‘തൗബ’യുടെ ഭാഷാര്‍ത്ഥം ‘മടക്കം’ എന്നാണ് അല്ലാഹുവിലേക്ക് പശ്ചാതപിച്ച് മടങ്ങുന്നവന്‍ ഒരു വസ്തുവില്‍നിന്ന് മറ്റൊരു വസ്തുവിലേക്ക് മടങ്ങുന്നവനാണ്. ആക്ഷേപിക്കപ്പെട്ട സ്വാഭാവത്തില്‍ നിന്ന് സ്തുതിക്കപ്പെട്ട സ്വഭാവത്തിലേക്ക് മടങ്ങുന്നവനാണ്. അല്ലാഹു നിരോധിച്ച കാര്യങ്ങളില്‍നിന്ന് അവന്റെ കല്‍പനകളിലേക്ക് മടങ്ങുന്നവനാണ്. അല്ലാഹു വെറുക്കുന്ന കാര്യങ്ങളില്‍ നിന്ന് അവനിഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് മടങ്ങുന്നവനാണ്. വേര്‍പ്പാടിന് ശേഷം അല്ലാഹുവിലേക്കുള്ള മടക്കമാണ് തൗബ.
അല്ലാഹുവിന്റെ ശിക്ഷ ഭയന്നതിനാല്‍ അവന്റെ കല്‍പനക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് മടങ്ങിയവന്് ‘താഇബ’് എന്നും ലജ്ജ കാരണം തെറ്റുകളില്‍ നിന്ന് മടങ്ങിയവന് ‘മുനീബ്’ എന്നും അല്ലാഹുവിന്റെ പ്രതാപത്തെ മഹത്വപ്പെടുത്തി മടങ്ങിയവന് ‘അവ്വാബ്’ എന്നും പറയുന്നു.
ശറഇല്‍ ‘തൗബ’ എന്നാല്‍ ‘അല്ലാഹുവില്‍നിന്നുള്ള അകല്‍ച്ചയില്‍നിന്ന് അവന്റെ അടുപ്പത്തിലേക്ക് മടങ്ങുക’ എന്നത്രെ. ഈ അര്‍ത്ഥം ‘ഈജീ’ പറഞ്ഞതാണ്. ഖുര്‍തുബി പറയുന്നു: ‘നിന്നില്‍നിന്ന് സംഭവിച്ചതു പോലെയുള്ള കുറ്റങ്ങള്‍ ഒഴിഞ്ഞ് ദൂരത്താക്കുക’ എന്നതാണ് തൗബയുടെ അര്‍ത്ഥമെന്ന് മുഹഖിഖീങ്ങളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്.’
ചെറുതും വലുതും രഹസ്യവും പരസ്യവുമായ എല്ലാ കുറ്റങ്ങളില്‍നിന്നും തൗബ ചെയ്യല്‍ നിര്‍ബന്ധമാണ് എന്നാണ് പണ്ഡിത പക്ഷം. കുറ്റം അല്ലാഹുവിന്റെയും അടിമയുടെയും ഇടയില്‍ മാത്രം ഒതുങ്ങിയതാണെങ്കില്‍ അഥവാ- മനുഷ്യരുടെ ഹഖുമായി ബന്ധിക്കാത്തതാണെങ്കില്‍- ആ കുറ്റത്തില്‍നിന്നുള്ള പശ്ചാതാപത്തിന് മൂന്ന് നിബന്ധനകളുണ്ട്.
ഒന്ന്: ചെയ്ത കുറ്റത്തില്‍നിന്ന് പൂര്‍ണമായും മുക്തനാവുക:- വേരോടെ പിഴുതെറിയണമെന്നാണ് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുള്ളത്. മുറിച്ചു കളഞ്ഞാല്‍ പോരാ. അത് വീണ്ടും തളിരിടാന്‍ സാധ്യതയുണ്ട്. കുറ്റം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പശ്ചാതാപത്തിന് പ്രസക്തിയില്ലെന്നു മാത്രമല്ല, അതിന് സാധ്യവുമല്ല. കുറ്റത്തില്‍നിന്നു ഒഴിവാകുന്നതു അല്ലാഹുവിനു വേണ്ടിയാവണം. അല്ലാഹുവില്‍നിന്നല്ലാതെ വല്ലതും പേടിച്ചോ ലോകമാന്യത്തിനോ മറ്റോ കുറ്റങ്ങള്‍ ഒഴിവാക്കിയാല്‍ അത് തൗബയുടെ ഭാഗമായി പരിഗണിക്കപ്പെടുകയില്ല.
രണ്ട്: ചെയ്ത തെറ്റ് തെറ്റാണ് എന്നതിന്റെ പേരില്‍ ഖേദിക്കുക. മറിച്ച് ജനങ്ങളുടെ സ്തുതി സമ്പാദിക്കാനോ ആക്ഷേപത്തില്‍നിന്ന് രക്ഷപ്പെടാനോ മറ്റോ ഉള്ള ഖേദപ്രകടനമല്ല ആവശ്യമായത്. അങ്ങനെയായാല്‍ തൗബയായി പരിഗണിക്കപ്പെടുകയില്ല. ഖേദം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കുകയും വേണം. സ്വന്തം മകനെ കൊലപ്പെടുത്തുകയും പിന്നീട് കൊല്ലപ്പെട്ടത് തന്റെ മകനായതില്‍ ദുഃഖിക്കുകയും ഖേദിക്കുകയും ചെയ്താല്‍ അത് അല്ലാഹുവിന് വേണ്ടിയുള്ള ഖേദമാവുകയില്ല.
രണ്ടാമത്തെ നിബന്ധന ഖേദമുണ്ടാക്കലാണ് എന്നതില്‍ ഇമാം ഗസ്സാലി(റ)വിന് വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം ഖേദമെന്നത് പ്രത്യേകമുണ്ടാകുന്ന കാര്യമാണ്. അത് ഉണ്ടാക്കാവുന്നതല്ല. അതിനാല്‍ ഖേദമുണ്ടാവുക എന്നതിനുള്ള വിവക്ഷ ഖേദത്തിലേക്ക് ചേര്‍ക്കുന്ന കാര്യങ്ങളാണ്. ചെയ്ത കുറ്റത്തെപ്പറ്റിയും അതിന്റെ ദൂഷ്യഫലത്തെപ്പറ്റിയും ഓര്‍ക്കുക, അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചും മറ്റും ചിന്തിക്കുക മുതലായ കാര്യങ്ങള്‍ തന്റെ കഴിവില്‍ പെട്ടതാണ്. ഇവ ചെയ്യുമ്പോള്‍ ‘ഖേദം’ ഉണ്ടായിത്തീരും.
മൂന്ന്: തെറ്റുകളിലേക്ക് ഒരിക്കലും മടങ്ങുകയില്ലെന്ന് ഉറച്ചു തീരുമാനിക്കുക:- തെറ്റ് ചെയ്തിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരുമായി തൗബക്ക് ശേഷം സഹവസിക്കരുതെന്നു കൂടി ചിലര്‍ നിബന്ധനകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെറ്റുകളിലേക്ക് മടങ്ങാതിരി ക്കല്‍ അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം. അപ്പോള്‍ ‘ഇഖ്‌ലാസ്’ മൂന്നു നിബന്ധനകള്‍ക്കും ബാധകമാണ്.
പ്രസ്തുത മൂന്നു നിബന്ധനകളില്‍ ഒന്ന് ഒഴിവായാല്‍ പൂര്‍ണമായ പശ്ചാതാപം ഉണ്ടാവുകയില്ല. കുറ്റങ്ങള്‍ പാടെ വിപാടനം ചെയ്യാതെയും വീണ്ടും ആവര്‍ത്തിക്കുകയില്ലെന്ന ഉറപ്പു കൂടാതെയുമുള്ള ഖേദപ്രകടനത്തിന് അപൂര്‍ണമായ പശ്ചാതാപം എന്നു പറയാം.
കുറ്റങ്ങള്‍ മറ്റു ജനങ്ങളുടെ ‘ഹഖു’മായി ബന്ധപ്പെട്ടതാണെങ്കില്‍ മേല്‍ വിവരിച്ച മൂന്നു കാര്യങ്ങള്‍ക്കു പുറമെ നാലാമതൊരു നിബന്ധന കൂടിയുണ്ട്. തെറ്റുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഹഖിനെ ഒഴിവാക്കണം. ഇത് പല വിധമാണ്. മറ്റൊരാളുടെ സ്വത്തുമായി ബന്ധപ്പെട്ടതാണെങ്കില്‍ അയാളുടെ സ്വത്ത് തന്നെ അയാള്‍ക്ക് മടക്കിക്കൊടുക്കണം. അഥവാ അത് ശേഷിക്കുന്നില്ലെങ്കില്‍ അതുപോലെയുള്ള വേറെ വസ്തുവോ അതിന്റെ വിലയോ നല്‍കണം. അയാളെപ്പറ്റി ആരോപണം പറയുക, കൊല, അക്രമം പോലെയുള്ള കുറ്റമാണെങ്കില്‍ തന്നില്‍നിന്ന് പ്രതികാര നടപടി സ്വീകരിക്കാന്‍ അവസരമൊരുക്കി ക്കൊടുക്കണം. അടി, കൈ മുറിക്കല്‍, പ്രതിക്കൊല, എറിഞ്ഞു കൊല്ലല്‍ മുതലായവ നടപ്പില്‍വരുത്താന്‍ സൗകര്യമുണ്ടാക്കണം. അല്ലാത്തപക്ഷം അയാള്‍ മാപ്പ് ചെയ്യണം.
ഇത്രയും പറഞ്ഞതില്‍നിന്ന് മനസ്സിലാവുന്നത് തൗബ സ്വഹീഹാവണമെങ്കില്‍ ഹഖുകള്‍ മടക്കപ്പെടുകയും പ്രതികാര നടപടിക്ക് അവസരമൊരുക്കുകയും ചെയ്യുകയോ എതിര്‍ കക്ഷി മാപ്പ് നല്‍കുകയോ ചെയ്യല്‍ നിര്‍ബന്ധമാണെന്നാണ്. എന്നാല്‍ അല്ലാഹുവിന്റെ ഹഖ് നടപ്പിലാക്കാന്‍ അവസരമുണ്ടാക്കിയില്ലെങ്കിലും തൗബ സ്വഹീഹാവുമെന്നും വ്യക്തികളുടെ ഹഖും പ്രതികാര നടപടിക്ക് അവസരമുണ്ടാക്കാതെ തടസ്സം സൃഷ്ടിച്ചതിന്റെ കുറ്റവും ബാക്കി നില്‍ക്കുമെന്നും പണ്ഡിതരില്‍ ഒരു വിഭാഗത്തിനഭിപ്രായമുണ്ട്. ഇമാം നവവി(റ)യും ഇസ്സുദ്ദീനുബ്‌നു അബ്ദുസ്സലാം(റ)വും മറ്റും ഇക്കൂട്ടത്തിലാണ്.
ഇനി പ്രസ്തുത കുറ്റം മറ്റൊരാളെ പരദൂഷണം പറഞ്ഞതാണെങ്കില്‍ പറയപ്പെട്ടവനെ കണ്ട് പൊരുത്തപ്പെടീക്കുകയും പറഞ്ഞ കുറ്റങ്ങള്‍ അയാളുടെ മുമ്പില്‍ എടുത്തുദ്ധരിക്കുകയും അതില്‍നിന്ന് തന്നെ ഒഴിവാക്കിത്തരാനും മാപ്പ് ചെയ്യാനും ആവശ്യപ്പെടുകയും വേണം.
തെറ്റുകള്‍ അയാളുടെ മുമ്പില്‍ വെളിവാക്കണമെന്നു പറയുന്നത് അതിനേക്കാള്‍ വലിയ ഭവിഷ്യത്തുകള്‍ അതു കൊണ്ടുണ്ടാവുകയില്ലെന്ന് ഉറപ്പുണ്ടെങ്കിലാണ്. കൊല പോലെയുള്ള വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാവുമെന്ന് ഭയമുണ്ടെങ്കില്‍ തെറ്റുകള്‍ എടുത്തുദ്ധരിക്കേണ്ടതില്ല. അയാളുടെ ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് അപ്പോള്‍ ചെയ്യേണ്ടത്.
ചെറുതും വലുതുമായ എല്ലാ കുറ്റങ്ങളെ തൊട്ടും പശ്ചാതാപം നിര്‍ബന്ധമാണ് എന്നു പറഞ്ഞല്ലോ. അപ്പോള്‍ ചില കുറ്റങ്ങളില്‍നിന്നു മാത്രം തൗബ ചെയ്താല്‍ ആ കുറ്റങ്ങളില്‍ തൗബ സ്വഹീഹാകുന്നതും മറ്റു കുറ്റങ്ങള്‍ തന്റെ മേല്‍ ബാക്കി നില്‍ക്കുന്നതുമാണെന്നാണ് അഹ്‌ലുസ്സുന്നത്തിന്റെ അഭിപ്രായം.