരാളും കൂടിയായിരുന്നു അദ്ധേഹം. സാധു സംരക്ഷണത്തിൽ അതിവ തത്പരനായതിനാൽ അബുൽ മസാകീൻ (സാധുക്കളുടെ പിതാവ് ) എന്ന് നബി صلى الله عليه وسلم അദ്ധേഹത്തെ വിളിക്കാറുണ്ടായിരുന്നു.
അബൂഹുറൈറ رضي الله عنه പറയുന്നു. ‘സാധുക്കൾക്ക് ഏറ്റവും ഉത്തമ സുഹൃത്തായിരുന്നു ഹസ്രത്ത് ജഅ്ഫർ رضي الله عنه അദ്ധേഹം ഞങ്ങളെ വീട്ടിൽ കൂട്ടിപ്പോവുകയും അവിടെയുള്ളത് ഞങ്ങളെ തീറ്റിക്കുകയും പതിവായിരുന്നു’ സത്യവിശ്വാസികൾക്കെതിരെ ഖുറൈശി കിങ്കരന്മാർ അഴിച്ചു വിട്ട മർദ്ദനങ്ങൾ കാരണമായി അബ്സീനിയയിലേക്ക് പാലായനം ചെയ്ത രണ്ടാമത്തെ സംഘത്തിൽ ജഅ്ഫർ رضي الله عنه ഉം പങ്കെടുത്തിരുന്നു.
ഹബ്ശയിൽ എത്തിച്ചേർന്ന മുസ്‌ലിം അഭയാർത്ഥികളെ തിരിച്ചയക്കാനായി ഖുറൈശികൾ നിഗശ് ചക്രവർത്തിയുടെ അടുത്ത് പാരിതോഷികങ്ങളുമായി ഒരു നിവേദക സംഘത്തെ അയക്കുകയുണ്ടായി. അവർ നടത്തിയ നിവേദനത്തെ തുടർന്ന് സ്വഹാബികളെ വിളിപ്പിച്ച് ചക്രവർത്തി വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. നിഗശ് ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് എത്തിച്ചേർന്ന അഭയാർത്ഥി സംഘത്തെ പ്രതിനിധീകരിച്ച് സംസാരിക്കാൻ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ജഅ്ഫർ رضي الله عنه നെയായിരുന്നു.
ജഅ്ഫർ رضي الله عنه കൊട്ടാരത്തിൽ പ്രവേശിച്ചത് അബ്‌സീനിയൻ ഉപചാര രീതിയായിരുന്ന സാഷ്ടാംഗ പ്രണാമത്തിനു പകരം ഇസ്‌ലാമിന്റെ സലാം ചൊല്ലിയായിരുന്നു. ശത്രുപക്ഷവും ചക്രവർത്തിയുടെ കൊട്ടാരം ഉദ്യോഗസ്ഥന്മാരും പ്രഭുക്കളും ഏകസ്വരത്തിൽ അമർഷം രേഖപ്പെടുത്തുകയും ,ഉപചാര മര്യാദ ഉപേക്ഷിച്ച ഈ പുത്തൻ പ്രസ്ഥാനക്കാരെ നിലക്ക് നിറുത്തണമെന്ന് രാജാവിനോടാവലാതിപ്പെടുകയുമുണ്ടായി.
അഭയാർത്ഥികളായി രാജകീയ സമ്മതമില്ലാതെ കുടിയേറിപ്പാർത്ത ഒരു വിഭാഗം നാട്ടചാരപ്രകാരമുള്ള ഉപചാര മര്യാദ ഉപേക്ഷിക്കുകയെന്നത് അപരിഷ്കൃതരായ ആ ജനവിഭാഗത്തിനെങ്ങിനെ ദഹിക്കും ! എന്നാൽ സാഹചര്യമോ പരീക്ഷണ ഘട്ടമോ തിരുത്തിക്കളയാത്ത സത്യവിശ്വാസത്തിന്റെ ഉടമകളായ മുഅ്മിനുകളെ പ്രതിനിധീകരിച്ച ജഅ്ഫർ رضي الله عنه ധൈര്യമവലംബിച്ചു. അല്ലാഹുവിന്റെ സലാമോടു കൂടി പ്രവേശിച്ചത് കണ്ടാശ്ചര്യപ്പെട്ട രാജാവ് ഗൌരവത്തോടു കൂടി തന്നെ അന്വേഷിച്ചു. ‘ ഇവിടുത്തെ രാജകീയ മര്യാദ പ്രകാരമുള്ള സാഷ്ടാംഗം ഉപേക്ഷിക്കാൻ കാരണമെന്താണ് ?
ഹസ്രത്ത് ജഅഫർ رضي الله عنه കൂസലന്യേ പ്രതിവചിച്ചു : “ രാജാവ് ! അല്ലാഹു ഞങ്ങൾക്ക് ഒരു റസൂലിനെ അയക്കുകയും ആ ദൂതൻ അല്ലാഹുവിനല്ലാതെ മറ്റാർക്കും സുജൂദ് ചെയ്യരുതെന്നും നിസ്കാര, ദാന ധർമ്മങ്ങൾ മുതലായ സൽകർമ്മങ്ങൾ നിർവഹിക്കണമെന്നും ഉപദേശിക്കുകയും ചെയ്തു. പ്രസ്തുത ആജ്ഞ സ്വീകരിച്ച ഞങ്ങൾക്ക് സൃഷ്ടികളിൽ ഒരാൾക്കും സുജൂദ് ചെയ്യാൻ നിവൃത്തിയില്ല. സ്വർഗത്തിൽ അന്യോന്യം കണ്ടുമുട്ടുമ്പോൾ ചെയ്യുന്ന ഉപചാരമായ സലാമാണ് മുസ്ലിംകളും അന്യോന്യം ചെയ്യേണ്ടതെന്ന് അവിടുന്ന് പഠിപ്പിക്കുകയുണ്ടായി. അതനുസരിച്ച് ഞങ്ങൾ അന്യോന്യം ചൊല്ലാറുള്ള സലാം രാജാവിന്നും പറഞ്ഞതാണ്.
ഇത് കേട്ടപ്പോൾ പൂർവ്വ വേദങ്ങളെ കുറിച്ചറിയാവുന്ന ക്രിസ്തീയ സമുദായക്കാരനായ ചക്രവർത്തി ശാന്തനാവുകയും നബി(സ)യെ കുറിച്ചും അവിടന്ന് പ്രചരിപ്പിക്കുന്ന ഗ്രന്ഥത്തെ കുറിച്ചും മറ്റും കൂടുതൽ അറിയാനുള്ള ജിജ്ഞാസയാൽ ജഅഫർ رضي الله عنه ന് കൂടുതൽ സ്വീകരണാവും സൌകര്യവും ചെയ്ത് കൊടുക്കുകയാണുണ്ടായത്. തുടർന്ന് ഇസ്ലാമിനെ കുറിച്ച് സുദീർഘമായ ഒരു പ്രസംഗം തന്നെ ജഅഫർ رضي الله عنه നടത്തുകയും അത് വഴി ഖുറൈശികളുടെ പാരിതോഷികങ്ങളെല്ലാം തിരിച്ച് കൊടുക്കപ്പെടുകയും അവർ ഇളിഭ്യരായൈ മടങ്ങുകയും ചെയ്തു. നിഗശ് ചക്രവർത്തി ഹസ്രത്ത് ജഅഫർ رضي الله عنه മുഖേന ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു.
ഹിജ്‌റാബ്ദം ഏഴിലാണ് പിന്നീട് ജഅ്ഫർ رضي الله عنه പത്നി അസ്മായോടൊപ്പം മദീനയിൽ തിരിച്ചു വന്നത്. ഖൈബർ യുദ്ധത്തിൽ നിന്ന് വിജയം വരിച്ച സുദിനത്തിലായിരുന്നു അവരും തിരിച്ചു വരാനിടയായത്. അത് കാരണത്താൽ നബി(സ) ഇപ്രകാരം പറയുകയുണ്ടായി “ ഖൈബർ വിജയത്തിലോ അതല്ല ജഅ്ഫറിന്റെ ആഗമനത്തിലോ ഏതിലാണ് ഞാൻ കൂടുതൽ സന്തോഷിക്കേണ്ടതെന്ന് എനിക്ക് നിശ്ചയമില്ല” . നബി (സ) അദ്ധേഹത്തെ സ്വീകരിക്കുകയും അണച്ച് കൂട്ടി ആലിംഗനം ചെയ്യുകയും കണ്ണുകൾക്കിടയിൽ ചുംബിക്കുകയുമുണ്ടായി. മദീനയിൽ പോകാതെ നേരിട്ട് ഖൈബർ വിജയത്തിൽ സന്നിഹിതരാവുകയും ചെയ്തതിനാൽ യുദ്ധത്തിൽ പങ്കെടുത്ത പ്രതിഫലവും ഗനീമത്തും അദ്ധേഹത്തിനും കൂട്ടുകാർക്കും ലഭിച്ചിരുന്നു.
ഒരു വർഷം കഴിഞ്ഞതേയുള്ളൂ. ശർഹബിലുബ്നു അംർ എന്ന ഹിർഖലിന്റെ പ്രതിപുരുഷൻ നബി(സ) യുടെ സന്ദേശവുമായി ചെന്ന ഹാരിസുബുനു ഉമൈറിനെ വധിച്ചു കളഞ്ഞതിന്റെ പ്രതികാരം ചെയ്യാനായി മുഅ്ത്തത്തിലേക്കയക്കാൻ മുവ്വായിരം വരുന്ന സൈന്യത്തെ സജ്ജീകരിക്കുകയായിരുന്നു. ബദർ, ഉഹ്ദ് മുതലായ പ്രസിദ്ധ യുദ്ധങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത ഖേദം തീർക്കാനായി യൌവ്വനത്തിളർപ്പോടെ ജഅ്ഫർ رضي الله عنه മുമ്പോട്ട് വന്നു. നബി (സ) പതാകയുമായി യാത്രയയക്കുമ്പോൾ യുദ്ധം നിയന്ത്രിക്കാൻ സൈദുബ്നു ഹാരിസിനെയാണ് ഏല്പിച്ചത്. സൈദിന് ആപത്ത് നേരിടുകയാണെങ്കിൽ രണ്ടാമതായി ജഅ്ഫറും മൂന്നാമതായി അബ്‌ദുല്ലാഹിബിനു റവാഹയൂം ഏറ്റെടുക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.
വെറും മൂവ്വായിരം അംഗങ്ങളുണ്ടായിരുന്ന പ്രസ്തുത സേനക്ക് രണ്ടര ലക്ഷം വരുന്ന റോമൻ സേനയോടായിരുന്നു പോരാടേണ്ടി വന്നത്. മുഅ്ത്തത്തിൽ പ്രഥമ നായകനായ സൈദ് ശഹീദായി .
മഹാനായ ജഅഫർ رضي الله عنه നബി (സ) യുടെ നിർദ്ദേശ പ്രകാരം രണ്ടാമതായി പതാക കയ്യിലേന്തി. ധീര ധീരം അടരാടി മുന്നേറികൊണ്ടിരുന്നു. യുദ്ധത്തിന്റെ കുതിച്ചോട്ടം ഇരു ഭാഗത്തും ജീവന്മരണ പോരാട്ടത്തിലെത്തിച്ചു. നായകനായ ജഅഫർ (റ) ശത്രു പാളയത്തിൽപ്പെട്ടിരിക്കയാണ്. ശത്രുക്കളുടെ ഖഡ്ഗങ്ങൾ ഒന്നൊഴിയാതെ അദ്ധേഹത്തിന്റെ മേൽ ആഞ്ഞടുത്തു. എവിടെയും യുദ്ധത്തിന്റെ ആർത്തനാദങ്ങൾ മാത്രം. നിർണ്ണായകമായ ഒരു ഘട്ടമാണ് തരണം ചെയ്ത്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. അതിനിടയ്ക്ക് ജഅഫർ (റ) തന്റെ കുതിരപ്പുറത്ത് നിന്നിറങ്ങി അതിനെ ( തന്റെ ശേഷം ശത്രുക്കൾക്ക് സഹായമാവാതിരിക്കാൻ ) സ്വന്തം കരം കൊണ്ട് ബലി കഴിച്ച് മുന്നോട്ട് നീങ്ങി. ആ സമയത്ത് അദ്ദേഹം ആലപിച്ചിരുന്ന പ്രസിദ്ധ കവിത ഇങ്ങിനെയായിരുന്നു.
يٰا حَبَّـذَا الْجَنَّةُ وَاقْتِرٰابُهٰا ===== طَيِّبَـةٌ وَبٰارِدٌ شَرٰابُهَا
وَالرُّومُ رُومٌ قَد دَّنٰا عَذٰابُهَا ===== كٰافِرَةٌ بَعِيدَةُ أَنْسٰابُهَا
عَلَيَّ إِذْ لاٰقَيْتُهٰا ضِرٰابُهٰا
രണാങ്കണത്തിൽ തീനാളം പോലെ ഇരമ്പിക്കയറുകയായിരുന്ന ജഅ്ഫർ (റ) തഞ്ചം നോക്കി നിൽക്കുന്ന ശത്രു നിരയിൽ നിന്ന് വന്ന ഒരു വെട്ടിനാൽ അദ്ദേഹത്തിന്റെ വലത് കരം ഛേദിക്കപ്പെട്ടിട്ടും പതാക നിലം പതിക്കുന്നത് കണ്ടാണദ്ദേഹം അതറിയുന്നത്. ഉടനെ വലത് കയ്യിൽ പതാക മാറ്റിപ്പിടിച്ച് മുന്നേറുകയായി. അടുത്തതായി ഇടതും കരവും നഷ്ടപ്പെട്ടു. എന്നിട്ടും പതാക കക്ഷത്തിൽ ഞെരുക്കിപ്പിടിച്ച് സമരാവേശത്തോടെ തക്ബീർ ധ്വനി മുഴക്കി സൈന്യത്തെ അദ്ദേഹം നയിക്കുകയായിരുന്ന.
വാളുകളുടെ വെട്ടുകളും അസ്ത്രങ്ങളുടെ മുനകളും പേമാരിപോലെ നാനാഭാഗത്ത് നിന്നും ജഅഫർ (റ)ന്റെമേൽ വർഷിച്ച്കൊണ്ടിരിക്കയും അവസാനം അദ്ധേഹം ശഹീദാവുകയും പതാക അബ്ദുലാഹിബ്നു റവാഹ (റ) ഏറ്റെടുക്കുകയും ചെയ്തു.
ജഅഫർ (റ) ശാശ്വത സുഖത്തിലേക്ക് അനയിക്കപ്പെട്ടു. ആ പുണ്യശരീരത്തിന്റെ മുൻഭാഗത്ത് മാത്രം എഴുപതിൽ പരം ( ഒരു റിപ്പോർട്ട് പ്രകാരം 93 ) മുറിവുകൾ കാണപ്പെടുകയുണ്ടായി.
ജഅഫർ (റ) ഗുരുതര പരുക്കുകളോടേ വീണു കിടക്കുന്നത് കണ്ട് മഹാനായ അബ്ദുല്ലാഹിബിനു ഉമർ (റ) അല്പം വെള്ളവുമായി അടുത്ത് ചെന്നപ്പോൾ ജഅഫർ (റ) പറഞ്ഞത് ഇപ്രകാരമായിരുന്നു. “എനിയ്ക്ക് നോമ്പാണ്. വെള്ളം പരിചയിൽ ഒഴിച്ച് വെക്കൂ. സന്ധ്യവരെ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ നോമ്പ് മുറിക്കാം. മറിച്ചാണെങ്കിൽ നോമ്പ്കാരനായി റബ്ബിന്റെ സന്നിധിയിൽ ഹാജരാകാൻ ഞാൻ ആഗ്രഹിക്കുന്നു.”
മാസം ജമാദുൽ ഊലയാണ്. ബൽഖാഅ് ജില്ലയിലെ അത്യുഷ്ണം നിമിത്തം എല്ലാം വാടിക്കുഴഞ്ഞ സമയം. തൊണ്ണൂറിൽ പരം മുറിവുകളോടെയും കൈ കാലുകൾ ഛേദിക്കപ്പെട്ട നിലയിലും കിടക്കുന്ന ഘട്ടം. എന്തൊരു മനോദാർഢ്യം. ! അദ്ധേഹത്തിന്റെ സമരാവേശവും ആരാധനയിലുള്ള ആസക്തിയും എത്ര മാതൃകാ യോഗ്യം. അധുനികതയിൽ പൊതിഞ്ഞ നാമമാത്ര സേവകന്മാർക്കിതിൽ മാതൃകയില്ലേ ?നല്ല ഹൃദയങ്ങൾക്ക് ചലനമുണ്ടാക്കാൻ ഈ ചരിത്രം പര്യാപ്തമല്ലേ ? അദ്ധേഹത്തോടുള്ള അനുകരണം റബ്ബ് നമുക്കെല്ലാം പ്രദാനം ചെയ്യുമാറാകട്ടെ. ആമീൻ
അന്ന് ജഅഫർ (റ) ന്ന് മുപ്പത്തിമൂന്ന് അല്ലെങ്കിൽ നാല്പത് വയസ്സുമാത്രമായിരുന്നു പ്രായം. ജഅഫർ(റ) ശഹീദായ വാർത്തയറിഞ്ഞ് നബി (സ) വളരെ ദു:ഖിതനായി. അവിടുത്തെ ആശ്വസിപ്പിച്ച് കൊണ്ട് ജിബ്‌രീൽ (അ) പറഞ്ഞു. “ അദ്ദേഹം സ്വർഗത്തിൽ രക്തം പുരണ്ട രണ്ട് ചിറകുകളുമായി മലക്കുകളോടൊപ്പം പാറിക്കളിക്കുകയാണ്.”. ‘ ദുൽ ജനാഹൈൻ’ (ഇരു ചിറകുകാരൻ) എന്ന പേരിൽ പിന്നീട് സ്വഹാബികൾ അദ്ദേഹത്തെ പറഞ്ഞുവന്നിരുന്നു.
സർവ്വ ശക്തനായ അല്ലാഹു ആ മഹാനോട് കൂടി നമ്മെയും മാതാപിതാക്കളെയും കുടുംബത്തെയും സ്വർഗലോകത്ത് ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ. آمين